നീലി (നോവൽ -ഭാഗം-3: ആർച്ച ആശ)

Published on 26 July, 2020
നീലി (നോവൽ -ഭാഗം-3: ആർച്ച ആശ)

ഗൗരി ലോപ്പസിനായി കിടക്ക വിരിച്ചു. ചെമ്പനീർപൂക്കൾ വിരിഞ്ഞുനിറഞ്ഞ വിരിപ്പ് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. കുനിഞ്ഞു കിടക്കയൊരുക്കുമ്പോൾ അവളുടെ സാരി ചുമലിൽനിന്നു താഴേക്കൂർന്നുവീണു.

അവളുടെ കടഞ്ഞെടുത്ത ശരീരമയാളെ ഉന്മത്തനാക്കി തരിച്ചുണർന്ന കൈകളടക്കി വെച്ചു.

"കിടന്നോളൂ.... വെള്ളം ഇവിടെ മൊന്തയിൽ വെച്ചിട്ടുണ്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കില് വിളിക്കൂട്ടോ.... ഞാനുമൊന്നു കിടക്കട്ടെ."

ഗൗരി അടുത്തമുറിയിലേക്ക് പോയി. പാതിചാരിയവാതിലിലൂടെ ആ മുറി കാഴ്ച്ചയിലുണ്ട്. മൂലയ്ക്കിരുന്ന പായ നിവർത്തി അവളതിലേക്കു ചാഞ്ഞു.

അവൾ പുറംതിരിഞ്ഞാണ് കിടക്കുന്നത്,
പിൻ കഴുത്തിൽ ചെറിയ രോമങ്ങൾ തിളങ്ങുന്നു
ഹോ.! എന്തുഭംഗിയാണവിടെ
ലോപ്പസിന്റെ ഉറക്കം നഷ്ടപ്പെട്ടു.

"ശോ.."അഭയം തന്നതല്ലേ അസ്വസ്ഥമായ മനസിലുയർന്ന ചിന്തകളിലുരുണ്ടു കൂടിയ കാർമേഘമൊഴുക്കിയെപ്പോഴോ ലോപ്പസുറങ്ങി. പാതിമയക്കത്തിൽ ലോപ്പസിന്റെ മുന്നിൽ അവളങ്ങനെ പൂത്തുലഞ്ഞു നിന്നു.

നേരംപുലരാറായി. പണ്ടു രാജഭരണകാലത്ത്  നായാട്ടിനെത്തുന്ന രാജാക്കന്മാർക്ക് വേണ്ടി നിർമ്മിച്ചതായിരുന്നു  ബലിക്കുന്നിലെ ആ കെട്ടിടം. കാലപ്പഴക്കത്തിലതിന്റെ ചുവരുകൾ വിണ്ടിരുന്നു.

കാട്ടുമൃഗങ്ങളെ പേടിച്ചു  അവിടേക്കാരും വരാറില്ല. മുൻപൊക്കെ മാടിനെ മേയ്ക്കാനായി ആളുകൾ ബലിക്കുന്നു കയറിയിരുന്നു.
പലപ്പോഴും ആ മൃഗങ്ങൾ അവിടെവെച്ചുതന്നെ അപ്രത്യക്ഷരായി. അവിടെ വരത്തുപോക്കുള്ളതുകൊണ്ടാണ് മൃഗങ്ങളുടെ തിരോധാനം നടക്കുന്നതെന്നുള്ള വാർത്ത ആരാണ് പ്രചരിപ്പിച്ചതെന്ന് അറിയില്ല. അക്കാരണത്താൽ അവിടെ മാടുകൾ വാഴില്ലാക്കുന്ന് എന്നറിയപ്പെട്ടു. പിന്നെ കുറച്ചുനാളുകളായി അവിടെ പുലിയിറങ്ങുന്നുമുണ്ട്.

സാത്താനുണർന്നു.നല്ല തണുപ്പുണ്ട് കൈകൾ കൂട്ടിത്തിരുമ്മി കവിളിലേക്ക് വെച്ചു.ഷർട്ടിന്റെ കൈമടക്കിൽ നിന്നും ഒരു സിഗററ്റ് എടുത്തുകത്തിച്ചു ഓജോയെ നോക്കി.

"ഹോ.! ഇവൻ ഇതെന്ത് ഉറക്കാ...രാവിലെ പുറപ്പെടണം എന്നുപറഞ്ഞത്,ഒറ്റ ചവിട്ടു കൊടുത്താലോ."

"ഓജോ ടാ എഴുന്നേൽക്കട, ദേ സമയമങ്ങു പോയി. ടാ എഴുന്നേൽക്കാൻ."
ഓജോ ഒന്നു നീണ്ടുനിവർന്നു കിടന്നു.
"ശോ ഇവനെക്കൊണ്ട്‌ തോറ്റല്ലോ, ടാ ഓജോ നാട് ഉണരുന്നതിനു മുൻപ് കുന്നിറങ്ങണം..."
ഓജോക്ക് ഒരു കുലുക്കവും ഇല്ല. സാത്താൻ ഓജോയുടെ തോളിൽ അടിച്ചു.
"ഒന്നെഴുന്നേൽക്കെടാ. നമ്മളെയാരെങ്കിലും കണ്ടാൽ  ഏതെങ്കിലും തെണ്ടികൾ  പൊലീസിന് ഒറ്റികൊടുക്കും.  അവന്മാര് നമ്മളെ പിടിച്ചേ അടങ്ങൂന്നാ. വേഗം എഴുന്നേൽക്കാൻ."

"അടികൊണ്ട വേദനയുടെ നീരസത്തോടെ ഓജോ എണീറ്റ് അടുത്തുള്ള കാട്ടുചെടികൾക്കിടയിലേക്ക് പോയ്‌.
ഓജോ ഒന്നുവേഗം ഒക്കെകഴിച്ചു വരണം. വെട്ടം വീണു."

"ദാ ഇപ്പോ വരുന്നെടാ".

രണ്ടുപേരും തലയിൽ മഫ്‌ളർ കെട്ടി മുഖം മറച്ചു കുന്നിറങ്ങി.നിരത്തിൽ പത്രമെത്തിക്കുന്ന വണ്ടികളും ഏജന്റുമാരും ഉണ്ടായിരുന്നു.
തണുപ്പുകാരണം എല്ലാർക്കും മഫ്‌ളറും സ്വറ്ററുമായിരുന്നു. അതവർക്ക് രക്ഷയായി.

"ഓജോ നീയവിടെ നിൽക്കൂ ഏതെങ്കിലും വണ്ടികിട്ടുമോന്നു നോക്കട്ടെ ഇനിയെങ്ങാനും ഞാൻ പിടിക്കപ്പെട്ടാൽ ഒരാൾക്ക് ആന്ദ്രോയുടെ അടുത്തെത്താം."

പച്ചക്കറിയുമായി എത്തിയവണ്ടിയുടെ അടുത്തേക്ക് സാത്താൻ നീങ്ങി. വണ്ടിയിൽ ചാരിനിന്ന ഒരുത്തനോട് സാത്താൻ സംസാരിക്കുന്നത് അടഞ്ഞു കിടക്കുന്ന ഒരു കടയുടെ മുന്നിലെ സിമന്റ്തൂണിന്റെ പുറകിൽനിന്ന് ഓജോ കണ്ടു.ഇടയ്ക്ക് ഓജോ നിൽക്കുന്ന ഭാഗത്തേക്ക് സാത്താൻ വിരൽചൂണ്ടി വണ്ടിയിൽ ചാരി നിൽക്കുന്ന കറുമ്പൻ അവിടേക്ക് നോക്കി. ഓജോ തൂണിനു പുറകിലേക്ക് കുറേക്കൂടി ഒതുങ്ങി നിന്നു.

ഇത്തിരി കഴിഞ്ഞപ്പോഴേക്കും സാത്താൻ മടങ്ങിയെത്തി.
പ്രതീക്ഷയോടെ ഓജോ സാത്താന്റെ കണ്ണുകിലേക്ക് നോക്കി. ഇവിടെനിന്നാൽ ആപത്താണ്. എങ്ങനെയും ഇവിടെനിന്നും രക്ഷപ്പെട്ടാൽ മതിയെന്നാണ് രണ്ടാൾക്കും.

"ഓജോ..മച്ചൂ...വേഗം വാ. ലോഡ് ഇപ്പോ ഇറക്കിത്തീരും.വണ്ടിയുടെ പുറകിൽ കയറണം. ഫ്രണ്ടിൽ ആളുണ്ട് ."
"പുറകിലെങ്കിൽ അങ്ങനെ എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപെട്ടാൽ മതി സാത്താനെ."

രണ്ടാളും വണ്ടിയുടെ മുകളിൽ കയറി.അവിടെയിരുന്നാൽ പെട്ടെന്നാരും കാണില്ല.വണ്ടി നീങ്ങിതുടങ്ങി.ഇന്നലെ പെയ്ത മഴയുടെ കുളിരു ഇപ്പോഴുമുണ്ട്.
 
വാഹനത്തിനും മുൻപ് രണ്ടുപേരുടെയും മനസ് ആന്ദ്രോയുടെ അരികിലേക്ക് പാഞ്ഞു.

നല്ല കാപ്പിയുടെ മണം ലോപ്പസ് കണ്ണുതുറന്നു. ഒന്നുമറിയാതെ സുഖമായൊരുറക്കം കുറെനാളിന്  ശേഷമാണ്. ലോപ്പസെഴുന്നേറ്റ് കിടക്കയിലിരുന്നു. ചെറിയ തണുപ്പുണ്ട്. ഇളംവെയിൽ  ഇലചാർത്തുകളുടെ ഇടയിലൂടെ കിളിവാതിലിലൂടെ കണ്ണെറിഞ്ഞു പോയ്‌. നേരം ഒരുപാടായോ... ലോപ്പസ് കൈകൾ മുകളിലേക്കുയർത്തി കോട്ടുവായിട്ടു
എത്രമണിയായോ എന്തോ....
ഫോണെടുത്തു നോക്കി...നാശം ഇതു ചത്തിരിക്കുവാണെല്ലോ.... ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു.
കാലു നിലത്തുകുത്താൻ പറ്റുന്നില്ല...വീണ്ടും കിടക്കയിലേക്കിരുന്നു, പാദത്തിലേക്ക് സൂക്ഷിച്ചു നോക്കി.
നല്ല നീരുണ്ട്....വേദനയും.

പഴയ കട്ടിലിന്റെ ഞെരക്കം കേട്ടിട്ടാവും ഗൗരി  മുറിയിലേക്ക് വന്നു.
"ആ എഴുന്നേറ്റോ...നന്നായി ഉറങ്ങാൻ കഴിഞ്ഞോ..പല്ലുതേക്കാൻ ഉമിക്കരിയേ ഉള്ളൂ..എടുത്തു വെച്ചിട്ടുണ്ട്. മുഖം കഴുകി വാ കാപ്പി കുടിക്കാം."

കാപ്പിയോ തനിക്ക് ശീലം അതല്ലല്ലോ ലോപ്പസ് മനസ്സിലോർത്തു..."ഉം"
പതിയെ കാലുകുത്തി എഴുന്നേൽക്കാൻ നോക്കി
പറ്റുന്നില്ല.
ലോപ്പസിന്റെ ഇരുപ്പ് കണ്ടു ഗൗരി
"എന്താ  വേദന കുറവില്ലേ..."
"ഇല്ല"
"നോക്കട്ടെ" അവൾ നിലത്തുകുനിഞ്ഞിരുന്നു..ലോപ്പസിന്റെ കാലു നോക്കി.
"അയ്യോ നല്ല നീരുണ്ടെല്ലോ....ഇനീപ്പൊ പൊട്ടലോ മറ്റോ ഉണ്ടാവോ...?"
ലോപ്പസിനും അങ്ങനെ തോന്നി. അല്ലെങ്കിൽ നീര് വെക്കില്ല.
"ങാ,പൊട്ടലുണ്ടാവും"
"കാപ്പി തന്നിട്ടു ഞാനാ വൈദ്യരെ വിളിച്ചു വരാം."
"ശരി"
നിലത്തിരിക്കുന്ന അവളുടെ പിൻകഴുത്തു മറച്ചു നനഞ്ഞു വെള്ളമിറ്റിച്ചു ചുരുൾമുടി വിടർന്നു കിടക്കുന്നു.ഹോ.!അതിനിടയിലേക്ക്
മുഖം പൂഴ്ത്തി.
പെട്ടെന്നാണ് ഗൗരി മുഖമുയർത്തിയത്.
കണ്ണുകൾ പറിച്ചെടുത്ത് കിളിവാതിലിലൂടെ ദൂരെക്കെറിഞ്ഞു
"എങ്കിൽ ഇവിടെയിരുന്നോ ഞാൻ വാ കഴുകാൻ വെള്ളം ഇങ്ങോട്ട് കൊണ്ടുവരാം."
"ഏയ് വേണ്ടാ, ഞാൻ പുറത്തേക്ക് പോയി ചെയ്‌തോളാ"
"അതിനു നടക്കാൻ പറ്റോ.പറഞ്ഞത് കേൾക്കൂ."
അപ്പോഴും കാൽ അവളുടെ നിയന്ത്രണത്തിലായിരുന്നു
"വേണ്ടാന്ന്, ഞാൻ പുറത്തേക്ക് പൊക്കോളാ"
സ്വരം അല്പം കടുത്തുപോയോ...

അവൾ വേഗമെഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.

വണ്ടി നാരായണിക്കല്ല്  അടുക്കുന്നു. ആ വഴി വണ്ടി പോകില്ല. അടുത്തുള്ള ജംഗ്ഷനിൽ ഇറങ്ങി അവിടെ നിന്നും ഇടതുവശത്തേക്ക് കിടക്കുന്ന റോഡിൽ കൂടി ജീപ്പിലോ നടന്നോ പോണം.
വണ്ടിക്കാരു പറഞ്ഞതാണ്.

വെയിൽവെട്ടമായി മഴയുടെ ക്ഷീണം മാറി സ്ഥലങ്ങൾ ഉണർന്ന് തുടങ്ങി.
വണ്ടിക്കുള്ളിൽ നിന്നും സംസാരവും ചിരിയുമൊക്കെ കേൾക്കാം.

സാത്താനും ഓജോയുടെ മുഖഭാവം കണ്ടു ചിരിച്ചു... 
"നീ  പേടിച്ചുപോയി അല്ലേ ഓജോ?"
"ഏയ്, ഞാനെങ്ങും പേടിച്ചില്ല."
"ഉവ്വ് ,ഞാൻ കണ്ടതല്ലേ.ഇനി ആശ്വസിക്ക് എന്തായാലും ജില്ലയുടെ അതിർത്തി കടന്നു.ഇവിടെ ആർക്കും നമ്മളെയറിയില്ലല്ലോ?"

സ്ഥലമെത്തി. ഓജോയും സാത്താനും വണ്ടിയിൽ നിന്നുമിറങ്ങി. ചേരിക്കൽ എന്നുപേരുള്ള മൂന്നുംകൂടിയ ഒരു ജംഗ്ഷൻ. ഒരു സൈഡിൽ താഴേക്ക് വീടുകളുണ്ട്. അവിടെ വല്യ തിരക്കൊന്നുമില്ല. രണ്ടുമൂന്നു കടകളുണ്ട്. പാലും പലഹാരങ്ങളും വിൽക്കുന്നതും,പലചരക്ക് പച്ചക്കറി സാധനങ്ങൾ മറ്റും വിൽക്കുന്നത്,മലഞ്ചരക്കു വ്യാപാരം നടക്കുന്ന കടയും പിന്നെ ഒരു കീടനാശികൾ വിൽക്കുന്ന മറ്റൊരുകടയും.
സാത്താൻ പാൽ വിൽക്കുന്ന കടയിലേക്ക് കയറി.
"ചേട്ടാ"
ആരാത്. ഇവിടൊന്നും കണ്ടിട്ടില്ലല്ലോ
ചേട്ടാ ഞങ്ങളിവിടെ ആദ്യാ."
"അത് പറ ഇവിടെയെങ്ങോട്ടാ.."
ഈ നാരായണിക്കല്ല് ഇവിടെനിന്ന് ഏതു ഭാഗത്തേക്കാണ് പോണ്ടത്.
"നാരായണിക്കല്ലോ..!"  കടക്കാരന്റെ സ്വരമൊന്നു പതറി.പെട്ടെന്നുള്ള പരിഭ്രമത്താൽ മുഖമിരുണ്ട് മാറിയത് സാത്താൻ ശ്രദ്ധിച്ചു. സാത്താനെ നോക്കുമ്പോൾ അയാളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.
"അതേ."
അയാൾ പിന്നെ ഒന്നുമുരിയാടാതെ ഇടതുവശത്തേക്കുള്ള റോഡിലേക്ക് വിരൽചൂണ്ടി.

തുടരും


read more

https://emalayalee.com/repNses.php?writer=185

നീലി (നോവൽ -ഭാഗം-3: ആർച്ച ആശ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക