പാമ്പും കോണിയും - നോവൽ - 3 - നിർമ്മല

Published on 18 July, 2020
പാമ്പും കോണിയും - നോവൽ - 3 - നിർമ്മല
കാനഡ മരത്തിൽ ഡോളർ പറിക്കാൻ പോയവരിൽ സാലിയും തെയ്യാമ്മയും ..
വേറെയും ഏറെപ്പേർ ..
കുടിയേറ്റ ജീവിതത്തിന്റെ
കയറ്റിറക്കങ്ങൾ...
പാമ്പും കോണിയും കളി തുടർച്ച...


കാനഡയിലായിരുന്നു സാലി പാർക്കേണ്ടിയിരുന്ന അടുത്ത വീട്. അമ്മയുടെ കസിൻ, യോഹന്നാൻ അവളെ  കാനഡയിലേയ്ക്കു കൊണ്ടുപോകാമെന്നു പറഞ്ഞപ്പോൾ സാലി ആഹ്ളാദത്തിന്റെ പ്ലെയിനിൽ പറന്നു. ഡൽഹി കണ്ട സാലിയ്ക്ക് കാനഡയെക്കുറിച്ചു ഭയമില്ലായിരുന്നു. യോഹന്നാന്റെ വീട്ടിൽ ചെല്ലുമ്പോൾ ആവേശത്തിന്റെ എയർപോർട്ടിലിറങ്ങി സാലി ചിരിച്ചു. വലിയ വീട്, ഭംഗിയുളള മുറികൾ.അൽഭുത ലോകത്തിൽപ്പെട്ടു പോയ സാലിയാലീസ്!
കാനഡയുടെ വടക്കുകിഴക്കായി തണുത്തുറഞ്ഞു കിടക്കുന്ന ആൽബർട്ടയിലായിരുന്നു ആ വീട്. ഉത്തരധ്രുവത്തോടു കൂറുചേർന്ന് മഞ്ഞുകാലത്തെ മടിയിലിരുത്തി താലോലിക്കുന്ന ആൽബർട്ട. മറ്റു സംസ്ഥാനങ്ങളെക്കാൾ തണുപ്പും മഞ്ഞും കൂടുതലാണ് ആൽബർട്ടയിൽ. അതു കൊണ്ട് മറ്റു വലിയ നഗരങ്ങളിലേതുപോലെ അവിടെ ജനപ്പെരുപ്പമില്ല.ജോലി കിട്ടാൻ എളുപ്പമുണ്ട്.ശമ്പളവും കൂടുതലുണ്ട്. പച്ചക്കറികളും പാലും പലചരക്കും മറ്റിടങ്ങളിൽ നിന്നും എത്തേണ്ടതുകൊണ്ട് വില കൂടും.
അത്രയും വൃത്തിയും അലങ്കാരങ്ങളുമുള്ള ഒരു വീടിനുള്ളിൽ അതിനു മുൻപ് സാലി കയറിയിട്ടു തന്നെയില്ല. പിന്നെയല്ലേ താമസിക്കുന്നത്.
സ്വീകരണമുറിയിലെ ചുവന്ന കുഷ്യനുകളും സ്വർണ്ണ ഫ്രെയിമുള്ള സോഫകളും കണ്ടപ്പോൾ രാജകൊട്ടാരം പോലെ അവൾക്കു തോന്നി. ഭിത്തി യെ മുഴുവനായും മറച്ചിരിക്കുന്ന കർട്ടന് അവൾ കണ്ട ഏറ്റവും വലിയ ഓഡിറ്റോറിയത്തിന്റെ കർട്ടനെക്കാൾ ഭംഗിയുണ്ടായിരുന്നു. അതിനു പിന്നിൽ ചെറിയൊരു ചതുര ജനലാണെന്നു കണ്ടു പിടിക്കാൻ സാലിക്കു കുറച്ച് ദിവസങ്ങളെടുത്തു. കർട്ടനെ മാറ്റി നിർത്തി ജനലിനെ ഒന്നു പുറത്താക്കുന്നതെങ്ങനെയാണെന്നറിയാതെ അവൾ കുഴഞ്ഞു. പിന്നെ സ്റ്റേജിന്റെ കർട്ടൻ പോലെ വീടനുള്ളിലെ കർട്ടനും' വലിക്കുന്ന നൂലുണ്ടെന്ന അത്ഭുതത്തിൽ സാലി തൂങ്ങിയാടി.
യോഹന്നാന്റെ വീട്ടിലെ എല്ലാ മുറികളിലും ഒരു ഭിത്തി പൂർണമായും കർട്ടൻ കൊണ്ടു മറച്ചിരുന്നു. ഓരോ മുറിക്കും ഭിത്തിക്കകത്തായി ആൾ പൊക്കത്തിലുള്ള അലമാരിയുണ്ട്. അതിൽ അയവളളി പോലെ ഒരു കമ്പും.തുണിയൊക്കെ ഭംഗിയായി ഹാങ്ങറിൽ തൂക്കിയിടാം. അതിനെ ക്ലോസെറ്റ് എന്നു വിളിക്കുന്നതു കേൾക്കുമ്പോൾ സാലിക്കു ചിരി പൊട്ടും.
- ക്ളോസെറ്റ് കക്കൂസിലല്ലേ ?
പക്ഷേ, ആ വീട്ടിലുള്ളവരാരും ചിരിച്ചു കണ്ടില്ല. സാവധാനത്തിൽ സാലിയുടെ ചിരി മാത്രമല്ല കുടിയേറ്റവും അവിടെ വേണ്ടാത്തൊരു ഭാരമാണെന്ന സത്യം അവളിലേക്കും അവൾ ആ സത്യത്തിലേക്കും കിളർന്നു.
കാനഡയിൽ വന്നതിന്റെ പിറ്റേന്നാണ് സാലി ജീവിതത്തിൽ ആദ്യമായി ചെസ് ബോർഡു കാണുന്നത്.കറുപ്പും വെളുപ്പും സമചതുരങ്ങൾ നോക്കി അവൾ വെറുതെ ചിരിച്ചു. ഒരു സാധാരണ കുടിയേറ്റക്കാരിയെപ്പോലെ. കാരണമില്ലാതെ. ചിരിക്കണമെങ്കിൽ ഒരാളുടെ മുഖത്തു നോക്കണമെന്ന നിർബന്ധമില്ലാത്ത അഭയാർത്ഥിച്ചിരി. ഡൽഹിയിലെ നേഴ്സിങ് ഹോസ്റ്റലിൽ കാരംസ് ബോർഡും ചെസു കളിക്കാൻ ഒരു പലകയും ഉണ്ടായിരുന്നു. സാലിക്ക് കാരംസ് കളിക്കാനായിരുന്നു കൂടുതലിഷ്ടം.
മലയാളം മനസിലാവാത്ത കുട്ടികളായിരുന്നു യോഹന്നാന്റെ മക്കൾ ബോബിയും ബോണിയും. ആദ്യമൊക്കെ അവർ അവളുടെ ചോദ്യങ്ങൾ കേൾക്കാത്ത മട്ടിലിരുന്നു. സാലി പറ്റുന്നത്രയും ഇംഗ്ളീഷിൽ പറഞ്ഞു നോക്കി. ഒന്നു രണ്ടു തവണ അവർ സാലിയുടെ കൂടെ കളിച്ചു. പിന്നെ പഠിക്കുവാനുണ്ടെന്നു പറഞ്ഞ് രക്ഷപെട്ടു.
- പഠിക്കാനുണ്ടെന്നു പറഞ്ഞിട്ടാണോ ടി വി കാണുന്നത്? കളളപ്പിള്ളേർ!
സാലി ചിരിച്ചു. പക്ഷേ, സാലിയുടെ ആൻറിക്ക് ചിരി തീരെ വന്നില്ല.
- പിള്ളാരെ കള്ളരെന്നു വിളിക്കുന്നോ? അധികം കേറി ഭരിക്കേണ്ട
- ഉയ്യോ ഞാൻ തമാശ പറഞ്ഞതല്ലേ !
സാലിയുടെ അമ്പരപ്പും ക്ഷമാപണവും കണ്ടിട്ടും എൽസിയുടെ മുഖത്ത് ഭാവഭേദം ഒന്നുമുണ്ടായില്ല. പിന്നെ ഒരിക്കലും സാലി അവരെ കളിക്കാൻ വിളിച്ചില്ല. ജോലി കിട്ടി കുറെയേറെ പൈസ ഉണ്ടായിക്കഴിയുമ്പോൾ നേഴ്സിങ് ഹോസ്റ്റലിൽ ഒരു കാരംസ് ബോർഡു കൂടി വാങ്ങിക്കൊടുക്കുന്നത് സാലി വെറുതെ സങ്കല്പിച്ചു നോക്കി.
ബോബിക്കും ബോണിക്കും സ്വന്തമായി മുറികളുണ്ടായിരുന്നു. കിടക്ക, ഭംഗിയുള്ള മേശയും കസേരയും. അതിൽ എന്തൊക്കെ സാധനങ്ങളാണ് അലങ്കരിച്ചു വച്ചിരിക്കുന്നത്! ബോണിയുടെ മുറിയിൽ പലതരത്തിലുള്ള സുന്ദരിപ്പാവകൾ നിരന്നിരുന്നു.പല തരത്തിലുള്ള ഉടുപ്പും മുടിയും ബാഗും ഷൂസുമൊക്കെയുള്ള ഓമനക്കുട്ടികൾ .സാലി അതിലൊക്കെ തൊട്ടു നോക്കിയിട്ട് വെറുതെ ചിരിച്ചു.
കാര്യവും കാരണവും ഇല്ലാത്ത കുടിയേറ്റച്ചിരി.
ബോണിയുടെ കിടക്കയ്ക്ക് മൂന്നു പേർക്കു കിടക്കാനുള്ള വലിപ്പമുണ്ട്. പതുപതുത്ത ബെഡ്ഡിനു മുകളിൽ റോസ് നിറത്തിൽ പൂവുകൾ പടർന്നൊരു കുഞ്ഞു മെത്തയുടെ വിരിപ്പ്. അതൊരു രാജകുമാരിക്കിടക്ക തന്നെയാണെന്ന് സാലിക്കു തോന്നി. സാലി വെറുതെ ചിരിച്ചു കൊണ്ട് കംഫർട്ടറിലെ റോസപ്പൂവിൽ വിരൽ കൊണ്ടു വരച്ചു. ബോബി കസേരയിൽ ഒന്നും പറയാതെ ഇരുന്നതേയുള്ളൂ. എന്തു ഭംഗിയാണ്, എന്തു ഭംഗിയാണ് എന്ന് സാലിയുടെ മനസ്സു പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.
ബോബിയുടെ കിടക്കയ്ക്ക് നീല നിറത്തിൽ കാറുകളുടെ പടമുള്ള വിരിപ്പായിരുന്നു. അവർക്ക് പലതരം ഹോബികളും സ്വകാര്യ സ്വത്തുക്കളും ഉണ്ടായിരുന്നു.എന്റെ ഗിറ്റാർ, എന്റെ ഡിക്ഷ്നറി, എന്റെ പെൻസിൽ ഷാർപ്പനർ എന്നൊക്കെ പരസ്പരം തൊടാൻ അനുവദിക്കാതെ കുട്ടികൾ കൃത്യമായ കണക്കുകൾ സൂക്ഷിച്ചു.
അവർ ബോബി ഫിഷറിനെപ്പറ്റി സംസാരിച്ചു.ഈ ബോബി ഫിഷർ ആരാണെന്ന് സാലിക്കു മനസ്സിലായില്ല. പക്ഷേ, ചെസ്സുമായി ബന്ധമുള്ള ആരോ ആണെന്നു മനസ്സിലായി.അതുകൊണ്ട് അവൾ ബോബി മോനെ ബോബി ഫിഷറെന്നു പരിഹസിച്ചുവിളിച്ചു. എന്നാൽ എൽസിയുടെ നോട്ടത്തിൽ നിന്നും അതും ശരിയല്ലെന്ന് അവൾക്കു വേഗത്തിൽ മനസ്സിലായി.
എൽസി വെറും നോട്ടങ്ങൾ കൊണ്ട് അവൾക്ക് വേലിയും ചതുരവും മുറിച്ചു.ശല്യമാകാതെ അടുക്കളയിൽ ഒതുങ്ങി നിന്ന് ആവശ്യപ്പെടാതെ തന്നെ പണികളൊക്കെ ചെയ്തു തീർക്കാൻ ആ നോട്ട ശാസനകൾ സാലിയെ അഭ്യസിപ്പിച്ചെടുത്തു.എന്നിട്ടും എൽസി ഇടക്കൊക്കെ ഇവിടെ വിരുന്നുകാരെ പോറ്റാൻ പറ്റില്ലെന്നു പരാതിപ്പെട്ടു. അപ്പോഴേക്കും പ്രാർത്ഥനയ്ക്കും ഉറക്കത്തിനും ഇടയ്ക്കൊരു കരച്ചിൽ എന്ന ദിനചര്യയിലേക്ക് സാലി പാകപ്പെട്ടിരുന്നു.
എൽസി ആൻറിയും അച്ചാച്ചനും മക്കളോട് ഇംഗ്ളീഷിൽ സംസാരിക്കുന്നത് അവൾ കൗതുകത്തോടെ കേട്ടു നിന്നു. എൽസി ആൻറിക്കു ജോലിയായിരുന്ന ദിവസം ഉച്ചയ്ക്ക് ബോബിക്കും ബോണിക്കും ഹാംബർഗർ ഉണ്ടാക്കുന്ന ജോലി സാലിയുടേതായിരുന്നു.
- ഹങ്കിറി, യൂ ഹ(ങ്കി ?
- യേസ്, ഹങ്കറീ.. ഹങ്കറീ...
ബോബി ഉച്ചത്തിൽ പറഞ്ഞപ്പോൾ ബോണി ചിരിച്ചു. സാലിയും ചിരിച്ചു. അവൾ നാണക്കേടില്ലാതെ പിള്ളേരോടു സംസാരിച്ചു.
- യൂ ലൈക്ക് നോ റൈസ് ?
- വാട്ടീസ് നോറിസ്?
ബോബി സംശയിച്ചപ്പോൾ സാലി വീണ്ടും പറഞ്ഞു.
- റൈസ്... റൈസ് ... ബോയിൽഡ് റൈസ് .
- ഓ.. ചോറ്  നോ...
കുട്ടികൾ വീണ്ടും ഉച്ചത്തിൽ ചിരിച്ചു. സാലിക്കു സന്തോഷമായി.
അവൾ ആംഗ്യം കാണിച്ചു സംസാരിച്ചു. അവൾ പറഞ്ഞതൊക്കെ ബോബി ഏറ്റുപറഞ്ഞു. ബോണി അതൊക്കെ കേട്ടു പൊട്ടിച്ചിരിച്ചു.
- വാട്ട്?
ബോണി ചിരിക്കാൻ ശ്രമിച്ചു കൊണ്ടു ചോദിച്ചു. ബോബി തലകുലുക്കി നടന്നു മറഞ്ഞു.
എന്നിട്ടും അവരുടെ മുറിയിലേക്ക് അവൾ ചെല്ലുന്നത് അവർക്കിഷ്ടമല്ലെന്ന് അവൾക്കു മനസ്സിലായി. എങ്ങനെ മനസ്സിലായി? അതു സാലിക്കങ്ങോട്ടു പറയാൻ പറ്റുന്നുമില്ല.
പിന്നെപ്പിന്നെ ചിരിയുടെ പൊരുളും അവൾക്കു മനസ്സിലായി. മനസ്സിലാകുന്തോറും അവൾ ചുരുങ്ങിച്ചുരുങ്ങി ചെറുതായി .ചെറുതായിച്ചെറുതായി കണ്ണിമാങ്ങ അച്ചാറുപോലെ ചുരുങ്ങി. എരിവുള്ള ചാറിൽ ചുരുങ്ങിക്കട്ടിയായി ഉള്ളിന്റെയുള്ളിൽ ഉറയ്ക്കാത്തൊരു മാങ്ങാണ്ടിയുമായി.
ജോലി കഴിഞ്ഞു വന്ന എൽസി സ്ട്രോബറി വാങ്ങിക്കൊണ്ടു വന്നിരുന്നു. സാലി പടത്തിൽ മാത്രം കണ്ടിട്ടുള്ള പഴം.
- ഉയ്യോ ഇതാന്നോ സ്ട്രോബറി! എന്തു ഭംഗിയാ ഇതു കാണാൻ !
സാലി അതിൽ തലോടി.
- മുഴുവനും കയ്യിട്ടളിച്ചു. ഛേ, ഞാൻ കഴുകി വെച്ചിരുന്നതാ.
സാലി ചെയ്യുന്നതെല്ലാം എൽസിയുടെ കണ്ണിൽ കരടാവുന്നത് അവൾ അറിഞ്ഞു.
- യക്ക് , മമ്മീ വാഷ് ദെം എ ഗേൻ.ഐം നോട്ട് ഗോയിങ് ടു ഈറ്റ് ഇറ്റ് ലൈക്ക് ദാറ്റ്!
കാനഡക്കുട്ടികളും വൃത്തിക്കുട്ടികൾ തന്നെ.
വൈ ഷി ഹാസ് ടു ടച്ച് എവരി തിങ്?
ബോണി അവളുടെ മമ്മിയോടു പരാതിപ്പെട്ടു. മുട്ടാതെ എന്റെ മുറിയിൽ കയറി വരും. എല്ലാ സാധനങ്ങളും തൊട്ടു നോക്കും. പാവകളെ സ്ഥലം മാറ്റിവെക്കും.
പരാതിയുടെ ഒരു കെട്ട് ബോണി അമ്മയ്ക്കു മുൻപിൽ അവതരിപ്പിച്ചു.
താഴത്തെ നിലയിലെ ബേസ്മെൻറിലായിരുന്നു സാലിയുടെ മുറി.അവൾ അവിടെയിരുന്ന് എല്ലാം കേട്ടു .
അന്നു വൈകുന്നേരം മുഴുവൻ അവൾ മുകളിലത്തെ നിലയിലേക്കു പോയില്ല.
പെട്ടെന്നാണ് ഒരു ജോലി വേണമെന്ന ഉൽക്കടമായ ആഗ്രഹം സാലിക്കുണ്ടായത്. അന്ന് ജീവിതത്തിലാദ്യമായി അമ്മാളമ്മച്ചിയുടെ വീട്ടിലേക്കു പോകാൻ അവൾക്കു കടുത്ത ആഗ്രഹം തോന്നി. പക്ഷേ, അതും നടക്കാത്ത ഒരു സാലിയാഗ്രഹം മാത്രമാണെന്ന് അവൾക്കറിയാമായിരുന്നു.അതോടെ സാലിയുടെ ലോകം അടുക്കളയും അവളുടെ മുറിയും മാത്രമായി.അവൾ പിന്നെ കുട്ടികളുടെ മുറിയിലേക്കു പോകാതെയായി.വാക്വംചെയ്യാൻ വേണ്ടി മാത്രം പോകും. ഒന്നിലും തൊടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കും.
അവൾ സംസാരിക്കാൻ ചെല്ലാത്തതിൽ ബോണിക്കും ബോബിക്കും പ്രത്യേകിച്ചു പരാതിയൊന്നും ഇല്ലായിരുന്നു. കാനഡക്കുട്ടികൾ അവളെ കസിനെന്ന് ആരെയും പരിചയപ്പെടുത്തിയില്ല.
വീണ്ടുമൊരു ബന്ധുവിന്റെ വീട്ടിൽ കള പോലെ അപമാനപ്പെട്ട് അവൾ നിന്നു. ചവുട്ടിക്കൂട്ടിയും എടുത്തെറിഞ്ഞും ആവശ്യം വരുമ്പോൾ തുടയ്ക്കാനും ഉപയോഗിക്കന്ന പഴന്തുണി.
എൽസി അതിനെ ആവിയിൽ പുഴുങ്ങി ചാണകം തളിച്ച് വെയിലിൽ ചുട്ട് കല്ലിലടിച്ചു തല്ലിയലക്കി.
                                                                                                                                   (തുടരും..)
read more:
പാമ്പും കോണിയും - നോവൽ - 3 - നിർമ്മല
രാജു തോമസ് 2020-07-19 12:27:59
നന്നായിവരുന്നുണ്ട് ! പുതുപദസൃഷ്ടിയുമുണ്ട് . ഉദാ: കുടിയേറ്റച്ചിരി. അതിലെ സ്വാരസ്യം നോക്കിക്കേ. അതുപോലെ, വൃത്തിക്കുട്ടികൾ. ഒടുവിലത്തെ ആ വാക്യമാണെങ്കിൽ, കലക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക