വന്‍ സ്വര്‍ണ്ണക്കടത്ത് എന്നു മാത്രമാണു വാര്‍ത്തയെങ്കില്‍... അതിലെ ഒന്നാം പ്രതി മുതല്‍ നൂറ്റൊന്നാം പ്രതി വരേയും പുരുഷന്മാരായിരുന്നെങ്കില്‍ ഇത്രയും കുളിരു തോന്നുമോ? ആര് നോക്കുന്നു ആ വാര്‍ത്ത. അല്ലേ? അത്തരം നൂറുകണക്കിനു വാര്‍ത്തകള്‍ പത്രത്തിന്റെ ഉള്‍പ്പേജുകളില്‍ ഇതിനു മുമ്പും സ്ഥാനം പിടിച്ചിട്ടുണ്ടല്ലോ. അതാര്‍ക്കു വേണം... അല്ലേ?
എന്നാല്‍ ഒരു സുന്ദര മുഖം പ്രത്യക്ഷമായപ്പോള്‍ ആദ്യം, ഒരു ചെറിയ സന്തോഷം. ലഡു പൊട്ടിയോ മോനേ എന്നു സന്ദേഹം. അതു പിന്നെ ചാനലുകളും സകലമാന മാധ്യമങ്ങളും ഏറ്റെടുത്തതോടെ കളി മാറിയില്ലേ? പെങ്കൊച്ചിന്റെ ആദ്യ ഭര്‍ത്താവിന്റെ സുഹൃത്തു മുതല്‍ സഹോദരനും അമ്മയും അയല്‍ക്കാര്‍ അടക്കമുള്ളവരുമായിവരെ മാധ്യമങ്ങള്‍ സംസാരിക്കുന്നു, കോടതിയേക്കാള്‍ കണിശതയോടെ വാദം കേള്‍ക്കുന്നു, മൊഴിയെടുക്കുന്നു. പിന്നെ ഏതൊക്കെ പരിപാടിയില്‍ അവര്‍ ആരോടൊക്കെ കിന്നരിച്ചു എന്നതും മറ്റു രഹസ്യങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നും സ്വപ്നം കാണുകയും, പിന്നെ ക്ഷമകെട്ട് വല്ല എക്സ്ട്രായും കിട്ടുമോ എന്ന് ആത്മഗതിച്ചും തുടങ്ങിയിരിക്കുന്നു സമൂഹം.
ഒന്നേ ചോദിക്കാനുള്ളൂ, ഇതില്‍ പുരുഷന്മാര് മാത്രമാണു പ്രതികളെങ്കില്‍, അവരുടെ കുടുംബക്കാരെ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ പരസ്യമായി പ്രതികരിപ്പിക്കുമായിരുന്നോ?
മലയാളി സമൂഹത്തിന് എന്നും പെണ്ണ് ഒരു വസ്തു മാത്രമാണ്. ആ വസ്തുവിന് മേല്‍ എന്ത് അസംബന്ധവുമാകാം. അവളെക്കുറിച്ചു പരാമര്‍ശിക്കാന്‍ ഏത് മ്ലേഛ പദവും പ്രയോഗിക്കാം.
തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, സുതാര്യവും സത്യസന്ധവുമായ അന്വേഷണവും വേണം. കാരണം ഇതൊരു നിസാര സ്വര്‍ണ്ണക്കടത്തല്ല. രണ്ടു രാജ്യങ്ങളുടെ ബന്ധത്തെ വരെ ബാധിക്കുന്ന ഒന്നാണ്. സ്വന്തം രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവമുള്ളതാണ്. അതാണ് ഈ കേസിന്റെ പ്രാധാന്യവും. കൂടാതെ കാണാമറയത്തിരുന്ന് ഇതൊക്കെ കണ്ടും കേട്ടും ആനന്ദിക്കുന്ന, നിയമത്തിന്റെ പിടിയില്‍ അകപ്പെടില്ല എന്നു കരുതുന്ന ചിലരുണ്ടാവുമല്ലോ ഈ കേസിലും. അവരെക്കൂടി ജനമധ്യത്തിലേക്കു കൊണ്ടുവരേണ്ടതുമുണ്ട്. അതല്ലാതെ പെണ്ണാണ് കുറ്റവാളിയെങ്കില്‍, അവര്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം പോലും കണക്കിലെടുക്കാതെ അവരുടെ ശരീരത്തിന്റെ കഥ പറച്ചിലാകരുത് വാര്‍ത്തകള്‍. സമൂഹ വിചാരണയും അവളുടെ കിടപ്പറ കഥകളും കോര്‍ത്തിണക്കി ഒരു ഇക്കിളി പുസ്തകത്തിനു തുല്യമായി പത്രമാധ്യമങ്ങളും നവോത്ഥാന സമൂഹമാധ്യമങ്ങളും അധഃപതിക്കാതിരിക്കുക.
സത്യം പറയട്ടെ ഈ കേസ് തിരിച്ചും മറിച്ചുമിട്ടു ചര്ച്ചിക്കുമ്പോള്, പ്രതികളില്‍ ഒരാളുടെ ചിത്രങ്ങള്‍ മാത്രം വ്യാപകമായി പ്രചരിപ്പിക്കുമ്പോള്‍, മാധ്യമങ്ങളേ, നിങ്ങളുടെ ഉള്ളിലെ ആട്ടിന്‍തോലിട്ട ചെന്നായയുടെ ചോരയിറ്റു വീഴുന്ന കോമ്പല്ലുകള്‍ പുറത്തു കാണുന്നുണ്ട്.
പ്രമുഖ പത്രങ്ങളില്‍പ്പോലും പ്രതികളില്‍ സ്ത്രീയുടെ മുഖം വളരെ ആകര്‍ഷകമായി നല്കുന്നതിനു പിന്നിലെ സത്യസന്ധമായ പത്രപ്രവര്‍ത്തന ധര്‍മ്മം വളരെ കൃത്യമായി ഞങ്ങള്‍ക്കു മനസിലാകുന്നുണ്ട് സര്...
ഈ നാട്ടില്‍ നിയമം ആണിനും പെണ്ണിനും തുല്യമാണ്. പെണ്ണ് പ്രതിയാകുമ്പോള്‍ ഉള്ള ഈ ആഘോഷം കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഇനി ഒരു നീണ്ട കാത്തിരിപ്പാണ്.ഇക്കിളിപ്പെടുത്തുന്ന വീഡിയോകളുടെ, ഫോണ്‍ സംസാരത്തിന്റെ, അവരുടെ അതിഥികള്‍ പാതിരാത്രി വരെ എന്തു ചെയ്യുകയായിരുന്നു എന്നതിന്റെ ദൃക്സാക്ഷി വിവരണത്തിന്റെ....ഈ കാത്തിരിക്കുന്നവരില്‍ പുരുഷന്മാര് മാത്രമല്ല സ്ത്രീകളും ഉള്‍പ്പെടുന്നു എന്നതാണ് ദുരന്തം.
സ്ത്രീകളെ സംബന്ധിച്ച്, അയ്യേ ഞാനത്തരക്കാരിയല്ല എന്നു പറയുവാനുള്ള തിടുക്കം. കഷ്ടം!
നമ്മള് പുരോഗമിച്ചവരാണെന്നാണ് വയ്പ്പ്. 'ഫയങ്കര വിദ്യാഭ്യാസം', ലോക വിവരം, പക്ഷേ മാനസികമായി തികഞ്ഞ ലൈംഗിക അരാജകത്വം പേറുന്നവര്‍. ഇതൊരു സംസ്ക്കാരമുള്ള സമൂഹത്തിന് അഭികാമ്യമോ? ഇത്തരം നീതികേടുകള്‍ക്ക് എന്നാണറുതി വരിക...? പുതിയൊരു നിയമം ഉണ്ടാകേണ്ടിയിരിക്കുന്നു. പ്രതികളാക്കപ്പെടുന്ന സ്ത്രീകളുടെ സദാചാര ലംഘന കഥകളുടെ പ്രചരണം കുറ്റകരമാണെന്ന നിയമം.