Lawson Travels

ജീവനേക്കാൾ വിലയോ ദേവാലയ ആൾ ദൈവങ്ങൾക്ക്? (കാരൂർ സോമൻ, ലണ്ടൻ)

Published on 07 June, 2020
ജീവനേക്കാൾ വിലയോ ദേവാലയ ആൾ ദൈവങ്ങൾക്ക്? (കാരൂർ സോമൻ, ലണ്ടൻ)
ഇന്ത്യയിലെ ആൾദൈവങ്ങൾ ചോദിക്കാത്തത് കേരളത്തിലെ മതമേധാവികൾ ചോദിക്കുന്നത് വിശ്വാസികളിൽ  ആശങ്കയുണർത്തുന്നു.  മദ്യഷാപ്പുകൾ തുറന്നില്ലേ എന്നിട്ടും എന്താണ് ആരാധനാലയങ്ങൾ തുറക്കാത്തത് ? ആ ചോദ്യത്തിന് മുന്നിൽ സർക്കാരുകളുടെ ഉൾക്കരുത്തു് നഷ്ടപ്പെട്ടു.  അതിന്റ കാരണങ്ങൾ നിസ്വാർത്ഥ ലക്ഷ്യത്തിന്റ സാഫല്യത്തിനായി നിലകൊള്ളുന്നവരാണ് രണ്ടുകൂട്ടരും. അവരുടെ നിഗുഢത ജനങ്ങൾക്കറിയില്ല. ചില കന്യസ്ത്രീകളുടെ ആത്മഹത്യകൾ, പുരോഹിത വർഗ്ഗത്തിന്റ ഹിംസകൾ  അതിനുദാഹരണങ്ങളാണ്.  ക്രിസ്തിയാനികളെപ്പറ്റി പറയുമ്പോൾ ഇവരാരും എ.ഡി.72 ഡിസംബർ 18 ന് മദ്രാസിലെ മൈലാപ്പൂരിൽ രക്തസാക്ഷിയായ ക്രിസ്തുശിഷ്യൻ സെന്റ് തോമസിന്റ അനുഭവങ്ങൾ ഉള്ളവരല്ല. അദ്ദേഹം ഇരുപത് വർഷക്കാലം വിശ്വാസികളെ നയിച്ചത് സ്‌നേഹ സമാധാനത്തിനായി, സൗഖ്യത്തിനായി പെരുമ്പറ മുഴക്കനായിരിന്നു. ആ പേരിൽ വളർന്ന സഭകൾ ഇന്ന് നിരപരാധികളുടെ ജീവൻ കവർന്നെടുക്കാൻ മുന്നോട്ട് വന്നിരിക്കുന്നു. കൊറോണ മഹാമാരിയെ ആട്ടിപായിക്കാൻ കഴിയാത്ത വേഷങ്ങൾ കെട്ടിയാടുന്ന വിശ്വാസ-മൺകൂടാരങ്ങൾ.

മുസ്ലിം വിശ്വാസികളുടെ വത്തിക്കാനായ മക്കയും കേരളത്തിലെ തിരുവനന്തപുരം പാളയം മുസ്ലിം പള്ളിയൊക്കെ കൊറോണ കാലത്തു് അടച്ചിടുമ്പോൾ രോഗ വളർച്ചയുണ്ടാകാൻ ദേവാലയങ്ങൾ തുറക്കണമെന്ന് ക്രിസ്തിയ സഭകൾ മുന്നോട്ട് വരുന്നത് എന്താണ്?  പേർഷ്യൻ ചക്രവർത്തിയായിരുന്ന സാപ്പേർ രണ്ടാമൻ എ.ഡി. 339 - 379 കാലയളവിൽ ക്രിസ്തിയാനികളെ അതിക്രൂരമായി പീഡിപ്പിച്ച കാലമാണ്. കേരളത്തിൽ ഈ കൊറോണ കാലവും ഒരു പീഡനകാലമായി വിലയിരുത്താം. രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാരുകൾ പല അടവുകളും നടത്താറുണ്ട്. അതിലൊന്നാണ് ഈ ദുരിതകാലത്തു് ദേവാലയങ്ങൾ തുറക്കാം എന്ന തീരുമാനമെടുത്തത്. രാഷ്ട്രീയം മതത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ജനങ്ങളുടെ ജീവന് വിലകൊടുക്കുന്ന നട്ടെല്ലുള്ള ഒരു ഭരണമായിരുന്നെങ്കിൽ പറയുമായിരുന്നു പോയി പണി നോക്കാൻ.  കൊറോണ ദൈവം വായ് പിളർന്നു നിൽക്കുമ്പോൾ ജീവശ്ശവമായി കിടക്കുന്ന ദേവാലയങ്ങൾ തുറക്കാൻ പറയില്ലായിരുന്നു.  കഴിഞ്ഞ മൂന്ന് മംസങ്ങളായി ദേവാലയങ്ങൾ എല്ലാവർക്കുമായി തുറന്നിട്ടില്ല. അപ്പോഴൊന്നും അവിടുത്തെ ദൈവങ്ങൾ കണ്ണുതുറന്ന് ഈ കൊറോണ ദൈവത്തെ കിഴടക്കാനോ,  പ്രതിരോധിക്കാൻ മുന്നോട്ട് വന്നില്ല. അത് പുണ്യ ഗുരുവായൂർ, ശബരിമല, മലയാറ്റൂർ,  എടുത്താലും കാണാൻ സാധിക്കും. ഇതിലൂടെ കൊറോണ ദൈവം മനുഷ്യരെ പഠിപ്പിച്ചത് വർണ്ണശബളമായ വസ്ത്രങ്ങൾ ധരിച്ചു് വിലപിടിപ്പുളള നിവേദ്യങ്ങൾ,  പൂജ- പ്രസാദങ്ങൾ, സംഭാവനകൾ  ദൈവത്തിന് പ്രസാദമുള്ള വഴിപാടുകളല്ല അതിലുപരി നിങ്ങളുടെ സന്തോഷത്തിനും പേരിനും ആവേശത്തിനും നടത്തുന്ന പ്രാർത്ഥനകളാണ് നിത്യവും നടത്തുന്നത്.  ഇതിലൂടെ നിങ്ങളുടെ പാപങ്ങൾ കഴുകിക്കളയാൻ സാധിക്കില്ല എന്ന സന്ദേശമാണ് നൽകിയത്.

കൊറോണ രോഗത്താൽ ആരോഗ്യരംഗത്തുള്ളവർപോലും രോഗികളായി മാറികൊണ്ടിരിക്കുമ്പോൾ മത മൗലിക വാദികളും മതനേതാക്കളും ദേവാലയങ്ങൾ തുറക്കണമെന്ന് പറയുന്നത് മനുഷ്യ ജീവനേക്കാൾ വലുത് മത മൗലിക വിശ്വാസങ്ങളാണ്. ഇതിലൂടെ വിശ്വസീനയമായി കരുതപ്പെട്ട മതങ്ങൾ അവിശ്വാസികളുടെ ഒരു കൂട്ടമായി  മാറിയിരിക്കുന്നതാണ്. ഈ പ്രാര്ഥിക്കുന്നിടത്തൊന്നും ഒരു ദൈവങ്ങളുമില്ല എന്നത് വിവേകമുള്ളവർക്കറിയാം.  അന്ധമായ വിശ്വാസ ആചാരങ്ങൾ അറിവിൽ അന്ധന്മാരായ വിശ്വാസികളിൽ കുത്തിനിറച്ചു് പ്രപഞ്ച ശക്തിയെ ചിത്രീകരിക്കാനാണ് ഈശ്വരന്റെ മനസ്സറിയാത്ത മതങ്ങൾ ചെയ്തിട്ടുള്ളത്. എത്ര മതങ്ങൾ ശത്രുക്കളോടു പൊറുക്കാൻ, പാപങ്ങളെ വെറുക്കാൻ പഠിപ്പിക്കുന്നു? പരസ്പര വിദ്വേഷങ്ങൾ, പക, അസൂയ, വർഗ്ഗിയതയല്ലാതെ എന്താണ് ഇവർ സമൂഹത്തിന് നൽകുന്നത്. ഈ കൂട്ടർ അറിയേണ്ടത് ദൈവം മാനുഷരുടെ കാര്യങ്ങളിൽ ഇടപെടാറില്ല. ഒരു മനുഷ്യൻ അവന്റെ ജീവിതകാലത്തു് ചെയ്യുന്ന നന്മ-തിന്മകളുടെ കർമ്മങ്ങളാണ് മരണത്തിൽപോലും വിലയിരുത്തുന്നത്. അവിടെയും ആത്മാവ്, സ്വർഗ്ഗം നരകം എന്നൊക്കെ വിശേഷണങ്ങൾ കൊടുത്തു് മനുഷ്യരെ അന്ധതയിലേക്ക് വഴിനടത്തുന്നു. ഇന്ത്യൻ മണ്ണ് മതങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ്. എത്ര നാൾ അത് തഴച്ചുവളരുമെന്നറിയില്ല. വിദ്യാസമ്പന്നരായവർ ഇന്നല്ലെങ്കിൽ നാളെ ഇതിനൊരു അന്ത്യം വരുത്താതിരിക്കില്ല. ലോകത്തിന്റ പല ഭാഗങ്ങളിൽ റോമൻ സാംബ്രാജ്യമടക്കം എത്രയോ ദേവീദേവന്മാരെ ആരാധിച്ചു. എല്ലാം മണ്ണോട് ചേർന്നുപോയി. നല്ല പ്രവർത്തികൾ ചെയ്യുന്നവരിൽ ഇശ്വരാനുണ്ട്. അവരാണ് ഈശ്വരന്റെ സന്തതികൾ. അവിടെ ഒരു ദേവാലയ പ്രാത്ഥന ആവശ്യമില്ല. യേശുക്രിസ്തുപോലും പറഞ്ഞത് എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ എവിടെ കൂടിയാലും ഞാൻ നിങ്ങൾക്ക് ഒപ്പമുണ്ട്. സ്വന്തം വീടുകളെ ഉദ്ദേശിച്ചു തന്നെയാണ് അദ്ദേഹം അത് പറഞ്ഞത്.

കേരളത്തിൽ അൻപതിനായിരത്തിലധികം ആരാധനാകേന്ദ്രങ്ങളുണ്ട്. ഇവിടെ അറുപത്തഞ്ചു വയസ്സിനുമുകളിലുള്ളവർ. കുട്ടികൾ വരാൻ പാടില്ലെന്ന് ഒരു സർക്കാർ പറഞ്ഞാൽ അത് മനുഷ്യവകാശ ലംഘനമാണ്. ഈ ദേവാലയങ്ങളുടെ നെടുംതൂൺ അവരാണ്. വളർന്നുവരുന്ന തലമുറയെ നന്മകൾ മാത്രമല്ല തുടർന്നുവരുന്ന മതാന്ധത പഠിപ്പിക്കുന്നതിന് മതത്തിന് ഈ കൂട്ടരേ ആവശ്യമാണ്. അവരെ പുറത്തു നിർത്തി ഒരു പ്രാർത്ഥന നടത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.   ഗുജറാത്ത് സർക്കാർ വിശ്വാസികളോട് പറഞ്ഞത്. സ്വന്തമായി പൂജകൾ നടത്താം. ആൾക്കൂട്ടം പാടില്ലെന്നാണ്.  സർക്കാരിന്റ ഭാഗത്തു നിന്ന് കൃത്യമായ ഒരു പദ്ധതിയോ പ്ലാനിങ്ങോ ഇല്ല.  ഇതുതന്നെയാണ് പ്രവാസികളുടെ കാര്യത്തിലും സംഭവിച്ചത്. ആദ്യം രണ്ടര ലക്ഷം പ്രവാസികൾക്ക് എല്ലാംവിധ സൗകര്യങ്ങളും ഉണ്ടാക്കിയെന്ന് പറഞ്ഞു. പതിനായിരം പേർ വന്നപ്പോൾ മലക്കം മറിഞ്ഞു. കോടതിയിലും മലക്കം മറിഞ്ഞു. പ്രവാസികൾ അങ്ങനെ ദുഃഖദുരിതത്തിൽ കഴിയുന്ന ദുരവസ്ഥപോലെയാണ് ആരാധനാക്രമങ്ങളിലും കാണുന്നത്.

മദ്യശാലയായാലൂം ദേവാലയമായാലും ആളുകളുടെ എണ്ണം കൂടിയാൽ അവരെ ശിശ്രുഷിക്കാൻ മതിയായ ആശുപത്രികൾ സജ്ജമായിട്ടുണ്ടോ? ഐ സി,.യൂ. വെന്റിലേറ്ററുകൾ ആയിരമോ അതോ പതിനായിരമോ? ആരോഗ്യഅടിയന്ദ്രവസ്ഥയുണ്ടായാൽ അതിനെ നേരിടാൻ തയ്യാറാണോ? എത്ര സ്വകാര്യ ആശുപത്രികൾ കൊറോണ ചികിത്സക്കായി സർക്കാർ ഏറ്റെടുത്തു? നിത്യവും എത്ര ടെസ്റ്റുകൾ നടത്തുന്നു? അയൽക്കാരായ ആന്ധ്രാപ്രദേശ്, കാണാടക നമ്മെക്കാൾ വളരെ മുന്നിലെന്ന് ഓർക്കുക. സാധാരണ നടത്തുന്ന മറ്റുള്ളവരുടെ കയ്യടി നേടുന്ന മൈതാനപ്രസംഗമല്ല ഇവിടെ വേണ്ടത്. രോഗം വരുന്നതിനെ മുൻപേ രോഗം വരാതിരിക്കാനുള്ള മുന്കരുതലുകളാണ് എടുക്കേണ്ടത്. നമ്മൾ എത്ര പൊങ്ങച്ചം പറഞ്ഞാലും ഇന്ത്യ ആരോഗ്യരംഗത്തു് വളരെ പിന്നിലെന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു. രോഗം വരാതിരിക്കാൻ ഓരോ വ്യക്തികൾ ജാഗ്രത പാലിക്കണം.  എല്ലാം സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ പറ്റില്ല.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇളവുകൾ കൊടുക്കേണ്ടത് അത്യാവശ്യ് മേഖലകളിലാണ്. ദേവാലയങ്ങൾ ഉടനടി തുറന്നില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല. രോഗത്തെ പ്രതിരോധിക്കേണ്ടത് സർക്കാരാണ്. കേരള മുഖ്യമന്തി പറഞ്ഞത്. മാമോദിസ നടത്തുമ്പോൾ കുട്ടിയുടെ ശരീരത്തു് പുരോഹിതൻ തൊടരുത്. ഇതൊക്കെ നടക്കുന്ന കാര്യമാണോ? ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ മറ്റ് മതങ്ങളിലേതുപോലെ ക്രിസ്ത്യൻ സഭകളിലുമുണ്ട്. ചില മത നേതാക്കൾ പറഞ്ഞത് മദ്യ ശാലകൾ, മാളുകൾ തുറന്നു. എന്തുകൊണ്ട്  ദേവാലയങ്ങൾ തുറക്കുന്നില്ല? നിങ്ങൾ ഒരു കാര്യമറിയുക. വികസിത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷമാളുകളും പള്ളിയിൽ പോകുന്നവരല്ല. കാരണം സഭകൾ നടത്തുന്ന ചൂഷണങ്ങൾ പതിനഞ്ചാം നൂറ്റാണ്ടു മുതൽ അവർ മനസ്സിലാക്കി. ഇന്ന് പല പള്ളികളും മാളുകൾ ആകുന്ന കാഴ്ച്ചയാണ്.  ഇവിടെ ആരും പറയുന്നില്ല പള്ളികൾ തുറക്കണമെന്ന്. മദ്യലഹരിപോലെ പലരും ഭക്തിലഹരിയിലാണ്.  ഈ ഭക്തന്മാർക്ക് അല്പം പോലും സഹനശക്തിയും ക്ഷമയുമില്ലേ? കൊറോണ ദൈവം പള്ളി അടപ്പിച്ചത് ഈ കൂട്ടർ അറിയുക.  മത രാഷ്ട്രീയത്തിൽ തിരിച്ചറിവുള്ള ഒരു ജനതയാണ് വികസിത രാജ്യങ്ങളിൽ പാർക്കുന്നത്. അവരെ കബളിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ല. ചതിയും വഞ്ചനയും അഴിമതിയും നടത്തുന്നവർ ഭരണത്തിലും വാഴില്ല. ജനങ്ങൾ കുപ്പത്തൊട്ടിയിൽ വലിച്ചെറിയും. അമേരിക്കയിൽ ഒരു കറുത്ത വർഗ്ഗക്കാരെനെ കൊലപ്പെടുത്തിയപ്പോൾ അവിടെ കത്തിയത് നമ്മൾ കണ്ടില്ലേ? മനുഷ്യനാണ് വലുത്. അതിനപ്പുറം ജാതിമതമല്ല. ഇന്ത്യയിൽ എത്രയോ പാവങ്ങളെ കൊന്നൊടുക്കുന്നു. കൊലപാതകികൾക്ക് കൂട്ടുനിൽക്കുന്ന ജനാധിപത്യം ഇന്ത്യയിലല്ലേ കാണാൻ സാധിക്കു. ഇന്ത്യൻ ജനാധിപത്യ൦ പൊളിച്ചെഴുതാൻ കാലമായിരിക്കുന്നു.  

കൊറോണ കാലം സ്വന്തം ജീവൻ നിലനിർത്തുന്നതിനേക്കാൾ വലുതാണോ ദേവാലയങ്ങൾ തുറക്കുന്നത്? തുറന്നു പറഞ്ഞാൽ വൈകല്യമുള്ള മനസ്സുകളാണ് വിവേകമില്ലത്ത വിശ്വാസികളെ അവിടേക്ക് ആനയിക്കുന്നത്. സിനിമാഷൂട്ടിങ് കാണാൻ വരുന്നതുപോലെയല്ല പ്രാർത്ഥനകൾക്ക് വരുന്നത്. ശ്വാശ്വതമായ ആത്മീയന്നോതി ഇവർക്ക് നേടാൻ സാധിക്കുമോ? അവർക്ക് ചുറ്റും കൊറോണ ദൈവം സഞ്ചരിക്കയാണ്. അവസരം കിട്ടിയാൽ കൊറോണ ദൈവം പിടിമുറുക്കും. രാഷ്ട്രീയ പാർട്ടികളുടെ വോട്ടുപെട്ടി നിറക്കാൻ ആധുനിക വൈദ്യശാസ്ത്രം ഈ അന്ധവിശ്വാസികൾ എഴുതിത്തള്ളരുത്. ഇവിടെ നടക്കുന്നത് കോറോണയും മതങ്ങളും തമ്മിലുള്ള വടംവലിയാണ്. പ്രാർത്ഥനക്ക് ആവശ്യം വേണ്ടത് ഏകാഗ്രതയാണ്. കൊറോണ ദൈവം പിറകെ കുടിയിരിക്കുമ്പോൾ അത് ദേവാലയമല്ല പൊതുനിരത്തിലും കിട്ടുന്ന കാര്യമല്ല. മനസ്സിനെ ഏകാഗ്രമായി പ്രാർത്ഥിക്കാൻ സ്വന്തം വിടുതന്നെയാണ് ഉത്തമം. അവിടെയാണ് "ഓം" എന്ന ഓങ്കാരത്തിന്റ ശക്തി. "ഓങ്കാര ധാന്യം" മനസ്സിന്റ ഏകദ്രതയാണ്. അതിന് ദേവാലയമല്ല ഉത്തമം അടച്ചിരിക്കുന്ന മുറികളാണ്.  അല്ലെങ്കിൽ കൈലാസപർവ്വതത്തിൽ പരമശിവൻ തപസ്സനുഷ്ഠിച്ച ഗുഹകളാണ് നല്ലത്. മതനേതാക്കളും ഭരണാധികാരികളും തമ്മിലുള്ള കുട്ടുകച്ചവടം അവസാനിപ്പിക്കുക. ഇപ്പോൾ മനുഷ്യരുടെ ജീവൻ രക്ഷിക്കൂ. തെരെഞ്ഞെടുപ്പ് വരുമ്പോൾ രഹസ്യകച്ചവടം നടത്തി ലാഭം പങ്കുവെക്കാം.  (www.karoorsoman.net )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക