ന്യൂജേഴ്സി: ചില മലയാളികളുടെ സോഷ്യല്‍ മീഡിയകളിലെ കോപ്രായങ്ങള്‍ അങ്ങേയറ്റം അസഹനീയമായമായിരിക്കുന്നു. ആദ്യം ഇറ്റലിയുടെ മുതുകത്ത് കയറിയ അവര്‍ ഇപ്പോള്‍ അമേരിക്കയ്ക്ക് പിന്നാലെയാണ്. എന്തൊക്കെയാണ് പറയുന്നത്, അമേരിക്ക തകര്‍ന്നു, അമേരിക്കക്കാര്‍ പട്ടിണിയില്‍, സമ്പദ്വ്യവസ്ഥ തകര്‍ന്നു. കേവലം മൈക്രോസ്കോപ്പുകൊണ്ട് മാത്രം ദൃശ്യമാകുന്ന കോവിഡ് 19 എന്ന വൈറസിന്റെ മുമ്പില്‍ ലോക പോലീസ് മുട്ടുകുത്തി എന്നൊക്കെ. കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും മിഴിച്ചുനോക്കി സമൂഹ മാധ്യമങ്ങളില്‍ വരുന്ന കള്ളക്കഥകള്‍ വായിച്ചു നിര്‍വൃതി അടയുന്നവര്‍.
ഇതിലെ അസൂയയെപറ്റി ആദ്യമെ പറയട്ടെ. അമേരിക്കയിലോ മറ്റ് വിദേശരാജ്യങ്ങളിലോ പോകാന്‍ കഴിയാത്തവര്‍ക്ക് കുറച്ച് അസൂയ പ്രതീക്ഷിക്കാം. ഇന്ത്യ ലോക്ക് ഡൗണില്‍ ആയി വീട്ടില്‍ ചൊറി കുത്തി ഇരിക്കുമ്പോള്‍ അമേരിക്കയില്‍ ഇപ്പോഴും സാധാരണ ജീവിതം തുടരുന്നതിലുള്ള അസൂയയാണു മറ്റൊരു വിഭാഗത്തിന്. അമേരിക്കയിലും ലോക്ക് ഡൗണ്‍ ആയിരുന്നുവെങ്കില്‍ ഈ വിമര്‍ശനം ഉണ്ടാവില്ലായിരുന്നു. പക്ഷെ ഇത് അമേരിക്ക. വ്യക്തിക്കു സ്വാതന്ത്യമുള്ള രാജ്യം. രാജ്യം നിശ്ചലമാക്കാന്‍ ഒരു ഉത്തരവൊന്നും പോര.
അമേരിക്കന്‍ സാമ്രാജ്യത്യം തകരുന്നു എന്നുപറയുന്നവരോട്. ഈ മഹത്തായ രാജ്യം ഇപ്പോഴും ഇവിടെ തന്നെയുണ്ട്. 34 കോടി വരുന്ന ഈ രാജ്യത്തെ 0.001 ശതമാനം പേര്‍ക്ക് മാത്രമാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. 152, 631 പേര്‍ക്ക്. അവരില്‍ 2817 പേര് മാത്രമാണ് മരണമടഞ്ഞത്. അതായത് രണ്ട് ശതമാനത്തില്‍ താഴെ. മറ്റു രാജ്യങ്ങളില്‍ എത്ര പേര്‍ക്കു രോഗം വന്നു എത്ര പേര് മരിച്ചു എന്നു കണക്കു കൂട്ടി നോക്കുക.
ലോക പോലീസ് ഇവിടെത്തന്നെയുണ്ട്. സംശയമുണ്ടെങ്കില്‍ ഒരു വിസയെടുത്ത് വിമാനം പിടിച്ച് വരിക.എന്താ വരുന്നോ? പുറത്തിറങ്ങിയാല്‍ നല്ല പെട കിട്ടുമല്ലേ. ഇവിടങ്ങനെയൊന്നുമില്ല. ആവശ്യമുള്ളവര്‍ക്ക് പുറത്തിറങ്ങാം. ലോക പോലീസ് ആരെയും തല്ലിച്ചതയ്ക്കില്ല. എന്നാല്‍ വിവേകമുള്ള പൗരന്മാരായ അമേരിക്കക്കാര്‍ നിയമം അനുസരിച്ച് അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുന്നു.
അമേരിക്കക്കാരുടെ ചെലവില്‍ അമേരിക്കയില്‍ വന്നിട്ടുള്ള മുഖ്യമന്ത്രി ഉള്‍പ്പെടയുള്ള സാമ്രാജ്യത്വ വിരുദ്ധശക്തികള്‍ ഈ രാജ്യത്തിന്റെ പുരോഗതിയും നിയമവ്യവസ്ഥയും കണ്ട് അവരുടെ അഭിപ്രായം മാറ്റിപ്പറഞ്ഞവരാണ്. അതുകൊണ്ട്ഈ നേതാക്കന്മാരോട് ചോദിച്ചുനോക്കു അമേരിക്ക അങ്ങനെയങ്ങു തകരുമോയെന്ന്. പ്രിയപ്പെട്ട അമേരിക്ക വിരുദ്ധരെ, അമേരിക്ക അടുത്തകാലത്തൊന്നും തകരുമെന്ന് സ്വപ്നം കാണേണ്ട.
ലോകം മുഴുവനും എന്നപോലെ കൊറോണ വ്യാപനത്തിന്റെഫലമായുള്ള ആഗോള സാമ്പത്തിക അരക്ഷിതാവസ്ഥ അമേരിക്കയിലുമുണ്ടെന്നത് സത്യമാണ്. കൊറോണയെ ഇന്നല്ലെങ്കില്‍ നാളെ നാം പിടിച്ചുകെട്ടും. അതുകഴിഞ്ഞു ഞങ്ങള്‍ കരകയറുക തന്നെ ചെയ്യും. ഈ രാജ്യം തകരണമെങ്കില്‍ ലോകം മുഴുവന്‍ തകരണം. ഇവിടെ മരണ സംഖ്യ ഉയര്‍ന്നേക്കാം. കൊറോണ വ്യാപനം തടയുന്നതില്ഭരണാധികാരികള്ക്ക്വീഴ്ച്ച പറ്റിയേക്കാം. അത് ഞങ്ങളുടെ മാത്രം പ്രശ്നം. അക്കാര്യമോര്‍ത്തു നിങ്ങള്‍ തല പുകയ്ക്കുന്നതെന്തിന്? ഞങ്ങളുടെ രാഷ്രത്തലവന്മാരെ ഇവിടുത്തെ പൗരന്മാര് വിമര്‍ശിച്ചാല്‍ പോരെ? സോഷ്യല്‍ മീഡിയ പരദൂഷണ തൊഴിലകളെനിങ്ങള് നിങ്ങളുടെ കാര്യം നോക്കണം.
അമേരിക്ക തകര്‍ന്നു തരിപ്പണമായി എന്ന് പ്രചരിപ്പിക്കുന്നവരില്‍ ഏറെയും നമ്മുടെ നാട്ടുകാരാണെന്നതാണ് വേദനാജനകമായ കാര്യം. അമേരിക്കയിലെ ജനങ്ങള്‍ പട്ടിണിയില്‍ വരെയാണെന്നാണ് പ്രചരിപ്പിക്കുന്നത്.
എന്‍-95 മാസ്ക്ക് ഉള്‍പ്പെടെയുള്ള അവശ്യ സുരക്ഷാ വസ്തുക്കള്‍ നല്കി സഹായിക്കാമോ എന്ന് ചില അമേരിക്കന്‍ സംഘടനാ നേതാക്കള്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചറിനോട് ആവശ്യപ്പെട്ടതായി അവര്‍ കേരളത്തിലെ മാധ്യമങ്ങളോട് പറഞ്ഞതു കണ്ടു.ഫെഡറല്‍-സ്റ്റേറ്റ് അധിക്രുതര്‍ ചെയ്യേണ്ട ഇത്തരം നയതന്ത്ര ജോലികള്‍ ചെയ്യാന്‍ സംഘടനാ നേതാക്കന്മാരെ ആരാണ് ചുമലപ്പെടുത്തിയത്? അഴകിയ രാവണന്മാര് ഇതിനപ്പുറം ചെയ്യും.
പ്രളയകാലത്ത് കേരളത്തെ അകമഴിഞ്ഞ് സഹായിച്ചതുകൊണ്ടാവാം പ്രവാസി മലയാളികളെ കേരളത്തിലെ ചിലയാളുകള്‍ ഇത്ര കണ്ട് പരിഹസിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ പ്രവാസികളോട് എയ്ഡ്സ് രോഗികളോടുള്ള സമീപനം പോലെയാണ് ചിലര്‍ക്കെല്ലാം. അവരോടു പറയട്ടെ ഞങ്ങള്‍ അയയ്ക്കുന്ന പണത്തില്‍ തൊട്ടുപോകരുത്! അതില്‍ കൊറോണ വൈറസ് ഉണ്ടാകും. സൂക്ഷിക്കുക.
പ്രവാസികള്‍ ഒന്നടങ്കം കേരളത്തിലേക്ക് അയക്കുന്ന പണം നിര്‍ത്തിയാല്‍ അപ്പോള്‍ തീരും ഈ അഹങ്കാരമെന്ന് അവര്‍ ഓര്‍ക്കുന്നില്ല. പ്രളയകാലത്തേതു പോലെ സാലറി ചലഞ്ച് ആരംഭിച്ചു കഴിഞ്ഞു. ലോക്ക് ഡൗണ്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ അടുത്തതായി കൈ നീട്ടുന്നത് പ്രവാസികളോടായിരിക്കും.
എന്നാല്‍ ഈ അപമാനങ്ങള്‍ മറന്നു മേല്‍പ്പറഞ്ഞ അഴകിയ രാവണന്മാര് ഒരു ഉളുപ്പുമില്ലാതെ കൊറോണ കേരള സഹായനിധി തുടങ്ങുമെന്ന കാര്യം ഉറപ്പാണ്. ഇത്തരക്കാര്‍ കേരളത്തെ സഹായിക്കാനെന്നും പറഞ്ഞു വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയാല്‍ ആരും സഹകരിക്കരുത്.
നമ്മുടെ കഷ്ട്ടകാലത്ത് സഹായിച്ചില്ലെങ്കിലും ഉപദ്രവവും അപവാദവും പരത്തുന്ന ഇവര്‍ക്കെന്തിനാ നമ്മുടെ സഹായം? പ്രളയ കാലത്തു നാം കഷപ്പെട്ട് അധ്വാനിച്ച പണം സംഭാവന നല്‍കിയത് വക മാറ്റി ചെലവഴിച്ച കേരള സര്‍ക്കാരാണോ അമേരിക്കക്കാരെ സഹായിക്കാനൊരുങ്ങുന്നത്. എന്തായാലും കേരളത്തിന്റെ സഹായം വാങ്ങാന്‍ മാത്രം അമേരിക്ക തകര്‍ന്നിട്ടില്ല. ഒരിക്കലും അത് സംഭവിക്കുകയുമില്ല..
അമേരിക്കയിലെ 'പട്ടിണിപ്പാവങ്ങ'ളോട് പരിതപിക്കുന്നവരോട് ഒരു ഉപദേശമുണ്ട്. പകര്‍ച്ചവ്യാധി എന്നത് ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ല. വികസ്വര-വികസിത രാജ്യങ്ങളെന്നു വക ഭേദമില്ലാതെയാണ് ഈ വൈറസ് വിനാശം വിതയ്ക്കുന്നത്. ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഇതു വ്യാപകമായാല്‍ തീരും ഇന്ത്യയുടെ കാര്യവും. അയല്‍ സംസ്ഥാനങ്ങളില്‍ ഇതു പടര്‍ന്നു വ്യാപകമായാല്‍ കേരളത്തിലേക്ക് അതിനെത്തിപ്പെടാന് അധിക സമയമൊന്നും വേണ്ട. അങ്ങെനെ സംഭവിക്കരുതെന്നാണ് എല്ലാ മലയാളികളുടെയും പ്രാര്‍ത്ഥന.21 ദിവസത്തെ ലോക്ക് ഡൗണ്‍ കഴിഞ്ഞും വൈറസ് ബാധ ഉണ്ടാവില്ലെന്നു എന്താണുറപ്പ്? ലോക്ക് ഡൗണ്‍ കാലത്ത് എത്ര പട്ടിണി മരണം ഉണ്ടാകും?
കേരളത്തില്‍ എത്ര കാലത്തേക്കുള്ള ഭക്ഷ്യ ശേഖരമുണ്ട്? മൂന്ന് അല്ലെങ്കില്‍ നാല് മാസം. അതിനപ്പുറം അരിയും പലവ്യഞ്ജനങ്ങളും സൗജന്യമായി നല്കനാവില്ല. കര്‍ണാടകയും മറ്റും വൈകാതെ അതിര്‍ത്തി തുറന്നില്ലെങ്കില്‍ തീര്‍ന്നു.
ഇനി മറ്റൊരു കാര്യം അറിയുക. കൊറോണവ്യാപകമാകുന്നു എന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ മിക്കവാറുമുള്ള അമേരിക്കന്‍ മലയാളികളും മറ്റു ഇന്ത്യക്കാരും കുറഞ്ഞത് നാലഞ്ച് മാസത്തേക്കുള്ള ഭക്ഷണസാധങ്ങള്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. ഈ ലേഖകന്റെ മാത്രം രണ്ടു ഫ്രിഡ്ജുകളിലെയും ഫ്രീസറുകളിലും മറ്റൊരു സ്റ്റാന്‍ഡിങ്ങ് ഫ്രീസറിലുമായി ഇറച്ചി മീന്‍, ഫ്രോസണ്‍ പച്ചക്കറികള്‍, കുട്ടികള്‍ക്കുള്ള ഭക്ഷണങ്ങള്‍ എന്നിവ നിറച്ചു വച്ചിരിക്കുകയാണ്. കൂടാതെഅരിയും പയര്‍ വര്‍ഗ്ഗങ്ങളും ഡ്രൈ ഫുഡുമൊക്കെ ധാരാളം ശേഖരിച്ചു വച്ചിട്ടുണ്ട്. ഒരു വര്‍ഷം മുഴുവന്‍ ലോക്ക് ഔട്ട് ഉണ്ടായാലും ഞങ്ങള്‍ക്ക് ഒരു പ്രശ്നവും വാരില്ല. കൂടാതെ പലവ്യഞ്ജനങ്ങളും പച്ചക്കറിയും പാലും മുട്ടയും വരെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേ ദിവസം തന്നെ ലഭ്യമാമാണ്.
പിന്നെ എങ്ങനെയാണ് അമേരിക്കക്കാര്‍ പട്ടിണിയില്‍ ആകുന്നത്? എന്നാല്‍ അമേരിക്കയില്‍ പണമൊഴികെ ഒന്നും സൗജന്യമായി നല്‍കിയിട്ടില്ല. മൂന്നാഴ്ചയ്ക്കുള്ളില്‍ 90 ശതമാനം പൗരന്മാര്ക്കും 1200 ഡോളര്‍ വീതം കിട്ടും. ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളുമുള്ള കുടുംബത്തിന് 3400 ഡോളര്‍ ലഭിക്കും. ആദ്യ ഘട്ടമായിട്ടുള്ളതാണിത്. തൊഴില്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് 9 മാസം തിഴിലില്ലായ്മ വേതനം. സംസ്ഥാങ്ങള് നല്കുന്ന അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം തൊഴിലില്ലായ്മാ വേതനത്തിനു പുറമെഫെഡറല് ഗവെര്മെന്റ് ഓരോ ആഴ്ചയിലും 600 ഡോളര്‍ വീതം തൊഴില്‍ നഷപ്പെട്ടരവര്ക്കു നല്‍കും. ഡിസംബറിനകംഅവര്ക്കു ജോലി ലഭിക്കുന്നത് വരെ ഈ തുക ലഭ്യമായിരിക്കും. ഇതു പലരുടെയും യഥാര്‍ത്ഥ ശമ്പളത്തെക്കാള്‍ കൂടുതലാണ്.
ഇനി പറയു എന്തായിരിക്കും ഒരു വര്‍ഷത്തെ ലോക്ക്ഡോണ്‍ സംഭവിച്ചാല്‍ ഇന്ത്യയിലെ അവസ്ഥ. എന്തിനേറെ ഒരു മൂന്ന് മാസം തികച്ചും ലോക്ക് ഡൗണ്‍ താങ്ങാന്‍ പറ്റുമോ കേരളത്തിന്? കേരളത്തില്‍ ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത് 20000 കോടിയുടെ കോവിഡ് ദുരിതാശ്വാസമാണ്. ഇതു എത്ര കാലത്തേക്കുണ്ടാകും.
ലോകം മുഴുവന്‍ കൊറോണ വൈറസ് എന്ന മഹാമാരി വ്യാപിക്കുമ്പോള്‍ ഇത്തരം നിലവാരം കുറഞ്ഞ കള്ളക്കഥകള്‍ പടച്ചു വിടുന്നതു ശരിയാണോ എന്ന് സ്വയം വിമര്‍ശനം നടത്തുക. നാളെ ജന്മനാട്ടിലെ ഉറ്റവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ നടത്തിയ ഈ ദ്രോഹങ്ങള്‍ എല്ലാം മറന്നു സഹായിക്കാനുള്ളവരാണ് പ്രവാസികള്‍ എന്ന് മറക്കേണ്ട.
ഞങ്ങള്‍ പ്രവാസികള്‍ അങ്ങനെയാണ്. മാതൃരാജ്യത്തിനു വേണ്ടി മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാം മറന്നു സഹായിക്കാന്‍ മടിയില്ലാത്തവര്‍.വല്ലപ്പോഴും അതിഥികള്‍ മാത്രമായി കേരളത്തില്‍ വരുന്ന ഞങ്ങളെ കേരളീയരായി കണ്ടില്ലെങ്കില്‍ പോലും അതിഥികള്‍ ആയെങ്കിലും കരുതുക.
വിഷമം കൊണ്ട് എഴുതിയതാണ്. പ്രവാസികള്‍ ഉള്‍പ്പെടെ പലരെയും വേദനിപ്പിച്ചിട്ടുണ്ടാകാം.
ദുരന്തകാലത്ത് സര്‍ക്കാരുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായില്ലെങ്കില്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് സ്വാഭാവികമാണ്. പ്രശംസിക്കുകയല്ല, കുറ്റങ്ങള്‍ കണ്ടെത്തി സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് പത്ര ധര്‍മ്മം. അതുകൊണ്ട് അമേരിക്കയിലെ ദേശീയ മാധ്യമങ്ങള്‍ ട്രമ്പ് അഡ്മിനിസ്ട്രേഷനെ വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ കര്‍ത്തവ്യമാണ്. അതുകണ്ട് നിങ്ങളാരും ഇവിടെ ലോകം അവസാനിച്ചുവെന്ന് കരുതേണ്ട. ലോക സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇവിടെ തകര്‍ന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ തരുമെന്ന് മറക്കരുത്.
ഡോളര്‍ വില 75 രൂപ കടന്നു. അതായത് രൂപയുടെ വില കുറഞ്ഞു