കൊച്ചി: ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന 'സൂഫിയും സുജാത'യും എന്ന ചിത്രം രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആകും.
ഒട്ടേറെ വിവാദങ്ങള്‍ പിന്നിട്ടാണ് സിനിമ, പ്രേക്ഷകരിലേക്കെത്തുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്.
മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദിഥിയുടെ ആദ്യ മലയാള ചിത്രം. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദിഥി വീണ്ടും ഒരു മലയാളത്തില്‍ അഭിനയിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് 'സൂഫിയും സുജാത'യും.
നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്. നിരൂപക ശ്രദ്ധ നേടിയെടുത്ത 'കരി' എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.
സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബു.