യാത്രചെയ്തു തളര്‍ന്നോരു പാതയില്‍
നോക്കിനില്‍പ്പുണ്ടൊരാല്‍മരം,
ദൂരെയാ വീടിനപ്പുറം, ഗ്രാമത്തിനപ്പുറം
സൂര്യനേറും വിമാനങ്ങളുണ്ടെന്ന്
സൂര്യകാന്തിതന്‍ പാടങ്ങളുണ്ടെന്ന്
ബോധിമൂലഗയകളുമുണ്ടെന്ന്
സ്‌നേഹവും വിഹ്വലാത്മക നോവിന്റെ
ഭീതിയും, രോഷകാലവുമുണ്ടെന്ന്;
ഓര്‍മ്മകള്‍ വീണ്ടുമോരോ പുരാണത്തി
ലാദികാവ്യവാത്മീകമുണര്‍ത്തവെ;
മുന്നിലായി ചിറകനക്കുന്നിതാ
കുഞ്ഞു ജീവന്റെ പക്ഷികള്‍ വീടുകള്‍
വീടുകള്‍ സ്‌നേഹസത്രങ്ങളെങ്കിലും
നോവുണര്‍ത്തുന്നകത്തളമുണ്ടതില്‍
രാപ്പകല്‍ പോലെ രണ്ടിടനാഴികള്‍
കൂട്ടുമുട്ടുന്ന സന്ധികളുണ്ടതില്‍
സൂര്യനെ പോല്‍ തിളങ്ങും പകല്‍ പിന്നെ
രാവ് പോലെ കറുത്ത് പോകുന്നത്
വന്യസാഗരമൊന്നത്, ശാന്തമാം
ശുദ്ധമായ തടാകമടുത്തത്
ഭിന്നരാശികള്‍ നര്‍ത്തനംചെയ്യുന്ന
രംഗമണ്ഡപം തന്നെയീ വീടുകള്‍
വീടുകളുണ്ട് സ്വര്‍ഗ്ഗങ്ങള്‍ പോലെയീ
ഭൂമിയില്‍ വിളക്കേന്തി നില്‍ക്കുന്നത്
വീടുകളുണ്ടഴിക്കൂട് പോലവെ
പ്രാണനെ വിലങ്ങിട്ട് വയ്ക്കുന്നവ
ഗൂഢഗൂഢമായാരുമറിയാതെ
നീറിനീറിപ്പുകഞ്ഞു കത്തുന്നവ
ജാലകങ്ങളില്‍ സൂര്യനെ കാണാതെ
മേഘമായി ഉറഞ്ഞു പോകുന്നവ
പര്‍ണ്ണശാലകള്‍ നിശ്ശബ്ദമായവ
കണ്ണിലായ് കൊടുങ്കാറ്റ് വീശുന്നവ
മഞ്ഞുപോലെ മലകളുയര്‍ന്നവ
മഞ്ഞുകാലത്തിന്‍ പൂക്കള്‍ വിരിഞ്ഞവ
നീര്‍പ്പുഴയില്‍ കയങ്ങളാകുന്നവ
പൂക്കളായി കൊഴിഞ്ഞുവീഴുന്നവ
നോക്കിനില്‍ക്കെയകന്നുപോകുന്നൊരു
രാപ്പകല്‍ പോലെ തന്നെയീവീടുകള്‍..
വീടുകളതേ ജീവന്റെ പക്ഷികള്‍
കൂട് കൂട്ടുന്ന വൃക്ഷശിഖരങ്ങള്‍
തൂവലെല്ലാമൊതുക്കുന്ന പക്ഷികള്‍
പാടിടുന്നോരുണര്‍വിന്‍ സ്വരമത്
അക്ഷരങ്ങള്‍ കുറുകിക്കിടക്കുന്ന
മച്ചകങ്ങള്‍, നിലാവിന്റെ ശാഖകള്‍
കണ്ണുനീരുപ്പ് വീണുകുതിരുന്ന
കണ്ണില്‍ നിന്നുമുദിച്ച് വരുന്നത്
എത്ര രാശികള്‍ തെറ്റിയെന്നാകിലും
നിത്യശോകം തളര്‍ത്തിയെന്നാകിലും
എത്രയെത്രെ ഋതുക്കള്‍ കുടമാറി
ദു;ഖവും, സുഖമേറ്റും ചിറകുമായ്
ഇത്തിരിപ്പോന്ന ജീവന്റെ പക്ഷികള്‍
കൊക്കുരുമ്മിയിരിക്കുന്നിടമത്..