സനാതനധര്‍മ്മ ചിന്തകള്‍-(ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 07 January, 2020
സനാതനധര്‍മ്മ ചിന്തകള്‍-(ഡോ.നന്ദകുമാര്‍ ചാണയില്‍)
കോടാനുകോടി ജനങ്ങള്‍ ഈശ്വരനില്‍ വിശ്വസിക്കുമ്പോള്‍ ഒരു ചെറിയ ന്യൂനപക്ഷം ഈശ്വരനില്ലെന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നു. സൂര്യചന്ദന്മാരും നക്ഷത്രങ്ങളുമടങ്ങുന്ന ഈ പ്രപഞ്ചത്തിലെ ഗോചരങ്ങങ്ങളായ ചരാചര വസ്തുക്കള്‍ പോലെയല്ല ഈശ്വരനെന്ന അദൃശ്യ ശക്തി. ഈശ്വരനെ കണ്ടവരുണ്ടോ എന്ന് ചിലര്‍ ചോദിക്കുന്നു. കാറ്റിനെ കണ്ടവരുണ്ടോ? കണ്ടവരില്ലെങ്കിലും കൊണ്ടവരുണ്ട്. അതേപോലെ തന്നെയാണ് സാധാരണ കണ്ണു കൊണ്ട് ഈശ്വരനെ കാണാന്‍ സാധിക്കില്ലെങ്കിലും, സാധന കൊണ്ട് മനസ്സിനെ നിയന്ത്രിച്ച്, ഈശ്വരസാക്ഷാല്‍ക്കാരം നേടിയവരണാല്ലോ ഭാരതത്തിലെ ഋഷീന്ദ്രന്മാര്‍. ഈശ്വരനെ നേരിട്ട് ദര്‍ശിക്കാന്‍ സാധിക്കാത്തവരാണല്ലോ ഭൂരിപക്ഷം ആളുകളും. എന്നിരുന്നാലും ഈ പ്രപഞ്ചത്തെ നിലനില്‍ക്കുന്ന ഒരു അദൃശ്യ ശക്തിയുണ്ട്, ആ ശക്തി സ്രോതസ്സിനെ വ്യത്യസ്ത നാമരൂപേണ ലോകമെമ്പാടും വാഴ്ത്തുന്നു. മനുഷ്യര്‍ ബുദ്ധി ഉപയോഗിച്ചും സാഹസിക സന്നദ്ധത കൊണ്ടും പല കണ്ടുപിടുത്തങ്ങള്‍ കൊണ്ടും അസാധ്യങ്ങളായ പലതും സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ കൈവരിച്ച നേട്ടങ്ങളുടെ ഉച്ചകോടിയില്‍ നില്‍ക്കുമ്പോഴും, പ്രകൃതിയെ മെരുക്കാന്‍ കഴിയാതെ, നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥയും നിലവിലുണ്ട്. മാരകരോഗങ്ങളാലും പകര്‍ച്ചവ്യാധികളാലും ഉഴലുമ്പോഴും പ്രകൃതി വിക്ഷോഭങ്ങളാല്‍ ഭയവിഹ്വലരാകുമ്പോഴും മനുഷ്യര്‍ ആശ്വാസം തേടി എത്തുന്നത് ദൈവത്തില്‍ തന്നെ. ഈ ആശ്രയഭാവം മനുഷ്യോല്പത്തി മുതല്‍ ഉള്ളതായി അനുമാനിക്കേണ്ടിയിരിക്കുന്നു. എല്ലാ സംസ്‌കാരങ്ങളിലുമുള്ള പുരാണേതിഹാസങ്ങള്‍ ഈ സങ്കല്പങ്ങളുടെ ചുരുളുകള്‍ അഴിക്കുന്നതായി വ്യക്തമാക്കുന്നുണ്ടല്ലോ.

എങ്ങനെയോ ഉരുത്തിരിഞ്ഞ വിശ്വാസങ്ങളും സങ്കല്പങ്ങളും ദുരാചാരങ്ങളുമായി പരിണമിക്കുന്ന സ്ഥിതി വിശേഷങ്ങളും ചരിത്രാതീതകാലം തൊട്ട് കാണാവുന്നതാണ്. അങ്ങിനെ അന്ധവിശ്വാസം മനുഷ്യന്റെ സന്തതസഹചാരിയായി. ഏതു നല്ല കാര്യവും തുടങ്ങുന്നതിനു മുമ്പ് ഈശ്വരനെ അല്ലെങ്കില്‍ സര്‍വ്വശക്തനെ സ്മരിക്കുക എന്ന ഒരു ആശയം ആദ്യം ഉടലെടുത്തു. പിന്നീട് അതു ആശ്രയ ഭാവത്തിലേക്കും സകല ദുരിതനിവാരണങ്ങള്‍ക്കുമുള്ള പ്രതിവിധിയായും മാറി. ഈശ്വരനെ പ്രീതിപ്പെടുത്താന്‍ വേണ്ടി വഴിപാടുകള്‍ എന്ന സമ്പ്രദായം ഉണ്ടായി. ഒരുവന്‍ ദുരിതനിവാരണത്തിനോ കാര്യസാദ്ധ്യത്തിനായോ നേരുന്ന നേര്‍ച്ചകള്‍ ഒരു വിധത്തില്‍ നോക്കിയാല്‍ ദൈവത്തിനു കൊടുക്കുന്ന കൈക്കൂലിയല്ലേ? എല്ലാവരും ഓരോരൊ കാര്യസാദ്ധ്യത്തിനായി വഴിപാടുമായി ദൈവത്തിനെ സമീപിച്ചാല്‍ അദ്ദേഹം കുഴങ്ങുമല്ലോ. എല്ലാവരുടെയും ആശകള്‍ സഫലീകൃതമായാല്‍ പിന്നെ പാരില്‍ ആധിയും വ്യാധിയും ഇല്ലാത്ത മാനുഷ്യരെല്ലാരും ഒന്നു പോലെയാകുന്ന ഒരു രാമരാജ്യം വരുമല്ലോ. മിത്രസമ്പാദനത്തിനും ശത്രുസംഹാരത്തിനും അന്യോന്യം മത്സരിച്ചാല്‍ ആര്‍ ജയിക്കും ആര്‍ തോല്‍ക്കും?

മതങ്ങളുടെ ഉദ്ദേശം തന്നെ നേരായ വഴിയിലൂടെ ഓരോ മനുഷ്യനേയും നയിച്ച് സദാചാരബോധമുള്ള നല്ലൊരു സമൂഹം കെട്ടിപ്പടുക്കുക എന്നുള്ളതാണല്ലോ. ഇന്ന് നടമാടുന്നത് മതത്തിന്റെ പേരിലുള്ള സ്പര്‍ദ്ധയും കലഹങ്ങളും കൂട്ടക്കൊലകളുമാണല്ലോ. പ്രവാസികള്‍ ഇതര രാജ്യങ്ങളിലേക്ക് കുടിയേറിയപ്പോള്‍ തന്റേതായ സംസ്‌കാരവും ഭാഷയും ആചാരങ്ങളും ഭക്ഷണക്രമവും വസ്ത്രധാരണ രീതികളും ഇറക്കുമതി ചെയ്തതോടൊപ്പം എന്തിനീ ജാതിവ്യവസ്ഥകളും അവയുടെ അവാന്തരവിഭാഗങ്ങളുമടങ്ങുന്ന കാലഹരമാക്കപ്പെടേണ്ട ആചാര മാമൂലുകളും മതേതര രാഷ്ട്രങ്ങളിലേക്കും കൊണ്ടു വന്നു എന്നത് മനസ്സിലാക്കാന്‍ പ്രസായമുണ്ട്. ശ്രീനാരായണ ഗുരുദേവന്‍ ഉദ്‌ഘോഷിച്ചു, 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന്. ഇന്നും നാം സങ്കുചിത ചിന്തകളില്‍ കുടുങ്ങിക്കിടക്കുകയാണ്. മതത്തിന്റെ പേരില്‍ വിധ്വംസക പ്രവൃത്തികള്‍ അഴിച്ചു വിടുന്നത് ക്ഷമാര്‍ഹമല്ല. ആര്‍ക്കും ഒരു ഉപകാരവും ചെയ്യാന്‍ പറ്റിയില്ലെങ്കിലും ആരേയും ഉപദ്രവിക്കാതെ കഴിഞ്ഞു കൂടൂന്ന തത്വചിന്തയല്ലേ എന്നും അഭികാമ്യം? അഹിംസാപരമോ ധര്‍മ്മഃ', 'വസുദൈവ കുടുംബകം' എന്നെല്ലാമുള്ള സനാതന ചിന്തകള്‍ എന്തേ വിസ്മൃതമാകുന്നു?

സനാതനധര്‍മ്മ ചിന്തകള്‍-(ഡോ.നന്ദകുമാര്‍ ചാണയില്‍)
മതം വേണ്ട നന്നാകുവാന്‍ 2020-01-07 07:20:50

മതം ഏതായാലുംഇപ്പോളത്തെമനുഷന്‍ നന്നാവുകയില്ല ഗുരു പറഞ്ഞ കാലങ്ങളില്‍ നിന്നും ഇന്നത്തെ ലോകം വളരെയധികം വിധുരതയില്‍ ആണ്. മതം ഇല്ലാതെ മനുഷന്‍ നന്നാവണം. മതം അല്ല മനുഷനെ നന്നാക്കുന്നത്. ഉത്തമ ചിന്തയും ജിവിത രീതിയും മനോഭാവവും മനുഷനില്‍ നിന്ന് ഉത്ഭവിക്കണം. ചരിത്രത്തിലേക്ക് നോക്കിയാല്‍ മതങ്ങള്‍ ആണ് മനുഷന്‍ നന്നാവുന്നതിനു തടസം.  മതങ്ങള്‍ ഇന്ന് ലാഭം കൊയ്യുന്ന വന്‍ കോര്‍പ്പറേഷന്‍ ആണ്.. സനാധനം, മുനിമാര്‍ അങ്ങനെ പറഞ്ഞു, അതൊക്കെ വെറും പ്രഹസനം ആയി മാറിയ ഇക്കാലത്തു പഴയ കിതാബുകളും തത്വ ചിന്തകളും മാറ്റി വെക്കുക. മാനുഷര്‍ നന്നാവുന്നില്ല എങ്കില്‍ താമസിയാതെ വംശ നാശം ഉണ്ടാകും എന്ന് മനുഷരെ ഭോധവല്‍ക്കരിക്കുക -andrew

ജോർജ് പുത്തൻകുരിശ് 2020-01-07 12:50:34
മനുഷ്യനിൽ വസിക്കുന്ന ചൈതന്യം തന്നെയാണ് നാം എവിടെയൊക്കെയോ തിരയുന്ന ദൈവം എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.  നാം സൃഷ്ടിച്ചുണ്ടാക്കിയ ദൈവത്തിന്റെ കരുണയും സ്നേഹവും നമ്മിൽ തന്നെ കണ്ടെത്താൻ കഴിയുന്നതുപോലെ , നാം വെറുക്കുന്ന ചെകുത്താനെയും നമ്മിൽ തന്നെ കണ്ടെത്താൻ കഴിയും .   

"നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ"  ഉള്ളൂർ എസ് പരമേശ്വരയ്യരുടെ ഈ കവിത ശകാലത്തിൽ പറയുന്നത്പോലെ 'മാനുഷ്യർ ദേവന്മാർ' തന്നെയാണ്. ബൈബിളിലും ഇതേ ആശയം യേശു പറഞ്ഞതായി രേഖപെടുത്തിയിട്ടുണ്ട്  "യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? (ജോൺ 10 :34). ഈ ചൈതന്യത്തെ കുറിച്ച് തന്നെയാണ് കേനോപനിഷത്ത് ഒന്നാം ഖണ്ഡം ഏഴാം മന്ത്രം പറയുന്നത് 

"യച്ചക്ഷുഷാ ന പശ്യതി 
യേന ചക്ഷുംഷി പശ്യതി 
തദേവ ബ്രഹ്മ ത്വം വിദ്ധി"

കണ്ണുകൊണ്ട് കാണാൻ കഴിയാത്തത് ഏതൊന്നിന്റെ പ്രഭാവം കൊണ്ടാണോ കണ്ണുകൾ കാണപ്പെടുന്നത് നീ അതു  തന്നെ ബ്രഹ്മം എന്നറിയുക .  നമ്മളുടെ ആചാര്യന്മാർ, അതുപോലെ ശാസ്ത്രജ്ഞമാർ  ആരും മനുഷ്യരിൽ കുടികൊള്ളുന്ന ശക്തിയെക്കുറിച്ചും അതുപോലെ അതിന്റെ കഴിവുകളെക്കുറിച്ചും അറിവില്ലാത്തവരല്ലായിരുന്നു . എന്നാൽ ഇന്ന് ലോകത്തെ അജ്ഞതയിൽ ആഴ്ത്തി  നിറുത്തുന്നവർ ചൂഷണവർഗ്ഗത്തിൽപ്പെട്ട മതങ്ങളും, അവർക്ക് കൂട്ടു നിൽക്കുന്ന പണ്ഡിത വർഗ്ഗവുമാണ്.(സത്യം അറിയാമായിരുന്നിട്ടും അത് മറച്ചു വച്ച് മനുഷ്യ വർഗ്ഗത്തെ ചൂഷണം ചെയ്യുന്ന പണ്ഡിതർ)  

 ഈ സത്യം നമ്മൾക്ക് അറിയാമെങ്കിൽ  "ആ ശക്തി സ്രോതസ്സിനെ വ്യത്യസ്ത നാമരൂപേണ ലോകമെമ്പാടും വാഴ്ത്തുന്ന"തിനു പകരം മനുഷ്യർ മനുഷ്യനെ പരസ്പരം ബഹുമാനിച്ചാൽ പോരെ ? നാം ഇന്ന് ദൈവമായി ആരാധിക്കുന്ന പല വ്യക്തികളും ഇതൊക്കെ തന്നെയല്ലേ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത്?  എന്നാൽ മതം ഇതിനെ ദുർവ്യാഖാനം ചെയ്തു ചൂഷണം ചെയ്യുന്നു എന്ന് മാത്രം. മതത്തിന് നരവർഗ്ഗത്തെ രക്ഷിക്കാനാവില്ല . 

ഈ പ്രപഞ്ച രഹസ്യത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും അതിനെ അനാവരണം ചെയ്യാനും കഴിഞ്ഞത് അവനിൽ തന്നെ കുടികൊള്ളുന്ന ബോധത്തിൽ നിന്നും പ്രസരിക്കുന്ന വൈഭവത്താൽ തന്നെയല്ലേ ?


  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക