അമ്പലമണികളുടെ സ്വര്‍ഗ്ഗീയ നാദങ്ങള്‍ക്കൊപ്പം മുഴങ്ങുന്ന പഞ്ചാക്ഷരി മന്ത്രത്തില്‍ (ഓം നമ: ശിവായ:) ഒരു രാവും ഒരു പകലും ദൈവീക ചൈതന്യമുള്‍ക്കൊള്ളുന്ന പുണ്യദിവസമാണു് മഹാശിവരാത്രി.. രാവിലെ പൂജകള്‍ ആരംഭിക്കുമെങ്കിലും രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പൂജകള്‍ക്കാണു് പധാനം. ഈ ദിവസം ബ്രഹ്മ, വിഷ്ണു, മഹേശ്വര എന്നീ ത്രീമൂര്‍ത്തികളില്‍ മഹേശ്വര എന്ന ശിവനെ ഭക്തര്‍ പൂജിക്കുന്നു. വിശുദ്ധ ത്രിമൂര്‍ത്തികളില്‍ സ്രുഷ്ടി നടത്തുന്ന ബ്രഹ്മാവ് തനിക്കാണു് മറ്റുള്ളവരില്‍ നിന്നും മഹത്വമെന്ന് അവകാശപ്പെട്ടപ്പോള്‍ സ്ഥിതി (സംരക്ഷണം) നടത്തുന്ന വിഷ്ണു അത് സമ്മതിക്കാന്‍ തയ്യാറായില്ല. അവര്‍ തമ്മില്‍ ഒരു തര്‍ക്കം ആരംഭിച്ചു. അപ്പോള്‍ അവരുടെ മുമ്പില്‍ ചുറ്റും ജ്വാലകളാല്‍ പൊതിഞ്ഞ ഭീമാകാരമായ ഒരു ലിംഗം പ്രത്യക്ഷപ്പെട്ടു. ഇതിനെ ജ്യോതിര്‍ലിംഗം എന്നറിയപ്പെടുന്നു. ആശ്ചര്യഭരിതരായ രണ്ട് പേരും അവരുടെ തര്‍ക്കം അവസാനിപ്പിച്ച് ആ ലിംഗത്തിന്റെ ആദിയും അന്തവും തേടി പോയി.
ബ്രഹമാവ് ഒരു ഹംസമായി മുകളിലേക്കും വിഷ്ണു ഒരു വരാഹമായി പാതാളത്തിലേക്കും അന്വേഷണം ആരംഭിച്ചു. എന്നാല്‍ അത് കണ്ടു പിടിക്കാനാകാതെ അവര്‍ വിഷണ്ണരായി.. വിഷ്ണു തോല്‍വി സമ്മതിച്ചു. ഹംസരൂപത്തില്‍ മുകളിലേക്ക് പറന്ന ബ്രഹ്മാവ് കുടവ്രുക്ഷത്തില്‍ പൂക്കുന്ന കേതകി എന്ന പൂവ്വ് ഉയരങ്ങളില്‍ നിന്നു താഴെ വീഴുന്നതു കണ്ടിരുന്നു. ബ്രഹ്മാവ് ചോദിച്ചപ്പോള്‍ ലിംഗത്തിന്റെ മുകളില്‍ അര്‍പ്പിക്കപ്പെട്ട പുഷപമാണൂ താനെന്ന് പറഞ്ഞു. ബ്രഹ്മാവിനു എത്ര മുകളിലേക്ക് പോയിട്ടും ലിംഗത്തിന്റെ ഉയര്‍ന്ന അറ്റം കാണാന്‍ സാധിച്ചില്ല. അതുകൊണ്ട് ബ്രഹ്മാവ് കേതകി പൂവ്വിനെ സ്വാധീനിച്ച് താന്‍ ലിംഗത്തിന്റെ മുഗള്‍ഭാഗം വരെയെത്തിയെന്ന് കള്ളം പറഞ്ഞു. പൂവ് ബ്രഹ്മാവിനെ പിന്താങ്ങി. ആ ലിംഗത്തില്‍ നിന്നും ശിവന്‍ പ്രത്യക്ഷപ്പെട്ട് താനാണു് അവരെയെല്ലാം സ്രുഷ്ടിച്ചതെന്നും തന്മൂലം ലിംഗരൂപത്തില്‍ തന്നെ ആരാധിക്കണമെന്നും അറിയിച്ചു. ശിവക്ഷേത്രങ്ങളില്‍ ലിംഗാരാധന അങ്ങനെ വന്നതാണു അല്ലാതെ പുരുഷദൈവമായ ശിവന്റെ ലിംഗത്തെയല്ല അതു അര്‍ത്ഥമാക്കുന്നത്. ശിവരാത്രിക്ക് ശേഷം വരുന്ന വസന്തക്കാലത്തില്‍ മരങ്ങള്‍ പുഷ്പ്പിക്കുന്നതു കൊണ്ട് ശിവലിംഗത്തെ പുഷ്ക്കലത്വത്തിന്റെ പ്രതീകമായി ചിലര്‍ കാണുന്നു. സൂക്ഷ്മവും, സ്ഥൂലവുമായ (micro-macro cosmic) ബ്ര്ഹമാണ്ഡത്തെയാണു ഈ ലിംഗം പ്രതിനിധീകരിക്കുന്നത്. ബ്രഹ്മാവ് കള്ളം പറഞ്ഞതു മനസ്സിലാക്കിയ ശിവന്‍ കോപിച്ചു ബ്രഹമാവിനെ ഭൂമിയില്‍ ആരും പൂജിക്കയില്ലെന്നും കേതകി പൂവ്വിനെ പൂജക്ക് എടുക്കയില്ലെന്നും ശപിച്ചു.
ഹിന്ദു പഞ്ചാംഗമനുസരിച്ച് ഫാല്‍ഗുനമാസത്തിലെ ക്രുഷ്ണപക്ഷത്തില്‍ മഹാശിവരാത്രി ആഘോഷിച്ചു വരുന്നു. ശിവരാത്രിയുടെ മാഹാത്മ്യത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ശിവന്റെ ശക്തിയെക്കുറിച്ചറിയണം. ശിവന്‍ സംഹാരകര്‍മ്മം നിര്‍വ്വഹിക്കുമ്പോള്‍ അതു സ്രുഷ്ടിക്ക് അവസരം ഉണ്ടാക്കുന്നു. തന്മൂലം ജനനവും മരണവും ശിവനില്‍ തന്നെ സ്ഥിതി ചെയ്യുന്നു. ശിവന്റെ നൃത്തം അന്യാപദേശത്തിന്റെ ഒരു ചിത്രപ്രദര്‍ശനമാണു്. നിരന്തരമായ അഞ്ചു ഊര്‍ജ്ജങ്ങളുടെ (സ്രുഷ്ടി, സ്ഥിതി, സംഹാരം, തിരോഭവം, അനുഗ്രഹം) ആവിഷ്ക്കരണമാണു്. ശിവന്റെ പ്രധാനമായ രണ്ടു ന്രുത്തമാണ് രുദ്രതാണ്ഡവം, ആനന്ദ താണ്ഡവം. ഊര്‍ജ്‌സ്വലമായ ഈ ന്രുത്തമാണൂ ചാക്രികമായ സ്രുഷ്ടി, സ്ഥിതി, സംഹാരത്തിന്റെ സ്രോതസ്സ്. ശിവരാത്രിദിനത്തില്‍ ശിവന്‍ താണ്ഡവന്രുത്തം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. ശിവന്‍ താണ്ഡവന്രുത്തം അഥവാ സ്രുഷ്ടി, സ്ഥിതി, സംഹാരന്രുത്തം ചെയ്ത രാത്രിയാണു ശിവരാത്രിയായി ആചരിക്കപ്പെടുന്നത്. പാലാഴി മഥനസമയത്ത് വാസുകി ഛര്‍ദ്ദിച്ച കാളകൂട വിഷം ശിവന്‍ പാനം ചെയ്ത് ലോകത്തെ രക്ഷിച്ചതിന്റെ ഓര്‍മ്മക്കായും ശിവരാത്രി ആഘോഷിക്കുന്നു...
ബ്രുഹ്ദാരണ്യക ഉപനിഷ്ത്ത് പ്രകാരം പുരുഷ എന്ന ആദിബീജം രണ്ടായി പിരിഞ്ഞ് പുരുഷനും (ആണ്‍) പ്രക്രുതിയും (പെണ്‍) ഉണ്ടായിയെന്ന് വിശ്വസിക്കുന്നു. ശിവന്റെ ഏറ്റവും പ്രധാനമായ പ്രതിമരൂപങ്ങളില്‍ ഒന്നാണു് അര്‍ദ്ധനാരീശ്വര രൂപം. അര്‍ത്ഥവും വാക്കും പോലെ ശിവനും ശക്തിയും (പാര്‍വ്വതി) വേര്‍പെടുത്താനാവാത്ത ഇണകളാണു. ഇതു ഭാരതീയമായ അര്‍ദ്ധനാരീശ്വരസങ്കല്‍പ്പമാണു്. ആധുനിക ശാസ്ര്തം പരമാണുവിന്റെ രണ്ടു ഘടകങ്ങളായി ഇലട്രോണും, പ്രൊടോണും കണക്കാക്കുന്ന പോലെയാണു് ശിവ-ശക്തിയെന്നാണു് സത്യസായിബാബയുടെ നിഗമനം. ഓം എന്ന പ്രണവമന്ത്രത്തിലും ശിവ-ശക്തി ഉള്‍ക്കൊള്ളുന്നുവെന്നു അദ്ദേഹം പറയുന്നു.
കൃഷ്ണപക്ഷത്തില്‍ ശിവരാത്രി വരുന്നതുകൊണ്ട് ചന്ദ്രക്കല ചൂടുന്ന ദൈവത്തെ രാത്രി മുഴുവന്‍ ഭക്തര്‍ ആരാധിക്കുന്നത് അടുത്ത ദിവസം പൂര്‍ണ്ണചന്ദ്രനെ കാണാമെന്ന വിശ്വാസത്തിലാകാം.ഒരു രാത്രി മുഴുവന്‍ ശിവനെ ആരാധിക്കുന്നതിന്റെ പുറകില്‍ ഒരു ഐതിഹ്യമുണ്ടു. അതിങ്ങനെ - ശിവഭക്തനായ ഒരു മനുഷ്യന്‍ വിറക് വെട്ടാന്‍ പോയി വഴിതെറ്റി കാട്ടില്‍ അകപ്പെട്ടു. നേരം ഇരുട്ടുകയും ചെയ്തു. വന്യമ്രുഗങ്ങളുടെ മുരള്‍ക്ലയും, ഗര്‍ജ്ജനവും ആ മനുഷ്യനെ ഭയപ്പെടുത്തി. അയാള്‍ ഒരു മരത്തില്‍ കയറിയിരുന്നു. അങ്ങനെ ഇരുന്നു ഉറങ്ങിപോകുമോ എന്ന ഭയം മൂലം മരത്തിന്റെ ഓരൊ ഇല പറിച്ച് താഴേക്ക് ഇട്ടുകൊണ്ടിരുന്നു. അതേ സമയം ശിവനാമം ഉച്ഛരിക്കുകയും ചെയ്തുപോന്നു. ആ മരത്തിന്റെ ചുവട്ടില്‍ ഒരു ശിവലിംഗം ഉണ്ടായിരുന്നു. മന്ത്രോച്ഛാരണത്തോടെ അയാള്‍ താഴേക്കിട്ടിരുന്ന ഇലകള്‍ അര്‍ച്ചനപോലെ അതില്‍ വീണുകൊണ്ടിരുന്നു. ആ മരം കൂവള മരമായിരുന്നു. അതിന്റെ ഇല ശിവനു പ്രിയമുള്ളതുമായിരുന്നു. അയാള്‍ അറിയാതെ ചെയ്തതായിരുന്നെങ്കിലും ആയിരം ഇലകള്‍ അര്‍പ്പിച്ചു കഴിഞ്ഞിരുന്നു. തന്മൂലം അയാള്‍ക്ക് മോക്ഷപ്രാപ്തിയും പുണ്യവും നേടാന്‍ സാധിച്ചു.
ശിവരാത്രി ഒരു അനുഷ്ഠാനം മാത്രമല്ല. ഈ ദിവസത്തെ മനസ്സിലാക്കി അതനുസരിച്ച് പൂജാവിധികള്‍ ചെയ്യുകയും അതിന്റെ മഹത്വം അറിയുകയും ചെയുമ്പോള്‍ ആത്മീയമായ ഒരു ഉണര്‍വ് ലഭിക്കുകയും അജ്ഞതയുടെ ഇരുട്ടില്‍ നിന്നും അറിവിന്റെ പ്രകാശം കാണുകയും ചെയ്യുവന്‍ കഴിയും. വെറും അന്ധവിശ്വാസം കൊണ്ടു ചെയ്യുന്ന ചടങ്ങുകള്‍ക്ക് ഫലമുണ്ടാകുന്നില്ല. ഏകാഗ്രതയും, കര്‍മ്മനിരതയും, സത്യസന്ധതയുമാണു് വാസ്തവത്തില്‍ മനുഷ്യനു വിജയംനേടി കൊടുക്കുന്നത്. അത് ആര്‍ജ്ജിച്ചെടുക്കാനുള്ള കരുത്തു ലഭിക്കാന്‍ മനുഷ്യര്‍ ഒരു പക്ഷെ ഇത്തരം അനുഷ്ഠാനങ്ങള്‍ ആചരിച്ചു വന്നതാകാം.
ശുഭം