MediaAppUSA

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 79: ജയന്‍ വര്‍ഗീസ്)

Published on 05 April, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 79: ജയന്‍ വര്‍ഗീസ്)
ജ്യോതിര്‍ഗമയ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കണം  എന്ന  സ്വപ്നം ബാക്കി നിന്നു. ആശയങ്ങള്‍ ആവാഹിച്ചു കടഞ്ഞെടുത്ത അതിലെ ഡയലോഗുകള്‍ ഇംഗ്ലീഷില്‍ ആക്കുവാനുള്ള പാണ്ഡിത്യം എനിക്കില്ലെന്ന് നേരത്തേ തന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. മലയാളത്തില്‍ അത് രചിക്കപ്പട്ടത് തന്നെ ദാര്‍ശനിയമായ ഏതോ ഉള്‍വിളിയുടെ ആത്മ ചോദനത്താല്‍ സംഭവിച്ചു പോയ ഒരത്ഭുതമായിരുന്നു എന്നാണ് ഞാന്‍ പോലും വിലയിരുത്തുന്നത്.

ഇംഗ്ലീഷ് ഭാഷയില്‍ ആക്കാന്‍ സാധിക്കുകയാണെങ്കില്‍ വായനാ സാധ്യത വിശാലമാവുന്നതിലൂടെ ഏതെങ്കിലും ഒരു പ്രതിഭാ ശാലിക്ക് അതിന്റെ മൂല്യം കണ്ടെത്തി പുറത്തു കൊണ്ട് വരാന്‍ സാധിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ഇത്തരത്തിലുള്ള ഒരു ഭാഷാന്തരം ഞാന്‍ ആഗ്രഹിച്ചത്. സാഹിത്യ വേദികളില്‍ വച്ച് പരസ്പരം അറിയുകയും, ബഹുമാനിക്കുകയും ചെയ്തിരുന്ന പ്രൊഫസര്‍ എം. ടി.ആന്റണി ചേട്ടനോട് ഞാനീ ആവശ്യം പറഞ്ഞു. അദ്ദേഹം വളരെക്കാലം മുന്‍പ് മുതല്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്ന ആളാണെന്ന് എനിക്കറിയാമായിരുന്നു. എന്റെ ആവശ്യം സന്തോഷത്തോടെ ഏറ്റെടുത്ത അദ്ദേഹം നാടകത്തിന്റെ കയ്യെഴുത്തു പ്രതിയും കൈപ്പറ്റി അന്ന് പിരിഞ്ഞു.

മാസങ്ങള്‍ കടന്നു പോയി ഒന്ന്, രണ്ട്, മൂന്ന് ...മൂന്നു മാസം കഴിഞ്ഞ് ആന്റണിച്ചേട്ടന്‍ എന്നെ വിളിച്ചു. അദ്ദേഹത്തിന്‍റെ വീട്ടില്‍ വരെ വരാമോ എന്നായിരുന്നു ആവശ്യം. ഇംഗ്ലീഷ് വേര്‍ഷന്‍ പൂര്‍ത്തിയായിക്കാണും എന്ന സന്തോഷത്തോടെ അദ്ദേഹത്തിന്‍റെ വീട്ടില്‍ ഞാന്‍ പാഞ്ഞെത്തി. നാടകത്തിന്റെ കയ്യെഴുത്തു പ്രതി തിരിച്ചു തന്നു കൊണ്ട് അദ്ദേഹം പറയുകയാണ് : " ഇതിലെ ആശയങ്ങള്‍ ചോരാതെ ഇംഗ്ലീഷില്‍ ആക്കാന്‍ എനിക്ക് പറ്റുന്നില്ല. അല്ലെങ്കില്‍ പിന്നെ ഓരോ ഡയലോഗിനും അനുബന്ധമായി ' ടിപ്പണി ' കൂടി ചേര്‍ക്കേണ്ടി വരും. "

അദ്ദേഹത്തിന്‍റെ ഭാര്യ തന്ന കാപ്പിയും കുടിച്ചിട്ട് ഞാന്‍ മടങ്ങിപ്പോന്നു. മറ്റൊരാളെ കണ്ടു പിടിക്കാന്‍ പെട്ടന്ന് കഴിഞ്ഞില്ല. ഇംഗ്ലീഷില്‍ എഴുതുകയൊക്കെ ചെയ്യുന്ന ചില സാഹിത്യ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും, അവരുടെ മലയാളം പോലും എനിക്ക് അത്രക്കങ്ങു പിടിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അവരോടൊന്നും എന്റെ ആവശ്യം ഞാന്‍ ഉന്നയിച്ചില്ല.

ഈയൊരു സാഹചര്യത്തില്‍ എനിക്ക് പെട്ടന്നൊരാളെ ഓര്‍മ്മ വന്നു. ഇവിടെ എന്റെ നല്ല സുഹൃത്തും, നാട്ടില്‍ വച്ചേ എന്റെ നാടകങ്ങളുടെ നല്ലൊരു ആസ്വാദകനും ആയിരുന്ന ശ്രീ ജോസ് ചറമ്മേല്‍ ആയിരുന്നു അത്. ഇവിടെയും എന്റെ സൃഷ്ടികള്‍ ശ്രദ്ധാപൂര്‍വം വായിക്കുന്ന ഒരാളായിരുന്നു അദ്ദേഹം.  നല്ല നിലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കേരളാ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കാലത്താണ് അദ്ദേഹത്തിന്‍റെ വിവാഹം നടക്കുന്നതും, തുടര്‍ന്ന് അമേരിക്കയിലേക്ക് കുടിയേറുന്നതും. ഇവിടെ വന്നതിനു ശേഷം സിറ്റിയുടെ ഹാവ്‌സിങ് ഡിപ്പാര്‍ട്ടുമെന്റില്‍ ഉയര്‍ന്ന ഉദ്യോഗം ലഭിച്ചുവെങ്കിലും, അദ്ദേഹത്തെ പോലൊരാള്‍ ഇവിടെ വരാതിരുന്നെങ്കില്‍ കേരളത്തിനും, ഒരുപക്ഷെ കേന്ദ്രത്തിനും സത്യസന്ധനായ ഒരു മന്ത്രിയെത്തന്നെ കിട്ടുമായിരുന്നു എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

എന്റെ ആവശ്യം മുന്നോട്ടു വച്ചപ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്തവണ്ണം ഞങ്ങളുടെ സൗഹൃദം ഇടയില്‍ കയറി നിന്നു. ക്‌നാനായ അസോസിയേഷന്റെ ചുമതലക്കാരില്‍ ഒരാള്‍ എന്ന നിലക്ക് തനിക്കു തിരക്കുകള്‍ ഉണ്ടെങ്കിലും, സാവധാനം സമയമെടുത്ത്! ഇത് ഇംഗ്ലീഷില്‍ ആക്കിത്തരാമെന്ന് അദ്ദേഹം സമ്മതിച്ചു. ഞങ്ങളുടെ രണ്ടു പേരുടെയും സുഹൃത്തും, വാഴക്കുളം ജ്വാലാ ഫൈന്‍ ആര്‍ട് സൊസൈറ്റിയുടെ പ്രസിഡണ്ടും, താലൂക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ ഓ. എം. ജോര്‍ജില്‍ നിന്ന് ഈ നാടകത്തെക്കുറിച്ചു കേട്ടിട്ടുള്ളത് കൊണ്ട് ഇത് ഇംഗ്ലീഷില്‍ ആയിക്കാണണമെന്നുള്ളത് തന്റെയും കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ധൃതി പിടിക്കരുത് എന്ന മുന്‍കൂര്‍ ജാമ്യത്തോടെ അദ്ദേഹം കയ്യെഴുത്തു പ്രതി കൈപ്പറ്റി. വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം മൊഴിമാറ്റം ആരംഭിച്ചത്. ഡയലോഗുകളുടെ തീവ്രതയും, ആശയ സന്പുഷ്ടതയും ചോര്‍ന്നു പോകാതിരിക്കാന്‍ തികച്ചും സ്വസ്ഥമായ അവസരങ്ങളില്‍ മാത്രമേ മൊഴിമാറ്റത്തിന് അദ്ദേഹം തുനിയാറുള്ളു എന്ന് അദ്ദേഹം തന്നെ എന്നോടു പറഞ്ഞിരുന്നു. വളരെ മാസങ്ങള്‍ കൊണ്ട് ഒന്നാം രംഗത്തിന്റെ പകുതിയോളം പൂര്‍ത്തിയാക്കി അദ്ദേഹം എന്നെ ഏല്‍പ്പിച്ചു.

ഇടക്ക് അദ്ദേഹത്തിന്‍റെ ഭാര്യക്ക് സുഖമില്ലാതാവുകയും, അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ സമയത്തിന്റെ നല്ലൊരു ഭാഗം ചെലവഴിക്കപ്പെടുകയും ചെയ്തപ്പോള്‍ മൊഴിമാറ്റം അവിടെ നിന്നുപോയി. ഇതിനെപ്പറ്റി അദ്ദേഹത്തോട് ചോദിക്കുവാനോ, ഒന്ന് സൂചിപ്പിക്കുവാനോ പോലും വയ്‌യാത്ത ഒരവസ്ഥയില്‍ ഞാന്‍ പിന്തിരിഞ്ഞു. ഈ മൊഴിമാറ്റത്തെ സംബന്ധിച്ച് ശ്രദ്ധാപൂര്‍വം എനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന എന്റെ മകന്‍ എല്‍ദോസിനോട് ഞാന്‍ അവസ്ഥ വിശദീകരിച്ചു.

ഈയൊരു സാഹചര്യത്തിലാണ്, എന്റെ മാനസികാവസ്ഥ മനസിലാക്കിയ എല്‍ദോസ് വര്‍ഗീസ് എന്ന എന്റെ മകന്‍ ജ്യോതിര്‍ഗമയ ഇംഗ്ലീഷില്‍ ആക്കുവാനുള്ള യജ്ഞം ഏറ്റെടുക്കുന്നതും, രാപകലില്ലാതെ അദ്ധ്വാനിച്ച് ' റ്റുവാര്‍ഡ്‌സ് ദി ലൈറ്റ് ' എന്ന പേരില്‍ നാടകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തുന്നതും. ( എല്‍ദോസ് ഒരു ടീനേജര്‍ ആയിരിക്കുന്‌പോള്‍ അവന്റെ ആദ്യ കവിത എഴുതുകയും, ഞാന്‍ അയച്ചു കൊടുത്തതിനെത്തുടര്‍ന്ന് കൈരളിയില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എഴുതുവാനുള്ള എന്റെ അഭ്യര്‍ത്ഥന അവന്‍ തള്ളിക്കളയുകയും, ഒരു പ്രയോജനവുമില്ലാത്ത ഈ രംഗത്ത് നില്‍ക്കുവാന്‍ താല്‍പ്പര്യമില്ലെന്ന് തുറന്നടിച്ചു കൊണ്ട് എഴുത്ത് അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലും, നല്ല സാഹിത്യത്തിന്റെയും, സിനിമയുടെയും വലിയ ആരാധകനായിട്ടാണ് അവന്റെ നിലപാടുകള്‍. )

ഞാന്‍ ജോലി  ചെയ്യുന്ന നഴ്‌സിംഗ് ഹോമില്‍ ശയ്യാവലംബനായി കിടക്കുന്ന പോള്‍ എന്ന യുവാവ് എന്റെ സുഹൃത്ത് ആയിരുന്നു എന്ന് പറഞ്ഞല്ലോ ? ഭാര്യയും, മൂന്നു പെണ്‍കുട്ടികളും, അമ്മയും ഉള്‍ക്കൊള്ളുന്ന കുടുംബ നാഥനായി നല്ല നിലയില്‍ ജീവിച്ചു കൊണ്ടിരുന്ന പോള്‍, കാലുകള്‍ കഠിന വേദനയോടെ ഉള്‍വലിഞ്ഞു ചെറുതാവുന്ന അപൂര്‍വ രോഗം ബാധിച്ച്  ബെഡ്ഡില്‍ നിന്ന് ഒരിക്കലും എഴുന്നേല്‍ക്കാനാവാതെ വര്‍ഷങ്ങളായി കിടപ്പിലാണ്. പോളിന്റെ കുടുംബം സന്ദര്‍ശനം നടത്തുന്ന അവസരങ്ങളില്‍ ഉളവാകുന്ന തീവ്രമായ മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയുടെ ചുടുകാറ്റ് ഏറ്റുവാങ്ങി എന്റെ കണ്ണുകളും പലപ്പോഴും നിറഞ്ഞൊഴുകിയിട്ടുണ്ട്.  ഐ. ടി. പ്രൊഫഷണല്‍ ആയി എവിടെയോ ജോലി ചെയ്തിരുന്ന പോള്‍ തന്റെ ബെഡ്ഡിന് ചറ്റുമായി മോഡേണ്‍ കംപ്യുട്ടര്‍ ടെക്‌നോളജിയുടെ അനേകം അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിച്ചു വച്ച്, സദാ സമയവും അതിലൂടെ സംവദിച്ചു കൊണ്ടാണ് കിടപ്പ്.

നഴ്‌സിംഗ്  ഹോമില്‍, താമസക്കാരുടെ മനോവേദനകള്‍ പങ്കു വയ്ക്കുന്നതിലൂടെ ഞാനുണ്ടാക്കിയെടുത്ത എന്റെ ചങ്ങാതിക്കൂട്ടങ്ങളില്‍ ഒരാളായിരുന്നു പോള്‍. കംപ്യൂട്ടര്‍ വിദഗ്ധനായ പോളില്‍ നിന്ന്   കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള ചില പാഠങ്ങള്‍ ഒഴിവ് സമയങ്ങളില്‍ ഞാന്‍ പഠിച്ചിരുന്നു. ആ കൂട്ടത്തില്‍ ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി വിശദമായി പോള്‍ എന്നെ പഠിപ്പിച്ചിരുന്നു. പോള്‍  നല്‍കിയ വിവരങ്ങള്‍ ഐ. ടി. പ്രൊഫഷണലായ  എന്റെ  മകന് കൈമാറിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി.

അങ്ങിനെ, ഇരുട്ടില്‍ കത്തി നില്‍ക്കുന്ന മൂന്നു നാളങ്ങള്‍ ചിത്രീകരിച്ച പുറം ചട്ടയോടെ,  ' വിളക്ക് തെളിയിക്കുക ' എന്ന തലക്കെട്ടില്‍ ശ്രീ സുധീര്‍ പണിക്കവീട്ടില്‍ എഴുതിയ ഒരാസ്വാദനത്തോടൊപ്പം ' ലുലു ഡോട്ട് കോം ' എന്ന സൈറ്റില്‍ ' റ്റുവാര്‍ഡ്‌സ് ദി ലൈറ്റ് ' പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ആദ്യ കോപ്പി പോളിന് കൊടുത്തപ്പോള്‍ വളരെ സന്തോഷത്തോടെയും, അഭിമാനത്തോടെയുമാണ് പോള്‍ അത് സ്വീകരിച്ചത്. ഒരു വെക്കേഷന് നാട്ടില്‍ പോയി മടങ്ങി വന്നപ്പോള്‍ പോളിനെ കാണാനില്ല. ഫ്‌ലോര്‍ നഴ്‌സിന്റെ അപ്രമാദിത്യ പരമായ ഏതോ ഇടപെടലുകളില്‍ പ്രതിഷേധിച്ചു കൊണ്ട് പോള്‍ മറ്റേതോ നഴ്‌സിംഗ് ഹോമിലേക്ക് മാറി എന്ന് മാത്രം ആരോ പറഞ്ഞറിഞ്ഞു.

മലര്‍പ്പൊടിക്കാരന്റെ മനോ വ്യാപാരം പോലെയായി 'റ്റുവാര്‍ഡ്‌സ് ദി ലൈറ്റ് ' ന്റെ പ്രസിദ്ധീകരണവും. പുസ്തകം പ്രസിദ്ധീകരിക്കുന്നതോടെ ഏതെങ്കിലും സഹൃദയനായ സായിപ്പ് അത് വായിക്കുമെന്നും, ( എന്റെ അറിവില്‍ പെട്ടിടത്തോളം ) ലോക ക്‌ളാസിക്കുകളുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള അതിന്റെ യോഗ്യത അംഗീകരിച്ചു കൊണ്ട് എന്നെ വിളിക്കുമെന്നും ഞാന്‍ ആശിച്ചു. അതല്ലെങ്കില്‍ ഏതെങ്കിലും ഇംഗ്ലീഷ് പത്രത്തിലൂടെ അതിന്റെ റിവ്യൂ അച്ചടിച്ച് വരുമെന്നും അതിലൂടെ അനിതരസാധാരണമായ അതിന്റെ രചനാ സൗകുമാര്യം അംഗീകരിക്കപ്പെടുമെന്നും ഒക്കെ ഞാന്‍ കണക്ക് കൂട്ടി.

ഒന്നും നടന്നില്ല. ഏതെങ്കിലും ഒരാള്‍ അത് വായിച്ചതായി എനിക്ക് തോന്നിയില്ല. പുസ്തകം പത്ത് കോപ്പിയെങ്കിലും വിറ്റു  പോയതായി പ്രസാധകരുടെ ഭാഗത്തു നിന്നുള്ള അറിയിപ്പ് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ചില അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രമേ കോപ്പികള്‍ കൊടുത്തുള്ളൂ. മിക്ക മലയാള പത്രങ്ങള്‍ക്കും, ചാനലുകള്‍ക്കും മാത്രമല്ലാ, സാഹിത്യ അക്കാദമിക്കും, സംഗീത നാടക അക്കാദമിക്കും കോപ്പികള്‍ അയച്ചുവെങ്കിലും, ആരും മറുപടിയോ, രസീതോ അയക്കുകയുണ്ടായില്ല. ഇന്ത്യന്‍ പ്രസിഡണ്ടായിരുന്ന ഡാക്ടര്‍  എ. പി.ജെ. അബ്ദുള്‍ കലാമിന്റെ ഓഫീസില്‍ നിന്ന്  ഏതോ സെക്രട്ടറി ദയാപൂര്‍വം അയച്ചു തന്ന പുസ്തകം കൈപ്പറ്റി എന്ന ഔപചാരികമായ ഒരറിയിപ്പു കിട്ടി.

 പരിശ്രമം ചെയ്യുകില്‍ എന്തിനെയും പിടിച്ചു പറ്റാന്‍ കഴിയുന്നവണ്ണം .......'എന്നെഴുതിയ കവിക്ക് തെറ്റ് പറ്റിയോ എന്ന് പോലും ചിന്തിച്ചു പോയ സന്ദര്‍ഭങ്ങള്‍. ഓരോ വളര്‍ച്ചയുടെയും, വികാസത്തിന്റെയും പിന്നില്‍ വ്യക്തി ഒരു സഹയാത്രികന്‍ മാത്രമാണ് എന്ന് എനിക്ക് മനസിലായി. ഒരായിരം സാഹചര്യങ്ങള്‍ ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കുന്‌പോള്‍ ഒരാള്‍ ഉയര്‍ത്തപ്പെടുകയോ, താഴ്ത്തപ്പെടുകയോ ചെയ്യുന്നു. ചിലര്‍ ഇതിനെ ഭാഗ്യം എന്നോ നിര്‍ഭാഗ്യം എന്നോ വിളിക്കുന്നു. ഈ സാഹചര്യങ്ങളുടെ കരുക്കള്‍ സമര്‍ത്ഥമായി നീക്കി  കളി ജയിക്കുന്നതോ, തോല്‍ക്കുന്നതോ വ്യക്തി സ്വന്തമായി ചെയ്‌യുന്നതല്ല എന്നും, അവനു വേണ്ടി അത് ചെയ്യുന്ന ഏതോ, എന്തോ ഒന്ന്   കര്‍ട്ടനു പിന്നില്‍ ഉണ്ടെന്നും  വിശ്വസിക്കുവാന്‍ തക്കവണ്ണം ഞാന്‍ നിര്‍ബന്ധിതനായി.

എന്റെ കഴിവുകള്‍ കൊണ്ടോ, പരിശ്രമം കൊണ്ടോ ഇനി ഒരടി മുന്നോട്ടു പോകുവാന്‍ സാധ്യമല്ലെന്ന് എനിക്ക് മനസിലായി. അല്ലെങ്കില്പിന്നെ ആരെയെങ്കിലും പ്രീണിപ്പിച്ച് അവരെക്കൊണ്ട് നല്ലത് എന്നെഴുതിച്ച് അതും പറഞ്ഞ് ആളായി നടക്കണം. അങ്ങിനെ ചെയ്‌യുന്നവര്‍ ധാരാളം ഉണ്ടെന്നും, അതിലൂടെ അവര്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നുണ്ട് എന്നും അറിയാമായിരുന്നെങ്കിലും, അത് എന്റെ രീതി അല്ലാത്തതിനാല്‍ ഞാന്‍ അതിന് തയ്യാറുമല്ല. എന്റെ പൂവില്‍ തേനുണ്ടെങ്കില്‍ അത് തേടി ഒരു നാള്‍ ഒരു വണ്ട് പറന്നു വരും എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. യാതൊരു യോഗ്യതകളും ഇല്ലാതിരുന്നിട്ടും എന്നെക്കൊണ്ട് ഇത്തരത്തിലുള്ള ഒരു രചനാ വിസ്മയം  സാധിപ്പിച്ച ആ പ്രചോദക പ്രതിഭാസം സമയത്ത് ആരെയെങ്കിലും അയക്കും എന്നും ഞാന്‍ വിശ്വസിച്ചു. എനിക്ക് സാധ്യമല്ലാത്തത് സാധിപ്പിക്കാന്‍ സാധ്യമായവനെ എനിക്ക് വേണ്ടി അയക്കേണമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് എന്റെ സാധാരണ ജീവിത വ്യാപാരങ്ങളില്‍ ഞാന്‍ മുഴുകി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക