കോവിഡ് 19 വൈറസ് പരത്തുന്ന മഹാമാരിയുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ലോകജനത. ഈ വൈറസിനോടൊപ്പം ജീവിക്കാന്‍ മനുഷ്യര്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു എന്നും മനസ്സിലാക്കാം. പകര്‍ച്ചവ്യാധിയുടെ സൂക്ഷ്മാണുക്കള്‍ ഭൂമിയില്‍ നിന്ന് എപ്പോള്‍ അപ്രത്യക്ഷമാകും, വൈറസിനെ എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യുന്ന ഫലപ്രദമായ വാക്സിന് എന്ന് യാഥാര്‍ത്ഥ്യമാവും തുടങ്ങിയവ സംബന്ധിച്ച് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് ജീവിക്കുക മാത്രമാണ് നിലവിലുള്ള ഏക പോംവഴി.
ഈ ഹൂസ്റ്റണ്‍ നഗരത്തില്‍ ഇരിക്കുമ്പോള്‍ നാടിനെ പറ്റിയും അവിടെയുള്ള പ്രിയപ്പെട്ടവരെ കുറിച്ചും ചിന്തിക്കാത്ത നിമിഷങ്ങള്‍ ഇല്ല. നാട്ടിലുള്ളവരും അമേരിക്കയിലെ തങ്ങളുടെ ബന്ധുമിത്രാദികളെ ഓര്‍ത്ത് ആശങ്കപ്പെടുന്നുണ്ടെന്നും മനസ്സിലാക്കുന്നു. കേരളത്തില്‍ ദിനംപ്രതി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ആശ്ചര്യത്തോടെ ശ്രദ്ധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇന്നലെ അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത പരിഭ്രാന്തി ജനിപ്പിക്കുന്നതായിരുന്നു.
''നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്പ്രെഡ്ഡിലേക്ക് നയിക്കാനുമുള്ള സാദ്ധ്യതയുണ്ട്. സമൂഹവ്യാപനത്തിലേക്ക് അടുക്കുകയാണെന്ന് ശങ്കിക്കേണ്ടതായുണ്ട്. കോവിഡ് വ്യാപനത്തിന്റെ നിര്‍ണ്ണായകവും ആശങ്കപ്പെടേണ്ടതുമായ ഘട്ടവുമാണ് ഇപ്പോള്‍...'' മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ ജനങ്ങളെ പാനിക് ആക്കുമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. കേരളം കണ്ട കരുത്തനായ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം സദുദ്ദേശത്തോടെ ഒരു മുന്നറിയിപ്പ് നല്‍കിയതായിരിക്കാം. എന്നാല്‍ കാള പെറ്റെന്ന് കേട്ട് കയറെടുക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ ഉള്ള കേരളത്തില്‍ ഈ മുന്നറിയിപ്പ് വിപരീത ഫലമേ ഉണ്ടാക്കൂ എന്ന് പറയട്ടെ.
ഞാന്‍ ജീവിക്കുന്ന ഹൂസ്റ്റണില്‍ കാര്യങ്ങള്‍ ശുഭസൂചകമല്ല. വരുന്ന ഏതാനും ആഴ്ചകളില്‍ ഹൂസ്റ്റണില്‍ കോവിഡ് വ്യാപനം അതിഭയാനകമായിരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന പ്രസ്താവനകള്‍ക്കു പകരം ഇവിടുത്തെ അധികൃതര്‍ രോഗവ്യാപനം ചെറുക്കുന്ന കര്മ്മപരിപാടികളുമായിട്ടാണ് മുന്നോട്ടു പോകുന്നത്. അതില്‍ പ്രധാനം ജനങ്ങളെ കൃത്യമായ ഇടവേളകളില്‍ ബോധവത്ക്കരിക്കുക എന്നതാണ്. മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശാരീരിക ശുദ്ധി ഉറപ്പുവരുത്തുക തുടങ്ങിയ മുന്നറിയിപ്പുകള്‍ നല്കിക്കൊണ്ടിരിക്കുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും നല്‍കേണ്ടി വരും.
കേരളത്തെ അപേക്ഷിച്ച് നിയമഭയമുള്ളവരാണ് അമേരിക്കയില്‍ ജീവിക്കുന്നവര്‍. അതിനാല്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടാതെ തന്നെ ജനങ്ങള്‍ പാലിക്കുന്നു. തന്മൂലം പാനിക് ആവേണ്ട ഒരു കാര്യവുമില്ല. ഇച്ഛാശക്തിയുള്ള ഭരണസംവിധാനവും നിയമഭയമുള്ള സമൂഹവും ഉണ്ടെങ്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാവുമെന്ന് തെളിയിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ഹൂസ്റ്റണ്‍.
ഇപ്പറഞ്ഞതില്‍ നിന്നും കേരളം ആര്‍ജ്ജിച്ച കോവിഡ് പ്രതിരോധ മുന്നേറ്റങ്ങളെ ചെറുതായി കാണുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. തീര്‍ച്ചയായും ഇക്കാര്യത്തില്‍ കൊച്ചു കേരളം ലോകത്തിന്റെ തന്നെ സജീവ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണല്ലോ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതേ സ്പിരിറ്റില്‍ തന്നെ തുടര്‍ന്നു പോവുകയും ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. എന്നാല്‍ ചില വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും ആശാസ്യകരമല്ല.
കഴിഞ്ഞ ദിവസം വിദേശത്തു നിന്നു വന്ന ഒരാളെ പത്തനംതിട്ടയില്‍ ഓടിച്ചിട്ടു പിടിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. താന്‍ ഗള്‍ഫില്‍ നിന്ന് വന്ന വ്യക്തിയാണെന്നും ഇന്നത്തെ അതീവ ഗുരുതരമായ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം പതിനാലു ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടവനാണെന്നും ഇല്ലെങ്കില്‍ അത് തനിക്ക് ചുറ്റുമുള്ളവരെ ബുദ്ധിമുട്ടിക്കുമെന്നും അയാള്‍ക്ക് സ്വയം തോന്നേണ്ടതായിരുന്നു. ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ സമയവും പണവും എല്ലാം വൃഥാവിലാക്കി ഇത്തരക്കാരുടെ പിന്നാലെ എന്തിന് ഓടണം എന്ന് ഞാന്‍ സ്വയം ചോദിക്കുന്നു.
ക്വാറന്റൈന് ലംഘിച്ച് ചുറ്റിത്തിരിയുന്നവരുടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ പോയാല്‍ നമുക്ക് അതിനു മാത്രമേ സമയം ഉണ്ടാവൂ. എന്നിട്ടും രോഗബാധിതരെ കണ്ടെത്താനാവാതെ പോയാല്‍ എന്തായിരിക്കും സ്ഥിതി. ഇക്കഴിഞ്ഞ ദിവസം എന്റെ സ്ഥാപനത്തിലെ ജീവനക്കാരന് പനിയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടായി. ഉടന്‍ തന്നെ ആശുപത്രിയില്‍ പോയി കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്തു. റിസല്‍ട്ട് ഉടന്‍ കിട്ടാത്തതിനാല്‍ ഇയാള്‍ സ്ഥാപനത്തില്‍ വന്ന് ജോലി തുടര്‍ന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് വിളിച്ചു പറഞ്ഞു, പ്രസ്തുത വ്യക്തിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന്. ഉടന്‍ തന്നെ സ്ഥാപനം അടയ്ക്കുകയും അവശ്യം വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തു. രോഗി ക്വാറന്റൈനില്‍ ആയി.
ഇവിടെ ആ വ്യക്തിയുടെ റൂട്ട് മാപ്പ് ഉണ്ടാക്കി അധികൃതര്‍ സമയം കളഞ്ഞില്ല. ആശുപത്രിയില്‍ നിന്ന് കൃത്യസമയത്ത് ഫോണ്‍കോള്‍ വരുകയും അയാള്‍ ക്വാറന്റൈനില്‍ പോകുകയുമായിരുന്നു. ഇത് ഒരു സിസ്റ്റത്തിന്റെ പ്രത്യേകതയാണ്. നാട്ടില്‍ അത്തരത്തിലുളള ഒരു സിസ്റ്റം ഇല്ല. മാത്രമല്ല, അമേരിക്കയിലെ രോഗവ്യാപന തോത് നാട്ടിലുള്ളതിനേക്കാള്‍ എത്ര ആയിരം മടങ്ങാണെന്നു കൂടി ചിന്തിക്കണം. എന്നിട്ടും ഇവിടുത്തെ എക്കോണമി കരുത്തുറ്റതായി തന്നെ നിലനില്ക്കുന്നു എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ ഒട്ടും താമസിയാതെ മുന്നിട്ടിറങ്ങുകയായിരുന്നു. വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കൊണ്ടിരിക്കുന്നു. ബിസിനസ്സുകാര്‍ക്ക് നിസ്സാര പലിശയ്ക്ക് ആണ് വലിയ തുക വായ്പയായി നല്‍കുന്നത്. ലോക്ക് ഡൗണ്‍ മൂലം വിഷമത്തിലായ ബിസിനസ്സുകാരെ സംബന്ധിച്ചിടത്തോളം അവസരത്തിനൊത്ത ഈ സഹായം വലിയ അനുഗ്രഹമാണ്.
തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മൂലം ജനങ്ങള്‍ പൊറുതി മുട്ടി എന്നാണ് റിപ്പോര്‍ട്ട്. നിശ്ചിത സമയത്തേക്ക് ആര്‍ക്കും പുറത്തിറങ്ങാനാവില്ല. തിരുവനന്തപുരത്തേയ്ക്കുള്ള എല്ലാ വഴികളും അടയ്ക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പറ്റാതെ ജനങ്ങള്‍ പട്ടിണിയിലേക്ക് പോവുകയാണ്. ഇതേ തുടര്‍ന്ന് പൂന്തുറയില്‍ ഇന്ന് രാവിലെ ജനകീയ പ്രക്ഷോഭം അണപൊട്ടി ഒഴുകി എന്നാണ് നാട്ടില്‍ നിന്നും വന്ന റിപ്പോര്‍ട്ടുകളിലൂടെ അറിയാന്‍ കഴിഞ്ഞത്. തങ്ങള്‍ക്ക് അടിയന്തിരമായി ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഇത് ന്യായമല്ലെന്ന് ആര്‍ക്കെങ്കിലും പറയാനൊക്കുമോ...?
വൈറസ് വ്യാപനം മൂലം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പോലുള്ള കടുത്ത നടപടികള്‍ വേണ്ടി വരും. കടകമ്പോളങ്ങളെല്ലാം നിര്‍ബന്ധിതമായി അടയ്ക്കപ്പെടുകയും ചെയ്യും. എന്നാല്‍ അതിനു മുമ്പ് ജനങ്ങള്‍ക്കു വേണ്ട നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമായിരുന്നു. ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് പൂന്തുറയില്‍ ഉണ്ടായിട്ടുള്ളത്. അതേ സമയം നഗരത്തിന്റെ പല ഭാഗങ്ങളിലും കമാന്‍ഡോകളെ ഇറക്കി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കമാന്‍ഡോകളെ ഇറക്കാന്‍ മതിയായ തരത്തില്‍ കൊടിയ ഭീകരാക്രമണ ഭീഷണിയൊന്നും ഈ പ്രദേശങ്ങള്‍ നേരിടുന്നില്ലല്ലോ.
ഇങ്ങനെ എഴുതുന്ന എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെ എന്നെ രോഗം ബാധിച്ചേക്കാം. എന്റെ തൊട്ടടുത്തുള്ളവരും നാളെ കോവിഡ് പോസിറ്റീവ് ആയേക്കാം. കാരണം ഹൂസ്റ്റണിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇവിടെ കുട്ടികളുടെ ആശുപത്രി വരെ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാല്‍ കൃത്യസമയത്ത് ക്വാറന്റൈനില്‍ പോകാനും ജനങ്ങള്‍ക്ക് ആവശ്യമുള്ള സാമ്പത്തികം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും എത്തിച്ചുകൊണ്ട് സര്‍ക്കാര്‍ സംവിധാനം ജനപക്ഷമായി നിലകൊള്ളുമ്പോള്‍ എന്തിന് പേടിക്കണം.
നാട്ടിലായാലും ലോകത്തെവിടെയായിലും കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കുറ്റമറ്റതും കാര്യക്ഷമവും ഫലപ്രദവുമായ പ്രവര്‍ത്തനമാണ് സമൂഹത്തെ ഭീതിയില്ലാതെ ജീവിക്കാന്‍ പ്രാപ്തമാക്കുന്നത്.