MediaAppUSA

സ്റ്റെല്ലയെന്ന വിദ്യാര്‍ത്ഥിനി (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 21 January, 2020
സ്റ്റെല്ലയെന്ന വിദ്യാര്‍ത്ഥിനി (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)
അസ്വസ്ഥതയോടെ പ്രൊഫസര്‍ വീട്ടില്‍ നിന്നിറങ്ങി കുറേ നടന്നപ്പോള്‍ വഴിതെറ്റി. തിരിച്ചു വീട്ടിലെത്താന്‍ വഴിയറിയാതെ അയാള്‍ വിഷമിച്ചു. ചില്ലറ പോക്കറ്റിലുണ്ടെന്ന് ബോധ്യമായപ്പോള്‍ അന്ം ആശ്വാസമായി. ബസ്സില്‍ കയറിയപ്പോള്‍ കാലിടറി. ഉടനെ അടുത്തിരുന്നസ്ത്രീ അയാളെ അവളുടെ അടുത്ത സീറ്റിലിരുത്താന്‍ സഹായിച്ചു.

അയാളുടെ കിതപ്പന്ം ശമിച്ചപ്പോള്‍ ആ സ്ത്രീ ചോദിച്ചു: ‘സുഖംതന്നെയല്ലെ?’
അയാള്‍ ശിരസ്സുയര്‍ത്താതെ മെല്ലെ പറഞ്ഞു: ‘ഓകെ.’
‘എന്നെ മനസ്സിലായോ?’
അയാള്‍ സങ്കോചത്തോടെ ആ സ്ത്രീയെ നോക്കിയെങ്കിലും മനസ്സിലായില്ല!
അവള്‍ പുഞ്ചിരിതൂകിക്കൊണ്ട്: ‘താങ്കള്‍ പ്രൊഫസര്‍മൈക്കിളല്ലേ?’
അയാള്‍ അവളുടെ മുഖത്തുനോക്കാതെ ‘അതെ.’
അവള്‍ ഉത്സാഹത്തോടെ: ‘ഞാന്‍ സ്‌റ്റെല്ല, താങ്കളുടെ പഴയ വിദ്യാര്‍ത്ഥിനി.’
അയാള്‍ അലസമായിമൂളി.

‘എനിക്കിതുവരെ താങ്കളോട് നന്ദി പറയാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. താങ്കള്‍ എന്റെ വഴികാട്ടിയാണ്.’
അയാള്‍ക്കു അവള്‍ പറയുന്നത് മനസ്സിലാവാതെ, അവളുടെമുഖത്തേക്ക് നോക്കി?
മന്ദസ്മിതം മായാതെ,സ്‌റ്റെല്ല: ‘പ്രൊഫസര്‍ക്ക് ഓര്‍മ്മയുണ്ടോ, അമ്മ എന്നെ വീട്ടില്‍ നിന്നിറക്കിവിടുമെന്ന ഘട്ടമെത്തിയപ്പോള്‍ ഞാന്‍ താങ്കളുടെ ഓഫീസില്‍ വന്നത്.അന്ന് പ്രൊഫസര്‍ എനിക്ക് കാര്യങ്ങളുടെ ഗൗരവം ധരിപ്പിച്ചില്ലായിരുന്നെങ്കില്‍…’

അവളാ വാചകം മുഴുമിപ്പക്കാതെ, ഒരു നിശ്വാസത്തോടെ: ‘ഞാനീ നിലയിലെത്തുമായിരുന്നില്ല.’
സ്‌റ്റെല്ല പറയുന്നത് മുഴുവന്‍ ഗ്രഹിക്കാനായില്ലെങ്കിലും, അന്ന് അവള്‍ തന്റെ ഓഫീസിലേക്കു ഭയത്തോടെ വന്നത് അയാളുടെ മനസ്സില്‍തെളിഞ്ഞു: ‘ഇപ്പോള്‍ എന്ത് ചെയ്യുന്നു?’
അവള്‍ പ്രസരിപ്പോടെ: ‘സിറ്റി ഡ്രഗ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ സോഷ്യല്‍ വര്‍ക്കറാണ്.’
സ്‌റ്റെല്ല എന്തോ ഓര്‍ത്തിട്ടെന്നപോലെ: ‘പ്രൊഫസര്‍ക്കു കാത്തിയെ ഓര്‍മ്മയുണ്ടോ?’
അയാള്‍ക്കു കാത്തിയെ ഓര്‍ക്കാനായില്ല.

‘കാത്തിക്കിപ്പോള്‍ നല്ല ജോലിയുണ്ട്.;അവള്‍ പ്രൊഫസറെപ്പറ്റി പറയാറുണ്ട്. താങ്കളുടെ അവസരോചിതമായ ഇടപെടലാണ് ഞങ്ങളെ രക്ഷിച്ചത്!’
അയാള്‍ ഓര്‍ത്തു: താന്‍ പഠിപ്പിച്ച പല കുട്ടികളും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു; ചിലര്‍ ആത്മഹത്യയുടെ വക്കിലെത്തിയിരുന്നു. അതു മനസ്സിലാക്കിയ താന്‍ ചിലവിദ്യാര്‍ത്ഥികളെ ഓഫീസിലേക്കുവിളിച്ചു കൗണ്‍സലിങ്ങിലൂടെ കരകയറ്റിയിട്ടുണ്ട്. അതൊന്നും മനസ്സില്‍ സൂക്ഷിച്ചിട്ടില്ല. അപ്പപ്പോള്‍ ശരിയെന്ന്‌തോന്നിയത് ചെയ്തുവെന്നു മാത്രം.

പ്രൊഫസര്‍: ‘എവിടെപ്പോകുന്നു?’
‘ഷോപ്പിങ്ങിന്.’
‘ഇത്ര ദൂരം?’
‘ഓ, ഇന്നെനിക്ക്ഒഴിവാണ്;ഒരു മാറ്റത്തിനുവേണ്ടി വേറെ ഷോപ്പിംങ് മാളില്‍പോകുന്നു...’
അന്നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം സ്‌റ്റെല്ല: ‘പ്രൊഫസര്‍ക്കിപ്പോള്‍ കാറില്ലേ?’
‘ഉവ്വ്, കീ കാണാനില്ല.’

അവള്‍ ലാഘവത്തോടെ: ‘അതാ മേശപ്പുറത്തെവിടെയെങ്കിലും കാണും.’
സ്‌റ്റെല്ലയുടെ ആത്മാര്‍ത്ഥതകണ്ടപ്പോള്‍ അയാള്‍ അവളോട് എല്ലാംതുറന്നു പറയാന്‍ ആഗ്രഹിച്ചു. കീ അന്വേഷിച്ചത് കാര്‍ സ്റ്റാര്‍ട്ടാക്കി എക്‌സോസ്റ്റ് പൈപ്പിലൂടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചു ജീവനൊടുക്കാനായിരുന്നു!

പെട്ടെന്ന് തിരുത്തി. എന്തിനു സ്വയം ഹത്യ എന്ന്‌ചോദിച്ചാല്‍ എന്തുപറയും? പ്രിയപ്പെട്ടവളുടെ അകാല വേര്‍പാടിലെ വിരഹം അസഹ്യമായതുകൊണ്ടാണെന്ന് പറയേണ്ടിവരും. അപ്പോള്‍ചോദിക്കും: മരണകാരണം? എന്ന്മരിച്ചു? സഹായത്തിനു വേറെ ആരുമില്ലേ? അങ്ങനെ പോകുംചോദ്യങ്ങള്‍ …വേണ്ട.എന്തിനു സ്വകാര്യത വെളിപ്പെടുത്തണം?

അയാള്‍ മൗനം തുടര്‍ന്നപ്പോള്‍, സ്‌റ്റെല്ല: ‘താങ്കള്‍റിട്ടയറായോ?’
അയാള്‍ശങ്കിച്ചു: കൗണ്ടി കോളെജില്‍മുപ്പത് വര്‍ഷം പഠിപ്പിച്ചു. ഒരു സായാഹ്നത്തില്‍ കോളെജ് വകുപ്പദ്ധ്യക്ഷന്‍ ഓഫീസിലേക്കു വിളിച്ചിട്ടു പറഞ്ഞു: ‘മൈക്കിള്‍, സഹധര്‍മ്മിണിയുടെ അകാല വിയോഗം താങ്കളെ അഗാധ ദുഃഖത്തിലാഴ്ത്തുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. കോളെജിനു താങ്കള്‍ചെയ്ത വിലപ്പെട്ട സേവനത്തെ മാനിച്ചു, എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് താങ്കളെ ഒരു വര്‍ഷം നേരത്തെ വിരമിക്കാന്‍ ശുപാര്‍ശചെയ്തിരിക്കുന്നു.’

അദ്ദേഹം ചിന്തിച്ചു: മുഖത്ത് ദുഃഖച്ഛവി പറ്റിപ്പിടിച്ചു, മറവിയുടെ ശാപംപേറി, ചിലപ്പോള്‍ സിലബസ് തെറ്റിച്ചു ക്ലാസ് എടുത്തതിനാവും തന്നെ പിരിച്ചുവിട്ടതെന്ന സത്യം സ്‌റ്റെല്ലയെ അറിയിക്കണോ?
തെല്ലുനേരം  മൗനിയായ ശേഷം അയാള്‍ റിട്ടയറായ വര്‍ഷം പറഞ്ഞു.
‘റിട്ടയര്‍മെന്റ് എങ്ങനെ വിനിയോഗിക്കുന്നു?’
പത്‌നിയുടെ അഭാവത്തില്‍ ഏകാന്ത തടവിലെന്നപോലെ ജീവിച്ച രണ്ടു മൂന്നു കഠോര വര്‍ഷങ്ങള്‍അയാളുടെ അന്തരംഗത്തിലൂടെ കടന്നുപോയി.
സ്‌റ്റെല്ല ആവേശംവിടാതെ: ‘ഹൗ ഈസ് യുവര്‍ ഫാമിലി?’
അയാള്‍ നെഞ്ചെരിച്ചിലോടെ: ‘മക്കളില്ല. നാല്‌കൊല്ലം മുമ്പ് പ്രേയസി വിട്ടുപിരിഞ്ഞു!’
‘സോറി ടുഹിയര്‍ ദാറ്റ്.’
അയാളുടെ ചിന്തക്കു ഭാരമേറി.
‘എന്തെങ്കിലുംഅസുഖം?’
‘എല്ലാം പെട്ടെന്നായിരുന്നു. ബ്രെയിന്‍ട്യൂമറെന്ന് അറിഞ്ഞത് അന്ത്യഘട്ടത്തിലായിരുന്നു.

അതുവരെ ചികിത്സിച്ചിരുന്നത് തലവേദനയ്ക്കായിരുന്നു. ഒരിക്കലും രക്ഷപ്പെടുകയില്ലെന്ന് പറഞ്ഞ അതേ ഡോക്ടര്‍ അളവില്‍ കവിഞ്ഞ കീമോക്ക് നിര്‍ദ്ദേശിച്ചു. ആദ്യഡോസില്‍ പിന്നെ അവള്‍ കണ്ണുതുറന്നിട്ടില്ല! വെറും നൂറ്റിപ്പത്ത് പൗണ്ടുളള അവള്‍ക്കു അത്രയും കീമൊ താങ്ങാന്‍ കെന്ില്ലായിരുന്നു.  ഒരുപക്ഷേ ,ഡോക്ടര്‍ തീരെ കീമോക്ക് ഓര്‍ഡര്‍ ചെയ്തില്ലായിരുന്നെങ്കില്‍, പ്രിയപ്പെട്ടവള്‍ ആഴ്ചകളൊ, മാസങ്ങളോ, അതില്‍ കൂടുതലോ എന്നോടൊപ്പമുണ്ടായിരുന്നു!’
അത്രയും ഒറ്റവീര്‍പ്പില്‍ പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ഠമിടറി.

സ്‌റ്റെല്ലവീണ്ടും: ‘ഐ ആം റിയലിസോറി, മൈക്കിള്‍.’ അതുപറഞ്ഞുഅവള്‍ പ്രൊഫസറുടെ ചുമലില്‍ മെല്ലെ കൈവച്ചു.

ഒരു കനത്ത മൂകത അയാളെ പിടികൂടുന്നത് അറിഞ്ഞിട്ടാവണം, അവള്‍ വിഷയംമാറ്റി: ‘ഈ വര്‍ഷം അതിശൈത്യമാണല്ലോ?’

അയാള്‍ വീണ്ടുംപങ്കാളിയുടെ വിരഹമൂണര്‍ത്തുന്ന സ്മരണകളിലൂടെ ഒഴുകി :ശൈത്യംഎന്നും തനിക്കുദുസ്സഹമാണ്. പുറത്തുപോകുമ്പോള്‍ പ്രിയതമ ഓവര്‍കോട്ടും കമ്പിളിത്തൊപ്പിയും ധരിച്ചിട്ടുണ്ടോ എന്നുറപ്പുവരുത്തും. ചിലപ്പോള്‍ സ്കാര്‍ഫ്കഴുത്തില്‍ ചുറ്റിത്തന്നു ചുണ്ടില്‍ മുത്തംതരും. പ്രമേഹമുളളതിനാല്‍ ലഘുഭക്ഷണം പോക്കറ്റില്‍ വയ്ക്കാനും മറയ്ക്കില്ല.
അയാള്‍ ബദ്ധപ്പെട്ട് ബസ്സില്‍ നിന്നിറങ്ങാന്‍ ഭാവിച്ചപ്പോള്‍, സ്‌റ്റെല്ല: ‘പ്രൊഫസര്‍ തിരക്കുകൂട്ടണ്ട, വീഴും.’

അതുകാര്യമാക്കാതെ ബസ്സില്‍നിന്നിറങ്ങവെ, അവള്‍വീണ്ടും: ‘കീ മേശപ്പുറത്തോ, ന്യൂസ്‌പേപ്പറിന്റെ ഇടയിലോഉണ്ടാവും; പരിഭ്രമിക്കേണ്ട.’

വീട്ടിലേക്കു നടക്കുമ്പോള്‍ അയാള്‍ക്കുതോന്നി: താന്‍ ഷേവ് ചെയ്തിട്ടില്ല. ഉടന്‍ തലയില്‍ തടവി: മുടിചീകിയിട്ടില്ല. പാന്റ്‌സ് ഇസ്തിരിയിട്ടിട്ടില്ല. പക്ഷേ, ഷര്‍ട്ട് ഭംഗിയായി ഇസ്തിരിയിട്ടിരിക്കുന്നു.
ഇതെല്ലാം എങ്ങനെ സംഭവിച്ചു?

അയാള്‍ക്കു ആശ്ചര്യംതോന്നി. ഓര്‍മ്മകള്‍ നേര്‍ത്തുപോകുന്നു. ഓര്‍മ്മകളെ പണിപ്പെട്ടു ബോധമനസ്സിലേക്കു കൊണ്ടുവരുവാന്‍ യത്‌നിക്കുമ്പോള്‍, അത്മഞ്ഞിന്‍ ശല്ക്കകള്‍ പോലെ അലിഞ്ഞുപോകുന്നു. സ്മരണകളുടെ ഉറവിടം വറ്റുന്നുവോ? അത്‌വാര്‍ദ്ധക്യസഹജമോ? അതോ, ഏകനായ വര്‍ഷങ്ങളുടെ തടവറ അനുഭവിപ്പിച്ച മനഃക്ലേശമോ?

വീട്ടിലെത്തിയ ഉടനെ അയാള്‍ താക്കോലിനായി മേശമേല്‍തിരഞ്ഞു; കണ്ടില്ല. സ്‌റ്റെല്ല പറഞ്ഞതുപേലെ പത്രങ്ങള്‍ക്കിടയിലും പരതി. അദ്ഭുതം, താക്കോല്‍ കയ്യില്‍ തടഞ്ഞു!അയാളുടെ ചുണ്ടില്‍ ഒരു ജേതാവിന്റെചിരിവിടര്‍ന്നു. സ്‌റ്റെല്ലയുടെ സ്മരണകളിലേക്കുവഴുതി: ഇരുപതുവര്‍ഷം മുമ്പ് താന്‍ പഠിപ്പിക്കുന്ന രണ്ടു, മൂന്നു സൈക്കോളജി ക്ലാസ് അവള്‍ എടുത്തിരുന്നു. ഒരു സായാഹ്നത്തില്‍ കതകില്‍ ചെറിയമുട്ടുകേട്ടു. വാതില്‍ക്കല്‍ സുസ്‌മേരവദനയായി സ്‌റ്റെല്ല: ‘പ്രൊഫസര്‍, താങ്കളുടെ ക്ലാസ്സ് വളരെ രസകരമാണ്. എനിക്കറിയില്ലായിരുന്നു ഏത്‌വിഷയം മേജറായി എടുക്കണംന്ന്. താങ്കളുടെ ക്ലാസ്‌സൈക്കോളജി മേജറായി എടുക്കാന്‍ സഹായിച്ചു.’
ഒരാഴ്ചകഴിഞ്ഞു അവള്‍വീണ്ടും കതകില്‍ മെല്ലെമുട്ടി: ‘പ്രൊഫസര്‍, ഒരു മിനുട്ട് സംസാരിക്കാന്‍ നേരമുണ്ടോ?’

അയാള്‍ ചെവികൂര്‍പ്പിച്ചു: ഞാനും കാത്തിയും ഡ്രക്ഷഡിക്റ്റാണ്. താങ്കളുടെ ക്ലാസ്സ് എടുത്തതിനു ശേഷമാണ് എനിക്ക് പഠിക്കണമെന്ന് മോഹംജനിച്ചത്. എന്റെ രക്ഷിതാക്കള്‍ എന്നെ സ്‌നേഹിക്കുന്നു; ഞാനവരേയും. എന്റെദുഷിച്ച കൂട്ടുകെട്ടും ക്രേക്ക് കൊക്കൈന്റെ ഉപയോഗവും അറിഞ്ഞാല്‍ അമ്മ എന്നെ വീട്ടില്‍ നിന്നോടിക്കും.

സ്‌റ്റെല്ലയുടെ മുഖത്ത് കാളിമ പരക്കുന്നത് പ്രൊഫസര്‍ ശ്രദ്ധിച്ചു.അദ്ദേഹം ക്ലാസ്സ്കഴിഞ്ഞു ഏതാനും കൗണ്‍സലിങ് സെഷനു അവളെ ക്ഷണിച്ചു. അവള്‍ ആദ്യം അന്ം സന്ദേഹത്തിലായിരുന്നു. ക്രമേണ, മനോബലം വീണ്ടെടുത്തു. അദ്ദേഹം മനഃസംയമനത്തെപ്പറ്റിയും ജീവിതസൗന്ദര്യത്തെപ്പറ്റിയും ലക്ഷ്യത്തെപ്പറ്റിയും വിശദീകരിച്ചുകൊടുത്തു.

അയാള്‍താക്കോലുമായി സോഫയിലിരുന്നു, ആശ്വാസത്തോടെ കണ്ണടച്ചു;സ്‌റ്റെല്ലയുടെ ഹൃദയംതുറന്ന സംസാരം കൃതജ്ഞതയോടെ സ്മരിച്ചു. അയാളുടെചിന്തയില്‍ ആശയുടെ പൊന്‍കിരണങ്ങള്‍…
അയാള്‍ അകലെകാണുന്നു: മഞ്ഞുമലകള്‍, താഴ്‌വാരകള്‍, വീടുകള്‍, വൃക്ഷലതാതികള്‍, പുഷ്പങ്ങള്‍,സ്വച്ഛത. ആ സ്വച്ഛന്ദശോഭയില്‍, ശുഭ്രവസ്ത്രധാരിയായി പ്രിയപ്പെട്ടള്‍ തന്നരികിലേക്കു പറന്നുവരുന്നു… കൈയില്‍ തനിക്കിഷ്ടപ്പെട്ട കടുംചുകപ്പുളളഒരു റോസാപ്പൂ ദീപശിഖപോലെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

അപ്പോള്‍ അയാള്‍ക്കു മനസ്വിനിയുടെ ആത്മചൈതന്യം ഉളളില്‍ നിറഞ്ഞുകവിയുന്നതായി അര്‍ദ്ധമയക്കത്തില്‍ തോന്നി. ചുറ്റുംഅവളുടെ സുപരിചിത സുഗന്ധം പരന്നു. ഒരു മന്ദഹാസത്തോടെ അയാള്‍ പ്രിയസഖിയെ പുണരാനായികൈകള്‍ നീട്ടി: ‘എന്നെ തനിച്ചാക്കി പോയി, ഇല്ലേ?’ അതുപറയുമ്പോള്‍ അദ്ദേഹത്തിന്റെകണ്ണുകള്‍ നിറഞ്ഞിരുന്നു.
അതിനുത്തരമെന്നോണം സഹധര്‍മ്മിണി പറയുന്നതയിതോന്നി: മൈക്കള്‍, സുഖമായിരിക്കൂ; അതാണെന്റെ സന്തോഷം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക