കായല്‍ക്കരയിലെ ദൃശ്യഭംഗിയും, വാസ്തുഭംഗിയും, ശില്പഭംഗിയുമുള്ള വീട്ടിലിരുന്ന് മകള്‍ ദേവയാനിയെഴുതി ഭദ്രം സൂക്ഷിച്ചിരുന്ന കവിത മാലതി ടീച്ചര്‍ അന്നും വായിച്ചു,
പറയൂഅഗ്‌നേ!
നീയെന്‍മിഴിക്കോണിലെ
സ്‌നേഹകണമോ, പ്രകാശമോ
വിളക്കോ, നക്ഷത്രമോ?
കവിതയില്‍ ജ്വലിക്കുന്നത് അഗ്‌നിയോ, കണ്ണുനീര്‍ത്തുള്ളികളോ എന്ന വിഹ്വലമായ സംശയം മാലതി ടീച്ചറുടെ മനസ്സില്‍ നിറഞ്ഞിരുന്നു. ദേവിയെന്ന് മാലതിടീച്ചര്‍ സ്‌നേഹത്തോടെ വിളിക്കുന്ന മകള്‍ ദേവയാനിയുടെ കവിതകളില്‍ അതീവഗൂഢമായ ഒരു നോവ് മറഞ്ഞിരുക്കുന്നുവെന്ന് ടീച്ചര്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
കായല്‍ക്കരയിലെ വീട്ടില്‍ കാറ്റുലഞ്ഞൊഴുകുമ്പോള്‍, അപരാഹ്നംകത്തിപ്പടരുമ്പോള്‍, സന്ധ്യ മന്ത്രമാവുമ്പോള്‍ ടീച്ചര്‍ മിഴി പൂട്ടിയിരുന്ന് സ്മൃതിയിതളുകള്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കും
ആല്‍മരച്ചോടുകള്‍ക്കരികിലൂടെ ഗ്രാമമൊഴുകും വഴിയിലൂടെ നടന്നു നീങ്ങും മനസ്സിന്റെ സ്പന്ദങ്ങളും, ആള്‍പ്പാര്‍പ്പില്ലാത്ത പഴയ അഗ്രഹാരങ്ങളുടെ ശേഷിക്കും കല്‍ത്തൂണുകള്‍ക്കിടയിലൂടെ കാണാനാവും കടല്‍ത്തീരങ്ങളും, ശരത്ക്കാലത്തിന്‍ സ്വര്‍ണ്ണവര്‍ണ്ണവുമൊഴുകും ദേവിയുടെ കവിതകളില്‍ ടീച്ചര്‍ ജീവിതത്തിന്റെയധികദു:ഖങ്ങളെ അലിയിച്ചില്ലാതെയാക്കി..
ദേവിയുടെ കവിതയിലെ മൃദുപദങ്ങള്‍ ടീച്ചര്‍ക്ക് സാന്ത്വനമേകും; പ്രശാന്തിയുടെ ഉള്‍വിളിയും കടലിന്റെ സംഗീതവും അതിലുണ്ട്.
ദേവിയുടെ ഒരോ കവിതയിലും പ്രകൃതി നിറഞ്ഞൊഴുകിയിരുന്നു. പ്രപഞ്ചത്തെയൊരു ജപമുത്തുപോല്‍ ചേര്‍ത്തടുക്കി ശംഖിനുള്ളില്‍ നിറയ്ക്കും പോലെയാണ് ദേവിയെഴുതിയിരുന്നത്. കവിതയും സ്വപ്നങ്ങളും ചില്ലലമാരയിലാക്കി, ടാഗോറിനെയും, ടാഗോര്‍കൃതികളെയും കായല്‍ക്കരയിലെ വീട്ടിലെ നിധിശേഖരത്തിലാക്കി അതിന്റെയെല്ലാം താക്കോല്‍ ഭദ്രമായ് ടീച്ചറെ ഏല്‍പ്പിച്ചാണ് ദേവി ഹരിയോടും, ലക്ഷ്മിമോളോടുമൊപ്പം സ്‌കോട്ട്‌ലാന്‍ഡിലേയ്ക്ക് യാത്രയായത്.
കായല്‍ക്കരയിലെ വീട്ടില്‍ മാലതി ടീച്ചര്‍ക്ക് ഇപ്പോള്‍ കൂട്ടായുള്ളത് ദേവിയുടെ കവിതകളും, കായല്‍ക്കരയിലെ തണുപ്പും, കുടിയേറ്റക്കാരായ് വന്നും പോയുമിരിക്കും കിളികളും മാത്രമാണ്.
കായല്‍ക്കരയിലെ വാസ്തുഭംഗിയും, ദൃശ്യഭംഗിയും, ശില്പഭംഗിയുമുള്ളവീട് ഹരിരൂപകല്‍പ്പന ചെയ്തതാണ്. പഴമയും പുതുമയും ചേര്‍ന്ന ഒരു പുരാതാധുനികശൈലി.
ഹരി റാങ്ക്സ്റ്റുഡന്റ് ആയിരുന്നു പിന്നീട് വിദേശത്ത് പോയി ബിരുദാനന്തരബിരുദവും, ഡോക്ടറേറ്റും എടുത്തു. ആധുനിക സിമന്റ്‌ഗോപുരങ്ങള്‍ക്കിടയില്‍ ഹരിയുടെ പുതുമ കലര്‍ന്ന പഴമ വേറിട്ട് നിന്നു.
കായല്‍ക്കരയിലെ വീട്ടിലിരുന്നാണ് ദേവി ടഗോര്‍കൃതികളില്‍ ഗവേഷണം ചെയ്തതും ഡോക്ടറേറ്റ് നേടിയതും. ടീച്ചര്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ആയിരുന്നു. സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ മാലതി ടീച്ചര്‍ മകള്‍ ദേവയാനി ഒരു ഡോക്ടര്‍ ആയിക്കാണാന്‍ ആഗ്രഹിച്ചിരുന്നു. ടീച്ചറിന്റെ ആഗ്രഹത്തിന്റെയും സ്വപ്നത്തിന്റെയും ഇടയിലൂടെ ടാഗോറിന്റെ ഹൃദയവും കൈയിലേറ്റി ദേവി നടന്നു.
ദേവിയെഴുതി സൂക്ഷിച്ചിരുന്ന കവിത വായിക്കുക ടീച്ചറുടെ പൂജയായിരുന്നു. അതിന് മുടക്കം വരാതിരിക്കുവാന്‍ ടീച്ചര്‍ പ്രത്യേകം ശ്രദ്ധിച്ചു. മനോഹരമായ കൈപ്പടയില്‍ ദേവിയെഴുതി സൂക്ഷിച്ചിരിക്കും കവിതകള്‍.
ദേവി പിഎച്ച്ഡി ചെയ്യുമ്പോഴാണ് ഹരിയുമായുള്ള വിവാഹം നടന്നത്. അതിനു ശേഷമാണ് കായല്‍ക്കരയില്‍ വീട്പണിതതും ലക്ഷ്മിമോളുണ്ടായതും. കായല്‍ക്കരയിലെ വീട്ടിലാണ് മാലതിടീച്ചര്‍ അറുപതാം പിറന്നാള്‍ ആഘോഷിച്ചത്. കായല്‍ക്കരയിലെ വീട്ടിലിരുന്നാണ് ദേവി ടാഗോറിനെ കൂടുതലറിഞ്ഞത്.
ടാഗോറിന്റെ 'ഭാര്യയെഴുതുന്നു'എന്ന കഥ വായിച്ച് ദേവി പലപ്പോഴും കരയാറുണ്ടായിരുന്നു.
ഒരിയ്ക്കല്‍ ദേവി പറഞ്ഞു.
ഞാനും മൃണാളയെപ്പോലെ. ടാഗോറിന്റെ കഥയിലെ ഭാര്യയെപ്പോലെ.... .
ദേവിപറയുന്നത് മുഴുവനും ടീച്ചര്‍ക്ക് മനസ്സിലായില്ലെങ്കിലും എന്തോ ഒരു ദു:ഖം ദേവിയ്ക്കുണ്ടെന്ന് ടീച്ചര്‍ അറിഞ്ഞിരുന്നു.
'ഉമയുടെ നോട്ട്പുസ്തകം പോലെയാവുമോ' എന്റെ കവിതകളും
ജീവിതവും, . ദേവി ചോദിക്കുമ്പോള്‍ ഈ കുട്ടി എന്തേ ഇങ്ങനെയെന്ന് ടീച്ചര്‍ ആലോചിക്കും .
ടാഗോര്‍ എഴുതിയ ഉമയുടെ നോട്ടുപുസ്തകത്തിലെ ഉമയെഴുതി സൂക്ഷിച്ച കുറിപ്പുകള്‍ നഷ്ടമാകുന്ന ഭര്‍തൃഗൃഹം ദേവിയുടെ മനസ്സിലും ഒരു നോവായി പടര്‍ന്നിരിക്കുന്നു.
ഹരിയുടെ ബിസിനസ് ദേവിയ്ക്കും, ദേവിയുടെ സാഹിത്യം ഹരിക്കും മനസ്സിലാവുന്നില്ല. അക്ഷരപ്പിശക് പോലെ എന്തോ ഒന്ന് അവര്‍ക്കിടയിലുണ്ട്. സൗഭാഗ്യത്തിനും, സന്തോഷത്തിനുമിടയില്‍ മതിലിട്ട് മറയ്ക്കാനാവാത്ത, ഒളിപ്പിക്കാനാവാത്ത ഒരു ദു:ഖം ദേവിയില്‍ നിറഞ്ഞു നിന്നിരുന്നു.
അശാന്തിയ്‌ക്കൊടുവിലൊരു ഹരിതരേഖ ദേവിയിലുമുണ്ടാവും എന്ന്ടീച്ചര്‍ വിശ്വസിച്ചിരുന്നു. പക്ഷെ ദേവിയും ഇപ്പോള്‍ അകലെയകലെയൊരിടത്ത്
ദേവയാനിയും, ലക്ഷ്മിയും യാത്രയായശേഷം മാലതി ടീച്ചര്‍ സമയമനുസരിച്ച് നിഷ്ഠ്കള്‍ ചെയ്യും ഒരു മനുഷ്യയന്ത്രമായി.
അഞ്ചരയ്ക്കുണരുന്ന മാലതിടീച്ചര്‍ വീട്ടുജോലിക്ക് സഹായിക്കും സുമിത്ര ആറരയ്ക്ക് പൂമുഖത്തെ ഓട്ടുമണിയടിക്കും വരെയും സുബ്ബലക്ഷ്മിയുടെ സുപ്രഭാതവും, വിഷ്ണുസഹസ്രനാമവും ദേവി വാങ്ങികൊടുത്ത പാനാസോണിക് പ്‌ളെയറിലിട്ട് കേള്‍ക്കും.
കായല്‍ക്കരയിലെ വൃക്ഷശിഖരങ്ങളില്‍ കൂടുകൂട്ടിയ പക്ഷികളുടെയും, കുടിയേറ്റക്കാരായി വന്നും പോയുമിരിക്കും പക്ഷികളുടെയും സ്പന്ദനങ്ങള്‍ പോലും ഇപ്പോള്‍ ടീച്ചര്‍ക്ക് മനപ്പാഠമാണ്. ടീച്ചര്‍ കൊടുക്കുന്ന അരിമണികളും, ധാന്യങ്ങളും ആ പക്ഷികളുടെ ജീവസ്പന്ദനങ്ങളിലുണ്ട്. കായല്‍ക്കരയിലെ വീട്ടുമുറ്റത്ത് ഭയലേശമന്യേ അവയെല്ലാം പാറി നടക്കുന്നു
സുമിത്ര അടുക്കളയില്‍ പാത്രം കഴുകിത്തുടങ്ങുമ്പോള്‍ ടീച്ചര്‍ ചില്ലലമാരയിലെ ദേവിയുടെ പുസ്തകശേഖരത്തിലേയ്ക്ക് ,മെല്ലെനടക്കും.
ദേവിയുടെ ലോകത്തില്‍ നിന്നും ടീച്ചര്‍ മടങ്ങുമ്പോഴേയ്ക്കും സുമിത്രപാത്രങ്ങള്‍ കഴുകിയിരിക്കും. ടീച്ചര്‍സ്റ്റൗവ് കത്തിച്ച് പാല്‍പ്പൊടി ചേര്‍ത്ത കാപ്പിയുണ്ടാക്കും. പാല്‍കൊണ്ടു വന്നിരുന്ന ഗോമതിയോടും, വിനോദിനിയോടും അവര്‍ പാലില്‍ അളവില്ലാതെ ചേര്‍ക്കുന്ന വെള്ളത്തെ ചോല്ലിയുള്ള അന്തമില്ലാത്ത തര്‍ക്കമാണ് ടീച്ചറുടെ കാപ്പിയില്‍ പാല്‍പ്പൊടി കലരാനിടയായത്. അതിലൊരു കപ്പ് ടിച്ചര്‍ സുമിത്രയ്ക്കും കൊടുക്കും.
കായല്‍ക്കരയിലെ വീട്ടില്‍ ദേവിയും, ലക്ഷ്മിമോളുമായി വളരെ സന്തോഷമായി കഴിഞ്ഞ നാളുകള്‍ സ്മൃതിപഥത്തിലേയ്‌ക്കെത്തുമ്പോള്‍ ടീച്ചര്‍ കായല്‍ക്കരയിലെ ഓളങ്ങളിലൊഴുകും ഓര്‍മ്മയിലകള്‍ മെല്ലെ മനസ്സിലേയ്‌ക്കെടുക്കും.
സുമിത്ര ജോലി കഴിഞ്ഞ് പോകുമ്പോള്‍ ടീച്ചര്‍ പൊടിയരിക്കഞ്ഞിയുണ്ടാക്കും.
കായല്‍ക്കരയിലെ വീടിന്റെ പൂജാമുറിയില്‍ കൃഷ്ണവിഗ്രഹത്തിന് മുന്നിലിരുന്ന് ഒരദ്ധ്യായം ഭഗവത്ഗീതയും നാരായണീയവും വായിക്കും. അതിന് ശേഷം പൊടിയരിക്കഞ്ഞി കുടിക്കും. പിന്നീട് വെണ്മേഘനിറമുള്ള സാരിയുടുത്ത് കായല്‍ക്കരയിലെ വീട് പൂട്ടി പുറത്തേയ്ക്കിറങ്ങും.
ആല്‍മരവും കടന്ന് അരളിമരങ്ങള്‍ മതിലുപോല്‍ വളര്‍ന്ന് നില്‍ക്കും തെക്കതിലെ ഭഗവതി ക്ഷേത്രത്തിന് മുന്നില്‍ കൈകൂപ്പിമിഴിപൂട്ടി ടീച്ചര്‍ ഭഗവതിയോട് ഒരുസ്വകാര്യം പറയും.
'ന്റെഭഗവതി, ഇന്നെങ്കിലും ലക്ഷ്മിമോളുടെ കത്തുണ്ടാവണേ'
പിന്നീട് ടീച്ചര്‍ ടൗണിലടുത്തുള്ള തപാലോഫീസിലേയ്ക്ക് നടക്കും. കായല്‍ക്കരയിലെ വീടിനും, തപാല്‍ ഓഫീസിനുമിടയ്ക്കുള്ള ദൂരം ടീച്ചര്‍ പതിയെ നടന്നു നീങ്ങുമ്പോള്‍ പന്ത്രണ്ട് മണിയായിട്ടുണ്ടാവും.
ടീച്ചറെ കാണുമ്പോള്‍ പോസ്റ്റ്മാന്‍ നാരായണന്‍ ഉള്ളിലേയ്ക്ക് വലിയും. മറയും മുന്‍പേ കൗണ്ടര്‍ക്ലാര്‍ക്ക് ശാരദയോട് പറയും.
'മാലതി ടീച്ചര്‍ വരണണ്ട്, കത്തില്ലാന്ന് പറഞ്ഞോളൂ'
മാലതിടീച്ചറുടെ പ്രതീക്ഷ നിറഞ്ഞ മുഖത്തേയ്ക്ക് നോക്കി ശാരദ പറയും.
' സത്യായിട്ടും ഇന്ന് മാലതി ടീച്ചര്‍ക്ക് കത്തുണ്ടാവൂന്നാ കരുതിയത്, പക്ഷെ ഇന്നത്തെ തപാലില് ടീച്ചര്‍ക്ക് കത്തൊന്നൂല്ല്യ. ഉണ്ടെങ്കില്‍ വിളിച്ച് പറയാട്ടോ. ടീച്ചറിത്രദൂരം നടന്ന്വരണോന്നില്ല.
കുറെ നല്ല വാക്കുകള്‍ കേട്ട സംതൃപ്തിയും കത്തില്ലാത്ത സങ്കടവുമായി മാലതിടീച്ചര്‍ പോവുമ്പോള്‍ നാരായണന്‍ പുറത്തേയ്ക്ക് വരും.
' വല്യ സങ്കടാട്ടോ ഈ ടീച്ചറുടെ കാര്യം'
തപാല്‍ ഓഫീസില്‍ നിന്ന് കായല്‍ക്കരയിലെ വീട്ടിലെത്തി ടീച്ചര്‍ അല്പം വിശ്രമിക്കും. പിന്നീട് പൊടിയരിക്കഞ്ഞിയും, ചെറുപയറും ചേര്‍ത്ത് ഉച്ചഭക്ഷണം കഴിക്കും. അത്കഴിഞ്ഞ് പൂമുഖത്തിരുന്ന് അപരാഹ്നവെയില്‍ കായലില്‍ വീഴുന്നത് നോക്കിയിരിയ്ക്കും. വീണ്ടും മകള്‍ ദേവി ഡോക്ടറേറ്റ് ചെയ്ത ടാഗോറിന്റെ സാഹിത്യസൃഷ്ടികള്‍ വായിക്കും. ദേവിയുടെ കവിതകളൊഴുകിയ കായല്‍ക്കരയിലെ വീടിന്നിത്രയോ ശൂന്യം. മനസ്സിലെ സങ്കടം പുറത്തേയ്‌ക്കൊരു മഴപോലെ ഒഴുകാതിരിക്കാന്‍ ടീച്ചര്‍ ആവതും പരിശ്രമിക്കും.
സായാഹ്നത്തിന്‍ സ്വാന്തനമെന്നപോല്‍ കായലിനരികിലെ ആല്‍മരം തണലാവുമ്പോള്‍ ടീച്ചര്‍ പാല്‍പ്പൊടി കാപ്പിയുണ്ടാക്കി കുടിക്കും. കാലും മുഖവും കഴുകി കായല്‍ക്കരയിലെ വീടുപൂട്ടി ദേവസ്വം മഠത്തിലേയ്ക്ക് നടക്കും. അവിടെ നാമജപമുണ്ടാവും. നാമജപത്തിന്വരുന്നവര്‍ മാലതി ടീച്ചറെപ്പോലെ പലേ സങ്കടങ്ങളുമുള്ളവര്‍. അവരെല്ലാം ചേര്‍ന്ന്ദ ദേവിസ്തുതിയും കൃഷ്ണകീര്‍ത്തനവും സംഗീതാത്മകമായ രീതിയില്‍ ചൊല്ലും. ദീപാരാധനയും പ്രസാദവിതരണവും കഴിഞ്ഞ് ടീച്ചര്‍ കായല്‍ക്കരയിലെ വീട്ടില്‍ മടങ്ങിയെത്തും.
പൂമുഖത്തെ ഓട്ടുമണിയുടെ ശബ്ദവും, കായല്‍ക്കരയിലെ വൃക്ഷശിഖരങ്ങളില്‍ കൂടുകൂട്ടിയ കിളികളുടെ ശബ്ദവുംകേട്ട്ടീച്ചര്‍ സന്ധ്യാവന്ദനം ചെയ്യും. അതോടെ ടീച്ചറുടെ ഒരുദിവസത്തെ പ്രധാനജോലികളൊക്കെ കഴിഞ്ഞിരിക്കും. പിറ്റേന്ന് സുമിത്ര പൂമുഖത്തെ ഓട്ടുമണിയടിക്കുന്നത്വരെയും കായല്‍ക്കരയിലെ തണുപ്പും കാറ്റും മാത്രമേമാലതി ടീച്ചര്‍ക്ക് കൂട്ടിനായുണ്ടാവൂ.
കായല്‍ക്കരയിലെ വീട്ടില്‍ ടീച്ചറുടെ നിഷ്ഠകള്‍ പതിവുപോലെ തുടരും. പ്രഭാതജോലികള്‍ കഴിഞ്ഞ് കായല്‍ക്കരയിലെ വീടു പൂട്ടി അന്നും ആല്‍മരവും കടന്ന്,ക്ഷേത്രത്തില്‍ തൊഴുത്` തപാല്‍ ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍ മുന്നില്‍ പോസ്റ്റ്മാന്‍ നാരായണനെത്തി.
മാലതി ടീച്ചര്‍ക്കൊരു കത്തുണ്ട്.
ടീച്ചറുടെ മുഖത്ത് പ്രകാശം നിറയുന്നതിന് മുന്‍പേ നാരായണന്‍ പറഞ്ഞു.
പെന്‍ഷന്‍ പേപ്പറാണ് ടീച്ചര്‍.
മാലതി ടീച്ചര്‍ പതിയെ ചിരിച്ചു
അതില്‍ സന്തോഷമോ ദു:ഖമോ നാരായണന്‍ കണ്ടില്ല. ടീച്ചര്‍ തിരിയെ നടക്കാന്‍ തുടങ്ങുമ്പോള്‍ പോസ്റ്റുമാന്‍ നാരായണന്‍ ചോദിച്ചു.
മാലതി ടീച്ചര്‍ക്ക് എവിടെയായിരുന്നു ജോലി?
യൂണിവേഴ്‌സിറ്റിയിലായിരുന്നു നാരായണാ ...
ഒന്നു ചോദിയ്ക്കട്ടെ ടീച്ചര്‍.........
പറഞ്ഞോളൂ...
എനിയ്ക്ക് പെണ്‍കുട്ടികള്‍ നാലാണ്...
നന്നായി, ഒരാളില്ലാത്തപ്പോ മറ്റൊരാളടുത്തുണ്ടാവും, എന്നെപ്പോലെയാവില്ല.
കുട്ടികള്‍ പഠിക്കാന്‍ വളരെ മോശം. പറഞ്ഞുകൊടുക്കാന്‍വീട്ടിലാളില്ല. ഭാര്യയ്ക്ക് അത്ര വിദ്യാഭ്യാസവുമില്ല.
മൂത്തവള്‍ ഈ വര്‍ഷം പത്താം ക്ലാസിലേയ്ക്ക് കടക്കും, രണ്ടാമത്തെ കുട്ടി അഞ്ചിലും, താഴെയുള്ളവര്‍ ഇരട്ടക്കുട്ടികള്‍.
മൂത്തകുട്ടിയ്ക്കും രണ്ടാമത്തെ കുട്ടിയ്ക്കുംടീച്ചര്‍ എന്തെങ്കിലും പറഞ്ഞു കൊടുക്കാനാവുമോ, ഒഴിവുള്ളപ്പോള്‍ മതിയാവും...
ടീച്ചര്‍ നാരായണനെ മിഴിയുയര്‍ത്തി നോക്കി.
ദയയൊഴുകും കണ്ണുകള്‍ ടീച്ചര്‍ക്കുണ്ടെന്ന് നാരായണന് തോന്നി
പിന്നീട് മൃദുവായ ശബ്ദത്തില്‍ ടീച്ചര്‍ പറഞ്ഞു.
കുട്ടികള്‍ വീട്ടില്‍ വന്നോളാന്‍ പറയൂ, അറിവു പകരുന്നത് നല്ല കാര്യമല്ലേ..
നാരായണന്റെ സന്തോഷം ഹൃദയത്തില്‍ നിറഞ്ഞ് കവിഞ്ഞ് മുഖത്തേയ്‌ക്കൊഴുകി... ടീച്ചര്‍ഒരിക്കലും സമ്മതിക്കില്ല എന്നായിരുന്നു അത്രയുംനാള്‍ നാരായണന്‍ വിശ്വസിച്ചിരുന്നത്.
മാലതി ടീച്ചര്‍ക്ക് പെന്‍ഷനായപ്പോള്‍ ലക്ഷ്മിക്ക് മൂന്ന് വയസ്സായിരുന്നു. ടീച്ചര്‍ ലക്ഷ്മിയുടെ സ്വകാര്യലോകത്തായിരുന്നതിനാല്‍ ഒരുട്യൂഷന്‍സെന്റര്‍ പണിതുയര്‍ത്തുന്ന കാര്യമൊന്നും ടീച്ചര്‍ അക്കാലത്ത് ആലോചിച്ചതേയില്ല.
ഇപ്പോഴിതാ ലക്ഷ്മിമോള്‍ യാത്ര പോയിരിക്കുന്നു. കായല്‍ക്കരയിലെ വീട്ടില്‍നിന്നും ഇത്ര ദൂരേയ്‌ക്കൊരു യാത്ര ഉണ്ടാവുമെന്ന്ടീച്ചര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നുമില്ല. പവിഴമല്ലികള്‍ പൂത്തുലഞ്ഞ്‌ന നില്‍ക്കുന്ന കായല്‍ക്കരയിലെ വീട്ടില്‍വീട്ടില്‍ നാരായണന്റെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കാന്‍ ടീച്ചര്‍ തീരുമാനിച്ചു.
കായല്‍ക്കരയിലെ വീട്ടില്‍ ജീവചലനങ്ങളുമായാണ് പോസ്റ്റ്മാന്‍ നാരായണന്റെ കുട്ടികളെത്തിയത്.
മാലതിടീച്ചര്‍ പോസ്റ്റ്മാന്‍ നാരായണന്റെ കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കുന്നതറിഞ്ഞ് അടുത്തും, കുറച്ചകലെയുമുള്ള കുട്ടികള്‍ ടീച്ചറെ തേടി കായല്‍ക്കരയിലെ വീട്ടിലെത്തി.
കുട്ടികളെയെല്ലാം ടീച്ചര്‍ സ്‌നേഹിച്ചു. ട്യൂഷന്‍ കഴിയുമ്പോള്‍ ടീച്ചര്‍ കുട്ടികള്‍ക്ക് റവലഡുവും, പൊടിയരിപ്പായസവും ഉണ്ടാക്കി കൊടുത്തു.
കായല്‍ക്കരയിലെ വീട്ടിനുള്ളിലും പവിഴമല്ലിപ്പൂമരച്ചോട്ടിലും കുട്ടികള്‍ ഓടിക്കളിക്കുന്നത് കായല്‍ക്കരയിലെവീടിന്റെ പൂമുഖത്തിരുന്ന് സന്തോഷത്തോടെ ടീച്ചര്‍ കണ്ടു.
കായല്‍ക്കരയിലെ വീട്ടിലിപ്പോള്‍ ടീച്ചര്‍ക്ക് തിരക്കാണ്. രാവിലെ കത്തന്വേഷിച്ച് തപാലോഫീസിലേയ്ക്ക് പോകുന്ന ജോലി ടീച്ചര്‍ വേണ്ടെന്ന് വച്ചു, പകരം ടീച്ചറെ തേടി കായല്‍ക്കരയിലെ വീട്ടിലെത്തുന്ന കുട്ടികള്‍ക്കായി ഉപ്പേരിയും, റവലഡുവുമുണ്ടാക്കി ഭരണികളില്‍ നിറച്ചു. പൂമുഖത്തെ ഓട്ടുമണിയുടെ ശബ്ദവും കേട്ട് കായല്‍ക്കരയിലെ ശൂന്യത നോക്കിയിരിക്കാന്‍ ടീച്ചര്‍ക്ക് സമയമില്ലാതെയായി.
അംഗോര്‍വതിലെ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങും വിഷ്ണുക്ഷേത്രത്തെപ്പറ്റിയും, ചരിത്രത്തിനിതളുകളിലുറങ്ങും ഇന്‍കാ എംപയറിനെയും, ഹില്‍ ഓഫ് താരയെയും മനസ്സില്‍ കണ്ട് ദേവിയെഴുതി സൂക്ഷിച്ച അറിവുകള്‍ ടീച്ചര്‍ കുട്ടികളെ പറഞ്ഞു കേള്‍പ്പിച്ചു. ഭാരതസ്വാതന്ത്ര്യത്തിനായി പോരാടിയ ധീരന്മാരുടെ കഥകള്‍, മഹാന്മാരുടെ ജീവസംഹിതകള്‍ ഇവയൊക്കെ ടീച്ചര്‍ കുട്ടികളുടെ മനസ്സിലേറ്റി.
മദ്ധ്യാഹ്നവെയില്‍ കായലിനരികില്‍ ആല്‍മരം ചുറ്റിയോടുമ്പോള്‍ ടീച്ചര്‍ ദേവിയുടെ പുസ്തകഷെല്‍ഫിനരികിലേയ്ക്ക് നടക്കും
ദേവിയുടെ ചില്ലലമാരയില്‍ ഗുരുശികാറിലെ ബ്രഹ്മവിഷ്ണുശിവന്മാരുടെ ശിശുരൂപത്തിലുള്ള ചിത്രവും , വേളാങ്കണ്ണി കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ക്കിടയില്‍ നിന്ന് ലഭിച്ച മദര്‍മേരിയുടെ ചെറിയ ലോക്കറ്റും, ഗംഗയുടെ ഉത്ഭവസ്ഥാനത്ത് നിന്നും ദേവി ഓര്‍മ്മയ്ക്കായി എടുത്ത് കൊണ്ട് വന്ന ഭംഗിയുള്ള ഒരു കല്ലും, കാശി വിശ്വനാഥന്റെ ശിരസ്സില്‍ വച്ച് പൂജാരി കൊടുത്ത രുദ്രാക്ഷവുമുണ്ടായിരുന്നു.
ദേവി യാത്രയായതിന് ന്മുന്‍പെഴുതിയ നോട്ട്ബുക്കിലൂടെ ടീച്ചര്‍ മെല്ലെ മിഴിയോടിക്കും.
15/12/2010
127 Hours .......ഈ സിനിമ ഞാന്‍ കാണേണ്ടതാണ്
ആരന്‍ റാല്‍സ്റ്റനെപോലെ ഞാനും ഉയര്‍ത്തെഴുനേല്‍ക്കും
ഭയലേശമന്യേ..
അന്ന് ഞാനും പാടിയെന്നിരിക്കും
'If I rise' .....
ടീച്ചറുടെ കണ്ണുകളില്‍ മഴക്കാലമേഘങ്ങളൊന്നൊഴിയാതെ പെയ്‌തൊഴിയും. പൂമുഖത്തെ ഊഞ്ഞാല്‍ക്കട്ടിലിലിരുന്ന് കായല്‍ക്കരയ്ക്കപ്പുറം കാണും ആകാശത്തിനരികിലെ മേഘങ്ങള്‍ ഒളിപ്പിക്കും മഴതുള്ളികളുടെയുത്ഭവം മിഴികളിലെന്ന് ടീച്ചര്‍ അറിയും.
വൈകുന്നേരം കായല്‍ക്കരയിലെ വീട്ടില്‍ കുട്ടികളെത്തിയപ്പോഴാണ് മാലതി ടീച്ചര്‍ മിഴി തുറന്നത്. പതിവുപോലെ പഠനം കഴിഞ്ഞപ്പോള്‍ ടീച്ചര്‍ കുട്ടികള്‍ക്ക് കായുപ്പേരിയും, റവലഡുവുംന ല്‍കി. പിന്നീട് ടീച്ചര്‍ ഉള്‍മുറിയിലേക്ക് പോയി. തിരികെ വന്ന ടീച്ചറുടെ കൈയില്‍ മഹാഗണിയില്‍ കടഞ്ഞ ചട്ടക്കൂടിനുള്ളിലെ ഒരു ഗ്രൂപ്പ്‌ഫോട്ടോ ഉണ്ടായിരുന്നു. കായല്‍ക്കരയിലെ വീടിന്റെ മനോഹരമായ പശ്ചാത്തലത്തിലുള്ള രുഫോട്ടോ.
ആഫോട്ടോ ചുവരിലുറപ്പിക്കുമ്പോള്‍ കുട്ടികള്‍ ചോദിച്ചു.
ഇതാണോ ടീച്ചര്‍ ലക്ഷ്മിമോള്‍.
അതേ കുട്ടികളേ ഇത് ലക്ഷ്മി മോള്‍, അടുത്തിരിക്കുന്നത് എന്റെ മകള്‍ ദേവി, അതിനരികില്‍ ലക്ഷ്മിമോളുടെ അച്ഛന്‍ഹരി. അവരെല്ലാം യാത്ര പോയിരിക്കുന്നു..
എവിടേയ്ക്കാ ടീച്ചര്‍ അവര്‍ പോയിരിക്കുന്നത്?
ദൂരേയ്ക്ക്.... വളരെ ദൂരേയ്ക്ക്.......
മൃദുവായ ശബ്ദത്തില്‍ ടീച്ചര്‍ പറഞ്ഞു കൊണ്ടിരുന്നു.
ചിലര് നേരത്തെ പോകും, ചിലര്‍ ഇടയ്ക്ക് വച്ച്, ചിലര്‍ക്ക് വളരെ വൈകിയേ പോകാനാവൂ.
അവരൊക്കെയിനി എന്നാ വരുക ടീച്ചര്‍?
തിരിയെ വരാനാവാത്തൊരു ദിക്കിലേയ്ക്കാ കുട്ടികളെ അവര്‍ പോയത്.
ആദിക്കിലേയ്ക്ക് പോയാല്‍ ആര്‍ക്കും തിരികെ വരാനാവില്ല.
ആല്‍മരംചുറ്റി, ഭൂമിയുടെ ജപമുത്തുകളിലൊഴുകി, ലോകാലോകപര്‍വതം കടന്ന് ദൂരെദൂരേയ്‌ക്കൊരു മഹായാത്ര.....
തിരികെ വരാനാവാത്ത യാത്ര......
ടീച്ചര്‍ പറഞ്ഞൊതൊന്നും കുട്ടികള്‍ക്ക് മനസ്സിലായില്ല.
ടീച്ചര്‍ക്ക് സങ്കടായെന്ന് കുട്ടികള്‍ക്ക് മനസ്സിലായി.
അവര്‍ ടീച്ചറെ കെട്ടിപ്പിടിച്ചു,
ദൂരേയ്ക്ക്,ദൂരേയ്ക്ക് തിരിയെ വരാനാവാത്ത ലോകത്തേയ്ക്ക് യാത്ര പോയ ലക്ഷ്മി മോളെ ടീച്ചര്‍ ആ കുട്ടികളില്‍ ല്‍ കണ്ടു.
ആല്‍മരച്ചുവടും കടന്ന് ഭൂമിയുടെ ജപമാലയില്‍ മുത്തുകള്‍ നിറയുന്നത് കായല്‍ക്കരയിലെ വീട്ടിലിരുന്ന് ടീച്ചര്‍ കണ്ടു.
കായല്‍ക്കരയിലെ വീട്ടിലും, പവിഴമല്ലിപ്പൂമരച്ചോട്ടിലും മാലതി ടീച്ചര്‍ പിന്നീടൊരിക്കലും തനിച്ചായിരുന്നില്ല. ഭൂമിയുടെ ജപമാലയിലെ മുത്തുകള്‍ പോലെ കുട്ടികള്‍ കായല്‍ക്കരയിലെ വീട്ടില്‍ മാലതിടീച്ചര്‍ക്ക് ചുറ്റും ഒഴുകി..