Image

കോളാമ്പി പൂവ്വുകള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 24 January, 2020
കോളാമ്പി പൂവ്വുകള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
തീയ്യില്‍ കാണിച്ച് ഒരല്‍പം വാട്ടിയ നാക്കിലയില്‍ പൊതിഞ്ഞ നാരങ്ങാചോറ് അല്ലെങ്കില്‍ പുളിച്ചോറ്. അതിനരികിലായി ഇട്ടിരിയ്ക്കുന്ന  ചെറുനാരങ്ങാ അച്ചാര്‍, പിന്നെ കൊണ്ടാട്ടമുളക് വറുത്തത്, കൂടെ പൊട്ടിച്ച് വറുത്ത പപ്പടം. വാട്ടിയ ഇലയുടെ നറുമണം തഴുകിയ ചോറ്  എന്തൊരു രുചിയായിരുന്നു. എല്ലാവരും പരസ്പരം 'ഭക്ഷണം കൊണ്ടുവന്നിട്ടില്ലേ?' എന്ന് ചോദിച്ച് ഒരേ സമയം സീറ്റിനു അപ്പുറവും ഇപ്പുറവും ഇരുന്നു സൗഹൃദം പങ്കിട്ടുള്ള ഭക്ഷണം കഴിയ്ക്കല്‍. തീവണ്ടിയില്‍ കയറി ഇരിയ്ക്കുമ്പോള്‍ പരസ്പരം ഒരു അപരിചിതത്വം ഉണ്ടാകും. എന്നാല്‍ പരസ്പരമുള്ള ഒരു പുഞ്ചിരിയില്‍ സൗഹൃദം വാരിവിതറാന്‍ തുടങ്ങും. പിന്നെ പരസ്പരം പരിചയപ്പെടല്‍, ഈ പരിചയ സംഭാഷണം പിന്നീട് സൗഹൃദമായി പരിണമിയ്ക്കുന്നു ,പിന്നെ ആ  സൗഹൃദത്തില്‍ നേരം പോക്കുകളും തമാശകളും പൊട്ടിവിരിയും. ഇങ്ങനെ ചുരുങ്ങിയ മണിക്കൂറുകള്‍ക്കകം ഒരു വല്ലാത്ത ആത്മബന്ധം പണിതീര്‍ക്കുന്നു. നാട്ടില്‍ ഇറങ്ങാനുള്ള സ്‌റ്റേഷന്‍ എത്തിക്കഴിഞ്ഞാല്‍ നമുക്കൊപ്പം നമ്മുടെ പെട്ടിയെടുത്ത് താഴെ ഇറക്കാന്‍ സഹായിച്ചുകൊണ്ടു   താഴെ ഇറങ്ങിവന്നു തീവണ്ടിയുടെ ചലനത്തോടൊപ്പം യാത്രപറഞ്ഞവര്‍ പിരിയുന്നു. മൊബൈല്‍ ഫോണുകളോ, എന്നുവേണ്ട ഫോണ്‍ സൗകര്യങ്ങള്‍ ഒന്നുംതന്നെ അധികമില്ലാത്ത കാലഘട്ടം. ആ യാത്രപറച്ചില്‍ എന്തോ നഷ്ടബോധം കുറച്ച് നേരത്തേയ്‌ക്കെങ്കിലും അനുഭവപ്പെടുന്നു. പിന്നീടൊരിയ്ക്കല്‍ കാണുമോ എവിടെയെങ്കിലും കണ്ടുമുട്ടുമോ ഒന്നും അറിയില്ല എങ്കിലും എന്തോ ഒരു ജന്മബന്ധം ഉണ്ടോ എന്ന്  താല്‍ക്കാലികമായെങ്കിലും പലപ്പോഴും തോന്നാറുണ്ട്. യാത്രവേളയില്‍ കണ്ടുമുട്ടിയ സൗഹൃദങ്ങളില്‍ പല മുഖങ്ങളും സ്വഭാവങ്ങളും  ഒരിയ്ക്കലും മാച്ചു കളയാനാകാതെ മനസ്സിന്റെ ഡയറിയില്‍ കുറിയ്ക്കപ്പെടാറുണ്ട്.

"എത്ര നേരം വൈകിയാലും താലികെട്ടു നേരത്ത് ഞാന്‍ അവിടെ എത്തിയിരിയ്ക്കും. ഇങ്ങനെ ഒരു ഭീകര മഴയോ,  മണ്ണിടിയാലോ ആരെങ്കിലും പ്രതീക്ഷിച്ചിതാണോ? മണിക്കൂറുകളോളമായി ട്രെയിന്‍ ഇവിടെ തന്നെ നില്‍ക്കുകയാണ്." ഫോണിലൂടെയുള്ള ഈ ഉറക്കെയുള്ള സംഭാഷണം കേട്ടുകൊണ്ട് പണ്ടത്തെ ട്രെയിന്‍ യാത്രകളുടെ ഓര്‍മ്മകയത്തില്‍ തുഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ദേവിടീച്ചറുടെ മനസ്സ് പെട്ടെന്ന് നങ്കുരമിട്ടു. "ഓഹോ ഇത്രയും സമയമായോ?" മനസ്സില്‍ ഒരു ഞെട്ടലോടെ സ്ഥലകാല ബോധം തിരിച്ചുകിട്ടി സ്വയം ചോദിച്ചു.   കൂട്ടിക്കൊണ്ടുപോകാന്‍ ഇത്രയും പെട്ടെന്ന് സ്‌റേഷനിലേയ്ക്കായി  ഇറങ്ങേണ്ട എന്ന് ആര്യകുട്ടിയോടു പറഞ്ഞേക്കാം എന്ന് തീരുമാനിച്ച് മൊബൈല്‍ ഫോണിന്റെ മിനുസമുള്ള കവിളില്‍ കൈവിരലുകള്‍ തലോടി. പിന്നീട് സഹജസഞ്ചാരിയുടെ സംഭാഷണത്തിലേയ്ക്ക് മനസ്സ് ഊളിയിട്ടു . 

"പാവം മനുഷ്യന്‍ വേണ്ടപ്പെട്ട ആരുടെയോ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയാണെന്ന് തോന്നുന്നു. വിവാഹം കഴിയുന്നതിനു മുന്‍പ് എത്തുവാന്‍ കഴിയുമോ ആവോ? എതിര്‍ വശത്തുള്ള സീറ്റില്‍ ഇരിയ്ക്കുന്ന ആള്‍ ഇതുവരെ മൊബയില്‍ ഫോണുമായി മൗനസംഭാഷണം മാത്രമാണ് നടത്തുന്നത് കണ്ടത്. ഇനീപ്പോ അയ്യാളുടെ ആരുടെയെങ്കിലും മരണവിവരമറിഞ്ഞു പോകുകയാണോ? മറ്റൊരു ചെറുപ്പക്കാരനാണെങ്കില്‍ ഇന്നലെ വണ്ടിയില്‍ കയറിയപ്പോള്‍ മുകളിലത്തെ ബര്‍ത്തില്‍ കയറിരിയ്ക്കുന്നതാണ്. ഹണിമൂണിന് പോകുന്ന നവദമ്പതിമാരെപ്പോലെ മൊബൈല്‍ ഫോണിനോട് തന്നെ കിന്നാരവും ആഗ്യവും കൊച്ചുവാര്‍ത്തമാനവും എല്ലാം. പ്രാഥമിക ആവശ്യങ്ങള്‍ക്കെങ്കിലും താഴെ ഇറങ്ങിയിട്ടുണ്ടോ എന്ന് സംശയം! എല്ലാ സഹയാത്രികരും മൊബൈയില്‍ ഫോണിന്റെ കൊച്ചു ചതുരത്തിലൂടെ മനസ്സ് കടത്തിവിട്ടിരിയ്ക്കുന്നവര്‍. 

മനുഷ്യന്‍ മനുഷ്യനേക്കാള്‍ മൊബൈല്‍ ഫോണിനെ സ്‌നേഹിയ്ക്കുകയും കൂടെ സമയം ചെലവിടുകയും,  സംസാരിയ്ക്കുന്നതുമായ കാലം"  ചിന്തകളുടെ വളയംപിടിച്ച് ദേവിയുടെ മനസ്സ് വഴിവിട്ടുപോകാന്‍ തുടങ്ങിയപ്പോള്‍ നയങ്ങളിലെ  ഏകാഗ്രത ദൂരെയുള്ള വഴിയോരകാഴ്ചകളില്‍ തളച്ചിട്ടു. എന്നിട്ടും പിടികൊടുക്കാത്ത മനസ്സ് സ്വയം പറഞ്ഞു.  പലപ്പോഴും വിമാനത്തില്‍ ഒന്നുരണ്ടു ദിവസത്തേയ്ക്ക് വന്നു പോയിട്ടുണ്ടെങ്കിലും മുപ്പത്തഞ്ചു വര്‍ഷത്തിനുശേഷം ഓണം കൂടാനുള്ള ഈ യാത്ര ഒരു വല്ലാത്ത അനുഭവം തന്നെയായി. ദൂരെ കണ്ണുകള്‍ പാകിയ മലനിരകള്‍ പതുക്കെ യാത്ര പറഞ്ഞു പുറകിലേക്ക് യാത്രയാകാന്‍ തുടങ്ങി. തീവണ്ടിയ്ക്ക് ശ്വാസം തിരിച്ചുകിട്ടിയിരിയ്ക്കുന്നു. എല്ലാവരിലും അടക്കിപ്പിടിച്ച ശ്വാസം നെടുവീര്‍പ്പായി ഉയര്‍ന്നു. കിട്ടാവുന്ന വേഗത്തില്‍ ഓടി ലക്ഷ്യസ്ഥാനത്തെത്തണമെന്ന തീവണ്ടിയുടെ മനോഗതത്തെ മണ്ണിലും, വെള്ളത്തിലും മുഖമമര്‍ത്തി കിടക്കുന്ന പാളങ്ങള്‍ തടഞ്ഞു നിര്‍ത്തി. 

അസ്വസ്ഥരായ യാത്രക്കാരില്‍ ചിലര്‍  കണ്ണുകൊണ്ടെങ്കിലും വരാന്‍ പോകുന്ന സ്‌റ്റേഷനില്‍ എത്തിച്ചേരാന്‍ കഴിയുമോ  എന്ന വ്യാമോഹത്തോടെ പുറമേയ്ക്ക്  വലിഞ്ഞു എത്തിനോക്കി.  ഒരു ലക്ഷ്യവുമില്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പാളങ്ങള്‍ അവരുടെ ക്ഷമയെ പരിശോധിച്ചു. മണ്ണിനോടും വെള്ളത്തോടും മല്ലിട്ട് തീവണ്ടി സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ഒരല്‍പം അവിടെ വിശ്രമിയ്ക്കും എന്നറിഞ്ഞിട്ടും ക്ഷമകെട്ട യാത്രക്കാര്‍ അകത്തേയ്ക്കു നുഴഞ്ഞു കയറാനും പുറത്തേയ്ക്കു തുളച്ച് ചാടാനും ശ്രമിച്ചു. ഒരേ ഒരു പെട്ടി മാത്രം കയ്യിലുള്ള ദേവിടീച്ചറിനെ യാതൊരു പരിശ്രമവുമില്ലാതെത്തന്നെ അക്ഷമരായ യാത്രക്കാര്‍ ട്രെയിനില്‍നിന്നും ഇറക്കിവിട്ടു.

താഴെ ഇറങ്ങി ടീച്ചര്‍ നാലുവശവും  നോക്കി ഒരു മുഖത്തും  ആ കണ്ണുകള്‍ തങ്ങിനിന്നില്ല. ഫോണിന്റെ കൊച്ചു സ്ക്രീനില്‍ കണ്ട ആര്യകുട്ടിയുടെ മുഖം ആ കണ്ണുകള്‍ തിരഞ്ഞു.  എന്നാല്‍ ഞൊടിയിടയില്‍ കഴുത്തില്‍ രണ്ടു കരങ്ങള്‍ വലിഞ്ഞുമുറുകി.

"ചിറ്റയ്‌ക്കെന്നെ മനസ്സിലായില്ല അല്ലെ? ഞാന്‍ ദുരെനിന്നേ ചിറ്റയെ കണ്ടു! എന്റെ അമ്മയുടെ പുന്നാര വല്യേച്ചിയല്ലേ ഞാന്‍ തിരിച്ചറിയാതിയ്ക്കുമോ " ഏതോ വലിയ നേട്ടം കൈവരിച്ച ഗമയില്‍ ആര്യ പറഞ്ഞു"  

"എന്റെ കുട്ടീ ഞാന്‍ നിന്നെ പതിനഞ്ചു വര്ഷങ്ങള്ക്കു മുന്നെ ഒരു ഉടുപ്പിട്ടു നടക്കുന്ന പ്രായത്തില്‍ നേരില്‍ കണ്ടതല്ലേ?  പിന്നെ ഈ ഈ ഫോണിന്റെ കൊച്ചുസ്കീനില്‍ കണ്ടിട്ടൊന്നും എനിയ്ക്ക് നേരില്‍ മനസ്സിലായില്ല്യ" വളരെ നിഷ്കളങ്കമായിത്തന്നെ ടീച്ചര്‍ കാര്യം പറഞ്ഞു.
പെട്ടി വാങ്ങി കയ്യില്‍ പിടിച്ച് ആര്യ പറഞ്ഞു "എന്നാല്‍ നമുക്ക് പോകാം. പിന്നെ ചിറ്റേ ഒരുകാര്യമുണ്ട് എന്റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യണം കാരണം ഇന്നിവിടെ ഹര്‍ത്താലാണ് ഇരുചക്ര വാഹനങ്ങള്‍ മാത്രമേ ഓടാന്‍ അനുവദിയ്ക്കുള്ളു. ചിറ്റ വാര്‍ത്തയില്‍ കണ്ടിട്ടുണ്ടാകുലോ ഒരുമാസം മുന്‍പ് ഒരു കോളേജില്‍ പഠിയ്ക്കുന്ന പയ്യനെ വെട്ടിക്കൊന്നില്ലേ! അതിന്റെ പകരം തീര്‍ക്കലാത്രേ ഒരു കോളേജില്‍ പഠിയ്ക്കണ ചെക്കനേം ഒരു വല്ല്യേ ആളേം കൊന്നിട്ടുണ്ടെന്നാ കേള്‍ക്കണേ"
"കുട്ടി എന്താ ടെലിവിഷനിലെ കണ്ണീര്‍ സീരിയലിന്റെ കഥയാണോ പറയണേ?"  ടീച്ചര്‍ അതിശയത്തോടെ ചോദിച്ചു

അല്ല എന്റെ ചിറ്റേ. ഇപ്പൊ പാര്‍ട്ടിവൈരാഗ്യങ്ങള്‍ കോളേജ് കുട്ടികളിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയല്ലേ തീര്‍ക്കണത്!" ആര്യ പറഞ്ഞു
"ഹും വാര്‍ത്തയിലൊക്കെ കാണാറുണ്ട്. ന്നാലും ഈ നാടിന്റെ ഒരു കാര്യം ഞാന്‍ ഓര്‍ക്കാ! ഇത്രേം പ്രകൃതി ദുരന്തങ്ങളും നാശനഷ്ടങ്ങളും ഉണ്ടായിട്ടും മനുഷ്യര്‍ പഠിയ്ക്കുന്നില്ലല്ലോ!"  ടീച്ചര്‍ വളരെ ദുഖത്തോടെ പറഞ്ഞു.

"ന്‍റെ ചിറ്റേ പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാകുന്നത് രാഷ്ട്രീയം കൊണ്ടാണോ ... കാടുകള്‍ വെട്ടി നിരത്തി ഏലത്തോട്ടങ്ങള്‍ ഉണ്ടാക്കിയതിനാലും,  കുന്നുകള്‍ ഇടിച്ച് കോറികളാക്കിയതുകൊണ്ടും, നെല്‍പ്പാടങ്ങള്‍ നിരത്തി  ഷോപ്പിങ് മാളുകളും കെട്ടിടങ്ങളും ഉണ്ടാക്കുന്നതുകൊണ്ടും ആണെന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ പത്രങ്ങളിലും, ചാനലുകളിലും വന്നില്ല്യേ ? ഇനി എന്തുവേണം?" എല്ലാ പ്രശ്‌നങ്ങളും, പരിഹാരങ്ങളും മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന കാലഘട്ടത്തെ കളിയാക്കിത്തന്നെയാകാം ആര്യ പറഞ്ഞു.
 
"ന്റെ കുട്ട്യേ ഹര്‍ത്താലാ റോഡ് വിജനമാണെന്നും പറഞ്ഞു ഒത്തിരി വേഗതയില്‍ ഓടിയ്ക്കാതെ. പേടി തോന്ന്യാ നാട്ടിലെ റോഡല്ലേ കുണ്ടും കുഴിം കാണും മാത്രല്ല ഇന്ന് ഒഴിവല്ലേ  രണ്ടെണ്ണം വീശി ബൈക്കുകള്‍ എങ്ങിന്യാ വരാന്നു പറയാന്‍ വയ്യ. രണ്ടെണ്ണം വീശി വരുമ്പോള്‍ നമ്മള്‍ ശ്രദ്ധിച്ചിട്ട് കാര്യല്യാന്നു വച്ചോളോ . ന്നാലും സൂക്ഷിച്ചാല്‍ ദുഖിയ്ക്കണ്ടന്നല്ലേ" ഒരല്‍പ്പം പേടിയോടെ ടീച്ചര്‍ പറഞ്ഞു.

"ഇല്ല്യ ചിറ്റേ ഇപ്പൊ പണ്ടത്തെ റോഡ് പോലെയല്ല.  റോഡ് മരാമത്തിനു എന്നുപറഞ്ഞു കുറെ പണം ആവാഹിച്ച് പോക്കറ്റ് വീര്‍പ്പിച്ചാലും എന്തൊക്കെയോ കാണിച്ച് കൂട്ടി വല്ല്യേ കൊഴപ്പല്യ. എത്ര നാളെയ്ക്കാണെന്നു പറയാന്‍ വയ്യ"  ആര്യ ന്യായീകരിച്ചു.

നാട്ടുവര്‍ത്തമാനം പറഞ്ഞു വീടെത്താറായത് ടീച്ചറിന് മനസ്സിലായില്ല പെട്ടെന്ന് സ്ഥലകാലബോധം വന്നപ്പോള്‍ " കുട്ട്യേ നമ്മള്‍ വീടെത്താറായോ? ആ ലോനപ്പന്‍റെ ചായക്കട കണ്ടപ്പോഴാണ് മനസ്സിലായത്. അതിനു മാത്രം കാര്യമായ മാറ്റമൊന്നുമില്ല്യ. അമ്മിണീടേം, അന്നാമ്മേടേം വീടൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല "
"ചിറ്റ ശ്രദ്ധിച്ചിട്ടും വല്ല്യേ കാര്യല്ല്യ! ചിറ്റ കണ്ട ചെറ്റക്കുടിലൊന്നുമല്ല ഇന്നവരുടേത് . ഫോറിന്‍ പണം കുത്തിനിറച്ച് കൂറ്റന്‍ കെട്ടിടങ്ങളാണ് അവര്‍ക്കൊക്കെ ഇന്ന്. പക്ഷെ എല്ലാറ്റിലും ഒരു വയസ്സനും വയസ്സത്തീം അത്രയൊക്കെ ഉള്ളൂ. മക്കളൊക്കെ പുറമെയാണ്. അതല്ലേ ഇന്ന് നാട്ടില്‍ പട്ടാപകല്‍ വയസ്സായവരെ കൊന്നു മോഷണം നടത്തി കൊച്ചു പിള്ളേരടക്കം കുറുക്കുവഴിയില്‍ പണമുണ്ടാക്കണേ! പോരാത്തതിന് പണിയ്ക്കു നില്‍ക്കുന്ന ബംഗാളികളും. വിശ്വസിച്ച് ജീവിയ്ക്കാന്‍ വയ്യാതായി" നാടിന്റെ ഇന്നത്തെ അവസ്ഥ ആര്യ ചെറുതായി വിശദീകരിച്ചു.

സ്കൂട്ടര്‍ മെല്ലെ മതികെട്ടിനുള്ളിലെ ഇഷ്ടിക പതിച്ച മുറ്റത്ത് കയറി മെല്ലെ ചലനം നിലച്ചു. ദേവിടീച്ചര്‍ സ്കൂട്ടറില്‍ നിന്നും ഇറങ്ങി ചുറ്റുപാടും നോക്കിനിന്നു. മതിലിനു മുകളിലേയ്ക്ക് മദാലസയായി ചാഞ്ഞുകിടക്കുന്ന കോളാമ്പിച്ചെടിയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന  മഞ്ഞ കോളാമ്പി പൂക്കള്‍ ചിരകാല പരിചയം പോലെ ദേവി ടീച്ചറെ നോക്കി ചിരിച്ചു.  അമ്മയുടെ പണിക്കാരി എന്ന് പറയാന്‍ അമ്മയ്ക്കിഷ്ടമില്ലായിരുന്നു, സഹായി ആയി തുടര്‍ന്ന വസന്തചേച്ചി ഗ്രില്‍ തുറന്നു.
 "ദേവികുട്ടി എന്താ അവിടെ തന്നെ നിന്നത്."

" അല്ല ഞാന്‍ ഉത്രാട പൂക്കളം എവിടെ എന്ന് നോക്കിയതാ. പണ്ട് കാലത്ത് ചാണം മെഴുകിയ മുറ്റത്തിട്ട പുക്കളത്തിലല്ലേ ഇന്നത്തെ ദിവസം മണ്ണാനും, പാണനും, ആശാരിയും തട്ടാനും കുട്ടിസഞ്ചിയും, ആവണ പലകയും, ചെമ്പു മോതിരവുമൊക്കെ ഓണം വച്ചിരുന്നത് അത് ഇന്നില്ല്യ എന്നറിയാം എന്നാലും പൂക്കളം എവിടെ?" പഴയ കാലം അയവിറക്കി ടീച്ചര്‍ ചോദിച്ചു

"നല്ല കാര്യായിട്ടുണ്ട്! പൂക്കളമോ ദേ ഇന്ന് ദേവികുഞ്ഞിനെ കൊണ്ടുവരേണ്ടേ എന്നതുകൊണ്ട് ഈ കുട്ടി ഇവിടെണ്ട് അല്ലെങ്കില്‍ ആരാ ഈ തടവറയ്ക്കുള്ളില്‍ ഞാനും ഇടയ്ക്ക്  ഫോണിന്റ ഒച്ചയും. ഈ കുട്ടിയ്ക്ക് പഠിപ്പല്ലേ? നേരം ഇരുട്ടാവാറാകുമ്പോഴാണ് വരവ്. വന്നാല്‍ പിന്നെ ഈ ഫോണും വച്ചോരു ഇരിപ്പല്ലേ? കഴിയ്ക്കാന്‍ അടുത്ത് കൊണ്ടുവെച്ച് കൊടുത്താല്‍ എന്താ കഴിയ്ക്കണേ വായില്‍ കൂടി തന്നെയാണോ എന്നൊന്നും യാതൊരു ശ്രദ്ധയുമുണ്ടാകില്ല ഈ ഫോണല്ലാതെ. അതുകഴിഞ്ഞാല്‍ ഒരു പഠിപ്പും. പിന്നെ ഈ കുട്ടീടെ അച്ഛനമ്മമാര്‍ ..ബാങ്കുദ്ദ്യോഗമാണെന്ന് പറഞ്ഞിട്ട് കാര്യല്ല്യ. പുതിയ സര്‍ക്കാരല്ലേ ഓരോ ദിവസവും ഓരോ നിയമങ്ങള്‍. അവര്‍ക്കും പിടിപ്പതില്‍ പണിയാണ് . ഇപ്പൊ എത്തും അപ്പോഴേയ്ക്കും കുഞ്ഞു കുളിച്ച് ക്ഷീണം മാറ്റ്." വസന്തേച്ചി ആധികാരികമായി പറഞ്ഞു.

രമ ബാങ്കില്‍ നിന്നും എത്തി. 'അമ്മ മരിച്ച ആ വര്ഷം വല്ല്യേച്ചിയെ കണ്ടതാണ്. പിന്നെ പതിനഞ്ചു വര്ഷങ്ങള്ക്കുശേഷമാണ് ഈ കൂടിക്കാഴ്ച. സന്തോഷത്തല്‍ രമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി കൂട്ടത്തില്‍ അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളും രണ്ടാളുടെയും നയനങ്ങള്‍ കയങ്ങളാക്കി. കുറച്ചു നേരത്തെ കുശലാന്വേഷണവും നാട്ടുവിശേഷങ്ങള്‍ക്കും ശേഷം രമ അടുക്കളയില്‍ കയറി. പുവ്വടയും ഉത്രാട സദ്യയും ഒരുക്കാനുള്ള തിടുക്കത്തിലായി. കുറച്ച് നേരത്തിനുശേഷം ഉമ്മറത്തുള്ള അരതിണ്ണയില്‍ ഗ്രില്ലും ചാരി ദേവിടീച്ചര്‍ ഇരുന്നു.  അടച്ചു വച്ചിരിയ്ക്കുന്ന അയല്‍ വീടുകളില്‍ നിന്നെല്ലാം ടെലിവിഷന്റെ ശബ്ദവും, മൊബയില്‍ ഫോണിന്റെ മണിയടിയും മാത്രം അവ്യക്തമായി കേള്‍ക്കുന്നു. തന്റെ കുട്ടികാലത്തെല്ലാം എല്ലാ വീടുകളിലും മണ്ണ് കൊണ്ടുണ്ടാക്കി തുളസിപൂവ്വും മറ്റു നാട്ടു പൂക്കളും വച്ച് അലങ്കരിച്ച മാവേലി തളത്തിലും പടിയ്ക്കലും അടുക്കള കിണറിനരികിലും വയ്ക്കുന്നു. ഓരോ വീടിന്റെ ഇറക്കിലും അടിവരെ പിന്നിവച്ച മുടിപോലെ മാണിയുള്ള നേന്ത്രകുലകള്‍, സന്ധ്യയായാല്‍ പൂവ്വടയും പാല്‍പ്പായസവും പഴനുറുക്കും ഉണ്ടാക്കി പൂജിച്ച്, ഓണ നിലാവില്‍ ചാണകം തേച്ച് മിനുക്കിയ മുറ്റത്തുനിന്ന് ആര്‍പ്പുവിളിച്ച്  മാവേലിമന്നനെ എതിരേല്‍ക്കും. ഇങ്ങനെ പഴയ ഓരോ കാര്യങ്ങളും ഓര്‍ത്ത്  ഓണനിലാവിനെ നോക്കി ഇരിയ്ക്കുമ്പോള്‍ ദേവിടീച്ചര്‍ ഓര്‍ത്തുപോയി. ഏതോ ഒരു ശബ്ദം കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടുകൊണ്ട് കാതോര്‍ത്തു. 'മനുഷ്യന്‍ പല കാര്യങ്ങള്‍ മറന്നാലും പ്രകൃതി തന്റെ കൃത്യനിര്‍വ്വഹണം തെറ്റിയ്ക്കാറില്ല'. പൂനിലാവിനെയും,  പുഞ്ചിരി പൂക്കളെയും, പ്രണയ മഴയെയും, ഹരിതഭൂമിയെയും ഇഷ്ടപ്പെട്ടിരുന്ന ആ പഴയ പാട്ടുകാരി ദേവി വര്ഷങ്ങള്ക്കു പുറകിലുള്ള ഓര്‍മ്മയുടെ പറുദീസയിലേയ്ക്ക് യാത്രയായി.

"ഈ ഉത്രാട രാത്രിയില്‍ ആ ശബ്ദത്തിനായി കാതോര്‍ക്കണ്ട. ആ തുകിലുകള്‍ ഇനി ശബ്ദിയ്ക്കില്ല. പാണന്‍ നാരായണന്‍ നമ്മോടു വിടപറഞ്ഞിട്ട് കാലങ്ങളായി. മക്കളൊക്കെ ഇന്ന് ഗവണ്മെന്റ് ഉദ്ദ്യോഗസ്ഥരാണ്. പാണന്‍ പാട്ടു പാടി ഉത്രാട രാത്രിയില്‍ തുകിലുണര്‍ത്തുവാനൊന്നും അവരെ ഇനി പ്രതീക്ഷിയ്ക്കണ്ട" നിലാവെളിച്ചത്തില്‍ വിളിച്ചുപറഞ്ഞു നടന്നടുക്കുന്ന വിക്രമേ.ട്ടന്റെ രൂപം ദേവിടീച്ചര്‍ ശ്രദ്ധിച്ചു.

വര്ഷങ്ങള്ക്കു മുന്‍പ്, എല്ലാ പൊരുത്തത്തെക്കാളും മനസ്സിന്റെ പൊരുത്തമാണ് എന്ന് തന്റെ അച്ഛനമ്മമാര്‍ തിരിച്ചറിയാതെ പോയതിനാല്‍ തനിയ്ക്ക് നഷ്ടപ്പെട്ട ആത്മാര്‍ത്ഥ സ്‌നേഹം, എന്റെ വിക്രമേട്ടന്‍ ഇന്നും എന്റെ മനസ്സറിയുന്നു. വര്ഷങ്ങള്ക്കു മുന്നെ ആ മനസ്സില്‍ നിന്നും ദൂരെ ദൂരെ പറന്നകന്നു മറ്റൊരു ഇണപക്ഷിയ്‌ക്കൊപ്പം കൂടുതീര്‍ത്തിട്ടും, ഇന്നും   ഈ മരക്കൊമ്പിലെന്തേ തനിയെ ഇരുന്നു പാടുന്നു ???     


Join WhatsApp News
അഭ്യുദയകാംഷി 2020-01-24 12:12:06
കഥ നന്നായിരിക്കുന്നു. അവതരണം നന്ന്.
Das 2020-01-25 00:39:14
Awesome Jyoti ! Though imaginary, the lively character & role model involves are amazing overall; thus proving your aptitude to the bestest in creation & to remain ‘JAN PRIYA’ in this platform. Keep doing awesome ! Best wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക