Image

മുടങ്ങിയ യാത്രയുടെ കഥ (ജോണ്‍ മാത്യു)

Published on 19 March, 2020
മുടങ്ങിയ യാത്രയുടെ കഥ (ജോണ്‍ മാത്യു)
അഞ്ഞൂറ്റിപ്പതിനാലാം നമ്പര്‍ ഫ്‌ളൈറ്റ് നിമിഷനേരംകൊണ്ട് സു(കു)പ്രസിദ്ധമായി. ദോഹയില്‍ നിന്ന് കൊച്ചിയിലേക്കു പോകുന്ന ഖത്തര്‍ വിമാനം.
    സാഹിത്യകാരനായ എന്റെ സുഹൃത്തിനു ഖത്തര്‍ വിമാനക്കമ്പനിയില്‍ നിന്ന് ചില തിക്താനുഭവങ്ങള്‍ ഒരിക്കല്‍ ഉണ്ടായിയെങ്കിലും അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു:
    ""ഇവിടൊന്നുമില്ലെന്നേ, ധൈര്യമായി പോന്നോളൂ....''
    "യാത്ര വേണ്ടെന്നു വെച്ചു....'' എന്റെ മറുപടി.
    ""ഒന്നൂടെ ചിന്തിക്ക്......'' സുഹൃത്തിന്റെ നിരാശ നിറഞ്ഞ പ്രതികരണം.
   
കാരണമുണ്ട്, കോട്ടയം സാഹിത്യസമ്മേളനം മാര്‍ച്ച് പതിനാറിനാണ്. വമ്പിച്ച "ജനക്കൂട്ട'ത്തെ പ്രതീക്ഷിക്കുന്നില്ലെങ്കിലും അനേകം പ്രമുഖര്‍ പങ്കെടുക്കുമെന്ന പ്രതീക്ഷ. വിവര്‍ത്തന സാഹിത്യത്തിന്റെ സാദ്ധ്യതകളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന ഗൗരവമേറിയ ഒരു സമ്മേളനം. മലയാളിസമൂഹം ഒരു ആഗോള പരിവേഷം നേടിയെടുത്ത സാഹചര്യത്തില്‍ നമ്മുടെ എഴുത്തും മറ്റു കലാസൃഷ്ടികളും ബൗദ്ധിക ലോകത്തിനു മുന്നില്‍ എങ്ങനെ എത്തിക്കാന്‍ കഴിയും? ലോകനിലവാരത്തിലുള്ള പ്രതിഫലം എന്നെങ്കിലും നമുക്കും പ്രതീക്ഷിക്കാമോ? വ്യാകരണവും ഭാഷാപ്രയോഗങ്ങളുടെ കിറുകൃത്യതയും ഇവിടെ പ്രസക്തമല്ല. അതായത്, മലയാളത്തിന്റെ പുതിയ എഴുത്തുകാരെ, വിവിധ ഭാഷാ പശ്ചാത്തലമുള്ളവരെ, ഇന്നത്തെ സാഹചര്യത്തിലേക്ക് പരിചയപ്പെടുത്താനുള്ള ഒരു അവസരം. ചെറിയ പ്രദേശങ്ങളുടെ പ്രതീക്ഷകളും അതിന്റെ തുടര്‍ന്നുള്ള കാല്‍വെയ്പുകളും ഏതെങ്കിലും വിധത്തില്‍ പ്രസക്തമാണോ?
   
യാത്ര മുടങ്ങിയതിന്റെ കഥ "അന്യഗ്രഹജീവികള്‍' എന്ന പേരില്‍ ജോണ്‍ ഇളമത് എഴുതിയത് ഇതിനിടെ വായിക്കാന്‍ രസം തോന്നി. യാത്ര മുടങ്ങിയില്ലായിരുന്നെങ്കിലോ?
    പാവം റാന്നീക്കാരന്‍!
   
നാമെല്ലാം ചെയ്യുന്നതേ റാന്നീക്കാരനും ചെയ്തുള്ളു. 514-ാം ഫ്‌ളൈറ്റില്‍ നെടുമ്പാശ്ശേരിയില്‍ എത്തി. തുടര്‍ന്ന് ടാക്‌സി പിടിച്ച് സ്വന്തം വീട്ടിലെത്തി. ആദ്യ ഞായറാഴ്ച തന്നെ തങ്ങളുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇടവകപ്പള്ളിയില്‍ പോയി. ഒരു പൂച്ചപോലും എലിയെപ്പിടിച്ചാല്‍ സ്വന്തം വീടിന്റെ മുന്‍വാതിലില്‍ത്തന്നെ കൊണ്ടിടും. "ഞാന്‍ നേടിയിരിക്കുന്നു'!
   
വേഷം, ഉടയാടകള്‍, ആഭരണങ്ങള്‍ എല്ലാം സ്വന്തം ജനത്തിനു മുന്നിലല്ലാതെ മറ്റ് എവിടെയാണ് എടുത്തു കാണിക്കുക?
    പിന്നെ തൊണ്ണൂറു കഴിഞ്ഞ അച്ചായന്മാരെയും അമ്മായിമാരേയും സന്ദര്‍ശിക്കണം അഥവാ ചെന്നില്ലെങ്കിലോ....
    ""ഈ പടിക്കക്കൂടെപ്പോയിട്ട് അവനിങ്ങോട്ട് കേറീല്ലല്ലോ....'' എന്ന പരാതിയും. നമുക്കുവേണ്ടി ബലിയാടായ പാവം റാന്നീക്കാരന്‍!
    രാഷ്ട്രീയക്കാരാരോ പറഞ്ഞു:
    ""ഇതെന്തു പേടിക്കാനാ, കുറേ കിഴവന്മാരെ കൊണ്ടുപോകും. നാടന്‍ "കുടികള്‍' ചത്തൊടുങ്ങിയാല്‍ ഭൂമിക്ക് എന്താ നഷ്ടം?
   
ചത്തവരെ ജനം എന്നേ മറന്നിരിക്കും. നാട്ടുപ്രദേശങ്ങളിലാണെങ്കില്‍ ചോദിക്കാനും പറയാനും ആരോരുമില്ലാത്തവരുടെ കുഴിമാടംപോലും തിരിച്ചറിയപ്പെടുകയില്ല. ഒന്നിനുപുറത്ത് ഒന്നായി വീണ്ടും വീണ്ടും...... വലിയ സെമിത്തേരികളിലാണെങ്കില്‍ കൂട്ടത്തില്‍ ഒരുവന്‍. ആള്‍ക്കൂട്ടത്തില്‍ തനിയെ!
   
ലോകജനതയെ രണ്ടായി വിഭജിക്കാം. ഉള്ളവനും ഇല്ലാത്തവനും. ഇതൊരു പുതിയ കാര്യമൊന്നുമല്ല. പഴയ ഭാഷാപ്രയോഗം. ഇന്നാണെങ്കില്‍ "പഞ്ചനക്ഷത്രക്കാരനും ഭൂമിവാസിയും'... ഇവര്‍ തമ്മില്‍ ഇടപഴകിയതിന്റെ പരിണിതഫലമാണ് പടര്‍ന്നിപിടിക്കുന്ന പുത്തന്‍പുത്തന്‍ രോഗങ്ങള്‍. പുരാണങ്ങള്‍ ഉദ്ധരിക്കുകയാണെങ്കില്‍: ദേവന്മാരും അസുരന്മാരും, ബൈബിള്‍ ഭാഷയില്‍ "ദൈവപുതന്മാര്‍ മനുഷ്യപുത്രിമാരെ സാന്ദര്യമുള്ളവരെന്നു കണ്ടു....' ഭൂമിയിലെ മണ്ണില്‍ ജീവിക്കുന്നവനു മരണത്തെ പേടിയില്ല, പക്ഷേ, പഞ്ചനക്ഷത്രക്കാരന്‍ ചോദിക്കുന്നു: "മരിച്ചാല്‍ എന്തു ചെയ്യും? ഈ സ്വരുക്കൂട്ടിയതെല്ലാം ആരു കൊണ്ടുപോകും?.
   
ഇതാ, നമ്മുടെ പഴയ "അണ്‍ടച്ചബിളിറ്റി' വീണ്ടും വരുന്നു. 514-ാം ഫ്‌ളൈറ്റില്‍ വന്നിറങ്ങുന്ന പഞ്ചനക്ഷത്രക്കാരന്‍ "ഹോയ്, ഹോയ്' പറഞ്ഞു നടക്കണമത്രേ. തന്നെ ആരും തൊടാന്‍ പാടില്ല. വഴിനടക്കുന്ന "നടനാടന്മാര്‍' കണ്ടംചാടി പോകണം. പഞ്ചനക്ഷത്രക്കാരന്‍ വരുന്നത് ആഗോള വൈറസുമായിട്ടാണുപോലും. പണ്ടത്തെ നമ്മുടെ നാട്ടുകാര്‍ എത്രയോ സമര്‍ത്ഥരായിരുന്നു, മനുഷ്യര്‍ തമ്മില്‍ അകലം പുലര്‍ത്തണമെന്ന്, തൊട്ടുകൂടെന്ന്, ഭക്ഷണം എച്ചിലാകുമെന്ന്, ഇതൊക്കെ വിധിച്ചത് എന്തെല്ലാം മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നിരിക്കണം.! മദ്യം മാത്രം "എച്ചി'ലാകില്ലെന്നത് കുടിയന്മാരുടെ വിദഗ്ദ്ധ നിരീക്ഷണവും.
   
ക്രമേണ പ്രതിരോധവും പ്രതിവിധിയും കണ്ടെത്തിയെന്നിരിക്കും. പക്ഷേ, ഒച്ചപ്പാടോടെ വന്ന കൊറോണ കോവിഡ് 19 എന്ന ഈ പകര്‍ച്ച നമ്മുടെ ജീവിതശൈലി മൊത്തം മാറ്റിമറിക്കും, വൈകാരിക മതകൂട്ടായ്മകളുടെ രീതികള്‍ മാറ്റിയെഴുതേണ്ടതായി വരും. ആള്‍ക്കൂട്ടങ്ങള്‍ ഇനിം വേണ്ട. നമ്മള്‍ ഒന്നാണെന്ന് പ്രഖ്യാപിക്കേണ്ട, ഒറ്റക്ക് ഒറ്റക്ക് ഒറ്റയാന്മാരായി നിന്നാല്‍ മതി. യാത്രകളുടെ ത്രില്ല് വേണ്ട. രാജ്യങ്ങളും, ജനപദങ്ങളും ഒറ്റപ്പെടും. നമ്മെ ഒരു ഒന്നര നൂറ്റാണ്ടു പിന്നോട്ടടിക്കുന്ന അവസ്ഥ! സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍ മനുഷ്യന്റെ ലൈംഗിക പെരുമാറ്റങ്ങളും ഏറെ ഭ്രാന്തമാകാം. ആരു കണ്ടു സമൂഹം നിയമപരമായിത്തന്നെ കൗമാര(അ)വിവാഹ ലൈംഗികതയിലേക്ക് ഇനിയും ഏറെ തിരിയുമോ? അനിശ്ചിത ഭാവിയുള്ളിടത്ത് വര്‍ഗ്ഗം നിലനിര്‍ത്തല്‍, അതല്ലേ കരണീയം. മുപ്പതാം വയസ്സില്‍ അപ്പൂപ്പന്‍, നാല്പതാം വയസ്സില്‍ മരണവും!
   
ഇനീം കച്ചവടക്കാര്‍ക്ക് ഒന്നും ചെയ്യാനില്ല, എല്ലാം വിറ്റു തീര്‍ന്നിരിക്കുന്നു. അസംബന്ധമായി സാമൂഹിക സാമ്പത്തിക വ്യവസ്ഥിതികള്‍ തിരുത്തിയെഴുതപ്പെടുന്നതിനൊപ്പം ഏറെ ക്ഷതമുണ്ടാക്കുക ഇന്ന് നാം അഭിമാനിക്കുന്ന ജനാധിപത്യ വ്യവസ്ഥിതികള്‍ക്കും സംവിധാനങ്ങള്‍ക്കുമായിരിക്കും. ഇടതു നിന്നോ വലതു നിന്നോ, അത് എവിടെ നിന്നായാലും ഏകാധിപത്യം ഒന്നു തന്നെ. വിധിപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവര്‍ സ്വയം ഏകാധിപതികളായി മാറാവുന്ന സാഹചര്യവും അത്ര വിദൂരത്തിലല്ല. "എന്റെ അറിവു നിങ്ങള്‍ക്കില്ല, ഞാന്‍ പറയുന്നതുതന്നെ അവസാന വാക്ക്, ഈ തിരുവായ്ക്ക് എതിര്‍വായ് വേണ്ട!'
   
തുടക്കത്തില്‍ പറഞ്ഞുവന്നത് യാത്രയുടെ കഥയായിരുന്നല്ലോ. മുന്‍ നിശ്ചയിച്ച പരിപാടികളെല്ലാം മുടങ്ങി. അല്ലെങ്കിലെന്താ ഏതെങ്കിലും സമ്മേളനവേദിയില്‍ നിന്ന് കുറേ ദിവ്യവചനങ്ങള്‍ പറഞ്ഞിട്ടെന്തുകാര്യം? എങ്കിലും കോട്ടയം സമ്മേളനത്തില്‍ പങ്കെടുക്കാനാവാത്ത തിന്റെ ദു:ഖം ഉള്ളിലൊതുക്കി ഇരിക്കുമ്പോഴാണ് വാര്‍ത്ത:
   
കളക്ടറുടെ കല്പന: കോട്ടയത്ത് ഇപ്പോള്‍ ഒരു സമ്മേളനവും വേണ്ട. പ്രതി കോവിഡ് 19.
   
ദുഃഖത്തോടെ ഒരു നെടുവീര്‍പ്പ്, അല്ല, യാത്ര മുടങ്ങിയത് വിധിയോ? ഭ്രാന്തമായ പൊട്ടിച്ചിരി, അബ്‌സര്‍ഡ്! ആദ്യം ഓര്‍മ്മവന്ന പേര് ആല്‍ബര്‍ട്ട് കാമു! തുടര്‍ന്ന് കറുത്ത മരണവും. എങ്കിലും, അതും മനുഷ്യന്‍ അതിജീവിച്ചു!
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക