ചൈനയിലെ ഹ്യുബെ എന്ന പ്രവിശ്യയിലെ വ്യഹന്‍ എന്ന സ്ഥലത്തുനിന്നും തുടക്കം കുറിച്ച കോവിഡ്‌വൈറസ് പടര്‍ത്തുന്ന 'കൊറോണ' എന്ന പകര്‍ച്ചവ്യാധി ഇന്ന് ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കയാണ്. ചൈനയില്‍ നിരവധി പേരുടെ ജീവന്‍ അപഹരിച്ച ഈ വ്യാധി പിന്നീട് ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ ജര്‍മ്മനി എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. പിന്നീടത് അമേരിക്കയിലേക്കും, ഇന്ത്യയിലേക്കും നിരവധി ലോകരാഷ്ട്രങ്ങളിലേയ്ക്കും പടര്‍ന്നു പിടിച്ച് ലോകം ഈ അടുത്ത കാലത്ത് നേരിട്ട പകര്‍ച്ചവ്യാധികളില്‍നിന്നും ഭീകരമായി മഹാപകര്‍ച്ച വ്യാധിയായി മാറികൊണ്ടിരിക്കുന്നു. അന്തര്‍ദേശീയ യാത്രക്കാരാണ് കൊറോണയുടെ രോഗാണുവാഹകര്‍ എന്നാണു ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിരിയ്ക്കുന്നത്.
പകര്‍ച്ചവ്യാധികള്‍ മനുഷ്യരാശിയ്ക്ക് എന്നും ഭീഷണയായിട്ടുണ്ട്. ഈ അടുത്ത കാലഘട്ടത്തില്‍ തന്നെ ചിക്കന്‍ ഗുനിയ, ഡെങ്കു, നിപ്പ ഇപ്പോഴിതാ കൊറോണ. നാളെ ഒരുപക്ഷെ മറ്റേതെങ്കിലും പകച്ചവ്യാധിയാകാം. പണ്ടുകാലങ്ങളില്‍ ഈ അവസ്ഥ പ്രത്യക്ഷമായും കാലാവസ്ഥയെ ആശ്രയിച്ചായിരുന്നു. എന്നാല്‍ ഇന്ന് കാലാവസ്ഥ മാത്രമല്ല നിത്യജീവിതത്തില്‍ രാസവസ്തുക്കള്‍ക്കുള്ള സ്വാധീനം, ജീവിതരീതികള്‍ എല്ലാം ഒരുപക്ഷെ കാരണമായേക്കാം. ഓരോ പകര്‍ച്ചവ്യാധിയും പ്രത്യക്ഷപ്പെടുമ്പോഴും ശാസ്ത്രം അതിനെ അതിജീവിയ്ക്കാനുള്ള മാര്‍ഗ്ഗവുമായി എത്തുന്നു. എന്നിരുന്നാലും ഓരോ കാലഘട്ടത്തിലും പുതിയ ഓരോ വ്യാധികള്‍ മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നു. ഇവയില്‍ നിന്നും അതിജീവിയ്ക്കാനുള്ള അടിസ്ഥാന മാര്‍ഗ്ഗം ശുചിത്വം തന്നെയാണ്. അതുകൊണ്ടുതന്നെ. ലോകത്താകമാനം ജനങ്ങളുടെയും ജീവന്‍ ചോദ്യം ചെയ്യപ്പെട്ടിരിയ്ക്കുന്ന ഈ അവസരത്തില്‍ ജനങ്ങള്‍ മറ്റൊന്നും ഓര്‍ക്കാതെ ശുചിത്വം പാലിച്ച് ഇന്ന് അഭിമുഖീകരിയ്‌ക്കേണ്ടി വന്നിരിയ്ക്കുന്ന ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ ശ്രമിക്കേണ്ടതാണ്.
കൊറോണ എന്ന ഈ മഹാപകര്‍ച്ചവ്യാധിയ്ക്ക് മതിയായ മരുന്നോ പ്രതി വിധിയോ കണ്ടെത്തിയിട്ടില്ല എന്നത് തന്നെയാണ് ജനങ്ങള്‍ക്ക് ഇതൊരു പേടിസ്വപ്നമായി മാറുവാനുള്ള പ്രധാന കാരണം. എന്നിരുന്നാലും പ്രതിരോധ നടപടിയുടെ ഭാഗമായി ഒട്ടുമിക്ക രാജ്യങ്ങളും നിയന്ത്രണങ്ങളും നടപടികളും നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ പ്രധാനമായും ജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനായി ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട് ഇതിന്റെ ഭാഗമായി ഷോപ്പിംഗ് മാളുകള്‍, ക്‌ളബ്ബുകള്‍, വിദ്യാലയങ്ങള്‍, കാര്യാലയങ്ങള്‍ എന്നിവയ്ക്ക് ഒരു നിശ്ചിത സമയത്തേയ്ക്ക് അവധി നല്കിയിരിയ്ക്കുന്നു. ജനങ്ങള്‍ കൂട്ടമായി കൊണ്ടാടുന്ന ആഘോഷങ്ങളും വിശേഷങ്ങളും വേണ്ടെന്നു തീരുമാനിച്ചിരിയ്ക്കുന്നു. കോണ്‍ഫറന്‍സുകള്‍, മീറ്റിങ്ങുകള്‍ എന്നിവ റദ്ദാക്കിയിരിയ്ക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അണുബാധിതരായവരെ തനിയെ പാര്‍പ്പിയ്ക്കുകയും, രോഗലക്ഷണങ്ങള്‍ ഉണ്ടെന്നു തോന്നുന്നവരെയും, വിദേശത്തുനിന്നും എത്തുന്ന യാത്രക്കാരെയും വീടിനുള്ളില്‍ നിരീക്ഷണത്തില്‍ വയ്ക്കുവാനും തീരുമാനിച്ചിരിയ്ക്കുന്നു. പ്രതിരോധനടപടികളുടെ ഭാഗമായി തുടര്‍ച്ചയായി കൈ കഴുകുക, ജലദോഷം, ചുമ, തുമ്മല്‍ തുടങ്ങിയവ ഉള്ളവര്‍ മാസ്‌ക് ധരിക്കുക, പൂര്‍വാധികം ശുചിത്വം പാലിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി അവരെ ബോധവത്ക്കരിച്ചുകൊണ്ടിരിക്കുന്നു.
ഇന്നത്തെ ഈ സാഹചര്യത്തെ മാറി നിന്ന് വീക്ഷിയ്ക്കുകയാണെങ്കില്‍ പരീക്ഷയ്ക്ക് മുന്‍ദിവസങ്ങളില്‍ മാത്രം പഠിയ്ക്കുന്ന കുട്ടികളെപ്പോലെയാണ് ജനങ്ങള്‍ എന്ന് തോന്നാം. അതായത് മുക്കിനു താഴെ പകര്‍ച്ചവ്യാധി എത്തിനില്‍ക്കുമ്പോഴാണ് പ്രതിരോധത്തെക്കുറിച്ചും ശുചിത്വത്തെകുറിച്ചും ചിന്തിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതും. ഏത് രാഷ്ട്രീയ പാര്‍ട്ടിയോ, വിഭാഗമോ ആകട്ടെ ഈ അടുത്ത കാലത്ത് പ്രചരിപ്പിച്ച 'ശുചിത്വ ഭാരതം' എന്ന പ്രസ്ഥാനത്തോട് ജനങളുടെ നന്മ കണക്കിലെടുത്ത് എത്രമാത്രം ജനങ്ങള്‍ സഹകരിച്ചു എന്ന് വിലയിരുത്തിയാല്‍ മനസ്സിലാക്കാം ഇന്ത്യയിലെ ജനങളുടെ ശുചിത്വബോധം.
കാര്യാലങ്ങളിലും വിദ്യാലയങ്ങളിലും ഈ ആശയം പ്രചരിപ്പിച്ച് ശുചിത്വമുള്ള ഒരു രാഷ്ട്രം എന്ന ഈ സംരംഭത്തെ സമൂഹസ്‌നേഹികള്‍ ആത്മാര്‍ത്ഥമായി കണ്ടപ്പോള്‍ പല രാഷ്ട്രീയ നേതാക്കളും, സാമൂഹ്യപ്രവര്‍ത്തകരും കണ്ണുചിമ്മി തുറക്കുന്ന ക്യാമറയ്ക്കു മുന്നില്‍ മാധ്യമങ്ങള്‍ക്കുവേണ്ടി, പ്രശസ്തിയ്ക്കുവേണ്ടി ചൂലും, മറ്റു ശുചീകരണ ഉപകരണങ്ങളും പിടിച്ച 'പോസ്' ചെയ്തു നിന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. ഈ സംരംഭമെന്നല്ല ഏതൊരു സാമൂഹ്യപ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയവത്കരിച്ച് തള്ളിപറയുവാനും അല്ലെങ്കില്‍ പ്രഹസനങ്ങള്‍ കാണിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലുമാണ് ഒരുവിഭാഗം ജനങ്ങളും നേതാക്കളും ശ്രമിയ്ക്കുന്നത് എന്നത് ഇവിടുത്തെ പുരോഗമനത്തിന്റെ ഒരു ശാപമാണ്.
വീടിനുള്ളിലുള്ള മാലിന്യങ്ങള്‍ മതിലിനപ്പുറത്ത് മറ്റൊരുവന് ശല്യമാകുന്ന രീതിയില്‍ വിക്ഷേപിയ്ക്കുക, വീടിനുള്ളിലെ ചവിട്ടുകൊട്ടയിലെ മാലിന്യങ്ങള്‍ റോഡരികില്‍ വിക്ഷേപിയ്ക്കുക എന്ന സ്വാര്‍ത്ഥ ചിന്തയെ മാറ്റി പൊതു നന്മയെ കുറിച്ച് ചിന്തിയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ ഇന്ന് ലോകം നേരിടുന്ന ഇത്തരം സ്ഥിതിവിശേഷങ്ങളെ നിഷ്പ്രയാസം അഭിമുഖീകരിയ്ക്കാന്‍ ജനതയ്ക്ക് കഴിഞ്ഞേനെ.
ജനങ്ങളെ ബോധവത്കരിയ്ക്കുന്നതില്‍ ഒരു പ്രധാന പങ്ക് വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തിരിയ്ക്കുന്നു എന്നത് ശ്രദ്ധേയമായ ഒന്നാണ്. എന്നിരുന്നാലും ഈ സോഷ്യല്‍ മീഡിയകള്‍ വ്യാജസന്ദേശങ്ങളും, വീഡിയോകളും പ്രചരിപ്പിച്ച് സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കി എന്നും പറയാം. ഈ സാഹചര്യത്തില്‍ ഓരോ മതക്കാരും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് പ്രാര്‍ത്ഥനയും ഈശ്വരസേവയും നടത്തുന്നുണ്ടെങ്കിലും പ്രതിരോധനടപടികള്‍ എടുത്തും ലഭ്യമായ മരുന്നുകള്‍ കഴിച്ചും ജീവനെ സംരക്ഷിയ്ക്കുക എന്നതിനു പ്രാധാന്യം നല്‍കേണ്ടിയിരിയ്ക്കുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിയ്ക്കുന്ന ആള്‍ദൈവങ്ങള്‍ക്കു പുറകെ പോകുന്നു, ചിലര്‍ അന്ധവിശ്വാസങ്ങളെ തുടരുന്നു, മറ്റു ചിലര്‍ സ്വയം കര്‍മ്മങ്ങള്‍ നിര്‍വ്വഹിയ്ക്കാതെ എല്ലാം ദൈവങ്ങളില്‍ അടിച്ചേല്‍പ്പിയ്ക്കുന്നു എന്ന സ്ഥിതിവിശേഷവും ഖേദകരം തന്നെ.
ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് അമേരിക്കന്‍ എഴുത്തുകാരിയും, അതീന്ദ്രിയ ശക്തിയുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്ന സില്‍വിയ ബ്രൗണ്‍ ( End of days, Sylvia Browne) അവരുടെ എന്‍ഡ് ഓഫ് ഡേയ്‌സ് എന്ന പുസ്തകത്തില്‍ ഈ രോഗത്തെക്കുറിച്ച് പ്രവചിച്ചിരുന്നുവെന്ന്. അവര്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. ഏകദേശം 2020 ല്‍ ശ്വാസകോശത്തെയും ശ്വാസനാളിക ശാഖകളേയും ആക്രമിച്ചുകൊണ്ട് ന്യുമോണിയപോലെ വളരെ തീവ്രമായ ഒരു രോഗം ആഗോളതലത്തില്‍ പടരുകയും നിലവിലുള്ള എല്ലാ ചികിത്സകളെയും പ്രതിരോധിക്കുകയും ചെയ്യും. അമ്പരപ്പിക്കുന്ന കാര്യം ഈ രോഗം വന്നപോലെ അപ്രത്യക്ഷമാകുകയും പത്തു വര്‍ഷത്തിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെടുകയും വീണ്ടും അപ്രത്യക്ഷമാകുകയും ചെയ്യുമെന്നാണ്.
ഇന്നത്തെ സാഹചര്യത്തില്‍ ജനങളുടെ മുന്നിലുള്ള പ്രശ്നം എങ്ങിനെ പകര്‍ച്ചവ്യാധിയില്‍ നിന്നും പ്രതിരോധം നേടും എന്നതാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യം തരണം ചെയ്തുകഴിഞ്ഞാല്‍ നേരിടേണ്ടതായ മറ്റു പ്രശ്‌നങ്ങളെ എങ്ങിനെ അതിജീവിയ്ക്കും എന്നതും ചിന്തിയ്‌ക്കേണ്ടുന്ന ഒന്നാണ്. ഇന്ന് കൊറോണ എന്ന മഹാവ്യാധിയെ ചെറുത്തുനില്‍ക്കാന്‍ എടുക്കുന്ന നടപടികളാല്‍ ജനജീവിതം ഒരു സ്തംഭനാവസ്ഥയിലാണെന്നു പറയാം. ഈ ഒരു അവസ്ഥകൊണ്ട് ഓരോ രാഷ്ട്രത്തിനും നാളെ നേരിടേണ്ടി വരുന്ന സാമ്പത്തികമായ, പ്രായോഗികമായ പ്രശ്‌നങ്ങള്‍ ഒരുപാടാണ്.
ഇന്ന് ഇന്ത്യയിലെ സ്ഥിതിവിശേഷങ്ങള്‍ വിലയിരുത്തിയാല്‍, ബസ്സ്, ട്രെയിന്‍ വിമാനം തുടങ്ങിയ യാത്രസംവിധാനങ്ങള്‍ വിജനമായിക്കൊണ്ടിരിയ്ക്കുന്നു, വിദ്യാലയങ്ങള്‍ രണ്ടാഴ്ചക്കാലത്തേയ്ക്ക് അവധി നല്കിയിരിയ്ക്കുന്നു, പരീക്ഷകള്‍ റദ്ദാക്കുകയും നീട്ടിവയ്ക്കുകയും ചെയ്തിരിയ്ക്കുന്നു, ജനങ്ങള്‍ ഒത്തുചേരുന്ന ഷോപ്പിംഗ് മാളുകള്‍, ആരാധനാലയങ്ങള്‍, ക്‌ളബ്ബുകള്‍, പൊതു ഹാളുകള്‍ എന്നിവ അടച്ചിട്ടിരിയ്ക്കുന്നു. പല കമ്പനികളും മതിയായ നിര്‍മ്മാണ വസ്തുക്കള്‍ ലഭ്യമല്ലാത്തതിനാല്‍ നിര്‍മ്മാണങ്ങള്‍ നിര്‍ത്തി വച്ചിരിയ്ക്കുന്നു. അങ്ങിനെ സാമ്പത്തികമായ, പ്രായോഗികമായ വലിയ പ്രതിസന്ധി നേരിടാന്‍ തയ്യാറെടുക്കേണ്ട അവസ്ഥയിലാണിന്നു നമ്മുടെ രാഷ്ട്രം. വിദ്യാഭ്യാസരംഗത്ത് പഠനത്തിനായി ഉപയോഗിയ്‌ക്കേണ്ട സമയ നഷ്ടം പഠനത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. നിര്‍മ്മാണവസ്തുക്കളുടെ അഭാവം നിര്‍മ്മാണത്തെ ബാധിയ്ക്കുന്നു. ഇവ ആഡംബര വസ്തുക്കളുടെ നിര്‍മ്മാണം, വാഹനനിര്‍മ്മാണം, മരുന്ന് ഉത്പാദനം, എന്നീ രംഗങ്ങളെ മന്ദഗതിയിലാക്കുന്നു എന്നത് കയറ്റുമതിയില്‍ സാരമായ വീഴ്ച ഉണ്ടാക്കുന്നു. അതോടൊപ്പം തന്നെ മനുഷ്യന്‍ ക്രിയാത്മകമായി ഉപയോഗിയ്ക്കുന്ന സമയ നഷ്ടവും പരിഹരിയ്ക്കാന്‍ കഴിയാത്തവയാണ്. യാത്രകളില്‍ വന്ന നിബന്ധനകള്‍ വിനോദസഞ്ചാരത്തെ ബാധിയ്ക്കുന്നു. വിനോദസഞ്ചാരത്തില്‍ വന്ന മാന്ദ്യം വ്യോമഗതാഗതത്തെയും, ഹോട്ടല്‍ വ്യവസായത്തെയും ബാധിയ്ക്കുന്നു. ഇത്തരം മേഖലകളില്‍ ജോലിചെയ്തു ജീവിയ്ക്കുന്ന ജനങളുടെ ജീവിതം ദുസ്സഹമാക്കുന്നു . ഒന്നോ രണ്ടോ മാസത്തിനകം ഒരുപക്ഷെ കൊറോണ വൈറസിന്റെ ഭീതിയെ തരണം ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും ഇതുമൂലം നേരിടേണ്ടി വന്ന മറ്റു പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ഒരുപക്ഷെ ഓരോ രാഷ്ട്രവും ഇനിയും സമയം എടുത്തേയ്ക്കാം.
കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ചിരിയ്ക്കുന്ന ചൈനയെയാണ് ലോകരാഷ്ട്രങ്ങള്‍ കൂടുതലായും നിര്‍മ്മാണരംഗത്ത് ആശ്രയിക്കുന്നത്. ലോകത്തെ അഞ്ചുദശലക്ഷം കമ്പനികള്‍ നിര്‍മ്മാണ വസ്തുക്കള്‍ക്കായി ചൈനയെയാണ് ആശ്രയിയ്ക്കുന്നത്. അതുകൊണ്ടുതന്നെ ചൈനയില്‍ നിന്നും തുടക്കം കുറിച്ച പകര്‍ച്ചവ്യാധി മറ്റെല്ലാ രാഷ്ട്രങ്ങളുടെയും വാണിജ്യ വ്യവസായമേഖലകളെ സാരമായി ബാധിച്ചു. വിവിധ രാഷ്ട്രങ്ങളിലേക്കുള്ള യാത്രകളില്‍ വന്ന നിബന്ധനകള്‍, ചര്‍ച്ചകള്‍, കൂടിക്കാഴ്ചകള്‍ എന്നിവ റദ്ദാക്കല്‍ എന്നീ പ്രതിരോധ നടപടികള്‍ കയറ്റുമതി ഇറക്കുമതി രംഗത്ത് നിശ്ചലാവസ്ഥ സൃഷ്ടിച്ചിരിയ്ക്കുന്നു. ഇവയെല്ലാം ലോകരാഷ്ട്രങ്ങളുടെ സാമ്പത്തികമേഖലയെ ബാധിയ്ക്കുന്ന കൊറോണ വൈറസിന്റെ പാര്‍ശ്വഫലങ്ങളാണ്.
ചികിത്സാരംഗത്തും, മരുന്നുകള്‍ക്കും പരസ്പരം ആശ്രയിയ്ക്കുന്ന രാജ്യങ്ങള്‍ക്കിടയിലുള്ള നിയന്ത്രണം ആരോഗ്യരംഗത്തെയും സാരമായി ബാധിച്ചുകൊണ്ടിരിയ്ക്കുന്നു. ഇന്നത്തെ സ്ഥിതിവിശേഷത്തില്‍ പ്രതിരോധത്തിന് ഉപയോഗിയ്‌ക്കേണ്ട മാസ്‌ക്. സാനിറ്റയ്‌സര്‍ എന്നിവയുടെ നിയന്ത്രിതമായ ലഭ്യത തന്നെ ഇതിനൊരു മുന്നോടിയാണ്.
കൊറോണ വൈറസ് മൂലം ലോകരാഷ്ട്രങ്ങളില്‍ വരാനിരിയ്ക്കുന്ന സാമ്പത്തികമാന്ദ്യം ഓരോ രാഷ്ട്രത്തിന്റെയും നടപ്പു സാമ്പത്തിക വര്‍ഷത്തെ ജി ഡി പി (Gross Domestic Product) വീഴ്ചയുണ്ടാക്കുന്നു. കഴിഞ്ഞ പതിനൊന്നു സാമ്പത്തിക വര്‍ഷങ്ങളില്‍ 5 ശതമാനമായി നിലനിന്നിരുന്ന ഇന്ത്യയുടെ ജി.ഡി.പി ഈ സാമ്പത്തിക വര്ഷം 6% നും 6.5% നും ഇടയ്ക്കായിരിയ്ക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്നത് വളരെ താഴ്ന്നനിലയില്‍ എത്തിയേക്കാം എന്നതാണ് ഇന്നത്തെ സാഹചര്യത്തെ വിലയിരുത്തി സാമ്പത്തിക വിദഗ്ദന്മാര്‍ പറയുന്നത്. ഇന്ത്യയുടെ സാമ്പത്തിക ഉറവിടമായ വിനോദ സഞ്ചാരം, വ്യോമഗതാഗതം, ഹോട്ടല്‍ വ്യവസായം കച്ചവടം എന്നിവയെ സാഹചര്യം തീര്‍ച്ചയായും ബാധിയ്ക്കും. 'ആഗോള നിര്‍മ്മാണ വിതരണ ചങ്ങലയില്‍ അപേക്ഷികമായി ബന്ധമില്ലാത്തെ ഇന്ത്യയ്ക്ക് ഇന്നത്തെ അവസ്ഥ സാരമായി ബാധിയ്ക്കില്ല. എങ്കിലും സംയോജിത ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയില്‍ കുറച്ചു പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം എന്ന്' റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ശ്രീ. ശക്തികാന്ത് ദാസ് പറഞ്ഞതായി മാധ്യമങ്ങളില്‍ നിന്നറിയുന്നു.
ഇന്നത്തെ അവസ്ഥ തരണം ചെയ്തു കഴിഞ്ഞാല്‍ എങ്ങിനെ വരാനിരിയ്ക്കുന്ന സാഹചര്യങ്ങളെ തരണം ചെയ്യാന്‍ വ്യക്തിപരമായും, രാജ്യാടിസ്ഥാനത്തിലായാലും സ്വയം പര്യാപ്തത നേടും എന്നതിനെക്കുറിച്ച് ആലോചിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.
എന്തായിരുന്നാലും ഇന്ന് ലോകം ആശങ്കാഭരിതമായ അവസ്ഥയിലാണ്. ജീവന്‍ പോലും ചോദ്യം ചെയ്യപ്പെട്ട അവസ്ഥയില്‍ ജനങ്ങള്‍ പ്രതിരോധത്തെക്കുറിച്ചും, അതോടനുബന്ധിച്ച് ശുചിത്വത്തെക്കുറിച്ചും മറ്റെന്തിനേക്കാളും കൂടുതല്‍ ചിന്തിയ്ക്കുന്നു സാമ്പത്തികമായ ധൂര്‍ത്ത് നിയന്ത്രണം ഓരോ വീടുകളില്‍ നിന്നും തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക നില നിയന്ത്രിയ്ക്കാം. നിര്‍മ്മാണത്തിനായി ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍ മറ്റു രാഷ്ട്രങ്ങളെ ആശ്രയിയ്ക്കാതെ സ്വയം എങ്ങിനെ നിര്‍മ്മിയ്ക്കാം എന്ന് കണ്ടുപിടിയ്ക്കാം. തൊഴില്‍ സാധ്യതകള്‍ എങ്ങിനെ സ്വന്തം രാജ്യത്ത് ഉറപ്പുവരുത്തും എന്നതിനെക്കുറിച്ച് ചിന്തിയ്ക്കാം. വിദ്യാഭ്യാസരംഗങ്ങള്‍ എങ്ങിനെ കൂടുതല്‍ പരിപോഷിപ്പിയ്ക്കാം എന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ രീതികള്‍ കണ്ടെത്താം. വ്യവസായ മേഖലകള്‍ക്ക് ഏര്‍പ്പെടുത്തുന്ന കരങ്ങളില്‍ ഒരു ശതമാനം ഇളവുനല്‍കിയാല്‍ വ്യവസായ മേഖലകള്‍ പ്രവര്‍ത്തിപ്പിയ്ക്കാനും, ബാങ്കുകളിലെ വായ്പ്പാ സംവിധാനം നിലനിര്‍ത്താനും, പാപ്പരാകുന്ന ബാങ്കുകളെ സംരക്ഷിയ്ക്കാനും കഴിഞ്ഞേക്കാം രാജ്യത്ത് ലഭ്യമായ സാമ്പത്തിക ഉറവിടങ്ങള്‍ ആരോഗ്യ മേഖലകളിലേക്ക് ഉപയോഗപ്പെടുത്തിയാല്‍ ഒരു പരിധിവരെ സാമ്പത്തിക നില ഉയര്‍ത്തികൊണ്ടുവരാണ് കഴിയുമെന്നും വിദഗ്ദര്‍ പറയുന്നു.
വരാനിരിയ്ക്കുന്ന ദിവസങ്ങളിലേക്ക് സ്വയം പര്യാപ്തതയെ കുറിച്ച് ചിന്തിച്ചാലും ഇന്ന് സംഭവിച്ചിരിയ്ക്കുന്ന സാമ്പത്തിക മാന്ദ്യം പരിഹരിയ്ക്കാന്‍ സമയം എടുത്തേയ്ക്കാം എന്ന വസ്തുത വിലയിരുത്തത്തി ഓരോരുത്തരും ലഭ്യമായ ജീവിതസാഹചര്യങ്ങളെ ഉപയോഗപ്പെടുത്തേണ്ടതാണ്.