Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍: 69 -ജയന്‍ വര്‍ഗീസ്)

Published on 15 February, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍: 69 -ജയന്‍ വര്‍ഗീസ്)
ജീവിത യാനത്തിലെ മറ്റൊരു മഹത്തായ വഴിത്തിരിവായിരുന്നു സ്റ്റാറ്റന്‍ ഐലന്‍ഡ് കെയര്‍ സെന്ററിലെ ജോലി. മുന്നൂറിലധികം ബെഡുകള്‍ ഉള്ള ഒരു വൃദ്ധ സദനമായിരുന്നു ആ സ്ഥാപനം. അമേരിക്കയിലെ വൃദ്ധരും, രോഗികളും വീട്ടില്‍ കിടന്നു നരകിക്കുന്നതിന് പകരം വയ്യാതെ വരുന്‌പോള്‍ ഇത്തരം നഴ്‌സിംഗ് ഹോമുകളില്‍ എത്തിപ്പെടുന്നു. ജീവിതത്തില്‍ സന്പാദ്യങ്ങള്‍ ഉള്ളവര്‍ക്ക് അത് മുടക്കിയും, ഒന്നുമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പോടെയും ഇവിടെ എത്തിപ്പെടാം. പിന്നീടുള്ള താമസവും, ഭക്ഷണവും, ചികിത്സയും, പരിചരണവും, വിനോദ പരിപാടികളും എല്ലാം നഴ്‌സിംഗ് ഹോം ഏറ്റെടുത്തു കൊള്ളും. വയസ്സായവരെ സീനിയര്‍ സിറ്റിസണ്‍സ് എന്ന് ബഹുമാനത്തോടെ വിളിക്കുന്ന ഈ രാജ്യം, സന്തോഷകരമായ ഒരു വാര്‍ദ്ധക്യം അവര്‍ക്ക് സമ്മാനിക്കുന്നതിനുള്ള ബഹു മുഖങ്ങളായ ധാരാളം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതില്‍ തികച്ചും മാതൃകാ പരമായ ഒന്നാണ് നഴ്‌സിംഗ് ഹോമുകള്‍.

മില്‍ട്ടണ്‍ ലുണ്ടുര്‍ എന്ന് പേരുള്ള ആഫ്രിക്കന്‍ വംശജനായ ഒരു അറുപത്തി രണ്ടു കാരനായിരുന്നു മെയിന്റനന്‍സ് ഡയറക്ടര്‍. ' ഹെയ്റ്റി ' എന്ന കരീബിയന്‍ ദരിദ്ര രാജ്യത്ത് ജനിച്ചു വളര്‍ന്ന ഇദ്ദേഹം യുവാവായിരിക്കുന്‌പോള്‍ അവിടുത്തെ ഭരണ കൂടത്തിനെതിരെ കലാപം ഉണ്ടാക്കുവാന്‍ ശ്രമിച്ച ഒരു ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, അധികാരികള്‍ പിടികൂടി നാടുകടത്തപ്പെട്ട ആ ഗ്രൂപ്പിനോടൊപ്പം പസഫിക് മഹാ സമുദ്രത്തിലെ പോളിനേഷന്‍ ദ്വീപുകളില്‍ ഒന്നില്‍ അകപ്പെട്ടു പോവുകയുമായിരുന്നു.

ഹെയ്റ്റി സര്‍ക്കാര്‍ നാടുകടത്തിയ ആ ഗ്രൂപ്പില്‍ പെട്ടവരെ അമേരിക്ക ഉള്‍പ്പടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ദെത്തെടുക്കുകയും, അതില്‍ അമേരിക്ക ദത്തെടുത്ത ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടാണ് മില്‍ട്ടണ്‍ അമേരിക്കന്‍ പൗരനായിത്തീര്‍ന്നത് എന്നുമുള്ള മില്‍ട്ടന്റെ കഥ ഞങ്ങളുടെ സ്വകാര്യ യാത്രകളില്‍ അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്.

കടുത്ത മനക്കരുത്തിന്റെ ഉടമയായിരുന്ന മില്‍ട്ടണ്‍. ഒരു ജോലിക്കാരന്‍ എന്നതിലുപരി നഴ്‌സിംഗ് ഹോമിന്റെ ഉടമയായിരുന്ന മിസ്റ്റര്‍ീ ലാഫ്ഫര്‍ എന്ന കോടീശ്വരനായ യഹൂദന്റെ ഉറ്റ മിത്രവും കൂടി ആയിരുന്നതിനാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പടെയുള്ള നഴ്‌സിംഗ് ഹോം ജീവനക്കാര്‍ മില്‍ട്ടനെ ബഹുമാനിക്കുകയും, സ്‌നേഹിക്കുകയും ചെയ്തിരുന്നു. മനുഷ്യരെ വലിപ്പച്ചെറുപ്പം കൂടാതെ  കാണുവാനുള്ള കഴിവും, മറ്റാരെയും കാള്‍ താന്‍ വലുതല്ല എന്ന ഭാവവും പുലര്‍ത്തിയിരുന്ന മില്‍ട്ടണ് കിച്ചന്‍ സൂപ്പര്‍ വൈസറായിരുന്ന ജെയിംസുമായി ഉണ്ടായിരുന്ന അടുപ്പം മൂലമാണ് കേവലം ആറുപേര്‍ മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ  മെയിന്റനന്‍സ് ക്രൂവില്‍ എന്നെക്കൂടി ഉള്‍പ്പെടിത്തുവാന്‍ ദയവ് കാണിച്ചത്.

ജമൈക്കയില്‍ നിന്ന് വന്നിട്ടുള്ള ആന്റണി എന്ന  ടോണി, കൊളംബിയന്‍ യുവാവായ ജെയ്മി, പെയിന്റിങ്ങിന്റെ പ്രത്യേക ചുമതലയുള്ള ഹോണ്ടൂറാസ് കാരന്‍ ലൈനര്‍, പോര്‍ട്ടോറിക്കോയില്‍ നിന്നുള്ള ബൊനീജാ എന്നിവരായിരുന്നു എന്റെ സഹ ജോലിക്കാര്‍. ബില്‍ഡിംഗ് മെയിന്റനന്‍സ് മുതല്‍ മെഷീനറിയുടെ മെയിന്റനന്‍സ് വരെയുള്ള അതി സങ്കീര്‍ണ്ണമായ ജോലികളില്‍ യാതൊരു മുന്‍ പരിചയവുമില്ലാതിരുന്ന ഞാന്‍ അത് പുറത്തറിയിക്കാതെയാണ് ജോലി ആരംഭിക്കുന്നത്. ആദ്യകാലങ്ങളില്‍ ടോണിയുടെയും, ജൈമിയുടെയും സഹായിയായി പോകുന്‌പോള്‍ അവര്‍ ചെയ്യുന്നത് അപ്പടി മനഃ പാഠമാക്കുവാന്‍ എനിക്ക് സാധിച്ചിരുന്നു. നാട്ടിലെ തോട്ടിലെ മണലും, പറന്പിലെ പാറക്കല്ലുകളുമെല്ലാം ഉപയോഗപ്പെടുത്തി അതി സുന്ദരമായ ഒരു കൊച്ചു വീട് പണിതെടുത്തതിന്റെ ആത്മ വിശ്വാസമായിരുന്നു എന്റെ വിലയേറിയ കൈമുതല്‍.

ക്രമേണ സ്റ്റാറ്റന്‍ ഐലന്‍ഡ് കെയര്‍ സെന്റര്‍ മെയിന്റനന്‍സ് ക്രൂവിലെ ഏറ്റവും നല്ല ഒരു വര്‍ക്കറായി ഞാന്‍ മാറി. ഇതിനകം ഇലക്ട്രിക്, പ്ലംബിംഗ്, ഫ്‌ലോറിംഗ്, കാര്‍പ്പെന്ററി, ടൈലിങ്, മെഷീനറി റിപ്പയറിങ് എന്നിവയെല്ലാം ഞാന്‍ പഠിച്ചെടുത്തു. ഏതെങ്കിലും ആവശ്യത്തിനായി ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ത്തന്നെ അതിനു ആന്‍സര്‍ ചെയ്യുന്ന ഒരു ശീലം ഞാന്‍ സൂക്ഷിച്ചിരുന്നതിനാല്‍ എല്ലാവരും ആദ്യം എന്നെ വിളിക്കാന്‍ ഉത്സാഹം കാണിച്ചിരുന്നു. കൂടാതെ സ്ഥാപനത്തിന്റെ ഉടമയായ മിസ്റ്റര്‍ ലാഫ്ഫാര്‍ ഒരു സിനഗോഗിന്റെയും, യഹൂദ പുരോഹിതരെ പരിശീലിപ്പിക്കുന്ന ( സെമിനാരി ) സ്ഥാപനത്തിന്റെയും ഉടമയും, പുരോഹിതനും ഒക്കെ ആയിരുന്നു എന്നത് കൊണ്ട് അവിടെ ഉണ്ടാവുന്ന  സങ്കീര്‍ണ്ണങ്ങളായ മെയിന്റനന്‍സ് പ്രശ്‌നങ്ങള്‍ക്ക് മില്‍ട്ടനെയാണ് വിളിച്ചിരുന്നത്. മില്‍ട്ടണ്‍ എല്ലായ്‌പ്പോഴും സഹായിയായി കൂട്ടിയിരുന്നത് എന്നെയും.

മിസ്റ്റര്‍ ലാഫ്ഫറുടെ മകളുടെ ഭര്‍ത്താവായ മിസ്റ്റര്‍ ഐസന്‍ ആയിരുന്നു അന്ന് കെയര്‍ സെന്ററിന്റെ അഡ്മിനിസ്‌ട്രേറ്റര്‍. ബ്രൂക്‌ലിനിലുള്ള കൊട്ടാരം പോലെയുള്ള ഒരു വലിയ വീടിന്റെ ഉടമയായിരുന്ന മിസ്റ്റര്‍ ഐസനും കുടുംബത്തിനും ആവശ്യം വരുന്ന മെയിന്റനന്‍സ് സഹായത്തിനായി മില്‍ട്ടനെയാണ് വിളിച്ചിരുന്നത്. സങ്കീര്‍ണ്ണമായ ഏതൊരു മെയിന്റനന്‍സ് പ്രശ്‌നത്തിന്റെയും മുന്നില്‍ അടി പതറാതെ മുന്നേറുന്ന മില്‍ട്ടണ്‍ അത് പരിഹരിച്ചിട്ടേ അവിടെ നിന്ന് മടങ്ങുകയുള്ളു എന്നതിനാല്‍ എപ്പോഴും മില്‍ട്ടന് കൈത്താങ്ങായി ഞാനുമുണ്ടാവും. ഞങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമകള്‍ ആയിരുന്നിട്ടു കൂടി മിസ്റ്റര്‍ ലാഫ്ഫറും, മിസ്റ്റര്‍ ഐസനും അവരുടെ കുടുംബങ്ങളും തങ്ങളുടെ അടുത്ത ബന്ധുക്കളെപ്പോലെയാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. ഞങ്ങള്‍ അവരുടെ ജോലികളില്‍ മുഴുകിയിരിക്കുന്ന സമയങ്ങളില്‍ മുടങ്ങാതെ ബ്രെക് ഫാസ്റ്റും, ലഞ്ചും ഒക്കെ അവരുടെ കൈകൊണ്ട് ഉണ്ടാക്കി നിര്‍ബന്ധിച്ച് ഞങ്ങളെക്കൊണ്ട് തീറ്റിച്ചിരുന്നു. വളരെ അപൂര്‍വമായേ അവര്‍ എന്നെ പേര് വിളിച്ചിരുന്നുള്ളു. ' മില്‍ട്ടന്‍സ് ഫ്രണ്ട് ' എന്നാണു എന്നെ എപ്പോളും വിളിച്ചിരുന്നത്. അഥവാ പേര് വിളിക്കുകയാണെങ്കില്‍ പേരിനു മുന്‍പില്‍ മിസ്റ്റര്‍ ചേര്‍ക്കാതെ ഒരിക്കലും അവര്‍ വിളിച്ചിരുന്നുമില്ല.

ന്യൂ ജേര്‍സിയിലെ ഇന്ത്യന്‍ മാടന്പിയുടെ കീഴില്‍ ജോലി ചെയ്തിരുന്ന കാലം ഇതുമായി ഞാനറിയാതെ താരതമ്യപ്പെടുത്തിപ്പോകും. ദുരഭിമാനത്തിന്റെ പുഴുത്തു നാറിയ വര്‍ണ്ണ ഭാണ്ഡവും തലയില്‍ പേറി നില്‍ക്കുന്ന ഇന്ത്യന്‍ സമൂഹം അത് വലിച്ചെറിഞ്ഞ് നഗ്‌ന പാദരായി  മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന പച്ച മനുഷ്യരാകുന്‌പോള്‍ മാത്രമേ, പത്രങ്ങളിലും, ചാനലുകളിലും ഭരണാധികാരികള്‍ ഛര്‍ദ്ദിക്കുന്ന  വികസനം എന്ന  'പുരോഗതി ' ഇന്നും അര വയറില്‍ മുണ്ടു മുറുക്കുന്ന ദരിദ്രരായ ഇന്ത്യന്‍ ജനകോടികള്‍ക്ക് അനുഭവേദ്യമാകുകയുള്ളു എന്ന് എനിക്ക് തോന്നിയിരുന്നു.

ഓരോ  പ്രശ്‌നങ്ങളും പരിഹരിക്കുന്‌പോള്‍ നൂറു ഡോളറില്‍ കുറയാത്ത ഒരു തുക ടിപ്പായി അവര്‍ ഞങ്ങള്‍ക്ക് തരുമായിരുന്നു. എത്ര കിട്ടിയാലും അതിന്റെ നേര്‍ പകുതി ( ഞാന്‍ വേണ്ടെന്നു പറഞ്ഞാലും. ) മില്‍ട്ടന്‍ എന്നെ കെട്ടിയേല്പിച്ചിരുന്നു. നേരത്തേ പണികള്‍ തീര്‍ന്നാലും ഉടനെ ഞങ്ങള്‍  മടങ്ങിപ്പോകില്ല. വലിയ ഭക്ഷണ പ്രിയനായിരുന്ന മില്‍ട്ടണ്‍ എന്നെയും കൂട്ടി രുചി വൈവിധ്യങ്ങള്‍ തേടി റെസ്‌റ്റോറന്റുകളില്‍ കയറിയിറങ്ങിയും, ആവശ്യമുള്ള സാധനങ്ങളുടെ പര്‍ച്ചേസിംഗുമായി ബ്രൂക്‌ലിനിലൂടെ കറങ്ങി നടക്കും. ജോലിയില്‍ നിന്ന് ഇറങ്ങുന്ന സമയത്തേ മടങ്ങിയെത്തുകയുള്ളു. മില്‍ട്ടന്റെയും, എന്റെയും ഈ സൗഹൃദം പതിവായി ശ്രദ്ധിച്ചിരുന്ന സഹ ജോലിക്കാര്‍, പ്രത്യകിച്ചും വനിതകളായ ജോലിക്കാര്‍ കളിയാക്കി ഞങ്ങള്‍ക്കൊരു പേര് നല്‍കിയിരുന്നു : " മില്‍ട്ടണ്‍ ആന്‍ഡ് സണ്‍ " എന്ന്.

സ്റ്റാറ്റന്‍ ഐലന്‍ഡ് കെയര്‍ സെന്ററിന്റെ കിച്ചനില്‍ ഡയറ്ററി എയിഡ് എന്ന തസ്തികയില്‍ ഭാര്യക്ക് വേണ്ടി ഒരപേക്ഷ ഞാന്‍ കൊടുത്തു. അപേക്ഷ പരിഗണിക്കപ്പെടുകായും, ഇന്റര്‍വ്യൂ നടത്തി ജോലിക്കെടുക്കുന്നതായി അറിയിക്കുകയും ചെയ്തു. ജോലി ആരംഭിക്കുന്നതിനു മുന്‍പ് ഒരു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ 'ഫിസിക്കല്‍ ഫിറ്റ്‌നസ് ' സര്‍ട്ടിഫിക്കേറ്റ് കൊടുക്കേണ്ടതുണ്ട്. ഡോക്ടറെ കണ്ട്  പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റും വാങ്ങിക്കൊടുത്ത് കാത്തിരുന്നു. സ്വാഭാവികമായും രണ്ടാഴ്ചക്കുള്ളില്‍ ജോലിക്ക് ഷെഡ്യൂള്‍ ചെയ്യേണ്ടതാണ്. പക്ഷെ ഒരു മാസമായിട്ടും വിളിക്കുന്നില്ല. എന്നെ കാണുന്‌പോള്‍ കിച്ചന്‍ ഡയറക്ടര്‍ മുഖം തിരിച്ചു നടക്കുകയാണ്. കാരണം ചോദിച്ചിട്ടു പറയുന്നുമില്ല. എന്തായാലും ജോലി കിട്ടുകയില്ലെന്ന് ഉറപ്പായി. രഹസ്യമായി ഞാന്‍ നടത്തിയ അന്വേഷണത്തില്‍ ഡയറക്ടറുടെ ' വാചകമടി '
സുഹൃത്തായ ഒരു മലയാളി വനിത ' രണ്ടുപേര്‍ക്കും ഒരു സ്ഥാപനത്തില്‍ ജോലി കൊടുത്താല്‍ പ്രശനമാവുമെന്നും, ഇപ്പോള്‍ത്തന്നെ ഡയറക്ടറുടെ സ്വഭാവ ശുദ്ധിയില്‍ ഭര്‍ത്താവായ ഞാന്‍ സംശയം പ്രകടിപ്പിച്ചത് താന്‍ കേട്ടുവെന്നും ' മറ്റും, മറ്റും ഈ വനിത കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയെ ജോലിക്കെടുക്കാത്തതെന്നും ഞാന്‍ മനസിലാക്കി. ബന്ധപ്പെട്ടവരുടെ കാലു പിടിച്ച് എത്രയോ മലയാളികള്‍ക്ക് ജോലി തരപ്പെടുത്തി കൊടുത്തിട്ടുള്ള എന്റെ ഭാര്യക്ക് ഒരു ജോലി ലഭിക്കുന്നതിന് തടസ്സമായി നിന്ന് പ്രവര്‍ത്തിച്ചത് ഒരു മലയാളി വനിത തന്നെ ആയിരുന്നു എന്നത്, മറ്റുള്ളവന്റെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന മലയാളിയുടെ സ്വഭാവം എത്ര കടല് കടന്നാലും മാറുകയില്ലെന്ന് ഒരിക്കല്‍ കൂടി മനസിലാക്കാന്‍ ഈ സംഭവം എന്നെ  സഹായിച്ചു.

കെയര്‍ സെന്ററിന്റെ തൊട്ടടുത്ത വളപ്പില്‍ ' ആന എറീക്കാ ' എന്ന പേരില്‍ ഒരു അഡള്‍ട്ട് ഹോം പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവേ അവശരല്ലാത്തവരും, സ്വന്തം കാര്യങ്ങള്‍ എണീറ്റ് നടന്നു നടത്താന്‍ കഴിയുന്നവരും ആണ് അവിടുത്തെ താമസക്കാര്‍. താമസവും,  ഭക്ഷണവും, നര്‍സിങ്ങും ഒക്കെ സൗജന്യമായിട്ടു കിട്ടും. ജോലി ചെയ്യാന്‍ കഴിയാത്തവരും, ജോലി ചെയ്യാന്‍ മടിയുള്ളവരും ഒക്കെയാണ് അവിടുത്തെ താമസക്കാര്‍. അവിടെയും ഇവിടെയുമായി ജോലി ചെയ്യുന്ന ഒരാഫ്രിക്കന്‍ യുവാവിനെ ലഞ്ച് റൂമില്‍ വച്ച് ഞാന്‍ പരിചയപ്പെട്ടു. മെഡിക്കല്‍ ഫിറ്റ്‌നസ് കൊടുത്തിട്ടു പോലും എന്റെ ഭാര്യ തിരസ്ക്കരിക്കപ്പെട്ട വിവരം ഒരു മലയാളിയോട് ഞാന്‍ പറയുന്നത് കേട്ടു കൊണ്ടാണ് അവന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു പരിചയപ്പെട്ടത്. 'ആന എറീക്ക ' യിലെ കിച്ചണില്‍ ജോലി തരപ്പെടുത്താമെന്ന് അവന്‍ ഏറ്റു. അങ്ങനെ അവന്റെ സഹായത്തോടെയും, ശുപാര്‍ശയോടെയും മേരിക്കുട്ടിക്കും ' ആന എറീക്ക ' യില്‍ ജോലിയായി.

ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വളരെ ഇഷ്ടപ്പെട്ട രണ്ടു ജോലികളായിരുന്നു ഇവ. ഒരു ഫാക്ടറിയില്‍ ജോലി ചെയ്‌യുന്‌പോള്‍ ഉല്‍പ്പാദനം എന്ന വലിയ സമ്മര്‍ദ്ദം നമ്മുടെ പിന്നിലുണ്ട്. നമ്മള്‍ എത്ര ചെയ്താലും പോരാ, പോരാ എന്നൊരു കുഴല്‍ വിളി നമ്മള്‍ കേട്ടുകൊണ്ടേയിരിക്കും. ഒരു മെയിന്റനന്‍സ് വര്‍ക്കര്‍ക്കു ഇങ്ങനെ ഒരു പ്രശ്‌നമില്ല. രാവിലെ നമ്മള്‍ ചെല്ലുന്‌പോള്‍ അന്നത്തേക്കുള്ള റിക്വസ്റ്റുകള്‍ നമ്മുടെ റിക്വസ്റ്റ് പോക്കാറ്റില്‍ ഉണ്ടാവും. അത് ഒരു ബള്‍ബ് മാറ്റിയിടാനാവാവാം, ഒരു സിങ്ക് ഫോസറ്റിലെ ചോര്‍ച്ചയാവാം, ഒരു ടൈല്‍ ഇളകിയതാവാം. അപൂര്‍വമായി ഒരു ടോയ്‌ലറ്റ് ക്ലോഗ്ഗ് ആയതാവാം. നമുക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ സഹ പ്രവര്‍ത്തകരെ വിളിക്കാം. പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞാല്‍ പിന്നെ പണിയില്ല. പിന്നെ വളരെ തന്ത്ര പരമായി നമുക്ക് വിശ്രമിക്കാം. അക്കാലത്ത്  ഞാന്‍ നടത്തിട്ടിട്ടുള്ള മിക്ക സാഹിത്യ രചനകളും ജോലിയിലെ ഇത്തരം സീറോ അവറുകളില്‍ സാധിച്ചിട്ടുള്ളതാണ്.

കിച്ചന്‍ ജോലി എന്ന് പറഞ്ഞാല്‍ ഓരോരുത്തരും ചെയ്യേണ്ട ജോലി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് ; അത് ചെയ്താല്‍ മതി. നമുക്ക് കൂടുതല്‍ കൈത്തഴക്കം വരുന്നതോടെ പകുതി സമയം കൊണ്ട് നമ്മുടെ ജോലികള്‍ തീര്‍ക്കാനാകും. മേരിക്കുട്ടിയുടെ ശ്രീലങ്കക്കാരായ കിച്ചന്‍ സുഹൃത്തുക്കള്‍ അവര്‍ക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കുന്ന രുചികരമായ ഭക്ഷണത്തിന്റെ ഒരു വീതം കിട്ടുകയും ചെയ്യും. പൊതുവെ ശന്പളം കുറവായ രണ്ടു ഫെസിലിറ്റികള്‍ ആയിരുന്നു ഇവകള്‍ എങ്കിലും മനസമാധാനത്തോടെ ജോലി  ചെയ്യുന്നതിനും, കിട്ടുന്ന പൈസ കൊണ്ട് ജീവിച്ചു കഴിഞ്ഞു ചെറിയൊരു സന്പാദ്യം സ്വരൂപിക്കാനും കഴിഞ്ഞിരുന്നു. ( ജോലിയും, ബിസിനസ്സും ഒരുമിച്ചു കൊണ്ട് പോകുന്നതില്‍ മേരിക്കുട്ടി വളരെ കഷ്ടപ്പെട്ടിരുന്നു. പല ദിവസങ്ങളിലും പാതിരാത്രി കഴിഞ്ഞാണ് അവള്‍ ഉറങ്ങിയിരുന്നത്. )

എന്റെ ഒഴിവു സമയങ്ങളില്‍ റെസിഡന്റ്‌സുമായി ചങ്ങാത്തം സ്ഥാപിക്കാനും, അവരുടെ ജീവിത വേദനകള്‍ പങ്കു വയ്ക്കുവാനും ഞാന്‍ ശ്രമിച്ചിരുന്നു. പല മലയാളി ജോലിക്കാരും ഈ വൃദ്ധരെ അവഗണിക്കുവാനും, അവരില്‍ നിന്ന് അകലം പാലിക്കാനുമാണ് ശ്രമിച്ചിരുന്നത്. അവര്‍ പണം വായ്പ ചോദിക്കുമെന്നും, പുറത്തു നിന്ന് സാധനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെടും എന്നുമൊക്കെയാണ് അവരുടെ പരാതി. കിളവന്‍, കിളവി, മുതലായ നമ്മുടെ പരന്പരാഗത സുന്ദര പദങ്ങള്‍ ഇവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ധാരാളമായി ഉപയോഗിക്കുവാനും നമ്മുടെ നാട്ടുകാര്‍ തീരെ മടി കാണിച്ചിരുന്നില്ല.

എന്റെ അന്വേഷണത്തില്‍ എത്രയോ ഉയര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്നവരാണ് ഇവരില്‍ പലരും എന്ന് മനസിലായി. മാര്‍പ്പാപ്പയുടെ സഹോദര പുത്രിയായിരുന്ന ഒരു മുത്തശ്ശി, ന്യൂയോര്‍ക്ക് സിറ്റി ലൈബ്രറിയുടെ ഹെഡ് ലൈബ്രെറിയന്‍ ആയിരുന്ന  മറ്റൊരു മുത്തശ്ശി, ഡോക്ടര്‍മാര്‍, ലോയര്‍മാര്‍, ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, സുവിശേഷ പ്രവര്‍ത്തകര്‍ എന്ന് തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രതാപത്തോടെ വിരാജിച്ചിരുന്ന സുന്ദരന്മാരും സുന്ദരികളും.  ഇന്ന് എല്ലുന്തി, പല്ലു കൊഴിഞ്ഞ്, കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ വാക്കറുകളിലും, വീല്‍ ചെയറുകളിലും നിരങ്ങി ജീവിത യാത്രയുടെ അവസാന മൈല്‍ക്കുറ്റിയിലേക്ക് അറിയാതെ കുതിക്കുന്ന പാവങ്ങള്‍. ( നാളെ നമുക്ക് വേണ്ടിയും ഈ വാക്കറുകളും, വീല്‍ ചെയറുകളും കാത്തിരിക്കുകയാണ് എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ടായിക്കണം, പലര്‍ക്കും ഇവരോട് പുച്ഛം തോന്നുന്നത് എന്നായിരുന്നു എനിക്ക് തോന്നിയിരുന്നത്. )

ഇവരില്‍ ചിലര്‍ ഒരു സോഡയോ, കാന്‍ഡിയോ വാങ്ങിക്കൊടുക്കാന്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഒരു ഡോളര്‍ തിരിച്ചു തരാനാവാത്ത  വായ്പ ചോദിച്ചേക്കാം, അവര്‍ക്ക് ദോഷം വരില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഇത് ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ നിഗമനം. ഒരാള്‍ വീഴുന്നത് കണ്ടാല്‍ തൊട്ടു പോകരുതെന്നും, നഴ്‌സിനെ വിളിക്കുകയേ പാടുള്ളു എന്നും നിയമമുണ്ടെങ്കിലും, അറിഞ്ഞും, അറിയാതെയും ഞാനിതു തെറ്റിക്കുകയും, അതിന്റെ പേരില്‍ ഒന്നിലധികം വാണിംഗുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് ഞാന്‍.
   


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക