നീയറിഞ്ഞോ... മഴക്കാലമെത്താറായി.
ചീവീടുകള്‍ ചിലയ്ക്കുന്ന ഇടവഴിയിലൂടെ..
പച്ചിലച്ചാര്‍ത്തിനിടയിലൂടെ
മഴനൂലിന്‍ തന്ത്രികള്‍ മീട്ടും അഭൗമ സംഗീതത്തില്‍
മഴവില്ലിന്‍ നിറങ്ങള്‍ നോക്കി
പോക്രാച്ചി തവളകള്‍ കണ്ണുരുട്ടിയിരിക്കുന്ന
വെണ്‍ കൂണ്‍ കുടകള്‍ക്കിടയിലൂടെ
നാം പോകാന്‍ കൊതിച്ച മഴക്കാടിന്‍ വിജനതയില്‍
ചേമ്പില കുട ചൂടി
തോളില്‍ പരസ്പരം
കൈകള്‍ ചുറ്റി, ആവി പറക്കും
നിശ്വാസത്തിന്‍ ചൂടില്‍
കാതില്‍ കിന്നാരം ചൊല്ലി
കുസൃതികളാല്‍ ഇക്കിളി കൂട്ടി
മഴ നനഞ്ഞും നനയാതെയും
നഗ്‌ന പാദരായ് ഇണമാനുകളെ പോല്‍
നമുക്കാ വന്യതയില്‍
തുള്ളിക്കളിച്ചുന്മത്തരാകാം.