Malabar Gold

പോലീസ് ഓഫീസർ ആലിസൻ മില്ലറുമായി അഭിമുഖം

Published on 08 June, 2020
പോലീസ് ഓഫീസർ ആലിസൻ മില്ലറുമായി  അഭിമുഖം
നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസ്  (നൻമ) മീഡിയ ഡയറക്ടർ  ഫഹീമ ഹസ്സൻ  അമേരിക്കൻ പോലീസ് ഓഫീസർ ആലിസൻ മില്ലറുമായി  നടത്തിയ അഭിമുഖം.

ഫഹീമ : ജോർജ്  ഫ്ലോയിഡിൻറെ  മരണത്തെപ്പറ്റിയാണ്  നമ്മൾ  സംസാരിക്കുന്നത് . വിലങ്ങണിഞ്ഞു തറയിൽ കിടക്കുന്ന ഫ്ലോയിഡിൻറെ കഴുത്തിൽ  പോലീസ്  മുട്ടുകാൽ  വെച്ചമർത്തി  കൊലപ്പെടുത്തിയ  വാർത്ത  അറിഞ്ഞപ്പോൾ  എന്തായിരുന്നു  താങ്കളുടെ  പ്രതികരണം?

ആലിസൻ: ഇത് ഞെട്ടിക്കുന്നതായിരുന്നു. ഉടനെ ഞാൻ  എൻറെ ഭർത്താവിനോട്  പറയുകയും ചെയ്‌തു "ഒരു  പോലീസുകാരൻ,   തൻ്റെ മുട്ടുകാൽ ഒരു കുറ്റാരോപിതൻറെ കഴുത്തിലമർത്താൻ ഒരിക്കലും പാടുള്ളതല്ല".വീണുകിടക്കുന്ന ജോർജിനെ അങ്ങനെ ചെയ്‌തത്   തെറ്റായ  നടപടിയാണ്. മാത്രമല്ല  ദൃക്‌സാക്ഷികൾ  പോലീസുകാരനോട്  കാൽ മാറ്റാൻ  പറയുന്നുണ്ടെങ്കിലും  അത്  തുടരുകയാണ്  അയാൾ  ചെയ്യുന്നത്.തികച്ചും   വേദനാജനകമായ കാഴ്ചയായിരുന്നു അത്.

ഫഹീമ : അമേരിക്കയിൽ വംശീയത  വലിയ  പ്രശ്‌നമാണ് . സമാനമായ  പല  സംഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്. മാത്രമല്ല, കോടതിയും പലപ്പോഴും  അയഞ്ഞ സമീപനമാണ്  എടുക്കാറുള്ളത്. പ്രത്യേകിച്ച്  കറുത്ത  വർഗ്ഗക്കാർ ഇരയാകുമ്പോൾ. വെള്ളക്കാർ  കുറ്റവാളികളാകുന്ന  സാഹചര്യങ്ങളിൽ പോലീസ് അവർക്കനുകൂലമായി  പ്രവർത്തിക്കുന്ന  കേസുകളുമുണ്ടായിട്ടുണ്ട്. നിങ്ങളുടെ  അനുഭവങ്ങൾ?

ആലിസൻ: പോലീസുകാർക്ക്  വേണ്ടത്ര പരിശീലനം ലഭിക്കാത്തത് വലിയ പ്രശ്നമാണ്. ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനത്തെക്കാൾ  ആളുകളുമായി എങ്ങനെ  ഇടപെടണമെന്നുള്ള  പരിശീലനം പോലീസുകാർക്ക്  നന്നായി  ലഭിച്ചാൽ , അവർക്കു  കുറെ കൂടി  നന്നായി  പ്രശ്‌നങ്ങളെ  നേരിടാൻ  സാധിച്ചേക്കാം. പ്രത്യേകിച്ച് വംശീയ വൈവിധ്യ പരിശീലനത്തിൻറെ അഭാവം ഒരു പ്രധാന പ്രശ്‌നമാണ്.കുറച്ചു  ദിവസങ്ങൾക്കു മുമ്പ് വെളുത്തവർഗ്ഗക്കാരുൾപ്പടെ തോക്കുയർത്തിപ്പിടിച്ചു  കോവിഡ് അടച്ചുപൂട്ടലിനെതിരെ തെരുവിലിറങ്ങിയപ്പോൾ  അവരെ പുഞ്ചിരിയോടെ  നേരിട്ട  അതേ  പോലീസുദ്യോഗസ്ഥന്മാർ ഇപ്പോഴുള്ള സമരത്തെ റബ്ബർ ബുള്ളറ്റും  കുരുമുളക്‌സ്‌പ്രേയും മറ്റുമുപയോഗിച്ചാണ്  നേരിടുന്നത്.

ഫഹീമ :  നിയമനടപടികളിലേക്ക്  നോക്കിയാൽ  കറുത്ത വർഗ്ഗക്കാരായ  പോലീസുകാർ  തെറ്റു ചെയ്‌താൽ  വലിയ  ശിക്ഷയും  വെളുത്ത വർഗ്ഗക്കാരായ  പോലീസുകാർ തെറ്റു ചെയ്‌താൽ കേസ്  എടുക്കാത്തതുമായ  അവസ്ഥയാണുള്ളത്. ഫ്ലോയിഡിൻറെ  കാര്യത്തിൽ തന്നെയും  വലിയ  പ്രക്ഷോഭങ്ങൾക്ക്  ശേഷമാണ് കേസെടുത്തത്. വർഷങ്ങൾക്കു മുമ്പ് മുഹമ്മദ്  നൂർ  എന്ന  പോലീസുകാരൻ  ഒരു  വെളുത്ത  വർഗ്ഗക്കാരിയായ യുവതിയെ  കൊന്ന  കേസിൽ, വീഡിയോ  തെളിവുകൾ  ഇല്ലായിരുന്നിട്ടു  കൂടി വലിയ  ശിക്ഷയാണ്  വിധിച്ചത്. ഇത്തരം  വിവേചനത്തെപ്പറ്റി  എന്താണഭിപ്രായം?

ആലിസൻ: തികച്ചും  നിർഭാഗ്യകരമായ അവസ്ഥയാണ്. ഇത്‌  ഒരു  വംശീയ പ്രശ്‌നമാണ്. കറുത്ത വർഗ്ഗക്കാരനും സോമാലിയൻ മുസ്ലിമുമായ പോലീസ്  ഓഫീസർ നൂറിൻറെ കാര്യത്തിൽ കടുത്ത വിവേചനമാണ് ഉണ്ടായത്. ഒരു  ഓഫീസറോട് തെറ്റായ നിലപാട്  സ്വീകരിച്ചതിൻറെ  ഉത്തമോദാഹരണമായിരുന്നു ആ  നടപടികൾ. പോലീസുദ്യോഗസ്ഥൻറെ അവിചാരിതമായ  വെടിവെപ്പിന് ഇത്തരമൊരു  ശിക്ഷ കഴിഞ്ഞ  100 വർഷങ്ങൾക്കിടയിൽ ആദ്യമായാണ്. നിർഭാഗ്യവശാൽ, നിയമപാലകർ പ്രതിയെ  സംഭവസ്ഥലത്തു  നിന്നും അറസ്റ്റ്  ചെയ്‌തില്ല, എന്നു  മാത്രമല്ല കൃത്യസ്ഥലത്തു നിന്നും കൊലപാതകിയെ  രക്ഷപ്പെടുത്തുകയും  പ്രതിക്കു  വേണ്ടി  ഒരു നിയമവിദഗ്ദ്ധനെ ഏർപ്പാടാക്കുകയും അതിനു  വേണ്ടി  പണം  ശേഖരിക്കുകയും ചെയ്‌തു.

ഫഹീമ :  പോലീസ്  ഹെൽപ് ലൈനിൽ  വിളിച്ചിട്ട്   അവർ  സംഭവസ്ഥലത്തെത്തിയാൽ എങ്ങനെയാണു  പെരുമാറേണ്ടത്?

ആലിസൻ:  അവർ  എത്തി ഫോൺ  വിളിച്ച  ആളുമായി  സംസാരിച്ചു കുറ്റാരോപിതനെതിരെയുള്ള തെളിവുകൾ  എടുക്കണം.വിളിച്ചുപറഞ്ഞ  ആളിൽ  നിന്നും ആരോപിതനിൽ നിന്നും മൊഴിയെടുക്കും. കുറ്റാരോപണം  കൊണ്ട്  മാത്രം ഒരാളെ അറസ്റ്റ് ചെയ്യുവാൻ കഴിയുകയില്ല. അപ്പോൾ  വ്യക്തമായ തെളിവുകൾ ഇല്ലെങ്കിൽ ശേഖരിച്ച വിവരങ്ങളുമായി പോലീസുദ്യോഗസ്ഥർ തിരിച്ചുപോവുകയും മതിയായ തെളിവുകൾ  കിട്ടിയാൽ  മാത്രം  കുറ്റമാരോപിക്കപ്പെട്ട  വ്യക്തിയെ അറസ്റ്റ് ചെയ്തു  പ്രാദേശിക ജയിലിൽ  കൊണ്ടുപോവുകയും കോടതിയിൽ ഹാജരാക്കാൻ  വേണ്ടി കാത്തിരിക്കുകയും ചെയ്യണം.

ഫഹീമ :  നീതിപൂർവം ഇടപെടാൻ  പോലീസിൻറെ  പരിശീലനത്തിൽ എന്താണ്  പുതുതായി  ചെയ്യാൻ  കഴിയുക?

ആലിസൻ:  പലതരത്തിലും വംശത്തിലുമുള്ള  ആളുകളുമായി  ഇടപെടാനുള്ള  ബഹുസ്വര(diversity), സാംസ്‌കാരിക സംവേദന(cultural sensitivity) പരിശീലനങ്ങൾ ആവശ്യമാണ്. കുറെയധികം വെളുത്തവർഗ്ഗക്കാരായ പോലീസുകാർക്ക് മറ്റു വിഭാഗങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നറിയില്ല .മാത്രമല്ല കുറ്റാന്വേഷണ സംവിധാനത്തിലും നിയമപാലന വകുപ്പിലും   കറുത്ത വർഗ്ഗക്കാരെയും മറ്റു വിഭാഗങ്ങളെയും കൂടുതൽ  ഉൾപ്പെടുത്തുകയും  വേണം.

ഫഹീമ : നീതിന്യായ  വ്യവസ്ഥയെ  എങ്ങനെ മെച്ചപ്പെടുത്താം?

ആലിസൻ: നീതിന്യായ സംവിധാനം വിമർശനങ്ങൾ ശ്രദ്ധിക്കണം.ഇപ്പോൾ  നടക്കുന്ന  സമരങ്ങളും  അവരുടെ  ആവശ്യങ്ങളും ഉൾക്കൊള്ളാൻ  കഴിഞ്ഞാൽ നമുക്ക്  എല്ലാവർക്കും  വേണ്ടി പ്രവർത്തിക്കുവാൻ  കഴിയും.

ഫഹീമ :  US പോലീസുകാർ ഇസ്രായേലിൽ പരിശീലനത്തിനു  പോവുന്നുണ്ടോ? അവരുടെ  രീതികളിൽ  പ്രതിയോഗിയുടെ സുരക്ഷക്ക് പ്രധാനമല്ലാത്ത രീതികളിൽ പെട്ടതാണോ  കഴുത്തിൽ  മുട്ടമർത്തിയ രീതി ?

ആലിസൻ: ഉണ്ട്. ഇസ്രായേൽ കഴിഞ്ഞ   എഴുപത് വർഷത്തിലേറെയായി  ഫലസ്തീനികൾക്കെതിരെ ഉപയോഗിക്കുന്ന  മുറകൾ , പ്രത്യേകിച്ച് ചില  മർമ്മമുറകൾ  അമേരിക്കൻ പൊലീസുകാരെ  പരിശീലിപ്പിക്കുന്നുണ്ട്. ക്രാവ് മഗാ(Krav Maga)- മർദ്ധസ്ഥല രീതികൾ/നാഡീ തളർത്തൽ രീതികൾ- വളരെ ക്രൂരമെങ്കിലും ഫലപ്രദമായ ഇസ്രായേൽ രീതിയാണ്. എങ്ങനെ  ആയുധം  തിരികെ കൈവശപ്പെടുത്താം,ഷർട്ടിൽ പിടിച്ചു ഒരാളെ എങ്ങനെ കൈപ്പിടിയിലൊതുക്കാം ,  പ്രതിയോഗിയെ  കുറഞ്ഞ  ബലം  പ്രയോഗിച്ചു കീഴ്‌പ്പെടുത്തുന്നതെങ്ങനെ  തുടങ്ങിയ പരിശീലനങ്ങൾ  ഇതിൻറെ  ഭാഗമാണ്. ഫ്ലോയിഡിൻറെ  കാര്യത്തിൽ  പോലീസു‌കാരൻ തൻ്റെ കൈകൾ  പോക്കറ്റിലിട്ട്  ഇരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. പോലീസ്  സംരക്ഷകരും ജനസേവകരുമാണ്, ആയോധന കലാകാരന്മാരല്ല.ഒരു പരിധിക്കപ്പുറം ക്രാവ്‌ മഗാ ഉപയോഗിക്കുന്നത് ഭൂഷണമല്ല.

ഫഹീമ :  കൈകൾ  പിന്നിൽ  ബന്ധിച്ചു നിലത്തു കിടത്തിയിരുന്ന  ഫ്ലോയിഡ്  ഓടി രക്ഷപ്പെടാൻ ഒരു  സാധ്യതയുമില്ലാഞ്ഞിട്ടും പോലീസ്  കൊലപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളിൽ പോലീസിൻറെ ക്രൂരതകളിൽ നിന്നും ജനങ്ങൾക്ക്  സഹായകരമായ എന്തെങ്കിലും  സംവിധാനമുണ്ടോ?

ആലിസൻ: നിർഭാഗ്യവശാൽ അങ്ങിനെ  ഒന്നുമില്ല.ചില ഓൺലൈൻ സംഘടനകളുടെ ഇടപെടലുകൾ  കണ്ടിട്ടുണ്ട്. തെരുവിൽ നടക്കുന്ന അതിക്രമങ്ങളിൽ സഹായിക്കാനൊന്നും അവർക്ക്  കഴിയില്ലെങ്കിലും കോടതിനടപടികളിൽ സഹായിക്കുവാനും   നിയമവിദഗ്ധരെ ഏർപ്പാടാക്കുവാനും  അവരുടെ  സഹായം ലഭ്യമാവും. അത്  വളരെ  ഉപകാരപ്രദമാണ്.

ഫഹീമ :  സാമൂഹ്യമാധ്യമങ്ങളിൽ വംശവെറിയും സൈനോഫോബിയയും ഇസ്ലാമോഫോബിയയും പ്രചരിപ്പിക്കുന്ന പല പോലീസു‌കാരുടെയും പോസ്റ്റുകൾ കാണുന്നുണ്ട്. ഇതു തടയാൻ  യാതൊരു ഇടപെടലുകളും  കാണുന്നില്ല. ഇത്  തടയേണ്ടതല്ലേ?

ആലിസൻ: ദൗർഭാഗ്യവശാൽ അങ്ങിനെ  പല സാമൂഹ്യമാധ്യമ ഗ്രൂപ്പുകളും  പോസ്റ്റുകളുമുണ്ട്.ഞാൻ  തന്നെ  അത്തരം വെറുപ്പ് പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിലെ വർണ്ണവെറി തമാശകൾക്കും   പ്രചാരണങ്ങൾക്കും മുമ്പ് സാക്ഷിയായിട്ടുണ്ട്. അന്നത് റിപ്പോർട്ട് ചെയ്ത് അതിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു  ചെയ്‌തത്‌. ഇത്തരം ഗ്രൂപ്പുകളിൽ അതിനെതിരെ ശബ്ദിച്ചാൽ നമ്മളെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതും സ്ഥിരമാണ്.എന്നെ പലരും തീവ്രവാദിയെന്നു പോലും വിളിച്ചിട്ടുണ്ട്. ഇതിനെതിരെ ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകുന്നില്ല.ഭൂരിഭാഗം പേരും  ജോലിയിൽ തുടരുന്നുമുണ്ട്.

ഫഹീമ :     പറയുമ്പോൾ തങ്ങൾ അവിടെനിന്നും   മാറാമെന്നു  പറഞ്ഞതിനു  ശേഷവും സിഎൻഎൻ  ലേഖകൻ  ഒമർ ജിമനസും   സംഘവും അറസ്റ്റ്  ചെയ്യപ്പെട്ടു. പ്രസിഡണ്ട്  ട്രംപ്  പറയുന്നത്  മാധ്യമങ്ങൾ  അപകടകാരികളാണെന്നാണ്. ഇത്  പോലീസിന് അതിക്രമങ്ങൾക്ക്  കൂടുതൽ പ്രോത്സാഹനമാവുന്നുണ്ടോ?

ആലിസൻ: ഉണ്ടെന്നാണ്  എനിക്ക് തോന്നുന്നത്. പ്രസിഡണ്ടിന്റെ  മനോഭാവം പോലീസുകാരിൽ  പ്രതിഫലിക്കുന്നുണ്ട്.അതവർക്ക്  മാധ്യമങ്ങളെ നേരിടുന്നതിനുള്ള പ്രോത്സാഹനവുമാവുന്നുണ്ട്.മാത്രമല്ല  പോലീസുകാരുടെ  പ്രവർത്തനങ്ങൾ  മാധ്യമങ്ങൾ  പകർത്തുന്നത്  ഒഴിവാക്കാനും  ശ്രമിക്കുന്നുണ്ട്.

ഫഹീമ :  കഴിഞ്ഞ ആഴ്ച്ച  ഫോട്ടോഗ്രാഫർ  ലിൻഡയെ ഇടതുകണ്ണിൽ  വെടിവെച്ചു . ലിൻഡ പറഞ്ഞത്  താനൊരു  പത്രപ്രവർത്തകയാണെന്നു പോലീസിന് അറിയാതിരിക്കാൻ  ഒരു നിർവാഹവുമില്ലെന്നാണ്. റോയിട്ടേഴ്‌സിനെതിരെ കണ്ണീർവാതക  പ്രയോഗം നടത്തിയത്  റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കെതിരെ  കുരുമുളക്‌സ്‌പ്രേയും റബ്ബർ ബുള്ളറ്റും പ്രയോഗിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്  .പോലീസ് ഇത്  അന്വേഷിക്കാറുണ്ടോ?

ആലിസൻ:  ഇതും  ഫലസ്തീനിൽ  സംഭവിക്കുന്നത്  പോലെയാണ്. ഇസ്രായേൽ പട്ടാളക്കാരുടെ കിരാത നടപടികൾ പുറംലോകത്തെത്തിക്കുന്ന പത്രപ്രവർത്തകരോട് അവർ ചെയ്യുന്നതും ഇതുതന്നെയാണ്. അവിടെ നിന്നും പരിശീലനം ലഭിച്ച ഇവിടുത്തെ പോലീസുകാർക്കും  പത്രപ്രവർത്തകർ   ഇരകളാവുകയാണ്. പത്രപ്രവർത്തകർ തെരുവിൽ ഇരയാക്കപ്പെടുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ  ഗൗരവമായ  നടപടികൾ   ഉണ്ടാവാറില്ല. അങ്ങിനെത്തന്നെ  തുടരാനാണ്  സാധ്യത.

ഫഹീമ :  കുറെ പ്രതിഷേധങ്ങൾ  നടക്കുന്നുണ്ടെങ്കിലും ഇത് ലഹളകളായാണ്  പ്രചരിക്കപ്പെടുന്നത്.ഭൂരിഭാഗം  പ്രതിഷേധങ്ങളും  സമാധാനപരമാണ്. കറുത്തവർഗ്ഗക്കാർ  ഒരേ സമയം കൊറോണ  മൂലമുള്ള  ദുരന്തങ്ങളും  വംശീയതയും  നേരിടുകയാണ്.പലയിടത്തും  പോലീസ്  പ്രതിഷേധക്കാർക്കൊപ്പം നിലയുറപ്പിക്കുന്നുണ്ട്  എന്നത് ആശാവഹമാണ്.പോലീസ്  എത്രമാത്രം  പ്രതിഷേധക്കാരെ  അനുകൂലിക്കണം?

ആലിസൻ:  പോലീസുകാർ  പ്രതിഷേധക്കാരുടെ  കൂടെ  നിലകൊള്ളുന്നത് വളരെ നല്ല കാര്യമാണ്.വർണ്ണവിവേചനത്തിനെതിരെ പോലീസുദ്യോഗസ്ഥർ ജനങ്ങളുടെ കൂടെ നിൽക്കുന്നത് പ്രതീക്ഷ നൽകുന്നു.അവർ  അങ്ങിനെ തുടരുമെന്നാഗ്രഹിക്കുന്നു.  ഇൻശാ  അല്ലാഹ്!.

ഫഹീമ :  കൊള്ളയടിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്നു മിസ്സോറിയിലെ  റിപ്പബ്ലിക്കനായ  സ്റ്റേറ്റ്  പ്രതിനിധിയും  'കൊള്ള  തുടങ്ങിയാൽ  വെടിവെപ്പും  തുടങ്ങും' എന്നു  ട്രംപും ട്വീറ്റ്  ചെയ്യുകയുണ്ടായി.തിരഞ്ഞെടുക്കപ്പെട്ട  പ്രതിനിധികളിൽ  നിന്നുള്ള ഇത്തരം പ്രകോപനപ്രസ്താവനകൾ നിയമത്തിനു  പുറത്തുള്ള  കൊലപാതകങ്ങളെ  പ്രോത്സാഹിപ്പിക്കുകയല്ലേ? തോക്ക്  വാങ്ങുന്നതിൽ  നിയന്ത്രണമേർപ്പെടുത്തേണ്ടതല്ലേ?

ആലിസൻ:  ഓൺലൈനായി വരുന്ന  എല്ലാ ഭീഷണികളെയും  പോലെ ഇതിനെയും  കാണണം  എന്നാണെനിക്കു  തോന്നുന്നത്. തിരഞ്ഞെടുക്കപ്പെട്ട  ആളുകൾക്കെതിരെ  നടപടിയെടുക്കാനുള്ള സാധ്യത  കുറവാണ്.എങ്കിലും  ഫെഡറൽ ബ്യൂറോ  ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI ) പോലെയുള്ള ഏജൻസികൾ അതിനു വേണ്ടി ശ്രമിക്കേണ്ടിയിരിക്കുന്നു.മിസ്സോറിയിൽ  ഒരു  മണിക്കൂറിനുള്ളിൽ  ഒരാൾക്ക്  കൈത്തോക്ക്  വാങ്ങാം.ഫലപ്രദമായ മാനസിക പരിശോധനയോ  ഡോക്ടറുടെ സാക്ഷ്യപത്രമോ ഇല്ലാതെയാണ് പലപ്പോഴും തോക്കുകൾ വിൽപ്പന നടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഇത്തരം പരിശോധനകളും അത്ര ഫലപ്രദമല്ല.ഇത്തരം ആളുകളോടാണ്  തോക്കുപയോഗിക്കാൻ ജനപ്രതിനിധികൾ  പറയുന്നത് .ഇതിൽ  കുറേക്കൂടി  നിയന്ത്രണം കൊണ്ടുവരുന്നത്  സുരക്ഷക്ക്  ആവശ്യമാണ്.

ഫഹീമ :  ഇപ്പോഴത്തെ  സംഭവത്തിൻറെ  പശ്ചാത്തലത്തിൽ ഫ്ലോയിഡിന്റെ അവസ്ഥയിലോ ദൃക്‌സാക്ഷിയുടെ അവസ്ഥയിലോ  നമുക്കെന്ത്  ചെയ്യാൻ  പറ്റും?

ആലിസൻ:  ഇത് തികച്ചും സങ്കടകരമായ ചോദ്യമാണ്.  കയ്യുയർത്തിപ്പിടിച്ചു നിന്നിട്ടുപോലും  കൊല  ചെയ്യപ്പെടുന്ന പല  കേസുകളും  നമുക്കറിയാം.പോലീസാണ് അവരുടെ  രീതി  മാറ്റേണ്ടത്,  സാധാരണക്കാരല്ല.പോലീസിന്  മാസങ്ങളോളം പരിശീലനവും  കിട്ടുന്നുണ്ട്.മാത്രമല്ല  അവർ ജനങ്ങളെ  സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരുമാകുന്നു.ഫ്ലോയിഡിന്റെ കാര്യത്തിൽ  അത്  തടയാൻ  ശ്രമിക്കുന്ന  യുവതിക്കെതിരെ പോലീസ് കുരുമുളക്സ്പ്രേ അടിക്കാൻ തുനിയുകയായിരുന്നു. പോലീസിന്റെ അതിക്രമത്തിന്  ഇരയാകുന്നവർക്കു വേണ്ടി ശബ്ദിക്കുകയും സാധ്യമെങ്കിൽ ക്യാമറയിൽ  പകർത്തുകയും  വേണം.

ഫഹീമ :   ഫ്ലോയിഡിന്റെ കാര്യത്തിൽ  രണ്ടാമതും  എമർജൻസി  നമ്പറായ 911ലേക്ക്  വിളിക്കുന്നതിൽ  കാര്യമുണ്ടോ?

ആലിസൻ:  ഇല്ല. അതുകൊണ്ട്  കാര്യമൊന്നുമില്ല.ആദ്യത്തെ  വിളിയിൽ  ഇത് ഏൽപ്പിക്കുന്ന പോലീസുകാർക്കാവും രണ്ടാമതും ഏൽപ്പിക്കപ്പെടുക.ഉന്നത പോലീസുദ്യോഗസ്ഥർക്കു പിന്നീട് ഇത് എത്തുമ്പോഴേക്കും സമയം അതിക്രമിച്ചിട്ടുണ്ടാവും. റെക്കോർഡിൽ  രണ്ടു പ്രാവശ്യം വിളിച്ചത് രേഖപ്പെടുത്തുമെന്നുള്ളത് മാത്രമാണ് നല്ല കാര്യം.

ഫഹീമ :   നമ്മളെ   പോലീസ്   വളഞ്ഞാൽ   കൈകൾ തുറന്നുകാണിക്കണമെന്നത് അവരുടെ  അവകാശമാണോ? എന്തൊക്കെയാണ്  പോലീസിൻറെ  അവകാശങ്ങൾ?

ആലിസൻ:  ഇത്  അവകാശമല്ല. രണ്ടു  ഭാഗത്തിൻറെയും സുരക്ഷക്കാണ്. സന്ദർഭത്തിനനുസരിച്ചു പോലീസിന് ബലം പ്രയോഗിക്കാനുള്ള  അനുവാദമുണ്ട്. അവർ  നിർദേശിക്കുന്നതിനനുസരിച്ചു തിരിച്ചറിയൽ രേഖ  കൊടുക്കണം. കാർ തുറന്നു  പരിശോധിക്കണമെങ്കിൽ  പോലീസിന്  വാറണ്ട് ആവശ്യമാണ്.

ഫഹീമ :   മുസ്ലിംകൾക്ക് കറുത്ത വർഗ്ഗക്കാരെ എങ്ങനെയാണ് സഹായിക്കാൻ  കഴിയുക?

ആലിസൻ:  നീതിക്കു  വേണ്ടി  നിലകൊണ്ട്  നമുക്ക്  സഹായിക്കുവാൻ  കഴിയും. ഇവിടെ നിയമപരമായി  സഹായിക്കാൻ   CAIR (Council on American-Islamic Relations) ഉണ്ട്.

ഫഹീമ :   താങ്കൾ ഒരു  വെളുത്തവർഗ്ഗ ക്രിസ്ത്യൻ കുടുംബത്തിൽ വളർന്നു, അഞ്ചുവർഷം മുമ്പ്  ഇസ്ലാം  സ്വീകരിച്ച  വ്യക്തിയാണല്ലോ. താങ്കളുടെ അമ്മയുമായുള്ള സ്നേഹബന്ധം  വളരെ  മനോഹരമാണ്. താങ്കൾ ഇസ്ലാം സ്വീകരിച്ചെങ്കിലും നിങ്ങൾ  തമ്മിലുള്ള പരസ്പര സ്നേഹം ഇപ്പോഴും  തുടരുന്നുണ്ട്. എന്താണ് ചെറുപ്പത്തിലെ സാഹചര്യങ്ങൾ?

ആലിസൻ:  ഞാൻ  എൻ്റെ  അമ്മയോട് കൂടെയാണ്  വളർന്നത്.വളരെ നല്ല  രീതിയിൽ,  പരസ്പര ബഹുമാനത്തോടെ ജീവിക്കാനാണ് അമ്മ  എന്നെ പഠിപ്പിച്ചത്. വംശീയതയുടെ  അനുഭവങ്ങൾ ചെറുപ്പത്തിൽ ഉണ്ടായിട്ടുണ്ട്. അതിനോടുള നിലപാട് കാരണം കുറച്ചു സുഹൃത്തുക്കളെയെങ്കിലും എനിക്ക് നഷ്ടപ്പെട്ടിട്ടുമുണ്ട്.

ഫഹീമ :   പോലീസിൽ ചേരാനുള്ള  സാഹചര്യം  എന്താണ്?

ആലിസൻ:  എൻ്റെ കറുത്തവർഗ്ഗക്കാരായ സുഹൃത്തുക്കൾ, പോലീസിനെപ്പറ്റി പരാതി പറയാറുണ്ടായിരുന്നു. എല്ലാവർക്കും  ഒരേപോലെ,  വിവേചനരഹിതമായി സേവനം  ചെയ്യുന്നതിന്  വേണ്ടി കൂടിയാണ്   ഞാൻ പോലീസ്  അക്കാഡമിയിൽ ചേർന്നത്.അങ്ങിനെ സേനയിലെ കുറച്ചു  വിദ്വേഷമുള്ളവരുടെയെങ്കിലും  തെറ്റിദ്ധാരണ മാറ്റുവാൻ   കഴിയും എന്നെനിക്കുറച്ചവിശ്വാസമുണ്ട്.

ഫഹീമ :   ഒരു  പോലീസ്  ഓഫീസർ  എന്ന  നിലയിൽ  ഏറ്റവും  നല്ല  നിമിഷമേതാണ്?

ആലിസൻ:  ഒരു കുട്ടിയുടെ ശ്വാസം  നിലച്ച  സന്ദർഭമായിരുന്നു  അത്. കുട്ടികളുടെ  അമ്മ  വീട്ടിലില്ലായിരുന്നു  അച്ഛൻ  മാത്രമേ  ഉണ്ടായിരുന്നുള്ളൂ . അവർ  പോലീസിനെ വിളിച്ചു.ഞങ്ങൾ  എത്തിയപ്പോൾ  കുഞ്ഞു ശ്വസിക്കുന്നുണ്ടായിരുന്നില്ല.ഞങ്ങൾ  സി പി ആർ കൊടുത്തപ്പോൾ കുട്ടി  കരഞ്ഞു.അതു കണ്ടപ്പോൾ  കുട്ടിയുടെ  അച്ഛൻ  കരയുന്നത്  ഞങ്ങളെയും  ഈറനണയിച്ചു.അതായിരുന്നു എൻ്റെ   നല്ല  നിമിഷവും അതുപോലെ  വിഷമിപ്പിച്ച നിമിഷവും.

ഫഹീമ :   ഹിജാബ് ധരിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടായ ഏതെങ്കിലും സന്ദർഭമുണ്ടായിരുന്നോ?

ആലിസൻ:  എവിടെ  നിന്നാണ്  ഭീകരവാദികൾ  നിങ്ങളുടെ പള്ളിയിൽ  എത്തിയതെന്ന് കൂടെ  ജോലി  ചെയ്യുന്ന  ചിലർ ചോദിച്ചത് വിഷമകരമായിരുന്നു. ചോദിച്ചത്  സഹപ്രവർത്തകരായതുകൊണ്ട് കൂടുതൽ വിഷമമുണ്ടാക്കി.

ഫഹീമ :   നിങ്ങൾ  എങ്ങനെ പ്രതികരിച്ചു?

ആലിസൻ:  ഞാൻ  അവരോടും കുറച്ചു മോശമായ രീതിയിലാണ്  പ്രതികരിച്ചത്. കുട്ടികളെ ഉപദ്രവിക്കുന്ന  പാതിരിമാർ  എവിടേക്കാണ്  പോകുന്നതെന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഇത്തരം ദുരുദ്ദേശപരമായ ചോദ്യങ്ങൾ നല്ലതല്ലെന്ന് ഞാൻ  അവരോടു പറഞ്ഞു. എൻ്റെ  കൂടെ ജോലി  ചെയ്യുന്ന  പലരും നമസ്കാരത്തിലും നോമ്പിലും  എനിക്ക്  കൂട്ടായിരുന്നു . അപൂർവം  ചിലർ, ഞാൻ  മുസ്ലിമാണെന്നറിഞ്ഞപ്പോൾ അവഗണനയോടെ നോക്കാൻ  തുടങ്ങിയത്  എന്നെ  വേദനിപ്പിച്ചിരുന്നു.

ഫഹീമ :   എല്ലാവരോടുമായി  എന്തെങ്കിലും  സന്ദേശം?

ആലിസൻ:  പോലീസുകാർ പ്രവർത്തിക്കുന്നത് സമൂഹത്തിനു  സേവനം  ചെയ്യാനാണ്.സ്വസുരക്ഷയുടെ കാര്യത്തിൽ  എല്ലാവരും  ജാഗ്രത  പാലിക്കണം.എവിടെയാണ്  പോകുന്നതെന്ന്  വീട്ടുകാരെയും  കൂട്ടുകാരെയുമൊക്കെ  പരസ്‌പരം അറിയിക്കണം, പ്രത്യേകിച്ചും  പുറത്തു  നടക്കുമ്പോൾ.
പോലീസിൽ  പരിഷ്‌കാരങ്ങൾ വരുമെന്നും  അവർ കൂടുതൽ  മെച്ചപ്പെട്ട സേവനം നൽകുമെന്നും   ഞാൻ  പ്രത്യാശിക്കുന്നു.

https://www.youtube.com/watch?v=pbBO6NQRD30&feature=emb_logo

പോലീസ് ഓഫീസർ ആലിസൻ മില്ലറുമായി  അഭിമുഖംപോലീസ് ഓഫീസർ ആലിസൻ മില്ലറുമായി  അഭിമുഖം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക