കൊറോണ എന്ന മഹാമാരിയെ ഭയന്നിരിയ്ക്കുമ്പോഴും തന്റെ മകന്റെ മരണം ലോകം മധുരം പങ്കുവച്ച് ആഘോഷിയ്ക്കുന്നു. ആ മകന്റെ അന്ത്യശ്വാസം പല അമ്മമാരുടെയും ദീര്‍ഘ നിശ്വാസമാകുന്നു. ഏതു മാതാപിതാക്കള്‍ക്കാണിത് സഹിയ്ക്കാനാകുന്നത്? തന്റെ ഭര്‍ത്താവിന്റെ മരണം പടക്കം പൊട്ടിച്ചും ആഘോഷത്തോടെയും ലോകം പുഞ്ചിരിയോടെ ഏറ്റുവാങ്ങുന്നു. ഏത് ഭാര്യക്കാണ് ഇത്തരം ഒരു ദുര്‍വിധി അഭിമുഖീകരിയ്ക്കാനാവുക?
നാളെയുടെ പുലര്‍ക്കാലം തങ്ങളെ കാലത്തിന്റെ യവനികയ്ക്കുള്ളിലാക്കും എന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ ഉറക്കമില്ലാത്ത രാത്രികള്‍. മരണത്തിലേക്കുള്ള തൂക്കുകയറില്‍ എത്താനുള്ള അവസാന നിമിഷംവരെയും രക്ഷപ്പെടാനുള്ള ഏതെങ്കിലും ഒരു വാതില്‍ തുറക്കപ്പെടുമോ എന്ന ഒരു പ്രതീക്ഷ. പ്രപഞ്ച ശക്തി പോലും കേള്‍ക്കില്ല എന്നറിഞ്ഞിട്ടും അന്ത്യയാത്രയുടെ അവസാന ചുവടുവെപ്പിലും " മാപ്പു തരൂ" എന്ന കരഞ്ഞുകൊണ്ടുള്ള യാചന . മനുഷ്യത്വം പോലും കണ്ടില്ല എന്ന് നടിച്ച നിര്‍ഭയ കേസിലെ നാല് കുറ്റവാളികളുടെ തൂക്കുമരത്തിലേക്കുള്ള അന്ത്യ യാത്ര. നിയമത്തെയും, പ്രതികാരത്തെയും മറികടക്കാന്‍ കഴിവുള്ള മാനുഷിക പരിഗണന പോലും 2012 ല്‍ നിര്‍ഭയയെ മൃഗീയമായി പീഢിപ്പിച്ചു കൊലപ്പെടുത്തിയ ഈ മനുഷ്യമൃഗങ്ങളെ കൈവെടിഞ്ഞിരിയ്ക്കുന്നു.
വാത്മീകി രാമായണത്തിലെ ഒരു ശ്ലോകം ഓര്‍ക്കുക. "താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവച്ചീടേണം." നമ്മള്‍ വിതച്ചത് നമ്മള്‍ തന്നെ കൊയ്യുമെന്ന പ്രസിദ്ധ വാക്യവും ഇതോടൊന്നിച്ച് വായിക്കാം. ഓരോ മനുഷ്യരും അവരുടെ കര്‍മ്മങ്ങളുടെ ഫലം അനുഭവിച്ചെ തീരു. എന്നാല്‍ ഈ കര്‍മ്മഫലം മനുഷ്യ ബന്ധങ്ങളുടെ ചങ്ങലയില്‍ ബന്ധിയ്ക്കപ്പെട്ട ഉറ്റവരും ഉടയവരും അവര്‍ക്കൊപ്പം അനുഭവിയ്‌ക്കേണ്ടി വരുന്നു എന്നത് വേദനാജനകമാണ്.
2012 ഡിസംബര്‍ 16 നു ഡല്‍ഹിയില്‍ 23 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് പിച്ചിച്ചീന്തി ശരീര ദാഹം മാറ്റി മൃഗീയമായി പീഢിപ്പിച്ച ആ നിമിഷത്തില്‍ ഇത്തരം ഒരു അന്ത്യത്തെ കുറിച്ച് ഇവര്‍ ഓര്‍ത്തിരുന്നുവെങ്കില്‍ ഒരുപക്ഷെ മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ, ഒരായിരം അമ്മമാരുടെ ശാപം ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. അന്നവര്‍ അനുഭവിച്ച നിമിഷങ്ങളുടെ സുഖത്തിനു ഇത്രയും യാദനകളുടെ, വേദനകളുടെ, ശാപത്തിന്റെ, വെറുപ്പിന്റെ, ഇത്തരം ഒരു അന്ത്യത്തിന്റെ വില നല്കണമെന്നവര്‍ ആലോചിച്ചിരുന്നു എങ്കില്‍ എട്ടു വര്‍ഷക്കാലം നീതിയ്ക്കുവേണ്ടി കരഞ്ഞു കാലുപിടിച്ച് അപേക്ഷിച്ച് തളര്‍ന്ന ആ അമ്മയ്ക്ക് പൊന്നു മകള്‍ നഷ്ടപ്പെടില്ലായിരുന്നു.
"ഇന്നത്തെ സൂര്യോദയം ഞങ്ങളെ സംബന്ധിച്ച് പുത്തന്‍ സൂര്യോദയമാണ് . ഇന്ത്യയിലെ ഓരോ പെണ്‍കുട്ടിയ്ക്കും ഇതൊരു പുതിയ ദിവസമാണ്." നിര്‍ഭയയുടെ അമ്മയുടെ ആശ്വാസത്തിന്റെ ഈ വാക്കുകള്‍ തീര്‍ച്ചയായും പുരുഷ മേധാവിത്വത്തില്‍ ഇന്നും കാലൂന്നി നില്‍ക്കുന്ന ഒരുവിഭാഗം പുരുഷവര്‍ഗ്ഗത്തില്‍ നിന്നും നീതി ലഭിച്ച ഒരു അമ്മയുടെ നിശ്വാസം തന്നെയാണ്. അനുഭവങ്ങള്‍ തുരുതുരാ നോവിച്ച ഒരു സ്ത്രീയ്ക്കും എന്നതിനേക്കാളും മനുഷ്യത്വമുള്ള ഒരു മനുഷ്യനുപോലും നിര്‍ഭയയെ പീഢിപ്പിച്ച് ഇല്ലാതാക്കിയ കുറ്റവാളികളുടെ അന്ത്യയാത്രയില്‍ അലിവില്ല, കരുണയില്ല, സഹതാപമില്ല. മറിച്ച് ഒരു പ്രാര്ഥനമാത്രം ഏതാനും നിമിഷത്തെ മാനസിക ശാരീരിക സുഖത്തിനു മാത്രം വശംവദനാകുന്ന പുരുഷാ ഇനിയെങ്കിലും വരുംവരായ്മകളെ കുറിച്ച് ചിന്തിയ്ക്കു . നീ ഒരു പിതാവാണ്, ഭര്‍ത്താവാണ്, മകനാണ്. നിന്റെ കടമകള്‍, കര്‍ത്തവ്യങ്ങള്‍, ഉത്തരവാദിത്വങ്ങള്‍, നിന്നിലെ മനുഷ്യത്വം എന്നിവ നീ ഒരിയ്ക്കലും ദുര്‍ബലമായ വികാരങ്ങള്‍ക്കോ, ലഹരിയ്‌ക്കോ അടിയറ വയ്ക്കാതെ നിന്റെ ചുറ്റിലും നില്‍ക്കുന്ന നിന്റെ മാതാപിതാക്കളെ പരിചരിയ്ക്കു , ഭാര്യയെന്ന സ്ത്രീയെ ബഹുമാനിയ്ക്കു, നിന്റെ മകളെ നീ സംരക്ഷിയ്ക്കു. ഏതാനും നിമിഷത്തില്‍ മാത്രം ലഭിയ്ക്കുന്ന ആനന്ദം നിന്റെയും നിന്നെ സ്‌നേഹിയ്ക്കുന്നവരുടെയും കണ്ണുനീരായി പൊട്ടിയൊഴുകും, വേദനിയ്ക്കുന്ന മനസ്സുകളുടെ ശാപം നിന്നില്‍ കൂരമ്പുകളായി തറയ്ക്കും . നീ ഒരു സമൂഹ ജീവിയാണ്. മനനം ചെയ്യാന്‍ കഴിവുള്ള മനുഷ്യനാണ്. മൃഗങ്ങളെക്കാള്‍ നീ തരം താഴരുത്, നിന്റെ വരും തലമുറയെയും അതിനു അനുവദിയ്ക്കരുത്.
കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ എന്ന ഒരു നിമിഷത്തിലേയ്ക്ക് എത്തിച്ചേരാന്‍ എട്ടു വര്‍ഷക്കാലം സമയമെടുക്കേണ്ടി വന്നു എന്നതില്‍ ജനതയ്ക്ക് ഖേദമുണ്ട്. ഇത്തരം ദാരുണമായ സംഭവങ്ങള്‍ക്ക് കാലതാമസം കൂടാതെ ശിക്ഷ നടപ്പിലാക്കണം എന്ന് ആഗ്രഹിച്ചത് മനുഷ്യത്വമുള്ള ജനങ്ങളാണ്. ഇവര്‍ക്ക് വേണ്ടത് നീതിയാണ്. ഇവര്‍ ആരും നിയമങ്ങളുടെ ചുരുളഴിച്ച് പഠിച്ചവരല്ല. രാഷ്ട്രീയത്തിന്റെയും, മതത്തിന്റെയും, ആള്‍സ്വാധീനത്തിന്റെയും കൈകളില്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ചരടില്‍ നിയന്ത്രിയ്ക്കുന്ന നൂല്‍പ്പാവ ആയാലും അതൊന്നും മനസ്സിലാക്കാന്‍ കഴിയാതെ നീതി നടപ്പിലാകും എന്ന് മാത്രം സ്വപ്നം കണ്ട ജനത.
സമൂഹത്തിലെ അന്യായങ്ങള്‍ക്കു നടപടി എടുക്കാന്‍ ഇന്ത്യയ്ക്ക് ഒരു നീതിന്യായവ്യവസ്ഥ ഉണ്ടെന്നു മാത്രം വിശ്വസിയ്ക്കുന്ന സാധാരണ മനുഷ്യര്‍. ഒരുപക്ഷെ ജനങ്ങളുടെ ഈ വിശ്വാസം നിലനിര്‍ത്തി എട്ടുവര്ഷക്കാലം നീട്ടികൊണ്ടുപോകാതെ നിര്‍ഭയ കേസിനു ഒരു നടപടി കാലതാമസം കൂടാതെ എടുത്തിരുന്നുവെങ്കില്‍ ബാംഗ്‌ളൂരിലെ വെറ്റിനറി ഡോക്ടറടക്കം കേവലം ദുര്‍ബല വികാരത്തിന് ഇരയാക്കപ്പെട്ട ഒരുപാട് പെണ്‍കുരുന്നുകളെ രക്ഷപ്പെടുത്താനാകുമായിരുന്നു. ബാംഗ്‌ളൂരിലെ വെറ്റിനറി ഡോക്ടറെ പീഢിപ്പിച്ച് കൊന്നവരെ നിയമത്തിനു വിട്ടുകൊടുക്കാതെ പോലീസ് കയ്യിലെടുത്തപ്പോള്‍ ലോകം ആ നടപടിയെ കയ്യടിച്ച് പ്രോത്സാഹിപ്പിയ്ക്കില്ലായിരുന്നു. നീതിന്യായവ്യവസ്ഥയുടെ കഴിവുകേട് എന്ന് ജനം പഴിചാരില്ലായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയും,വ്യക്തിസ്വാധീനങ്ങളുടെയും മറവില്‍ നിര്‍ഭയ കേസിലെ ഓരോ കുറ്റവാളികളും ഹര്‍ജികള്‍ സമര്‍പ്പിയ്ക്കുമ്പോഴും, വധശിക്ഷ നീണ്ടുപോകുമ്പോഴും ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ശിക്ഷ നിയമങ്ങളില്‍ പാണ്ഡിത്യമില്ലാത്ത പച്ചയായ ഓരോ മനുഷ്യനും പറഞ്ഞു നിയമവ്യവസ്ഥയുടെ കഴിവുകേട് എന്ന്.
മറിച്ച് കുറ്റവാളികളെ കഴുവിലേറ്റുന്നത് കാടത്തരം എന്ന് വിളിച്ച് പറയുന്ന ഒരു സമൂഹത്തെയും നിര്‍ഭയ കേസില്‍ ലോകം കണ്ടു. എന്നാല്‍ അവര്‍ ഓര്‍ക്കുന്നില്ല കുറ്റവാളികളെ ശിക്ഷിയ്ക്കുന്നതിലാണോ അതോ യാതൊരു കുറ്റവും ചെയ്യാത്ത ഒരു പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടിവന്ന ദുര്‍വ്വിധിയോടാണോ , നിഷ്കളങ്കയായ ഒരു മകളെ നഷ്ടപ്പെട്ട വേദനയോടെ നീറി കഴിയുന്ന ഒരു മാതാവിനോടാണോ, ജനങ്ങളോടാണോ മനുഷ്യത്വം അല്ലെങ്കില്‍ സഹതാപം കാണിയ്‌ക്കേണ്ടതെന്ന്.
അതുപോലെത്തന്നെ ബാംഗ്‌ളൂരിലെ വെറ്റിനറി ഡോക്ടറെ പീഢിപ്പിച്ച കുറ്റവാളികളെ നിറയ്ക്കിരയാക്കിയപ്പോള്‍ ഒരുകൂട്ടം ജനങ്ങള്‍ അവര്‍ക്കുവേണ്ടി കണ്ണുനീര്‍ ഒഴുക്കുകയുണ്ടായി. ഇവിടെയും നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയുടെ ജീവനെപ്പറ്റിയോ, അവളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥയെ കുറിച്ചോര്‍ക്കാനോ മുതലക്കണ്ണീര്‍ ഒഴുക്കിയവരിലെ മനുഷ്യത്വം തയ്യാറായില്ല.
നവോഥാനത്തിനുവേണ്ടി ലോകം മുറവിളി കൂട്ടുന്ന ഈ കാലഘട്ടത്തില്‍ കുറ്റവാളികള്‍ക്കുവേണ്ടി വാദിച്ച വക്കീല്‍ ശ്രീ.പി. സിംഗ് പെണ്‍കുട്ടിയില്‍ സ്വഭാവദോഷം ആരോപിച്ചു. ഇരുട്ടായാല്‍ സ്ത്രീകള്‍ എന്തിനു പുറത്തിറങ്ങണം, എന്തിനു ജീന്‍സ് ഇടണം എന്നീ വാദങ്ങള്‍ കോടതി മുന്‍പാകെ നിരത്തിയെന്നത് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അഭ്യസ്തവിദ്യനായ ഒരു വക്കീല്‍ കേസിന്റെ വിജയത്തിനായി ' ന സ്ത്രീ സ്വാതന്ത്രം അര്‍ഹതി' എന്ന മനുവിന്റെ പ്രസ്താവനയുടെ ദുര്‍വ്യാഖ്യാനത്തിലെത്തിയപ്പോള്‍ അതിനെ പിന്താങ്ങുവാനും സ്വതന്ത്ര ഭാരതത്തില്‍ ചിലര്‍ തയ്യാറായി എന്നത് ശ്രദ്ധേയമാണ്. കുറ്റവാളികളില്‍ ഒരാളായ മുകേഷ് സിങ്ങും പറഞ്ഞത് സൂര്യന്‍ അസ്തമിച്ചാല്‍ സ്ത്രീ പുറത്തിറങ്ങരുതെന്നാണ് എന്നും മാധ്യമങ്ങളില്‍ കണ്ടിരുന്നു. ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തുമ്പോള്‍ അത് ശരിവയ്ക്കാന്‍ ലക്ഷോപലക്ഷം നിരക്ഷരകുക്ഷികള്‍ ഭാരതത്തില്‍ ഉള്ളപ്പോള്‍ ഭാരതത്തിലെ സ്ത്രീ സമൂഹം എങ്ങിനെ അവരുടെ സ്വാതന്ത്രം ഉപയോഗിയ്ക്കും? പെണ്കുട്ടിയാണെന്നറിഞ്ഞാല്‍ ഭ്രൂണഹത്യ നടത്തുന്ന ചിലര്‍ ഭാരതത്തില്‍ തുടരുമ്പോള്‍ ജനിച്ചുവീഴുന്ന പെണ്‍കുട്ടികളെ സീതയായി വളര്‍ത്തുന്നതിലും നല്ലത് തങ്ങള്‍ക്കു ജനിയ്ക്കുന്ന ആണ്‍കുട്ടികളെ അവര്‍ ശ്രീരാമനായി വളര്‍ത്തുന്നതല്ലേ?
വളരെ വൈകിയാണെങ്കിലും നിര്‍ഭയയുടെ പിടഞ്ഞു മരിച്ച ആത്മാവിനു നീതി നല്‍കികൊണ്ട് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ കുറ്റവാളികള്‍ക്ക് നല്‍കിയ ശിക്ഷ നടപടി നിര്‍ഭയയുടെ അമ്മയെപ്പോലെത്തന്നെ വലിയ ഒരു ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ഒരാശ്വാസമാണ്. നിര്‍ഭയയുടെ അമ്മയ്‌ക്കൊപ്പം ഒരു വലിയ സമൂഹം, ഗവണ്മെന്റിനും, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്കും കൃതജ്ഞത അറിയിയ്ക്കുന്നു.
ഈ ഒരു സംഭവം ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുട്ടിയും കാലാകാലങ്ങളില്‍ അറിയണം. ഒരു നിമിഷത്തെ ആനന്ദത്തിനുവേണ്ടി കുറ്റവാളികള്‍ ചെയ്തു കൂടിയ കൊടും ക്രൂരതയ്ക്ക് അനുഭവിയ്‌ക്കേണ്ടി വന്ന യാതനകള്‍ ഓരോ കുട്ടിയും ഓര്‍ത്തിരിയ്ക്കണം. ശിക്ഷ അനുഭവിച്ച ഓരോ കുറ്റവാളിയുടെയും ജീവിതം വരും തലമുറയിലെ ഓരോ കുഞ്ഞും മനഃപാഠമാക്കണം. അവര്‍ക്കിതെന്നും ഓര്‍ത്തിരിയ്‌ക്കേണ്ട ഗുണപാഠമാകണം. എന്നിരുന്നാലെ ഇനി ജനിച്ചുവീഴുന്ന ഓരോ അഭയമാര്‍ക്കും അവരുടെ സഹോദരനെ ലഭിയ്ക്കു, അച്ഛനെ ലഭിയ്ക്കു, ഉത്തമ പുരുഷനായ ഭര്‍ത്താവിനെ ലഭിയ്ക്കു.
ലഹരിയില്‍ മുക്കിയെടുത്ത ദുര്‍ബ്ബലവികാരങ്ങളെ തളച്ചിടാന്‍, ലോകമെന്തെന്നുപോലും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ ബലിയാടാക്കുന്ന നമ്മുടെ ഇന്നത്തെ സമൂഹം മാറിയേ തീരൂ. എങ്കില്‍ മാത്രമേ ഇവിടുത്തെ യുവാക്കള്‍ കൈവരിയ്ക്കുന്ന വിദ്യാഭ്യാസത്തിനു മൂല്യമുള്ളൂ.
പണ്ടത്തെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന പുരുഷമേധാവിത്വത്തിന്റെ പിടിയില്‍ നിന്നും തന്റെ കഴിവുകളെ വിനിയോഗിച്ച് പടപൊരുതി മുന്നോട്ടു വന്ന സ്ത്രീസമൂഹത്തിനു അവരില്‍ പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ പവിത്രമായ മാതൃത്വം എന്നത് അവരുടെ മുന്നേറ്റത്തിന് ഒരിയ്ക്കലും ഒരു ശാപമായി കൂടാ. മാതൃത്വത്തിന്റെ പേരില്‍ അവള്‍ ഇനി ആരെയും ഭയക്കാനിടവരരുത്. പുരുഷനെപ്പോലെ തന്നെ സ്ത്രീയും വികാരവിചാരങ്ങള്‍ ഉള്ളവളാണ്. പുരുഷന്റെ ദുര്‍ബ്ബല വികാരങ്ങളെ ശമിപ്പിയ്ക്കാനുള്ള ഒരു കളിപ്പാവ മാത്രമല്ല അവള്‍. പുരുഷനാല്‍ സംരക്ഷിയ്ക്കപ്പെടേണ്ടവളാണ് സ്ത്രീ. സ്ത്രീയും പുരുഷനും പരസ്പരം പൂരകങ്ങളാണ്. പരസ്പരം ഭയപ്പെടാതെ, ബഹുമാനത്തോടെ കൈകോര്‍ത്ത് മുന്നോട്ടു വന്നാല്‍ ഇനി ഒരു നിര്ഭയയ്ക്ക് ജന്മം നല്‍കാത്ത മനുഷ്യത്വം നിറഞ്ഞ ഇന്ത്യയെ നമുക്ക് മുന്നില്‍ കാണാം.
നിര്‍ഭയ കേസില്‍ വന്ന കാലതാമസത്തിന്റെ കാരണം നിയമത്തിലെ നൂലാമാലകളും പഴുതുകളുമാണെന്നു അനുമാനിയ്ക്കാം. നിയമങ്ങള്‍ മനുഷ്യര്‍ ഉണ്ടാക്കിയതാണ്. ഓരോ കാലഘട്ടം കഴിയുമ്പോഴും അത് പരിശോധിക്കേണ്ടിയിരിക്കുന്നു. കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യത്തില്‍ ഉദ്ദരിച്ചതുപോലെ;
ഹാ ! സുഖങ്ങള്‍ വെറും ജാലം ആരറിവൂ നിയതിതന്‍
ത്രാസ്സുപൊങ്ങുന്നതും താനേ താണുപോവതും.
മനുഷ്യ ജീവിതം വിധിയുടെ ത്രാസില്‍ തൂങ്ങുന്നു. അത് പൊങ്ങുന്നതും താഴുന്നതും മനുഷ്യരുടെ അനുവാദം ചോദിച്ചുകൊണ്ട് ആകണമെന്നില്ല.