ഇങ്ങനെയൊരു ചോദ്യത്തെക്കുറിച്ച് രണ്ടര മാസം മുന്‍പ് അമേരിക്കക്കാര്‍ ചോദിച്ചിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നുള്ള വൈറസ് പുറത്തിറങ്ങി നാടെങ്ങും പകര്‍ച്ചവ്യാധിയായി പടര്‍ന്നു പിടിച്ചപ്പോഴായിരുന്നു ഇത്. അപ്പോഴേയ്ക്കും ഈ വൈറസ് അമേരിക്കയെയാണ് ലക്ഷ്യം വെക്കുന്നതെന്നും പ്രചരണം തുടങ്ങിയിരുന്നു. അന്നാണ് ആദ്യമായി അമേരിക്കക്കാര്‍ ഇത് ഇവിടേക്ക് വന്നാലെന്തു ചെയ്യണമെന്നു ചിന്തിച്ചത്. അതിന് ഉത്തരം കിട്ടും മുന്‍പേ ഇത് ഏഴു കടലും കടന്ന് ഇവിടെയെത്തി. 60 പേരെ ഉയിരോടെ മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്തു.... (വാഷിങ്ടണ്ണില്‍ മാത്രം 40 മരണം)
ലോകത്തില്‍ ആധുനികമായി ഒന്നാം സ്ഥാനത്തുമായിരിക്കാം അമേരിക്ക, എന്നാല്‍ ആരോഗ്യകരമായ കാര്യങ്ങളില്‍ തങ്ങളുടെ പൗരന്മാരെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും ഈ രാജ്യം അത്ര പുരോഗതിയിലാണോ എന്നു ചോദിച്ചാല്‍ അതിനുള്ള മറുപടിയാണ്, ഇപ്പോഴത്തെ കൊറോണ മൂലമുണ്ടായ 60 മരണം. ലോകമെങ്ങും ആറായിരത്തോളം മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. രോഗം ഉറവയെടുത്ത ചൈന കഴിഞ്ഞാല്‍ പിന്നെ, അതില്‍ യൂറോപ്പാണ് ഏറ്റവും മുന്നിലെന്നു വേണം കരുതാന്‍. ഇവിടെ ജര്‍മ്മനിയില്‍ ഇതുവരെ മരിച്ചത് പത്തു പേര്‍ മാത്രമാണ്, റിപ്പോര്‍ട്ട് ചെയ്തത് ആയിരം കേസുകള്‍ മാത്രവും. ആരോഗ്യകാര്യത്തില്‍ ജര്‍മ്മനി പുലര്‍ത്തുന്ന മാതൃകയാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇനി പിന്തുടരേണ്ടതെന്നു പറഞ്ഞാല്‍ അത് തെല്ലും അതിശയോക്തിയല്ല. ജര്‍മ്മനിയിലെ ആശുപത്രികള്‍ ക്രാങ്കന്‍ഹോസ് എന്ന് വിളിക്കപ്പെടുന്നു, മധ്യകാലഘട്ടം മുതലുള്ളതാണ് ഇവ. ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സാര്‍വത്രിക ആരോഗ്യ പരിരക്ഷാ സമ്പ്രദായം ജര്‍മ്മനിയിലുണ്ട്. 1880 മുതല്‍ പരിഷ്കാരങ്ങളും വ്യവസ്ഥകളും സന്തുലിത ആരോഗ്യം ഉറപ്പാക്കിയിരുന്നു ഇവിടെ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ജര്‍മ്മനിയുടെ ആരോഗ്യ പരിരക്ഷാ സമ്പ്രദായം 77% സര്‍ക്കാര്‍ ധനസഹായവും 23% സ്വകാര്യ ധനസഹായവുമായിരുന്നു. 2014 ല്‍ ജര്‍മ്മനി ജിഡിപിയുടെ 11.3% ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിച്ചു. 2013 ല്‍ ജര്‍മനി ലോകത്ത് ഇരുപതാം സ്ഥാനത്താണ്. പുരുഷന്മാര്‍ക്ക് 77 വര്‍ഷവും സ്ത്രീകള്‍ക്ക് 82 വര്‍ഷവുമാണ് ഇത് ആയുര്‍ദൈര്‍ഘ്യം. ശിശുമരണനിരക്ക് വളരെ കുറവാണ് (ആയിരം ജനനങ്ങളില്‍ 4 എണ്ണം). 37% ഹൃദയ രോഗമാണ് മരണകാരണം. കൊറോണ ഇറ്റലിയില്‍ ആഞ്ഞടിച്ചിട്ടും ജര്‍മ്മനിയെ കാര്യമായി വിറപ്പിക്കാതിരുന്നതിനു പിന്നില്‍ അവരുടെ രോഗപരിചരണമാണെന്നു പറയാം.
തിരിച്ച് അമേരിക്കയിലേക്ക് വന്നാലോ, സ്കൂകള്‍, ദേവാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍ അടച്ചു പൂട്ടിയതു മുതല്‍ ആളുകള്‍ തടിച്ചു കൂടുന്ന എല്ലാ പരിപാടികളും നിര്‍ത്തലാക്കി. രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചില സംസ്ഥാനങ്ങളാവട്ടെ അടിയന്തരാവസ്ഥ തന്നെ പ്രഖ്യാപിച്ചു. എന്നിട്ടും, ദിനംപ്രതിയെന്നോണം, യുഎസില്‍ മരണനിരക്കും വൈറസ് ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. യൂറോപ്പിലേക്ക് ബ്രിട്ടണ്‍ അടക്കം യാത്രാവിലക്ക് ഏര്‍പ്പെടുത്തി, അമേരിക്കന്‍ പ്രസിഡന്റിനു തന്നെ പകര്‍ച്ചവ്യാധിയുണ്ടോയെന്ന പരിശോധന നടത്തി. അത്രയ്ക്ക് ഭീകരമാണ് സ്ഥിതി വിശേഷമെന്നു വേണമെങ്കില്‍ പറയാം. മൂവായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു, ഇതില്‍ അറുപതു പേരാണ് (മാര്‍ച്ച് 15 വരെ) ഇതുവരെ മരിച്ചത്. അറിയപ്പെടുന്ന ആദ്യത്തെ യുഎസ് കൊറോണ വൈറസ് കേസ് ജനുവരി 21 ന് വാഷിംഗ്ടണ്‍ സ്‌റ്റേറ്റില്‍ പ്രഖ്യാപിച്ചു. തുടര്‍ന്നു രോഗനിര്‍ണയത്തിന്റെ വേഗത അടുത്ത ആഴ്ചകളില്‍ ഗണ്യമായി വര്‍ദ്ധിച്ചു, കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഇത് ചിന്തിക്കാവുന്നതിനും അപ്പുറത്താണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 170 കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അവയില്‍ മിക്കതും വിദേശ യാത്രകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനുശേഷം, പുതിയ കേസുകള്‍ ആദ്യം ഡസന്‍ കണക്കിന്, പിന്നെ നൂറുകണക്കിന് എന്ന നിലയ്ക്കാണ് പുറത്തേക്കു വന്നത്. യുഎസിനെ തകര്‍ക്കാന്‍ ചൈന രൂപവത്ക്കരിച്ച ബയോളജിക്കല്‍ ആയുധം എന്നൊക്കെ പറഞ്ഞ് നിസാരമായി കണ്ടിരുന്ന അവസ്ഥ വളരെപെട്ടെന്നു മാറി. ലോകരാജ്യങ്ങളില്‍ നിന്നും അമേരിക്കയെ വിറപ്പിക്കുന്ന വിധത്തില്‍ കൊറോണ വളര്‍ന്നു. അറിയപ്പെടുന്ന കേസുകളില്‍ പകുതിയും വാഷിംഗ്ടണ്‍ സ്‌റ്റേറ്റ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ്. എന്നാല്‍ മാര്‍ച്ച് പകുതിയോടെ, പശ്ചിമ വിര്‍ജീനിയ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഉള്‍പ്പെടെ നൂറുകണക്കിന് കൊറോണ ബാധിതരെ രാജ്യത്തുടനീളം കണ്ടെത്തി. പ്യൂര്‍ട്ടോ റിക്കോയില്‍ പോലും പുതിയ കേസുകള്‍ കണ്ടെത്തി. ഈ ആഴ്ചയുടെ തുടക്കത്തില്‍ അറിയപ്പെടുന്ന കേസുകളൊന്നും ഇല്ലാത്ത ലൂസിയാനയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ 77 എണ്ണം ഉണ്ടായിരുന്നു. ന്യൂയോര്‍ക്കിലെ ആദ്യത്തെ രണ്ട് മരണങ്ങള്‍ ശനിയാഴ്ച (മാര്‍ച്ച് 14) പ്രഖ്യാപിച്ചു.
രാജ്യത്തുടനീളം, ദൈനംദിന ജീവിതം മാറിക്കൊണ്ടിരുന്നു. ബിസിനസ്സുകളും സ്കൂളുകളും അടച്ചു. കോളേജുകള്‍ ക്ലാസ് റദ്ദാക്കി. ജനക്കൂട്ടം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍മാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത സെന്റ് പാട്രിക് ദിന പരേഡുകള്‍ ഒഴിവാക്കി. അമേരിക്കന്‍ ഐക്യനാടുകളിലെ സ്ഥിരീകരിച്ച എല്ലാ കേസുകളുടെയും വിശദാംശങ്ങള്‍ ട്രാക്കുചെയ്യുന്നതിന് സമഗ്രമായ ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഫെഡറല്‍, സ്‌റ്റേറ്റ്, പ്രാദേശിക ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു.
അമേരിക്കയില്‍ ചികിത്സിക്കുന്ന രോഗികളുടെ എണ്ണം വിദേശത്ത് വൈറസ് ബാധിച്ചവരില്‍ ഒരു ചെറിയ ഭാഗം മാത്രമാണ്, അവിടെ ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ രോഗബാധിതരാകുകയും ചെയ്തു. വെസ്റ്റ് കോസ്റ്റിനെയാണ് വൈറസ് സാരമായി ബാധിച്ചതെന്നു വേണം പറയാന്‍.
വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലും കാലിഫോര്‍ണിയയിലും ഓരോ ദിവസവും ഡസന്‍ കണക്കിന് പുതിയ രോഗികളെ തിരിച്ചറിഞ്ഞതിനാല്‍, പൊതുസമ്മേളനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ പ്രയത്‌നിക്കുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലെ നോമ്പാചരണത്തെ പോലും കൊവിഡ് 19 ബാധിക്കുന്നുണ്ട്. നിരവധി മതമേലധ്യക്ഷർ പള്ളികളിലും മറ്റും പുലര്‍ത്തേണ്ട ശുചിത്വത്തെക്കുറിച്ച് കല്‍പ്പനകള്‍ പുറപ്പെടുവിച്ചിരുന്നു.
ജാഗ്രതയോടെ കാര്യങ്ങളെ കാണുക മാത്രമേ രക്ഷയുള്ളു. ഈ കോളത്തിലടക്കം കോവിഡ് 19-നെക്കുറിച്ച് എത്രമാത്രം ഈ ലേഖകന്‍ എഴുതിയിരിക്കുന്നു. അമേരിക്കയിലേക്ക് കൊറോണ വൈറസ് എത്തുന്നതിനു മുന്നേ തന്നെ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എഴുതിയത് വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ. ഈ അവസരത്തിലും പറയുന്ന ഒരു കാര്യമുണ്ട്, ആരോഗ്യകാര്യത്തില്‍ നമുക്ക് പരിമിതകളുണ്ട്. അത് അറിഞ്ഞു തന്നെ കാര്യങ്ങളെ കാണുക. സുരക്ഷിതരാവാന്‍ എല്ലാവരെയും ഉദ്‌ബോധിപ്പിക്കുന്നു, ഒപ്പം നിതാന്ത ജാഗ്രതയും മുന്നറിയിപ്പുകളും സ്വീകരിക്കുക.