ലക്നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് വീട്ടുകാരുടെ അനുവാദമില്ലാതെ വീടുകള്‍ക്ക് കാവി നിറം പൂശിയെന്ന പരാതിയുമായി വ്യാപാരി.
ഒരു സംഘം ആളുകളാണ് വീടുകളില്‍ കാവി നിറം പൂശിയത്. ഇത് തടയാന്‍ ശ്രമിച്ചതിന് അവര്‍ തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. ഈ പ്രദേശത്താണ് ഉത്തര്‍പ്രദേശ് മന്ത്രിയായ നന്ദഗോപാല്‍ നന്ദി താമസിക്കുന്നത്.
പ്രദേശത്ത് വികസനപ്രവര്‍ത്തനം നടത്തുകയാണെന്നും വിവാദം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. പ്രയാഗ് രാജിലെ ബഹദൂര്‍ഗഞ്ച് പ്രദേശത്ത് നിന്നും ഇന്നലെ വ്യാപാരിയായ രവി ഗുപ്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
ഒരു സംഘമാളുകള്‍ വീടിന്റെ പുറം ഭാഗത്ത് കാവി നിറം പൂശുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ മന്ത്രിയുടെ ബന്ധുവാണ് മുഖ്യപ്രതി. സംഭവത്തില്‍ പ്രയാഗ് രാജ് പോലീസ് അന്വേഷണം ആരംഭിച്ചു.