ചുരിദാറിന്റെ കീറിയ ഭാഗം തുന്നിപ്പിടിപ്പിച്ചശേഷം, അവള്‍ അമ്മയെ നോക്കി. പുതിയ വസ്ത്രങ്ങള്‍ അവള്‍ക്കാരും വാങ്ങിക്കൊടുക്കാറില്ല. വേണ്ട, അവള്‍ക്കതില്‍ പരാതിയില്ല മൂത്ത നാല് സഹോദരിമാരുണ്ടല്ലോ. അവരുടുത്തു പഴകിയതോ അവര്‍ക്ക് പകാമാകത്തതോ അവള്‍ക്ക് കിട്ടും. മതി, നഗ്നത മറക്കാന്‍ അതൊക്കെ ധാരാളം. ഒന്നുറങ്ങാന്‍ മറ്റുള്ളവര്‍ക്കുള്ളത് പോലെ സൗകര്യമുള്ള ഒരു സ്ഥലം ആ വീട്ടില്‍ അവള്‍ക്കില്ല. ആ വീട്ടില്‍, മറ്റുള്ളവര്‍ കഴിക്കുന്ന നല്ല ഭക്ഷണത്തിന്റെ രുചി അവള്‍ അറിഞ്ഞിട്ടില്ല. അവള്‍ക്ക് അതാരും കൊടുത്തിട്ടില്ല. ഇത്തരം അവഗണനകളെ അവള്‍ ചോദ്യം ചെയ്തിട്ടില്ല. ഇതൊക്കെ ഇങ്ങനെയാണ് എന്നായിരുന്നു അവളുടെ ധാരണ. ശരീരപുഷ്ടി തീര്‍ത്തില്ലെങ്കിലും ഇപ്പോള്‍ അവളൊരു സ്ത്രീ ആയിക്കഴിഞ്ഞു. ഇന്നവള്‍ക്ക് ചില അറിവുകളുണ്ട്. തെരുവ് ആണ് അവളുടെ പഠനക്കളരി. തുല്യ ദുഃഖിതരായ കൂട്ടുകാരികളുണ്ട്. അവരാണ് അവളുടെ അദ്ധ്യാപകര്‍. അവള്‍ക്ക് ഇനിയും അറിയേണ്ട ചില കാര്യങ്ങളുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണം. വീടിന്റെ പിന്‍ഭാഗത്തുള്ള ഒരൊഴിഞ്ഞ മൂലയിലേക്ക് അവള്‍ അമ്മയെ വിളിച്ചു. പതറാത്ത സ്വരത്തില്‍ അവള്‍ ചോദിച്ചു.
'അമ്മേ, ഞാനും ഈ വീട്ടിലേതല്ലേ? ഒരിടം ഇവിടെ എനിക്കുമില്ലേ? വിശപ്പും ദാഹവും എനിക്കുമുണ്ട്. ആശകളും മോഹങ്ങളുമെനിക്കുമുണ്ട്. അതൊക്കെ നേടാന്‍ എന്തിനെന്നെ ഈ തെരുവിലേക്ക് തള്ളി? ശരിയാണ് ഞാനൊരു പെണ്ണാണ്. പെണ്ണായി പിറന്നത് എന്റെ കുറ്റമാണോ? പെണ്ണാകണമെന്നുള്ളത് ആരുടെ തീരുമാനമാണ്? ഒരിക്കലും എന്റേതല്ല, പിന്നെ ഞാന്‍ എന്തുകൊണ്ട് വേണ്ടാത്തവളായി?'
അവളുടെ അമ്മയ്ക്ക് അതിനുത്തരമുണ്ടായിരുന്നു. മറുപടികള്‍ നീറിപ്പുകഞ്ഞ് ഉള്ളില്‍ പത്തി വിടര്‍ത്തി നിന്നു, മാതൃത്വത്തെ ചവിട്ടിയരക്കുന്ന ഊരു നിയമങ്ങളെ ആഞ്ഞ് കൊത്താന്‍. കനം പിടിച്ച മൗനം! അത് അട്ടഹാസത്തേക്കാള്‍ ഭീകരമായിരുന്നു ആ ഊരിന്റെ ചിട്ടകള്‍ അമ്മയുടെ മനസ്സിലൂടെ തെളിഞ്ഞു മറഞ്ഞു കടന്നുപോയി. തലമുറ തലമുറയായി ആചരിച്ചുപോരുന്ന കീഴ്‌വഴക്കങ്ങളുണ്ടവിടെ. അതാരും ലംഘിക്കാറില്ല, എതിര്‍ക്കാറില്ല, ചോദ്യം ചെയ്യാറില്ല. 'പെണ്ണ്' ആ ഊരുവാസികള്‍ക്ക് ഒരു ബാധ്യതയാണ്, ഭാരമാണ്, ശാപമാണ്. ആണ്‍കുട്ടി ഉണ്ടാകാന്‍ ദമ്പതികള്‍ ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു. ഭജനയിരിക്കുന്നു. പൂജ നടത്തുന്നു. പൂജാ വിധികള്‍ നിര്‍ണ്ണയിക്കുന്നത് ഊരുമൂപ്പനാണ്. അയാളുതന്നെയാണ് പൂജാരി. ആ ഊരിന്റെ എടുപ്പും നടപ്പും നിര്‍ണ്ണയിക്കുന്ന അധികാരിയാണ് പൂജാരി. ഊരിന് ഒരു ദേവതയുണ്ട്. കാളി, ഒരു വലിയ പാറയുടെ മറയിലാണ് കാളിയുടെ വിഗ്രഹം. അങ്ങോട്ടാരും പോകാറില്ല, പൂജാരി ഒഴികെ. വിഗ്രഹത്തിനുമുമ്പില്‍ കുരുതി കഴിച്ചാല്‍ ദേവി പ്രസാദിക്കും, ആണ്‍ കുട്ടി ജനിക്കും പക്ഷേ, ജനിക്കുന്നത് പെണ്‍കുട്ടിയായാല്‍ അത് കാളിയുടെ ശത്രുവായ ദുര്‍ദേവ സന്തതിയാണ്.! ആ പെണ്‍കുട്ടി ഈ ഊരിന് ശാപമാണ്. ഊരു മൂപ്പന്‍ കല്‍പ്പിക്കും, 'പെണ്‍കുട്ടിയെ ഉപേക്ഷിക്കണം' അനുസരിക്കാത്ത മാതാപിതാക്കളെ ഊരു വിലക്കും! ഇത്തരം പെണ്‍കുഞ്ഞുങ്ങളെ, പണ്ടൊക്കെ കാളി വിഗ്രഹത്തിനു മുമ്പില്‍ കുരുതി കഴിച്ചിരുന്നു എന്നാണ് കേട്ടുകേള്‍വി.
ആ മകള്‍ അറിയാത്ത കഥ, ആ അമ്മ പറയാത്ത കഥ, ആ മാതൃ ഹൃദയത്തില്‍ വിങ്ങി നിന്നു. ഒരു നെടുവീര്‍പ്പിലൂടെ ആ കഥ മകള്‍ കേട്ടു.
ആദ്യത്തെ നാല് മക്കളും പെണ്‍കുട്ടികള്‍, അഞ്ചാമത്തേതെങ്കിലും ആണാകാന്‍ ആ മാതാപിതാക്കള്‍ പ്രാര്‍ത്ഥിച്ചു, പൂജനടത്തി, ദേവീ വിഗ്രഹത്തിനുമുമ്പില്‍ പൂജാരി കോഴിക്കുരുതി നടത്തി. പൂജാരി ഉറപ്പിച്ചു പറഞ്ഞു, 'ആണ്‍ കുട്ടി ജനിക്കും.' പക്ഷെ, ജനിച്ചത് 'പെണ്ണ്'! കാളിയുടെ ശത്രുവായ ദുര്‍ദേവതയുടെ സന്തതിയാണ് ഈ പെണ്‍ കുഞ്ഞ്. അവളാണ് അമ്മയുടെ മുമ്പില്‍ ചോദ്യവുമായി വന്നു നില്‍ക്കുന്ന മകള്‍. ഊരിന് അവള്‍ സ്വീകാര്യയല്ല. വീട്ടില്‍ അവളെ സംരക്ഷിച്ചാല്‍ കാളിയുടെ ശാപം നാടിനുണ്ടാകും. അവളെ ഉപേക്ഷിക്കണം. അവളുടെ ജീവിതം തെരുവില്‍ തന്നെ!
മകള്‍ കരഞ്ഞില്ല. അമ്മയെ പഴിച്ചില്ല. പക്ഷേ, ആ പിഞ്ചു ഹൃദയത്തില്‍ ഒരു തീയ് ആളിക്കത്തുന്നുണ്ടായിരുന്നു. അവളെപ്പോലെ പുറംതള്ളപ്പെട്ടവര്‍ വേറെയുമുണ്ട് ആതെരുവില്‍. ആ തെരുവാണ് അവരുടെ കര്‍മ്മ ഭൂമി. അവര്‍ക്കൊരു വിളിപ്പേരുണ്ട്. 'അന്‍ ചാഹി'- വേണ്ടാത്തവള്‍!
ഒരു ദിവസം അവരില്‍ ഒരാളെ ചിലര്‍ ബലമായി പിടിച്ചു കൊണ്ടുപോയി. തിരിച്ചവള്‍ വന്നില്ല. അവളുടെ അവയവങ്ങള്‍ വില്‍ക്കാനാണവളെ കൊണ്ടുപോയതെന്നു കേട്ടു. മറ്റൊരാളെ കുറേപേരു കൂടി പീഡിപ്പിച്ചു. കൊന്നില്ല. കീറി മുറിഞ്ഞ ശരീരവുമായി അവള്‍ തിരിച്ചുവന്നു. ഈ കുട്ടികളില്‍ ചിലരെ, അംഗവൈകല്യം വരുത്തി ഭിക്ഷയെടുപ്പിക്കുന്ന മാഫിയായുണ്ട്!
ഏത് സമയത്തും ക്രൂരതകള്‍ക്ക് ഈ കുട്ടികള്‍ ഇരയായിത്തീരാം. ആരുടെ കണ്ണിലും കാരുണ്യം അവര്‍ കാണുന്നില്ല. 'നാളെ' എന്നൊന്നുണ്ടോ എന്നവര്‍ക്കറിയില്ല! കടിച്ചുകീറാന്‍ വായ് തുറന്നു നില്‍ക്കുന്ന ക്രൂരമൃഗങ്ങളെക്കണ്ട ഭയത്തോടെ അവള്‍ അമ്മയെ കൊട്ടിപ്പിടിച്ചു വിലപിച്ചു. 'അമ്മേ എനിക്ക് ശ്വാസം മുട്ടുന്നു'. ആ അമ്മ പ്രതി വചിച്ചു, 'മകളേ, എനിക്കും'! പക്ഷെ ആ ശബ്ദം പുറത്തേക്ക് വന്നില്ല.
** സഹസ്രാബ്ദങ്ങളായി പുരുഷാധിപത്യം കല്‍പ്പിച്ചുറപ്പിച്ച നിബന്ധകകളുടെ ഭാരം പേറി, തളര്‍ന്ന് തല താഴ്ത്തി, കൈ കൂപ്പി നില്‍ക്കുന്നു 'ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി!' ആധുനിക സമൂഹത്തില്‍ പോലും സ്ത്രീത്വം വിലപിക്കുന്നു. 'എനിക്ക് ശ്വാസം മുട്ടുന്നു.'!
ജെ മാത്യൂസ്