MediaAppUSA

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 57: ജയന്‍ വര്‍ഗീസ്)

Published on 25 December, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ!  (അനുഭവക്കുറിപ്പുകള്‍ 57: ജയന്‍ വര്‍ഗീസ്)
ഗൃഹാതുരത്വത്തിന്റെ വളപ്പൊട്ടുകള്‍ ചിതറിക്കിടക്കുന്ന എന്റെ ഗ്രാമം. രണ്ടര വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം തിരിച്ചു വന്നിരിക്കുകയാണ് ഞാന്‍. കാര്യമായ യാതൊരു മാറ്റവും വരാതെ പാടവും, പറന്പും, തോടും റോഡും അങ്ങിനെ തന്നെയുണ്ട്. ലോകത്തിലെ ഞാന്‍ കണ്ടിട്ടുള്ള പ്രദേശങ്ങളില്‍ ഏറ്റവും മനോഹരം എന്റെ ഗ്രാമമാണ് എന്ന് ഞാന്‍ ചിന്തിക്കുന്നത് എന്റെ സ്വകാര്യ അഹങ്കാരമായിരിക്കാം. എങ്കിലും എന്റെ ഗ്രാമത്തിന്റെ സ്വകാര്യതകളില്‍ പോലും ഇഴചേര്‍ന്നു കിടക്കുന്ന എന്റെ ജീവിതത്തിന്റെ കാല്‍പ്പാടുകളിലൂടെ ഒറ്റക്ക് നടക്കാനിറങ്ങിയിരിക്കുകയാണ് ഞാന്‍. ഒരിക്കലും മറക്കാനാവാത്ത കണ്ണീരും, പുഞ്ചിരിയും എനിക്ക് സമ്മാനിച്ച സ്കൂളിന്റെ മുറ്റത്ത് ഞങ്ങള്‍ പണിയിച്ച വാട്ടര്‍ ടാങ്ക് തലയുയര്‍ത്തി നില്‍ക്കുന്നു. ടാപ്പുകളില്‍ നിന്നുള്ള വെള്ളമെടുത്ത് കുട്ടികള്‍ കുടിക്കുകയും, പാത്രം കഴുകുകയും ചെയ്യുന്നു. ജ്വാലയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്ന പരിസരങ്ങളുടെ നിശബ്ദമായ തേങ്ങലുകള്‍ എനിക്ക്  കേള്‍ക്കാം. ഞാന്‍ പോന്നതിനു ശേഷം കുറച്ചു കാലങ്ങള്‍ കൂടി ഭാസ്കരനും,  കൂട്ടുകാരും കൂടി നാടക മത്സരങ്ങള്‍ക്ക് പോകുകയും, സമ്മാനങ്ങള്‍ നേടുകയും ചെയ്തിരുന്നുവെങ്കിലും, എന്റെ അഭാവം അവരെ തളര്‍ത്തുകയും, ക്രമേണ അവര്‍ സ്വന്തം ജീവിത വേദികളുടെ അരങ്ങുകളിലേക്ക് ഒതുങ്ങിക്കൂടുകയും ചെയ്തതിന് തെളിവായി ഒരിക്കല്‍  ശബ്ദ മുഖരിതമായിരുന്ന ആ പരിസരങ്ങളില്‍  കനം തൂങ്ങിയ ഒരു നിശബ്ദത തളം കെട്ടിനില്‍ക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു.

നാലു കിലോമീറ്റര്‍ നീളവും, ഒന്നര കിലോമീറ്റര്‍ വീതിയുമുള്ള ഒറ്റപ്പെട്ട ഒരു കൊച്ചു പ്രദേശമാണ് എന്റെ ഗ്രാമം. പ്രദേശത്തിന്റെ തെക്കും, വടക്കും ഭാഗങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന രണ്ടു മല നിരകളാണ് ഗ്രാമത്തെ ഒറ്റപ്പെടുത്തി നിര്‍ത്തുന്നത്. തെക്കുഭാഗത്തെ മലയില്‍ പകുതിയോളവും ആലപ്പുഴക്കാരായ ചില മുതലാളിമാരുടെ റബര്‍ എസ്‌റ്റേറ്റാണ്. എസ്‌റ്റേറ്റ് അവസാനിക്കുന്നിടത്ത് നിന്നാരംഭിക്കുന്ന  വിസ്തൃതമായ വന മേഖല  കോടമഞ്ഞിന്റെ  കൊടിയുടുത്ത ' തീയെരിയാന്‍ മുടി ' യും കടന്ന്  ഇടുക്കി ജില്ലയിലേക്ക് വ്യാപിച്ചു കിടക്കുന്നു. നാട്ടിലായിരുന്നപ്പോള്‍ ഒറ്റക്ക് ഞാന്‍ നടത്തിയ വന യാത്രകളില്‍ ഈ പ്രദേശങ്ങളിലൂടെയൊക്കെ സഞ്ചരിച്ചിട്ടുണ്ട്.(  ഇപ്പോള്‍ ഈ പ്രദേശത്തു കൂടി ഇടുക്കി ജില്ലയുടെ ഏതു ഭാഗത്തേക്കും പോകുന്നതിനുള്ള റോഡ് സൗകര്യം നിലവില്‍ വന്നു കഴിഞ്ഞു. ഈ മല മടക്കുകള്‍ വാരിചുറ്റുന്ന കോടമഞ്ഞിന്റെ നാണപ്പുടവ സൂര്യ രശ്മികളേല്‍ക്കുന്‌പോള്‍ അഴിഞ്ഞു വീഴുന്നത് കണ്ടാസ്വദിക്കാന്‍ ധാരാളം ടൂറിസ്റ്റുകള്‍ ഇപ്പോള്‍ പ്രദേശത്ത് എത്തി ക്യാന്പ് ചെയ്യുന്നുണ്ട്. ) ഗ്രാമത്തിന്റെ വടക്കു വശത്ത് ഉയര്‍ന്നു നില്‍ക്കുന്ന ' മെത്രാന്‍ കൂപ്പ് ' മലയുടെ അപ്പുറത്ത് പഴയ മലയാളം പ്ലാന്റേഷന്‍സിന്റെ ഭാഗമായി ഉണ്ടായിരുന്ന പരീക്കണ്ണി റബര്‍ എസ്‌റ്റേറ്റാണ്.  ഈ രണ്ടു പ്രേദശങ്ങളിലും കാര്യമായ മനുഷ്യ വാസമില്ല. അത് കൊണ്ട് തന്നെ ആ ഭാഗത്തേക്ക് പണ്ടു മുതല്‍ റോഡ് സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ റോഡുകള്‍ ഉണ്ടാക്കിയെങ്കിലും വിജനമായ കുറേ ഏരിയാ കഴിഞ്ഞിട്ടേ ഇന്നും ആളനക്കമുള്ളൂ.

കിഴക്കേ അതിരില്‍ നിന്നാണ് പ്രിവിശാലമായ മുള്ളരിങ്ങാടന്‍ ഫോറസ്റ്റ് ആരംഭിക്കുന്നത്  എന്ന് പറഞ്ഞുവല്ലോ ? കര്‍ശനമായ കാവല്‍ വരുന്നതിനു മുന്‍പ് ഈ വനത്തിലെ വിഭവങ്ങള്‍ ശേഖരിച്ചു വിറ്റിട്ടാണ് പല കുടുംബങ്ങളും അന്നന്നപ്പം കണ്ടെത്തിയിരുന്നത്. വനത്തില്‍ നിന്നാരംഭിക്കുന്ന തെളിനീരരുവി വിശാലമായ ചാത്തമറ്റം പാടത്തെ നെല്‍ച്ചെടികളെ നനച്ചു കൊണ്ട് ഒഴുകിച്ചെന്ന് മുവാറ്റുപുഴയാറിന്റെ ഒരു ശാഖയായ കാളിയാറില്‍ ലയിക്കുന്നു. വടക്കന്‍ മലയുടെ വടക്കേ താഴ്‌വാരത്തിലൂടെ കോതമംഗലം ആറിന്റെ ആദ്യ ഭാഗങ്ങളായ മുള്ളരിങ്ങാടന്‍ പുഴ ഒഴുകുന്നു. ( ഈ രണ്ടു നീരൊഴുക്കുകളിലും നിന്ന് സമൃദ്ധമായ മല്‍സ്യക്കൊയ്ത്തും, നീന്തിക്കുളിയും ഞങ്ങളുടെയെല്ലാം നിത്യ വിനോദങ്ങളുടെ ഭാഗമായിരുന്നു. പാടത്തിന്റെ കരയിലൂടെ നാടിന്റെ ജീവനാഡി പോലെ ചാത്തമറ്റം  പോത്താനിക്കാട് റോഡ്. തിരക്ക് ഒട്ടുമില്ലാത്ത ഈ റോഡിലൂടെയാണ് ഞാന്‍ നടക്കുന്നത്. സൗകര്യപ്പെടുകയാണെങ്കില്‍ വനം വരെ പോകണമെന്നാണ് എന്റെ പ്ലാന്‍. വഴിയില്‍ കണ്ടു മുട്ടുന്നവരോടൊക്കെ ചുരുക്കത്തില്‍ വിശേഷങ്ങള്‍ പങ്കുവച്ച് നടക്കുകയാണ് ഞാന്‍.

ഇരട്ടക്കാലി കഴിഞ്ഞിട്ടേയുള്ളു. പെട്ടെന്ന് ഒരു വലിയ മഴ വന്നു. ഒരു വശത്ത് സര്‍ക്കാരിന്റെ തേക്ക് പ്ലാന്റേഷന്‍, മറുവശത്ത് പാടം. നോക്കുന്‌പോള്‍ പാട വരന്പിലെ അല്‍പ്പം സ്ഥലത്ത് ഒരു കൂര. കൂരയുടെ മുറ്റത്ത് ഒരു ഏത്തവാഴ കുലച്ചു നില്‍ക്കുന്നുണ്ട്. അല്‍പ്പനേരം വാഴച്ചുവട്ടില്‍ നിന്ന് നോക്കി. മഴ കനക്കുകയാണ്. ഒരു വഴിയുമില്ലാതെ തുറന്നു കിടന്ന വാതിലിലൂടെ അകത്തു കയറി.

അകത്തു കയറിയപ്പോളാണറിയുന്നത്, എന്റെ സുഹൃത്ത് എ. കെ. പി. യുടെ വീടാണതെന്ന്. എ. കെ. പൗലോസ് എന്ന എ. കെ.പി. സ്ഥലത്തില്ല. ( കോതമംഗലത്തു ' എ. കെ. പി. ബസ് സര്‍വീസ് ' എന്ന പേരില്‍ ഒരു ബസ് സര്‍വീസ് പ്രവര്‍ത്തിച്ചിരുന്നു എന്നത് കൊണ്ടാണ് പാവം പൗലോസിനും ആ പേര് തന്നെ നാട്ടുകാര്‍ കല്‍പ്പിച്ചു നല്‍കിയിരുന്നത്. ) എന്തോ തൊഴിലെടുക്കുവാന്‍ പോയിരിക്കുകയാണ്. ആവശ്യക്കാര്‍ക്ക് തേക്കിന്‍ തൈകളും, മറ്റു വന വിഭവങ്ങളുമൊക്കെ എത്തിച്ചു കൊടുത്തിട്ടാണ് കക്ഷി ചെലവിനുള്ള വക കണ്ടെത്തിയിരുന്നത്. ചെലവെന്നു പറയുന്‌പോള്‍ ആളുടെ കള്ളുകുടിയാണ് പ്രധാന ചെലവ്. ദിവസവും അല്‍പ്പം അടിച്ചില്ലെങ്കില്‍ എഴുന്നേറ്റു നടക്കുകയില്ലെന്നാണ് മിക്ക മദ്യപാനികളെയും പോലെ എ. കെ. പി. യും പറയുന്നത്. കള്ളു ഷാപ്പിലെ സൗഹൃദങ്ങളുടെ പേരില്‍ എന്റെ അപ്പന്റെയും ഒരു സുഹൃത്തായിരുന്നു എ. കെ. പി.  ഈ ഞാന്‍ തന്നെ എത്രയോ തേക്കിന്‍ തൈകള്‍ എന്റെ പുരയിടത്തില്‍ നടാനായി എ. കെ. പി. യോട് വാങ്ങിയിരിക്കുന്നു.?

മിസ്സിസ് എ. കെ. പി. യും മൂന്നു കുട്ടികളും അകത്തുണ്ട്. ഇളയ കുട്ടിക്ക് അഞ്ചു വയസ്സ് കാണും. അതിനേക്കാള്‍ രണ്ടും, മൂന്നുമൊക്കെ വയസ്സ് മൂത്തതാണ് മറ്റു കുട്ടികള്‍. എ. കെ. പി. യുടെ ഭാര്യ എന്റെ കടയിലെ ഒരു കസ്റ്റമര്‍ ആയിരുന്നു. ഞങ്ങള്‍ തയ്ച്ചു കൊടുക്കുന്ന ' ചട്ട ' അവര്‍ക്ക് നന്നായി ഇണങ്ങുമായിരുന്നു എന്ന് എന്നും അവര്‍  പറഞ്ഞിരുന്നു. കുടിലിനുള്ളില്‍ നാലുപേരും വലിയ തിരക്കിലാണ്. വൈക്കോല്‍പ്പുര ചോരുകയാണ്. ചോരുന്ന ഇടങ്ങള്‍ക്ക് താഴെ ബക്കറ്റും, കലങ്ങളും ഒക്കെ കാണിച്ചു വെള്ളം പിടിക്കുകയാണ് കുടുംബം. ചാണകം മെഴുകിയ തറയിലേക്ക് വെള്ളം വീണാല്‍ തറ കുതിര്‍ന്ന് അത് ചളിക്കുണ്ടായി മാറും. പിന്നെ കിടക്കാന്‍ പറ്റുകയില്ല. അത് കൊണ്ടാണ് പാത്രം വച്ച് വെള്ളം പിടിച്ചു പുറത്തു കളയുന്നത്. ഉള്ളതില്‍ ചോര്‍ച്ചയില്ലാത്ത ഒരിടത്ത് എനിക്കൊരു സ്റ്റൂള്‍ ഇട്ടു തന്നു. കഴിഞ്ഞ കൊല്ലം പുര മേഞ്ഞില്ലെന്നും, പുള്ളിക്കാരന്റെ കള്ളുകുടി കൊണ്ട് ഒന്നിനും ശ്രദ്ധയില്ലെന്നും ഒക്കെ പുള്ളിക്കാരി പറയുന്നുണ്ട്.

ഇതിനിടയില്‍ ഞാന്‍ വീട് ശ്രദ്ധിക്കുകയായിരുന്നു. കാട്ടുകല്ലുകള്‍ കൊണ്ട് തറ കെട്ടി അതിന്മേല്‍ മണ്‍ ഇഷ്ടികകള്‍ കൊണ്ട് പണിതെടുത്ത ഒരു കൊച്ചു കുടിലായിരുന്നു എ. കെ. പി. ഭവന്‍. മണ്ണ് ചവിട്ടിക്കുഴച്ച് മരം കൊണ്ടുള്ള ദീര്‍ഘ ചതുര പെട്ടിയുടെ അച്ചില്‍ വാര്‍ത്ത് ഉണക്കിയെടുക്കുന്നവയാണ് ഈ ഇഷ്ടികകള്‍ എന്നതിനാല്‍ ഇതിന് ശാരീരിക അദ്ധ്വാനമല്ലാതെ വേറെ മുടക്കൊന്നുമില്ല. ഒരടുക്കളയും, കിടപ്പുമുറിയും മാത്രമുള്ള കൊച്ചു വീട്ടില്‍ എ. കെ. പി. യുടെ കുടുംബം സുഖമായി കഴിയുന്നു.  വെള്ളത്തില്‍ ഇട്ടു ചീയിച്ചുണക്കിയെടുത്ത തേക്കിന്‍ കഴകള്‍ കൊണ്ട് നല്ല ബലത്തില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ് മേല്‍ക്കൂര. നനയാതെ സൂക്ഷിച്ചാല്‍ ഒന്നോ രണ്ടോ തലമുറകള്‍ വരെ ഇത്തരം കുടിലുകള്‍ നില നില്‍ക്കും. ഈ വീട് ഓടുമേയണം എന്ന ആഗ്രഹത്തോടെ ഉണ്ടാക്കിയതാണെന്നും, ഇതിനിടക്ക് ഗൃഹനാഥന്‍ പനി പിടിച്ചു ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നു പോയത് കൊണ്ട് അത് സാധിച്ചില്ലെന്നും മിസ്സിസ് എ. കെ.പി പറഞ്ഞു.

എന്റെ മനസ്സില്‍ ഒരാശയം മുള പൊട്ടി. ഓടുമേയുന്നതു വരെയുള്ള പണികള്‍ തീര്‍ക്കാന്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള മേച്ചിലോടുകള്‍ വാങ്ങിക്കൊടുക്കാം എന്ന ഒരു പദ്ധതിയായിരുന്നു അത്. ആദ്യത്തെ വീട് എ. കെ. പി. യുടേതാവട്ടെ എന്ന് അവിടെ വച്ച് തീരുമാനിക്കുകയും, മിസ്സിസ് എ. കെ. പി.യോട് വിവരം പറയുകയും ചെയ്തു. വളരെ സന്തോഷത്തോടെ അത് കേള്‍ക്കുന്‌പോള്‍ അവരുടെ കണ്ണുകളില്‍ തിളങ്ങി നിന്നത് മഴത്തുള്ളികളോ, മിഴിനീര്‍ തുള്ളികളോ എന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല.

എല്ലാ കാര്യങ്ങളും എന്റെ അനുജന്‍ ബേബിയെ പറഞ്ഞേല്‍പ്പിച്ച് ഏര്‍പ്പാട് ചെയ്തിട്ടാണ് ഞാന്‍ തിരിച്ചു പോന്നത്. അതനുസരിച്ച് ആവശ്യമുള്ള അത്രയും മേച്ചിലോടുകള്‍ വാങ്ങിച്ച് എ. കെ. പി. യുടെ വീട്ടു മുറ്റത്ത് ബേബി അണ്‍ലോഡ് ചെയ്ത് കൊടുത്തു. വര്‍ഷങ്ങളോളം ഞാന്‍ ഈ ഏര്‍പ്പാട് തുടര്‍ന്നു. ഗ്രാമത്തിലെ പല പാവങ്ങളുടെയും ചോരുന്ന കുടിലുകള്‍ക്കു മുകളില്‍ അനുജന്‍ മുഖാന്തിരം ഞാന്‍ വാങ്ങിച്ചു കൊടുത്ത മേച്ചിലോടുകളുടെ മണ്‍ ചുവപ്പു ചൂടി നിന്നു. ഞങ്ങളുടെ ഇടവകപ്പള്ളിയിലെ പത്തു പാവങ്ങള്‍ക്ക് പെരുന്നാളിനോടനുബന്ധിച് ഉടുതുണി സമ്മാനിക്കുന്ന ഒരു പദ്ധതിയും പള്ളി മുഖാന്തിരം ഞാന്‍ നടപ്പിലാക്കിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഭവന രഹിതര്‍ക്ക് വീട് വച്ച് കൊടുക്കുന്ന പദ്ധതികള്‍ നടപ്പിലായതോടെ ഓട് വിതരണവും, പള്ളിയില്‍ നിന്ന് ഉടുതുണി വാങ്ങാന്‍ ആളില്ലാതായതോടെ തുണി വിതരണവും ക്രമേണ നിന്ന് പോയി. എങ്കിലും, വീട് പണിയുന്ന പല സുഹൃത്തുക്കള്‍ക്കും ചെറിയ നിലയിലുള്ള കൈത്താങ്ങുകള്‍ കൊടുക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്ന വലിയ സംതൃപ്തി എനിക്കുണ്ട്. ഒന്നാം വെക്കേഷനില്‍ ലഭ്യമായ ചുരുങ്ങിയ സമയം കൊണ്ട് ബന്ധുക്കളുടെയും, നാട്ടുകാരുടെയും വീടുകളില്‍ നേരിട്ടെത്തി അവരോട് സംവേദിക്കുവാനും, അവരില്‍ ഒരാളായി നില്‍ക്കുവാനും എനിക്ക് സാധിച്ചു എന്നുള്ളതു തന്നെയാണ് വെക്കേഷനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ഇന്നും സജീവമായി നില നില്‍ക്കുന്നത്.

ഒരു കള്ളുഷാപ്പ് സംഗമത്തില്‍ വച്ച് എന്റെ അപ്പന്റെ സാന്നിധ്യത്തില്‍ എ. കെ. പി. പറഞ്ഞ ഒരു കമന്റു കൂടി രേഖപ്പെടുത്തിക്കൊണ്ട് ഈ കഥ പൂര്‍ത്തിയാക്കാം. അപ്പനുള്‍പ്പടെ എല്ലാവരും നല്ല പറ്റിലാണ്. എ. കെ. പി. യുടെ വീട് ഓട് മേഞ്ഞ വാര്‍ത്ത ഷാപ്പില്‍ ചര്‍ച്ചക്ക് വന്നു. അപ്പോള്‍ എ. കെ. പി. പറയുകയാണ് : " ആ ' പൂ.........' എനിക്ക് ഓട് മേടിച്ചു തന്നു. പക്ഷെ ഓടുതാങ്ങി മേടിച്ചില്ല. പിന്നെ എന്റെ കാശുകൊടുത്ത് ഓടുതാങ്ങി മേടിച്ചിട്ടാണ് ഞാന്‍ ഓട് മേഞ്ഞത് . " എന്ന്. ഷാപ്പില്‍ ഇത്തരം പ്രയോഗങ്ങള്‍ ഒക്കെ സര്‍വ സാധാരണമായതിനാല്‍ ആരും അതിന് ചെവി കൊടുത്തിട്ടുണ്ടാവില്ല. ( ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ചില ഓണ്‍ലൈന്‍ പത്രങ്ങളുടെ പ്രതികരണ കോളങ്ങളില്‍  സമാന നിലവാരത്തിലുള്ള സാഹിത്യ കമന്റുകള്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട് എന്നത് കൂടി ഇവിടെ സാന്ദര്‍ഭികമായി പറഞ്ഞു കൊള്ളട്ടെ. സ്വന്തം പേര് വെളിപ്പെടുത്താതെ വ്യാജ പേരുകളില്‍ കമന്റുകള്‍ എഴുതുവാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന  ഓണ്‍ലൈന്‍ മീഡിയകള്‍  ആര്‍ക്കും അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യമാണ് സാമൂഹ്യ സേവനം എന്ന പേരില്‍ നടപ്പിലാക്കുന്നത് എന്ന് അവര്‍ പോലും അറിയുന്നില്ല എന്നതാണ് ഖേദകരം. )

vayanakaaran 2019-12-25 11:12:52
 For the attention of Editor: ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ചില ഓണ്‍ലൈന്‍ പത്രങ്ങളുടെ പ്രതികരണ കോളങ്ങളില്‍  സമാന നിലവാരത്തിലുള്ള സാഹിത്യ കമന്റുകള്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട് എന്നത് കൂടി ഇവിടെ സാന്ദര്‍ഭികമായി പറഞ്ഞു കൊള്ളട്ടെ. സ്വന്തം പേര് വെളിപ്പെടുത്താതെ വ്യാജ പേരുകളില്‍ കമന്റുകള്‍ എഴുതുവാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന  ഓണ്‍ലൈന്‍ മീഡിയകള്‍  ആര്‍ക്കും അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യമാണ് സാമൂഹ്യ സേവനം എന്ന പേരില്‍ നടപ്പിലാക്കുന്നത് എന്ന് അവര്‍ പോലും അറിയുന്നില്ല എന്നതാണ് ഖേദകരം. )
വ്യാജൻ 2019-12-25 11:36:58
പ്രിയ സുഹൃത്തേ നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത് ? വ്യാജനെയോ . വേണ്ട ഒരിക്കലും ഭയപ്പെടേണ്ട . 'വലത് കയ്യ് ചെയ്യുന്നത് ഇടത് കയ്യ് അറിയരുതെന്ന്' നമ്മുടെ കർത്താവായ യേശു ക്രിസ്തു പറഞ്ഞിട്ടില്ലേ . 'നിങ്ങൾ ഒന്നിനെ കുറിച്ചും വ്യാകുലപ്പെടരുത് '. നിങ്ങൾ എന്ത് വേണമെങ്കിലും എഴുതി പിടിപ്പിച്ചോ .


amerikkan mollakka 2019-12-25 14:33:38
ജയൻ സാഹിബ് എയ്തിയത് കോപ്പി ചെയ്തിരിക്കുകയാണ് 
വായനക്കാരൻ. ഞമ്മള് ബ്യാജനല്ല കേട്ടോ. മദ്രസ്സയിൽ 
പഠിപ്പിക്കുന്ന അധ്യാപകരെ മുസ്ലീകൽ  മുല്ല എന്നാണു 
ബിളിക്കുന്നത് .ഞമ്മടെ ഉപ്പുപ്പന്റെ ഉപ്പയും മുല്ല 
ആയിരുന്നു. അങ്ങനെ ഞമ്മടെ കുടുംബപേര് മുല്ല 
എന്നായി. ഉപ്പുപ്പാ പഠിപ്പിക്കുമ്പോൾ മൂപ്പരുടെ 
പണവും പദവിയുമൂലം ബെറുതെ മുല്ല എന്ന് 
ബിളിച്ചിരുന്നില്ല .അതിന്റെ കൂടെ ഇക്ക ചേർത്ത് ബിളിച്ച് നാട്ടാര്.
അങ്ങനെ മുല്ലാക്ക ബിളി പറഞ്ഞു പറഞ്ഞു 
മൊല്ലാക്ക ആയി. ഞമ്മള് അമേരിക്കയിൽ 
ആയതുകൊണ്ട് അമേരിക്കൻ മൊല്ലാക്ക. 
ജയൻ സാഹിബ് ഞമ്മള് സകല ജാതി മനുജർക്കും 
നല്ലത് ബരാൻ പടച്ചോനോട് ദുവ ചോദിക്കുന്നു. 
ജയ സാഹിബ് ഇങ്ങടെ എയ്ത്ത്  ബേഷ്.
ബ്യാജന്മാരെ കുറിച്ച് ജയൻ സാഹിബ് ബേജാറാകന്റ.
പത്രാധിപ സാഹിബ് നോക്കിക്കൊള്ളും.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക