ലോകമാകെ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോളാണ് വിചിത്രമായ ഈ പ്രസ്താവന. അഖിലഭാരത ഹിന്ദു മഹാസഭയുടെ ദേശീയ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണി, കൊറോണ വൈറസിനെ സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തലാണിത്. സാധാരണ ഗതിയില്‍ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ് ഈ അഭിപ്രായ പ്രകടനം. പക്ഷേ, ഇതിന്റെ ഉദ്ഭവസ്ഥലവും ഇതു നടത്തിയ ആളിന്റെ ഉന്നത പദവിയും കണക്കിലെടുക്കുമ്പോള്‍ ഈ വെളിപ്പെടുത്തലിന് പ്രാധാന്യം വര്‍ദ്ധിക്കുന്നു.
മാരകമായ കൊറോണാ വൈറസ് ഇതിനകം തന്നെ(മാര്‍ച്ച് 13) 5,143 പേരുടെ മരണത്തിനിടയാക്കി. രോഗബാധിതരുടെ എണ്ണം, അറിയപ്പെട്ടതനുസരിച്ച് ഒന്നരലക്ഷത്തോളമായിക്കഴിഞ്ഞു. സംശയത്തിന്റെ പേരില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എത്രയോ കൂടുതലാണ്! വ്യത്യസ്ത ഭൂഖണ്ഡങ്ങളിലുള്ള നൂറ്റി ഇരുപത്തഞ്ച് രാജ്യങ്ങളില്‍ ഈ വൈറസ് ബാധിച്ചു കഴിഞ്ഞു. വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന്(WHO), കൊറോണ വൈറസ് (Covid-19) ബാധയെ ഒരു മഹാമാരി(Pandemic) ആയി പ്രഖ്യാപിച്ചു കഴിഞ്ഞു. ആഗോളതലത്തില്‍ വൈദ്യശാസ്ത്രം അതീവ ജാഗ്രതയോടെ പ്രതിവിധി തേടുമ്പോളാണ് സ്വാമി ചക്രപാണിയുടെ മേലുദ്ധരിച്ച വെളിപ്പെടുത്തല്‍! അദ്ദേഹത്തിന്റെ പ്രവചനമനുസരിച്ച്, മാംസാഹാരം കഴിക്കുന്ന ചൈനക്കാരെ നിഗ്രഹിക്കാന്‍, പ്രപഞ്ച സംരക്ഷകനായ മാഹവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹത്തിന്റെ പുനരവതാരമാണ് കൊറോണ. വൈറസ് ബാധയില്‍ നിന്ന് മുക്തി നേടാനുള്ള ഉപായവും സ്വാമി തന്നെ കല്‍പ്പിക്കുന്നുണ്ട്. കൊറോണയുടെ വിഗ്രഹം നിര്‍മ്മിച്ച്, ചൈനീസ് പ്രസിന്റ് ഷി ജിന്‍പിംങ് ആരാധിക്കണം, മാപ്പ് അപേക്ഷിക്കണം. മറ്റു ജീവികളെ ദ്രോഹിക്കില്ലെന്ന് ചൈനക്കാര്‍ പ്രതിജ്ഞ ചെയ്യണം. അങ്ങനെ ചെയ്താല്‍ നരസിംഹസ്വാമിയുടെ പുനരവതാരമായ 'കൊറോണ സ്വാമി' അതിന്റെ ലോകത്തേക്ക് തിരിച്ചു പോകും. (സ്വാമി ചക്രപാണി ഈ പ്രവചനം നടത്തുമ്പോള്‍ കൊറോണ ബാധ ചൈനയില്‍ മാത്രമെ ഉണ്ടായിരുന്നൊള്ളൂ. അഭയാര്‍ത്ഥികളെ തടയാനും ദാരിദ്ര്യം മറക്കാനും മതിലുകള്‍ക്കു കഴിയുമെങ്കിലും കൊറോണയെ തടയാന്‍ മതിലുകള്‍ പോരെന്ന് അപ്പോള്‍ സ്വാമി അറിഞ്ഞിരുന്നില്ല.) സ്വാമിയുടെ പ്രവചനം നടക്കുന്നത് ഇന്‍ഡ്യയിലാണ്, ആയുര്‍വേദത്തിന്റെ നാട്ടില്‍! ശരീരത്തിന്റെ മനസ്സിന്റെയും ഗതിവിഗതികള്‍ അപഗ്രഥിച്ചറിഞ്ഞ്, ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിനുള്ള 'കഷായക്കുറിപ്പടി' വിരചിച്ചനുഗ്രഹിച്ച ധന്വന്തരിയുടെ നാട്ടില്‍!
പുനരവതാരത്തിന്റെ വെളിപ്പെടുത്തല്‍ നടത്തിയത് വെറും നിസ്സാരനല്ല, അഖിലഭാരത ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷന്‍, സ്വാമി ച്്ക്രപാണിയാണ്. കോടിക്കണക്കിന് അനുയായികളുള്ള സംഘടനയാണത്. ഇന്നത്തെ ഇന്‍ഡ്യന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ നിര്‍ണ്ണയിക്കാനും, നടപടികള്‍ നിയന്ത്രിക്കാനുമുള്ള സ്വാധീന ശക്തി ആ സംഘടനക്കുണ്ട്. സ്വാമിയുടെ 'പുനരവതാര സിദ്ധാന്തം' കുറെ അനുയായികളെങ്കിലും വിശ്വസിച്ചാല്‍ ഇന്‍ഡ്യന്‍ ജനതയുടെ ഗതിയെന്താകും? ഇന്‍ഡ്യ-ചൈനാ അതിര്‍ത്തിയിലാകെ ആയിരക്കണക്കിന് കൊറോണ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് പൂജ നടത്തിയെന്നു വരാം! അതിനുള്ള പണം ഇന്നത്തെ സര്‍ക്കാരില്‍ നിന്നും അനുവദിച്ചു കിട്ടുമെന്നുള്ളതിനാല്‍ സംശയം വേണ്ട. കൊറോണ ക്ഷേത്രനടയില്‍ ആദ്യം ബലി കഴിക്കുന്നത് ആയുര്‍വേദത്തെ തന്നെ ആയിരിക്കും!
സ്വാമിയുടെ, പുനരവതാര സിദ്ധാന്തം ഒട്ടും തന്നെ ചോദ്യം ചെയ്യാനുള്ള പാണ്ഡിത്യം നമുക്കില്ല. പക്ഷേ ചില സംശയങ്ങള്‍ ചോദിക്കട്ടെ. 1918-ല്‍ ലോകമാകെ ബാധിച്ച ഇന്‍ഫഌവന്‍സാ പിടിപെട്ട് അഞ്ചു കോടിയില്‍ അധികം പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇന്‍ഡ്യയില്‍, ഒരു കോടി എഴുപതു ലക്ഷം ആളുകള്‍ ആരോഗം പിടിപെട്ടു മരിച്ചു.( അനൗദ്യോഗിക കണക്ക് ഇതിലേറെയാണ്!)-അത് ഇന്‍ഡ്യയിലെ അന്നത്തെ ജനസംഖ്യയുടെ അഞ്ചുശതമാനത്തില്‍ കൂടുതലായിരുന്നു! ആ രോഗത്തിന്റെ വൈറസ്, ഏത് അവതാരത്തിന്റെ പുനരവതാരമായിരുന്നു? ഇന്നും, ഓരോ വര്‍ഷവും പതിനായിരക്കണക്കിനാളുകളുടെ മരണത്തിനിട വരുത്തുന്ന ഇന്ഫഌവന്സായുടെ വൈറസ് ഏത് അവതാരത്തിന്റെ പുനരവതാരമാണ്? മഹാവിഷ്ണുവിന്റെ, ലോകരക്ഷകരായി വിരാജിക്കുന്ന അവതാരങ്ങളെ, നിരപരാധികളെ കൂട്ടക്കൊല നടത്തുന്ന വൈറസുകളായി പുനരവതിപ്പിച്ച് തരംതാഴുന്ന മതമേധാവികള്‍, ആ മതത്തിനു മാത്രമല്ല ലോകത്തിനാകെത്തന്നെ ശാപമാണ്. അവരെ ശിക്ഷിക്കാനാകട്ടെ ഇനിയുള്ള അവതാരം!
പതിനായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍, ജനലക്ഷങ്ങളുടെ മരണത്തിനട വരുത്തിക്കൊണ്ടിരുന്ന മസൂരി വൈറസ്(Variola), 1980-ല്‍ പൂര്‍ണ്ണമായും പ്രതിരോധിക്കപ്പെട്ടത് വൈദ്യശാസ്ത്രം പാകപ്പെടുത്തിയെടുത്ത വാക്സിന് കുത്തിവച്ചാണ്, വിഗ്രഹം പ്രതിഷ്ഠിച്ച് ബലി അര്പ്പിച്ചതുകൊണ്ടല്ല. മതാന്ധതയുടെ തീവ്രതയില്‍ വാക്സിനേഷനെപ്പോലും എതിര്‍ക്കുന്നവരുണ്ട്, മറ്റെവിടെയുമെന്നപോലെ അമേരിക്കയിലും!
പ്രാകൃതമതങ്ങളുടെയും അവയ്ക്ക് ജനിതക മാറ്റം വന്ന ആധുനിക മതങ്ങളുടെയും പടമുളകളായ അന്ധവിശ്വാസങ്ങള്‍ മനുഷ്യന്റെ ചിന്തയെ മാരകമായി ബാധിക്കുന്ന വൈറസ്സുകളാണ്. സ്വതന്ത്രചിന്തയെ പൂര്‍ണ്ണമായി നിര്ജീവമാക്കിയശേഷം, അവ, ഓരോ മസ്തിഷ്കകോശത്തെയും അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമാക്കി മാറ്റിയെടുക്കുന്നു. സമൂഹത്തിലേക്കും, തലമുറകളില്‍ നിന്ന് തലമുറകളിലേക്കും ആചാരാനുഷ്ഠാനങ്ങളുടെ അകമ്പടിയോടെ അന്ധവിശ്വാസങ്ങള്‍ നിരന്തരം വ്യാപിക്കുകയാണ്. മതങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളെക്കാള്‍ മതപ്രവാചകര്ക്ക് ഇന്നു വിശ്വാസം അന്ധ വിശ്വാസങ്ങളിലാണ്. ദൈവം സ്നേഹമാണെന്ന് മതങ്ങള്‍ പഠിപ്പിക്കുമ്പോള്‍, ദൈവത്തെ ക്രൂരനായ കൊലയാളിയാക്കി അവതരിപ്പിക്കുകയാണ് തീവ്രമതവിശ്വാസികള്‍. അവര്‍ക്ക് യുക്തി വേണ്ട, തെളിവുകള്‍ ഒട്ടും വേണ്ട. ശാസ്ത്രം എന്നും തെറ്റാണ്, ദൈവത്തിനെതിരാണ്! അവരില്‍ ചിലര്‍ക്ക് ഭൂമി ഇന്നും പരന്നതാണ്! സ്വയം കണ്ണടച്ച് അവര്‍ സൃഷ്ടിക്കുന്ന ഇരുട്ടിലേക്ക് ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളുടെയും യുക്തിചിന്തയുടെയും വെളിച്ചം കടന്നു ചെല്ലാന്‍ സമയമെടുക്കും. പക്ഷേ, ഒടുവില്‍ വെളിച്ചം വിജയിക്കും.
ജെ.മാത്യൂസ്