കന്യകാമറിയം എഫെസൊസിൽ (യാത്രാവിവരണം 8: സാംജീവ്)

Published on 01 August, 2020
കന്യകാമറിയം എഫെസൊസിൽ (യാത്രാവിവരണം 8: സാംജീവ്)

പാശ്ചാത്യ പൗരസ്ത്യ ലോകങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിരുന്നു ഒന്നാംനൂറ്റാണ്ടിൽ എഫെസൊസ് എന്ന മഹാനഗരം. ഇന്നത്തെ ന്യൂയോർക്കിനു സമാനമായ ഒരു സ്ഥാനമായിരുന്നു എഫെസൊസിനുണ്ടായിരുന്നത്. ലോകത്തിന്റെ സാമ്പത്തിക സിരാകേന്ദ്രമായിരുന്നു ആ നഗരം. ബാങ്കിംഗ് സമ്പ്രദായം ലോകത്തിനു എഫെസൊസ് നല്കിയ സംഭാവനയാണ്. രണ്ടരലക്ഷം ജനങ്ങൾ അവിടെ താമസിച്ചിരുന്നു. അർത്തമിസ് ആയിരുന്നു എഫെസൊസിന്റെ കുലദേവത. വിശ്വമാതാവായി ആരാധിക്കപ്പെട്ട അർത്തമിസിന്റെ ക്ഷേത്രം മഹാത്ഭുതങ്ങളിൽ ഒന്നായിരുന്നു.

ആധുനിക തുർക്കിയിൽ ഈജിയൻ കടലോരത്തെ ഒരു തുറമുഖനഗരമായ ഖുസദാസിയിൽ (Kusadasi) നിന്നും 21 മൈൽ ദൂരത്താണ് പുരാതന എഫെസൊസ് നഗരത്തിന്റെ അവശിഷ്ടങ്ങൾ.

പക്ഷേ കന്യകാമറിയവും എഫെസൊസ് നഗരവുമായി എന്താണു ബന്ധം? ബൈബിൾ ഒന്നും പറയുന്നില്ല. എ.ഡി. 37ൽ സ്തേഫാനോസിന്റെ രക്തസാക്ഷി മരണത്തിനുശേഷം യോഹന്നാൻ അപ്പോസ്തലൻ കന്യകാമറിയവുമായി എഫെസൊസിലേയ്ക്കു പോയി എന്നാണു പാരമ്പര്യകഥകൾ പറയുന്നത്. എങ്ങനെയാണ് വിശുദ്ധമാതാവിന്റെ സംരക്ഷണച്ചുമതല യോഹന്നാനു ലഭിച്ചത്? അതിന് ഉത്തരം ലഭിക്കാൻ ക്രൂശിലോളം യാത്ര ചെയ്യണം. ബൈബിൾ ഇങ്ങനെ പറയുന്നു.

“യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും -------നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മഎന്നും പറഞ്ഞു. ആ നാഴിക മുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.”

“ആ ശിഷ്യൻ” യോഹന്നാനാണ്. ക്രൂശീകരണത്തിന്റെ അതികഠിനമായ വേദനയില്ക്കൂടി കടന്നു പോയപ്പോഴും സ്വമാതാവിനോടുള്ള സ്നേഹവും ഉത്തരവാദിത്വവും യേശു മറന്നില്ല. യേശു  മാതാവിനെ യോഹന്നാനെ ഏല്പിച്ചു. അന്നുമുതൽ കന്യകാമറിയത്തിന്റെ സംരക്ഷണം യോഹന്നാന്റെ ചുമതലയായി. മാതൃപുത്രബന്ധത്തിന്റെ ആഴം കാണിക്കാൻ ഇതിനെക്കാൾ ഉദാത്തമായ ഉദാഹരണം ലോകചരിത്രത്തിൽ വേറെയുണ്ടോ!

എഫെസൊസ്നഗരപ്രാന്തത്തിലുള്ള ഒരു ഗിരിശൃംഗത്തിൽ യോഹന്നാനും കൂട്ടരും കന്യകാമറിയത്തിന് ഒരു ഭവനം പണിതുവെന്നും അവരവിടെ താമസിച്ചിരുന്നുവെന്നും പാരമ്പര്യ കഥകൾ പറയുന്നു. റോമൻ ചക്രവർത്തിയായിരുന്ന നീറോയുടെ ക്രൈസ്തവപീഡനത്തിന്റെ നിഴലിലിലായിരുന്ന യോഹന്നാൻ വിശുദ്ധമാതാവിന് പാർക്കാൻ താരതമ്യേന സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താൻ ശ്രമിച്ചിരിക്കാം.
എ.ഡി. 381ൽ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി വിളംബരം ചെയ്യപ്പെട്ടു. എ.ഡി. 431ൽ അർത്തമിസ് ദേവിയുടെ ക്ഷേത്രം നിന്ന സ്ഥാനത്ത് ഒരു പള്ളി പണിതു, കന്യകാമറിയത്തിന്റെ നാമധേയത്തിൽ. എ.ഡി. 262ൽ ബാർബേറിയൻ ആക്രമണത്തിൽ അർത്തമിസ് ക്ഷേത്രം തകർക്കപ്പട്ടിരുന്നുവെന്ന് ഓർക്കുക. പക്ഷേ കന്യകാമറിയത്തിന്റെ വസതി എഫെസൊസിൽ എവിടെയായിരുന്നു? ആ സ്ഥലം ലോകത്തിന് അജ്ഞാതമായിരുന്നു.

കത്തോലിക്കാസഭയുടെ ഒരു പ്രസിദ്ധീകരണത്തിൽ അടുത്ത കാലത്തായി വന്ന ഒരു ലേഖനം എന്റെ ശ്രദ്ധ ആകർഷിക്കുകയുണ്ടായി. ആൻ കാതറിൻ എമറിക്ക് എന്ന സന്യാസിനിക്കുണ്ടായ ദൈവിക വെളിപ്പാടുകളാണ് വിശുദ്ധ മാതാവിന്റെ എഫെസൊസിലെ ഭവനത്തിലേയ്ക്കു വിരൽ ചൂണ്ടിയത് എന്ന് പ്രസ്തുത ലേഖനം അവകാശപ്പെടുന്നു. അതെന്തുമായ്ക്കൊള്ളട്ടെ, പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ എഫെസൊസിനു സമീപമുള്ള സെൽകുക്ക് ഗ്രാമത്തിലെ നൈറ്റിംഗേൽ പർവ്വത നിരകളിലേയ്ക്കു ഗവേഷകർ കടന്നുചെന്നു. പുരാതന ജറുസലേം വീഥി എന്നറിയപ്പെട്ടിരുന്ന പാതയ്ക്കു സമീപമാണത്. അവിടെക്കണ്ട കൽക്കൂമ്പാരങ്ങളിൽ എബ്രായഭാഷാ ലിഖിതങ്ങളും പുരാതന യൂദ ക്രൈസ്തവ സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങളും ഗവേഷകർ കണ്ടെത്തി. കന്യകാമറിയത്തോടൊപ്പം മഗ്ദലന മറിയവും ആ സ്ഥലത്ത് ഒരു ചെറിയ ഭവനത്തിൽ താമസിച്ചിരുന്നുവെന്ന് തദ്ദേശീയരുടെ പാരമ്പര്യകഥകൾ പറയുന്നു. എഫെസോസിലെ അക്രൈസ്തവ ജനസമൂഹത്തിന്റെ ആക്രമണങ്ങളിൽ നിന്നും വിശദ്ധ മാതാവിനെയും സഹായികളെയും രക്ഷിക്കുന്നതിനു യോഹന്നാൻ തെരഞ്ഞെടുത്ത സ്ഥലമാണു എഫെസൊസിനു പുറത്തുള്ള സെൽക്കുക്ക് എന്ന ഗ്രാമം എന്ന് അനുമാനിക്കപ്പെടുന്നു. യഹൂദന്മാരുടെ ഒരു കുടിയേറ്റ പ്രദേശമായിരിക്കണം ഒന്നാം നൂറ്റാണ്ടിൽ സെൽക്കുക്ക്.

എറിക്ക് സന്യാസിനി ദർശനത്തിൽ കണ്ടതിനു സമാനമായ ഒരു  ഭവനത്തിന്റെ അവശിഷ്ടങ്ങൾ കോറിസോസ് ഗിരിശൃംഗത്തിൽ എ.ഡി. 1890ൽ ഗവേഷകർ കണ്ടെത്തിയത്രേ. നൈറ്റിംഗേൽ പർവ്വതനിരകളുടെ ഭാഗമാണ് കോറിസോസ്. പ്രസ്തുത ഭവനത്തിന്റെ അടിസ്ഥാനശിലകൾ ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടതാണെന്നു അവർ അവകാശപ്പെടുന്നു. എ.ഡി. 1951ൽ ശ്രദ്ധാപൂർവം പുന:സൃഷ്ടിക്കപ്പെട്ട ഭവനമാണ് ഇന്നു കാണുന്ന കെട്ടിടം. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് കന്യകാമറിയവും പ്രിയപ്പെട്ടവരും താമസിച്ചിരുന്ന ഭവനത്തിന്റെ മാതൃകയിലാണത്രേ അതു പുന:സൃഷ്ടിക്കപ്പട്ടത്.

ഇന്നു കന്യകാമറിയത്തിന്റെ ഭവനം കത്തോലിക്കാസഭയുടെ ഒരു ചാപ്പലാണ്. മതപരമായ അനുഷ്ഠാനങ്ങൾ നടക്കുന്ന സ്ഥലമാണതു്. ചാപ്പലിനകത്തു ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു. തൊട്ടടുത്തുള്ള നീരുറവകൾക്കു രോഗശമനശക്തിയുണ്ടെന്നു അവകാശപ്പെടുന്നു.

അധികം അകലെയല്ലാതെ പ്രതീക്ഷാമതിൽ എന്നറിയപ്പെടുന്ന മതിൽ കാണാം. മതിലിന്റെ കരിങ്കൽച്ചീളുകളുടെ വിടവിലൊക്കെ കടലാസിലും തുണിയിലും തിരുകി വെച്ചിരിക്കുന്നതു നൂറു കണക്കിന് അപേക്ഷകളാണ്; പ്രാർത്ഥനകളാണ്. യരുശലേമിലെ വിലാപമതിലിനെ അനുസ്മരിപ്പിക്കുന്ന മതിലാണത്.
ഒരിക്കൽ ശിമ്യോൻ എന്ന പ്രവാചകൻ നവജാതശിശുവായ യേശുവിനെ കൈകളിലേന്തി മറിയത്തോടു പ്രവചിച്ചു.

“നിന്റെ സ്വന്ത പ്രാണനിൽക്കൂടിയും ഒരു വാൾ കടക്കും.”
നസ്രേത്തിൽ വച്ചു ദൈവഹിതത്തിനു സമ്പൂർണ്ണമായി സമർപ്പിച്ചതിന്റെ പ്രതിഫലമായിരുന്നു ആ വാൾ. കന്യകാഗർഭത്തിന്റെ അപമാനം, പശുത്തൊഴുത്തിലെ പ്രസവം, ജീവരക്ഷാർത്ഥം ഈജിപ്തിലേയ്ക്കുള്ള പലായനം, സ്വപുത്രന്റെ ക്രൂശീകരണത്തിനു സാക്ഷ്യം വഹിക്കുക, ഇപ്പോളിതാ ജീവിതസായാഹ്നത്തിൽ എഫെസോസിലെ പ്രവാസം, അങ്ങനെ പോകുന്നു ആ വാൾ.
2018 സെപ്തംബറിലാണ് പൌലോസിന്റെ കാൽച്ചോടുകളിലൂടെ സഞ്ചരിച്ച ഞങ്ങളുടെ യാത്രാ സംഘം എഫെസൊസിലേയ്ക്കു ചെന്നത്. പുരാതന എഫെസൊസ് നഗരത്തിന്റെ പ്രാന്തപ്രദശത്തു കന്യകാമാതാവിന്റെ നാമധേയത്തിലുള്ള ചാപ്പലിനുമുമ്പിൽ നില്ക്കുമ്പോൾ ശിമ്യോൻ പ്രവചിച്ച വാൾ എന്റെ മനോമുകുരത്തിലേയ്ക്കു കടന്നുവന്നു. ആ വിശുദ്ധ സ്മരണകൾക്കു മുമ്പിൽ ഞാൻ നമ്രശിരസ്കനായി.

കന്യകാമറിയം എഫെസൊസിൽ (യാത്രാവിവരണം 8: സാംജീവ്)
2020-08-03 05:53:03
ഇസ്രായേലിൽനിന്നും അനേകം പേർ കുടിയേറി പാർത്ത സ്ഥലം ആണ് അലക്‌സാൻഡ്രിയ. അവരിൽ പ്രശസ്തൻ ആണ് ഫിലോ എന്ന തത്വ ചിന്തകൻ. ലോഗോസ് -വചനത്തെക്കുറിച്ചുള്ള ഫിലോയുടെ തത്വ ചിന്തയിലാണ് യോഹന്നാൻ്റെ സുവിശേഷം തുടങ്ങുന്നത്. മാറി മാറി വന്ന രാഷ്ട്രീയ തത്വ ചിന്തകളുടെ അടിസ്ഥാനത്തിൽ ' യോഹന്നാൻ്റെ' സുവിശേഷം വെട്ടി തിരുത്തി എഴുതിയത് ആണ്. ബൈബിളിലെ മറ്റു പല പുസ്തകങ്ങളിലും കാണുന്നത് പോലെ ഉൽപ്രേഷയിൽ ആണ് യോഹന്നാൻ്റെ സുവിശേഷവും എഴുതപ്പെട്ടത്. യേശുവിൻ്റെ പഠിപ്പിക്കലുകൾ അതിൻ്റെ യഥാർത്ഥ അന്തർ സത്തയിൽ മനസ്സിൽ ആക്കിയവ്ർ; അലക്‌സാൻഡ്രിയൻ യഹൂദ ക്രിസ്തിയാനികൾ മാത്രം ആണ് എന്ന് അവർ അവകാശപ്പെട്ടു. മറ്റ് മൂന്നു സിനോപ്റ്റിക്ക് സുവിശേഷങ്ങളിൽ നിന്നും യോഹന്നാൻ്റെ പേരിൽ കാണുന്ന സുവിശേഷം വളരെ വെത്യസ്തതമാണ്. ഇതിൽ പറയുന്ന 'യേശുവിൻ്റെ മാതാവും, പ്രിയ ശിഷ്യനും' യഥാർത്ഥ വ്യക്തികൾ അല്ല. യേശുവിൻ്റെ മാതാവ്= യേശുവിൻ്റെ യഥാർത്ഥ സുവിശേഷം. പ്രിയ ശിഷ്യൻ = സുവിശേഷത്തെ അതിൻ്റെ യഥാർത്ഥ അന്തസാര സത്തയിൽ മനസ്സിൽ ആക്കിയവർ; എന്നത് ആണ്. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക