ചേര്‍ത്തല: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെന്‍ഷനേഴ്സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്തയോഗം ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കര്‍ഷക, ചെത്തു തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന കുട്ടനാട്ടില്‍ സിപിഎമ്മിന് ഏറെ സ്വാധീനമാണ് ഉള്ളത് . കുടുംബവകാശം പോലെ ചിലര്‍ സീറ്റ് കൂത്തകയാക്കി വച്ചിരിക്കുകയാണ് . ചെത്തുകാരേക്കാള്‍ നല്ലത് ബ്ലേഡ്കാരാണെന്ന് അഭിപ്രായപ്പെട്ട എന്‍സിപിക്ക് കുട്ടനാട്ടിലെ ചെത്തുകാരുടെ വോട്ട് അഭ്യര്‍ഥിക്കാന്‍ അര്‍ഹതയില്ലെന്നും' വെള്ളാപ്പള്ളി വ്യക്തമാക്കി .
'കേരള കോണ്‍ഗ്രസ് അധികാര ദുര്‍മോഹികളുടെ ആള്കൂട്ടമായി അധപതിച്ചു. വളരുംതോറും പിളരുന്ന ഇവര്‍ ഭരണത്തിലേറിയാല്‍ രാജ്യത്തെ നന്നാക്കാനല്ല സ്വയം നന്നാകാനാണ് ശ്രമിക്കുന്നത്. എല്ലാവരുടെയും കണ്ണ് വോട്ടു ബാങ്ക് രാഷ്ട്രീയത്തിലാണ് . ഭരണ പങ്കാളിത്വത്തില്‍ നിന്ന് പിന്നാക്കക്കാരനെ ആട്ടിപായിക്കാനാണ് മുന്നണികള്‍ മത്സരിക്കുന്നതെന്നും' വെള്ളാപ്പള്ളി നടേശന് പറഞ്ഞു.