"അമേരിക്കയിലെ രാഷ്ട്രീയ രംഗം മനസ്സിലാക്കിയിട്ടാണോ ഇതിനെപ്പറ്റി ലേഖനങ്ങൾ പടച്ചുവിടുന്നത്" എന്ന് ഒരു വായനക്കാരൻ മുമ്പ് കമന്റ് ചെയ്തിരുന്നതിനാൽ, ഞാൻ മനസ്സിലാക്കിയ അടിസ്ഥാന വിവരങ്ങൾ ചുരുക്കമായി പറഞ്ഞിട്ട് മുന്നോട്ടു പോകാമെന്നു കരുതുകയാണ്.
ഇന്ത്യയിലെ നൂറു കണക്കിന് രാഷ്ട്രീയപാർട്ടികളെപ്പറ്റിയും അവയൊക്കെയും വളരുംതോറും പിളരുകയും ചെയ്യുന്ന പ്രതിഭാസം ഇത്രയും കാലം കണ്ടും കേട്ടു വളർന്നതുകൊണ്ട്, രാഷ്ട്രീയമീമാംസ അത്ര പ്രിയപ്പെട്ട വിഷയമല്ലാതായിരുന്നു.
എന്നാൽ 'അമേരിക്കൻ പൊളിറ്റിക്സ് ' പലതുകൊണ്ടും ശ്രദ്ധേയവും ലളിതവും ആയതിനാൽ, ന്യൂസ് കാണുന്നതിൽ വീണ്ടും താല്പര്യം ജനിച്ചുവെന്നു പറയുന്നതാവും ശരി . അമേരിക്കയിൽ ഇത്രയും കാലമായിട്ടും പ്രധാനമായി രണ്ടേ രണ്ടു രാഷ്ട്രീയ പാർട്ടികളേയുള്ളു എന്നത് ഒരു സവിശേഷത തന്നെയാണ്. 1850 മുതൽക്കു തന്നെ നിയമങ്ങളുടെയും ആചാരവ്യവസ്ഥിതികളുടെയും അടിസ്ഥാനത്തിൽ ഡമോക്രാറ്റ് , റിപ്പബ്ലിക് എന്നീ രണ്ടു പാർട്ടികൾ അമേരിക്കയുടെ ഭരണചക്രം മാറി മാറി തിരിച്ചുകൊണ്ട് , ലോകത്തിലെ മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രമാക്കി നിർത്തിയിരിക്കുന്നതിൽ, ഈ രണ്ടു പാർട്ടികൾക്കും തുല്യ പങ്കുണ്ടെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു. അമേരിക്കയുടെ വിജയവും, പൊതുവെയുള്ള സഹായ പദ്ധതികളും, അധിനിവേശവും തീവ്രവാദവും എവിടെ കണ്ടാലും ഇടപെടുകയും ചെയ്യുന്നതിനാൽ, പലപ്പോഴും അമേരിക്കയെ, ലോകപോലീസ് എന്ന പദവിയിലേക്ക് പരിഹാസ്സമായിട്ടാണെങ്കിലും പല രാജ്യങ്ങളും വിളിക്കുന്നുണ്ട്.
റിപ്പബ്ലിക്കൻസ്, ഇടതു ചിന്താഗതിക്കാർ എന്നും, വലതന്മാർ അല്ലെങ്കിൽ യാഥാസ്ഥിതികർ എന്ന കൺസർവേറ്റിവിസ് ആയും അറിയപ്പെട്ടിരുന്നു. സാമൂഹ്യ ജനാധിപത്യത്തെ പ്രതിനിധാനം ചെയ്യുന്നവരെ ഇടതരായും, മറ്റുള്ളവർ കമ്മ്യുണിസ്റ്റ് വ്യവസ്ഥിതിയെ പ്രതിനിധാനം ചെയ്യുന്നവരാണെന്നും ചില രാഷ്ട്രീയ പുംഗവന്മാർ അഭിപ്രായപ്പെട്ടിരുന്നു. കുത്തക മുതലാളി വ്യവസ്ഥിതിക്കും ആഗോളവൽക്കരണത്തിനും എതിരായിരുന്നു മൂത്ത ഇടതു ചിന്താഗതിക്കാർ.
സാമൂഹ്യ യാഥാസ്ഥിക നയങ്ങളോട്. പൊതുവെ ആമുഖ്യം പ്രകടിപ്പിച്ചവരായിരുന്നു റിപ്പബ്ലിക്കൻസ്. സ്വവർഗ്ഗ വിവാഹം, ഗർഭഛിദ്രം, ലഹരിമരുന്നുകൾ തുടങ്ങിയക്കെതിരെ നിയമങ്ങൾ സൃഷ്ടിച്ച് പാരമ്പര്യമൂല്യങ്ങളെ നിലനിർത്താൻ റിപ്പബ്ലിക്കൻസ് എന്നും ശ്രമിച്ചിരുന്നു.
മീഡിയാ 2000 മുതൽ ഡെമോക്രാറ്റ്സ് പാർട്ടിയെ ചുവപ്പിലും, റിപ്പബ്ലിക്കൻ പാർട്ടിയെ നീല നിറത്തിലും വേർ തിരിച്ചിരിക്കുന്നത് അതാത് സ്റ്റേറ്റിലെ മേൽക്കോയ്മ കാണിക്കാനായിരുന്നു. ഇങ്ങനെ മേൽക്കോയ്മ ഇല്ലാത്ത സ്റ്റേറ്റുകളെ പർപ്പിൾ അല്ലെങ്കിൽ സ്വിങ് സ്റ്റേറ്റ് എന്നും പറയപ്പെടുന്നു. ഉദാഹരണമായി വ്യോമിങ് സ്റ്റേറ്റിലെ 59% വോട്ടറന്മാരും റിപ്പബ്ലിക്കൻസ് ആയും 25% ഡമോക്രാറ്റുമായും അറിയപ്പെടുമ്പോൾ, അതൊരു നീല സ്റ്റേറ്റ് ആയി കണക്കാക്കുന്നു. രണ്ടു പാർട്ടികൾക്കും നിർദ്ദിഷ്ട നയങ്ങളും ആശയങ്ങളും ഉള്ളതുപോലെ, അവരെ പ്രതിനിധാനം ചെയ്യാൻ പ്രത്യേക മൃഗങ്ങളുമുണ്ട് . റിപ്പബ്ലിക്കൻസ് ആനയും, ഡെമോക്രാറ്റ്സ് കഴുതയെയും പാർട്ടി ചിഹ്നങ്ങളായി ആദിമുതലേ സ്വീകരിച്ചിരുന്നു.
റിച്ചാർഡ് നിക്സണ് ശേഷം കഴിഞ്ഞ 43 വർഷങ്ങളിൽ 28 വർഷങ്ങളും വൈറ്റ് ഹൌസിൽ റിപ്പബ്ലിക്കൻ പ്രസിഡണ്ട്മാർ ആണ് അധിവസിച്ചിരുന്നത്. അടിമ സമ്പ്രദായം നിർത്തലാക്കിയ എബ്രഹാം ലിങ്കൺ മുതൽ ടെഡി റൂസ്വെൽറ്റ് , റൊണാൾഡ് റീഗൻ, റിച്ചാർഡ് നിക്സൺ, ബുഷ് (പിതാവും പുത്രനും), ഇപ്പോൾ പ്രസിദ്ധിയും കുപ്രസിദ്ധിയും വേണ്ടതിലധികം ഉള്ള ഡൊണാൾഡ് ട്രമ്പ് വരെ പേര് കേട്ട റിപ്പബ്ലിക്കൻ പ്രസിഡണ്ട്മാർ അമേരിക്കൻ രാഷ്ട്രീയരംഗത്തെ അതികായന്മാരായിരുന്നു.
ഡെമോക്രാറ്റ് പ്രസിഡണ്ട്മാരിൽ ഫ്രാൻക്ലിൻ റൂസ്വെൽറ്റ് മുതൽ ജോൺ എഫ് കെന്നഡി, ബില് ക്ലിന്റൺ, നോബൽ അവാർഡ് ജേതാക്കളായ ജിമ്മി കാർട്ടർ, ബാരക് ഒബാമാ വരെ പ്രശസ്തരായ പലരും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.
രണ്ടു പാർട്ടികളും അമേരിക്കൻ രാഷ്ട്രീയ വ്യവസ്ഥിതിയിൽ സമാന ചിന്താഗതികളിൽ മുന്നേറുന്നുവെന്നു തോന്നുമെങ്കിലും, ചില വിഷയങ്ങളിലെ താരതത്മ്യ പഠനം സംക്ഷിപ്തമായി ചുവടെ ചേർക്കുന്നു:
ഡെമോക്രാറ്റ് റിപ്പബ്ലിക്കൻസ്
സോഷ്യലിസം - ക്യാപ്പിറ്റലിസം
ഗർഭഛിദ്രം അനുകൂലം - ഗർഭഛിദ്രം എതിർക്കുന്നു
ദൈവചിന്തയില്ല - ക്രിസ്തീയ വിശ്വാസ്സം
വലിയ ഗവെർന്മെന്റ് - ചെറിയ ഗവെർന്മെന്റ്
സ്വവർഗ്ഗവിവാഹം - സ്ത്രീപുരുഷ വിവാഹം
ഗൺ വിരുദ്ധം - ഗൺ പ്രോത്സാഹനം
വർദ്ധിച്ച നികുതികൾ - കുറഞ്ഞ നികുതി /ഒരേ നിരക്ക്
ഇല്ലീഗൽ ഇമിഗ്രന്റ്സ് - ലീഗൽ ഇമിഗ്രന്റ്സ്
എല്ലാവര്ക്കും വോട്ടിങ് - വോട്ടർ ഐ ഡി യുള്ളവർ
പോലീസ് വേണ്ട - കർശന പോലീസ്
ഓപ്പൺ ബോർഡറുകൾ - സംരക്ഷിത ബോർഡറുകൾ
ഒബാമകെയർ - ഒബാമ കെയർ വേണ്ട
2008 ൽ 35 സ്റ്റേറ്റുകൾ ഡമോക്രാറ്റു ചായ്വായിരുന്നെങ്കിൽ, ഇന്ന് അത് കുറഞ്ഞു 14 ആയിരിക്കുന്നുവെന്നും, റിപ്പബ്ലിക്കൻസ് 5 ൽ നിന്നും 20 ലേക്ക് കുതിച്ചെന്നും സർവ്വേ പറയുന്നു. വ്യോമിങ്, ഐഡഹോ, യൂട്ടാ എന്നിവ റിപ്പബ്ലിക്കിനും വെർമെണ്ട് , ഹവായി, റോഡ് ഐലൻഡ് എന്നിവ ഡെമൊക്രാറ്റിനും ഭൂരിപക്ഷം അവകാശപ്പെടുമ്പോൾ 16 സ്റ്റേറ്റുകൾ സ്വിങ്ങ് സ്റ്റേറ്റുകളായി മാറിയിരിക്കുന്നു.
ഇന്നത്തെ പ്രസിഡന്റ് ട്രമ്പിന് 2018 ൽ 81-91% റിപ്പബ്ലിക്കൻ അംഗീകാരം രേഖപ്പെടുത്തിയപ്പോൾ, ഡെമോക്രാറ്റിന്റ 5-13% വും സ്വതന്ത്രരുടെ 30-42% അംഗീകാരവും ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ഇന്ന് കോവിഡ് വൈറസ് പടർന്നു 160,000 ത്തിലധികം അമേരിക്കൻ പൗരന്മാർ മരണത്തിനു കീഴടങ്ങിയ സാഹചര്യത്തിൽ, ഈ കണക്കുകൾ തിരുത്തിക്കുറിക്കുന്നുണ്ടാവാം.
രാജ്യസുരക്ഷയും, മെക്സിക്കോ ബോർഡറിലെ നുഴഞ്ഞു കയറ്റം തടയാന് വന്മതിൽ പണിയുന്നതും, തീവ്രവാദികളെ നിയന്ത്രിക്കാൻ 7 മുസ്ലിം രാജ്യങ്ങളിൽ നിന്നും വിസനിരോധനവും, 2 ട്രില്യൺ ഡോളറിന്റെ കൊറോണാവൈറസ് എയിഡും, ലോകാരോഗ്യ സംഘടനയിലേക്കുള്ള സാമ്പത്തിക വിഹിതം നിർത്തലാക്കിയതും, "മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് " മുദ്രാവാക്യത്തിൽ അധിഷ്ഠിതമായ പദ്ധതികളും, ചൈനയുടെ കരങ്ങളിൽനിന്നും അമേരിക്കയെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങളും ഇപ്പോഴത്തെ റിപ്പബ്ലിക്കൻ ഭരണത്തിലെ പ്രധാന നേട്ടങ്ങളായി ചൂണ്ടിക്കാണിക്കുന്നു.
നേരെമറിച്ചു, രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ട്രമ്പിന്റെ സ്വേച്ഛാധിപത്യവും, കൊറോണാ കൈകാര്യം ചെയ്യുന്നതിലെ കാലതാമസവും, അടുത്ത കാലത്ത് നടന്ന പോലീസ് ക്രൂരതകളും, ഡമോക്രറ്റുകൾ റിപ്പബ്ലിക്കൻ ട്രംപിനെതിരായി മൂർച്ച കൂട്ടുന്ന ആയുധങ്ങൾ ആയി മാറിക്കൊണ്ടിരിക്കുന്നു. നവമ്പറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, പൊതുജനങ്ങൾ രാഷ്ട്രീയ വൈര്യങ്ങളെക്കാൾ, രാജ്യനന്മയ്ക്ക് മുൻതൂക്കം നല്കി വോട്ടുകൾ രക്ഷപ്പെടുത്തുമെന്നു ആശിക്കാം.
വാൽക്കഷണം:
രണ്ടുപേരുടെ ടെക്സ്റ്റ് മെസ്സേജുകൾ ഇങ്ങനെ പോകുന്നു.
"അമേരിക്കൻ സിറ്റിസൺ ഷിപ്പിനുള്ള അപ്ലിക്കേഷൻ ഫീസ്, ഈയിടെ ട്രമ്പ് 640 ഡോളറിൽനിന്നും, 1170 ഡോളറാക്കി ഉയർത്തിയത് (81% ) അന്യായമായിപ്പോയി "
""അതു ശരി, നിന്റെയൊക്കെ പ്രസിഡന്റ് ക്ലിന്റൺ ഇരിക്കുമ്പോൾ DHS സിറ്റിസൺഷിപ് അപേക്ഷ ഫീസ് 95 ഡോളറിൽനിന്നും 135% വർധിപ്പിച്ചു 225 ഡോളർ ആക്കിയതോ ?"
"ഞങ്ങളുടെ കാലത്തെ ചെറിയ തെറ്റുകൊണ്ട്, നിങ്ങളുടെ വലിയ തെറ്റ് മൂദി വെക്കാൻ നോക്കല്ലേ , മിസ്റ്റർ!"
ഇത്രയേ ഉള്ളു സാധാരണ റിപ്പബ്ലിക്കനും ഡെമോക്രാറ്റും തമ്മിലുള്ള അമേരിക്കയിലെ ആശയ ഐക്യവും വൈരുദ്ധ്യ പോരാട്ടവും !
(തുടരും)