Image

ബാംഗ്ളൂർ കവിക്കൂട്ടം - കവിയരങ്ങ് (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)

Published on 01 July, 2020
ബാംഗ്ളൂർ കവിക്കൂട്ടം -  കവിയരങ്ങ് (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
“Poetry   is:
when an emotion has found its thought  and the thought has found words.”
Robert Frost


കവിതയുടെ വ്യാഖ്യാനങ്ങൾ തേടി കാവ്യലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ കണ്ടെത്താനാകുന്ന നിർവ്വചനങ്ങളിൽ ഒന്നാണിത്

ആത്മാവിലുണരുന്ന മനോവിചാരഭാവങ്ങൾ അതിൻ്റെ ചിന്താതലങ്ങൾ കണ്ടെത്തുകയും ആ ചിന്ത വാക്കുകളാൽ പുനരാവിഷ്ക്കരിക്കപ്പെടുകയും ചെയ്യുന്ന സൃഷ്ടിയുടെ ഉൽകൃഷ്ടമായ സാഹിത്യരൂപം.. അതാണ് കവിതയെന്ന് റോബർട്ട് ഫോസ്റ്റ് നമ്മോട് പറയുന്നു.

 വാച്യാർഥത്തിൽ അരങ്ങ് എന്നാൽ വേദി എന്നാണ് എങ്കിലും ഒരു അരങ്ങിനെ സെൽ ഫോണിൻ്റെ ദീർഘചതുരക്കളത്തിലൂടെ  ചുരുക്കി വലുതാക്കുമ്പോൾ തീർച്ചയായും പരിമിതികളുണ്ടാകും.  ഇത്രയും കാലം ദൃശ്യമായിരുന്ന നേരിട്ട് സംവദിക്കാനായിരുന്ന ഒരിടത്തെ അദൃശ്യമെങ്കിലും അക്ഷരങ്ങളിലൂടെ ശബ്ദത്തിൻ്റെ പുതിയ തലങ്ങളിലൂടെ അറിയാനുള്ള പരിശ്രമം കൂടിയായിരുന്നു  അത്.

 പരിമിതികളിൽ നിന്ന് അപരിമേയമായ ഒരു പ്രപഞ്ചം സൃഷ്ടിച്ചെടുക്കാനുള്ള  കാവ്യാന്വേഷണം.  ഒരു ദുരന്തകാലത്തെ അടച്ചു പൂട്ടപ്പെട്ട ലോകത്തെ സർഗ്ഗാത്മകതയിലൂടെ ഉണർത്താനുള്ള പരിശ്രമമായിരുന്നു ബാംഗ്ളൂർ കവിക്കൂട്ടം ജൂൺ 28നു നടത്തിയ കവിയരങ്ങ്   

പതിനാല് കവികൾ  ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലിരുന്ന് കവിയങ്ങിൽ പങ്കെടുത്തു, സെൽ ഫോണിൻ്റെ ദീർഘചതുരക്കളത്തിലൂടെ അരങ്ങ് എന്ന വിസൃതമായ ഭൂപടത്തെ  വർത്തമാനകാലവ്യതിയാനങ്ങങ്ങളുൾക്കൊണ്ട് പുതിയൊരു വേദിയാക്കി മാറ്റി വരയ്ക്കുക എന്നത് ശ്രമകരമായിരുന്നു എങ്കിലും പതിനാല് കവികളുടെ  ആലാപനവും കവിതകളുടെ  വിവിധതലത്തിലുള്ള ആസ്വാദനവും, അവലോകനവും കൊണ്ട്  കവിയരങ്ങ്  വ്യത്യസ്ഥമായ ഒരനുഭവമായി മാറി.

തിരക്കിനിടയിലും, കവിക്കൂട്ടത്തിൻ്റെ സ്നേഹാഭ്യർഥന അംഗീകരിച്ച് കവിയരങ്ങിൻ്റെ തുടക്കം മഹനീയമാക്കിയ, കവിതയുടെ ആരൂഢസൗന്ദര്യത്തെ കുറിച്ച് അർഥവത്തായ വാക്കുകളേകി അനുഗ്രഹിച്ചാശിർവദിച്ച  വിദ്യാവാചസ്പതി Dr. കെ പി സുധീരയോടുള്ള സ്നേഹവും സന്തോഷവും എഴുതിയറിക്കാനാകില്ല.
സാഹിത്യത്തെ അതിൻ്റെ എല്ലാവിധ ഗൗരവത്തോടെയും സമീപിക്കുന്ന എഴുത്തുകാരനാണ് ശ്രീ മനോജ് വീട്ടിക്കാട്. സാംസ്ക്കാരിക, സാഹിത്യലോകത്ത് ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ വളരെയധികം ഉത്തരവാദിത്വങ്ങൾക്കിടയിലും   വിലയേറിയ സമയം കവിക്കൂട്ടത്തിനായി നൽകിയ പ്രിയ സാഹിത്യ/നിരൂപകനോട്  കവിക്കൂട്ടം കടപ്പെട്ടീരിക്കുന്നു.. എഴുത്തുകാരനെ വായനക്കാരൻ ബഹുമാനിക്കുന്നത് പോലെ എഴുത്തുകാരനും  വായനക്കാരനെ ബഹുമാനിക്കാൻ ബാധ്യസ്ഥനാണ്. ഉത്തരവാദിത്വമുള്ള എഴുത്ത് എന്നത്  എല്ലാ എഴുത്തുകാരും ഉൾക്കൊള്ളേണ്ടതുണ്ട്. എഴുതിപ്പോവുക എന്നതിനെക്കാൾ കാലാതീതമായ ഒരു കൈയൊപ്പ് പതിപ്പിച്ച് പോകാനാണ് എഴുത്തുകാർ ശ്രമിക്കേണ്ടത് എന്നൊരോമ്മപ്പെടുത്തലാണ് ശ്രീ വീട്ടിക്കാടിൻ്റെ അവലോകനം..

കൈരളി കലാവേദി എന്ന പ്രശസ്തമായ സാംസ്ക്കാരിക സംഘടനയുടെ പ്രസിഡൻ്റും, സാംസ്ക്കാരിക രംഗത്ത് ദശാബ്ദങ്ങളുടെ  പ്രവർത്തനപപാരമ്പര്യവുമുള്ള സാഹിത്യകാരനായ ശ്രീ  സുധാകരൻ രാമന്തളീ കന്നഡയിലെ പല ഉൽകൃഷ്ടകൃതികളും മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തിട്ടുണ്ട്. എത്രയോ പുസ്തകങ്ങളാണ് വിവർത്തനായി അദ്ദേഹത്തെ തേടിയെത്തുന്നത് എന്ന് ശ്രദ്ധിച്ചാൽ അറിയാനാകും രാമന്തളിയുടെ  ഉത്തരവാദിത്വങ്ങളുടെ  വലിയ കോൾ  ഷീറ്റ്. ഒഴിവുള്ള ദിവസങ്ങളൊന്നും അതിൽ ഉണ്ടാകില്ല. എന്നിരുന്നാലും ബാംഗ്ളൂരിലെ സാഹിത്യലോകത്തിന് എന്നും പ്രചോദനമേകിയിട്ടുണ്ട്. രാമന്തളി സാർ.. ചിത്രകാരൻ എത്രയോ കാലം പഠിച്ചപഗ്രഥിച്ച് നിർമ്മിക്കുന്ന ഒരു കലാരൂപമായ ചിത്രത്തിനാധാരാമായ ചിത്രകലയെ പഠിക്കാനോ അറിയാനോ ശ്രമിക്കാതെ കുത്തിവരച്ച് ഇതാണ് മോഡേൺ ആർട്ട് എന്ന് പറയുന്ന രീതി കവിതയിലും കടന്ന് കൂടിയിരിക്കുന്നു എന്ന് അദ്ദേഹം പറയുമ്പോൾ കവിതയെഴുതുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന് എന്നൊരോർമ്മപ്പെടുത്തലതിലുണ്ട്.

ശ്രീ രാജഗോപാൽ കൈകയുടെ കവിതകളുടെ സൂക്ഷ്മാവലോകനം പുതിയ രീതിയിലായിരുന്നു. മാലാഖയും ചെകുത്താനും തമ്മിൽ സൃഷ്ടികളിൽ യുദ്ധം നടത്തുന്നതായി അദ്ദേഹത്തിന് തോന്നുന്നു, മനുഷ്യസഹജമായ വായനയിലെ  ചില കണ്ടെത്തലുകൾ, വായനയുടെ എതിർമൊഴികൾ, വായനക്കാരൻ കാണാതെ പോകുന്ന എഴുത്തിലെ നിഗൂഢത,  ബിംബങ്ങൾ, എഴുത്തിനെ അറിയാനുള്ള  ശ്ളാഘനീയമായ പരിശ്രമം  എഴുത്ത് പോലെ തന്നെ വായനയും സമയം ആവശ്യമായ ഒരു ക്രിയാത്മകപ്രവർത്തിയാണ്. ഉടച്ച്  വായിക്കുക എന്ന ശൈലി  തന്നെയുണ്ട്. ഉടയ്ക്കുന്നത് ശ്രദ്ധാപൂർവ്വമായിരിക്കണം അല്ലെങ്കിൽ എഴുത്തിലും വായനയിലും  ഉടഞ്ഞ ശില്പങ്ങളുണ്ടാകും. അതിനിടയിൽ സ്വരവ്യഞ്ജനമദ്ധ്യമായ ‘യ’ മാഞ്ഞുപോയാൽ അതുടക്കായി മാറും.  ഒരാവൃത്തി വായിച്ചാൽ മനസ്സിലാവാത്ത പല ഋതുക്കളും ഒരു കൃതിയിലുണ്ടാവും. അതറിയാൻ വായനക്കാരനും, കവിതയിൽ ഗൂഢമായി മൂടി വയ്ക്കാൻ എഴുത്തുകാരനും ശ്രമിക്കുമ്പോൾ  അവിടെ ഒരു ഹൈഡ് ആൻഡ് സീക്ക് പോലെ ട്രെഷർ ഹണ്ട് പോലെ ഒരു ഒരു ബുദ്ധിപരമായ സന്ദർഭം ഉണ്ടാകുന്നു.

ശ്രീ രാജഗോപാൽ കൈക ഇങ്ങനെയൊരു ട്രെഷർ ഹണ്ട് നടത്തിയതിൽ അത്ഭുതപ്പെടാനില്ല. നല്ല വായനയെ തേടിപ്പോകുന്ന  ഒരു സഹൃദയത്വം അതിലുണ്ട്.. എഴുത്തുകാരനും അതിലൂടെ വായനക്കാരനോട് സംവദിക്കുന്നത് ഇവിടെ കണ്ടു.  ഏഞ്ചൽ ഡെവിൾ കോൺവെർസേഷൻ ആവശ്യമോ എന്ന് ചോദിച്ചാൽ സഹൃദയത്വം എന്നത് പല കോമ്പിനേഷനുകളാൽ രൂപം കൊണ്ട് ഒരു ബൃഹ്ദ് ലോകമെന്നേ പറയാവൂ.  അംഗീകാരത്തെക്കാൾ അക്സെപ്റ്റൻസാണ് അവിടെ ശ്രദ്ധിക്കപ്പെടുക. തിരക്കിനിടയിലും  സദ്മാലാഖയേയും, ദുർമാലാഖയേയും കവിയരങ്ങിൽ അവതരിപ്പിച്ച  രീതി തികച്ചും വ്യത്യസ്തമായിരുന്നു.

കവികളാണ് കവിയരങ്ങിൻ്റെ ജീവശബ്ദം.
പതിനാല് കവികളാണ് ഓൺലൈൻ കവിയരങ്ങിൽ പങ്കെടുത്തത്.

ശ്രീ മധുസൂദനൻ പി വി , കണ്ണൂർ

ആത്മഗതം എന്ന കവിതയാണ് ശ്രീ പി വി മധുസൂദനൻ കവിയരങ്ങിൽ അവതരിപ്പിച്ചത് കവിതയെ അറിഞ്ഞെഴുതുന്ന  കാവ്യാസ്വാദകൻ കൂടിയാണ് മധുസൂദൻ സാർ.  രാജ്യസേവനത്തിൽ നിന്ന് വിരമിച്ച് പിന്നീട് മർച്ചൻ്റ് നേവിയിൽ ചേരുകയും ലോകമാസകലം ചുറ്റി സഞ്ചരിച്ച അനുഭവങ്ങളുള്ള ശ്രീ പി വി മധുസൂദനൻ സാർ അനവധി പുസ്ത്കങ്ങൾ എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ ജീവചരിത്രം ലോകാനുഭവങ്ങളുടെ ഒരു കലവറയാണ്. മധുസൂദൻ സാറിൻ്റെ അനുഭവസമ്പത്ത് ഈ കവിയരങ്ങിനെ ഉൽകൃഷ്ടമാക്കിയിരിക്കുന്നു എന്ന് പറയുന്നതിൽ അഭിമാനമുണ്ട്.

ദുർഗ്ഗാപ്രസാദ്, ബാംഗ്ളൂർ

പ്രിയ യുവകവി ദുർഗ്ഗാപ്രസാദ് ഒമ്പതാം കുഴി എന്ന കവിതയാണ് കവിയരങ്ങിൽ അവതരിപ്പിച്ചത്. കേകയുടെ ആരാധകൻ. നല്ല ഒഴുക്കുള്ള കവിതകളെഴുതും പ്രമേയത്തിൽ പുതുമ നിലനിർത്താൻ ശ്രമിച്ചാലും കേകയെ ഉപേക്ഷിക്കില്ല. കോവിഡ് ക്വാറൻ്റൻ ആയതിനാൽ കവിത ചൊല്ലാനായില്ല.  നന്നായി കവിത അവതരിപ്പിക്കുന്ന കവിയാണ് ദുർഗ്ഗാ പ്രസാദ്.

ശ്രീമതി രുഗ്മിണി സുധാകരൻ, ബാംഗ്ളൂർ

ദുർഗ്ഗയുടെ കവിത ശ്രീമതി രുഗ്മിണി സുധാകരനാണ് ഇവിടെ അവതരിപ്പിച്ചത്. ബാംഗ്ളൂരിലെ എല്ലാ വേദികളിലും കവിത അവതരിപ്പിച്ചിട്ടുണ്ട്.

ശ്രീ ഹരിശങ്കർ മുന്നൂർകോട്    ശ്രീ ഹരിശങ്കർ മുന്നൂർ കോട് ശാന്തസമുദ്രം എന്ന കവിതയാണ് കവിയരങ്ങിൽ അവതരിപ്പിച്ചത്. നന്നായി കവിത അറിയുന്ന എഴുതുന്ന ചൊല്ലുന്ന കവിയാണ് ശ്രീ ഹരിശങ്കർ. ശ്രീ  ഹരിശങ്കർ. ഞാറ്റുവേല സാംസ്ക്കാരിക ഗ്രൂപ്പിൻ്റെ  കൺവീനർ ആണ്. ബാലസാഹിത്യകൃതികൾ രചിച്ചിട്ടുണ്ട്. സാംസ്ക്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു ശ്രീ ഹരിശങ്കർ.

പ്രമീഷ് പി ടി, പാലക്കാട്

യാദൃശ്ചികം എന്ന കവിതയാണ് പി ടി പ്രമീഷ് കവിയരങ്ങിൽ അവതരിപ്പിച്ചത്.  കവിതയും സഹയാത്രികരും എന്ന വാട്ട്സ് അപ് ഗ്രൂപ്പ് ഇദ്ദേഹത്തിൻ്റേതായിട്ടുണ്ട്, കവിതയെ സ്നേഹിക്കുന്ന ഉപാസിക്കുന്ന പ്രമീഷ് സാംസ്ക്കാരിക രംഗത്ത് സജീവമാണ്. പ്രമിഷിൻ്റെ കവിത  വാക്കുകളാലുള്ള മൃദു സ്പന്ദനങ്ങളാണ്. വലിയ ശബ്ദങ്ങളില്ലാതെ ഒതുക്കിവയ്ക്കുന്ന കവിതയാണ് പലപ്പോഴും പ്രമീഷ് എഴുതുന്നത്. അധികം പറയേണ്ടതില്ല എന്നൊരു സ്വയം വിശ്വാസത്തിലാണ്.

രാജേശ്വരി നായർ, ഗോവ

പ്രണയം എന്ന കവിതയാണ് ശ്രീമതി രാജേശ്വരി കവിയരങ്ങിൽ അവതരിപ്പിച്ചത്. പ്രണയകവിതകളുടെ പ്രത്യേകതയെന്തന്നാൽ എത്ര വായിക്കപ്പെട്ടാലും, എഴുതപ്പെട്ടാലും വീണ്ടും കവികളെ തേടിയെത്തുന്നു പ്രണയം.  കൂടുതലെഴുതേണ്ട കാര്യം ഇതിനുണ്ട് എന്ന് തോന്നുന്നില്ല. അത്രമാത്രം സുതാര്യതയോടാണ് ശ്രീമതി രാജേശ്വരി ഈ കവിതയെഴുതിയിരിക്കുന്നത്.

രേഖ പി  മേനോൻ, ബാംഗ്ളൂർ

വാക്കുകൾ വാക്കുകൾ എന്ന കവിതയാണ് ശ്രീമതി രേഖ പി മേനോൻ കവിയരങ്ങിൽ അവതരിപ്പിച്ചത്. ഹിന്ദിയിലാണ് രേഖ കൂടുതലെഴുതുന്നത്. ഹിന്ദി സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.  രണ്ട് കവിതാ സമാഹാരങ്ങൾ ഹിന്ദിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാർ നല്ല വായനക്കാരായിരിക്കണം എന്ന് കൂടി നിർബന്ധമുണ്ട് രേഖയ്ക്ക്. പുസ്തകം തേടിപ്പിടിച്ച് വാങ്ങിച്ച് വായിക്കാൻ പലർക്കും കഴിയാറില്ല. പക്ഷെ രേഖ  അതിൽ നിന്ന് വ്യത്യസ്തയാണ്. നല്ല ഒരു പുസ്തകശേഖരം രേഖയ്ക്കുണ്ട്. വായനയിൽ നിന്നുണരുന്ന എഴുത്ത് രേഖാ പി മേനോൻ്റെ എഴുത്തിനെ സമ്പന്നമാക്കുന്നു.

രമേഷ് മേനോൻ , കൈക

കൊറോണയും അമ്മയും എന്നൊരു കവിതയാണ് ശ്രീ രമേഷ് മേനോൻ അവതരിപ്പിച്ചത്. സ്വന്തം കൊറോണ അനുഭവം ആത്മാവിഷ്കാരമായതിനാൽ ഹൃദയസ്പർശിയായിരുന്നു.  കൊറോണ കുട്ടിയെ അമ്മയിൽ നിന്നകറ്റുമ്പോൾ അമ്മയുടെ  ആശങ്ക ചെറുമകനെയോർത്താണ്. ആണവനിലയത്തിലെ ജോലിക്കിടയിലും സാഹിത്യത്തിനായി സമയം കണ്ടെത്തുന്ന രമേഷ് ബോൺസായ് എന്നൊരു സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സീന ശ്രീവൽസൻ, പാലക്കാട്

അതിരുകളുടെ ഭൂപടം  എന്ന കവിതയാണ് സീന കവിയരങ്ങിൽ അവതരിപ്പിച്ചത്. ദേശീയ അന്തർദേശീയതലത്തിൽ  കവിതാലോകത്ത് സജീവമാണ് സീന. ഇംഗ്ളീഷിലും, മലയാളത്തിലും കവിതകളെഴുതും. കേരളത്തിലെ സാംസ്ക്കാരികലോകത്ത് സജീവമാണ്. സംഘർഷങ്ങളുടെ അതിർ രേഖകൾ നിയന്ത്രിക്കുന്ന ലോകത്തിൽ കവികൾ കാലികപ്രസക്തിയുള്ള വിഷയങ്ങളിൽ എഴുതേണ്ടതിൻ്റെ പ്രസക്തി ഇവിടെ കാണുന്നു..

സുരേഷ് കുമാർ ജി, കോട്ടയം

സഞ്ജയനം എന്ന കവിതയാണ് ശ്രീ സുരേഷ് കുമാർ കവിയരങ്ങിൽ അവതരിപ്പിച്ചത്. ലോക്കോ പൈലറ്റായ ശ്രീ സുരേഷ് കുമാറിൻ്റെ കവിതകൾ പലതും എഞ്ചിൻ മുറിയിൽ പിറന്ന കവിതകളാണ്. വളരെ നല്ല കവിതകളുടെ ഒരു സമാഹാരം ഇദ്ദേഹത്തിൻ്റേതായുണ്ട്.   കവിതയെ ഉപാസിക്കുന്ന ശ്രീ സുരേഷ് കുമാറിൻ്റെ കവിത ആലപിച്ചിരിക്കുന്നത് ശ്രീ ബാബു മണ്ടൂർ ആണ്.. കവിത ആലാപനത്തിൽ ഒരു ഡോക്ടറേറ്റ് ഉണ്ടെങ്കിൽ അത് തീർച്ചയായും ശ്രീ ബാബുവിന് ലഭിക്കാനിടയുണ്ട്.  ശബ്ദത്തിലൂടെ കവിതയെ ഗാംഭീര്യമാക്കി മാറ്റുന്ന ഒരു ഇന്ദ്രജാലമാണത്.

ശ്രീദേവി വിജയൻ, ബാംഗ്ളൂർ

ദേവി മൂകാംബികേ എന്ന കവിതയാണ് ശ്രീദേവി വിജയൻ കവിയരങ്ങിൽ അവതരിപ്പിച്ചത്. യാത്ര എന്നൊരു കവിത കൂടി ഇവിടെ ചേർക്കപ്പെട്ടിട്ടുണ്ട്. നല്ലൊരു ചിത്രകാരിയും, കഥാകാരിയും, കവിയത്രിയുമാണ് ശ്രീദേവി വിജയൻ.  കവിതയിലും  കഥയിലും, ചിത്രരചനയിലും അനേകം പുരസ്ക്കാരങ്ങൾ കിട്ടിയിട്ടുണ്ട്. ഉത്തമസാഹിത്യത്തെ ഉപാസിക്കുന്ന പല ഗ്രൂപ്പുകളിലും വളരെ സജീവമാണ്. കലയുടെയും, സാഹിത്യത്തിൻ്റെയും പ്രതിഭയുടെ തിളക്കം ഈ എഴുത്തുകാരിയിലുണ്ട്.

സുധ ജിതേന്ദ്രൻ  ഗോവ

നിതിൻ എന്ന കവിതയാണ് സുധ കവിയരങ്ങിൽ അവതരിപ്പിച്ചത്. അപ്രതീക്ഷിതമായി ജീവിതയാത്രയിൽ ഒരു ജീവൻ പാതി വഴിയിൽ മരണത്തിലേയ്ക്ക് നടന്ന് പോകുന്നത് കാണുമ്പോഴുള്ള മനുഷ്യസഹജമായ വേദന എഴുതിയിരിക്കുന്നു. സുധ. ആത്മാർഥമായി എഴുത്തിനെ, സാഹിത്യത്തെ അറിയാനുള്ള സുധയുടെ പരിശ്രമം അഭിനന്ദനീയം. നന്നായി കവിതകൾ ചൊല്ലിയവതരിപ്പിക്കാനും സുധയ്ക്കാവുന്നുണ്ട്. സുധയുടെ ആത്മാർഥത ഇനിയും സാഹിത്യത്തെ ഉപാസിക്കുവാൻ സഹായിക്കും  എന്ന് വിശ്വസിക്കുന്നു.

സപ്ന ചന്ദ്രശേഖർ  തൃശ്ശൂർ

കരിനാഗം എന്ന കവിതയാണ് സപ്ന അവതരിപ്പിച്ചത്.  കവിതയുടെ പഴയ പാരമ്പര്യ രീതി പിന്തുടരാൻ സ്പന പരിശ്രമിക്കുന്നുണ്ട്. ഏവരെയും നടുക്കിയ ഉത്രയുടെ ജീവിതം കവിതയിലെത്തുമ്പോൾ ഉണ്ടാകുന്ന ഉൾനടുക്കം വാക്കുകളിലൂടെ സൃഷ്ടിക്കുന്നു സപ്ന. പാരമ്പര്യ കവിതയുടെ സ്പന്ദനങ്ങൾ നിലനിർത്താൻ പരിശ്രമിക്കുന്ന എഴുത്തുകാരിയാണ്  സ്പന

വിജയകൃഷ്ണൻ മണ്ണൂർ, ഹൈദരബാദ്


വിത്തും കൈക്കോട്ടും എന്ന കവിതയാണ് വിജയ് കൃഷ്ണൻ മണ്ണൂർ  കവിയരങ്ങിൽ അവതരിപ്പിച്ചത്..  വിജയിൻ്റെ നല്ല കുറെയേറെ കവിതകൾ ഞാൻ വായിച്ചിട്ടുണ്ട്. നന്നായി കവിത ചൊല്ലിയവതരിപ്പിക്കാറുണ്ട് വിജയ്.. അർഥവത്തായ ഒരു കവിതയാണ് കവിയരങ്ങിൽ അവതരിപ്പിച്ചത്.

രമാ പ്രസന്ന പിഷാരടി, ബാംഗ്ളൂർ

കവിക്കൂട്ടത്തിൻ്റെ അഡ്മിൻ

ചുമർചിത്രശാല എന്ന കവിതയാണ് അവതരിപ്പിച്ചത്. ചുമരിൽ ചിത്രമെഴുതുന്ന ഒരു കലാകാരൻ്റെ  പ്രതിഭ കണ്ടെഴുതിയ കവിതയാണ് ചുമർചിത്രശാല.


കവിയരങ്ങിന്  കവിക്കൂട്ടം കവിയരങ്ങിൻ്റെ ടീമിലുള്ള   എഴുത്തുകാരി ഗീത ഡി നായർ ആശംസകളർപ്പിച്ചു,  പ്രീത പി നായർ  കവിയരങ്ങിന് നന്ദിയും പറഞ്ഞു

കവിക്കൂട്ടം അംഗങ്ങളായ ബാംഗ്ളൂരിലെ  ദശാബ്ദങ്ങളുടെ സാംസ്ക്കാരിക പ്രവർത്തനപാരമ്പര്യമുള്ള  ശ്രീ ആർ വി ആചാരി, ശ്രീ വി ആ ർ ഹർഷൻ, ശ്രീമതി ഇന്ദിരാ ബാലൻ, ശ്രീ തങ്കച്ചൻ പന്തളം. ശ്രീ രവികുമാർ തിരുമല ഇവർക്ക് ഉത്തരവാദിത്വങ്ങൾക്കിടയിൽ ഈ കവിയരങ്ങിൽ പങ്കെടുക്കാനായില്ല എങ്കിലും അടുത്ത സാഹിത്യപരിപാടിയിൽ നമുക്ക് ഇവരുടെ പ്രാതിനിത്യം ഉണ്ടാകുമെന്ന് വിശ്വസിക്കാം..

അഴികളാൽ ചുറ്റിയ സ്വയംനിയന്ത്രിത്മായ ലോകത്തിൽ ദുരന്തകാലത്തിൻ്റെ നടുവിൽ കാവ്യപ്രപഞ്ചത്തെ ഉണർത്താൻ പരിശ്രമിച്ച  സൗഹൃദയലോകം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു .

let us unite, not in spite of our differences, but through them. For differences can never be wiped away,. Let all human races keep their own personalities, and yet come together, not in uniformity but in a unity that is living.

രബീന്ദ്രനാഥടാഗോറിൻ്റെ വാക്കുകൾ നമ്മെ ഐക്യബോധത്തിൻ്റെ മഹനീയഭാവത്തിലേയ്ക്ക് ഉയർത്തുമാറാകട്ടെ
ബാംഗ്ളൂർ കവിക്കൂട്ടം -  കവിയരങ്ങ് (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
ബാംഗ്ളൂർ കവിക്കൂട്ടം -  കവിയരങ്ങ് (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
ബാംഗ്ളൂർ കവിക്കൂട്ടം -  കവിയരങ്ങ് (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
രമാ പ്രസന്ന പിഷാരടി, ബാംഗ്ളൂർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക