കൊല്ലം : പള്ളിമണ്‍ ഇളവൂരില്‍ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പ്രദേശവാസികള്‍.
കുട്ടി അമ്മയില്ലാതെ ഒറ്റയ്ക്ക് പുറത്തുപോകാറില്ലെന്നും അതുകൊണ്ട് ഇത്തിക്കരയാറ്റിലേക്ക് കുട്ടി പോകാന്‍ സാധ്യതയില്ലെന്നും പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു.
'പൊലീസ് നായവരെ വന്ന് തെരഞ്ഞിട്ടും ഒന്നും കണ്ടില്ല. ഇന്നലെ വൈകിട്ടും രാത്രിയും തെരച്ചില്‍ നടന്നിരുന്നു. എന്നിട്ടും ഒന്നും ലഭിച്ചില്ല.
ഇന്ന് രാവിലെയാണ് മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്ന് ലഭിക്കുന്നത്. ആരെങ്കിലും മൃതദേഹം ആറ്റില്‍ കൊണ്ടിട്ടതായിരിക്കും'- പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.
സംഭവം നിര്‍ഭാഗ്യകരമാണെന്നും മറ്റേതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോയെന്ന് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പറയാന്‍ കഴിയുവെന്നും എന്‍.കെ പ്രേമചന്ദ്രന് എംപി പറഞ്ഞു.
കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തിയതിനാല്‍ അസ്വാഭാവികതയൊന്നുമില്ലെന്നും ദുരൂഹതകള്‍ക്കുള്ള സാധ്യതയും എംപി തള്ളി.