Image

അൽ സഹീർ എന്ന ഫിലദൽഫിയ (യാത്രാവിവരണം 6: സാംജീവ്)

Published on 12 July, 2020
അൽ സഹീർ എന്ന ഫിലദൽഫിയ (യാത്രാവിവരണം 6: സാംജീവ്)
ആധുനിക തുർക്കിയുടെ മനീസാ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് അൽ സഹീർ. പുരാതനകാലത്ത് ഈ നഗരം ഫിലദൽഫിയാ എന്നറിയപ്പെട്ടിരുന്നു. വാക്കിന്റെ അർത്ഥം സഹോദരസ്നേഹത്തിന്റെ സ്ഥലം എന്നാണ്. സർദ്ദീസിൽ നിന്നും 28 മൈൽ തെക്കു കിഴക്കാണ് ഈ സ്ഥലം. ബൊസ്ദാദ് പർവ്വതനിരകളുടെ ഫലഭൂയിഷ്ടമായ കുസുക്കേ താഴ്വരയിലാണു അൽ സഹീർ. മുന്തിരിയാണു പ്രധാന കൃഷി. ഇവിടെ വിളയുന്ന മുന്തിരി വിശ്വോത്തരമാണ്. മുന്തിരിയുടെ ദേവനായിരുന്ന ഡയോനിസിസ് ആയിരുന്നു പുരാതന കാലത്തു ഫിലദൽഫിയായിലെ ആരാധനാമൂർത്തി.

ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടിൽ ഈ സ്ഥലം പെർഗമോസ് രാജ്യത്തിന്റെ ഭാഗമായിരുന്നു. ബി.സി. 158 മുതൽ 138 വരെ ഭരണം നടത്തിയിരുന്ന അത്തലൂസ് രണ്ടാമനായിരുന്നു ഫിലദൽഫിയാ നഗരത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിനു മുമ്പ് ഭരണം നടത്തിയിരുന്നത് സഹോദരനായ യൂമനസ് ആയിരുന്നു. അവർ തമ്മിലുള്ള ഗാഢമായ സഹോദരസ്നേഹത്തിന്റെ പ്രതീകമായിട്ടാണ് ഫിലദൽഫിയ സ്ഥാപിക്കപ്പെട്ടത്.

യവനസംസ്ക്കാരം ആഴത്തിൽ വേരുറപ്പിച്ച ഫിലദൽഫിയാ ബി.സി. 129ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. എ.ഡി. 17ൽ അതിഭയങ്കരമായ ഒരു ഭൂകമ്പത്തിൽ ഫിലദൽഫിയാ തകർന്നു തരിപ്പണമായി. റോമൻ ചക്രവർത്തിയായിരുന്ന തിബര്യാസ് കൈസറുടെ കാലത്താണത്. തിബര്യാസ് കൈസറും തുടർന്നു ഭരിച്ച കലിഗുല, വെസ്പേഷ്യൻ മുതലായ ചക്രവർത്തിമാരും ഫിലദൽഫിയായുടെ പുനർനിർമ്മാണത്തിനു നടപടികൾ എടുത്തവരാണ്.
ഇന്നു ഫിലദൽഫിയായിൽ കാലു കുത്തുന്ന ഏതൊരു സന്ദർശകനും കാണാൻ കഴിയുന്നത് തകർക്കപ്പെട്ട ഒരു ബസിലിക്കയുടെ മൂന്നു പടുകൂറ്റൻ തൂണുകളാണ്. അപ്പോസ്തലനായ യോഹന്നാന്റെ നാമധേയത്തിലുള്ളതായിരുന്നു തകർക്കപ്പെട്ട പള്ളി. എ.ഡി. 600ൽ ബൈസാന്തിയൻ ചക്രവർത്തിയായിരുന്ന തിയഡോഷ്യസ് ആണ് ഈ ബസിലിക്ക പണി കഴിപ്പിച്ചത് എന്നു കരുതുന്നു. എ.ഡി. 1389ൽ ഫിലദൽഫിയാ ഒട്ടോമാൻ തുർക്കി സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.
അപ്പോസ്തലനായ യോഹന്നാന്റെ പേരിലുള്ള തകർക്കപ്പെട്ട പള്ളിയുടെ തൊട്ടടുത്ത് റോഡിന്റെ എതിർവശത്തായി ഒരു മുസ്ലിം ദേവാലയം കാണാം. യിൽദിരിം ബസായിത് മോസ്ക് എന്നാണ് ആ പള്ളി അറിയപ്പെടുന്നത്. എ.ഡി. 1390 മുതൽ 1400 വരെയുള്ള പത്തു വർഷം കൊണ്ടാണു ആ പള്ളി പണി തീർത്തത്. അങ്കാറാ യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന സമയമായിരുന്നു. തൈമൂർ-ഒട്ടോമാൻ യുദ്ധമായിരുന്നല്ലോ അങ്കാറാ യുദ്ധം. പ്രസ്തുത യുദ്ധം മൂലം മോസ്കിന്റെ പണി താത്ക്കാലികമായി നിറുത്തി വയ്ക്കേണ്ടി വന്നു.

മുസ്ലിം പള്ളിയുടെ സമീപം ഒരു ക്രിസ്ത്യൻ ദേവാലയം സ്ഥിതി ചെയ്യുന്നത് യാഥാസ്ഥിതികരായ മുസ്ലിങ്ങൾക്കു ദഹിച്ചില്ല. അവർ ക്രിസ്ത്യൻ പള്ളി പൊളിച്ചു കളയണമെന്നു ശാഠ്യം പിടിച്ചെങ്കിലും ഭരണാധികാരിയായിരുന്ന യിൽദിരിം ബസായിത് സുൽത്താൻ സമ്മതിച്ചില്ല. അവരവരുടെ വിശ്വാസമനുസരിച്ചു പ്രാർത്ഥിച്ചു കൊള്ളാൻ അദ്ദേഹം പ്രജകൾക്ക് അനുമതി കൊടുത്തു. അത്ര വിശാല ഹൃദയനായിരുന്നു അദ്ദേഹം. 1920ൽ ഗ്രീക്കുകാരുടെ ആക്രമണ ഫലമായി യിൽദിരിം ബസായിത് മോസ്കും തകർക്കപ്പെട്ടു. പിന്നീടു പുതുക്കിപ്പണിത മോസ്ക് ആണ് ഇന്നു കാണുന്നത്. ചിത്രത്തിൽ തകർക്കപ്പെട്ട ബസിലിക്കായുടെ പടുകൂറ്റൻ തൂണുകളും പിന്നിലായി യിൽദിരിം ബസായിത് മോസ്കിന്റെ മിനാരെറ്റും കാണാം. 

വിശുദ്ധ യോഹന്നാന്റെ നാമധേയത്തിലുള്ള ഫിലദൽഫിയാ ബസിലിക്കാ ആരാണു തകർത്തു തരിപ്പണമാക്കിയത്? ചരിത്രത്തിൽ ഇതിനുള്ള ഉത്തരം തേടി ഈ ലേഖകൻ പരതി. നിരന്തരമായി ഭൂകമ്പത്തിനു വിധേയമാകാറുള്ള ഒരു പ്രദേശമാണു ഫിലദൽഫിയാ. പക്ഷേ ഇവിടെ ഭൂകമ്പത്തെ മാത്രം പ്രതിയാക്കി ചരിത്രത്തിനു രക്ഷപ്പെടാനാവുമോ? യിൽദിരിം ബസായിത്തിനു ശേഷം ഒട്ടോമാൻ സാമ്രാജ്യത്തിന്റെ ഭരണാധികാരം കൈയാളിയ ഏതെങ്കിലും ഒരു സുൽത്താൻ ബസിലിക്കാ തകർത്തു കളയാൻ ഉത്തരവിട്ടിരിക്കുമോ? അസഹിഷ്ണുക്കളായ മതമൌലികവാദികളുടെ കൈകൾ ഇതിന്റെ പിന്നിലുണ്ടോ?

എ.ഡി. 1403ൽ അതീവ രക്തരൂക്ഷിതമായ ഒരു ആക്രമണത്തിലൂടെ ടൈമൂർ എന്ന ക്രൂരനായ മംഗോളിയൻ ചക്രവർത്തി അൽഷഹിർ (ഫിലദൽഫയാ) പിടിച്ചടക്കി. ടൈമൂറിന്റെ ആക്രമണത്തിനു വിധേയമാകുന്ന നഗരം ചണ്ടിക്കൂമ്പാരമായി മാറും. ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ ആക്രമണകാരികളിൽ ഒരാളായിരുന്നു ടൈമൂർ.  എഫെസൊസിൽ യോഹന്നാൻ അപ്പൊസ്തലന്റെ നാമധേയത്തിൽ ജസ്റ്റീനിയൻ ചക്രവർത്തി പണി കഴിപ്പിച്ച പള്ളി കല്ലിന്മേൽ കല്ലു ശേഷിക്കാത്ത സ്ഥിതിയിൽ നശിപ്പിച്ചതു ടൈമൂർ ആയിരുന്നു. ഫിലദൽഫിയായിലും ഇതു തന്നെ ആയിരിക്കണം സംഭവിച്ചത്. (ഇൻഡ്യയിൽ മുഗൾ സാമ്രാജ്യം സ്ഥാപിച്ച ബാബർ ടൈമൂറിന്റെ തലമുറയിൽ പെട്ട ആളായിരുന്നു). ചില വർഷങ്ങൾക്കു ശേഷം അൽഷഹിർ വീണ്ടും ഒട്ടോമാൻ ഭരണത്തിലായി.

ഒന്നാം നൂറ്റാണ്ടു മുതൽ ക്രൈസ്തവ സഭ ഫിലദൽഫിയായിൽ സജീവമായിരുന്നു. വെളിപ്പാടു പുസ്തകത്തിലെ (ബൈബിൾ) ഏഴു സഭകളിൽ ഒന്നാണു ഫിലദൽഫിയാ. മറ്റു സഭകളിൽ നിന്നും വിഭിന്നമായി പ്രശംസാപത്രം മാത്രം നല്കപ്പെട്ട സഭകളാണു സ്മിർണയും ഫിലദൽഫിയായും.

“------നിനക്കു  അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു. എന്റെ വചനം നിഷേധിച്ചിട്ടില്ല. -------- ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാ കാലത്തു ഞാനും നിന്നെ കാക്കും. ഞാൻ വേഗം വരുന്നു. നിന്റെ കിരീടം ആരും എടുക്കാതിരിപ്പാൻ തക്കവണ്ണം നിനക്കുള്ളതു പിടിച്ചു കൊൾക. ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും.”
അങ്ങനെ പോകുന്നു ഫിലദൽഫിയാ സഭയോടുള്ള ദൈവിക സന്ദേശം.
തകർന്നടിഞ്ഞ ബസിലിക്കയുടെ ചുറ്റുമുള്ള തെരുവുകൾ സജീവങ്ങളാണ്. പച്ചക്കറികൾ, തുണിത്തരങ്ങൾ, കരകൌശലസാധനങ്ങൾ മുതലായവയെല്ലാം വില്ക്കുന്ന കടകളാണവിടെ. നിരത്തുകൾ മുഴുവൻ കച്ചവട സാമഗ്രികൾ കൊണ്ടു നിറയപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഉത്സവപ്പറമ്പുളെ അനുസ്മരിപ്പിക്കുന്ന വാണിഭശാലകളാണ് അവിടെല്ലാം.

സഹോദരസ്നേഹത്തിന്റെ നഗരത്തോടു യാത്ര പറയുമ്പോൾ യോഹന്നാൻ അപ്പോസ്തലന്റെ തകർന്നടിഞ്ഞ ബസിലിക്കയിലേയ്ക്കു ഒന്നു കൂടി തിരിഞ്ഞു നോക്കി. അവിടെ മലങ്കാക്കകൾ പറക്കുന്നതു കണ്ടു. ബസിലിക്കയുടെ അവശിശിഷ്ടങ്ങളിൽ അവർ കൂടു വച്ചിട്ടുണ്ടാവും, അവരാണ് അതിന്റെ ഇന്നത്തെ അവകാശികൾ.
അൽ സഹീർ എന്ന ഫിലദൽഫിയ (യാത്രാവിവരണം 6: സാംജീവ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക