പ്ളസ് ടുവിന് ഉന്നത വിജയം നേടിയ തൊടുപുഴ സ്വദേശി വിനായകന് അപ്രതീക്ഷിത സമ്മാനം വീട്ടിലെത്തിച്ച നടന് ദുല്‍ഖര്‍ സല്മാന്. ഏറ്റവും പുതിയ സ്മാര്‍ട്ടാണ് വിനായകന് ദുല്ഖര്സമ്മാനമായി നല്‍കിയത്. ഇന്നലെ വിനായകിനെ വിളിച്ച് ഫോണില്‍ അഭിനന്ദനം അറിയിച്ചതിന് പിന്നാലെയാണ് യുവതാരത്തിന്റെ അപ്രതീക്ഷിത സമ്മാനം.
വിനായകിന്റെ അമ്മയുടെ ഫോണിലേക്കാണ് ദുല്‍ഖര്‍ വിളിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിളിയില്‍ ആദ്യം അമ്പരന്നെങ്കിലും പിന്നീട് ആഹ്ളാദത്തിലേക്ക് വഴി മാറി. ഒരിക്കലും ഇങ്ങനെയോരു കോള്‍ പ്രതീക്ഷിക്കാതിരുന്ന വിനായകിനെ അഭിനന്ദിക്കുകയും ഇനിയും നന്നായി പഠിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു.
കൂടാതെ ഒരു സമ്മാനവും നാളെ വീട്ടിലെത്തുമെന്ന് പറഞ്ഞു. ദുല്‍ഖര്‍ പറഞ്ഞതു പോലെ തന്നെ വിനായകിന്റെ വീട്ടിലേക്ക് താരത്തിന്റെ സമ്മാനമെത്തി. സാംസങ്ങിന്റെ സ്മാര്‍ട്ട് ഫോണ്‍ ആണ് സമ്മാനമായി എത്തിയത്.
ദുല്‍ഖര്‍ സല്‍മാന്റെ വലിയ ആരാധകനാണ് വിനായക്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് താരത്തിന്റെ സമ്മാനമെത്തിയതിന്റെ ആഹ്ളാദത്തില്‍ അദ്ദേഹത്തിന്റെ ജന്മദിനമായിട്ടും ആശംസയറിയിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന നിരാശയിലാണ് വിനായക്. ദുല്‍ഖറിന്റെ ഫോണ്‍ വന്നപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയായിരുന്നു വിനായക്. അതിനിടെ ബര്‍ത്ത്ഡേ വിഷ് പറയാന്‍ മറന്നു പോയി.
സമ്മാനം കിട്ടി കഴിഞ്ഞപ്പോള്‍ നനന്ദി അറിയിക്കാന്‍ ദുല്‍ഖറെ വിളിച്ചിട്ടും കിട്ടിയില്ലെന്ന് വിനായക് പറഞ്ഞു. `` ഇനി വിളിക്കുമ്പോള്‍ അദ്ദേഹത്തോട് നന്ദി പറയണം. ഒരുപാട് വൈകിയെങ്കിലും അദ്ദേഹത്തിന് ജന്മദിനാശകളും പറയണം. ഒരുപാട് നന്ദിയും.
സാധാരണ സിനിമാ താരങ്ങള്ക്കല്ലേ, ആരാധകര്‍ സമ്മാനമൊക്കെ കൊടുക്കുക. ഇതിപ്പോള്‍ താരം ആരാധകനല്ലേ സമ്മാനം നല്‍കിയത്. ഇതൊരു അപൂര്‍വ ഭാഗ്യമല്ലേ.'' വിനായക് ആഹ്ളാദത്തോടെ പറയുന്നു.
സി.ബി.എസ്.ഇ പരീക്ഷയില്‍ 500ല്‍ 493 മാര്‍ക്കായിരുന്നു വിനായക് നേടിയത്. ഇത്ര വലിയവിജയം നേടിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിനായകിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.
ആ ഫോണ്‍ സംഭാഷണം പ്രധാനമന്ത്രിയുടെ മന് കീ ബാത്തില്‍ സംപ്രേഷണം ചെയ്തിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദ പഠനത്തിനുള്ള അപേക്ഷ നല്കി കാത്തിരിക്കുകയാണ് വിനായക്.