MediaAppUSA

ഭൂമിയെ സ്പര്‍ശിക്കാത്ത കുഞ്ഞു കാലടികള്‍ (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 7: മിനി വിശ്വനാഥന്‍)

Published on 09 February, 2020
ഭൂമിയെ സ്പര്‍ശിക്കാത്ത  കുഞ്ഞു കാലടികള്‍ (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 7: മിനി വിശ്വനാഥന്‍)
ലിവിങ്ങ് ഗോഡസ്സ് ആണ് കുമാരി ദേവിയെന്നും, ദര്‍ശന സമയത്ത് ഇവിടെ എത്താന്‍ കഴിഞ്ഞത് നിങ്ങളുടെ ജന്മാന്തര പുണ്യമാണെന്നും പറഞ്ഞു  വഴി കാണിച്ചു കൊണ്ട് ഗൈഡ് മുന്നിലേക്ക് നടന്ന് തുടങ്ങി.

ബസന്ത്പുര്‍ ദര്‍ബാര്‍ സ്ക്വയറിലെ െ്രെതലോക്യ മോഹന നാരായണ ക്ഷേത്രത്തിന് എതിര്‍ വശത്താണ് കുമാരിഘര്‍ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഭൂകമ്പത്തില്‍  നശിച്ച് പോയ വളരെ പുരാതനവും പ്രശസ്തവുമായ ഒന്നായിരുന്നു ആ വിഷ്ണു ക്ഷേത്രം. അതിനു മുന്നില്‍ ഒറ്റക്കല്ലില്‍ കൊത്തിവെച്ച ഒരു  ഗരുഡശില്പമുണ്ട്. പുരുഷന്റെ മുഖവും ഗരുഡന്റെ ചിറകുകളുമുള്ള ഒരു മനോഹര ശില്പം. ക്ഷേത്രങ്ങളിലെ കൊടിമരങ്ങള്‍ക്ക് സമാനമായ തൂണുകളിലും ഇത്തരം ശില്പങ്ങള്‍ കാണാം. ഹിന്ദു ബുദ്ധിസ്റ്റ് ആരാധനാക്രമങ്ങള്‍ കൈകോര്‍ത്ത് നില്‍ക്കുന്നവയാണ് ഇവിടത്തെ പല ആചാര അനുഷ്ടാനങ്ങളും .

ഈ പുരാതന ക്ഷേത്രത്തിനും പഴയ കൊട്ടാരത്തിനും ചുറ്റുമായാണ് മറ്റ് ക്ഷേത്രങ്ങളും കെട്ടിടങ്ങളും പരന്ന് കിടക്കുന്നത്. പുനര്‍നിര്‍മ്മിക്കാനാവാത്ത വിധം നശിച്ച് പോയിരുന്നു ആ ക്ഷേത്രം. ചിതറിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഗൈഡ് സങ്കടത്തോടെ പറഞ്ഞു ഇനിയീ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തോടെ പുതിയ ഒരു ചരിത്രം ഇവിടെ  ആരംഭിക്കുകയാണ്. ശരിയാണ്, ചരിത്രം ഒഴുകുന്ന പുഴ പോലെ തന്നെയാണ്. കാലങ്ങളോളം തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന ഒരു പ്രക്രിയ.

മഴക്കാറുകളൊന്നുമില്ലാതെ അന്തരീക്ഷം തെളിഞ്ഞു തുടങ്ങിയിരുന്നു.. ഞങ്ങളും തിടുക്കത്തില്‍ കുമാരീദേവിയുടെ കൊട്ടാരം ലക്ഷ്യമാക്കി നടന്നു.

നടക്കുന്ന വഴി അയാള്‍ ദേവിയുടെ കഥകള്‍ പറഞ്ഞു തന്നു.
ഹിന്ദു ദേവതയായ ദുര്‍ഗാദേവിയുടെ
പുനര്‍ജന്മമായാണ് ഹിമാലയ താഴ്വരയില്‍ പൂര്‍ണ്ണചന്ദ്രമാസത്തില്‍ ശാക്യ കുലത്തില്‍ ഒരു പെണ്‍കുട്ടി ജനിക്കുന്നത് എന്നാണ് നേപ്പാള്‍ ജനത വിശ്വസിക്കുന്നത്.

മതപുരോഹിതരുടെ സൂക്ഷ്മപരിശോധനയില്‍ നിന്നാണ് ദേവി സ്ഥാനം അലങ്കരിക്കാനുള്ള പെണ്‍കുട്ടികളുടെ  തിരഞ്ഞെടുപ്പ് നടക്കുന്നത്. ശരീരത്തില്‍ യാതൊരുവിധ അടയാളങ്ങളോ പാടുകളോ ഇല്ലാത്ത; മുറിവുകള്‍പറ്റാത്ത നാല് വയസ് പ്രായം മുതലുള്ള പെണ്‍കുട്ടികളെ ദേവീ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതും കഠിനമായ ആചാരക്രമങ്ങള്‍ പാലിച്ചാണ്. പെണ്‍കുട്ടിക്ക് മുപ്പത്തി രണ്ട് ഗുണവിശേഷങ്ങള്‍ ഉണ്ടായിരിക്കണം. നേപ്പാള്‍ രാജാവിന്റെ ജാതകവുമായി പൊരുത്തപ്പെടണം. ഇങ്ങനെ തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികള്‍ ബലി അര്‍പ്പിച്ച ചോരയൊലിക്കുന്ന മൃഗശിരസുകള്‍ നിറഞ്ഞ ഒരു മുറിയില്‍ ഒരു രാത്രി കഴിച്ച് കൂട്ടേണ്ടി വരും. കരയുകയോ ബഹളം വെക്കുകയോ ചെയ്യാതെ ഒരു രാത്രി ആ മുറിയില്‍ കഴിഞ്ഞ പെണ്‍കുട്ടികള്‍ കുമാരീദേവീ സ്ഥാനത്തിന് അര്‍ഹരാവുന്നു.  അവരുടെ പാദങ്ങള്‍ ഭൂമിയെ സ്പര്‍ശിക്കാന്‍ പാടില്ല. മാതാപിതാക്കന്‍മാരുമായോ സ്വ കുടുംബവുമായോ യാതൊരു ബന്ധവും പിന്നീടുണ്ടാവില്ല. പിന്നീട് അവര്‍ രാജ്യത്തിന്റെ സ്വത്താണ്. കഥകള്‍ കേട്ട് വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഞങ്ങള്‍ കൊട്ടാരത്തില്‍ എത്തിയത്.

നേപ്പാളിന്റെ പാരമ്പര്യ വാസ്തുശില്പ രീതിയില്‍ കേരളത്തിലെ നാല് കെട്ടുകള്‍ക്ക് സമാനമായ നടുമുറ്റത്തോട് കൂടിയ  കെട്ടിടമായിരുന്നു ആ കൊട്ടാരം. മുറ്റത്ത് തുളസിത്തറ പോലെ ഒരു നിര്‍മ്മിതിയും  അതില്‍ തുളസി പോലെ പവിത്രമായ ചെറിയ വെള്ള പൂക്കള്‍ വിരിയുന്ന ഒരു ചെടിയും വളരുന്നുണ്ടായിരുന്നു. താഴെ മഞ്ഞളും കുങ്കുമവും ചാര്‍ത്തി ആരാധിക്കുന്ന താന്ത്രിക രൂപവും. ഹിന്ദു ബുദ്ധിസ്റ്റ് രീതികള്‍ ഒത്തുചേര്‍ന്നാണ് അവിടത്തെ പൂജയും പ്രാര്‍ത്ഥനാ രീതികള്‍ എന്നതിന് തെളിവായിരുന്നു തുളസിത്തറയും അതിന് താഴെയുള്ള വിളക്ക് മാടവും.

ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയേഴില്‍ രാജാ ജയപ്രകാശ് മല്ല നിര്‍മ്മിച്ചതാണ് ഇന്ന് കാണുന്ന  കൊട്ടാരം. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച മൂന്ന് നിലകളുള്ള  ആ കൊട്ടാരം ജീര്‍ണ്ണിച്ചു തുടങ്ങിയിരുന്നു. മരത്തില്‍ സൂക്ഷ്മമായ കൊത്ത് പണികള്‍ ചെയ്ത ജാലകങ്ങളും വാതിലുകളും നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഭൂമി കുലുക്കത്തിലുണ്ടായ ആഘാതത്തില്‍ നിന്ന് താത്കാലിക രക്ഷക്കായി മരം കൊണ്ട്  നാലു ഭാഗത്ത് നിന്നും താങ്ങ് കൊടുത്തിട്ടുണ്ടായിരുന്നു. കെട്ടിടത്തിന്റെ ചുവരുകളുടെ പ്രധാന ഭാഗം കൊത്ത് പണികള്‍ ചെയ്ത് മനോഹരമാക്കിയ അഴിക്കൂടുകള്‍ ആയിരുന്നു. പക്ഷേ എനിക്കെന്തോ ദേവി വസിക്കുന്ന ആ കൊട്ടാരത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ വലിയ സങ്കടം തോന്നി. ദൈവം പോലും നിസ്സഹായയിപ്പോയല്ലോ പ്രകൃതിക്ഷോഭത്തിനു മുന്‍പില്‍ എന്നൊരു സങ്കടം മനസ്സിനുള്ളില്‍ വെറുതെ കടന്നുവന്നു.

നാലുകെട്ടിന്റെ പടികളില്‍ അക്ഷമരായി മുകളിലെ കിളിവാതിലിന് നേരെ നോക്കിക്കണ്ട് വിദേശികളടങ്ങുന്ന ജനക്കൂട്ടം ക്ഷമയോടെ കാത്തിരുന്നു. ആരും ശബ്ദമുണ്ടാക്കാനും  ഫോട്ടോ എടുക്കാനും പാടില്ലെന്നും താഴെ നിന്ന് ഗൈഡ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. ദേവീ ദര്‍ശനം സുഗമമായ  നല്ല ഒരു സ്ഥാനത്തേക്ക് ഞങ്ങളെ മാറ്റിനിര്‍ത്തി അയാള്‍. ദേവിയുടെ നോട്ടം നമ്മളില്‍ പതിയുന്നതിനും പല അര്‍ത്ഥങ്ങള്‍ ഉണ്ടെന്നും അയാള്‍ പറഞ്ഞു. നമുക്ക് നേരിട്ടു കാണാനാവുന്ന സമയത്തും ദേവിയുടെ ഭാവമാറ്റം നമ്മെ ബാധിക്കും. ദേവി കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യുകയാണെങ്കില്‍ രാജ്യത്തിന് തന്നെ ആപത്ത് വരുന്നു എന്നാണ് വിശ്വാസം.

അല്പനേരത്തെ കാത്തിരിപ്പിന് ശേഷം മുകളിലെ കിളിവാതില്‍ തുറന്നു. ചിലര്‍ തിടുക്കപ്പെട്ട് ഉള്ളില്‍ നീങ്ങുന്ന കാഴ്ചകള്‍ പുറത്ത് നിന്ന് കാണാനായി. താഴെ നിന്ന് ഗൈഡ് ആളുകള്‍ കാത്തിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കകം ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച് ഭംഗിയായി ഒരുങ്ങിയ, വാലിട്ടു കണ്ണെഴുതിയ ഒരു അഞ്ച് വയസോളം പ്രായമുള്ള കുഞ്ഞു കുമാരി മുകളിലെ ജനാലയ്ക്കല്‍ പ്രത്യക്ഷപ്പെട്ടു. കാണികള്‍ക്കിടയില്‍ നിന്ന് ആശ്ചര്യസൂചകമായ ശബ്ദങ്ങള്‍ ഉയര്‍ന്നു. തുടുത്ത കവിളുകളുള്ള പാവക്കുട്ടിക്ക് സമാനയായ ആ കുഞ്ഞ്  തല പുറത്തേക്കിട്ട് ഗൗരവപൂര്‍ണ്ണമായ നിസ്സംഗതയോടെ  നാലുഭാഗത്തും കണ്ണോടിച്ചു. കുഞ്ഞിന് നേരെ അവിടെ കൂടിയിരുന്ന വിദേശ സഞ്ചാരികളടക്കം കൈകൂപ്പി തൊഴുതു. നിമിഷങ്ങള്‍ക്കകം ആ മുഖം അകത്തേക്ക് വലിഞ്ഞു.

ഉച്ചയുറക്കത്തില്‍ നിന്നോ പാവക്കുട്ടികളുടെ ഇടയില്‍ നിന്നോ ആയിരിക്കും ആ കുഞ്ഞിനെ എടുത്ത് കൊണ്ട് വന്ന് ഒരുക്കിയിരിത്തിയിരിക്കുക എന്ന് തോന്നി എനിക്ക്. അവള്‍ക്ക് പുറം ലോകവുമായി ബന്ധമില്ലെങ്കിലും കൊട്ടാരത്തില്‍ അദ്ധ്യാപകര്‍ എത്തി അവളെ പഠിപ്പിക്കുമത്രെ. കാരണം ഋതുമതിയാവുന്നത് വരെ മാത്രമെ കുമാരി ദേവീ സ്ഥാനം ഉണ്ടാവുകയുള്ളു. പിന്നീട് ജീവിതത്തില്‍ തോറ്റു പോവാതിരിക്കാനാണ് ഇപ്പോള്‍ നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതെന്ന് ഗൈഡ് വിശദമാക്കി.
 ഭൂമിയെ സ്പര്‍ശിക്കാത്ത ആ കുഞ്ഞു കാലടികള്‍ മനസ്സില്‍ ചേര്‍ത്തുവെച്ച് വാത്സല്യത്തോടെ ഞാനൊന്ന് തലോടി. അവള്‍ക്ക് നഷ്ടപ്പെട്ട ബാല്യത്തിന് പകരം നല്‍കാനാവില്ല മറ്റെന്നും.

രണ്ട് വെളുത്ത സിംഹങ്ങള്‍ കാവല്‍ നില്ക്കുന്ന തലേജു ക്ഷേത്രത്തില്‍ വെച്ചാണ് കുമാരി ദേവിയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. തലേജു ക്ഷേത്രത്തെക്കാള്‍ ഉയരത്തില്‍ മറ്റ് നിര്‍മ്മിതികള്‍ പാടില്ല എന്നാണ് വിശ്വാസം. ആ

ക്ഷേത്ര പരിസരം കണ്ടപ്പോള്‍ ഉള്ളിലൊരു ഭീതി മിന്നല്‍ പോലെ കടന്നുവന്നു. കുറച്ച്  വര്‍ഷങ്ങള്‍ക്ക് മുന്നേയൊരു രാത്രി ഒരു കുഞ്ഞു ബാലിക കടന്ന് പോയ മാനസിക സംഘര്‍ഷങ്ങള്‍ മനസ്സിലേക്ക് തികട്ടി വന്നു എന്നതാണ് സത്യം. ഭവാനി ദേവിയാണ് ഇവിടത്തെ പ്രതിഷ്ട. ഭൂകമ്പം വലിയ രീതിയിലുള്ള കേടുപാടുകള്‍ വരുത്തിയില്ല വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജകള്‍ നടക്കുന്ന ഈ ക്ഷേത്രത്തിന് .

ദര്‍ബാര്‍ സ്ക്വയറിലെ ഓരോ കാഴ്ചയും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ക്ഷേത്രങ്ങളോട് ചേര്‍ന്ന ചില കെട്ടിങ്ങള്‍ പാരമ്പര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു , കൂട്ടത്തില്‍ പുരോഹിതരായ വീട്ടുടമകളെയും.

കാഴ്ചകള്‍ക്ക് ശേഷം ഞങ്ങള്‍ അവിടത്തെ തെരുവിലൂടെ അലഞ്ഞ് നടന്നു. ഷാളുകളും ചെറിയ സമ്മാനങ്ങളും വാങ്ങുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചുറ്റിക്കറങ്ങല്‍. ഭാഷയോ, രൂപയുടെ വിനിമനയക്കണക്കോ കൃത്യമായറിയാത്ത ഞങ്ങള്‍ വില പേശി സാധനം വാങ്ങാന്‍ ശ്രമിക്കുന്നത് കണ്ട കടക്കാരന് തന്നെ ദയവ് തോന്നി പരമാവധി  വില കുറച്ച് ഞങ്ങള്‍ക്ക് ഷാളുകള്‍ വിറ്റു. സീസണ്‍ അല്ലാത്തതാണ് വിലക്കുറവിന് കാരണമെന്നും അയാള്‍ തുറന്നു പറഞ്ഞു. വളരെക്കാലമായി കൊതിച്ച ഒറിജിനല്‍ പഷ്മിന ഷാളുകള്‍ സ്വന്തമായ സന്തോഷത്തില്‍ ഒരു ചായ ലക്ഷ്യമിട്ട് അലഞ്ഞതും, അതൊരു വന്‍ പരാജയമായതും മറ്റൊരു തമാശക്കഥയായിരുന്നു..

മോമോസും കൊക്കക്കോളയുമല്ലാതെ മറ്റെന്ത് ആവശ്യപ്പെട്ടാലും ചെറു കടക്കാര്‍ നമ്മളെ മൈന്‍ഡ് ചെയ്യുകയേ ഇല്ല. ചായപ്പൊടിക്കച്ചവടം തകൃതിയായി നടക്കുന്നുണ്ടെങ്കിലും നല്ല ഒരു ചായ കിട്ടാതെ ഞങ്ങള്‍ക്കവിടെ നിന്ന് മടങ്ങേണ്ടിവന്നു.

കുമാരീ ദര്‍ശനം തന്ന ഊര്‍ജ്ജം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് പശുപതിനാഥനേയും ഭാങ് മതിയെയും കാണാനൊരുങ്ങിക്കൊണ്ട് ഞങ്ങള്‍ തിരിച്ച് തമ്മലിലെ ഹോട്ടല്‍ മുറിയിലെത്തി. അടുത്ത ദിവസം രാവിലെ എത്താമെന്ന് പറഞ്ഞ് നരേഷും യാത്രയായി.

പശുപതി നാഥ് വിശേഷങ്ങളുമായി അടുത്ത ലക്കം.

ഭൂമിയെ സ്പര്‍ശിക്കാത്ത  കുഞ്ഞു കാലടികള്‍ (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 7: മിനി വിശ്വനാഥന്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക