അയാളെ മാത്യു നമുക്കു എന്നു വിളിക്കാം. രണ്ട് പതിറ്റാണ്ടായി അറിയാം. ഒരു ബിസിനസ് കാര്യം അറിയാന്‍ വിളിച്ചതാണ്.
അത് പറയും മുന്‍പ് അയാള്‍ ചോദിച്ചു. കേരളത്തിലെ കാര്യമൊക്കെ അറിഞ്ഞോ?
എന്ത്?
'അവിടെ 5000 ക്രിസ്ത്യാനി പെണ്ണുങ്ങളെ മതം മാറ്റി സിറിയക്കു കടത്തി.'
ഇതൊരു പച്ച നുണ എന്നു പറയാന്‍ അയാള്‍ സമ്മതിക്കുന്നില്ല. അതിനു മുന്‍പ് നിങ്ങള്‍ ഒക്കെ ഇങ്ങനെ ആയാല്‍ എങ്ങനെയാ എന്നു വളരെ വികാരപരമായ ചോദ്യം.
മലപ്പുറത്തും കോഴിക്കോടുമണു ഇതിന്റെ കേന്ദ്രം. ഇപ്പോള്‍ അങ്ങോട്ട് മറ്റാര്‍ക്കും പോകാനൊന്നും പറ്റുന്ന സ്ഥിതിയല്ല- അയാള്‍ പറഞ്ഞത് കോഴിക്കോട്ടുകാരനായ ഈയുള്ളവന്‍ നിഷേധിച്ചിട്ടും അയാള്‍ക്ക് കുലുക്കമൊന്നുമില്ല.
'ലബനനെപറ്റി അറിയാമോ? അതൊരു െ്രെകസ്തവ രാജ്യമായിരുന്നു. രണ്ടു മാസം മുന്‍പ് രാജ്യത്ത് ശരി അത്ത് നിയമം വന്നു. ഇപ്പോള്‍ അവിടെ മുസ്ലിം ഭൂരിപക്ഷം. വത്തിക്കാനിലും 60 ശതമാനം മുസ്ലിംകളാണ്. മാര്‍പാപ്പ വിളിച്ചു കയറ്റിയതാണ്.'
അത് എങ്ങനെ? ആകെ 108 ഏക്കറാണ് വത്തിക്കാന്‍. അവിടെ ഏതാനും പള്ളിയും കോണ്‍വെന്റും ഒക്കെയാണുള്ളത്. അത് എങ്ങനെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാകും?
'ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ 8 കോടിയായിരുന്നു മുസ്ലിം ജനസംഖ്യ. ഇപ്പോഴത് 30 കോടിയായി.'
അതിന്റെ പകുതിയാണു മുസ്ലികള്‍ എന്നാണു കേട്ടിരിക്കുന്നത്. രണ്ട് കുട്ടികള്‍ എന്ന നിയമം നടപ്പാക്കണമെന്നു അര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്ത് കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്
ഒന്നു കൂടി അയാള്‍ പറഞ്ഞു, ക്രിസ്ത്യാനികള്‍ ഹിന്ദുക്കളുടെ കൂടെ തന്നെ നില്ക്കണം. മുസ്ലിംകളെയാണു ക്രിസ്ത്യാനികള്‍ പേടിക്കേണ്ടത്. ക്രിസ്തു പറഞ്ഞത് അയല്ക്കാരനെ സ്‌നേഹിക്കാനാണ്. മുസ്ലിം വിശ്വാസം അങ്ങനെയല്ല.'
ഇന്നേ വരെ രാഷ്ട്രീയമായി എന്തെങ്കിലും അഭിപ്രായമുള്ള ആളാണു പ്രസ്തുത വ്യക്തി എന്നു തോന്നിയിട്ടില്ല. പക്ഷെ പെട്ടെന്ന് ഇസ്ലാമിക വിരുദ്ധനായി മാറിയിരിക്കുന്നു.
ലവ് ജിഹാദിനെപറ്റി കരുതിയിരിക്കണമെന്നു സീറൊ മലബാര്‍ സിനഡ് പറഞ്ഞത് മുസ്ലിംകളെ മാത്രമല്ല ക്രിസ്ത്യാനികളെയും പ്രകോപിപ്പിച്ചിരിക്കുന്നു എന്നു വ്യക്തം.
ലവ് ജിഹദ് എന്ന ഒന്നില്ലെന്നും മതം മാറ്റം നിരോധിക്കണമെന്നും കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമി കച്ചവടം മറക്കാനാണു ഈ ആരോപണമെന്നുമെല്ലാം എം.ഇ.എസ്. നേതാവ് ഫസല്‍ ഗഫൂര്‍ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പറയുന്നത് കേട്ടു. ഫെയ്‌സ്ബുക്കില്‍ പല മുസ്ലിംകളുടെ കമന്റുകളും വീഡിയോയും കണ്ടു.
ലവ് ജിഹാദ് ഉള്ളതായി ഈയുള്ളവനും വിശ്വസിക്കുന്നില്ല. കാരണം അങ്ങേയൊന്നു അറിവില്‍ പെട്ടിട്ടില്ല. ഡോ. ഫസല്‍ ഗഫൂറിന്റെ അറിവിലും അത് വന്നു പെട്ടിട്ടുണ്ടാവില്ല. അതു കൊണ്ട് അത് ഇല്ല എന്ന് പറയാമോ?
ഒരു ചോദ്യ പേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ ആരുടെയെങ്കിലും കൈ വെട്ടുമെന്ന് കേരളത്തില്‍ ആരെങ്കിലും നേരത്തെ കരുതിയിരുന്നോ?
ചെറുപ്പക്കാര്‍ മതം നോക്കാതെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും നല്ലതാണ്. അങ്ങനെ വിവാഹം നടക്കുമ്പോള്‍ സ്ത്രീകള്‍ സാധാരണയായി പുരുഷന്റെ മതത്തിലേക്കു മാറുകയാണ് ചെയ്യുന്നത്. ചുരുക്കം ചിലര്‍ മതം മാറാതെ നില്‍ക്കും. മതമേതായാലും വിവാഹം നടന്നാല്‍ മതി.
പക്ഷെ ഇവിടെ പേടിപ്പിക്കുന്ന ഒരു വസ്തുത ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടുന്നു. സിറിയയിലേക്ക് ഭീകരസംഘടനയായ ഐ.എ.എസിലേക്കു ചേരാന്‍ പോയ 20 പേരില്‍ പകുതി മതം മാറിയ ക്രിസ്ത്യന്‍ യുവാക്കളും യുവതികളുമാണത്രെ.
ആണോ? എങ്കിലത് നിസാര കാര്യമാണോ? പ്രണയിക്കുന്നതും വിവാഹം കഴിച്ച് ജീവിക്കുന്നതും മനസിലാക്കാം. പക്ഷെ ഭീകര സംഘടനയില്‍ ചേരുന്നതൊ?
അതോ ആര്‍.എസ്.എസിനെ പ്രീണിപ്പിക്കാനാണോ ബിഷപ്പുമാര്‍ ഇങ്ങനെ പറഞ്ഞത്?