MediaAppUSA

ഒരു വിചാരണയുടെ നാള്‍വഴികള്‍ (കഥ: ജോസഫ് എബ്രഹാം)

Published on 03 June, 2020
ഒരു വിചാരണയുടെ നാള്‍വഴികള്‍ (കഥ: ജോസഫ് എബ്രഹാം)
1
സബ്  ജയില്‍  സന്ദര്‍ശക മുറി. 

സന്ദര്‍ശക മുറിയിലെ ഇരുമ്പഴികള്‍ക്കപ്പുറം നിന്നിരുന്നെങ്കിലും  അവളുടെ കണ്ണുകള്‍ എനിക്കു പിടിതരാതെ തെന്നിമാറിക്കൊണ്ടിരുന്നു. എന്‍റെ സാമീപ്യം അവളില്‍ വല്ലാത്തൊരു   തിക്കുമുട്ടലുണ്ടാക്കി. രാത്രിയിലെപ്പഴോ  ചിറകുകൊഴിഞ്ഞുവീണ  ഈയാംപാറ്റയുടെ ജഡവും ചുമന്നുകൊണ്ട് ചുവരിനോട് ചേര്‍ന്ന നിലത്തൂടെ  നിരനിരയായി പോകുന്ന ഉറുമ്പുകളിലേക്ക് നോക്കിയവള്‍ നിന്നു. അനുവദിക്കപ്പെട്ട പരിമിതമായ സന്ദര്‍ശക സമയം  വെറുതെ  പാഴാകുന്നതു കണ്ടപ്പോള്‍    ഞാന്‍ പറഞ്ഞു 
“ നോക്കൂ സാവിത്രി, ഞാന്‍ പറഞ്ഞല്ലോ നിങ്ങളുടെ  കേസു വാദിക്കാന്‍ വേണ്ടി കോടതി  ചുമതലപ്പെടുത്തിയ  വക്കീലാണെന്ന കാര്യം  ?  നിങ്ങളുടെ കേസു നടത്താന്‍ എനിക്കു ചില കാര്യങ്ങള്‍  അറിയണം അതിനാണ്  ഞാനിപ്പോള്‍  വന്നത്. എന്താണ് നിങ്ങള്‍ക്കീ കാര്യത്തില്‍ പറയാനുള്ളത്  ? ” 

അവള്‍ നിലത്തുനിന്നും പതിയെ  മുഖമുയര്‍ത്തി  എന്‍റെ നേരെ നോക്കി,  പോകപ്പോകെ അവളുടെ മിഴികള്‍ ശൂന്യമായിതീര്‍ന്നു. യഥാര്‍ത്ഥത്തില്‍ അവളുടെ ദൃഷ്ട്ടികളപ്പോള്‍ എന്റെമേല്‍ ആയിരുന്നില്ല.  അവള്‍ എന്നെ കാണുന്നേയില്ലായിരുന്നു.  നോക്കി നില്‍ക്കെ അവളുടെ കവിളിലെ പേശികള്‍ വിറകൊണ്ടു, കണ്ണുകള്‍ നിറഞ്ഞുവന്നു.  വിതുമ്പലായി  ഉതിര്‍ന്നു തുടങ്ങിയ  കണ്ണുനീര്‍കണങ്ങള്‍  ഒരു  പൊട്ടിക്കരച്ചിലായി പെയ്യാന്‍ തുടങ്ങിയപ്പോള്‍   ഇനി അവിടെ നിന്നിട്ടു  കാര്യമില്ലെന്നു മനസ്സിലായി.  മറ്റൊരിക്കല്‍ വരാമെന്നു പറഞ്ഞിട്ടവിടെ നിന്നു ഞാന്‍ തിടുക്കപ്പെട്ടിറങ്ങി.  വ്യര്‍ത്ഥമായ യാത്രയെ പഴിച്ചുകൊണ്ട്  കുന്നിന്റെ മുകളിലുള്ള  സബ് ജയിലില്‍നിന്നും  റോഡിലേക്കെത്തുന്ന  പടിക്കെട്ടുകളിലൂടെ ബസ്റ്റ് സ്‌റ്റോപ്പിലേക്ക് പതിയെ നടന്നു.  അപ്പോള്‍  തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് കയ്യാമം വച്ച ഒരു വിചാരണ തടവുകാരന്‍ രണ്ടു പോലീസുകാര്‍ക്കൊപ്പം  ജയിലിലേക്കുള്ള പടവുകള്‍ കയറി എനിക്കെതിരെ  നടന്നു വരുന്നുണ്ടായിരുന്നു. 

കോടതി  മുറി 

വിചാരണയെക്കുറിച്ച് പത്രത്തിലെ പ്രാദേശികകോളത്തില്‍  വാര്‍ത്തയുണ്ടായിരുന്നു. വിചാരണ കേള്‍ക്കാന്‍  കുറച്ചാളുകള്‍ കൂടിയിരുന്നു. കോടതിയിലെത്തിയ ആളുകള്‍ക്ക് വിചാരണ കേള്‍ക്കുന്നതിനെക്കാള്‍ പ്രതിയായ സാവിത്രിയെ കാണുന്നതിലായിരുന്നു ഏറെ കൌതുകം.  കോടതിയില്‍ വിചാരണയുടെ നടപടികള്‍  തുടങ്ങി.  ഒന്നാമത്തെ സാക്ഷിയെ  പബ്ലിക് പ്രോസിക്യൂട്ടര്‍ വിസ്തരിക്കുവാന്‍ ആരംഭിച്ചു. 

“കൂട്ടില്‍ നില്‍ക്കുന്ന പ്രതിയെ അറിയുമോ ?”
“അറിയും എന്‍റെ അടുത്ത വീട്ടിലാണ്  താമസം”
“എന്താണ്  നിങ്ങള്‍ സംഭവ ദിവസം കണ്ടെതെന്നു  കോടതിമുന്‍പാകെ പറയൂ ”
 “സാറെ, തൊഴിലുറപ്പ്  പണി കഴിഞ്ഞു ഞാന്‍  പോരെലേക്ക്  വരുന്ന സമയാര്‍ന്നു.   ഉസ്മാനാജിയുടെ തെങ്ങിന്‍ തൊടീലെത്തി  ഞാന്‍ നോക്കുബോളുണ്ട്   രജനി ഉറക്കനെ കരഞ്ഞോണ്ട്   മണ്ടിപ്പാഞ്ഞു വരുണൂ.   ഓളുടെ മേലുമ്മേല്‍ ആണേല്‍  മുഴുക്കനും  ചോരേം.    ഈ സാവിത്രി  ഒരു കച്ചിറ കത്തിയുമായി ഓളുടെ  ബയ്ത്താലെതന്നെ പാഞ്ഞു വരണുണ്ടപ്പോള്‍”
“ ആ കത്തി കണ്ടാല്‍ നിങ്ങള്‍ക്കു തിരിച്ചറിയാന്‍ പറ്റുമോ ?” 
“അറിയാം” 
പ്രോസീക്യൂട്ടര്‍  ഒരു വെട്ടുകത്തിയെടുത്തു സാക്ഷിയെ കാണിച്ചു   ചോദിച്ചു  “ ഇതാണോ ആ കത്തി?”
“അതെ, ഇതന്നെ” 
“ ഇതു തന്നെയാണ് ആ കത്തിയെന്നു  നിങ്ങള്‍ക്കു എങ്ങിനെ ഉറപ്പിച്ചു പറയാന്‍ കഴിയൂ ? ”
“ ഈ കത്തി   ന്‍റെ തൊടീലെ കച്ചിറ വെട്ടാനായിട്ട്  ഓക്കടെ അടുത്തുനിന്നു ഞാന്‍ പല കുറി  വാങ്ങീട്ടുണ്ട് ,  അതോണ്ട്  എനക്ക്  നല്ല ഉറപ്പാണ്  ”
 “ പിന്നെ എന്താണു നടന്നത് ? ”
“പിന്നെ രജനി  തെങ്ങിന്‍റെ  മൂട്ടില്‍  പോയി വീണു ”  
“അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്തു?” 
“  ഞാന്‍  ഓളുടെ   അടുത്തേയ്ക്ക്  മണ്ടിച്ചെന്നു.  അപ്പോ  സാവിത്രി,  കച്ചിറകത്തി  ന്‍റെ നേരെ വീശി  പോ, പോ ന്നു പറഞ്ഞു തുള്ളിവന്നു.  ഞാന്‍ പേടിച്ചോടി  ഉസ്മാനാജിയുടെ പൊരേല്‍ ചെന്നു  വിവരം  പറഞ്ഞു” 
“സാവിത്രി  രജനിയെ വെട്ടുന്നത് നിങ്ങള്‍ കണ്ടോ ?”
“ഒബ്ജക്ഷന്‍  യുവര്‍ ഓണര്‍.  ഈ ചോദ്യം ക്രമവിരുദ്ധമാണ്   അങ്ങിനെ സാക്ഷിയോട് നേരിട്ട് ചോദിയ്ക്കാന്‍ പാടില്ല” ഞാന്‍ തടസം പറഞ്ഞു  
ഡയസിലെ വലിയ കസേരയുടെ വിളുമ്പില്‍ ഒതുങ്ങി ഇരുന്നുകൊണ്ട്  കൃശഗാത്രനായ  സെഷന്‍സ്  ജഡ്ജി  പ്രോസീക്യൂട്ടറോട്  പറഞ്ഞു.  “ യെസ്, ദിസ്  ഈസ്  എ  ലീഡിംഗ്   കൊസ്‌റ്യന്‍.   ഇറ്റ്  കാണ്ട് ബി  അലൌഡ് ”   ചോദ്യം തടഞ്ഞ കോടതി ഡയസിലെ മേശയിലേക്ക്     ചാഞ്ഞിരുന്നു കൊണ്ട്  സാക്ഷിയോട് ചോദിച്ചു  
“പ്രതി  മരണപ്പെട്ട രജനിയുടെ പുറകെ ആയുധവുമായി  ഓടുന്നതും  രജനി തെങ്ങിന്‍ ചുവട്ടില്‍ വീഴുന്നതുമല്ലാതെ  നിങ്ങള്‍ വേറെ വല്ലതും കണ്ടോ” 
“ഇല്ല  സാറെ ”
പ്രോസീക്യൂട്ടര്‍  തുടര്‍ന്ന് ചോദിച്ചു.  “രജനിയെ പ്രതി വെട്ടി കൊലപ്പെടുത്തുന്നതിന്  എന്താണ് കാരണമെന്നു നിങ്ങള്‍ക്കറിയാമോ” 
 “ഒബ്‌ജെക്ഷന്‍ യുവര്‍ ഓണര്‍, രജനിയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയെന്നു സാക്ഷി പറഞ്ഞിട്ടില്ല   ഈ ചോദ്യം  തടയേണ്ടതാണ് ”    എന്‍റെ തടസവാദം  അംഗീകരിച്ച  കോടതി  സാക്ഷിയോട് ചോദിച്ചു, 
“ പ്രതിയും  രജനിയും തമ്മില്‍  എന്തെങ്കിലും വിരോധമുള്ളതായി  നിങ്ങള്‍ക്കറിയാമോ ?” 
“ഇല്ല  സാറെ,  ഓല്  രണ്ടാളും ഭയങ്കര ചങ്ങാതിച്ചികളാണ്.  ഓരെപ്പോഴും  ഒന്നിച്ചാണ് നടപ്പും,  പണിക്കു പോക്കും,  സില്‍മാ കാണാന്‍ പോണതുമൊക്കെ.  പയ്യിനു  പുല്ലരിയാന്‍  കുന്നുമ്മേല്‍ പോണതും  ഓലു  രണ്ടാളും കൂടീട്ടാണ് ”
“പ്രോസീക്യൂട്ടര്‍ക്ക്   ഇനി സാക്ഷിയോട്  വല്ലതും  ചോദിക്കാനുണ്ടോ?”   
“വണ്‍ മോര്‍  കൊസ്റ്റ്യന്‍ യുവര്‍ ഓണര്‍”  
 “  രജനിയുടെ മരണ കാരണം എന്താണെന്നാണ്   നിങ്ങള്‍  മനസ്സിലാക്കിയത്    ?” 
“എന്താണ്  മിസ്റ്റര്‍ പ്രോസിക്യൂട്ടര്‍ നിങ്ങള്‍  ചോദിക്കുന്നത്  ?  അതൊക്കെ പോസ്റ്റ് മോര്‍ട്ടം   റിപ്പോര്‍ട്ടിലില്ലേ ?  അതൊക്കെ പറയാന്‍ ഈ സാക്ഷി എന്താ മെഡിക്കല്‍ വിദഗ്ദയാണോ? ”  കോടതിയുടെ ചോദ്യം കേട്ടപ്പോള്‍ അവിടെയിരുന്ന വക്കീലന്മാരുടെ മുഖത്ത്   പരിഹാസചിരിയൂറി.
 “ദാറ്റ്‌സ് ഓള്‍  യുവര്‍ ഓണര്‍”  വിസ്താരം അവസാനിപ്പിച്ചുകൊണ്ട്  പബ്ലിക് പ്രോസിക്യൂട്ടര്‍  തന്‍റെ സീറ്റിലിരുന്നു. 
“ ക്രോസ്  ”   എന്‍റെ മുഖത്തേയ്ക്കു നോക്കി  ജഡ്ജി  പറഞ്ഞു.  
വലിയൊരു കേസില്‍  സാക്ഷിയെ ക്രോസ് വിസ്താരം ചെയ്യുന്നതില്‍  എനിക്കു നല്ല ആശങ്കയുണ്ടായിരുന്നു. ജൂനിയര്‍ വക്കീലായ ഞാന്‍ എങ്ങിനെയാണ് ഒരു കൊലപാതകകേസ്  നടത്തുന്നതെന്നറിയാനുള്ള താല്പ്പര്യമായിരുന്നു അവിടെ ഉണ്ടായിരുന്ന മിക്ക വക്കീലന്മാര്‍ക്കും.  അനല്പമല്ലാത്ത പരിഭ്രമത്താല്‍ വിറയ്ക്കുന്ന ചുണ്ടുകളോടെ  ഞാന്‍ എന്‍റെ  ആദ്യ ചോദ്യം ചോദിച്ചു. 
“സാവിത്രിയെയൂം  രജനിയെയും  അവരുടെ ചെറുപ്പം മുതലേ  അറിയാം അല്ലെ?” 
  “ അതെ” 
“ സാവിത്രിയും രജനിയും   അവിവാഹിതരാണ്   അല്ലെ?”  
 “ അതെ ” 
“സാവിത്രിയും രജനിയും കൂടി ഒരിക്കല്‍ നാടുവിട്ട ഒരു സംഭവം  ഉണ്ടായി? ”   
“ ഉണ്ടായി ”  
“കുറച്ചുകാലം കോടഞ്ചേരിയില്‍ ഒരു വാടക വീടെടുത്തവര്‍  ഒരുമിച്ചു താമസിച്ചിരുന്നു?”    “താമസിച്ചിരുന്നു”  
“രജനിയും സാവിത്രിയും ഭാര്യഭര്‍ത്താക്കന്മാരെപ്പോലെ കഴിയുന്നുവെന്നു പറഞ്ഞുകൊണ്ട്  കോടഞ്ചേരിയിലെ  നാട്ടുകാര്‍ കച്ചിറ ഉണ്ടാക്കിയിരുന്നതായി അറിയുമോ?”
“ അങ്ങിനെ   പറഞ്ഞു   കേട്ടീക്കണു ”
“എന്തായാലും രണ്ടു പേരുടെയും വീട്ടുകാര്‍ ചേര്‍ന്നാണ് അവരെ  അവിടെനിന്നും  തിരികെ കൊണ്ടുവന്നത്? ”
  “ അതെ ”
“സാവിത്രിയും  രജനിയുമായുള്ള  കൂട്ടിനെ ചൊല്ലി  നാട്ടുകാര്‍  അവരെ കളിയാക്കിയിരുന്നോ ?”    “  കളിയാക്കിയിരുന്നു   ” 
“    പക്ഷെ  പിന്നെയും ഒരുമിച്ചു തന്നെയാണ്  അവര്‍ നടന്നിരുന്നുത് ?”   
 “  അതെ,  ഓലുക്ക്   ഒരു കൂസലൂല്ല   ”
“സാവിത്രിയുമായുള്ള ബന്ധത്തെചൊല്ലി രജനിക്കുവന്ന പല വിവാഹാലോചനകളും   മുടങ്ങിപ്പോയിരുന്നു ?”   
“അങ്ങിനെ   പറേണ കേട്ടിക്കിണു  ” 
“ സാവിത്രിയുമായുള്ള  ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍  രജനിയെ കൊല്ലുമെന്ന്  അവളുടെ ബന്ധുക്കള്‍  ഭീഷിണിപ്പെടുത്തിയതായിട്ടു  അറിയാമോ?” 
 “   അതൊന്നും  അറിയില്ല ” 
“രജനി തനിക്കു വിവാഹം വേണ്ടാന്നും സാവിത്രിയുടെ കൂടെ ജീവിക്കാനാണിഷ്ട്ടമെന്നും പറഞ്ഞതായി  അറിയാമോ  ?” 
  “അതൊന്നും  എനക്കറിയില്ല”   
“നോക്കൂ  ഈ പ്രതി രജനിയുടെ പുറകെ ഓടിവന്നത്   പ്രതിയെ ആരോ  ആക്രമിക്കാന്‍ വേണ്ടി  ഓടിച്ചപ്പോഴാണെന്നു  ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കു നിഷേധിക്കാന്‍ പറ്റുമോ ?
“  ഓലുടെ  പിറകെ ആരെം ഞാന്‍ കണ്ടീക്കില്ല ”
“ അതുപോലെ പ്രതി നിങ്ങളെ കത്തികാട്ടി ഭീഷിണിപ്പെടുത്തിയെന്നു പറയുന്നത് ശരിയല്ല അങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ലാന്നു പറയുന്നു”
“ ഓള് , ന്‍റെ നേരെ കത്തി കാട്ടീന്നുള്ളത്  നേരന്നെ ”
“ദാറ്റ്‌സ്  ഓള്‍  യുവര്‍ ഓണര്‍” 

വലിയ കുഴപ്പമൊന്നും കൂടാതെ തന്നെ ഉദ്ധേശിച്ചപോലെ  ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റിയ  ആശ്വാസത്തില്‍ സാക്ഷിക്കൂടിനരികില്‍ നിന്നും   സ്വന്തം ഇരിപ്പടത്തിലേക്കു  നടക്കുവാന്‍ തുടങ്ങിയ എന്നോട്   ജഡ്ജി  ചോദിച്ചു.  “ എന്താണു വക്കീലെ  ഇത്രയും ചോദിക്കാനേയുള്ളൂ ? തൂക്കുകയര്‍ വരെ ലഭിക്കാന്‍ വകുപ്പുള്ള കേസാണെന്നറിയില്ലെ ? പ്രതിയുടെ സംഭവ സ്ഥലത്തുള്ള  സാന്നിധ്യം നിങ്ങള്‍ നിഷേധിച്ചുമില്ല.    ഇങ്ങനെയാണോ സെഷന്‍സ്  കേസ്  നടത്തുന്നത് ? ”

കോടതിയിലെ മുഴുവന്‍ വക്കീലന്മാരുടെയും കണ്ണുകള്‍  എന്‍റെ മുഖത്തേക്കായി. ചില  വക്കീലന്മാര്‍ എന്നെ നോക്കുകയും  തമ്മില്‍ തമ്മില്‍  അടക്കം പറഞ്ഞു ചിരിക്കുന്നതും  കണ്ടു.   കറുത്ത ഗൌണിനും കോട്ടിനും അടിയില്‍  എന്‍റെ ദേഹം   വെട്ടിവിയര്‍ത്തു.  നെറ്റിയിലൂടെ  വിയര്‍പ്പു ചാലിട്ടൊഴുകി.  ആളുകള്‍ പലരും സഹതാപത്തോടെ  എന്നെ നോക്കുന്നുണ്ട്.  ചിലര്‍ അടക്കം പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. വക്കീല്‍ ഗുമസ്തന്മാര്‍  എന്നെ നോക്കി  അടക്കം പറഞ്ഞു  ചിരിക്കുന്നുണ്ട്.   എന്‍റെ കക്ഷിയായ സാവിത്രി  നിലത്തേക്കു  ദൃഷ്ട്ടിയൂന്നി  നില്‍ക്കുകയാണ്.  അവിടെ നടക്കുന്ന കാര്യമൊന്നും അവള്‍ അറിയുന്നില്ലന്നു തോന്നുന്നു.

“എന്താണു വക്കീലെ,  നിങ്ങള്‍ മറുപടി പറയാത്തത് ? പ്രതിയുടെ ഭാഗം കേസും നന്നായി നടത്തുന്നുണ്ട്,    പ്രതിക്കും നീതി  ലഭിക്കുന്നുണ്ടെന്നും കൂടി ഉറപ്പുവരുത്തേണ്ട  ചുമതല കോടതിക്കുണ്ട് ”   
എല്ലാവരുടെയും മുന്‍പില്‍ വച്ചു നേരിട്ട നാണക്കേടും പരിഭ്രമവും മൂലം എന്‍റെ തൊണ്ട  വരണ്ടുപോയി.  പറയാന്‍ വന്ന  വാക്കുകള്‍   തൊണ്ടയില്‍ കുരുങ്ങി  എനിക്കു ശ്വാസംമുട്ടി.  “യുവര്‍ ഓണര്‍,  ഞാന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഡിഫെന്‍സ് പ്രകാരം ഈ സാക്ഷിയോട്  ഇത്രയും ചോദിച്ചാല്‍ മതി.  ആവശ്യം വന്നാല്‍ സാക്ഷിയെ  വീണ്ടും വിളിച്ചു വരുത്തി  വിസ്താരം ചെയ്യാന്‍  അനുമതിയുണ്ടാകണം ”   ഞാന്‍ ഒരു വിധം  പറഞ്ഞൊപ്പിച്ചു.

“അങ്ങിനെ കോടതിയുടെ സമയം വെറുതെ കളയാന്‍ പറ്റില്ല. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍  ഇപ്പോള്‍ ചോദിക്കണം.  എനിക്കീകേസ് ഈ മാസത്തെ  തീര്‍പ്പില്‍ പെടുത്താനുള്ളതാണ്.   നിങ്ങള്‍  കേസ്  പഠിച്ചു  നടത്തണം  ഹെ  ”  

ഞാന്‍  തലകുനിച്ചു  വിയര്‍ത്തൊലിച്ചു  നില്‍കുകയാണ്.  സഹവക്കീലന്മാരില്‍  ചിലര്‍  സഹതാപത്തോടെ എന്നെ നോക്കി.  ബാക്കിയുള്ളവര്‍ എന്‍റെ ദയനീയമായ അവസ്ഥകണ്ട്  ഊറിച്ചിരിച്ചുകൊണ്ടിരിക്കുകയാണ്.   ജഡ്ജി എന്നെ വിടാനുള്ള ഭാവമില്ലായിരുന്നു.
“മിസ്റ്റര്‍.  അഡ്വക്കറ്റ്,  ഫേസ്  ദ  കോര്‍ട്ട്  ആന്‍ഡ് ആന്‍സര്‍ മൈ  കൊസ്റ്റ്യന്‍ ”
ഞാന്‍ മുഖമുയര്‍ത്തി  കോടതിയെ നോക്കി വിക്കി വിക്കി വീണ്ടും  പറഞ്ഞൊപ്പിച്ചു.  “യുവര്‍ ഓണര്‍..  ആസ് പെര്‍ മൈ ഡിഫന്‍സ് സ്‌റ്റോറി,  ദിസ് ഈസ്  ഇനഫ്  നൌ”   എന്‍റെ മറുപടി കോടതിക്കൊട്ടും പിടിച്ചില്ല.  എടുത്തടിച്ച പോലെ കോടതി  ചോദിച്ചു 
“എന്താണ് മിസ്ടര്‍  നിങ്ങളുടെ ഡിഫന്‍സ് ?  എന്തെങ്കിലും  ഡിഫന്‍സ് നിങ്ങള്‍ക്കുള്ളതായി  കോടതിക്ക് തോന്നുന്നില്ലല്ലോ”  
ജഡ്ജി ചോദിച്ച  ചോദ്യത്തിലെ  പരിഹാസ്യത കാഴ്ചക്കാരെയും  നന്നായി രസിപ്പിച്ചു.  അവരും ചിരിക്കാന്‍ തുടങ്ങി.  പക്ഷെ  കോടതിയുടെ ചോദ്യം  അവിടെയും നിന്നില്ല  

 “അല്ല വക്കീലെ, നിങ്ങളുടെ കക്ഷി അപ്പീലിലെങ്കിലും രക്ഷപ്പെടണമെന്ന് നിങ്ങള്‍ക്കാഗ്രഹമില്ലേ ?”    അതോടുകൂടി  കോടതിയില്‍   കൂട്ടച്ചിരിയായി. 
ഇനി കേസുകള്‍ ഉച്ചയ്ക്കുശേഷം  വിളിക്കാമെന്നു പറഞ്ഞു  കോടതി പിരിഞ്ഞു.  എല്ലാവരും തിരക്കിട്ട് കോടതിക്കു പുറത്തിറങ്ങി.  ആരും എന്‍റെ അടുത്തേയ്ക്കു വന്നില്ല.  ആരുടേയും സാമീപ്യം ഞാന്‍ ആഗ്രഹിച്ചുമില്ല.  ശൂന്യമായ  കോടതിമുറിയിലെ സീറ്റില്‍ പോയിരുന്നുകൊണ്ട്  വലിയ വികാരവിക്ഷോഭത്തോടെ ഞാന്‍  മേശയില്‍ മുഖംപൂഴ്ത്തി.  അഴുക്കു പിടിച്ചു മുഷിഞ്ഞ കോടതി  മേശയില്‍ വിയര്‍പ്പു തുള്ളിക്കൊപ്പം  എന്‍റെ രണ്ടുതുള്ളി കണ്ണുനീരും  ഇറ്റുവീണിരുന്നപ്പോള്‍.  വിശപ്പു കെട്ടുപോയിരുന്നു.  ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങാതെ ഞാന്‍ അവിടെതന്നെ തലതാഴ്ത്തിയിരുന്നു.

 “ എന്തായാലും  പബ്ലിക് പ്രോസീക്യൂട്ടര്‍ക്ക്  പണി എളുപ്പമായി ”  കോടതിക്കു മുന്നിലെ തട്ടുകടയില്‍ നിന്നും ചായ കുടിക്കുന്നതിനിടയില്‍  ഒരു വക്കീല്‍ പരിഹസിച്ചു ചിരിച്ചു.  തട്ടുകടയില്‍  ചായ വില്‍ക്കുന്ന കുമാരനും ആ  ചിരിയില്‍ പങ്കുചേര്‍ന്നു.  

എങ്ങിനെയും ഈ കേസിനി ജയിച്ചേ പറ്റൂ.  പക്ഷെ വാദം കേള്‍ക്കേണ്ട  ജഡ്ജിക്കു പോലും   മുഷിച്ചിലായി.  സാഹചര്യ തെളിവുകള്‍ എല്ലാം എതിരാണ്.  പ്രതി കത്തിയുമായി പുറകെ ഓടി ചെല്ലുന്നത് കണ്ട സാക്ഷി, ഓടിച്ചെന്ന സാക്ഷികളെ  കത്തി കാട്ടി ഭയപ്പെടുത്തിയ പ്രതി, മൃതദേഹത്തില്‍ പറ്റിപിടിച്ചിരുന്ന പ്രതിയുടെ  മുടിയിഴകള്‍,  കോടതിയില്‍ ഹാജരാക്കിയ വെട്ടുകത്തിയില്‍  നിന്നും ലഭിച്ച പ്രതിയുടെ വിരലടയാളങ്ങള്‍, വെട്ടുകത്തിയില്‍ പുരണ്ട രക്തം മനുഷ്യരക്തമാണെന്നും  അതു കൊല്ലപ്പെട്ട രജനിയുടെ രക്തഗ്രൂപ്പില്‍പ്പെട്ടതാണെന്നുള്ള ഫോറിന്‍സിക് റിപ്പോര്‍ട്ട്. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാനുള്ള  സാഹചര്യതെളിവുകള്‍   ഇതൊക്കെമതി.

ഇതിനും പുറമേ  മരണപ്പെട്ട രജനിയുടെ  ദേഹത്തുകാണപ്പെട്ടതും  മരണകാരണമായി  തീര്‍ന്നതുമായ 16 മുറിവുകള്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുന്ന സംഗതിയാണ്.   അബദ്ധത്തില്‍ പിണഞ്ഞതോ അല്ലെങ്കില്‍ പെട്ടന്നുള്ള ദേഷ്യത്തില്‍ ചെയ്തതോ എന്നുപോലും വാദിക്കാന്‍ കഴിയാത്ത തരത്തിലുള്ളതായിപ്പോയി   മുറിവുകളുടെ ആധിക്യം.   ശിക്ഷ വിധിക്കുമ്പോള്‍ പ്രതി ഒരു സ്ത്രീ ആണെന്നുള്ള പരിഗണനപോലും ലഭിക്കാനിടയില്ലാത്ത വിധത്തിലുള്ള ഹീനമായ കൊലപാതകം.
ഇതിനെല്ലാമപ്പുറം ഇപ്പോഴും സത്യമെന്താണെന്നു പറയുവാന്‍ സാവിത്രി   കൂട്ടാക്കുന്നില്ല. കൊല ചെയ്തതാണോ  അല്ലയോ എന്നുപോലും  അവളുടെ വക്കീലായ എന്നോടിതുവരെ പറഞ്ഞില്ല. പലപ്രാവശ്യം ശ്രമിച്ചതാണ്  അപ്പോഴെല്ലാം മൌനവും കണ്ണുനീരും മാത്രമാണ് മറുപടിയായി ലഭിച്ചത്. രജനിയുടെ മരണത്തില്‍ അവളിപ്പോഴും വല്ലാത്ത മാനസിക സംഘര്‍ഷം  അനുഭവിക്കുന്നുണ്ട്. ഇതിനിടയില്‍ പ്രതിയുമായി അടുപ്പമുള്ള ചിലരുമായി  സംസാരിച്ചിരുന്നു. അങ്ങിനെ പ്രതിയുടെ സാഹചര്യങ്ങളെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞു. 

കേസിന്റെ വിചാരണ  പല ദിവസങ്ങളിലായി  തുടര്‍ന്നുകൊണ്ടിരുന്നു.  ഇപ്പോള്‍ കോടതിയുടെ ഭാഗത്തു നിന്നും കാര്യമായ  ഇടപെടല്‍ ഒന്നുമില്ല.  ഒന്നുകില്‍  വിചാരണയ്കിടയിലുള്ള   കോടതിയുടെ ചില ഇടപെടലുകള്‍ എന്നെ ആലോസരപെടുത്തുന്നതായും  ആത്മവീര്യം തകര്‍ക്കുന്നതായു കോടതി കണ്ടിരിക്കും.  അല്ലെങ്കില്‍ വിചാരണ തീരുന്നതുവരെ  കാര്യങ്ങള്‍  എങ്ങിനെയാണെന്നു നിരീക്ഷിക്കാം എന്നു  കരുതിയിട്ടുണ്ടാകാം. വിചാരണ മുന്നോട്ടുപോയി. നിരവധി സാക്ഷികള്‍ എന്‍റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചുകൊണ്ടും എന്‍റെ സ്വാസ്ഥ്യം തകര്‍ത്തുകൊണ്ടും സാക്ഷികൂട്ടില്‍ കയറിയിറങ്ങി.  

 സംഭവദിവസം ഉച്ചകഴിഞ്ഞ്  പ്രതി തന്‍റെ വീട്ടില്‍ വരികയും  തന്‍റെ മകളെ നിര്‍ബന്ധപൂര്‍വ്വം പ്രതിയുടെ കൂടെ പുല്ലരിയാനെന്നു പറഞ്ഞു കൂട്ടികൊണ്ടുപോയെന്നും,  തന്‍റെ മകള്‍ക്ക്  ഒരു വിവാഹാലോചന ഏകദേശം ഉറപ്പിച്ചിരുന്നുവെന്നും, പ്രതിക്ക് ലഭിക്കാതെ പോയ വിവാഹസൌഭാഗ്യം  തന്‍റെ മകള്‍ക്കു ലഭിക്കുന്നതിലുള്ള  അസൂയമൂലമാണ്  പ്രതി   കൊല നടത്തിയതെന്നും  രജനിയുടെ മാതാവ് മൊഴി നല്‍കി.  തന്‍റെ മകളും സാവിത്രിയും തമ്മില്‍ തെറ്റായ സ്‌നേഹബന്ധം ഉള്ളതായി  സംശയം തോന്നിയിരുന്നെന്നും  അവര്‍ രണ്ടുപേരും കൂടി ഒളിച്ചോടി പോവുകയും കുറച്ചുകാലം  ഒരു വാടകവീട്ടില്‍ ഒരുമിച്ചു  താമസിക്കുകയുണ്ടായിയെന്നും  ക്രോസ് വിസ്താരത്തില്‍ അവര്‍ സമ്മതിക്കുകയുണ്ടായി.

“ ഇനിയും സാവിത്രിയുമായി  ബന്ധം പുലര്‍ത്തിയാല്‍ മാനം രക്ഷിക്കാന്‍വേണ്ടി  രജനിയെ  കൊന്നുകളയുന്നതില്‍  മടിക്കില്ലാന്നു  നിങ്ങളുടെ മൂത്തമകന്‍ രജനിയോട്  പറഞ്ഞിരുന്നു അല്ലെ? ”
“ അതങ്ങിനെ  കാര്യായിട്ടൊന്നും പറഞ്ഞതല്ല.  ഓളെ വെറുതെ പേടിപ്പിക്കാന്‍ വേണ്ടീട്ടു  പറഞ്ഞതാണ് ”
“ പ്രതി സാവിത്രി നിങ്ങളുടെ വീട്ടില്‍വരികയും രജനിയുമായി സമയം ചിലവഴിക്കുകയും ചെയ്തിരുന്നോ ? ”
“ ഇടയ്‌ക്കൊക്കെ   വരുമായിരുന്നു ”
“ നിങ്ങള്‍ എതിര്‍ത്തില്ലേ  ? പ്രതിയോട്  വീട്ടില്‍ വരരുതെന്ന്  പറഞ്ഞില്ലേ ?”
“പറഞ്ഞീനു , അന്നേരം   രണ്ടും  കൂടി എന്‍റെ നേര്‍ക്കു വെറുങ്ങനെ    തൊള്ളയിടും”  
പിന്നീടു വന്ന സാക്ഷികളില്‍ ഒരാള്‍പറഞ്ഞത്  ഒന്നാം സാക്ഷി പറഞ്ഞറിഞ്ഞ  പ്രകാരം  സംഭവസ്ഥലത്തെത്തിയപ്പോള്‍  സാവിത്രി  വെട്ടുകത്തിയുമായി നില്‍ക്കുന്നതും രജനി തെങ്ങിന്‍റെ ചുവട്ടില്‍ വീണു കിടക്കുന്നതും കണ്ടുവെന്നും  സാവിത്രി ‘കോമരം പോലെ’ കത്തിയുമായി  തുള്ളി വിറയ്ക്കുകയും   അടുക്കലേക്കു ചെല്ലാന്‍ തുനിഞ്ഞ സാക്ഷിയെ കത്തി വീശി ഓടിക്കുകയും ചെയ്തുവെന്നാണ്.  അയല്‍വാസിയായ ആ സാക്ഷിയും വെട്ടുകത്തി പ്രതിയുടെതാണെന്ന്  തിരിച്ചറിയുകയും  അതേ  കത്തി തന്നെയാണ് സംഭവ ദിവസം പ്രതിയുടെ കയ്യില്‍ കണ്ടെതെന്നു മൊഴിയും നല്‍കി. 

മറ്റൊരു സാക്ഷിയും സമാനമായ  മൊഴി തന്നെയാണ് നല്‍കിയത്.  ഇതോടെ  കേസില്‍ പ്രതിക്കെതിരെയുള്ള കുരുക്കുകള്‍ കൂടുതല്‍ മുറുകിവന്നു. പ്രതിയെ രക്ഷപ്പെടുത്താമെന്ന  പ്രതീക്ഷ  പൊലിയാന്‍ തുടങ്ങി.   അതോടെ എനിക്കു  കിടന്നാല്‍ ഉറക്കം കിട്ടാതായി.   എന്‍റെ സ്വാസ്ഥ്യം പൂര്‍ണ്ണമായും  നഷ്ട്ടപ്പെട്ടു.  വിശപ്പും ദാഹവും ഞാന്‍ മറന്നു.  ദേഷ്യം കലശലായി.  അഭിഭാഷകവൃത്തിയെന്നത് ഒരു തൊഴിലും  കേസുകളെന്നത്  അതിലെ ബൌദ്ധികമായ വ്യാപാരവുമാണെന്നെനിക്കറിയാം. പക്ഷെ  എന്‍റെ മനസ്സിന്റെ ലോലത  ഈ  കേസിനെ എന്‍റെ   ഹൃദയത്തില്‍ പ്രതിഷ്ഠിച്ചതിനാല്‍ എന്‍റെ അസ്വസ്ഥതകള്‍  നാള്‍ക്കുനാള്‍  ഏറിവന്നതേയുള്ളൂ.

2
വിചാരണ തുടരുന്നു..

പിന്നീടു വിസ്തരിക്കപ്പെട്ട  പ്രധാനപ്പെട്ട സാക്ഷി കൊല്ലപ്പെട്ട രജനിയുടെ  മൃതദേഹം ഓട്ടോപ്‌സി ചെയ്ത ഡോക്ടറായിരുന്നു.  ക്രോസ് വിസ്താരവേളയില്‍ ഡോക്ടറോട്  ചോദിച്ചു 

" ഡോക്ടര്‍  നിങ്ങള്‍ പ്രേതം പരിശോധിച്ചപ്പോള്‍ പ്രേതത്തിന്റെ സ്വകാര്യ ഭാഗത്തു ചില പോറലുകളും ഗുദഭാഗത്തു ഉണങ്ങിയ വടുക്കളും കാണപ്പെട്ടുവെന്നു രേഖപ്പെടുത്തിയിട്ടുണ്ടല്ലോ,  എന്തായിരിക്കും ഈ മുറിവുകള്‍ക്കു  കാരണം?"
"അതു  സെക്ഷ്വല്‍ അക്റ്റിവിറ്റീസ് കൊണ്ടുള്ളതാണെന്നാണ്  നിഗമനം"
"ഗുദഭാഗത്തു കാണപ്പെട്ട  ഉണങ്ങിയ വടുക്കള്‍  എന്തിന്‍റെയാകാം ?"
" അതു  സൊഡോമി പോലുള്ള ലൈംഗീക ക്രിയകൊണ്ടുണ്ടാകാം"
" സ്വകാര്യ  ഭാഗത്തുള്ള മുറിവുകളുടെ കാലപ്പഴക്കം എത്രയായിരുന്നു  ?"
"അതു പഴയതായിരുന്നില്ല മരണം സംഭവിക്കുന്നതിന് ഏതാണ്ടടുത്ത സമയത്തുണ്ടായതാണ് "
" ഈ മുറിവുകള്‍  ബലാല്‍സംഗത്തിനിടയില്‍  ഉണ്ടായതായിക്കൂടെ?"
"ബലാല്‍സംഗം ചെയ്യപ്പെട്ടതിന്റെ ലക്ഷണം ഒന്നും ബോഡിയില്‍  കണ്ടില്ല"
" അങ്ങിനെയെങ്കില്‍ ഈ മുറിവുകള്‍ ബലാല്‍സംഗ ശ്രമത്തിനിടയില്‍ ഉണ്ടായതായിക്കൂടെ?"
"അല്ല. ഇതിനെ  മുറിവുകള്‍ എന്നു പറയാന്‍ ആവില്ല. നഖക്ഷതം അല്ലെങ്കില്‍ ദന്തക്ഷതം പോലുള്ള  ചെറിയ പോറലുകളാണ്.  മുറിവിന്‍റെ  സ്വഭാവം കണ്ടാല്‍ ഇതു  സമ്മതപ്രകാരം നടന്ന ഒരു കാര്യമാണ്. കാര്യങ്ങള്‍ അല്പം 'റഫ്' ആയ രീതിയില്‍ നടന്നുവെന്നു  വേണം അനുമാനിക്കാന്‍"
" ആട്ടെ ഡോക്ടര്‍, ഈ പറഞ്ഞ രണ്ടു സ്ഥലങ്ങളിലെയും മുറിവുകള്‍  സ്വവര്‍ഗ്ഗരതിയില്‍ സംഭവിക്കാന്‍ ഇടയുണ്ടോ?"
" തീര്‍ച്ചയായും "
" ഡോക്ടര്‍, അതുപോലെ താങ്കളുടെ  റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന 16 മുറിവുകളും ഉണ്ടാക്കിയിരിക്കുന്നത്  ഒരേ   ആയുധം കൊണ്ടാണ്   ?"
" അതെ"
"കോടതിയില്‍ ഹാജരാക്കിയിരിക്കുന്ന ആയുധം പോലുള്ള മറ്റൊരു ആയുധം കൊണ്ടാക്രമിച്ചാലും  ഈ മുറിവുകള്‍  സംഭവ്യമാണ് ?"
" അതെ  സംഭവ്യമാണ് "
" ഡോക്ടര്‍  'ഒ' പോസിറ്റീവ്  രക്തഗ്രൂപ്പ്   വളരെ സാധാരണമാണ്, ധാരാളം ആളുകള്‍ ആ ഗ്രൂപ്പില്‍ പെട്ടവരാണ് ?"
"അതെ"
" അപ്പോള്‍  വെട്ടുകത്തിയില്‍ കണ്ട രക്തം കൊല്ലപ്പെട്ട രജനിയുടെതാണെന്നു  തീര്‍ത്തു പറയണമെങ്കില്‍  വെറും രക്തഗ്രൂപ്പ്  പരിശോധന  മാത്രം പോര ?"
"പോര. ആരുടെതാണെന്നു തറപ്പിച്ചു പറയാന്‍  ഡി. എന്‍. എ  ടെസ്റ്റുകള്‍ നടത്തേണ്ടി വരും "
അന്നത്തെ വിചാരണ കഴിഞ്ഞപ്പോള്‍  സാവിത്രിയുടെ കൂടെ ജയിലില്‍ നിന്നും വന്ന പോലീസുകാരന്‍  എന്‍റെ അടുക്കല്‍ വന്നു പറഞ്ഞു
  " വക്കീലെ പ്രതിക്ക് വക്കീലിനോട്  എന്തോ പറയാനുണ്ടെന്ന്" .
കേസിന്റെ വിചാരണ തുടങ്ങിയിട്ടാദ്യമായാണ് സാവിത്രി എന്നോട് എന്തെങ്കിലും പറയുവാന്‍ താല്പര്യം കാണിക്കുന്നത്.  ഞാന്‍ അടുത്തു ചെന്നപ്പോള്‍  സാവിത്രി  അടുത്തു നില്‍ക്കുന്ന പോലീസുകാര്‍ കേള്‍ക്കാതെ പറഞ്ഞു
" സാറെ 'കച്ചിറ കത്തി'മ്മേലുള്ള  ചോര ഓളുടെ അല്ല.  അത് വേറെ ആളുടെയാണ്  "
കേസു നടത്തിപ്പില്‍ വലിയൊരു  പിടിവള്ളിയായി കിട്ടിയ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ എനിക്കു വലിയ ആവേശമായി.
 " പറയൂ സാവിത്രി  എന്താണ് സംഭവം.  അതാരുടെ രക്തമാണത് ?  എന്താന്നുവച്ചാല്‍   പറ  എനിക്കതറിഞ്ഞാല്‍ മതി. നിങ്ങളുടെ  കേസു  ഞാന്‍ വിടീക്കും".
പക്ഷെ സാവിത്രിക്കു അക്കാര്യം പറയുന്നതില്‍  അത്രയ്ക്കു  താല്‍പ്പര്യമൊന്നും കണ്ടില്ല.
 
" അതു  വിട്ടേക്കിന്‍   സാറെ,   ന്തായാലും  ന്‍റെ ജീവിതം പോയി.  ഇനിയതു തിരിച്ചു കിട്ടാന്‍ പോണില്ല. എനക്കാണെങ്കീ  ഇനീപ്പ പോകാന്‍ വേറൊരിടല്ല.  ജയിലാച്ചാല്‍  കിടക്കാനിടോണ്ട്,  ആടെ  ഉണ്ണാനും ഉടുക്കാനും കിട്ടുവോം ചെയ്യും പിന്നെ  മിണ്ടാനും പറയാനും ഇന്നെപ്പോലുള്ള തോനെ ആളോളുണ്ട്.  ന്‍റെ സാറെ, നിങ്ങക്കറിയോ  ഓളും  ഞാനും  വലിയ ചങ്ങാതിച്ചിയാര്‍ന്നു.  ഞങ്ങളെ  ഞങ്ങടെ  പാട്ടിനുവിടാന്‍ ആര്‍ക്കും തോന്നീല്ലാലോ? അതീപ്പോ ഇങ്ങനെയൊക്കെയായി.   ഇനീപ്പോ   എനിക്കിതീന്ന് കയിച്ചിലാവണ്ട സാറെ. എല്ലാകുറ്റവും ന്‍റെ തലേമ്മേല്‍ തന്നെ ഇരിക്കട്ടെ.  ഓരെന്നെ  ശിക്ഷിച്ചോട്ടെ സാറെ.  ഇങ്ങള്   വെറുതെ  എനിക്കുവേണ്ടി   ബേജാറാകേണ്ട."
സാവിത്രി  പോലീസുകാര്‍ക്കൊപ്പം  നടന്നു നീങ്ങി. എനിക്കു വലിയ നിരാശയും ദേഷ്യവും തോന്നി. ഞാന്‍ അവളെ രക്ഷപ്പെടുത്താന്‍ വേണ്ടി ആധിപിടിച്ചു കേസു നടത്തുമ്പോള്‍  അവള്‍ക്കു രക്ഷപ്പെടേണ്ട പോലും. ഇപ്പോള്‍ എനിക്കൊരു ഒരുകാര്യം വ്യക്തമായി ഈ കുറ്റകൃത്യത്തിലെ  ദുരൂഹത വെട്ടുകത്തിയില്‍ പുരണ്ട രക്തത്തിന്‍റെ ഉടമ ആരെന്നതാണ്. പക്ഷെ  അതാരാണെന്നു വെളിപ്പെടുത്താന്‍ സാവിത്രി തയാറല്ല. അതാരായിരിക്കും? എന്തുകൊണ്ടാണ് അതു പറയാന്‍ സാവിത്രി തയ്യാറാകാത്തത്?
 അന്നു വൈകുന്നേരം വക്കീല്‍ ഓഫിസില്‍ നിന്നുമിറങ്ങി റോഡരികിലൂടെ  ബസ് സ്റ്റാന്റിലേക്ക് നടക്കുമ്പോള്‍  എനിക്കെതിരെ വന്ന ഒരു  കാറിന്‍റെ പിന്‍സീറ്റില്‍  ഇരുന്നുകൊണ്ട്  ഒരുപെണ്‍കുട്ടി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അതു മറ്റാരുമായിരുന്നില്ല അവളെന്‍റെ കാമുകിയായിരുന്നു. ദീര്‍ഘനാളത്തെ ഞങ്ങളുടെ പ്രണയത്തിനൊടുക്കം അവളുടെ വിവാഹമിപ്പോള്‍  മറ്റൊരാളുമായി  നിശ്ചയിച്ചുകഴിഞ്ഞു. അവള്‍ ഇനി മറ്റൊരാള്‍ക്കു സ്വന്തം. അങ്ങിനെ എന്‍റെ സ്വപ്നങ്ങള്‍ക്കുപോലും  വറുതിക്കാലമായപ്പോള്‍.  അവളെ കണ്ടിട്ടും കാണാത്തമട്ടില്‍ തലതാഴ്ത്തി നടന്ന എന്‍റെ മനസ്സില്‍, അപ്പോള്‍ പൊടിഞ്ഞ ചോരയേക്കാള്‍  കോടതിമുറിയിലെ കത്തിയും അതില്‍ പറ്റിപിടിച്ച ഉണങ്ങിയ ചോരയുമായിരുന്നു നിറഞ്ഞുനിന്നത്.
ജയില്‍ മുറി –രാത്രി
 
അന്നുരാത്രി സാവിത്രിക്കുറക്കം വന്നില്ല.  അവള്‍  സെല്ലിന്‍റെ വാതില്‍ക്കലിരുന്നുകൊണ്ട്   പുറത്തെ ഇടനാഴിയിലെ ഇരുളിലേക്കു നോക്കിയിരുന്നു. പുറത്തു നല്ല നിലാവുണ്ടെന്നു തോന്നുന്നു. ജയില്‍ മതിലിനു മുകളിലൂടരിച്ചെത്തിയ ഇത്തിരി നിലാവെട്ടം ഇടനാഴിയിലെ ഇരുണ്ട ചുവരില്‍ ഓര്‍മ്മകളുടെ നിഴല്‍ചിത്രങ്ങള്‍ അവള്‍ക്കായി കോറിയിട്ടു.  അച്ഛന്‍പെങ്ങളുടെ മകള്‍  രാധേച്ചി അവളുടെ വീട്ടില്‍ നിന്നാണ് കോളേജില്‍ പഠിച്ചിരുന്നത്. രാധേച്ചിയുടെ വിയര്‍പ്പുമണം അവള്‍ക്കു വലിയ ഇഷ്ട്ടമായിരുന്നു. പൊടിമഴയില്‍  മണ്ണില്‍ നിന്നുയരുന്ന  പുകയുടെ മണമായിരുന്നു രാധേച്ചിയുടെ ഉടലിന്.  രജനിക്കും  രാധേച്ചിയുടെ പോലത്തെ ഹരംപിടിപ്പിക്കുന്ന മണം തന്നെയായിരുന്നു.  അവരുടെ ഹൃദയങ്ങളും പിരിയാനാവാത്തവിധം  തമ്മില്‍ കൊരുത്തുപോയിരുന്നു.  ഒരു വിവാഹത്തിലൂടെ ആരെങ്കിലും രജനിയെ അവളില്‍നിന്നും പറിച്ചെടുക്കുമെന്ന ഭയം അവളെ ഭ്രാന്തിയാക്കിയിരുന്നു. അപ്പോഴൊക്കെ അവള്‍ മനസ്സില്‍ പലവട്ടം ഉറപ്പിച്ചിരുന്നു   അങ്ങിനെ വല്ലതും നടന്നാല്‍  എല്ലാം അതോടെ അവസാനിപ്പിക്കുമെന്ന്.
 
വിചാരണ തുടരുന്നു.

" സ്വവര്‍ഗ്ഗ അനുരാഗിയും, വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതയായി കഴിയുന്നവളുമായ പ്രതിക്കു തന്നെക്കാള്‍ പ്രായം കുറഞ്ഞവളും തന്‍റെ സ്‌നേഹിതയുമായ രജനിക്കു വിവാഹാലോചനകള്‍ വരുന്നതിലുള്ള  അസൂയകൊണ്ടും, അപ്രകാരം രജനി വിവാഹം കഴിച്ചു പ്രതിയില്‍ നിന്നും അകന്നുപോകുവാന്‍ ശ്രമിക്കുന്നതിലുള്ള പകകൊണ്ടും, സംഭവദിവസം പ്രതി നിര്‍ബന്ധിച്ചിട്ടും പ്രകൃതി വിരുദ്ധവേഴ്ചയ്ക്ക് കൊല്ലപ്പെട്ട  രജനി വഴങ്ങാത്തതിലുള്ള   വിരോധവുംകൊണ്ട്  മാരകമായ ഒരു വെട്ടുകത്തികൊണ്ട് പ്രതി രജനിയെ ആക്രമിച്ചു കൊലചെയ്തിരിക്കുകയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 302വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുന്നു"  ഇതായിരുന്നു രജനിക്കൊലക്കേസില്‍ കേസിന്റെ അന്വോഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാവിത്രിക്കെതിരെ നല്‍കിയ കുറ്റപത്രം.
 "    ഇന്‍സ്‌പെക്ടര്‍ , നിയമപ്രകാരം    ഒരാള്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായപരിധിയുണ്ടോ ?"
" ഇല്ല "
" പിന്നെ എങ്ങിനെയാണ്  പ്രതിയുടെ വിവാഹപ്രായം കഴിഞ്ഞുവെന്നു  നിങ്ങള്‍  കുറ്റ പത്രത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്?"
"അതു പിന്നെ  നാട്ടുനടപ്പനുസരിച്ച് 30 വയസിനു മേല്‍ സ്ത്രീകള്‍ക്ക് പ്രായം കഴിഞ്ഞാല്‍ അവരുടെ വിവാഹം പിന്നെ നടക്കാന്‍ പാടാണ്.   അതുകൊണ്ടാണങ്ങിനെ പറഞ്ഞത് "
" നാട്ടുനടപ്പെന്നതു ചട്ടമല്ല അത്തരം കാര്യങ്ങള്‍ കുറ്റപത്രത്തില്‍ എഴുതാന്‍ കാരണം ഈ കൊലപാതകത്തിനു ഒരു യുക്തമായ കാരണം കണ്ടെത്താന്‍  ഇല്ലാത്തതു  കൊണ്ടല്ലേ ?"
" അതു ശരിയല്ല  "
"   കൊലയുടെ 'മോട്ടീവ്'  സംബന്ധിയായി എന്തു  അന്വോഷണമാണ്  നിങ്ങള്‍ നടത്തിയത്? "
" ഞാന്‍ നാട്ടുകാരോടും  കൊല്ലപ്പെട്ട  രജനിയുടെ  ബന്ധുക്കളോടും  അന്വോഷിച്ചിരുന്നു "
"രജനിയുമായി വിവാഹാലോചന നടത്തിയയെന്നു പറയുന്ന  വീട്ടുകാരെ നിങ്ങള്‍ ചോദ്യം ചെയ്തിരുന്നോ ?"
"അങ്ങിനെ ആരെയും ചോദ്യം ചെയ്തില്ല. വിവാഹാലോചന ഉണ്ടായിരുന്നതായി അന്വോഷണത്തില്‍  മനസ്സിലായി പക്ഷെ വിവാഹം ഉറപ്പിച്ചില്ല  അതുകൊണ്ട് ചോദ്യം ചെയ്തില്ല"
 "പ്രതിയും രജനിയും തമ്മില്‍  വളരെ അടുത്ത സുഹൃത്ത് ബന്ധമായിരുന്നു  ഉണ്ടായിരുന്നത് ?"
"അതേ അങ്ങിനെയാണ്  അന്വോഷണത്തില്‍  മനസ്സിലായത് "
" അവര്‍ തമ്മില്‍  നിങ്ങള്‍ പറയുന്ന കാരണമല്ലാതെ വേറെ ശത്രുതയില്ല?"
" അങ്ങിനെ ഉള്ളതായി മനസ്സിലാക്കിയിട്ടില്ല "
" സംഭവ  ദിവസം യാതൊരുവിധ ബലപ്രയോഗവും കൂടാതെയാണ്  പ്രതിയുടെ കൂടെ രജനി പുല്ലരിയാന്‍ പോയത് ?"
"  പ്രതി നിര്‍ബന്ധിച്ചുകൊണ്ടുപോയി എന്നാണ് രജനിയുടെ അമ്മ മൊഴി നല്‍കിയത് " 
"പ്രതിയും  രജനിയും തമ്മില്‍  പ്രണയമായിരുന്നുവെന്ന കാര്യം നിങ്ങള്‍ അന്വോഷിച്ചുവോ ?"
" അങ്ങിനെ  അന്വോഷണത്തില്‍  മനസ്സിലായിട്ടില്ല  "
"പ്രതിയും രജനിയും  രണ്ടുവര്‍ഷം മുന്‍പ്  നാടുവിടുകയും  ഒരുമിച്ചൊരു വാടക വീട്ടില്‍  താമസിക്കുകയും  ചെയ്തിരുന്നുവെന്ന  കാര്യം  നിങ്ങള്‍ മനസ്സിലാക്കിയിരുന്നോ ?"
" അറിഞ്ഞിരുന്നു. അതു പ്രതി പ്രലോഭിപ്പിച്ചു കൊണ്ടുപോയതാണെന്നും, വീട്ടുകാര്‍ ഇടപെട്ടു തിരികെ കൊണ്ടുവന്നുവെന്നും  മനസ്സിലായതിനാല്‍  കൂടുതലായി അന്വോഷിച്ചില്ല "
" പ്രതിയും രജനിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും,  അതുകൊണ്ടുതന്നെ കൊല്ലപ്പെട്ട രജനിയുടെ വീട്ടുകാര്‍ക്ക്  രണ്ടുപേരോടും വലിയ വിരോധമായിരുന്നെന്നും  ഇനിയും പ്രതിയുമായി കൂട്ടുകൂടിയാല്‍ കൊന്നുകളയുമെന്നു  രജനിയുടെ വീട്ടുകാര്‍ രണ്ടുപേരെയും ഭീഷിപ്പെടുത്തിയിരുന്നുവെന്ന   കാര്യവും നിങ്ങള്‍ മനസ്സിലാക്കിയിരുന്നോ ?"
" അന്വോഷണത്തില്‍   അങ്ങിനെയുള്ള  അറിവു  ലഭിച്ചിട്ടില്ല"
" പ്രതി ആരെയും കൊന്നിട്ടില്ല. രജനിയുടെ മരണം ഒരു ദുരഭിമാനകൊലപാതകം ആണെന്നും പറയുന്നു"
" അതുശരിയല്ല"
" മരണപ്പെട്ട രജനിയുടെ രഹസ്യഭാഗത്തുണ്ടായ  മുറിവിനെക്കുറിച്ചു നിങ്ങള്‍ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കിയിരുന്നോ ?"
" അങ്ങിനെ പ്രത്യേകം ചോദിക്കേണ്ടതായി തോന്നിയില്ല"
"എവിടെ വച്ചാണ് രജനിയുടെ ശരീരത്തില്‍ മരണകാരണമായ  മുറിവുകള്‍ പറ്റിയതെന്നാണ് നിങ്ങള്‍ മനസ്സിലാക്കിയത് ? "
" പുല്ലരിയാന്‍ പോയ പുരയിടത്തില്‍ വച്ചാണ് മുറിവേറ്റത്. അവിടെ നിന്നും രക്ഷപെട്ടു  ഓടി യാണ്  തെങ്ങിന്‍ തോപ്പില്‍ എത്തിയതും  തെങ്ങിന്‍ തടത്തില്‍ വീണു മരിച്ചതും"
"പുല്ലരിയാന്‍ പോയ ഇടം പരിശോധിച്ചിരുന്നോ ?  അവിടെ നിന്നും  എന്തെങ്കിലും കണ്ടെടുത്തോ ?"
" രജനിയുടെ  അടി വസ്ത്രവും ചുരിദാറിന്റെ പാന്റ്‌സും  കണ്ടെത്തിയിരുന്നു"
" വസ്ത്രത്തില്‍ ചോര പുരണ്ടിരുന്നോ ? "
"ഇല്ലായിരുന്നു"
"വസ്ത്രം കീറുകയോ അതിനു കേടുപാടുകള്‍ പറ്റുകയോ ഉണ്ടായോ?"
" ഇല്ല "
"അവിടെനിന്നും എന്തെങ്കിലും  മറ്റു ആയുധങ്ങള്‍ കണ്ടെത്തിയോ ?"
" ഇല്ല"
" പുല്ലരിയാന്‍  രജനി  കൊണ്ടുപോയ  അരിവാള്‍  കണ്ടെത്തിയിരുന്നോ?"
" രജനി എന്തെങ്കിലും  ആയുധം കൊണ്ടുപോയതായി അന്വോഷണത്തില്‍ മനസ്സിലായില്ല"
"അപ്പോള്‍ രജനി പുല്ലരിയാന്‍ പോയതല്ലേ ?"
"അതെയെന്നാണ്   രജനിയുടെ അമ്മ മൊഴി നല്‍കിയത് "
" കോടതിയില്‍ ഹാജരാക്കിയിരിക്കുന്ന ആയുധത്തിലെ  രക്തക്കറ ആരുടെയെന്നാണ്   മനസ്സിലാക്കിയത്?"
" അതു കൊല്ലപ്പെട്ട  രജനിയുടെ ആണെന്ന  കെമിക്കല്‍   റിപ്പോര്‍ട്ട്  കിട്ടിയിട്ടുണ്ട് "
 "ഈ രക്തത്തിന്റെ ഉടമ രജനി ആണെന്ന് ഉറപ്പിച്ചു പറയണമെങ്കില്‍  അതിനു ഡി. എന്‍. എ ടെസ്റ്റ് നടത്തണം  അതീ കേസില്‍  നടത്തിയിട്ടില്ല.  ശരിയല്ലേ?"
"ഡി .എന്‍. എ  ടെസ്റ്റ് നടത്തിയിട്ടില്ല"
" പ്രേതത്തിന്റെ ദേഹത്തുനിന്നു കണ്ടെത്തിയെന്നു  പറയുന്ന മുടിയിഴകളും  ഡി. എന്‍ .എ പരിശോധനയ്ക്ക് അയച്ചില്ല?"
" ഇല്ല"  
"പ്രേതത്തില്‍ നിന്നും കണ്ടെടുത്തുവെന്നു  പറയുന്ന മുടിയിഴകള്‍  പ്രതിയുടേതല്ല എന്നു പറയുന്നു"
"അതു  ശരിയല്ല"
"മറ്റാരോ ആണു രജനിയെ പരിക്കേല്‍പ്പിച്ചതെന്നും  താന്‍ നിരപരാധി ആണെന്നും  പ്രതി നിങ്ങള്‍ക്കു  മൊഴി നല്കിയിരുന്നില്ലേ?" 
"ഇല്ല . പ്രതി താനാണ്  കുറ്റം ചെയ്തതെന്ന്  സമ്മതിക്കുകയാണുണ്ടായത്  "
" പ്രതിയല്ല ഈ കുറ്റകൃത്യം ചെയ്തത്  അതു മറ്റാരോ ആണെന്നും   അവരെ രക്ഷിക്കാന്‍ വേണ്ടി  നിങ്ങള്‍ പ്രതിയെ കളവായി പ്രതിസ്ഥാനത്ത്  ചേര്‍ത്തതാണെന്നു പറയുന്നു?"
"അതു ശരിയല്ല . പ്രതിയാണ് കുറ്റം ചെയ്തത് "
"  വെട്ടുകത്തിയില്‍ കണ്ട രക്തം രജനിയുടേതല്ല  എന്നു പറയുന്നു"
"അതു  ശരിയല്ല"

 വാദം

വിചാരണ പൂര്‍ത്തിയായി.  ഇനിയുള്ളത്  പ്രതിഭാഗം  തെളിവെടുപ്പും   വാദവുമാണ്.  സാവിത്രിയുടെ ഭാഗത്തുനിന്നും സാക്ഷികള്‍ വല്ലതും   ഉണ്ടോയെന്നു ചോദിച്ചപ്പോള്‍         " എല്ലാത്തിനും  മുത്തപ്പന്‍  സാക്ഷിയാണ്.    മുത്തപ്പന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ" എന്നായിരുന്നു പ്രതികരണം. സാവിത്രി കാര്യങ്ങളിപ്പോള്‍ അവളുടെ  മുത്തപ്പന്‍ ദൈവത്തിന്‍റെ പക്കല്‍  തീര്‍പ്പുകല്‍പ്പിക്കാന്‍  വിട്ടിരിക്കുകയാണ്.
പബ്ലിക് പ്രോസിക്യൂട്ടര്‍  കേസിന്റെ വാദം തുടങ്ങി.  വാദത്തിനിടയില്‍ കേസിന്‍റെ  നാള്‍ വഴികളും സാക്ഷികളുടെ മൊഴികളും ഓരോന്നായി സവിസ്തരം എടുത്തുപറഞ്ഞു.  സാക്ഷികളുടെ മൊഴികളില്‍ യാതൊരുവിധ  വൈരുദ്ധ്യവും  ഉണ്ടായിട്ടില്ലായെന്നും അതുകൊണ്ട് സാക്ഷികളെ അവിശ്വസിക്കേണ്ട കാര്യമില്ലാന്നു പ്രോസിക്യൂട്ടര്‍ വാദിച്ചു. 
"കത്തിയില്‍  കണ്ട രക്തം,  കൊല്ലപ്പെട രജനിയുടെ ദേഹത്തു നിന്നും കണ്ടെത്തിയ പ്രതിയുടെ മുടിയിഴകള്‍,  സാക്ഷികളുടെ  മൊഴികള്‍ ഇവയെല്ലാം  പ്രതി കുറ്റം ചെയ്തുവെന്ന്  സ്ഥാപിക്കുന്ന  തെളിവുകളാണ്.  പ്രതിയും  കൊല്ലപ്പെട്ട രജനിയും ഒരുമിച്ചു പുല്ലരിയാന്‍  പോകുന്നതു  കണ്ട സാക്ഷികളുണ്ട്.  അതുപോലെ  പ്രതി  രജനിയെ ആയുധവുമായി പിന്തുടരുന്നതിനും  ദൃക്‌സാക്ഷികളുണ്ട്.  രജനി മരണപ്പെടുന്ന സമയം പ്രതി രജനിയുടെ അടുക്കലുണ്ടായിരുന്നു എന്ന കാര്യം പ്രതി  നിഷേധിച്ചിട്ടുമില്ല.   ഇത്രയും നേരിട്ടുള്ള തെളിവുകള്‍ നിലനില്‍ക്കെ  ഡി. എന്‍. എ  ടെസ്റ്റുകള്‍  നടത്തേണ്ടതിന്റെ ആവശ്യകത  പ്രോസിക്യൂഷന്‍ ഭാഗത്തിനില്ല. അതുകൊണ്ടുതന്നെ പ്രതിക്കെതിരെയുള്ള സാഹചര്യതെളിവുകള്‍  കുറ്റമറ്റതും  വിശ്വസനീയവുമാണ്    "
" യുവര്‍ ഓണര്‍, സാക്ഷികളുടെ മൊഴികള്‍ തന്നെയാണ് പ്രതിയുടെ വാദത്തിന്റെയും  അടിസ്ഥാനം. സാക്ഷികള്‍ കളവാണു പറഞ്ഞതെന്ന വാദം പ്രതിക്കില്ല.  സാക്ഷികളുടെ മൊഴികള്‍ വിശ്വസിച്ചാല്‍  പ്രതിയെ വെറുതെ വിടാനുള്ള കാരണം ഉണ്ടെന്നാണ് പ്രതിയുടെ വാദം. 

എന്താണ് ഈ കുറ്റകൃത്യത്തിന്റെ മോട്ടീവ്?  വിവാഹാലോചന  എങ്ങിനെയാണ് കൃത്യത്തിനുള്ള കാരണമാകുന്നത്? ഇനി അങ്ങിനെയെങ്കില്‍ അതിനു  എന്തു തെളിവാണുള്ളത്? ആരാണ് കല്യാണ ചെറുക്കന്‍?  ഇതിനൊക്കെ എന്തെങ്കിലും തെളിവ് കോടതി മുന്‍പാകെയുണ്ടോ? പ്രതിയും രജിനിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന  തെളിവുകള്‍ കോടതി മുമ്പാകെ വന്നിട്ടുണ്ട്.  അവര്‍ ഒരുമിച്ചു ജീവിക്കാന്‍ താല്പര്യപ്പെട്ടു നാടുവിടുകയും  വാടകവീടെടുത്ത് ഒരുമിച്ചു താമസിക്കുകയും ചെയ്തു. അവിടെ നിന്നും ഇരുകൂട്ടരുടെയും  വീട്ടുകാര്‍ ചേര്‍ന്നവരെ തിരികെ കൂട്ടിക്കൊണ്ടു പോരുകയാണുണ്ടായത്. പ്രതിയുമായി ഇനിയും ബന്ധപ്പെട്ടാല്‍ കൊന്നുകളയുമെന്നു പറഞ്ഞു രജനിയുടെ സഹോദരന്‍  രജനിയെ ഭീഷിണിപ്പെടുത്തിയെന്നു രജനിയുടെ അമ്മ തന്നെ മൊഴി നല്‍കിയിട്ടുണ്ട്.

പുല്ലരിയാന്‍ വേണ്ടിയാണു രജനി പ്രതിക്കൊപ്പം പോയതെന്നു  പറയുന്നു.  എന്നാല്‍ രജനി അതിനായി ഒരു  ആയുധവും കൊണ്ടുപോയിട്ടില്ല. എന്നാല്‍ പ്രതിയും  രജനിയും തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള  ശാരീരികമായ ബന്ധം ഉണ്ടായിരുന്നുവെന്നാണ്  മെഡിക്കല്‍ രേഖകള്‍ പറയുന്നത്. സംഭവത്തിനു തൊട്ടുമുന്‍പ്  അത്തരം ഒരു ബന്ധം നടന്നതിന്‍റെ തെളിവുണ്ടെന്നു സാക്ഷിയായ  ഡോക്ടര്‍ പറയുന്നുണ്ട്.  അങ്ങിനെയെങ്കില്‍ പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൃത്യത്തിനു കാരണമെന്ന കേസ്  നിലനില്‍ക്കില്ല.  മാത്രവുമല്ല സംഭവസ്ഥലത്തുനിന്നും  കണ്ടെടുത്ത രജനിയുടെ വസ്ത്രങ്ങളില്‍ ബലപ്രയോഗത്തിന്റെ ലക്ഷണവും കാണുന്നില്ല.  
  
രജനിയുടെ മൃതദേഹം കണ്ടെടുത്ത തെങ്ങും തോട്ടത്തില്‍ നിന്നും കുറച്ചു മാറിയുള്ള തൊടിയില്‍ വച്ചാണ്  രജനിക്ക് മരണ കാരണമായ പരിക്കുകള്‍ പറ്റിയതെന്നും അവിടെ നിന്നുമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്ന  വസ്ത്രങ്ങള്‍  ലഭിച്ചതെന്നു  അന്വോഷണ ഉദ്യോഗസ്തന്‍ പറയുന്നുണ്ട് .

രജനിയുടെ ദേഹത്തില്‍ നിന്നും  കണ്ടെത്തിയെന്നു പറയുന്ന മുടിയുടെ സാമ്പിള്‍  ഡി. എന്‍. എ പരിശോധനയ്ക്കു അയച്ചിട്ടില്ല.  അല്ലാതെയുള്ള താരതമ്യ പരിശോധനാ ഫലങ്ങള്‍ ഒരു വിശ്വസനീയമായ ശാസ്ത്രീയ തെളിവല്ലെന്നും അതൊരാളുടെ മുടിയുമായുള്ള സാമ്യത തെളിയിക്കാന്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും പകരം ഒരാളുടെ  മുടിയുമായി സാമ്യത ഇല്ലായെന്ന നിഗമനത്തിനു വേണ്ടി മാത്രമേ അത്തരം പരിശോധനാഫലങ്ങള്‍  ഉപയോഗിക്കാന്‍ കഴിയൂവെന്നുമുള്ള    കോടതി വിധികള്‍ നിലവിലുണ്ട്.
പ്രതിയുടെ മുടി മരണപ്പെട്ട രജനിയുടെ ദേഹത്തു  കണ്ടുവെന്നു പറയുന്നതുതന്നെ   കുറ്റകൃത്യം ചെയ്തതിനു സാഹചര്യതെളിവാകുന്നില്ല. അതു  പല കാരണങ്ങള്‍ കൊണ്ടാകാം  ഒന്നുകില്‍ അതു ശാരീരികമായ ബന്ധം പുലര്‍ത്തിയ സമയത്തു വന്നതാകാം  അല്ലെങ്കില്‍ രജനിയെ മറ്റാരോ ആക്രമിച്ച സമയത്ത് രക്ഷപ്പെടുത്തി കൊണ്ടുവരാന്‍ ശ്രമിച്ച സമയത്താകാം. എന്നിരുന്നാലും  ആ മുടിയിഴകള്‍ പ്രതിയുടെതല്ല എന്നു പ്രതി നിഷേധിക്കുമ്പോള്‍  മറിച്ചു തെളിയിക്കേണ്ടത്  പ്രോസിക്യൂഷനാണ്

യുവര്‍ ഓണര്‍, ഇവിടെ എന്താണ് സംഭവിച്ചതെന്നു ഞാന്‍ പറയാം.  രജനിയും പ്രതിയും തമ്മില്‍ അടുത്തിടപഴകുന്നതു കണ്ട ഒരാള്‍ അതില്‍ വിരോധം പൂണ്ടു.  അയാള്‍   ഒന്നുകില്‍ രജനിയുടെ ബന്ധുവാകാം അല്ലെങ്കില്‍ സാവിത്രിയുടെ ബന്ധുവാകാം  അല്ലെങ്കില്‍  ഒരു  അജ്ഞാതനാകാം. അയാള്‍ രജനിയെ ക്രൂരമായി ആക്രമിച്ചു.  ഇതൊരു സദാചാര ഗുണ്ടായിസമാകാം  അല്ലെങ്കില്‍ ഒരു ദുരഭിമാനക്കൊലയാകാം.  പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിപ്രകാരം വെട്ടുകത്തി  പോലുള്ള മറ്റൊരു ആയുധം കൊണ്ടാക്രമിച്ചാല്‍ കൊല്ലപ്പെട്ട രജനിയുടെ ദേഹത്തില്‍ കണ്ടരീതിയിലുള്ള  മുറിവുകള്‍ സംഭവിക്കാം.

യുവര്‍ ഓണര്‍, രജനിയെ മറ്റൊരാള്‍ വെട്ടുകത്തിയുമായി ആക്രമിക്കുന്നത്  കണ്ട  പ്രതി  പുല്ലരിഞ്ഞു കൊണ്ടിരുന്ന വെട്ടുകത്തിയുമായി ഓടിച്ചെന്നു അക്രമിയെ  നേരിട്ടു. പുല്ലരിയാന്‍ വേണ്ടി ആയുധം കൊണ്ടുപോയതില്‍ അസ്വാഭാവികത  പറയാന്‍ കഴിയില്ല.  പ്രതിയുടെ ചെറുത്തുനില്‍പ്പില്‍  പരിക്കേറ്റ അക്രമിയുടെ  രക്തമാണ് വെട്ടുകത്തിയില്‍ പുരണ്ട 'ഒ' പോസിറ്റീവ് രക്തം.  ആഗോള ജനസംഖ്യയുടെ 38 ശതമാനത്തില്‍ അധികം ആളുകള്‍ക്കും  'ഒ' പോസിറ്റീവ്  രക്തമാണുള്ളത്. അതുകൊണ്ടുതന്നെ അക്രമിയുടെ രക്തവും രജനിയുടെ രക്തവും  ഒരേ  ഗ്രൂപ്പ് ആയതില്‍   അസ്വഭാവികമായി ഒന്നുമില്ല.

ആക്രമണത്തില്‍ പരിക്കേറ്റ രജനിയെ പിടിച്ചേല്‍പ്പിച്ച പ്രതി  അഞ്ജാതനായ ആ കൊലയാളിയുടെ  കൂടുതല്‍ ആക്രമണം ഭയന്ന്  സംഭവ സ്ഥലത്തും നിന്നു രജനിയെയും  കൂട്ടി  ഓടി രക്ഷപ്പെട്ടു.  രജനി മുന്‍പിലും  രജനിയെ കാത്തുകൊണ്ട്  പ്രതി പുറകെയുമാണ് ഓടിയത്.  ഈ ഓട്ടത്തിനിടയിലാണ്  ഒന്നാം സാക്ഷി  പ്രതിയെയും രജനിയെയും കാണുന്നതും പ്രതി രജനിയുടെ പുറകെ ആക്രമിക്കാന്‍ ഓടിചെല്ലുകയാണെന്നു  തെറ്റിദ്ധരിക്കാന്‍ ഇടയായതും.

യുവര്‍ ഓണര്‍,  ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം, തെങ്ങിന്‍ തടത്തില്‍ വീഴുമ്പോഴും  രജനിക്കു ജീവനുണ്ടെന്ന കാര്യമാണ്. രജനിയെ കൊല്ലാനുള്ള ഉദ്ദേശം പ്രതിക്കുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് വീണുകിടന്ന  രജനിയെ പ്രതി വീണ്ടും  ആക്രമിച്ചില്ല? സാക്ഷികള്‍ കരുതിയപോലെ പ്രതി ആക്രമണോത്സുകതയില്‍ ആയിരുന്നെങ്കില്‍ പ്രതി അവിടെ വച്ചും രജനിയെ ആക്രമിക്കുകയും മരണം ഉറപ്പാക്കുകയും ചെയ്യുമായിരുന്നു.

 തെങ്ങിന്‍റെ ചുവട്ടില്‍ തന്‍റെ കൂട്ടുകാരിയും പ്രണയിനിയുമായ  രജനി മരണവെപ്രാളം കാണിച്ചപ്പോള്‍  പ്രതി മാനസികമായി തകരുകയും അവിടേയ്ക്കു വന്ന ആളുകള്‍ തന്നെയും രജനിയെയും  വീണ്ടും  ആക്രമിക്കാന്‍ വേണ്ടി വരുന്നവരായിരിക്കാം  എന്ന വിഭ്രാന്തിയില്‍  'ഹിസ്‌ററീരിക്കായി' പെരുമാറുകയും അതുകണ്ട സാക്ഷികള്‍ പ്രതി ആക്രമണ ഉത്സുകതയോടെ നില്‍ക്കുകയാണെന്നു തെറ്റിദ്ധരിക്കുകയുമാണുണ്ടായത്. സംഭവിച്ച കാര്യങ്ങള്‍ പ്രതി പോലീസിനോട്  പറഞ്ഞുവെങ്കിലും  പോലീസ് ആ കാര്യം മന:പൂര്‍വം അന്വോഷിക്കാതെ  യഥാര്‍ത്ഥകുറ്റവാളിയെ  രക്ഷിക്കുകയാണുണ്ടായത്.

" എങ്കില്‍ എന്തുകൊണ്ട്  ആ കൊലയാളി ആരാണെന്നു  പ്രതി കോടതി മുന്‍പാകെ തെളിവ് നല്‍കിയില്ല. വെറുതെ  ഒരു സങ്കല്‍പ്പകഥ പറഞ്ഞിട്ടെന്താണ് കാര്യം ?"  വാദത്തിനിടയില്‍  പ്രോസീക്യൂട്ടര്‍  ഇടപെട്ടു ചോദിച്ചു.

" വിചാരണയില്‍ കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ചുമതലയില്‍പെട്ട കാര്യങ്ങള്‍ ആയതിനാലും  കോടതി വിചാരണയില്‍ നിശബ്ദമായിരിക്കാനുള്ള  അവകാശം ഭരണഘടനാ പ്രകാരം പ്രതിക്കുള്ളതിനാലുമാണ്  പ്രതി യഥാര്‍ത്ഥ കുറ്റവാളിയെക്കുറിച്ച്  ഈ കോടതിയില്‍ തെളിവ് നല്‍കാതിരുന്നത്.  മാത്രവുമല്ല അതൊക്കെ ഇനിയും വേണമെങ്കില്‍  പോലീസിനു അന്വോഷിക്കാവുന്ന  കാര്യവുമാണ്  "

" അല്ല മിസ്റ്റര്‍ പ്രോസിക്യൂട്ടര്‍,  ആളുകള്‍ സംസാരിക്കുന്നതിലല്ലേ ഇക്കാലത്തു കുഴപ്പമുള്ളൂ, നിശബ്ദമായിരിക്കുന്നതില്‍ അസഹിഷ്ണുത കാണിക്കേണ്ട കാര്യമുണ്ടോ ? മിണ്ടാതിരിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യമെങ്കിലും  എല്ലാവരും അനുഭവിച്ചോട്ടെന്നെ"    കോടതി ഇടപെട്ടു പറഞ്ഞു.

" യുവര്‍ ഓണര്‍,  ബഹുമാനപ്പെട്ട കോടതിയുടെ മുന്‍പില്‍ ഇപ്പോള്‍ രണ്ടു സാധ്യതകളാണുള്ളത്  ഒന്ന് പ്രതി കുറ്റം ചെയ്തിരിക്കാമെന്ന സാധ്യത  അല്ലെങ്കില്‍ പ്രതി അപരാധിയല്ല എന്ന സാധ്യത.  ഇതില്‍ രണ്ടാമത്തെ സാധ്യതയാണ്  കൂടുതല്‍ സ്വീകാര്യം. ഒന്നാമത്തെ സാധ്യതയില്‍ ഒരുപിടി സംശയങ്ങള്‍  ഇപ്പോഴും ബാക്കിയാണ്.  സംശയത്തിന്റെ ആനുകുല്യം എപ്പോഴും നിയമപരമായി  പ്രതിക്കാണ് ലഭിക്കേണ്ടത്.   ദാറ്റ്‌സ്  ഓള്‍  യുവര്‍ ഓണര്‍ ".

കേസിന്‍റെ  വാദമവസാനിപ്പിച്ചു ഞാനിരുന്നു.   വിധി പറയുന്നതിനായി കേസ് മറ്റൊരുദിവസത്തേക്കു മാറ്റിവച്ചു. കുറച്ചു നാളുകളായിയിരുന്നു ഫേസ് ബുക്കില്‍ കയറിനോക്കിയിട്ട്  അതുകൊണ്ടുതന്നെ ആസമയം  കൂടുതല്‍ ലൈക്കുകള്‍ കിട്ടുന്നത്  ശിക്ഷിക്കപ്പെടുന്ന കേസുകള്‍ക്കാണോ അതോ  വെറുതെ വിടുന്ന കേസുകള്‍ക്കാണോ അല്ലെങ്കില്‍  പ്രതിയെ പിടിച്ചുയുടനെ എന്‍കൌണ്ടര്‍ ചെയ്തു നീതി  നടപ്പിലാക്കുന്ന  പോലീസുകാര്‍ക്കാണോ  എന്നറിയില്ല. 

സാവിത്രിയെ കാണാന്‍ കഴിഞ്ഞില്ല.  ഞാന്‍ പുറത്തിറങ്ങിയപ്പോഴേക്കും    പോലീസുകാര്‍ അവളെയും കൊണ്ട് പോയിക്കഴിഞ്ഞിരുന്നു. ഓഫീസിലേക്കു നടക്കുമ്പോള്‍  ഉച്ചിയില്‍ കത്തിക്കാളുന്ന സൂര്യനൊപ്പം കുറച്ചു ദിവസമായി എന്നില്‍ നിന്നും അകന്നുപോയ വിശപ്പും എന്‍റെ വയറ്റില്‍ കിടന്നു കത്തിപ്പടരാന്‍ തുടങ്ങി.

(അവസാനിച്ചു)
see part 1
Sudhir Panikkaveetil 2020-06-03 16:46:30
കിടക്കനോരു ഇടവും ഭക്ഷണവും ജയിലിൽ കിട്ടുന്നത്കൊണ്ട് കുറ്റം സമ്മതിക്കുന്ന നിസ്സഹായരെപ്പറ്റി ആലോചിക്കുക. എത്രയോ ദയനീയം. ഇപ്പോൾ നമ്മുടെ നാട്ടിൽ സ്വവർഗ്ഗരതിയും ട്രാൻസ്‌ഗെൻഡേഴ്‌സും സുപരിചിതരായി. മറ്റുള്ളവരുടെ കാര്യത്തിൽ ഇപ്പോഴും ഇടപെടുന്ന ഒരു സമൂഹമാണ് നമ്മളുടേതു അതുകൊണ്ട് ഇതിലെ കഥാപാത്രങ്ങൾക്ക് സംഭവിച്ചതു സംഭവിച്ചുകൊണ്ടേയിരിക്കും. സ്വയം ഒരു അഭിഭാഷകനായ കഥാകൃത്തിന്റെ വാദപ്രതിവാദങ്ങൾ തൊഴിൽപരമായ കഴിവിന്റെ മികവ് കാട്ടുന്നു. ഒരു നല്ല cliffhanger കൂടിയാണ് ഈ കഥ. കഥാകൃത്തിനു അഭിനന്ദനങൾ !!
ജോസഫ്‌ എബ്രഹാം 2020-06-03 20:58:12
Sudhir Panikkaveetil ഈ എഴുത്തിനു പ്രചോദനമായ ഒരു സംഭവമുണ്ട് . അതിലെ യുവതിയായ പ്രതി ശിക്ഷിക്കപ്പെടുകയും ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ഉണ്ടായി. ഒരുപക്ഷെ ശിക്ഷയുടെ കാലാവധി കഴിഞ്ഞവര്‍ പുറത്തിറങ്ങിയിട്ടുണ്ടാകാം. ( പതിനഞ്ചു വര്‍ഷം മുന്‍പ് ) പുറത്തിറങ്ങിയ അവരുടെ ജീവിതം എന്തായിട്ടുണ്ടാകും ? സമൂഹം അവരെ എങ്ങിനെ സ്വീകരിച്ചിട്ടുണ്ടാകാം ? ആലോചിക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്ന ഒരു കാര്യമാണ്. പില്‍ക്കാലത്ത് അവരുടെ കേസ് പഠിക്കാന്‍ അവസരം കിട്ടിയപ്പോള്‍ എനിക്ക് തോന്നിയ കാര്യമാണ് വിചാരണ കോടതിയിലും ഹൈക്കൊടതിയിലും അവരുടെ കേസ് വേണ്ടരീതിയില്‍ നടത്തപ്പെടുകയുണ്ടായില്ല അതുകൊണ്ടാണ് ആ കേസ് ശിക്ഷിക്കപ്പെട്ടത്. കൂലിപ്പണിക്ക് പോയിരുന്ന ദരിദ്ര വിഭാഗത്തില്‍പ്പെട്ട അവര്‍ക്ക് മികച്ച നിയമസഹായം ലഭിച്ചിരിക്കാന്‍ ഇടയില്ല. വീട്ടുകാരും നാട്ടുകാരും കൈയൊഴിഞ്ഞിരിക്കും. സമൂഹത്തെ ഭയന്ന് കേസില്‍നിന്നും രക്ഷപെടാന്‍ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ല. ഈ കാലത്താണെങ്കില്‍ ഇങ്ങിനെയൊക്കെ സംഭവിക്കാന്‍ ഇടയില്ല ഒരുമിച്ചു ജീവിക്കാന്‍ ചുരുങ്ങിയ പക്ഷം നിയമമെങ്കിലും അനുമതി നല്‍കുന്നുണ്ട് അതു സമൂഹത്തില്‍ എത്താന്‍ കുറച്ചുകൂടെ വൈകുമെങ്കിലും. താങ്കളുടെ വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക