MediaAppUSA

എന്റെ ജീവിതത്തിലും മാറ്റങ്ങളുടെ ആരവം (മീട്ടു റഹ്മത്ത് കലാം)

Published on 26 December, 2019
എന്റെ ജീവിതത്തിലും  മാറ്റങ്ങളുടെ ആരവം (മീട്ടു റഹ്മത്ത് കലാം)
ഒരുപാട് മാറ്റങ്ങൾ സമ്മാനിച്ചുകൊണ്ടാണ് 2019 കടന്നുപോകുന്നത്.  സ്വന്തം മണ്ണിനോടുള്ള അങ്ങേയറ്റം സ്നേഹം ഉള്ളിൽ തിരുകി വെച്ച് പലരെയും പോലെ പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചു  എന്നതുതന്നെയാണ് 2019ലെ   ഏറ്റവും വലിയ മാറ്റം.  പഴയകാല നിയമങ്ങളിൽ മുറുകെ പിടിച്ചവർ എന്ന് ലോകം    വിലയിരുത്തുന്ന  സൗദി അറേബ്യയിൽ, മാറ്റങ്ങളുടെ ആരവം അലയടിക്കുന്ന വർഷംതന്നെ ഭാഗമാകുമ്പോൾ,   വിടവാങ്ങുന്ന വർഷത്തെക്കുറിച്ച് പറയാൻ ഏറെയുണ്ട് വിശേഷങ്ങൾ...

 നല്ല തുടക്കങ്ങളുടെ വർഷമായാണ് അറബ് മാധ്യമങ്ങളും ബിബിസി  യും     2019നെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്.  'വിഷൻ 2030'-  ന്റെ   ഭാഗമായി മുഹമ്മദ് ബിൻ  സൽമാൻ രാജകുമാരനാണ് സൗദി അറേബ്യക്ക് ഏതൊരു ജനതയും ആഗ്രഹിക്കുന്ന തരത്തിൽ അഭൂതപൂർവമായ മാറ്റങ്ങൾ കൊണ്ടുവരാൻ ധൈര്യം കാണിച്ചത്. സമ്പത്  വ്യവസ്ഥയെയും സ്വാതന്ത്ര്യത്തെയും ഒരുപോലെ ചേർത്തുപിടിക്കുന്ന നിയമഭേദഗതിക്ക് ജനങ്ങളുടെ ഭാഗത്തുനിന്നും പൂർണ പിന്തുണയുണ്ട്.  ഇതിൽ പ്രധാനമാണ് മറ്റു രാജ്യക്കാർക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചത്.  തൊഴിൽപരമായ വിസയും  പ്രവാസികളുടെ  കുടുംബത്തിനും ബന്ധുക്കൾക്കും ആയുള്ള ഫാമിലി - വിസിറ്റ് വിസകളും മാത്രമേ മുൻപ് അനുവദിച്ചിരുന്നുള്ളൂ.  ഇക്കഴിഞ്ഞ സെപ്റ്റംബർ മുതലാണ്  പട്ടികയിൽ ഇടം പിടിച്ച 49 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് സൗദിയിൽ ടൂറിസ്റ്റ് വിസയിൽ എത്താം എന്ന നിയമം വന്നത്. യുഎസ്, യുകെ പൗരത്വം ഉള്ള പട്ടികയിൽ പെടാത്ത രാജ്യങ്ങളിലെ പൗരന്മാർക്കും  ടൂറിസ്റ്റ് വിസ ലഭിക്കും. ഇന്ത്യ പട്ടികയിലില്ല.  എന്നാൽ  യുഎസ്  പൗരത്വമോ  യുകെ പൗരത്വമോ  ഉള്ള ഇന്ത്യക്കാരന്  ടൂറിസ്റ്റ് വിസ ലഭിക്കും.

1983 ന് ശേഷം സിനിമ തീയറ്ററുകളും മൾട്ടിപ്ലക്സുകളും തുറന്നുകൊണ്ട് വിനോദ രംഗത്തും സൗദി അറേബ്യയുടെ വാതിൽ ഈ വർഷം മലർക്കെ തുറന്നു.  ജിദ്ദയും തലസ്ഥാനനഗരിയായ റിയാദും   എന്റർടെയ്‌ൻമെന്റ്‌ ഹബ്  (entertainment hub) ആക്കുന്നതിനുള്ള ഒരുക്കം എന്ന നിലയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഇവന്റുകൾ  സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബറിൽ കിംഗ് ഫഹദ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ 'ദക്ഷിണ കൊറിയൻ ബാൻഡ്' നടത്തിയ 'സോളോ സ്റ്റേഡിയം   ഷോയുടെ' വിജയം വിനോദ രംഗത്തും  രാജ്യത്തിന് തിളങ്ങാം എന്ന വിശ്വാസം  പകർന്നതായാണ് സൂചന.  സംഗീതം ഹറാമാണെന്ന് (നിഷിദ്ധമാണെന്ന്)  പറഞ്ഞ്  മുസ്ലീങ്ങളെ നമ്മുടെ നാട്ടിൽ പിന്നോക്കം വലിക്കുന്ന മൗലവിമാർ കണ്ടു പഠിക്കേണ്ടതാണ് ഇസ്ലാം വിശ്വാസത്തിൽ അധിഷ്ഠിതമായ ഈ രാജ്യം  മ്യൂസിക് അക്കാദമി  സ്ഥാപിച്ചു കൊണ്ട് കാലാനുസൃതമായി മാറുന്നത്. മലബാർ മേഖലകളിലെ വസ്ത്രധാരണത്തിലെ മാറ്റവും ചേർത്തുവായിക്കേണ്ടതുണ്ട്.  പഴയകാലത്തെ അപേക്ഷിച്ച് പർദ്ദ ധരിക്കുന്നവരുടെ എണ്ണം അവിടെ അടുത്തിടെ കൂടിയതായി കാണാം.  എന്നാൽ ടൂറിസ്റ്റ് വിസയിൽ എത്തുന്ന സന്ദർശകർക്കും  പ്രവാസികളായ സ്ത്രീകൾക്കും   പർദ്ദ  നിർബന്ധമല്ലെന്നും    ലോങ്ങ് ഗൗണുകളും ഫ്രോക്കുകളും  പോലെ ശരീരം മറയ്ക്കുന്ന ഏതു  വസ്ത്രവും ധരിക്കാം എന്നും മുടിയും മുഖവും മറച്ചു നടക്കണം  എന്ന    നിബന്ധനയിൽ ഇളവ് വരുത്തി   സൗദി ഭരണകൂടം  ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  സ്ത്രീശാക്തീകരണത്തിന് ഉദാഹരണങ്ങളായി എടുത്തുപറയാവുന്ന നിരവധി നിയമങ്ങൾ 2019ൽ  പ്രാബല്യത്തിൽ വന്നു.  സൗദി പൗരത്വം ഉള്ള സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് നൽകിക്കൊണ്ടുള്ള ഉത്തരവാണ്  ഇതിൽ പ്രധാനം.  സ്ത്രീകൾ വളയം പിടിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വലിയ പുതുമയല്ലെങ്കിലും സൗദി അറേബ്യയെ  സംബന്ധിച്ച് ചരിത്രത്തിലാദ്യമായി കഴിഞ്ഞ ഓഗസ്റ്റ് മാസം ആണ് ഒരു സ്ത്രീക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത്.    സൗജന്യമായി ഡ്രൈവിംഗ് പരിശീലനവും നൽകുന്നുണ്ട്.  21 വയസ്സ് കഴിഞ്ഞിരിക്കണം എന്നത് മാത്രമാണ് നിബന്ധന. പുരുഷൻറെ തുണയില്ലാതെ മറ്റു രാജ്യം സന്ദർശിക്കാനുള്ള അനുമതിയും സ്ത്രീകൾക്ക് ഇപ്പോഴാണ് ലഭിക്കുന്നത്. ആയിരത്തോളം സൗദി സ്ത്രീകൾ ഇതിനോടകം ഭർത്താവും പിതാവും മകനും ഒപ്പം ഇല്ലാതെ മറ്റു രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു എന്നത് ഈ നിയമം അവർ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ്.  18 വയസ്സ് തികയാത്ത  പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനും രാജ്യം കടുത്ത ശിക്ഷാനടപടി   എടുത്തു തുടങ്ങി.  വിവാഹത്തിലൂടെ സ്ത്രീക്ക് ഒരു രക്ഷകർത്താവിനെ ലഭിക്കുന്നു എന്ന ചിന്തയിൽ നിന്ന് രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള പങ്കാളിത്തമാണ് ദാമ്പത്യം എന്ന തിരിച്ചറിവിലേക്ക്  രാജ്യവും ജനങ്ങളും വളർന്നു. 

സ്ത്രീകൾ നാമമാത്രമായി പോലും ഇല്ലാതിരുന്ന തൊഴിൽ മേഖലകളിൽ 2018ൽ  1, 56, 000 സ്ത്രീകൾ എത്തി.  ഇക്കൊല്ലം അത് 4,44,700 ആയി ഉയർന്നു.   2030ൽ  ഇത് 48 ശതമാനം കൂടി വർദ്ധിക്കും എന്നാണ് രാജ്യം പ്രത്യാശിക്കുന്നത്. സ്ത്രീസാക്ഷരത 91 ശതമാനമായി ഉയർന്നു. കുട്ടികളെ നോക്കി നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങാൻ ഉള്ളതല്ല പെൺജീവിതങ്ങൾ എന്ന് മനസ്സിലാക്കി 233 ചൈൽഡ് കെയർ സെൻററുകൾ സൗദി ഗവൺമെൻറ് തുറന്നുകൊടുത്തു. മിലിറ്ററിയിലെ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരായും പബ്ലിക് പ്രോസിക്യൂട്ടർമാരായും ഒക്കെ സൗദി സ്ത്രീകൾ മാറിക്കഴിഞ്ഞു. എണ്ണ ഉത്പാദനത്തിന് മാത്രം ഊന്നൽ നല്കിയിരുന്നിട്ടു പോലും സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ സൗദി അറേബ്യ മറ്റു മേഖലകളിലേക്കു  കൂടി ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഇന്തോനേഷ്യ  ,മലേഷ്യ പോലെയുള്ള ഇസ്‌ലാമിക സാമ്പത്തിക കേന്ദ്രമായോ (Islamic Economic powerhouse)  അതിനേക്കാൾ ഒരുപടി മുകളിലോ എത്താമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 
എന്റെ ജീവിതത്തിലും  മാറ്റങ്ങളുടെ ആരവം (മീട്ടു റഹ്മത്ത് കലാം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക