സാധാരണയിൽ നിന്നും ഭിന്നമായിരുന്ന ഇത്തവണത്തെ കോറോണക്കാലത്തെ റമദാനിൽ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസിൻറെ (നൻമ) നേതൃത്വത്തിൽ വ്യത്യസ്‌ത പരിപാടികൾ സംഘടിപ്പിച്ചു.
പ്രതിദിന പരിപാടികൾ
ഡോ. സുബൈർ ഹുദവി ചേകന്നൂരിൻറെ ദൈനംദിന ചെറുപ്രഭാഷണപരമ്പര: ഗൂഗിൾ മീറ്റിൽ ദിവസവും രാത്രി 9 മണിക്ക് (EST) വ്യത്യസ്‌ത വിഷയങ്ങളിൽ 15 മിനിറ്റ് നീണ്ടുനിൽക്കുന്ന ചെറുപ്രസംഗങ്ങൾ ഡോ. സുബൈർ ഹുദവി അവതരിപ്പിച്ചു.തുടർന്നു നടക്കാറുള്ള പല ദിവസങ്ങളിലും ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യോത്തരവേളകളിൽ ജീവിതത്തിൻറെ വിവിധ തുറകളിലെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
ക്യൂരിയസ് കിഡ്‌സ്: പണ്ഡിതനോട് ചോദിക്കാം:റമദാൻ എന്താണെന്നും അത് ഒരു മുസ്ലീമിൻറെ മൊത്തത്തിലുള്ള ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ കുട്ടികൾ മനസ്സിലാക്കേണ്ടത് അനിവാര്യമായതിനാൽ, വിശുദ്ധ മാസത്തിൻറെ പ്രത്യേകത അനുഭവിക്കുന്നതിനും അതിൻറെ പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാക്കുന്നതിനും കുട്ടികളെക്കൂടി ഭാഗഭാക്കാക്കുന്നതിനാണ് നന്മ ഈ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ വ്യത്യസ്ത ചോദ്യങ്ങൾക്ക് ലോകമെമ്പാടുമുള്ള വിവിധ ഇസ്ലാമിക പണ്ഡിതന്മാരും പ്രഭാഷകരും ലളിതമായി ഉത്തരം നൽകി.
പ്രതിവാര പ്രഭാഷണപരമ്പര:
ശനിയാഴ്ച്ചകളിൽ വ്യത്യസ്‌ത വിഷയങ്ങളിൽ വിവിധ പ്രഭാഷകർ ഇസ്‌ലാമിക പ്രഭാഷണം നടത്തി.തുടർന്ന് സംശയനിവാരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു.ശൈഖ് അഹമ്മദ് കുട്ടി കാനഡ,റാശിദ് ഗസ്സാലി, സിംസാറുൽ ഹഖ് ഹുദവി, പ്രൊഫ. ഹുസൈൻ മടവൂർ ,അലിയാർ മൗലവി അൽ ഖാസിമി എന്നിവർ വിവിധ ദിവസങ്ങളിൽ സംസാരിച്ചു.
റമദാൻ മത്സരങ്ങൾ :
വിജയികൾക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളോട് കൂടിയ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. മുതിർന്നവർക്കു ക്വിസ്സ്,മൈലാഞ്ചിയിടൽ എന്നിവയും യുവാക്കൾക്ക് കഴിവുകൾ തെളിയിക്കുവാനുതകുന്ന പ്രസംഗമത്സരവും കുട്ടികൾക്ക് ഖിറാഅത്ത്, ബാങ്ക് വിളിക്കൽ,ഈദ് കാർഡ് ഡിസൈനിങ്ങ്,മൈലാഞ്ചിയിടൽ എന്നീ മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്.ഫലപ്രഖ്യാപനത്തിനു നന്മ കുടുംബാംഗങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
നന്മ ചാരിറ്റി പ്രവർത്തനങ്ങൾ:
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ, സമ്പൂർണ്ണ അടച്ചുപൂട്ടൽ, സ്ഥിരവരുമാനത്തിൽ കുറവുണ്ടാക്കിയത് ബഹുഭൂരിപക്ഷത്തെയും ചെലവ് കുറക്കൽ നടപടികളിലേക്ക് നയിച്ചിരിക്കുന്നു.ആവശ്യക്കാരെ കയ്യയച്ചു സഹായിക്കാൻ നന്മ അംഗങ്ങൾ തയ്യാറായി. ജോലിയിൽ നിന്ന് പിരിച്ചുവിടൽ, വരുമാനനഷ്ടം, ട്യൂഷൻ ഫീസ്, വിദ്യാർത്ഥി വായ്പ അടയ്ക്കലടക്കമുള്ള വെല്ലുവിളികൾ തുടങ്ങിയവ അമേരിക്കൻ മലയാളി സമൂഹത്തിലെ പലരേയും ബാധിച്ചിട്ടുണ്ട്. ദൈവാനുഗ്രഹത്താൽ സാധ്യമായത്രയും അവരെ സഹായിക്കുവാനും മാർഗനിർദേശങ്ങൾ നൽകുവാനും NANMMAയ്ക്കു കഴിഞ്ഞു.
നന്മ സക്കാത്ത്, സ്വദഖ ശേഖരണം വിശുദ്ധമാസം മുഴുവൻ നീണ്ടു നിന്നു. അവസാനത്തെ പത്തിൽ സകാത്ത്-ഉൽ-ഫിത്തർ ശേഖരിച്ച് അർഹർക്ക് വിതരണം ചെയ്തു. നൻമ ബോർഡ് അംഗങ്ങളും ചാരിറ്റി ടീമും യോഗം ചേർന്നു ധാരാളം സകാത്ത് കേസുകളും അപേക്ഷ ലഭിച്ച വിവിധ പ്രോജക്ടുകളും അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്‌തു.
നന്മ, കെ എം സി എ (കേരള മുസ്ലിം കമ്മ്യൂണിറ്റി അസോസിയേഷൻ, സാൻഫ്രാൻസിസ്കോ, ബേ ഏരിയ)യോട് കൈകോർത്ത് ഇന്ത്യയിലങ്ങോളമുള്ള കോവിഡ് -19 ഇരകളെ സഹായിക്കുവാനുള്ള ഫണ്ട് ശേഖരണം നടത്തി.. NANMMA ഈ ലക്ഷ്യത്തെ പൂർണ്ണഹൃദയത്തോടെ പിന്തുണക്കുകയും നിരവധി പ്രാദേശിക പ്രതിനിധികൾ ധനസമാഹരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
ഈദാഘോഷ പരിപാടികൾ
എല്ലാ NANMMA അംഗങ്ങളും വീട്ടിൽ തന്നെ പെരുന്നാൾ നമസ്‌കാരം നിർവഹിക്കുകയും സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒത്തുചേരലുകളിൽ നിന്ന് വിട്ടുനിൽക്കുകയും കുടുംബത്തോടൊപ്പം ചിലവഴിക്കുകയൂം ചെയ്‌തപ്പോൾ , NANMMA അംഗങ്ങൾക്കിടയിൽ പെരുന്നാളിൻറെ സത്ത പങ്കിടുന്നതിൽ നിർബന്ധം കാണിച്ചു.
മന്ത്രി കെ ടി ജലീൽ, നടനും സംവിധായകനും ഗായകനുമായ നാദിർ ഷാ എന്നിവർ ഈദിന്റെ തലേന്ന് നൻമ കുടുംബത്തിന് അനുഗ്രഹീതമായ ഈദ് ആശംസകൾ നേർന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നൻമ നടത്തിയ മഹത്തായ സേവനങ്ങളെയും കേരളത്തിലെ വിവിധ സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും നിലനിർത്തിയ സുദൃഢബന്ധത്തെയും അവർ അഭിനന്ദിച്ചു.
പെരുന്നാൾ ദിനം ഉച്ചയ്ക്ക് ശേഷം ഏറെ പ്രിയപ്പെട്ട പ്രമുഖ മുസ്ലീം ഗായിക ആയിഷാ അബ്ദുൽ ബാസിത്തിനൊപ്പം നന്മ ഒരു തത്സമയ സംഗീത സെഷൻ സംഘടിപ്പിച്ചു. ശ്രോതാക്കളിലെ ആരാധകരിൽ നിന്നുള്ള കൗതുകവും പ്രശംസയും നിറഞ്ഞ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരു കൂട്ടം ഗാനങ്ങളുടെ പട്ടികയാണ് ആയിഷ ആലപിച്ചത്.
ഇതിനുശേഷം നടന്ന “സ്നേഹ സല്ലാപ”ത്തിൽ നന്മയിലെ മുതിർന്ന അംഗങ്ങളായ ഡോ. മൊയ്ദീൻ മൂപ്പൻ, ഡോ. കെ.എം. മൊഹിയുദ്ദീൻ, ഡോ. ടി. ഒ. ഷാനവാസ്, ഡോ. അബ്ദുൾ കരീം, ഡോ. അടൂർ അമാനുല്ലാഹ്, ശ്രീമതി മൈമൂന കുട്ടി,എ. എം. നിസാർ, ഡോ. ഷാനവാസ്, ശൈഖ് അഹമ്മദ് കുട്ടി എന്നിവർ സംവദിച്ചു.വരും തലമുറകളിലേക്ക് കൈമാറുന്നതിനായി വിലമതിക്കാനാവാത്ത ധാരാളം ഓർമ്മകളുടെ പാതയിലൂടെ അവർ പുതുതലമുറയെ സ്നേഹപൂർവ്വം കൊണ്ടുപോയി.