തിരുവനന്തപുരം: വിദേശത്തു മരിച്ച നാലു മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. യുഎഇയിൽ മരിച്ച തൃശൂർ സ്വദേശി തോമസ് വർഗീസ് (57), മലപ്പുറം സ്വദേശി അബ്ദുൾ റസാഖ് (50), ആലപ്പുഴ സ്വദേശി മനു എബ്രഹാം (27), കൊല്ലം സ്വദേശി വിഷ്ണു രാജ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് പാസഞ്ചർ വിമാനങ്ങൾ നിർത്തലാക്കിയ സാഹചര്യത്തിൽ കാർഗോ എയർലൈൻസ് വഴിയാണ് മൃതദേഹങ്ങൾ എത്തിയതെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.
പരേതരുടെ ബന്ധുക്കളെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു വരുന്നതിനും വിമാനത്താവളത്തിൽനിന്നു മൃതദേഹം ഏറ്റുവാങ്ങി മടങ്ങിപ്പോകുന്നതിനും നോർക്കയുടെ എമർജൻസി ആംബുലൻസ് സേവനം ഏർപ്പെടുത്തിയിട്ടുണ്ട്.