MediaAppUSA

പ്രവാസികളും അവരുടെ മാതൃഭാഷയും (എഴുതാപ്പുറങ്ങള്‍ 50: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 01 January, 2020
പ്രവാസികളും അവരുടെ മാതൃഭാഷയും (എഴുതാപ്പുറങ്ങള്‍  50: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
കുടിയേറ്റത്തിനു മനുഷ്യനോളം തന്നെ പഴക്കമുണ്ട്.  ജീവിതസൗകര്യങ്ങള്‍  തേടി മനുഷ്യന്‍ പ്രയാണമാരംഭിച്ചു. നദീതീരങ്ങള്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായി. അങ്ങനെ പല ജാതി മനുഷ്യര്‍ തമ്മില്‍ കലരാന്‍ തുടങ്ങി.  ആകൃതിയിലും പ്രകൃതിയിലും വ്യത്യസ്തരായവരെ അകറ്റി നിര്‍ത്താനുള്ള പ്രവണത തുടക്കത്തിലേ ഉണ്ടായിരുന്നത് വളര്‍ന്നു വളര്‍ന്നു ഇന്ന് അത് ജാതി  മത ഭാഷ എന്നീ  അടിസ്ഥാനത്തില്‍ വിദ്വേഷമായി  മാറി. വിശാലമായ ഈ വിഷയം മലയാളികളുടെ കുടിയേറ്റവും അവരുടെ ഭാഷയും എന്നത്തിലേക്ക് ചുരുക്കുകയാണ്.

അമേരിക്കയിലെ ബഹിരാകാശസഞ്ചാരികള്‍ ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ അവിടെ ഒരു മലയാളിയെ കണ്ടുവെന്ന ഫലിതം ആരോ പറഞ്ഞതായി കേട്ടിട്ടുണ്ട്. മലായാളി ചെന്നെത്താത്ത സ്ഥലമില്ലെന്ന സൂചനയാണാ ഫലിതത്തിനു പിന്നില്‍.  അതൊരു തമാശയാണെങ്കിലും, മലയാളി ഓരോ സ്ഥലങ്ങളിലും എത്തിപ്പെട്ടിരുന്നത് ജോലി തേടിക്കൊണ്ടായിരുന്നു.  എന്നാല്‍ ഈ അടുത്തകാലത്ത് ജോലി തേടിപ്പോകുന്നവരുടെ എണ്ണം ക്രമേണ കുറഞ്ഞു എന്നുവേണം പറയാന്‍. കുറച്ച് പഴയ കാലത്തേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വീട്ടിലെ പുരുഷന്മാര്‍ മാത്രമാണ് കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിലും അറബിരാജ്യങ്ങളിലും വിദേശങ്ങളിലും ജോലിയ്ക്കായി പോയിരുന്നത് എന്ന് കാണാം. ഇവരുടെ കുടുംബങ്ങള്‍ കേരളത്തില്‍ തന്നെ ആയതിനാല്‍ വളരുന്ന തലമുറയുടെ വളര്‍ച്ചയും സംസ്കാരവും കേരളത്തിന്റേതു തന്നെയായിരുന്നു. അതിനാല്‍ പുത്തന്‍ തലമുറയ്ക്ക് അവരുടെ മാതൃഭാഷയും മാതൃസംസ്കാരവും കൈമോശം വന്നില്ല എന്നാല്‍ കുറച്ച് കാലങ്ങള്‍ക്കുശേഷം ഈ അവസ്ഥയില്‍ ഒരല്‍പ്പം മാറ്റം വരാന്‍ തുടങ്ങി ഉപജീവനത്തിനായി കുടുംബം മുഴുവന്‍ കേരളം വിട്ട് ബോംബെ ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലേക്കും യൂറോപ്പ് അമേരിക്ക എന്നീ വിദേശ രാജ്യങ്ങളിലേയ്ക്കും കുടിയേറി പാര്‍ക്കുകയും അവിടുത്തെ പൗരത്വം സ്വീകരിയ്ക്കാനും തുടങ്ങി. ഇത്തരം കുടിയേറിപ്പോയവരുടെ ഭാവി തലമുറ അവിടുത്തെ ഭാഷയും സംസ്കാരവും സ്വീകരിച്ച് അവിടുത്തെ മെല്‍ട്ടിങ് പോയിന്റില്‍ (ങലഹശേിഴ ുീശി)േ  അലിഞ്ഞു ചേരാന്‍ തുടങ്ങിയതോടെ അവര്‍ക്ക് മാതൃഭാഷയും, മാതൃസംസ്കാരവും കൈമോശം വരാന്‍ തുടങ്ങി. വിദേശങ്ങളില്‍ ഇന്ത്യന്‍ സ്കൂളുകള്‍ ധാരാളമായി വളര്‍ന്നുവന്നു എങ്കിലും പ്രാദേശിക ഭാഷാപഠനം അസാധ്യമായി. 

പലരും തങ്ങളുടെ കുട്ടികള്‍ മാതൃസംസ്കാരത്തില്‍ ഉറച്ചു നില്‍ക്കണമെന്ന ഉദ്ദേശശുദ്ധിയോടെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപരി പഠനത്തിനായി ഇന്ത്യയിലേക്കയച്ചു. എന്നാല്‍ വിദേശ സംസ്കാരത്തില്‍ ജനിച്ചുവീണ ഇവര്‍ക്ക് കേരളീയ സംസ്കാരവുമായി ഇഴുകി ചച്ചേരാന്‍ കഴിയാറില്ല എന്നു മാത്രമല്ല ആ കുട്ടികളില്‍ പലരും വിഷാദരോഗങ്ങള്‍ക്കും ദുഃസ്വഭാവങ്ങള്‍ക്കും അടിമപ്പെട്ടു. പലരുടെയും ഈ പറിച്ചുനടല്‍ അവരെ ആത്മഹത്യകളിലേയ്ക്കുവരെ നയിച്ചു. ഇത്തരത്തിലുള്ള പല സംഭവങ്ങളും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലും മറ്റും സംഭവിയ്ക്കുന്നതായ വാര്‍ത്ത മാധ്യമങ്ങളില്‍ സുപരിചിതമാണ്.

മറ്റു ഭാഷാസ്‌നേഹികളായ പലരും അവരുടെ കുട്ടികളെ മലയാളം പഠിപ്പിയ്ക്കുവാനുള്ള പഠനകേന്ദ്രങ്ങള്‍ തുടങ്ങി, ഭാഷ സെമിനാറുകള്‍ നടത്തി, മലയാള മണ്ണിലെ ആഘോഷങ്ങളും വിശേഷങ്ങളും കേരളം തനിമയോടെ വിദേശങ്ങളില്‍  കൊണ്ടാടുവാനും ശ്രമിച്ചു. പലരും വീടുകളില്‍ മലയാളം പറയാനും നമ്മുടെ സംസ്കാരം തുടരുവാനും ശ്രമിച്ചെങ്കിലും വിദേശസംസ്കാരത്തിന്റെ മടിത്തട്ടില്‍ വളര്‍ന്ന കുട്ടികള്‍ക്ക് മാതൃസംസ്കാരത്തോട് മതിപ്പോ ബഹുമാനമോ തോന്നിയില്ല. മലയാളി അല്ലെങ്കില്‍ ഇന്ത്യക്കാരന്‍ എന്നറിയപ്പെടുന്നതില്‍ അവര്‍ക്ക് കുറവു തോന്നി. അവര്‍ ഇതരസംഥാനക്കാരെയോ അമേരിക്കന്‍ രാജ്യങ്ങളിലുള്ളവരാണെങ്കില്‍ വെള്ളക്കാരെയോ കറുത്തവര്‍ഗ്ഗക്കാരെയോ അവരുടെ ജീവിതപങ്കാളികളാക്കാന്‍ ഇഷ്ടപ്പെട്ടു.

പ്രവാസികള്‍ എന്നുവിളിച്ചുപോരുന്ന വിദേശങ്ങളില്‍ സ്ഥിരതാമസമാക്കിയ കേരളീയനെ ഗൃഹാതുരത്വം എന്ന അവസ്ഥ വേട്ടയാടി.    ഇതൊരു മാനസിക രോഗമാണെന്നുപോലും വൈദ്യശാസ്ത്രം  വിലയിരുത്തി. ആയിരിയ്ക്കാം കാരണം  പ്രവാസി എഴുത്തുകാരുടെ രചനകളില്‍ എല്ലാം അവരുടെ നാടും, വീടും, അവര്‍ വളര്‍ന്നുവന്ന ജീവിത സാഹചര്യങ്ങളും നിറഞ്ഞു നില്‍ക്കുന്നതായി കാണാം. അവരെ ഏറ്റവും വേദനിപ്പിയ്ക്കുന്നത് അവരുടെ പുതിയ തലമുറ മാതൃഭാഷ പറയാന്‍ കഴിവില്ലാത്തവരായി  പോകുന്നു എന്ന ദുഃഖസത്യം ഓര്‍ക്കുമ്പോഴാകാം.

അമേരിക്ക, യൂറോപ്പ തുടങ്ങിയ രാജ്യങ്ങള്‍ കുടിയേറിയവര്‍ക്ക് പൗരത്വം നല്കിയിരുന്നതുകൊണ്ട് അവിടെ സ്ഥിരതാമസമാക്കിയ  കുടുംബങ്ങളിലെ കുട്ടികള്‍ ഒന്ന് രണ്ട് തലമുറ കഴിഞ്ഞാല്‍ നിശ്ശേഷം അവരുടെ മാതൃഭാഷയും പൈതൃകം പോലും മറന്നുപോകും. ഒരു കൗതുകത്തിനു വേണ്ടി വേരുകള്‍ അന്വേഷിച്ച് വരുന്നവര്‍ ഉണ്ട്. എല്ലാവര്ക്കും ജീവിതായോധനം  ആണ് മുഖ്യ പ്രശനം.  ഏതു രാജ്യമാണോ ജോലിയും ജീവിതസൗകര്യവും നല്‍കുന്നത് അവിടെ കഴിയാന്‍ മനുഷ്യര്‍ നിര്‍ബന്ധിതനാകുന്നു. കുടിയേറ്റത്തിന്റെ ആരംഭം തന്നെ ജീവിതസൗകര്യങ്ങള്‍ അന്വേഷിച്ചുള്ള പ്രയാണമാണ്.

പ്രവാസികള്‍ അവരുടെ ആതിഥ്യ രാജ്യങ്ങളിലേക്ക് കൊണ്ട് വരുന്ന ഭാഷ അവരുടെ വീട്ടില്‍ സംസാരിക്കാമെന്നല്ലാതെ വേറെ പ്രയോജനമില്ല എന്ന സത്യമാണ് ഭാഷകള്‍ നഷ്ടപ്പെടാന്‍ കാരണം. അമേരിക്കയില്‍ ഓരോ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവര്‍ അവരുടെ ഒരു ദിവസം ആഘോഷിക്കാറുണ്ടെന്നു പത്രങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഇന്ത്യക്കാര്‍ ഇന്ത്യ ദിനമായി ആഘോഷിക്കുന്നു. പക്ഷെ അത്തരം ആഘോഷങ്ങള്‍ക്ക് നമ്മുടെ ഭാഷയും സംസ്കാരവും ഒന്നും വളര്‍ത്തതാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ നാനാ ഭാഷകള്‍ സാംസ്കാരിക്കുന്ന നമ്മള്‍ക്ക് ഇന്ത്യയുടെ ഭാഷ എന്ന് പറയാന്‍ ഹിന്ദി ഉപയോഗിക്കുന്നുവെങ്കിലും തെക്കേ ഇന്ത്യക്കാര്‍ക്ക് ആ ഭാഷ വിദേശിയാണ്. 

മലയാളി എത്തിപ്പെടുന്ന ഏതൊരു സ്ഥലത്തും മലയാള തനിമ പകര്‍ത്താന്‍ മലയാളി ശ്രമിയ്ക്കുന്നു. ഇതിനുദാഹരണമാണ് മലയാളി കടകള്‍, മലയാളി ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവ മലയാളി ഉള്ളിടത്ത് ഉയര്‍ന്നുവരുന്നത്. മുംബൈ ദല്‍ഹി മുതലായ സംസ്ഥാനങ്ങളില്‍ വളരെയധികം മലയാളിസംഘടനകളും പുതിയ തലമുറയെ മാതൃഭാഷ പരിശീലിപ്പിയ്ക്കുന്നതിനുള്ള മലയാള മിഷനും പ്രവര്‍ത്തിയ്ക്കുന്നതായി കാണാം. ഒരു പരിധിവരെ ഇത്തരം സംരംഭങ്ങള്‍ വിജയിയ്ക്കുന്നുവെങ്കിലും തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളാകാം വേണ്ടത്ര ഫലം കണ്ടെത്തുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നത്.

ഇ മലയാളിയില്‍ ഒരു കോളം എഴുതിത്തുടങ്ങിയപ്പോഴാണ് അമേരിക്കയില്‍ വളരുന്ന മലയാള സാഹിത്യത്തെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത്. അമേരിക്കന്‍ മലയാളികളുടെ ഭാഷസ്‌നേഹം നിസ്സീമമാണ്. അവരുടെ ഫോമാ,  ഫൊക്കാന,തുടങ്ങിയ ദേശീയ സംഘടനകള്‍ ഈ രണ്ട് വര്ഷം കൂടുമ്പോള്‍ നടത്തുന്ന പരിപാടികള്‍ മലയാള ഭാഷയെയും സംസ്കാരത്തെയും പുതിയ തലമുറയിലേക്ക് പകരാന്‍ ശ്രമിക്കുന്നത് അഭികാമ്യം തന്നെ. അതേപോലെ അവിടെ സാഹിത്യസംഘടനകളും എഴുത്തുകാരെ  അംഗീകരിക്കുന്ന സംരംഭങ്ങളും ഉണ്ടെന്നറിയാനും എനിയ്ക്കു സാധിച്ചു. ഇമലയാളി എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രോത്സാഹാഹനങ്ങളും, അംഗീകാരങ്ങളും ഇതിനൊരു ഉത്തമ ഉദാഹരണമാണ്
ഇങ്ങനെ പ്രവാസി മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മലയാള ഭാഷയോടുള്ള ആസക്തിയും ഉത്സാഹവും കാണുമ്പോള്‍ പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട് ഇന്ന് മാതൃഭാഷയും, മാതൃസംസ്കാരവും അന്യം നില്‍ക്കുന്നത് വാസ്തവത്തില്‍ പ്രവാസിയ്ക്കാണോ അതോ കേരളീയനോ? കാരണം ഒരു കേരളത്തിലുള്ളവന് ഇന്ന് അവന്റെ മകള്‍ അല്ലെങ്കില്‍ മകള്‍ പഠിയ്ക്കുന്നത് മലയാളം മീഡിയത്തിലാണെന്നു പറയുന്നത് കുറച്ചിലാണ്. അവനു അവന്റെ മക്കള്‍ ഇംഗ്‌ളീഷ് മീഡിയത്തില്‍ തന്നെ, പോരാ ഇന്റര്‍നാഷണല്‍ ഇംഗ്‌ളീഷ് മീഡിയത്തില്‍ പഠിയ്ക്കുന്നുവെന്നു പറയുന്നതാണിഷ്ടം.     സ്വന്തം കുട്ടികള്‍ മാതാപിതാക്കളെ 'അച്ഛന്‍ '  ''അമ്മ ' എന്ന് വിളിയ്ക്കുന്നത് അവരുടെ സ്റ്റാറ്റസിന് ഇന്ന് പോരായ്മയാണ്. 'മമ്മി ഡാഡി എന്നതാണ് പരിശീലിപ്പിയ്ക്കുന്നത്.  എന്റെ കുട്ടിയ്ക്ക് മലയാളത്തില്‍ മറ്റു വിഷയങ്ങളേക്കാള്‍ മാര്‍ക്ക് കുറവാണെന്നു വളരെ അഭിമാനത്തോടെയാണ് മാതാപിതാക്കള്‍ പറയുന്നത്.  അതിനാല്‍ നമ്മുടെ കേരളത്തില്‍ മലയാളം സ്കൂളുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നു.    ഈ സാഹചര്യങ്ങള്‍  നമ്മുടെ സംസ്കാരവും ജീവിതരീതികള്‍ പോലും മാറ്റിക്കളയുന്നു.  ഓണത്തിന് നല്ല സാമ്പാറും, തുമ്പപ്പൂ പോലുള്ള ചോറും തൂശനിലയില്‍ വിളമ്പിയിരുന്നവര്‍ ഇന്ന് ചൈനീസ് നൂഡില്‍സും  ചിക്കാനുമൊക്കെ കടകളില്‍ നിന്നും പാര്‍സല്‍ ആയി കൊണ്ട് വന്നു വിശേഷ ദിവസങ്ങള്‍ കൊണ്ടാടുന്നു. മലയാളം സംസാരിച്ച കുട്ടിയെ സ്കൂള്‍ അദ്ധ്യാപകന്‍ തലമുണ്ഡനം ചെയ്യിച്ച സംഭവം നമ്മുടെ കേരളത്തിന്റെ മാത്രം സ്വന്തം.  അതെ സമയം ഒരു പ്രവാസി അവധിയെടുത്തതും സമയം കണ്ടെത്തിയും നമ്മുടേതായ ആഘോഷങ്ങളെ വിദേശങ്ങളില്‍ മലയാള തനിമയോടെ ആഘോഷിയ്ക്കുന്നു എന്നതാണ്.    
ഭാഷയെ ബാധിയ്ക്കുന്ന മറ്റൊരു പുതിയ പ്രശനം പുതിയ തലമുറ മലയാളം പറയുന്നില്ലെന്ന് മാത്രമല്ല ആശയങ്ങള്‍ ഫോണിലൂടെ അല്ലെങ്കില്‍ കംപ്യൂട്ടറിലൂടെ  പകരാന്‍ അവര്‍ ഒരു തരം സൈബര്‍/ഡിജിറ്റല്‍ ഭാഷ ഉപയോഗിക്കുന്നതാണ്. ഈ പ്രയോഗം ഭാഷയെ അധഃപതിപ്പിക്കും. വാക്കുകള്‍ ഉപയോഗിച്ചെല്ലെങ്കില്‍ പിന്നെ ഭാഷ എങ്ങനെ അതിജീവിക്കും. അതേപോലെ മലയാളികളെ മല്ലു എന്ന ചുരുക്കപ്പേരില്‍ അല്ലെങ്കില്‍ പരിഹാസപ്പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്നു. മലയാളി അല്ലെങ്കില്‍ മലയാളം എന്ന് പറയുമ്പോള്‍ അനുഭവപ്പെടുന്ന ഹൃദ്യത, മനോഹാരിത മല്ലു എന്ന വാക്കിനുണ്ടോ.?തെലുഗു, കന്നഡ, തമിള്‍ എന്നൊക്കെ പറയുന്നപോലെ തന്നെ മലയാളം എന്ന് പറയാന്‍ പുതിയ തലമുറ കുട്ടികള്‍ക്ക് താല്‍പ്പര്യമില്ല. 

പ്രവാസികളില്‍ ഇംഗ്‌ളീഷ് ഭാഷയെ കയ്യിലെടുത്തത് അമ്മാനമാടുന്ന അമേരിക്കന്‍ മലയാളികളെ മാത്രം ഉദാഹരണമായി എടുത്താല്‍   അവിടെയുള്ള എഴുത്തുകാര്‍ പ്രതിവര്‍ഷം പുറത്തിറക്കുന്ന പുസ്തകങ്ങള്‍ തന്നെ അവര്‍ക്ക് മലയാളത്തോടുള്ള ആസക്തി വെളിപ്പെടുത്തുന്നതല്ലേ?   എന്തിനു,  ലോകത്തിലെ തന്നെ മലയാളികളുടെ ഇടയില്‍ ഏറെ  പ്രചാരമുള്ള  ഇമലയാളിയില്‍ എന്തെല്ലാം വിഷയങ്ങളെക്കുറിച്ചാണ്  എഴുത്തുകാര്‍ എഴുതുന്നത്. ഇമലയാളിയില്‍ തുടര്‍ച്ചയായി എഴുതുന്ന ജോര്‍ജ് തുമ്പയില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്, ആനുകാലിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നിരന്തരം എഴുതുന്നു. അദ്ദേഹത്തിന്റെ പംക്തിയുടെ എണ്ണം ഇരുനൂറിനോട് അടുക്കുന്നു എന്നുള്ളത് ഭാഷ സ്‌നേഹികളായ അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമാണ്. 'പാടുന്ന പാഴ്മുളം തണ്ടുപോലെ' എന്ന ശ്രീ ജയന്‍ വര്‍ഗീസിന്റെ ആത്മകഥയും ശ്രദ്ധേയമാണ്. അമേരിക്കയിലേക്ക് കുടിയേറിപാര്‍ക്കുന്ന ഒരാള്‍ അവിടെ തന്റെ കൂടു കെട്ടി താമസം ഉറപ്പിക്കാന്‍ എന്തെല്ലാം കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നു ശ്രീ ജയന്‍ വിശദീകരിക്കുന്നു. പ്രവാസികളുടെ ഏല്ലാവരുടെയും അനുനഭവങ്ങള്‍ ഒന്നാകണമെന്നിലെങ്കിലും ഈ ആത്മ കഥ വായനക്കാരക്ക് വളരേയധികം അറിവുകള്‍ പകരുന്നു. കൂടാതെ എഴുത്തിന്റെ എല്ലാ ശാഖകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി സരോജ വര്‍ഗീസിനെയും, കഥകളുലൂടെയും കവിതകളിലൂടെയും നിരൂപങ്ങളിലൂടെയും ഹാസ്യരചനകളിലൂടെയും  ഇമലയാളി വായനക്കാര്‍ക്ക് സുപരിചിതനായ ശ്രീ സുധീര്‍ പണിയ്ക്കവീട്ടിലിനെയും, ശ്രീ ജോണ്‍ വേറ്റത്തിനെയും പോലുള്ള അമേരിയ്ക്കന്‍ പ്രവാസി എഴുത്തുകാരുടെ കൃതികള്‍ അവലോകനം ചെയ്യാനുള്ള ഭാഗ്യം  എനിയ്ക്കു സിദ്ദിച്ചപ്പോള്‍  അവിടുത്തെ എഴുത്തുകാരുടെ മാതൃഭാഷാ സ്‌നേഹത്തെയും വാത്സല്യത്തെയും വിലയിരുത്താന്‍ എനിയ്ക്കുകഴിഞ്ഞു.  എടുത്തുപറയാനുള്ള മറ്റൊന്ന് നിരവധി കാവ്യസമാഹാരങ്ങളും, ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള  പ്രവാസിയായ  ശ്രീമതി എല്‍സി യോഹന്നാന്‍   മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാജ്ഞലി കവിതയില്‍തന്നെ അവര്‍ പരിഭാഷപെടുത്തി എന്നുള്ളതാണ്.  അമേരിക്കന്‍ മലയാള സാഹിത്യചരിത്രം എഴുതിയ ജോര്‍ജ് മണ്ണിക്കരോട്ടിനെക്കുറിച്ചും അവിടത്തെ സാഹിത്യസംഘടനകള്‍ പ്രതിമാസ നടത്തുന്ന സാഹിത്യക്കൂട്ടായ്മായെക്കുറിച്ചും ഇമലയാളിയില്‍ വായിക്കുമ്പോള്‍ മലയാള ഭാഷയുടെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി അമേരിക്കന്‍ മലയാളികള്‍ ചെയ്യുന്ന സേവനത്തെ ഓര്‍ത്ത് സന്തോഷം തോന്നാറുണ്ട്.  

 ഇമലയാളിയിലൂടെ അമേരിയ്ക്കന്‍ എഴുത്തിന്റെ ലോകത്തെക്കുറിച്ച് എനിയ്ക്ക് ലഭിച്ച പരിമിതമായ അറിവുകള്‍ വച്ച് വിലയിരുത്തുമ്പോള്‍ പ്രവാസിമലയാളികളാണ് മാതൃഭാഷയെ കൂടുതല്‍ സംരക്ഷിയ്ക്കുന്നതെന്നും , പരിപോഷിപ്പിയ്ക്കുന്നതെന്നും പറയേണ്ടിവരുന്നു. എന്നാല്‍  കേരളത്തിലെ എഴുത്തുകാര്‍ക്ക് പ്രവാസി എഴുത്തുകാരോട് എന്നും ഒരു അവഗണനാ മനോഭാവമാണുള്ളത് എന്നത് ഖേദകരമായ ഒന്നാണ്.    ദേശീയ തലത്തില്‍ പ്രവാസികളെ മലയാളം പഠിയ്ക്കുന്ന മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളെയും, വിദേശങ്ങളില്‍ മലയാള ഭാഷയ്ക്കുവേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഫോമാ,  ഫൊക്കാനപ്പോലുള്ള സംഘടനകളെയും കേരളം ഗവണ്മെന്റ് വേണ്ടവിധം പ്രോസ്ത്സാഹിപ്പിയ്‌ക്കേണ്ടതും, പരിഗണിയ്‌ക്കേണ്ടതും ഭാഷയുടെ വികാസത്തിന് ആവശ്യമാണ്.

മലയാളനാട് ഊട്ടിവളര്‍ത്തിയ മലയാളിതന്നെ മലയാളത്തെ അവഹേളിയ്ക്കുന്നത്,  തന്റെ മാതാവിനോടുകാണിയ്ക്കുന്ന അവഹേളനമാണ്. അന്യസംസ്ഥാനങ്ങളിലും, വിദേശത്തും ഉപജീവനത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോഴും മാതൃഭാഷയോടുള്ള ആത്മബന്ധം ചോര്‍ന്നുപോകാതിരിയ്ക്കാന്‍ കഷ്ടപ്പെടുന്ന പ്രവാസികള്‍ മലയാളത്തിന്റെ അഭിമാനമാകട്ടെ. മലയാളം പഠിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന മലയാളികള്‍ക്കിടയിലുള്ള ധാരണ മലയാളത്തെ മറ്റു ഭാഷകള്‍ക്കുമുന്നില്‍ നാണംകെടുത്തുന്നതിനു തുല്യമാണ്. മലയാളം കേള്‍ക്കാന്‍ കാതോര്‍ത്ത്, കേരളത്തിന്റെ നയന മനോഹരമായ ഹരിതഭംഗി യെ സ്വപ്നംകണ്ട് വെമ്പലോടെ കേരളമണ്ണില്‍ ഓടിയെത്തുന്ന പ്രവാസ മലയാളിയാണ് യഥാര്‍ത്ഥ മലയാള തനിമയെ തിരിച്ചറിയുന്നത്, തനിമ നഷ്ടപ്പെട്ട കേഴുന്ന കേരളത്തെ നോക്കി ദുഃഖിയ്ക്കുന്നത്. യാഥാര്‍ത്ഥത്തില്‍ മലയാളത്തെ സ്‌നേഹിയ്ക്കുന്നത് മലയാളത്തിന്റെ മടിത്തട്ടില്‍ നിന്നും പറിച്ചുമാറ്റപ്പെട്ട പ്രവാസി മലയാളിയാണെന്ന് പറയാം. കേരളം മടിയിലിരുത്തി നാവില്‍ ഹരിശ്രീ കുറിച്ച മലയാളത്തെ നാം തന്നെ വളര്‍ത്തണം സംരക്ഷിയ്ക്കണം. പുതിയ തലമുറയുടെ മാതൃഭാഷ ഇംഗ്‌ളീഷോ, ബംഗാളിയോ, ഹിന്ദിയോ തമിഴോ ആയി മാറാതെ തനിമ നിറഞ്ഞ മലയാളം തന്നെയായി സംരക്ഷിയ്ക്കുക എന്നത് ഓരോ മലയാളിയുടെയും കടമയാണ്.
Girish Nair 2020-01-01 11:47:17
മാതൃഭാഷ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ മാതാവിന്റെ ഭാഷ എന്നല്ല. സ്വന്തം ഭാഷയെ മാതാവായിക്കാണുന്നതു കൊണ്ടാണ് ഇവ മാതൃഭാഷ ആകുന്നത്. ചില അവസരങ്ങളിൾ ഭാര്യ ഭർത്താവിന്റെ പ്രദേശത്തേക്കുപോവുകയും, തത്ഫലമായി ആ കുടുംബത്തിൽ വ്യത്യസ്ത പ്രധാന ഭാഷകൾ ഉണ്ടാവുന്നു. ആ കുടുംബത്തിലുണ്ടാവുന്ന കുട്ടികൾ സാധാരണയായി ആ പ്രദേശത്തെ ഭാഷയാണ് പഠിക്കുക. ഇപ്രകാരമുള്ളവരിൽ വളരെ കുറച്ചു പേർ മാത്രമെ അവരുടെ മാതൃഭാഷ പഠിക്കാറുള്ളു. മാതാവാണ് എതൊരു വ്യക്തിയുടെയും ആദ്യ ഗുരു . ഒരു കുഞ്ഞു ജനിച്ചു വീഴുന്നത് മുതൽ പലതും പഠിച്ചു തുടങ്ങുന്നു. മലയാളം ശ്രേഷ്ട ഭാഷ അയി അംഗീകരിച്ചു കഴിഞ്ഞിട്ടും ഇന്നും പലരും പുച്ഛത്തോടെ ആണ് മലയാള ഭാഷയെ കാണുന്നത്. പല വിദ്യാലയങ്ങളിലും മലയാളം ഉച്ചരിച്ചാൽ ശിക്ഷകൾ വരെ ഏർപെടുത്തുന്നുണ്ട്. " മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലാമ്മിഞ്ഞ പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയൊ സമ്മേളിച്ചിടുന്നത്തൊന്നാമതായ് മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്ന് പെറ്റമ്മ തൻ ഭാഷതൻ " മഹാകവി വള്ളത്തോളിന്റെ ഈ വരികൾ മാതൃഭാഷയുടെ മഹത്വം വിളിച്ചോതുന്നു. മാതൃഭാഷയിലുള്ള ശരിയായ ജ്ഞാനം ശരിയായതുംവേഗത്തിലുമുള്ള ചിന്തയ്ക്ക് കാരണമാകുന്നു. മറിച്ചു മാതൃഭാഷ പഠനം തൃപ്തികരമാകാതെ വന്നാൽ അത് ചിന്താവൈകല്യത്തിനുവരെ കാരണമാകും എന്നത് തന്നെ ആണ് മാതൃഭാഷ പഠനത്തിന്റെ ഏറ്റവും പ്രസക്തിയും. ശ്രീമതി ജ്യോതിലക്ഷ്മിയുടെ ലേഖനത്തിൽ അമേരിക്കയിലെ മലയാളി എഴുത്തുകാർക്കിടയിൽ മികഴുവ് കാണിച്ച പ്രഗത്ഭരായ എല്ലാവരെയും പറ്റി പ്രതിപാദിച്ചു. ഈമലയാളിയിലൂടെ ധാരാളം എഴുത്തുകാരെ ശൃഷ്ടിക്കാൻ സാധിച്ച ശ്രീ ജോർജ്‌ ജോസഫ് സാറിനെക്കുറിച്ചു രണ്ട്‌ വാക്ക് വായനക്കാരുടെ അറുവിലേക്കായി പകരേണ്ടതായിരുന്നു. മാതൃഭാഷ്ക്കുവേണ്ടി സാർ ചെയ്യുന്ന സേവനം അഭിനന്ദനിയമാണ്.
Sudhir Panikkaveetil 2020-01-02 17:50:40
ഗിരീഷ് സാർ,  താങ്കളുടെ താഴെ പറയുന്ന 
വരിയിൽ  .ഒരു തിരുത്തുണ്ട്.പ്രഗത്ഭരായഎല്ലാവരെയും പറ്റി 
പ്രതിപാദിച്ചിട്ടില്ല. 
"ശ്രീമതി ജ്യോതിലക്ഷ്മിയുടെ ലേഖനത്തിൽ അമേരിക്കയിലെ മലയാളി എഴുത്തുകാർക്കിടയിൽ മികഴുവ് കാണിച്ച പ്രഗത്ഭരായ എല്ലാവരെയും പറ്റി പ്രതിപാദിച്ചു."
ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാരുടെ വരികൾ ശ്രദ്ധിക്കുക. 
"ഇമലയാളിയിലൂടെ അമേരിയ്ക്കന്‍ എഴുത്തിന്റെ ലോകത്തെക്കുറിച്ച് എനിയ്ക്ക് ലഭിച്ച പരിമിതമായ അറിവുകള്‍ വച്ച് വിലയിരുത്തുമ്പോള്‍"
അവരുടെ പരിമിതമായ അറിവിൽ കണ്ടെത്തിയ 
എഴുത്തുകാരെയാണ് അവർ പരാമർശിക്കുന്നത്.
ഇവിടെ പ്രഗത്ഭരായ എഴുത്തുകാരും, എഴുത്തുകാരികളും 
ഇനിയുമുണ്ട്. 
ഇ മലയാളിയുടെ കോളമിനിസ്റ്റായ ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ 
ഇ മലയാളി വായിച്ച് അതിൽ അവർ കണ്ടുമുട്ടിയ 
എഴുത്തുകാരെക്കുറിച്ച ഇത്രയൊക്കെ എഴുതിയത് 
അവരുടെ വീക്ഷണപാടവവും സാഹിത്യാഭിരുചിയും 
പ്രകടമാക്കുന്നു. ഒരു നിരൂപക കൂടിയായ അവരിൽ നിന്നും 
ഇനിയും മലയാള ഭാഷയും സാഹിത്യവും പ്രവാസികളുമൊക്കെ 
ഉൾപ്പെടുന്ന വിഷയങ്ങളെക്കുറിച്ചുളള രചനകൾ 
ഉണ്ടാകട്ടെ. 


Girish Nair 2020-01-02 19:34:30
ശരിയാണ് സർ... തെറ്റ് തിരുത്തി തന്നതിന് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക