ഒരു സാഹിത്യ കൃതിക്ക് തീർച്ചയായും ഒരു ഉദ്ദേശ്യം
ഉണ്ടായിരിക്കും. കാലാനുസൃതമായി ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ കടന്നു പോകുന്ന
സാഹിത്യത്തിൽ - ആ രചനാ പ്രവൃത്തിയിൽ - കാലഘട്ടങ്ങളുടെ മുഖഭാവങ്ങൾ
പ്രതിഫലിക്കും. സ്ഥിതി ഭേദം സംഭവിക്കുന്ന ജീവിതത്തിന്റെ രൂപരേഖകൾ പതിയും.
മത രാഷ്ട്രീയ സാമൂഹ്യ ശക്തികളുടെ വെല്ലുവിളികൾ മുഴങ്ങും. നോർത്
അമേരിക്കയിലെ മലയാള സാഹിത്യ രംഗം പുഷ്ടമോദത്തോടെ വികസിക്കുന്നു. അവിടെ
,പുത്തൻ പുസ്തകങ്ങൾ പ്രകാശന രംഗത്ത് വന്നു. അവയിലൊന്നാണ് 'സുധീറിന്റെ
കഥകൾ', അമ്പത് കഥകളുടെ സമാഹാരം.
നോർത് അമേരിക്കയിലെ
മലയാള സാഹിത്യ വേദിയിൽ നിരൂപണ സാഹിത്യ ശാഖ സ്ഥാപിച്ചും രണ്ട് നിരൂപണ
ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചും മലയാള സാഹിത്യത്തിന്റെ സകല രംഗങ്ങളിലും
കടന്ന് നിരന്തരം എഴുതുന്ന സുധീറിന്റെ പുസ്തകത്തിന് നിരൂപണമില്ല, പിന്നെയോ
ഒരു വായനക്കാരന്റെ ആസ്വാദനം കുറിയ്ക്കുന്നു.
യൗവന
പ്രായത്തിൽ ജീവിതത്തിന്റെ ആ വസന്ത വേളയിൽ - ഹൃദയത്തിൽ സ്വപ്നങ്ങളാൽ കൂട്ട്
കൂടുന്ന വികാരമാണ് അനുരാഗം. അതിന്റെ സാഹസികവും സുഖദവുമായ സുന്ദര വഴികൾ
കണ്ണുനീരിലുമെത്താറുണ്ട്. എന്നാൽ, അനുരാഗം അനുഭവ സ്മരണയായി
പരിണമിക്കുമ്പോൾ, കാലം മാറിയാലും പ്രായമേറിയാലും നെഞ്ചിൽ നോവുകൾ നിറഞ്ഞു
നിൽക്കുമെന്നു സൂചന നൽകുന്ന മനോവികാരങ്ങളുടെ ആവിഷ്കാരം സുധീറിന്റെ
കഥാസമാഹാരത്തിലുണ്ട്.
മനുഷ്യജീവിതത്തിലെ
സുപ്രധാന കാമ്യ കർമ്മമാണ് വിവാഹം. അത് സംബന്ധിച്ച അന്വേഷണവും പഠനവും
വർദ്ധിക്കുന്നു. പുരാണ ആചാരങ്ങളെ അവഗണിച്ചും സ്വന്ത ഇഷ്ട പ്രകാരവും വിവാഹ
ഇണയെ സ്വീകരിക്കുന്ന പുത്തൻ തലമുറയുടെ പ്രവണത പടരുന്നു.അതു കൊണ്ടാവാം, ഏറെ
ദാമ്പത്യ കഥകൾ ഗ്രന്ഥകാരൻ രചിച്ചത്. അജ്ഞതയും അവിവേകവും നിരുത്തരവാദിത്വവും
മുഖാന്തിരം തകർച്ചയിലെത്തുന്ന പുരുഷന്റെ പങ്കാളിയായി ജീവിക്കേണ്ടി വരുന്ന
സ്ത്രീയുടെ കഷ്ടാനുഭവങ്ങളുടെ ഹൃദയഗ്രാഹിയായ കഥയുണ്ട്. സന്തുഷ്ടവും
സുരക്ഷിതവുമായ ദാമ്പത്യ ജീവിതത്തിന് പരസ്പര സഹകരണം അനിവാര്യമെന്നു
തെളിയിക്കുന്ന കൃതിയും സ്ത്രീയുടെ ചാരിത്ര്യ ശുദ്ധിക്ക് ഉത്തരവാദി
സ്ത്രീയല്ല, പുരുഷനാണെന്നു സ്ഥാപിക്കുന്ന ഹാസ്യാനുകരണവും ഉണ്ട്.പുരുഷ
സൗന്ദര്യത്തെ ഇഷ്ടപ്പെടുകയും വൈരൂപ്യത്തെ വെറുക്കുകയും ചെയ്യുന്ന
സ്ത്രീകളുടെ വിരുദ്ധ ഭാവങ്ങളും ഉള്ളവണ്ണം സാക്ഷാത്കരിച്ചു
ദമ്പതികളുടെ ജീവിതത്തെ സുദൃഢവും മധുരവുമാക്കുന്നത് ലൈംഗിക
ബന്ധമാണെന്നും അതിന്റെ അഭാവം അരുചികരമായ അനുഭവങ്ങൾക്കും ഉപേക്ഷണത്തിനും
കാരണമാകുമെന്നും ബുദ്ധിയുപദേശിക്കുന്നതാണ് മറ്റൊരു കഥ. ഭാര്യാ
ഭർത്താക്കന്മാരുടെ ആശയപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പരസ്പര സ്നേഹത്തിനും
വിശ്വാസത്തിനും സാധിക്കുമെങ്കിലും അവരുടെ ആസ്വാദന രീതികൾക്ക് വ്യത്യാസം
ഉണ്ടെന്നും ആത്മനിയന്ത്രണത്തിന്റെ അഭാവത്തിൽ സ്ത്രീകൾ സ്വാധീനപ്പെടുമെന്നും
ദൂര വീക്ഷണം നൽകുന്ന ഇതിവൃത്തമുണ്ട്.
സംഗമ
സംതൃപ്തിക്കുവേണ്ടി സാമൂഹ്യ നിയമങ്ങളെ നിഷേധിച്ചു ദുരാചാരം സ്ഥാപിക്കുന്ന
സ്വാത്ഥ ജനത്തെയും അസ്വതന്ത്രതയിൽ സ്ത്രീകളെ തളച്ചിടുന്ന മതങ്ങളെയും
ബഹുഭാര്യാത്വമുള്ള കുടുംബങ്ങളിൽ ഇണ ചേരാൻ ഊഴം കാത്ത് നിൽക്കേണ്ടി വരുന്ന
ഭാര്യമാരെയും പരിചയപ്പെടുത്തുന്ന ഗൗരവഭാവമുള്ള രചന സ്ത്രീകളുടെ മോചനത്തിന്
ആഹ്വാനം നൽകുന്നു. ലൈംഗിക നന്മയിൽ അധിഷ്ഠിതമാണ് ദാമ്പത്യ ജീവിതമെന്നു
തിരിച്ചറിഞ്ഞു സഹകരിച്ചു സംതൃപ്തരാകുന്ന സ്ത്രീകളും ഭാര്യയുടെ സന്തോഷം
പരിഗണിക്കാതെ മദ്യപിച്ചു തളർന്നുറങ്ങുന്ന പുരുഷന്മാരും ജന
സമൂഹത്തിലുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന നർമ്മ കഥയുണ്ട്.
സ്നേഹിച്ചും വിശ്വസിച്ചും സംതൃപ്തി നുകർന്നും പകർന്നു കൊടുത്തും
ഭർത്താവിനോടു കൂടി ജീവിക്കുന്ന ഭാര്യ ,അനുകൂല സാഹചര്യത്തിലും ആകർഷക
വേളയിലും അവിഹിത വേഴ്ച നടത്തുമെന്ന് വെളിപ്പെടുത്തുന്ന കഥ ജീവിത
യാഥാർത്ഥ്യങ്ങളുടെ മുരടിൽ നിന്നും അടർത്തിയെടുത്തതാണ്. ലൈംഗിക ബന്ധത്തിന്
,അന്വേഷിക്കാതെ അപ്രതീക്ഷിതമായി കിട്ടുന്ന അനുകൂല സാഹചര്യം ഒട്ടും
ഉപയോഗിക്കാത്ത പുരുഷ ഭീരുക്കളും അവിഹിത വേഴ്ചയ്ക്ക് അവസരമൊരുക്കുന്ന
വിധവകളുമാണ് വേറൊരു കഥയിലെ കഥാപാത്രങ്ങൾ.
മതമാണോ മതേതര മനുഷ്യ സ്നേഹമാണോ വലുത് എന്ന ചോദ്യത്തിന്റെ ഉത്തരം
,ഭിന്നിക്കുമെങ്കിലും വ്യത്യസ്ത അനുഷ്ഠാനങ്ങളുള്ള മതങ്ങളുടെ ആന്തരിക
തലങ്ങളിൽ എത്തി നോക്കാൻ നിർബന്ധിക്കുന്ന വിവാദ വിഷയങ്ങൾ
കഥാസമാഹാരത്തിലുണ്ട്.