Image

ജമന്തിപ്പൂബിസ്‌ക്കറ്റുകള്‍( കഥ : രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 11 July, 2020
 ജമന്തിപ്പൂബിസ്‌ക്കറ്റുകള്‍( കഥ : രമ പ്രസന്ന പിഷാരടി)
ഞാന്‍ സ്ഥിരമായി തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ആളല്ല. പക്ഷെ എന്റെ അച്ഛന്റെ ബന്ധു തിരുവനന്തപുരം സെക്രട്ടറിയേറ്റിലേയ്ക്ക് ട്രാന്‍സ്ഫറായപ്പോള്‍ കേട്ടിരുന്ന തീവണ്ടിക്കഥകളില്‍ താമസിച്ചോടുന്ന ട്രെയിനുകളായിരുന്നു അധികവും.  ഇന്നത്തെ എന്റെ തീവണ്ടിയും അരമണിക്കൂര്‍ വൈകിയാണ് വന്നത്. 6.20ന് എത്തേണ്ട വണ്ടി വന്നത് 7.15നാണ്.

 

രണ്ട് ബാഗുമായി തിരക്കിനിടയിലൂടെ ഒരു ജാലകസീറ്റ് ഞാന്‍ കൈയേറി.  എന്റെ എതിരെ ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നു.  അടുത്തിരുന്നത് ഒരു കോളേജ് വിദ്യാര്‍ഥിനിയായിരുന്നു.  അതിനപ്പുറത്ത് വായിക്കാനെന്നോണം ഒരു മാസിക കൈയില്‍ മടക്കി സൂക്ഷിച്ചിരുന്ന ചെറുപ്പക്കാരനും.


എന്റെ എതിരെയിരുന്ന സ്ത്രീയുടെ കൈയിലൊരു ബിസ്‌ക്കറ്റ് പാക്കറ്റ് ഉണ്ടായിരുന്നു. ചായക്കാരന്‍ ചായയുമായി വന്നപ്പോള്‍ അവര്‍ ഒരു ചായ വാങ്ങി. കൈയിലെ ബിസ്‌ക്കറ്റ് പാക്കറ്റ് തുറന്ന് അവര്‍ ചായയും ബിസ്‌ക്കറ്റും പതിയെ കഴിക്കാനാരംഭിച്ചു,  അവര്‍ കൈയിലെടുത്ത ബിസ്‌ക്കറ്റിലേയ്ക്ക് ഞാന്‍ വെറുതെ നോക്കി,  മാരിയുടെ ബിസ്‌ക്കറ്റ്. മഞ്ഞക്കടലാസുകൂടിലെ ആ ബിസ്‌ക്കറ്റ് ബ്രിട്ടാനിയ മാരി ഗോള്‍ഡാണോ, പാര്‍ലെ മാരിയാണോ എന്നെനിക്ക് മനസിലാക്കാനായില്ല.

 

ട്രെയിന്‍ ഇടയ്ക്കിടെ കുലുങ്ങുകയും ചില സ്റ്റോപ്പുകളില്‍ നിര്‍ത്തുകയും ചെയ്തു. വഴിയിലെ വൃക്ഷങ്ങളും, പാടങ്ങളും, പുഴകളും പറന്നുപോകുന്ന കിളികളും എന്റെ ജാലകക്കാഴ്ച്ചയിലേയ്ക്ക് നടന്ന് കയറിയോടിമാഞ്ഞുപോയി.   അപ്പോഴാണ്  ആയിരം കോടിപാലം എന്നെഴുതിയ ഒരു ബോര്‍ഡ് കണ്ടത്. അതേത് പാലമെന്ന് എനിക്ക് മനസ്സിലായില്ല.  അങ്ങനെയൊരു പേര് പോലും ഇതേ വരെ കേട്ടിട്ടില്ല. കേരളത്തിലെ പല സ്ഥലങ്ങളും ഇന്നും എനിക്കറിയില്ല എന്നതൊരു സത്യമാണ്.


അതിനടുത്ത  സ്റ്റോപ്പില്‍ കുറെ പേര്‍ ഇറങ്ങിപ്പോയി.  ഇരുപത്തിരണ്ട് വര്‍ഷത്തിനിടയിലെ എന്റെ രണ്ടാമത്തെ ട്രെയിന്‍ യാത്രയാണിത്. ഇന്റര്‍സിറ്റിയില്‍ തൃശ്ശൂരേയ്ക്ക് അഞ്ചുവര്‍ഷം മുന്‍പൊന്ന് സഞ്ചരിച്ചിരുന്നു. അതിനു ശേഷം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേയ്ക്ക് ഇന്നൊരു യാത്ര. ട്രെയിനിലും ബസിലും, വിമാനത്തിലും യാത്ര ചെയ്യാന്‍ ഫോബിയ എന്ന    യുക്തിരഹിതമായ അമിതഭയം  ഉള്ള എന്റെ ഭര്‍ത്താവ് നടത്തുന്ന കാര്‍ യാത്രയുടെ നല്ലവശങ്ങളും, സമയനഷ്ടവും രണ്ടും ഉള്‍ക്കൊള്ളാന്‍ ഇന്ന് ഞാന്‍ പഠിച്ചു കഴിഞ്ഞു. ഈ ട്രെയിന്‍ യാത്ര  അത്യാവശ്യമായി വന്നത് കൊണ്ട് മാത്രം നടത്തിയ സാഹസികതയായിരുന്നു.


എന്റെ എതിരെ ഇരുന്ന സ്ത്രീ മാരി ബിസ്‌ക്കറ്റിന്റെയും ചായയുടെയും സാമ്രാജ്യത്തിലാണ്.  ബ്രിട്ടാനിയ, പാര്‍ലെ, സണ്‍ഫീസ്റ്റ് എന്നീ പല കമ്പനികളും കൂവപ്പൊടിബിസ്‌ക്കറ്റുകളെന്നവകാശപ്പെടുന്ന ആരോറൂട്ട് ബിസ്‌ക്കറ്റുകളുടെ പ്രളയം തന്നെ ഇന്ന് കമ്പോളത്തില്‍  സൃഷ്ടിച്ചിട്ടുണ്ട്.   അവരുടെ കൈയിലുള്ള പായ്ക്കറ്റ് ഏതെന്ന് എനിയ്ക്ക് മനസ്സിലാക്കാനായില്ല. മഞ്ഞ നിറത്തിലുള്ള കവറുള്ള ഒരു ബിസ്‌ക്കറ്റ് പായ്ക്കറ്റായിരുന്നു അത്

 

മാരി പാക്കിലെ അവസാന ബിസ്‌ക്കറ്റ് ചായ ചേര്‍ത്ത് കഴിച്ച്  പേപ്പര്‍ കപ്പ് അവര്‍ ചുരുട്ടിക്കൂട്ടി ബിസ്‌ക്കറ്റ് കവറിനോടൊപ്പം  പുറത്തേയ്‌ക്കെറിഞ്ഞു.  പേപ്പര്‍ കപ്പ് പുറത്തേയ്ക്ക് പോവുകയും  ബിസ്‌ക്കറ്റ് കവറിനെ ടെയിനിനെതിരെ വീശിയ  കാറ്റ്  എന്റെ കൈയിലേയ്ക്ക് തിരികെ കൊണ്ടുവരുകയും ചെയ്തു. ബാഗിലെന്തോ തിരയുകയായിരുന്നതിനാല്‍  ബിസ്‌ക്കറ്റ് കവര്‍ എന്റെ കൈയിലേയ്ക്ക് വീണത് അവര്‍ കണ്ടില്ല.  ആ സ്ത്രീ പിന്നീട് ബാഗില്‍ സൂക്ഷിച്ചിരുന്ന കുപ്പിയിലെ വെള്ളം ഒന്ന് രണ്ട് കവിള്‍ കുടിച്ച് കണ്ണടച്ച് വീണ്ടും ഉറങ്ങാനാരംഭിച്ചു.

 

 അടുത്തിരിക്കുന്നവരിലൊരാള്‍ മയക്കത്തിലാണ്. മറ്റൊരാള്‍  മാസിക വായിക്കുന്നു. പതിയെ ഞാനാ ബിസ്‌ക്കറ്റ് കവര്‍ നിവര്‍ത്തി നോക്കി. അതിലെ ബ്രാന്‍ഡ് ടാഗ് വായിച്ചു.

സണ്‍ഫീസ്റ്റ് വേദ മാരി ലൈറ്റ്..

അങ്ങനെയൊരു ബിസ്‌ക്കറ്റ് മാര്‍ക്കറ്റിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.

തുളസി, ഇഞ്ചി, അശ്വഗന്ധം, ഏലക്ക, ഇരട്ടിമധുരം എന്നിങ്ങനെ പ്രകൃതിദത്തമായ അഞ്ചു ചേരുവകളതിലുണ്ടത്രെ.

 

പത്ത് രൂപയ്ക്ക് ആയുര്‍വേദബിസ്‌ക്കറ്റ്.. എനിക്കതൊരു കൗതുകമായി അനുഭവപ്പെട്ടു.

ആ  ബിസ്‌ക്കറ്റ് വാങ്ങി രുചിയറിയണമെന്നൊരാഗ്രഹമെനിക്കുണ്ടായി.

അടുത്ത സ്റ്റേഷനിലെ കടയില്‍ ആ ബിസ്‌ക്കറ്റ് ഉണ്ടാകുമോ?

 

ഒരോ സ്റ്റോപ്പും വരുമ്പോള്‍ ഇവിടെയിറങ്ങി ഒരു വേദ മാരി  കിട്ടുമോ എന്നന്വേഷിക്കണമെന്ന് തോന്നി. പക്ഷെ മനസ്സ് വന്നില്ല. ഇറങ്ങിപ്പോയാല്‍ തിരികെ വരുമ്പോള്‍ സീറ്റിലാരെങ്കിലും വന്നിരുന്നാലോ.  കോട്ടയത്ത് ചെന്ന്  പ്രകൃതിരുചിയുടെ ബിസ്‌ക്കറ്റ് വാങ്ങാം എന്നൊരു തീരുമാനം ഞാനെടുത്തു.

 

മാരിഗോള്‍ഡ് എന്ന  പൂവിന്റെ പേരിനെ ബിസ്‌ക്കറ്റിനായി നല്‍കി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കതെന്തിനെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

 

അതിന്റെ സത്യാവസ്ഥ പിന്നീടെനിക്ക് മനസ്സിലായി. മാരിഗോള്‍ഡ് ബിസ്‌ക്കറ്റും ബന്തിപ്പൂവുമായി  യാതൊരു ബന്ധവുമില്ല.   ലണ്ടനിലെ ഒരു ബേക്കറിയില്‍ എഡിന്‍ബര്‍ഗിലെ  പ്രഭുവിന്റെയും റഷ്യയിലെ  ചക്രവര്‍ത്തി അലക്‌സാണ്ടര്‍ രണ്ടാമന്റെ മകളുമായ മാരിയ  അലക്‌സാന്‍ഡ്രോവ്‌നയുടെയും വിവാഹത്തിനായുണ്ടാക്കിയ മാരിയ എന്ന പേരുള്ള ബിസ്‌ക്കറ്റാണത്.

ബ്രിട്ടാനിയയും, പാര്‍ലെയും, ഇപ്പോള്‍ സണ്‍ഫീസ്റ്റുമൊക്കെ വരുന്നതിനും മുന്‍പേ  മാരി ബിസ്‌ക്കറ്റ് ഒരു നാടുവാഴിയുടെ വിവാഹബഹുമാനാര്‍ഥം ഉണ്ടാക്കിയ ബിസ്‌ക്കറ്റായിരുന്നു  എന്നുള്ള അറിവില്‍ ഞാന്‍ അത്ഭുതപ്പെട്ടു.  മാരിയ്ക്ക് ഗോള്‍ഡ് എന്ന് കൂടി ചേര്‍ത്തപ്പോഴാണ് അതൊരു പൂവിന്റെ പേരായി മാറിയത്.

ബന്തിപ്പൂവുകളെക്കാള്‍ ജമന്തിപ്പൂവിനെയായിരുന്നു എനിക്ക് കൂടുതലിഷ്ടം. ഇംഗ്‌ളീഷ് മാരിയും ഇന്ത്യന്‍ ബന്തിപ്പൂവും മാര്‍ക്കറ്റില്‍ മല്‍സരം നടത്തുമ്പോള്‍ ജമന്തിപ്പൂവെന്ന  പേര് ബിസ്‌ക്കറ്റിന് കിട്ടാതെ പോയത് റഷ്യന്‍ പരമ്പരയിലെ ചക്രവര്‍ത്തിയുടെ മകളുടെ പേര് മരിയ എന്നായതാണ് കാരണമെന്ന് എനിയ്ക്ക് മനസ്സിലായി.  അവര്‍ക്ക് ക്രിസാന്തിമം എന്ന പേരായിരുന്നെങ്കില്‍ ജമന്തിപ്പൂബിസ്‌ക്കറ്റുകളുണ്ടായേനെ എന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, 

 

മാരി ബിസ്‌ക്കറ്റുകള്‍ കടകളില്‍ തീര്‍ത്തും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്, ബ്രിട്ടാനിയയെന്ന് കരുതി കൈയിലെടുക്കുന്നത് ചിലപ്പോള്‍ പാര്‍ലെയായിരിക്കും മാരി ഒറിജിനല്‍ തേടുമ്പോള്‍ കൈയില്‍ വന്ന് വീഴുക സണ്‍ഫീസ്റ്റാവും .

 

ഞാനൊരു  മാരിബിസ്‌ക്കറ്റ് സംരംഭം ആരംഭിച്ചാല്‍ അതിന് മാരി ക്രിസാന്തിമം എന്ന പേരിടുമെന്ന് തന്നെ തീര്‍ച്ചപ്പെടുത്തി. ബിസ്‌ക്കറ്റുകള്‍ക്ക് പൂവുകളുടെ പേര് ഒരിക്കലും ചേരില്ലെങ്കിലും ബന്തിപ്പൂബിസ്‌ക്കറ്റ് എന്ന് പറയുന്നതിലും ആകര്‍ഷകത്വം ജമന്തിപ്പൂബിസ്‌ക്കറ്റ് എന്ന് കേള്‍ക്കുമ്പോഴാണെന്ന് എനിയ്ക്ക് തോന്നി.  തമിഴത്തി പൂക്കാരി ചെണ്ട് പൂവ് എന്ന് പറയുമ്പോഴുള്ളതിനെക്കാള്‍ കേള്‍ക്കാനിമ്പം തോന്നുക സേവന്തികെ പൂവ് എന്ന് പറയുമ്പോഴാണ്.


മാരി ഗില്‍ഡ  എന്നൊരു ആംഗ്‌ളോ ഇന്ത്യന്‍ കുട്ടി പണ്ടെന്റ ക്‌ളാസിലുണ്ടായിരുന്നു. ആ കുട്ടിയെ മാരിഗോള്‍ഡേ  എന്ന് കുട്ടികളും ടീച്ചേഴ്‌സും തമാശയ്ക്ക് വിളിക്കാറുണ്ടായിരുന്നു. അപ്പോഴൊന്നും രാഞ്ജിയോ, പൂവായ മാരിഗോള്‍ഡോ ആയിരുന്നില്ല അവരുടെ മനസ്സില്‍, വൃത്താകൃതിയുള്ള ഒരു ബിസ്‌ക്കറ്റ് അതു മാത്രം... പിന്നീട് ആ കുട്ടി സ്‌ക്കൂളില്‍ നിന്ന് കോളേജിലെത്തിയപ്പോഴേയ്ക്കും മാരി എന്ന പേര് നോട്ടറൈസ് ചെയ്ത് മരിയ എന്നാക്കി മാറ്റിയെടുത്തിരുന്നു.  അത്രയ്ക്കായിരുന്നു ആ കുട്ടി വിഷമിച്ചത്.. അതൊരു മാനസികസംഘര്‍ഷമുണ്ടാക്കുന്ന തമാശയായിരുന്നു എന്ന് മനസ്സിലാക്കാന്‍ അന്ന് സാധിച്ചിരുന്നില്ല.


എന്റെ സ്‌കൂള്‍കാലത്ത് എന്റെ പേര് മാറ്റണമെന്ന് എനിയ്ക്കാഗ്രഹമുണ്ടായിരുന്നു . സിന്ധു, ബിന്ദു,  ബീന, ആശ ഇങ്ങനെയുള്ള പേരുള്ള കുട്ടികള്‍ എത്ര ഭാഗ്യവതികളാണെന്ന് അക്കാലത്ത്  ഞാന്‍ കരുതി  ശ്രീദേവി എന്ന എന്റെ പേരു മാറ്റിയാലോ  എന്ന് ഞാന്‍ ആലോചിച്ചിരുന്നു. എന്റെ മുത്തശ്ശിയുടെ പേരാണത്രെ ശ്രീദേവി.. പഴയവരെ ഓര്‍മ്മിക്കുക ബഹുമാനിക്കുക എന്ന സല്‍ക്കര്‍മ്മമാണത്. പിന്നീട് ശ്രീദേവി എന്ന സിനിമാ അഭിനേത്രി ബോളിവുഡ് കീഴടക്കി മുന്നേറിയപ്പോള്‍ അത്രയും നാള്‍  അമ്മമാര്‍ക്കും, അമ്മൂമാര്‍ക്കുമുണ്ടായിരുന്ന ശ്രീദേവി എന്ന പേര് എല്ലാവരെയും അസൂയപ്പെടുത്തുന്ന ഒന്നായി മാറി..  ഭാഗ്യത്തിന് നാരായണി എന്ന വല്യ മുത്തശ്ശിയുടെ പേരിടേണ്ട കുട്ടി എന്റെ ചേട്ടനായിരുന്നതിനാല്‍ അമ്മാവനതൊന്ന് പരിഷ്‌ക്കരിച്ച് ഋഷി നാരായണന്‍ എന്നാക്കിത് ഒരു നല്ല കാര്യമാണെന്ന് ഞാന്‍ വിശ്വസിച്ചു. 

 

ട്രെയിന്‍ ഒന്നു കുലുങ്ങി  മുന്നിലെ സ്ത്രീ ഒന്നു കണ്ണു തുറന്ന് എല്ലാവരെയും നോക്കി.  തീവെയിലിലും ആചാരപ്രകാരമുള്ള പര്‍ദ്ദ ധരിച്ച് പാവം ഉറങ്ങുകയായിരുന്നു. അവരുടെ അടുത്തിരുന്ന പെണ്‍കുട്ടി തിളങ്ങുന്ന ഫ്രോക്ക് ധരിച്ചിരുന്നു. ഒരു ചോക്‌ളേറ്റ് കടലാസില്‍ നൃത്തക്കാരി പാവക്കുട്ടിയെ ഉണ്ടാക്കുകയാണവള്‍. . കുട്ടിക്കാലത്ത് ഞങ്ങളുണ്ടാക്കിയ ചെറിയ നൃത്തക്കാരികള്‍ ചോക്‌ളേറ്റ് കടലാസില്‍ തീര്‍ത്തവയായിരുന്നു.


സണ്‍ഫീസ്റ്റ്  വേദ മാരിയുടെ മഞ്ഞക്കവര്‍ മടക്കി ഞാനെന്റെ  പേഴ്‌സിന്റെ ചെറിയ അറയില്‍ വച്ചു. യാത്രയ്ക്കിടയില്‍ ഉപേക്ഷിക്കേണ്ട വസ്തുക്കളും,   ചായക്കപ്പുകളും, ബിസ്‌ക്കറ്റ് കവറുകളും പുറത്തേയ്‌ക്കെറിഞ്ഞ് നിരത്തുകള്‍ വൃത്തികേടാക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ  ഞങ്ങളുടെ  ഏറിയയിലെ കണ്‍വീനര്‍  ഞാനായിരുന്നു. ചെറിയ വീഡിയോ ക്‌ളിപ്പുമായി സ്‌ക്കൂളിലും കോളേജിലുമൊക്കെ പോയി കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നത് ഞങ്ങളുടെ ടീമിന്റെ മുഖ്യജോലിയായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാനി പ്രകൃതിദത്തചേരുവകളുണ്ടെന്ന് അവകാശപ്പെടുന്ന  ബിസ്‌ക്കറ്റ് കവര്‍ കൈയിലാക്കിയത് അതിന്റെ രുചി അറിയാനുള്ള ആകാംഷ കൊണ്ടോ കൊതി കൊണ്ടോ ആയിരുന്നു.


ചായയും, വടയുമായി വീണ്ടും റെയില്‍വേ വില്പനക്കാര്‍ വന്നു. എന്റെ മുന്നിലിരുന്ന സ്ത്രീ ഒരു ചായ കൂടി വാങ്ങി.  കുട്ടിയോട്  വേണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട എന്നവള്‍ പറഞ്ഞു. ബാഗില്‍ നിന്ന് വീണ്ടും അവര്‍ ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് കൂടിയെടുത്തു, മഞ്ഞക്കവറുള്ള പ്രകൃതിദത്തചേരുവകളായ തുളസി, ഇഞ്ചി, അശ്വഗന്ധം, , ഏലക്ക, ഇരട്ടിമധുരം  ഇവ ചേര്‍ന്ന ബിസ്‌ക്കറ്റ് അവര്‍ എന്തൊരു വിശപ്പ് എന്ന മട്ടില്‍ തിന്നുകൊണ്ടിരുന്നു.


 എന്റെ നോട്ടം കണ്ടിട്ടായിരിക്കാം അവര്‍ ബിസ്‌ക്കറ്റ് പാക്കറ്റ് എന്റെ നേരെ നീട്ടി.

ട്രെയിനില്‍  നിന്ന് ആരെങ്കിലും  ഭക്ഷണം തന്നാല്‍ സ്വീകരിക്കരുത്. അമ്മയുടെ ഓര്‍മ്മപ്പെടുത്തല്‍ കാതിലും, ഭര്‍ത്താവിന്റെ മെസേജ്  സെല്‍ ഫോണിലും നിറഞ്ഞു.


നന്ദി.. വേണ്ട..എന്ന് പറയാനേ കഴിഞ്ഞുള്ളൂ.

 

അതില്‍ നിന്നൊരു ബിസ്‌ക്കട്ടെടുത്ത് രുചിക്കാന്‍ ഹൃദയം വീണ്ടും വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മനസ്സ് അതിരു കാക്കുന്ന സുരക്ഷാഭടനായി.

ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തി പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ആദ്യം കണ്ട  കടയിലേയ്ക്ക് രണ്ട് ബാഗിന്റെ ഭാരവുമായി ഞാന്‍ ചെന്നു.

 

എന്താ വേണ്ടത്?

കടക്കാരന്‍ ചോദിച്ചു

ഒരു വേദ മാരി

എന്തോന്ന്?

ഒരു സണ്‍ഫീസ്റ്റ് വേദ മാരി

 

അയാള്‍ അടുക്കി വച്ചിരുന്ന സ്റ്റാന്‍ഡ് മുഴവന്‍ പരതി.

സോറി സ്റ്റോക്കില്ല എന്നയാള്‍ പറയുമ്പോള്‍ .അയാളങ്ങനെയൊരു ബിസ്‌ക്കറ്റിന്റെ പേര് കേട്ടിട്ട് പോലുമില്ലെന്നെനിക്ക് മനസ്സിലായി. അതംഗീകരിക്കാന്‍ അയാളിലെ ബിസിനസ്‌കാരന്‍ തയ്യാറായിരുന്നില്ല

കടക്കാരനെ വെറുതെ മുഷിപ്പിക്കേണ്ട എന്ന് കരുതി 'ശരി ചേട്ടാ സാരല്യ'..എന്ന് പറഞ്ഞ് തിരികെ നടന്നു.

ഓട്ടോയിലിരുന്നപ്പോള്‍ ഞാന്‍ ബിസ്‌ക്കറ്റുകളുടെ ലോകത്തായിരുന്നു. ജമന്തിപ്പൂവിന് ഔഷധഗുണമുണ്ടെന്ന് പ്രകൃതിചികില്‍സയില്‍ വായിച്ചിട്ടുണ്ട്.  ഞാനുണ്ടാക്കുന്ന മാരിയില്‍ ജമന്തിപ്പൂവിന്റെ സുഗന്ധമുണ്ടാകും...

ജമനതിപ്പൂബിസ്‌ക്കറ്റുകള്‍-അതായിരിക്കും അതിന്റെ പേര്.

 

സണ്‍ ഫീസ്റ്റ് വേദ മാരി എന്ന പേരിനൊരു കല്ലുകടിയുണ്ടെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞെങ്കിലും അതിന്റെ രുചി അറിയണമെന്ന അത്യാഗ്രഹം എന്നിലുണ്ടായിരുന്നു.  അതിനാല്‍  ഓട്ടോയിലൂടെ  പോകുമ്പോള്‍ ഞാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തിരഞ്ഞു. ഓട്ടോഡ്രൈവര്‍ നിര്‍ത്താനാകില്ലെന്ന് പറഞ്ഞെങ്കിലും നിര്‍ത്താന്‍  എനിയ്ക്ക് സൗകര്യമെന്ന് തോന്നിയ കടകളിലൊക്കെ ഞാന്‍ ആ ഓട്ടോ നിര്‍ത്തിച്ചു,

 

വേദ മാരി എന്നെ കബളിപ്പിച്ചു കൊണ്ടിരുന്നു. എന്റെ ആശയങ്ങളുടെ, ചിന്തകളുടെ ഫാക്ടറിയില്‍  നിന്ന് ഞാന്‍ സൃഷ്ടിച്ചെടുത്ത ജമന്തിപ്പൂബിസ്‌ക്കറ്റുകള്‍  എന്റെ  മനസ്സിലിരുന്ന്   എന്നെ വേണ്ടുവോളം പ്രോല്‍സാഹിപ്പിച്ചു.  അമ്മ  എന്നോട് ഇടയ്ക്കിടെ പറയുന്നത് ശരിയാണ്. എനിക്ക് ചിലനേരങ്ങളില്‍  അമിതാകാംഷയുടെ ഒബ്‌സെസ്സിവ് കംപല്‍സീവ് ഡിസോര്‍ഡര്‍  എന്ന  ഒ സി ഡിയുടെ ബാധ കൂടാറുണ്ട്


ഒടുവില്‍  ഒരു അനശ്വരമാര്‍ട്ടിന് മുന്നില്‍ ഓട്ടോ വീണ്ടും എന്റെ ആവശ്യപ്രകാരം നിന്നു.  ഓട്ടോ ഡ്രൈവര്‍ എന്നെ ഒരു കോമഡിയാത്രക്കാരിയെ പോലെ കണ്ടു. ഭാഗ്യവശാല്‍ അത് നന്നായി. അയാളുടെ പ്രാക്ക് കേള്‍ക്കേണ്ടി വന്നില്ല.


അനശ്വരമാര്‍ട്ടിന്റെ എ സി തണുപ്പിലേയ്ക്ക് കയറി  ആദ്യം കണ്ട യൂണിഫോം ധരിച്ച കൗണ്ടര്‍ സ്റ്റാഫിനോട് ഞാന്‍ ചോദിച്ചു..

 

ഇവിടെ സണ്‍ഫീസ്റ്റ് വേദ മാരിയുണ്ടോ..

യെസ് മാം

ഞാനൊന്നു ചിരിച്ചു..

 

(ഞാന്‍   സൃഷ്ടിക്കാനുദ്ദേശിക്കുന്ന  ജമന്തിപ്പൂബിസ്‌ക്കറ്റ് തേടിയും ആരെങ്കിലും ഇതേ പോലെ യാത്ര ചെയ്‌തേക്കും  എന്ന് വിശ്വസിക്കാന്‍ ഞാനാഗ്രഹിച്ചു.)

 ജമന്തിപ്പൂബിസ്‌ക്കറ്റുകള്‍( കഥ : രമ പ്രസന്ന പിഷാരടി)
Join WhatsApp News
ജോസഫ് നമ്പിമഠം 2020-07-11 14:12:44
ബോധധാരാ സമ്പ്രദായത്തിൽ (Stream of Consciousness) എഴുതിയ ഒരു നല്ല കഥ. അഭിനന്ദനങ്ങൾ. (In literature, stream of consciousness is a method of narration that describes happenings in the flow of thoughts in the minds of the characters. The term was initially coined by psychologist William James in his research, The Principles of Psychology.
Pisharody Rema 2020-07-12 09:21:28
Thank you So much Sir for reading my story and your enlightening words on Stream of Consciousness. Thank you once again..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക