ഒറ്റയ്ക്കിരുന്നു ഞാന്‍
പാടുന്ന പാട്ടിന്റെ
അര്‍ഥം തിരഞ്ഞു
പോകുന്ന മേഘങ്ങളില്‍
നിത്യം പിരിഞ്ഞു
പോകാനായൊരുങ്ങുന്ന
ദിക്കിന്റെയോരോ
പകല്‍ച്ചുരുള്‍ക്കെട്ടിലും
കത്തിപ്പടര്‍ന്നു വീഴുന്ന
സ്വപ്നങ്ങളില്‍
ചിത്രം വരച്ചു നീങ്ങുന്ന
മദ്ധ്യാഹ്നങ്ങള്‍
എന്നെക്കുരുക്കിട്ട്
നിര്‍ത്തുന്ന വീടിന്റെ
ചിന്നിത്തെറിക്കുന്ന
സായാഹ്നസൂര്യനില്‍
ഞാന്‍ വിലങ്ങിട്ടു
നിര്‍ത്തുന്നൊരെന്‍
നൈരാശ്യ കാലത്തിനുള്ളിലെ
കയ്പ്പകക്കാടുകള്‍
എല്ലാ വിലങ്ങും
തകര്‍ത്തു പറക്കുന്ന
ഉള്ളിന്റെയുള്ളിലെ
കുഞ്ഞു പൂമ്പാറ്റകള്‍
സങ്കടത്തിന്‍ കടല്‍
നീന്താന്‍ പഠിപ്പിച്ച
ഇന്ദ്രനീലത്തിന്‍
പ്രപഞ്ചഗോവര്‍ദ്ധനം
ഒന്നില്‍ നിന്നൊന്നായ്
അടര്‍ന്നുപോകുമ്പോഴും
വന്നു പോകുന്നിതേ
പോലുള്ള രാപ്പകല്‍!
ഒറ്റയ്ക്കിരുന്നു ഞാന്‍
പാടവെ മുറ്റത്ത് ചിത്രം
വരയ്ക്കും നിഴല്‍
പെറ്റ നോവുകള്‍
കൂടെയുണ്ടാകുമെന്നോര്‍ക്കുന്ന
നേരത്ത് പ്രാകിപ്പിരിഞ്ഞു
പോകും കടല്‍പ്പക്ഷികള്‍
മൗനത്തിലേയ്ക്ക്
നടക്കവെ കൊള്ളി
വച്ചെന്നും മുറിപ്പെടുത്തുന്ന
പോര്‍വാക്കുകള്‍
കണ്ടാലറിയുമെന്നാകിലും
കാണാതെ കണ്ണുപൊത്തി
കളിച്ചീടുന്ന മിഥ്യകള്‍
പര്‍വ്വതങ്ങള്‍ തൊടാനാകുന്ന
നേരത്ത് താഴ്വാരദു:ഖം
മറക്കും പതാകകള്‍
ഒരോ പരാജയക്കൂട്ടിലും
നിര്‍ദ്ദയം ലോകം
ഉപേക്ഷിച്ചുപോകുന്ന
സത്യങ്ങള്‍
കാറ്റില്‍ നിന്നേറിപ്പറക്കും
തിരയ്ക്കുള്ളിലാര്‍ത്തി
തീര്‍ക്കാനായിരമ്പും
സമുദ്രങ്ങള്‍
അക്ഷരം തൂവി
പടിപ്പുരയ്ക്കുള്ളിലായ്
നിത്യവും പൂക്കള്‍
വിടര്‍ന്നു നിന്നീടവെ
എന്നെത്തളര്‍ത്തുവാന്‍
വന്ന ഗ്രീഷ്മത്തിന്റെ കണ്ണിലെ
തീയില്‍ തളര്‍ന്ന പൂമൊട്ടുകള്‍
ചെന്തീക്കനല്‍ വീണ്
പ്രാണന്‍ പിടഞ്ഞൊരാ
ചെങ്കനല്‍ച്ചൂളയില്‍
പൊള്ളിയടരവെ
കത്തുന്ന തീയില്‍ നിന്നെന്റെ
ശ്വാസത്തിനെ രക്ഷിച്ച്
പോറ്റും നിലാവിന്റെ
പക്ഷികള്‍..
ഒറ്റയ്ക്ക് പാടുവാന്‍
ഏകാന്തസന്ധ്യതന്‍
ചത്വരങ്ങള്‍ തേടി
ധ്യാനത്തിലാകവെ
ആറ്റിറമ്പത്തുണ്ട്
പണ്ടുപേക്ഷിച്ചൊരാ
തീപ്പെട്ട് പോയ
രാജ്യത്തിന്റെ ഭൂപടം
ഒരോ പുരാണങ്ങള്‍
ഒരോ യുഗത്തിന്റെ
പ്രാണനെ സ്പര്‍ശിച്ച്
യാത്രയായീടവെ
അക്ഷരം തൂവി ഞാന്‍
കാത്തിരുന്നോരെന്റെ
നിത്യഗ്രാമങ്ങള്‍
പ്രതീക്ഷയേകിടവെ
ദേവദാരുക്കള്‍
വിരിഞ്ഞോരു
ഭൂമിതന്‍ ശാഖകള്‍
എന്നെ തളര്‍ത്താതെ
നിര്‍ത്തവെ
ഇന്ദ്രജാലം കാട്ടി
മാര്‍ഗഴിരാഗങ്ങള്‍
പിന്നെയും പാടാന്‍
സ്വരങ്ങളേകീടവെ
ഏകതാരയ്ക്കുള്ളിലായിരം
പാട്ടുകള്‍ പാടുവാന്‍
നക്ഷത്രമണ്ഡപം തേടുന്നു
*ഏകാന്തമേഘങ്ങള്‍
മഞ്ഞുപൂവും ചൂടി
സൂര്യനെ ചുറ്റിക്കടന്ന്
പോയീടുന്നു.
ഏകതാര -- ഒരു സംഗീത ഉപകരണം. ബാവുൾ ഗായകർ ഏകതാര ഉപയോഗിച്ചിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിലെ ബാവുൾ ഗായകനായ ലാലൻ ഫക്കീർ രചിച്ച ഗാനങ്ങൾ മഹാകവി ടാഗോറിനെ ഏറെ സ്വാധീനിച്ചിരുന്നു
Wish you a very Happy and Peaceful New Year