Image

പ്രവാസിക്ക് മലയാളഭാഷ തന്നെയാണ് അവന്റെ കൂടുകൂട്ടാനുള്ള ഇടം (വാൽക്കണ്ണാടി - കോരസൺ)

Published on 25 July, 2020
പ്രവാസിക്ക് മലയാളഭാഷ തന്നെയാണ് അവന്റെ കൂടുകൂട്ടാനുള്ള ഇടം (വാൽക്കണ്ണാടി - കോരസൺ)

വർത്തനമാനകാലത്തെ ഏറ്റവും ഗൗരവമായ പഠനമേഖലയാണ് പ്രവാസം. പ്രവാസവിഷയമില്ലാതെ ഇന്ന് മലയാളിയെ അടയാളപ്പെടുത്താൻ വയ്യാത്ത സാഹചര്യമുള്ളതുകൊണ്ടുതന്നെ മലയാളിയും പ്രവാസജീവിതവും എന്നത് ജീവിതഗന്ധിയായ വിഷയം ആണെന്ന കാര്യത്തിൽ തർക്കമില്ല.

പലായനങ്ങൾ മനുഷ്യ ചരിത്രത്തോടൊപ്പം
ഒരു വർഗ്ഗമെന്ന നിലയിൽ മനുഷ്യർ പ്രവാസികളായിട്ടാണ് അവരുടെ ജൈവസാന്നിധ്യം രേഖപ്പെടുത്തുന്നത്. വിവിധ കാലങ്ങളിൽ, വിവിധ കാരണങ്ങളിൽ അവർ അങ്ങനെ പ്രയാണം തുടർന്നുകൊണ്ടിരുന്നു. കാലാവസ്ഥ വ്യതിയാനവും, കലാപങ്ങളും, ഗോത്രത്തർക്കങ്ങളും, മഹാമാരികളും, അവനെ അങ്ങനെ പ്രവാസത്തിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പലപ്പോഴും ആട്ടിപ്പുറത്താക്കപ്പെടുകയോ, ഓടി രക്ഷപെടുകയോ ചെയ്യുന്ന ഒരു കൂട്ടത്തിന്റെ കഥയാവും മനുഷ്യ വംശത്തിന്റേത്. മഹായുദ്ധങ്ങളും, മഹാമാരികളും, വ്യാവസായിക വിപ്ലവവും, കോളനിവാഴ്ചകളുടെ അന്ത്യവും, പുത്തൻ സ്വാതന്ത്ര്യങ്ങളും, ശീതയുദ്ധവും ഒക്കെയായി ലോക ഭൂപടത്തിന്റെ എല്ലാ രേഖാചിത്രങ്ങളും മാറ്റിവരച്ച ഇരുപതാം നൂറ്റാണ്ടു കടന്നുപോയി.

ആഗോളവൽക്കണത്തിന്റെ ഏതാനും പതിറ്റാണ്ടുകളുടെ വെളിച്ചത്തിൽ ലോകത്തിലെ പട്ടണി കുറഞ്ഞു, ജീവിതനിലവാരം ഉയർന്നു എന്ന് വേർൾഡ് ബാങ്ക് അവകാശപ്പെടുമ്പോൾ, ഈ ലോക സാമ്പത്തീക വെള്ളപ്പൊക്കത്തിൽ എല്ലാ നൗകകളും ഒരുപോലെ ഉയർന്നില്ല എന്നാണ് ചില നിരീക്ഷണങ്ങൾ ചൂണ്ടികാട്ടുന്നത്. അപ്പോൾ പിന്നെ സ്വന്തം വീട്ടിലെ പട്ടിണിയും അയൽക്കാരന്റെ ഉന്നതിയുമാവാം പലായനത്തിന്റെ പ്രധാനകാരണം എന്ന് ചിന്തിച്ചുകൂടാതെയില്ല. ആരൊക്കെയോ എവിടൊക്കെയോ വളരെ ഉയർന്നു എന്നതിന്റെ കാരണം മറ്റെവിടെയോ ആരുടെയൊക്കെയോ പൂർണ്ണമായി നഷ്ട്ടപ്പെട്ടു. "ബിഹൈൻഡ് എവെരി ഗുഡ് ഫോർച്ചുണ്, ദെയ്ർ ഈസ് എ ക്രൈം" എന്ന അമേരിക്കൻ നോവലിസ്റ്റ് ഇർവിങ് വാല്ലെസിന്റെ വരികൾ ഓർമ്മ വരുന്നു.

ഒരു ബില്യൺ ആളുകൾ അല്ലെങ്കിൽ ലോക ജനസംഖ്യയിൽ ഏഴിൽ ഒരാൾ വീതം, അവരുടെ ജന്മസ്ഥലത്തിനു പുറത്താണ് വസിക്കുന്നത് എന്ന് ഒരു യു. എൻ. എസ്റ്റിമേറ്റ് കാണിക്കുന്നു. 2017 ലെ കണക്കനുസരിച്ചു 68.5 മില്യൺ  ആളുകളാണ് നിർബന്ധപൂർവം നാടുകടത്തപ്പെടേണ്ടിവന്നത്. ഒരു വേൾഡ് ബാങ്ക് കണക്കനുസരിച്ചു 2050 ആകുമ്പോൾ 143 മില്യൺ ആളുകളാണ് പരിതഃസ്ഥിതിയുടെ ദുരനുഭവത്തിൽ നാടുവിടേണ്ടി വരുന്നത്.  യുദ്ധം, പീഡനം, രാഷ്ട്രീയ അനിശ്ചിതത്വം, പട്ടിണി, സാമ്പത്തികഭദ്രത, അരക്ഷിതത്വം, ഒക്കെയാവാം കാരണങ്ങൾ. പണം ലഭിക്കാനുള്ള അവസരം പ്രവാസത്തെ ത്വരിതപ്പെടുത്തുന്നു, മറ്റുള്ളടിത്തെ തൊഴിൽ അവസരങ്ങൾ ഇവയെ ശക്തിപ്പെടുത്തുന്നു.

എന്തുകൊണ്ട് മലയാളപ്രവാസീ തരംഗം?
മലയാളികളുടെ പലായങ്ങങ്ങൾക്കു പ്രധാന കാരണം സാമ്പത്തീക പരാധീനകൾതന്നെയാണ്. പ്രവാസം ഇന്ന് കേരളീയ സ്വത്വത്തിന്റെ (Identity) ഇഴപിരിക്കാനാവാത്ത ഘടകമാണ്. അത് ഒരു നൂറ്റാണ്ട് പിന്നിട്ട തൊഴില്‍ തേടിയുള്ള പരദേശഗമനമാണ്. മദ്ധ്യ തിരുവിതാംകൂറില്‍നിന്നും 50-100 വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിച്ച മലബാര്‍ കുടിയേറ്റം തുടങ്ങി, ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേയ്ക്കും മലേഷ്യാ, ശ്രീലങ്ക എന്നീ വിദേശ രാജ്യങ്ങളില്‍ ആരംഭിച്ച് ആഫ്രിക്ക, ഇറാന്‍, അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇവ കടന്ന് ഇന്ന് യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയായിലും എത്തി നില്‍ക്കുന്ന മലയാളിയുടെ പ്രവാസം ആരംഭിച്ചിട്ട് ഒന്നേകാല്‍ നൂറ്റാണ്ടായി.
 
ഒരിക്കലും ഈ തീരത്തു മടങ്ങിവരാത്ത ശാശ്വത കുടിയേറ്റങ്ങള്‍ ആയിരുന്നില്ല തുടക്കത്തിൽ. ജോലി ചെയ്യുക, പണമുണ്ടാക്കുക, മടങ്ങിവരിക എന്ന ലക്ഷ്യത്തോടെ നടത്തിയ ഇത്തരം പ്രവാസങ്ങളില്‍ ആദ്യ കാലത്ത് കുടുങ്ങിപ്പോയവര്‍ ഒഴികെ മടങ്ങിവരാത്തവര്‍ അപൂർവ്വമാണ്. ആത്യന്തികമായി കേരളമായിരുന്നു അവരുടെ മനസില്‍. ഇപ്പോൾ സങ്കീർണ്ണമായ ഗള്‍ഫ് പ്രവാസമടക്കം അനിവാര്യമാണ്. പൗരത്വം നല്‍കില്ലാ എന്നതുതന്നെ കാരണം. ശ്രീലങ്കയിൽനിന്നും , മലേഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും ഒക്കെ ഇത്തരം തിരിച്ചുവരവുകൾ ഉണ്ടായിട്ടുണ്ട്. ഒരുകാലത്തു ആയിരക്കണക്കിന് മലയാളികൾ തൊഴിൽതേടി പോയിരുന്ന ഉത്തരേന്ത്യൻ സ്ഥലങ്ങളിൽനിന്നും കേരളത്തിലേക്ക് മടങ്ങിയവർ നിരവധിയാണ്.


പ്രവാസം അവശേഷിപ്പിക്കുന്ന മുറിവുകൾ


പലർക്കും കേരളത്തിൽ തന്നെ പിറന്ന നാടുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു സ്ഥലത്തു മടങ്ങിവന്നു താമസിക്കേണ്ടി വരുന്നു. അവിടെ അവർ നേരിടേണ്ടി വരുന്ന അന്യതയും ഏകാന്തതയും, അറിയുന്നവര്‍ ഇല്ലാത്ത അവസ്ഥയും ,വീണ്ടും ഒരു തിരിച്ചുപോക്കിനു കാരണമായേക്കും. കേരളം അതിവേഗം വൃദ്ധസദനവും ശ്മശാനവുമായി മാറുന്നു എന്നു പല സാമൂഹ്യശാസ്ത്ര ചിന്തകരും ഇന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.

കാറൽ മാർക്സിന്റെ (തിയറി ഓഫ് ബേസ് ആൻഡ് സൂപ്പർസ്ട്രക്ചേർ) അനുസരിച്ചു, സാമ്പത്തികമായ കാര്യങ്ങൾ അടിസ്ഥാനവും സാംസ്‌കാരിക ഘടകങ്ങൾ ഉപരിഘടനമായ ആയിരിക്കെ പ്രവാസിയുടെ കലയും സാഹിത്യവും അവനു അടിസ്ഥാനമായ വരുമാനശ്രോതസ് ഉറപ്പായത്തിനു ശേഷമാണു ഉണ്ടാവുക. തമിഴ് ചെട്ടിനാട് കാണുന്ന വൻമാർബിൾ കെട്ടിടങ്ങൾ, ചെട്ടിനാടുകാർ പണമിടപാടുചെയ്‌തു പ്രവാസത്തിൽ സമാഹരിച്ച സ്വത്തിന്റെ പ്രതിഫലനമാണ്. മലയാളിക്ക് അവന്റെ ശരീരമാണ് സ്വത്തായി നല്കാനുണ്ടായിരുന്നത്. മലയാളിയുടെ പ്രവാസത്തിലെ എഴുത്തുകളും ചിന്തകളും ഇങ്ങനെ തന്നെയാണ് അടയാളപ്പെടുത്തേണ്ടിവരുക. എല്ലാം നഷ്ട്ടപ്പെട്ടു തിരികെ മലയാളി മടങ്ങുവാൻ നിർബന്ധിതനാകുന്നെങ്കിൽ, അവന്റെ അടിസ്ഥാന നിലനില്പിനിടം ദുരിതപൂർണ്ണമാകുകയാണെങ്കിൽ എവിടെ അവനു കലയും സാഹിത്യവും ഉണർത്തുപാട്ടാവുക?. 

പ്രവാസി മലയാളികൾ ഉദ്വീപിച്ച അക്ഷരങ്ങളുടെ ആവിഷ്കാരം അവർ ചെന്നെത്തിയ ഇടങ്ങളുടെ, അവർ നേരിട്ട അനുഭവങ്ങളുടെ സ്മാരകശിലകളാണ്. ബൈബിളിലെ സങ്കീർത്തങ്ങളിൽ ബാബേലിലേക്കു ബദ്ധരായി പ്രവാസത്തിൽ പോയവരുടെ ഒരു വിലാപമുണ്ട്. ബാബേൽനദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു. അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു. ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻ ഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവർ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ? പ്രവാസകാലത്തു മനസ്സിൽ കൂടുകൂട്ടി കൊണ്ടുപോയ മലയാളഭാഷയെ, പ്രതിസന്ധികളെ അതിജീവിച്ചു പുറത്തെടുക്കാനാവും ? പലരും വൃക്ഷങ്ങളിന്മേൽ തങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.എങ്ങനെ പാടും? ചിലർ ധൈര്യമായി തങ്ങളുടെ കിന്നരങ്ങൾ മീട്ടുവാൻ തുടങ്ങി. അവ മികച്ച ഗാനങ്ങളായി അലയടിച്ചു. അതിൽ മൂന്നു പേരെ നമുക്ക് നോക്കാം.


വിലാസിനി


അദ്ദേഹത്തിന്റെ 'നിറമുള്ള നിഴലുകള്‍' ശ്രദ്ധേയമായ ഒരു നോവലാണ്.  പ്രവാസജീവിതത്തിന്റെ ദുരിത ദുരന്താനുഭവങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പിടിയിലമര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാ അതിരുകളില്‍ അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍ തട്ടും വിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു. മറുനാടൻ മലയാളിയുടെ ജീവിതത്തിലേക്ക് വേണ്ടത്ര ഗൗരവബുദ്ധിയോടെ വേറെയാരും  അതുവരെ. അരമുക്കാൽ നൂറ്റാണ്ടായി പതിനായിരക്കണക്കിന് കേരളീയരുടെ പോറ്റമ്മയായിത്തീർന്നിട്ടുള്ള സ്ഥലമാണ് മലേഷ്യ. ഇന്നാട്ടിൽ സാഹിത്യാഭിച്ചൂരിയുള്ളവർ ഇല്ലാതിരുന്നിട്ടല്ല, മിക്കവാറും നാട്ടിനെയോർത്തു നെടുവീർപ്പിടാൻ മാത്രം ഇഷ്ട്ടപ്പെട്ടു, അതിനൊരു അപവാദമായി, പരീക്ഷണമാണ് തന്റെ എഴുത്തുകൾ എന്ന് വിലാസിനി തന്നെ പറയുന്നുണ്ട്.

പ്രവാസമലയാള രചന എങ്ങനെ സ്വീകാര്യമാകും എന്ന് ശങ്കിച്ചാണ് 1965 ഇൽ വിലാസിനി നോവൽ അവതരിപ്പിക്കുന്നത്. ഇതിന്റെ സ്വീകാര്യതയിൽനിന്നും  കിട്ടിയ ഊർജ്ജമായിരിക്കണം ഇന്ത്യൻ ഭാഷയിലെ തന്നെ ഏറ്റവും ബൃഹ്ത് നോവലായ അവകാശികൾ എന്ന നോവൽ അദ്ദേഹത്തിനു  സമ്മാനിക്കാനായത്. ഏതാണ്ട് നാലു പതിറ്റാണ്ടുകൾ നീണ്ടുനിന്ന, സിംഗപ്പൂർ മലയാളിയായ വേലുണ്ണികുറിപ്പു നേരിട്ട ജീവിത വെല്ലുവിളികൾ നാലായിരത്തോളം പേജുകളായി മലയാളഭാഷയുടെ ഈടു ഉറപ്പിച്ചു എന്ന് പറയാം.

സാഹിത്യകാരന്മാർ ഓർമ്മയുടെ സൂക്ഷിപ്പുകാർ കൂടിയാണ്. ഓർമ്മകൾ വേദനകളും രോഷവും ഉണ്ടാക്കും. വ്യക്തിപരമായ പലായന വഴികളിലൂടെ കാഴ്ചകളെയും അനുഭവങ്ങളെയും മനുഷ്യാവസ്ഥയുടെ സവിശേഷമായ ആഖ്യാനമായി മാറ്റാൻ കഴിഞ്ഞു എന്നതാണ് വിലാസിനി എന്ന എഴുത്തുകാരന്റെ കഥപറച്ചിലിൻറെ പ്രത്യേകത.


എം. മുകുന്ദൻ


പ്രവാസിമലയാളി എഴുത്തുകാരിൽ ലബ്ധപ്രതിഷ്ട്ടനായ എം. മുകുന്ദൻ മറ്റൊരു തലത്തിലാണ് എഴുത്തിനെ നോക്കികാണുന്നത് എന്നാണ് എനിക്ക് മനസ്സിലാകുന്നത്. താൻ അറിഞ്ഞിട്ടില്ലാത്ത ഒരു ലോകത്തെ അറിയാൻ ശ്രമിക്കുകയും, അറിഞ്ഞതിനെ തനിക്കായിട്ടു മാത്രം കുറിച്ചുവെയ്ക്കുകയും, ഒരു സമയത്തു അവ പൂമ്പാറ്റകൾ പോലെ പറന്നുയരുകയും ചെയ്ത അനുഭവങ്ങളാണ് ഇന്നു മയ്യഴിപ്പുഴയുടെ തീരത്തിരുന്നു അദ്ദേഹത്തിനു പറയാനാവുന്നത്. എഴുത്തുകാരന്റെ ചുറ്റുപാടുകളുടെ ഇടപെടൽ സർഗാത്മകതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നു രചനകളിൽ ഉടനീളം ഒളിഞ്ഞുകിടപ്പുണ്ട്. ഒരു എഴുത്തുകാരന് ഉണ്ടാവേണ്ട ശ്രദ്ധയായ നിരീക്ഷണവലയം കണക്കെ സൃഷ്ടിച്ചുകൊണ്ട് ഭാവനയുടെ പരപ്പിൽ വായനക്കാരനെ നീന്തിത്തുടിപ്പിക്കാൻ എഴുത്തുകാരന് സാധിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.

പ്രവാസജീവിതത്തിൽ ഡൽഹിയുടെ അകത്തളങ്ങളിൽ നങ്കൂരം ഇട്ടപ്പോഴും, ഫ്രഞ്ച് എംബസ്സിയിൽ തനിക്കു ലഭിച്ച പ്രോത്സാഹനം, നോബൽ ജേതാക്കളുമായുള്ള ഇടപെടലുകൾ ഒക്കെ തന്റെ പ്രവാസ ജീവിതം ഒരുക്കിത്തന്ന നിറമുള്ള വസന്തകാലമായിരുന്നു. ഒരു ചിത്രകാരൻ എന്ന രീതിയിൽ അധികാരസിരാകേന്ദ്രമായ ഡൽഹിയിൽ എങ്ങനെ അടയപ്പെടുത്തണം എന്നറിയാത്ത അരവിന്ദനെന്ന ചെറുപ്പക്കാരന്റെ നിരാശാനിർഭരമായ കഥയാണ് 'ഡൽഹി' എങ്കിൽ, 'ദൽഹി ഗാഥകൾ' സഹദേവൻ എന്ന ഡൽഹിയുടെ ചുമരുകളിൽ എരിഞ്ഞുതീർന്ന ഒരു കഥാപാത്രമായാണ് കഥപറയുന്നത്.  കാൽനൂറ്റാണ്ടിലെ ഏറ്റവും നല്ല മലയാള നോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ട 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'  നിന്നും ഒട്ടും മാറ്റിവയ്ക്കാവുന്നതല്ല അദ്ദേഹത്തിന്റെ മറ്റു നോവലുകളും. ഒരുപക്ഷേ ഒരു പ്രവാസി എഴുത്തുകാരനു മാത്രം കടന്നുചെല്ലാവുന്ന ഇടങ്ങളായിരിക്കണം ഇവ.

സഞ്ചാരികളാണ് പ്രവാസികളെ ഉണ്ടാക്കുന്നത് എന്ന് അദ്ദേഹം തന്റെ പ്രവാസം എന്ന നോവലിന്റെ തുടക്കത്തിൽ കുറിച്ചിടുന്നുണ്ട്. നമ്മുടെ ഭാഷയിലെ  എക്കാലത്തെയും വലിയ സഞ്ചാരിയായിരുന്ന എസ് .കെ. പൊറ്റക്കാടുതന്നെ ഈ നോവലിലെ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു.1930 ലെ ബർമ്മയിലേക്കുള്ള മലയാളിയുടെ പ്രവാസജീവിതം മുതൽ സ്വതന്ത്ര ഇന്ത്യയിലെ തന്നെ ഫ്രഞ്ച് പ്രദേശമായ മാഹിയിൽ ഒരു പ്രവാസഭൂമിക കാണുന്ന, ഗൾഫ് പ്രവാസം, അമേരിക്കൻ പ്രവാസം ഒക്കെയായി മലയാളിയുടെ പ്രവാസിജീവിതം ഇത്രമനോഹരമായി കോറിയിടുന്ന കൃതികൾ അധികം ഉണ്ടായിട്ടില്ല എന്നാണ് എന്റെ പരിമിതമായ അറിവ്.

'സ്വന്തം നാട് ഏതു പാർട്ടിയാണ് ഭരിക്കുന്നതെന്നുപോലും വലിയൊരു വിഭാഗം അമേരിക്കക്കാർക്ക് അറികയില്ല. എന്നാൽ മുന്തിയ തരം കോട്ടേജ് ചീസ് ചുരുങ്ങിയ വിലക്ക് അമേരിക്കയിലെ ഏതു സൂപ്പർമാർക്കെറ്റിൽ കിട്ടുമെന്ന് അവർക്കെല്ലാം അറിയാം' അമേരിക്കൻ മലയാളിയായ വർഗിസ്‌ കുറ്റിക്കാടൻ എന്ന കഥാപാത്രത്തിലൂടെ എത്ര ജീവസുറ്റതായാണ് അമേരിക്കൻ പ്രവാസിയുടെ ജീവിതം മുകുന്ദൻ കോറിയിടുന്നു എന്ന് അതിശയപ്പെട്ടുപോയി. അമേരിക്കൻ നേഴ്സ് ആയ അച്ചാമ്മ ജോലികഴിഞ്ഞു വന്നു ഒന്നും തിന്നാതെ ഒരു ലാർജ് വിസ്കി ഗ്ലാസിൽ പകർന്നു വിഴുങ്ങി, മദ്യം തലയിൽ ചെന്നാൽ ഉടനെ അച്ചാമ്മ ഉടുവസ്ത്രം ഉരിഞ്ഞിടും , പിന്നീട് കുറ്റിക്കാടന്റെ നീന്തൽകുളംപോലെ ആഴമുള്ള ഉറക്കം' . സർക്കാസം നിറഞ്ഞ വാക്കുകളിലൂടെ വരികളിൽനിന്നും വായനക്കാരനെ അടർത്തിമാറ്റാതെ കൊണ്ടുപോകുന്ന ഒരു വശ്യതയും അദ്ദേഹത്തിലെ എഴുത്തിലുണ്ട്. 


ബെന്യാമിൻ


2009ലെ  കേരളസാഹിത്യ അക്കാഡമി അവാർഡിനു നിദാനമായ ആടുജീവിതം, ഒരു പ്രവാസിയായി ജീവിച്ച ബെന്യാമിൻ, താൻ കടന്നുപോയ പ്രവാസജീവിതത്തിന്റെ അഗ്‌നിപ്പുഴയിൽ നിന്നും കോരിയെടുത്ത സ്പുടം ചെയ്ത ജീവിതഗന്ധിയായ കഥയായതുകൊണ്ടു വളരെ ശ്രദ്ധിക്കപ്പെട്ടു, ഇന്നും വായിക്കപ്പെടുന്നു. മറുനാട്ടിൽ മലയാളം മരിച്ചിട്ടില്ലെന്ന് സാഹിത്യലോകം തിരിച്ചറിഞ്ഞിരിക്കുന്നതിന്റെ തെളിവുകൂടിയാണത്.  പുസ്തകത്തിന്റെ പുറം ചിട്ടയിൽ പറയുന്നതുപോലെ ' നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എട്ടു വർഷത്തെ ഗൾഫ് ജീവിതത്തിനിടെ മതിലുകൾ ഇല്ലാത്ത മരുഭൂമിയുടെ ഒറ്റപ്പെടൽ അനുഭവിച്ചറിഞ്ഞ എനിക്കും, നജീബിന്റെ ആടുജീവിതം പോലെയുള്ള ചില ജീവിതങ്ങൾ അടുത്തറിയാനായിട്ടുണ്ട്. അതൊക്കെ ചില കഥകളായി മനസ്സിൽ അങ്ങനെ തങ്ങി നിൽക്കയാണ്. 'ആടുജീവിതം' വല്ലാതെ പിടിച്ചുലച്ചതിനു നേരിട്ട അനുഭവങ്ങളുടെ പശ്ചാത്തലംകൂടി ഉണ്ടായിരുന്നു എന്ന് പറയാം. പലപ്പോഴും നാട്ടിലേക്കു തിരിച്ചുപോരേണ്ടി വരുന്ന അവസ്ഥയിൽ  തന്നെ കാത്തിരിക്കുന്ന മാനസീക വ്യഥകളാവാം കൊടും ക്രൂരമായ ജീവിത അനുഭവങ്ങൾ ആരൊടുംവെളിപ്പെടുത്താതെ ആടി തീർക്കേണ്ടിവരുന്നത്. ഇവിടെ ബെന്യാമിൻ എന്ന എഴുത്തുകാരൻ ഒപ്പിയെടുത്ത ജീവിതത്തിനു പവിത്രമായ ഒരു താളം വാക്കുകളിലും ചിന്തകളിലും നിറഞ്ഞു നിൽക്കുന്നു. അങ്ങനെയാണ് ഈ കഥയ്ക്ക് ചിറകു മുളച്ചു പറന്നുയരാനായത്.

മലയാളി ഇതുവരെ കാണാതിരുന്ന ഒരു മുഖത്തെ അവതരിപ്പിക്കുവഴി, ലളിതമായ വായനയിലൂടെ, താൻ അനുഭവിക്കുന്ന വേദനയുടെ തടാകം നജ്‌ജിബിന്റെ അഗ്നിക്കടലിനൊപ്പം വരില്ല എന്ന ഒരു തിരിച്ചറിവ് സാധാര വായനക്കാരനു പ്രത്യാശയുടെ ദർശനം നൽകുന്നതും നമുക്ക് അനുഭവപ്പെടുന്നുണ്ട്.

ഓരോ ജീവിതങ്ങളും വ്യത്യസ്തമായ ഓരോ കഥപറച്ചിലുകളാണ്. 'ശരീരശാസ്ത്രം' എന്ന പുതിയ കഥയിൽ എത്തിനിൽക്കുന്ന ബെന്യാമിൻ വ്യത്യസ്തനായ ഒരു എഴുത്തുകാരൻ എന്ന് അടയാളപ്പെടുത്തുന്നത്, തന്റെ വാക്കുകളുടെ സ്പുടതയും, അവക്ക് പിന്നാലെ നടത്തുന്നുന്ന സൂഷ്മ അന്വേഷണങ്ങളും പഠനവുമാണ്. താൻ നേരിട്ട മാനസീകമായ വെല്ലുവിളികൾ, ഏകാന്തതകൾ , ഉൾവലിവുകൾ, നഷ്ട്ടപ്പെടലുകൾ ഒക്കെ തന്നെ ഒരു എഴുത്തുകാരന്റെ അകാരത്തിലേക്കു അറിയാതെ ചെന്ന് എത്തിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രവാസം അറിയാതെ വച്ചുനീട്ടുന്ന തീവ്രഅനുഭവങ്ങളുടെ ഭസ്മമാണ്, വായനയുടെ ഇളംകാറ്റുകളിൽ തട്ടി കൊടുംകാറ്റായി പരിണമിക്കുന്നത്. അവിടെയാണ് പ്രവാസി എഴുത്തുകാരനായ ബെന്യാമിൻ തന്റെ ഇരിപ്പിടം വലിച്ചിട്ടു താടിയിൽ കൈയ്യും ചുറ്റി നമ്മെ നോക്കിയിരിക്കുന്നത്.
 
അമേരിക്കൻ മലയാളി പ്രവാസികളുടെ പ്രത്യേക സാഹചര്യം
ഏതാണ്ട് ഏഴുലക്ഷത്തോളം മലയാളികൾ കുടിയേറിയ നോർത്തമേരിക്കയിലെ പ്രവാസ സാഹചര്യം അഭിമുഘീകരിക്കുന്ന ഘടന , ഇതിൽ വിരളമായിട്ടേ കേരളത്തിലേക്ക് ഒരു സ്ഥിരമായ മടക്കത്തിന് ഒരുങ്ങുകയുള്ളൂ. അമേരിക്കയിൽ മലയാള സാന്നിധ്യം ഇപ്പോൾ വളരെ സജ്ജീവമാണ് , ഏതാണ്ട് 200 പരം പുസ്തകങ്ങൾ ഇവിടെനിന്നും മലയാളത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. നിരവധി ഓൺലൈൻ പത്രങ്ങളും മലയാള സാമൂഹ്യ സാഹിത്യ കൂട്ടങ്ങളും നിരന്തരം നാടുമായും ഇവിടുത്തെ മലയാളികളുമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ പുതിയ തലമുറ മലയാള ഭാഷ ഏറ്റെടുക്കുമോ എന്ന ആശങ്കയാണ് ഞങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ തലമുറകൊണ്ടു മലയാള ഭാഷയുടെ സാന്നിധ്യം ഈ ഭൂമിയിൽ അസ്തമിക്കുമോ എന്നാണ് ഭയപ്പെടുന്നത്.
 
നമുക്ക് നമ്മെത്തന്നെ എങ്ങനെ നിർവചിക്കാനാവും എന്നതാണ് അമേരിക്കൻ മലയാളി നേരിടുന്ന കടുത്ത പ്രതിസന്ധി. മലയാളി എന്ന സത്വം ഉപേക്ഷിച്ചു അമേരിക്കൻ ഇന്ത്യൻ മലയാളി എന്ന വേറൊന്നു ആകുവാൻ നിർബന്ധിതരാകുന്നു. അമേരിക്കയിലെ തെലുങ്ക്, ഗുജറാത്തി, പഞ്ചാബി തുടങ്ങിയ മറ്റു ഭാരതീയ ഭാഷകൾ അവരുടെ പുതിയ തലമുറ തുടരാൻ ശ്രമിക്കുന്ന ശീലങ്ങളും അത്ഭുതത്തോടെ നോക്കിനിൽക്കാനേ  കഴിയുന്നുള്ളു. നമുക്കെവിടെയോ കൈമോശം വന്ന ചില സാമൂഹ്യ ഇടപെടലുകൾ, അനിവാര്യമായ കണ്ടെത്തലുകൾ, പോംവഴികൾ ഒക്കെ നിർദേശിക്കാൻ പാകത്തിൽ ഒരു അക്കാഡമിക് പശ്ചാത്തലത്തിന്റെ അഭാവം വ്യക്തമാണ്. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ചേരിതിരിവുകൾ അമേരിക്കൻ മലയാളിയെ കൂടുതൽ ദുർബലമാകുന്നു എന്നാണ് കാണേണ്ടി വരുന്നത്.

ഇന്നത്തെ സാഹചര്യത്തിൽ ആധുനികതയോടും പാരമ്പര്യത്തോടും സംവദിച്ചുകൊണ്ടും മല്ലടിച്ചുകൊണ്ടും ഒരു പുതിയ സാമൂഹികക്രമം അമേരിക്കൻ മണ്ണിൽ മലയാളി പുനരാവിഷ്കരിക്കേണ്ടതുണ്ട്. സ്വയം ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടുപിടിക്കാനും ത്രാണിയുണ്ടാവാനാണ് കാലം ആവശ്യപ്പെടുന്നത്.


വാൽക്കഷണം

നാട് എന്ന് വിശേഷിപ്പിക്കുന്ന ഇടങ്ങളിലെ യഥാർത്ഥ അവകാശികൾ അല്ല നാമോരുത്തരും. സമയരഥത്തിലെ ഓരോ നിമിഷത്തിലും നാം അറിയാതെ അവകാശികൾ അല്ലാതെയാകുന്നു എന്നതാണ് യാഥാർഥ്യം. ഇന്നലെവരെ എന്തൊക്കെയോഉണ്ടായിരുന്നു എന്ന് നാം കരുതിയിരുന്നതൊക്കെ കൈവിട്ടുപോയി എന്ന ദുഃഖസത്യം നേരിടുകതന്നെ വേണം, നമ്മുടെ ബാല്യവും കൗമാരവും ഓർമ്മകളും ഒക്കെ.
അതാണ് ഓരോ പ്രവാസി മലയാളിയുടെയും വേദന.

ഒരു പഴയ ഹിന്ദി പാട്ടിലെ വരികൾ ഏതാണ്ട് ഇങ്ങനെ പരിഭാഷപ്പെടുത്താം. അലമാലകളുടെ പാലത്തിലൂടെ സഞ്ചരിച്ചു ചക്രവാളസീമയിൽ കൂടുകൂട്ടിയിട്ടെന്തുകാര്യം? തന്റെ തീരം വളെരെ അകെലെയായി എന്ന ആശങ്ക, തീരം തന്നെയാണ് തന്റെ പാർപ്പിന്റെ ഇടം, തീരം തന്നെയാണ് തനിക്കു കൂടുകെട്ടാനുള്ള ഇടവും. മലയാളഭാഷ തന്നെയാണ് അവനു തിരിച്ചുചെല്ലാനാവുന്ന തീരം, അവന്റെ കൂടുകൂട്ടാനുള്ള ഇടം.

എം. മുകുന്ദന്റെ പ്രവാസം എന്ന പുസ്തകത്തിൽ ആമുഖമായി ജോർജ് മൂറിന്റെ ഒരു വരി ചേർത്തിരിക്കുന്നു.
A man travels the world over in search of what he needs, and returns to find it.

പ്രവാസിക്ക് മലയാളഭാഷ തന്നെയാണ് അവന്റെ കൂടുകൂട്ടാനുള്ള ഇടം (വാൽക്കണ്ണാടി - കോരസൺ)
പ്രവാസിക്ക് മലയാളഭാഷ തന്നെയാണ് അവന്റെ കൂടുകൂട്ടാനുള്ള ഇടം (വാൽക്കണ്ണാടി - കോരസൺ)

പ്രവാസിക്ക് മലയാളഭാഷ തന്നെയാണ് അവന്റെ കൂടുകൂട്ടാനുള്ള ഇടം (വാൽക്കണ്ണാടി - കോരസൺ)

വിലാസിനി

പ്രവാസിക്ക് മലയാളഭാഷ തന്നെയാണ് അവന്റെ കൂടുകൂട്ടാനുള്ള ഇടം (വാൽക്കണ്ണാടി - കോരസൺ)

എം. മുകുന്ദൻ

Join WhatsApp News
SudhirPanikkaveetil 2020-07-26 07:02:37
വായനക്കാരിൽ ചിന്തകൾ ഉണർത്തുന്ന വിഷയങ്ങൾ അവതരിപ്പിക്കാൻ ശ്രീ കോര സണിനു വൈദഗ്ദ്യമുണ്ടെന്ന് അദ്ദേഹത്തിന്റെ രചനകളിലൂടെ പ്രകടമായതാണ്. ഈ ലേഖനത്തിലെ വിഷയം പ്രവാസിയും മലയാളിയും എന്ന വിഷയം ചർച്ചകളിലൂടെ നീണ്ടു നീണ്ടുപോകുന്ന അവസാനമില്ലാത്ത ഒന്നാണ്. പ്രവാസം ചുരുക്കത്തിൽ സുഖത്തിനു പുറകെയുള്ള പ്രയാണമാണ്. (pursuit of happiness). പ്രവാസിയുടെ സാഹിത്യപരിശ്രമങ്ങളെ കാറൽ മാർക്സിന്റെ തിയറിയുമായ് ശ്രീ കോര സൺ ബന്ധിപ്പിച്ചത് രസകരവും അമേരിക്കൻ മലയാളിയെ സംബന്ധിച്ച് വളരെ ശരിയുമാണ്. കലയും സാഹിത്യവും അവനു അടിസ്ഥാനമായ വരുമാന സ്രോതസ്സ് ഉറപ്പായതിനുശേഷമാണ് ഉണ്ടാവുക. എല്ലാവരും അങ്ങനെയല്ലെന്ന് നമുക്കറിയാം. പ്രത്യേകിച്ച് എഴുതാൻ വേണ്ടി മറ്റുള്ളവരെ കോപ്പിയടിച്ചും, ഓൺലൈനുകളിൽ നിന്നും മോഷിടിച്ചും എഴുതുന്നവർ ആണ് അങ്ങനെയുള്ളവർ. .വായനക്കാരില്ലാത്തതുകൊണ്ട് അവർക്ക് ചാകര. ദൈവത്തിന്റെ വരദാനമായി കിട്ടിയ സർഗ്ഗശക്തിയുള്ളവൻ ഉപജീവനം മാർഗം പോലും മറന്നു എഴുതും. അതുകൊണ്ടാണ് ഒരു കവിയുടെ ഭാര്യ ചോദിച്ചത് "കുത്തിക്കുറിച്ചുകൊണ്ടങ്ങിരുന്നാൽ അത്താഴമൂണിന് ഇന്നെന്തു ചെയ്യും" പ്രവാസികൾക്ക് ഭാഷ നഷ്ടപ്പെടുന്നത് ഒരു നഗ്ന സത്യമാണ്. പക്ഷെ അവർ മൗലികമായ രചനകൾ നടത്തിയാൽ അത് കാലം സൂക്ഷിച്ചുവയ്ക്കും. ശ്രീ കോര സൺ ഈ വിഷയം തുടർച്ചയായി എഴുതുക , നല്ല വിശകലനം. ശ്രീ കോര സണിന് വിജയം നേരുന്നു. അമേരിക്കൻ മലയാളികളെ സംബന്ധിച്ച് അവർ ഓണവും, വിഷുവും, ഈദുമൊക്കെ ഇവിടെ ആഘോഷിച്ച് സംതൃപ്തി നേടുന്നു. പിന്നെ ഭാഷ ഭാവി തലമുറക്ക്വേണ്ടി കരുതാൻ കഴിയുന്നില്ലെന്ന ഖേദം പ്രവാസി മലയാളികൾക്ക് വേണ്ട. മലയാളത്തിന്റെ ജന്മനാട്ടിൽ , കേരളത്തിൽ ഇപ്പോൾ ഇംഗളീഷും, ഹിന്ദിയും കടന്നുകയറി. ആദ്യം അവിടെനിന്നായിരിക്കും ഭാഷ കൈമോശം വരുന്നത്.
2020-07-26 16:41:34
അമേരിക്കൻ മലയാള എഴുത്തുകാരിൽനിന്നും നാട്ടിലെ പോസ്റ്റ് ഗ്രാഡുവേറ്റ് മലയാളം ഡിപ്പാർട്മെന്റ് ഭാഷയെപ്പറ്റി കേൾക്കാൻ ക്ഷണിക്കപ്പെട്ടതു ഒരു ചെറിയ കാര്യം ആണെന്ന് തോന്നുന്നില്ല. അത് അമേരിക്കൻ മലയാളികൾക്കുള്ള ഒരു മതിപ്പുകൂടിയാണ്. കോരസന്റെ ഭാഷയുടെ ചാരുത ശ്രദ്ധിക്കപെടുക ചെയ്യും. അങ്ങനെ കണ്ടില്ല എന്ന മട്ടില് തള്ളിക്കളയാനുള്ളതല്ല ഈ ലേഖനം, ആശംസകൾ.
JyothylakshmyNambiar 2020-07-27 13:44:10
ശ്രീ കോരസന്റെ ലേഖനം ശ്രദ്ധേയം. പ്രവാസം മനുഷ്യന്റെ കൂടപ്പിറപ്പാണ്. സാങ്കേതികവിദ്യയുടെ പുരോഗമനം മൂലം പ്രവാസത്തിന്റെ അനുബന്ധമായി വരുന്ന ഗൃഹാതുരത്വത്തിനു ഇപ്പോൾ കാഠിന്യം കുറഞ്ഞു. കർമ്മഭൂമിയിൽ മാതൃഭാഷ ആവശ്യമില്ലാതെ വരുമ്പോൾ, പുതിയ തലമുറ അത് മറക്കുമ്പോൾ പഴയ തലമുറ നൊമ്പരപ്പെടുമെങ്കിലും ജീവിതം അതിന്റെ വഴിക്ക് യാത്ര തുടരുന്നു. എന്നാലും അമേരിക്കൻ മലയാളികൾ അവരുടെ മാതൃഭാഷയെ പരിപോഷിപ്പിക്കുന്നത് അഭിമാനകരമാണ്. മാതൃഭാഷയെ സംരക്ഷിക്കാൻ ലേഖകൻ നടത്തുന്ന ശ്രമങ്ങൾ പൂവണിയട്ടെ. ആശംസകളോടെ
2020-07-27 23:43:04
ശ്രീ സുധിർ പണിക്കവീട്ടിൽ, ശ്രീമതി ജ്യോതിലക്ഷ്മി, സജി, വളരെ നന്ദി. മലയാളഭാഷയെ പ്രീയപ്പെടുന്ന ഒരു പ്രവാസി എന്ന നിലയിൽ ഏറ്റവും ചാരിതാർഥ്യം നൽകിയ സമയമായിരുന്നു മഹാത്മാഗാന്ധി സർവ്വകലാശാലുടെ തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ പി. ജി. ഡിപ്പാർട്മെന്റ് ഓഫ് മലയാളത്തിൽ നിന്നും, അന്തർദേശീയ വെബ്ബിനാർ സീരിസിലേക്കു ലഭിച്ച ക്ഷണം. പ്രവാസ എഴുത്തുകാരായ വിലാസിനി, എം. മുകുന്ദൻ, ബെന്യാമിൻ എന്നിവരുടെ എഴുത്തുകളിലൂടെ മലയാളിയും പ്രവാസ ജീവിതവും അടയാളപ്പെടുത്തുക എന്നതായിരുന്നു ദൗത്യം. അൽപ്പം അമ്പരപ്പോടെയാണെങ്കിലും അമേരിക്കയിൽ നിന്നുള്ള മലയാള എഴുത്തുകാർക്കുള്ള അംഗീകാരവും ആകട്ടെ എന്ന രീതിയിൽ ക്ഷണം സ്വീകരിച്ചു. വെബ്ബിനാറിൽ ഗവേഷക വിദ്യാർത്ഥികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉണ്ടായിരുന്നു. ഡോ .രെമ്യ, ഡോ .മഞ്ജു എന്നിവർ നേതൃത്വം നൽകിയ ഹ്ര്യദ്യമായ ചർച്ചകളും വിലയിരുത്തലുകൾക്കും ശേഷം, വെബ്ബിനാറിൽ പങ്കെടുത്തത്തിനുള്ള ഒരു സ്നേഹോപഹാരം നൽകാൻ ആഗ്രഹിക്കുന്നു, ബാങ്ക് അക്കൗണ്ട് അറിയിക്കാമോ എന്ന് ഡോ.അംബിക എ. നായർ പറഞ്ഞപ്പോൾ സന്തോഷം തോന്നി. ഒരു രൂപയാണെകിലും അത് പ്രവാസ മലയാള എഴുത്തിനുള്ള മലയാളത്തിന്റെ അംഗീകാരം എന്ന നിലയിൽ സ്വീകരിക്കാതിരിക്കാനായില്ല. - കോരസൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക