തെക്കേതില്‍ പ്ലാവുള്ള കണ്ടിയില്‍ സുമേഷിന്റെ തൊടിയിലേക്കുള്ള കുത്തുകല്ലുകള്‍ കയറി വീട്ടുമുറ്റത്തേക്ക് നടന്നടുക്കുമ്പോള്‍ തന്നെ മനസില്‍ പതിവില്ലാത്തവിധം ഒരു അപരിചിതത്വം കല്ലുകടിപോലെ കടന്നുകൂടി. സുമേഷിന്റെ മുറ്റത്തുചെന്നു കയറിയപാടെ കണ്ണില്‍ പെട്ടതോ ഒരുജാതി മെനകെട്ട കാഴ്ചയും. മുറ്റത്തിനരികിലുള്ള പുളിയന്‍മാവില്‍ നിന്നു തൊഴുത്തിന്റെ ഉത്തരത്തിലേക്കു വലിച്ചുകെട്ടിയിരിക്കുന്ന അയയില്‍ തോരണം കെട്ടിയപോലെ നിരനിരയായി തൂക്കിയിരിക്കുന്നു മഞ്ഞ നിറത്തിലുള്ള ലങ്കോട്ടികള്‍. ഇടയ്ക്കിടെ വീശുന്ന ചെറിയകാറ്റില്‍ ചരടുകെട്ടിയ പട്ടങ്ങള്‍പോലെ മുകളിലേക്കായുന്ന ലങ്കോട്ടികള്‍ കാറ്റിന്റെ ഊക്കു കുറയുമ്പോള്‍ അയയില്‍ കെട്ടി കുടുക്കിയ വാലില്‍ ഞാന്നുകൊണ്ട് വിക്രമാദിത്യന്‍ കഥകളിലെ വേതാളത്തെപ്പോലെ തല കീഴ്‌പ്പോട്ടായി തൂങ്ങികിടന്നു. ഇനിപ്പോ പഹയന്‍ ഈ വയസുകാലത്ത് കളരി പഠിക്കാന്‍ പോകാന്‍ തുടങ്ങിയോ ? എയ്, ജന്മനാ ഒരു മടിയനായ അവന്‍ ഈ പ്രായത്തില്‍ കളരി പഠിക്കാന്‍ പോവാന്‍ തരമില്ല. ഇനി ഒരു പക്ഷെ അവന്റെ വല്ല കിഴവന്‍ ബന്ധുവും കുറച്ചു കാലത്തേക്ക് വിരുന്നുകൂടാന്‍ വന്നതായിരിക്കും.
കുറച്ചധികം കാലമായി ഞാന്‍ ആ പരിസരത്തൊക്കെ പോയിട്ട്. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അവന്റെ വീട്ടില്‍ ചെല്ലാതെ തിരിച്ചു പോന്നതില്‍ അവന്‍ വല്ലാതെ പരിഭവിച്ചിരുന്നു. സുമേഷിന്റെ വീടും പരിസരവുമൊക്കെ നോക്കി വെറുതെ കുറച്ചുനേരം നിന്നു. വീടിനു പുറത്താരെയും കണ്ടില്ല. മുന്‍വാതില്‍ തുറന്നു കിടപ്പുണ്ട് അപ്പോള്‍ വീടിനകത്ത് ആളുണ്ടെന്നു സാരം.
തൊഴുത്തിന്നരികിലുള്ള ഞാലിപൂവന്‍ വാഴത്തുറുവിന്റെ ചോട്ടില്‍ ചിക്കി ചെകഞ്ഞുകൊണ്ടിരുന്ന കോഴികളുടെ ഇടയില്‍നിന്നും അറക്കവാളിന്റെ പല്ലുപോലുള്ള ചുവന്ന പൂവൊരെണ്ണം നെറുകയില്‍ചൂടിയ കരുത്തനൊരുവന്‍, അപരിചിതര്‍ ആരോ മുറ്റത്ത് എത്തിയതിനറെ പദചലനം കേട്ടപ്പോള്‍ വെട്ടിത്തിളങ്ങുന്ന കറുപ്പും ചുവപ്പും വെള്ളയും വര്‍ണ്ണങ്ങള്‍ ഇടകലര്‍ന്ന അവന്റെ സുന്ദരമായ പിടലി ചെരിച്ചു നോക്കി. പിന്നെ തന്റെ പ്രേയസികളായ പിടകള്‍ക്കും കൂട്ടര്‍ക്കും അപായ സൂചന നല്‍കിക്കൊണ്ട് ഉച്ചത്തില്‍ കൊക്കി ശബ്ദമുണ്ടാക്കി. പിടകളും കൂട്ടരും അങ്കലാപ്പോടെ അവരുടെ പിടലികള്‍ ഒരേ താളത്തില്‍ ചരിച്ചെന്നെ നോക്കി. കോഴികളുടെ ഭയപ്പാട് മാനിക്കാതെ നടന്നടുത്തപ്പോള്‍ ഭയത്തിന്റെ താളത്തില്‍ കൊക്കി ഉച്ചത്തില്‍ ബഹളം വച്ചുകൊണ്ടവര്‍ കയ്യാല കേറി ഓടിപ്പോയി.
കോഴികളുടെ കൊക്കലും ഒച്ചപ്പാടും കേട്ടപ്പോള്‍ മുറ്റത്തേക്കോടി വന്ന സുമേഷിന്റെ ഭാര്യ സുമ എന്നെക്കണ്ടപ്പോള്‍ കയ്യിലിരുന്ന വിറകുകൊള്ളി നൈറ്റിയുടെ മറവില്‍ ഒളിപ്പിച്ചു പിടിച്ചുകൊണ്ടു പറഞ്ഞു .
'അല്ല ആരിതു ജോഷിയേട്ടനോ, ങ്ങളായിരുന്നോ ? അതേ.. ഞാന്‍ വിചാരിച്ചു വല്ല കീരീയൊ ചേരയോ ആയിരിക്കൂന്ന്. മുട്ടയിടുന്ന ഒരു പെടച്ചീനെ മിനിയാന്നു പകല്‍ കീരി പിടിച്ചോണ്ട് പൊയീന്നു. മുന്‍പൊക്കെ രാത്രീ മാത്രമായിനു ഇമ്മാതിരി എടങ്ങേര്‍. ഇതിപ്പോ പട്ടാപ്പകലും വല്ലാത്ത ചൊറകളാണ് , ഇങ്ങനെച്ചാല്‍ എന്താപ്പ ചെയ്ക '
'അയ്യോ... ജോഷിയേട്ടാ.. ങ്ങളെപ്പളാ വന്നത്. കേറി കുത്തിരിക്കിന്‍'. ആതിഥ്യ മര്യാദ കാണിക്കാന്‍ വിട്ടുപോയതിലുള്ള ആകുലത മറച്ചുവയ്ക്കാതെ സുമ എന്നെ വീടിനുള്ളിലേക്ക് ക്ഷണിച്ചു
'സുമേ ഇവിടെ നിങ്ങളുടെ കൂടെ പ്രായമുള്ളവര്‍ ആരാണ് താമസിക്കുന്നത് ?' മനസില്‍ അപ്പോഴും പട്ടംപോലെ ഉയര്‍ന്നു വന്ന ലങ്കോട്ടിയെ കുറിച്ചുള്ള ആകാംഷകൊണ്ടു ഞാന്‍ ചോദിച്ചു.
' ഈടിപ്പോ വേറെയാരാ ? ഞാനും സുമേഷേട്ടനും കുട്ട്യോളും. വേറെയാരുമില്ല. അതെന്തേ ഏട്ടാ ഇപ്പ അങ്ങിനെ ചോദിക്കാന്‍ ?'
' അല്ല.. ഒന്നൂല്ല. മുറ്റത്ത് അയമ്മേല്‍ ലങ്കോട്ടി കണ്ടോണ്ടു ചോദിച്ചതാ '
'ഓ അതാണോ സംഗതി'. സുമ ഒന്നു നെടുവീര്‍പ്പിട്ടു എന്നിട്ടു പറഞ്ഞു. ' ന്റെ ജോഷിയേട്ട ഒന്നും പറയണ്ട. സുമേഷേട്ടന് ഈയിടെയായി തലയ്ക്ക് പിരാന്താണ്. മൂപ്പരിപ്പോള്‍ ഇതും ചുറ്റികെട്ടിയാണ് നടപ്പ്. പണ്ടൊക്കെ മ്മടെ ആളോള് ഇതൊക്കെ തന്നെയാണ് ചുറ്റിയതു പോലും. ഇതാകുമ്പോള്‍ നല്ല വായൂസഞ്ചാരം ഉണ്ടാകും പോലും. നന്നായി ഓക്‌സിജനു അകത്തേക്ക് കിട്ടൂം ചെയ്യും. അതോണ്ട് സൂക്കേടുകളൊന്നും ഇണ്ടാവില്ലാന്നു ഒരു മന്ത്രി ഫേസ് ബൂക്കീല്‍ പറേണതും കേട്ടു. എന്തായാലും അതീപ്പിന്നെ സുമേഷേട്ടന്‍ ഇങ്ങിനെയാണ്. പക്ഷെ മന്ത്രിമാരുടെയും എമ്മെല്ലേമാരുടെയും സൂക്കേടിനൊന്നും ഒരു കുറവുമില്ലന്നാണ് ടി. വിയില്‍ എപ്പോഴും പറയുന്നത്. ഈടിപ്പോ സുമേഷേട്ടന്‍ മാത്രമല്ല ഈ കരേല് എല്ലാരും ഇങ്ങനാന്നു പോലും. ആരും ജെട്ടിയോന്നും വാങ്ങാറില്ലത്രെ!. അതോണ്ട് ചില ജെട്ടികമ്പനിയൊക്കെ പൂട്ടിപ്പോയന്നു സുമേഷേട്ടന്‍ പറേണതു കേട്ടു. മൂപ്പരിവിടെ മക്കളെക്കൊണ്ടൊന്നും ജെട്ടിവാങ്ങാന്‍ സമ്മതിക്കില്ല. ഞാന്‍ വാങ്ങി സുമേഷേട്ടന്‍ കാണാതെ ഒളിപ്പിച്ചു വയ്ക്കും. കണ്ടാല്‍ മൂപ്പര്‍ വെറുക്കനെ തൊള്ളയിടും.'
സുമേഷ് പുറത്തു പോയിരിക്കുകയാണ്. സുമ അവനെ ഫോണില്‍ വിളിച്ച് ഞാന്‍ വന്ന കാര്യം പറഞ്ഞപ്പോള്‍ ഉടനെ വരുമെന്നു പറഞ്ഞു. ഞാന്‍ വീടിന്റെ പുറത്തിറങ്ങി. തൊട്ടടുത്തുള്ളത് ആയിശുമ്മാന്റെ വീടാണ്. വേലിക്കരികില്‍ നിന്നുകൊണ്ടു ആയിശുമ്മ പുല്ലരിയുന്നുണ്ട്. ഞാന്‍ അവിടേക്ക് നടന്നു ചെന്നു. എന്നെ കണ്ട ആയിശുമ്മ തലയുയര്‍ത്തി നോക്കി.
'അല്ല കുഞ്ഞുംമോനേ ജ്ജ് എപ്പ വന്നീന് ? സുഖാണോ അനക്ക് ? സായ്‌വിന്റെ നാട്ടിലൊക്കെ പോയിറ്റും അനക്കെന്തേ തടി ബെക്കാത്തത് ? അമ്മച്ചിക്കൊക്കെ സുഖാണോ ? തോനെ നാളായി ഓളുടെ ഒരു വിളി വന്നിട്ട്....... ' ഒറ്റശ്വാസത്തില്‍ ആയിശുമ്മ വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി. വര്‍ത്താനം പറയുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ആയിശുമ്മ തലവെട്ടിച്ചു സുമേഷിന്റെ വീട്ടിലേക്ക് നോക്കുന്നുമുണ്ട്
'എന്താണുമ്മ നിങ്ങള്‍ ആരെയാണീ നോക്കണത്' ?'
'അല്ല ആ പിരാന്തന്‍ വരുന്നുണ്ടോന്നു നോക്കിയതാ'
'ആര് സുമേഷാണോ ?'
'അതന്നെ, അല്ലാ പിന്നെ വേറെ ആരിക്കാ ഈടിപ്പം പിരാന്ത് ? ഓന്റെ തലയ്ക്കു നല്ല മുയുത്ത ഓളമാണ്.'
'എന്താണുമ്മ, നിങ്ങളെന്താണീ പറയുന്നത് സുമേഷിന് തലയ്ക്ക് വെളിവില്ലന്നാണോ പറഞ്ഞു വരുന്നത് ?'
' അതെന്ന്. ന്റെ കുഞ്ഞുംമോനെ, അപ്പ ഓന്റെ ഓളൊന്നും അന്നോട് പറഞ്ഞില്ല? ഓളൊരു പാവാണ്. ഈ പഠിപ്പോള്ള കൂട്ടര്‍ക്കു വരുന്ന ഒരു മാതിരി സൂക്കേടുണ്ടല്ലോ അതാണ് ഓനിപ്പോ. വേട്ടാവളിയന്റെ കൂട്ടത്തില്‍ ചേര്‍ന്നമാതിരി പെട്ടന്നൊരീസം തലേടെ വെളിവു പോണ സൂക്കേട് , അതന്നെ ഓനും'
' ഓനിപ്പം പറയാണ് ഞമ്മള്‍ കുട്ടിയോളേം കൂട്ടി പാക്കിസ്ഥാനീക്കു മണ്ടണന്ന്. ഏറെ ബൈയിക്കാതെ പോണംപോലും. അയിനു ഗവര്‍മെണ്ട് ഓര്‍ഡര്‍ എറക്കീന്. അതോണ്ട് ന്റെ തൊടീം പോരേം ഓന് തീരുകൊടുക്കാന്‍ പറഞ്ഞു മൂന്നാമനെ രണ്ടുവട്ടം വിട്ടീനു. ഇപ്പാച്ചാല്‍ നാട്ടീനടപ്പുള്ള കായ് കിട്ടൂന്ന്, അല്ലാച്ചാല്‍ ഓരുടെ കൂട്ടക്കാരു ബന്നു മ്മടെ പൊരയിടം കയ്യേറുന്ന്. അപ്പോ കായ് ഒന്നും കിട്ടില്ലാന്നും. ' തെളച്ച എണ്ണമ്മേല് തൂമ്പിച്ചു മോറിനു തേവും. കീഞ്ഞാളി നായിന്റെ മോനെ ന്റെ കുടീന്നു' പറഞ്ഞു ഞമ്മള്‍ ഓനെ മണ്ടിപായിച്ചു പൊരെന്ന്. ന്റെ കുഞ്ഞുംമോനേ യീ പറഞ്ഞാളീ ഓനെന്തു ഒലക്കമ്മെലെ ബര്‍ത്താനാ യീ പറേണ്. അന്റെ ബല്യ ചങ്ങാതിയല്ലേ ഓന്‍. ഓനിപ്പം ഈ കരേമ്മേല്‍ എന്തൊക്കെയാണ് കാട്ടീ കൂട്ടണേന്നു അറിയോ കുഞ്ഞുംമോനെ അനക്ക് ?'....
ആയിശുമ്മ ബാക്കി പറയാന്‍ തുടങ്ങുംബോഴേക്കും സുമേഷിന്റെ മുറ്റത്ത് പട പട പടഹ ധ്വനിയുമായി ഒരു ബുള്ളറ്റ് വന്നുനില്‍ക്കുന്ന ശബ്ദംകേട്ടു. അതു സുമേഷായിരുന്നു. ഞാന്‍ സുമേഷിന്റെ അടുക്കലേക്ക് ചിരിച്ചുകൊണ്ടു നടന്നുചെന്നു. സുമേഷ് ചെറുതായി ഒന്നു ചിരിച്ചുവെങ്കിലും മുഖത്ത് വല്ലാത്ത ഗൌരവം മുറ്റിനില്‍പ്പുണ്ട്. വാ കേറിവാ എന്നു പറഞ്ഞു അവന്‍ അകത്തേക്ക് നടന്നു.
സുമേഷ് വല്ലാതെ മാറിയെന്നു എനിക്കും തോന്നി. എപ്പോഴും ചിരിയുണ്ടാകാറുള്ള അവന്റെ മുഖത്തിപ്പോള്‍ വല്ലാത്ത ഗൌരവം നിറഞ്ഞുനില്‍ക്കുന്നു. നെറ്റിയില്‍ ഇമ്മിണി വലിപ്പമുള്ള ഒരു കുറി കുറുകെയായി വരച്ചിട്ടുണ്ട്. ഏതു പാതിരാവിലും എവിടേയും ഒറ്റയ്ക്കു പോകാന്‍ ധൈര്യമുണ്ടായിരുന്ന അവന്റെ കയ്യിലും കഴുത്തിലുമെല്ലാം ഇപ്പോള്‍ അനേകം ജീവന്‍ രക്ഷാ തകിടുകളും ആയുസ് നിലനിര്‍ത്താനായി മന്ത്രിച്ചുകെട്ടിയ ചരടുകളും. സുമ ചായയും ചൂടുള്ള എലാഞ്ചിയും കൊണ്ടുവന്നു. ചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു
' സുമേഷേ നീ എന്തിനാട ആയിശുമ്മയോട് അങ്ങിനെയൊക്കെ പറഞ്ഞത്. അവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നു പറഞ്ഞു പേടിപ്പിച്ചത് ?'
'അയിനു ഞാനവരെ പേടിപ്പിച്ചതൊന്നുമല്ല. അയല്‍വാസിയല്ലേ ഓരിക്കൊരു ഉപകാരം ആയിക്കോട്ടെന്നു വിചാരിച്ചാണ് നാട്ടുനടപ്പനുസരിച്ചുള്ള വിലകൊടുക്കാമെന്നു പറഞ്ഞത്. അല്ലെങ്കില്‍ എല്ലാം ഇട്ടെറിഞ്ഞു പോകുമ്പോള്‍ എന്തെങ്കിലും കിട്ടുമോ ? നിനക്കറിയാമല്ലോ ആയിശുമ്മാന്റെ വാപ്പ 'സിന്ധിമാപ്പിളയുടെ' കാര്യം. അതിനൊക്കെ ഗവര്‍മെണ്ട് രേഖകളുമുണ്ട്. അതോണ്ട് ഓരിവിടുത്തെ പൌരനാന്നു പറയാന്‍ ഒരു ജില്ലാ കോര്‍ട്ടു വക്കീലും ധൈര്യപ്പെടില്ല.'
ആയിശുമ്മയുടെ ഉപ്പ സിന്ധിമാപ്പിള പണ്ടു കറാച്ചിയില്‍ കച്ചോടക്കാരനായിരുന്നു. മൂപ്പര്‍ക്കവിടെ സിന്ധിക്കാരിയായ ഒരു ബീടരും ഉണ്ടായിരുന്നു അതോണ്ടാണ് മൂപ്പരെ എല്ലാരും സിന്ധിമാപ്പിള എന്നു വിളിച്ചിരുന്നത്. മൂപ്പരുടെ ശരിക്കുള്ള പേരെന്താണെന്ന് നാട്ടുകാര്‍ക്കാര്‍ക്കും വല്യ നിശ്ചയം പോര. 'സിന്ധിമാപ്പിളയുടെ പൊര' എന്നാണ് അവരുടെ തറവാട്ടു വീടിനെ ഇപ്പോഴും നാട്ടുകാര്‍ വിളിക്കുന്നത്.
ഇന്‍ഡ്യാ പാക്ക് വിഭജനം നടന്നിട്ടും മൂപ്പര്‍ രണ്ടിടത്തുമായി കഴിഞ്ഞു കൂടി. ലാഭകരമായ കച്ചവടവും സിന്ധിക്കാരിയായ ഭാര്യയും അതിലുള്ള മക്കളും കറാച്ചിയില്‍. മറ്റൊരു ഭാര്യയും മക്കളും പുരയിടവും കേരളത്തില്‍. ധനാഢ്യനായ സിന്ധിമാപ്പിള കറാച്ചിയില്‍ നിന്നും സ്വന്തം ലോഞ്ചില്‍ കയറി ഗുജറാത്തിലെ കച്ചില്‍ വരും. അവിടുന്നു പിന്നെ കരവഴി സഞ്ചരിച്ചു നാട്ടില്‍ വരും. ഒരിക്കല്‍ ഒരു വരവില്‍ വിരോധക്കാര്‍ ആരോ പോലീസില്‍ ഒറ്റുകൊടുത്തു. പോലീസുകാര്‍ വീട് പരിശോധിച്ചപ്പോള്‍ പാക്കിസ്താന്‍ പാസ്‌പോര്‍ട് കണ്ടെത്തി അതോടെ പോലീസ് കേസും ജയിലും പിന്നെ നാടുകടത്തലും ഒക്കെയായി. പിന്നെ കുറച്ചു കാലത്തേക്ക് മൂപ്പര്‍ നാട്ടില്‍ വന്നില്ല പക്ഷെ എല്ലാം ഒന്നടങ്ങിയപ്പോള്‍ പിന്നെയും പലപ്പോഴും ഒളിച്ചും പാത്തും വരികയും പോലീസുകാര്‍ക്ക് കൈമടക്കു കൊടുത്ത് കുഴപ്പമില്ലാതെ മടങ്ങുകയും ചെയ്തുവന്നു.
അങ്ങിനെയിരിക്കെ കറാച്ചിയിലെ കച്ചവടവും സ്വത്തുമെല്ലാം മൂപ്പരുടെ സിന്ധിക്കാരി ബീടരും മക്കളും കൂട്ടി സ്വന്തമാക്കിയശേഷം മദ്രാസിയായ സിന്ധിമാപ്പിളയെ വീടിനു പുറത്താക്കി. ഇക്കുറി നിസ്വനായാണ് സിന്ധിമാപ്പിള നാട്ടിലെത്തിയത് കൂട്ടിനായി കുറെ രോഗങ്ങളും കറാച്ചിയില്‍ നിന്നും മാപ്പിളയുടെ കൂടെ ഇങ്ങുപോന്നു. ഒരു രാത്രിയില്‍ പോലീസുകാര്‍ വന്നു സിന്ധിമാപ്പിളയെ പിടിച്ചോണ്ടു പോയി. ഇക്കുറി പോലീസുകാര്‍ക്ക് കൈമടക്കു കൊടുക്കാന്‍ മൂപ്പര്‍ക്കു പാങ്ങുമില്ലായിരുന്നു. മാത്രവുമല്ല അക്കാലത്ത് കേരളത്തില്‍ താമസിക്കുന്ന പാക്ക് പൌരന്മാരെ ചൊല്ലി ഒത്തിരി ഒച്ചപ്പാടുകള്‍ ഉണ്ടായ കാലമായിരുന്നു അതുകൊണ്ടുതന്നെ പരിചയക്കാരായ പോലീസുകാര്‍ക്കൊന്നും മുന്നറിയപ്പ് നല്‍കാനും സഹായിക്കാനുമുള്ള ധൈര്യവും ഇല്ലായിരുന്നു.
പാക്കിസ്ഥാന്‍ ചാരന്‍ പിടിയിലായെന്നു പറഞ്ഞുകൊണ്ട് പത്രങ്ങളിലോക്കെ അന്നു വലിയ വാര്‍ത്തയും വന്നിരുന്നു. സിന്ധിമാപ്പിള പാക്കിസ്ഥാന്‍ ചാരന്‍ ആയിരുന്നുവെന്ന വാര്‍ത്ത അന്നു നാട്ടില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കി. സിന്ധിമാപ്പിളയുടെ വീടിനു നേരെ ചിലര്‍ കല്ലെറിയുകയും പുരയിടത്തില്‍ കയറി ദേഹണണമെല്ലാം വെട്ടി നശിപ്പിക്കുകയും ചെയ്തു. കുറച്ചുകാലം തീഹാര്‍ ജയിലില്‍ കൊണ്ടുപോയിട്ടു. പിന്നെ കുറ്റമൊന്നും തെളിയാതെ വന്നപ്പോള്‍ വാഗാ അതിര്‍ത്തിയില്‍ കൊണ്ടുപോയി പാക്കിസ്ഥാനി റേഞ്ചര്‍മാര്‍ക്ക് കൈമാറി സിന്ധിമാപ്പിളയെ നാടുകടത്തി. പിന്നെ മൂപ്പരുടെ വിവരമൊന്നും വീടുകാര്‍ക്കുപോലും അറിയില്ല ഭയവും അവമതിയും മൂലം അവരാരും അതൊന്നും അറിയാന്‍ ശ്രമിച്ചുമില്ല.
ആയിശുമ്മാന്റെ വിഷയം മാറ്റാനായി ഞാന്‍ സുമേഷിന്റെ ഗള്‍ഫ് വിശേഷം എടുത്തിട്ടു. 'അല്ല സുമേഷെ നീ എന്താ ഗള്‍ഫ് പെട്ടന്നു മതിയാക്കി പോന്നത് ?'
'ന്റെ ചങ്ങാതി അതൊന്നു പറയണ്ട. ആടെയുള്ള തലമുറിയന്‍മാരെക്കൊണ്ട് ഭയങ്കര സൂയിപ്പായിരുന്നു. ഭയങ്കര വെറുപ്പിക്കലും, വെറുക്കനെയുള്ള കച്ചിറകൂടലും ആകപ്പാടെ പണ്ടാരം മടുപ്പായി. മൈരിനു മുടക്കിയ കായ് എങ്ങിനെയെങ്കിലും വസൂലാക്കി തിരിച്ചു പോന്നാല്‍ മതിയെന്നായി '.
'നീ ആരുടെ കാര്യമാണീ പറയുന്നതു അറബികളുടെ കാര്യമാണോ ?'
' എയ് അറബിയൊന്നുമല്ല. അറബിക്ക് തൊഴിലാളികള്‍ എന്നു പറഞ്ഞാല്‍ എല്ലാം അടിമ പണിക്കാര്‍ തന്നെ അതിപ്പോ നായരായലും നസ്രാണിയായാലും മാപ്പിളയായാലും ഒക്കെ ഓരിക്ക് ഒരേ കണക്കാ. സായിപ്പല്ലാത്ത പുറം നാട്ടുകാരെല്ലാം ഓരിക്ക് ഒരേപോലെത്തന്നെ. ഇതിപ്പോ വേറെ വല്ല നാട്ടുകാരാര്‍ന്നേല്‍ സാരമില്ലായിരുന്നു. ഒക്കെ നമ്മടെ മലയാളി കുണ്ടമ്മാര്‍ തന്നെ. എല്ലാം കൂടി ഒരിടത്തല്ലേ തീറ്റയും പൊറുതിയുമായി പണ്ടാറടക്കുന്നത്. ഒക്കെ ഓരുടെ കൂട്ടക്കാര്‍ തന്നെ. നമ്മളെന്തെങ്കിലും പറഞ്ഞാല്‍ ഓരെല്ലാം സെറ്റ് കൂടി നമ്മടെ മെക്കിട്ടുകേറും. യൂസഫലിയെ പറഞ്ഞാലും ദുല്‍ക്കര്‍സല്‍മാനെ വിമര്‍ശിച്ചാലും ഓരുടെ സമുദായത്തെ അവഹേളിക്കുവാന്നു പോലും. എന്താ കഥ! നീ ഒന്നാലോചിച്ചു നോക്കിന്‍. എന്നാലോ നമ്മുടെ കൂട്ടക്കാരെയും, നേതാക്കളെയും ദൈവങ്ങളെയും എന്തും പറയാന്‍ ഓരിക്ക് ഒരു ലൈസെന്‍സും വേണ്ട !.
അപ്പോഴേക്കും പോക്കറ്റിലിരുന്നു സെല്‍ഫോണ്‍ ചിലയ്ക്കാന്‍ തുടങ്ങി. ബി .എസ് .എന്‍ .എല്‍ ഫോണിന്റെ സിഗ്‌നല്‍ ദുര്‍ബലമായതിനാല്‍ ഞാന്‍ കോലായിലേക്കിറങ്ങി ഫോണെടുത്തു. അങ്ങേതലയ്ക്കല്‍ ചങ്ങാതിയായ മെഡിക്കല്‍ കോളേജു പ്രൊഫെസര്‍ ഡോക്ടര്‍ ജേക്കബായിരുന്നു. തലേന്നു രാത്രിയില്‍ എന്റെ കൂടെ മുറിയില്‍ ഡോക്ടറും മറ്റൊരു ചങ്ങാതിയായ ജിക്കുവും ഉണ്ടായിരുന്നു. രാവിലെ തന്നെ അവര്‍ തിരിച്ചു പോയിരുന്നു. യാത്രാക്ഷീണം മാറ്റാന്‍ യാത്രക്കിടയില്‍ കയറിയ ഒരു ബാറില്‍ ഇരുന്നുകൊണ്ടു ഒരു സന്തോഷവാര്‍ത്ത അറിയിക്കാനാണു വിളിച്ചത്.
കഴിഞ്ഞ രാത്രിയില്‍ എല്ലാവരും ചേര്‍ന്നു രണ്ടെണ്ണം വീശിയപ്പോള്‍ സദസില്‍ പറന്നു കളിച്ച പൂര്‍വകാല സ്മൃതിപക്ഷികള്‍ക്കിടയിലാണ് പണ്ടു മെഡിക്കല്‍ കോളേജില്‍ വച്ചു പ്രേമിച്ച കാമുകിയെക്കുറിച്ചോര്‍ത്തു ഹതാശനായി ഡോക്ടര്‍ നെടുവീര്‍പ്പിട്ടത്. ഇപ്പോള്‍ ആസ്‌ട്രേലിയില്‍ എവിടെയോ ഡോക്ടറായി ജോലിചെയ്തു ജീവിക്കുന്ന അവരെത്തേടി രാത്രിമുഴുവന്‍ ഉറക്കളച്ചു ഫേസ്ബുക്കില്‍ തപ്പിയെങ്കിലും ആളെകിട്ടിയിരുന്നില്ല. യാത്രക്കിടയിലും നിര്‍ത്താതെ തേടിയതിന്റെ ഫലമായി ആളെ കണ്ടെത്തിയ വിവരം പറയാന്‍ വേണ്ടി വിളിച്ചതാണ്.
ഇതിനിടയില്‍ സുമേഷിന് ഇടതടവില്ലാതെ ഫോണുകള്‍ വരികയും ഫോണ്‍ എടുക്കുമ്പോള്‍ സുമേഷിന്റെ മുഖത്തെ ഗൌരവം അധികരിക്കുന്നതും കാര്യമാത്രപ്രസക്തമായ മറുപടി നല്കി ഫോണ്‍ കട്ടു ചെയ്യുന്നതും കണ്ടു. സുമേഷിന്റെ തിരക്കുകള്‍ കണ്ടപ്പോള്‍ അവനൊരു ബുദ്ധിമുട്ടാകണ്ട എന്നുകരുതി ഞാന്‍ യാത്ര പറയാന്‍ ഒരുങ്ങി.
' ജോഷിയേട്ടാ ഇനി എപ്പഴാ ഇതിലെയൊക്കെ വരിക' സുമ ചോദിച്ചു.
അതു ചോദിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു വരുന്നതു മുഖത്തെ പുഞ്ചിരിയില്‍ സങ്കടം കലരുന്നതും ഞാന്‍ കണ്ടു. അവള്‍ക്കു കൊടുക്കാന്‍ ഒന്നും കയ്യില്‍ കരുതാതെ പോയതില്‍ എനിക്കപ്പോള്‍ വല്ലാത്ത വിഷമംതോന്നി. ആരുമല്ലാത്ത എന്നോടുള്ള അവളുടെ ഈ നിഷ്‌കളങ്ക സ്‌നേഹത്തിന് ഞാനെന്തു പ്രതിഫലം നല്‍കേണ്ടു ദൈവമേ എന്നു വിചാരിച്ചെന്റെ ചങ്കും വല്ലാതെ ഭാരപ്പെട്ടു നില്‍കുമ്പോഴാണ് ഫോണ്‍ വീണ്ടും ബെല്ലടിച്ചത്.
അതു ചങ്ങാതി ജോര്‍ജ്ജു വക്കീലായിരുന്നു. പുള്ളിക്കാരന്‍ ബിവറേജസില്‍ നിന്നും സാധനവുമായി നാസറിനും നിക്‌സനുമൊപ്പം ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ വാതില്‍ക്കല്‍ എത്തിയെന്നു പറഞ്ഞാണു വിളിച്ചതു. അല്പം കഴിയുമ്പോള്‍ എത്താമെന്ന് മറ്റൊരു ചങ്ങാതിയായ തങ്കച്ചനും അറിയിച്ചിരുന്നു. പഴയ സഹപ്രവര്‍ത്തക മേഴ്‌സി വക്കീല്‍ സ്വന്തം പറമ്പില്‍ ജൈവകൃഷിയില്‍ വിളയിച്ച ഒരു കുല പൂവന്‍പഴം കൊടുത്തയച്ചിരുന്നു. റൂമില്‍ ഒത്തുകൂടാമെന്ന് പറഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവിന്റെ സന്ദര്‍ശനം പ്രമാണിച്ചുള്ള ആലോചനായോഗത്തിന്റെ തിരക്കിലാണെന്നു പറഞ്ഞു സുമേഷ് ഒഴിഞ്ഞുമാറി.
സുമേഷിന്റെ ബുള്ളറ്റിന്റെ പുറകില്‍ കയറിയിരുന്നു സുമയോട് യാത്ര പറഞ്ഞിറങ്ങവേ കണ്ണുകള്‍ മുറ്റത്തിന്റെ അരികിലുള്ള അയയിലേക്ക് നീണ്ടുചെന്നു. അപ്പോള്‍ പുളിയന്‍ മാവിലെ കൊമ്പില്‍ നിന്നും എണ്ണമറ്റ നീറുകള്‍ അയയിലൂടെ വരിതെറ്റാതെ ഒരു വലിയ സൈന്യമായി ഒത്തൊരുമയോടെ മാര്‍ച്ചു ചെയ്തുകൊണ്ട് മഞ്ഞ ലങ്കോട്ടികള്‍ പിടിച്ചടക്കാന്‍ ആവേശത്തോടെ നീങ്ങുന്നതായി കണ്ടു.
ഒരിക്കല്‍ കൂടി വായിച്ചു. വളരെ നന്നായി എന്നു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകാന്‍ തോന്നുന്നുന്നില്ല. അല്പം വിശദമായി പറയാന്‍ തോന്നുന്നു. കഥ പറയുന്നതിലെ ഒരു തനതായ ശൈലി എല്ലാ കഥയിലും എന്നു പോലെ ഇതിലുമുണ്ട് . ആക്ഷേപ ഹാസ്യത്തിലൂടെ യുള്ള തുടക്കം മഞ്ഞ ലങ്കോട്ടിയുടെ സമകാലീന രാഷ്ട്രീയവും മണ്ടന്‍മാരായ നേതാക്കളുടെ സിദ്ധാന്തങ്ങളും എല്ലാം നന്നായി പരിഹസിക്കപ്പെടുന്നുണ്ട് . മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും " സൂക്കേടിന് " കുറവോന്നുമില്ലാ എന്ന സുമയുടെ കളിയാക്കല്‍ ഒന്നും വെറുതെ പറഞ്ഞു പോകുന്നതല്ല . അതൊക്കെ സമീപകാലത്തുള്ള സംഭവങ്ങളെ ചൂണ്ടി പറയുന്നതാണ് . ധീരനായ സുമേഷ് അന്ധവിശ്വാസങ്ങള്‍ക്കടിമപ്പെട്ട് ഭീരുവായി ശരീരം മുഴുവന്‍ രക്ഷ ധരിക്കുന്നത് ഒരാള്‍ക്ക് തന്നിലുള്ള ആത്മവിശ്വാസം നഷ്ടമാകുമ്പോഴാണ് . സുമേഷ് എങ്ങിനെയാണ് ഒരു തീവ്ര നിലപാടുകാരന്‍ ആയിമാറിയാതെന്നതിന് ചില സൂചനകള്‍ ലഭിക്കുന്നുണ്ട് പലപ്പോഴും ന്യൂന പക്ഷങ്ങളുടെ നിലപാടുകള്‍ ഭൂരിപക്ഷത്തെ വേദനിപ്പിക്കുന്നതാനെന്നത് ഒരു വസ്തുത ത്തന്നെയാണ്.
ഇടയ്ക്കു കഥ ട്രാക്ക് മാറി മറ്റ് വിശേഷങ്ങളിലേക്ക് പോകുന്നുണ്ട് അതു കഥയുടെ ഗതിയില്‍ മാറ്റമൊന്നും വരുത്തുന്നില്ല. വര്ഷങ്ങള്‍ എത്ര കഴിഞ്ഞാലും എന്തു പ്രതിസന്ധികളിലൂടെ പോയാലും പ്രണയവും വേര്‍പാടുമൊന്നും അണയുന്നില്ല എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണു. ഒപ്പം സുഹൃത്ത് ഇബന്ധങ്ങളുടെ ഊഷ്മളതയും സുമ എന്ന നാട്ടിന്‍ പുറം കാരിക്ക് തന്‍റെ ആരുമല്ലാത്ത കഥാകാരന്‍ ഒരു കൂടപ്പിറപ്പായി മാറുന്നതിന്റെ മനോഹരമായ കാഴ്ചയും. " ഒരു കണ്ണുനീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിക്കാനുള്ള " ആ മനോഭാവം ഇനിയും കൈമോശം വന്നിട്ടില്ലാ എന്നുള്ളത് വളരെ ആശ്വാസം നല്‍കുന്ന കാര്യമാണ് .
കഥ അതിന്റെ അവസാനത്തില്‍ എത്തുബോള്‍ കാണുന്നത് , ജീര്‍ണ്ണതയുടെ ലങ്ങോട്ടികള്‍ക്കിടയില്‍ അസ്വസ്ഥ ജനിപ്പിക്കുന്ന നീറുകളുടെ അനന്തമായ നിരയാണ്. അതു എന്താണെന്നും എവിടെയാണെന്നും വായനക്കാര്‍ അവരുടെ മനോധര്‍മ്മം പോലെ കണ്ടുകൊള്ളുക