മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. നാലു പെണ്മക്കളില് മൂത്ത മകള്‍ അഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. സോഷ്യല്‍ മീഡിയയിലും അഹാനയും സഹോദരിമാരും സജീവമാണ്
വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്‍സികയും ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങുകയാണ്. അച്ഛനായ കൃഷ്ണകുമാറും മക്കളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക്ഡൗണ്‍ കാലം ഡാന്‍സും പാട്ടും ടിക്ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം.
അഹാനയുടെ കൊറോണക്കാലത്തെ കുറിച്ച് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒമ്പതു പെണ്‍കുട്ടികള്‍ പല ജോലികളില്‍ ഏര്‍പ്പെടുന്നതാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും ഇതെല്ലാം അഹാന തന്നെയാണെന്ന്. ഫോണില്‍ പടം പിടിക്കുന്ന, യോഗ ചെയ്യുന്ന, വീട് വൃത്തിയാക്കുന്ന, പുസ്തകം വായിക്കുന്ന, ഫോണില്‍ ചാറ്റ് ചെയ്യുന്ന അഹാനമാരെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. കുമ്പിടി സ്പോട്ടഡ് എന്നാണ് ആരാധകരില്‍ ചിലര്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.