MediaAppUSA

ഒരു കഷണം പുകയില,ഒരു തവി കഞ്ഞി ...(ജോളി അടിമത്ര)

Published on 05 August, 2020
ഒരു കഷണം പുകയില,ഒരു തവി കഞ്ഞി ...(ജോളി അടിമത്ര)
ജീവിതം മുക്കാല്‍ നൂറ്റാണ്ടു പിന്നിട്ട ആ മുത്തശ്ശിയുടെ പ്രലോഭനം ഇതു മാത്രമായിരുന്നു -ഒരു കഷണം പുകയിലയും ഒരു തവി കഞ്ഞിയും.  അതു വാഗ്ദാനം ചെയ്തതുകൊണ്ടാണ് വീടിനു സമീപമുള്ള സ്ത്രീയുടെ വീട്ടില്‍ ഇടറുന്ന കാലടികള്‍ പെറുക്കി വച്ച് അവര്‍ പോയതും.പക്ഷേ ...

കേരളത്തെ ഞെട്ടിച്ച രണ്ടു വാര്‍ത്തകളാണ് ചൊവ്വാഴ്ച നടന്നത്.കോലഞ്ചേരി സ്വദേശിനിയായ മുത്തശ്ശിക്കും  കണ്ണൂര്‍ മട്ടന്നൂര്‍കാരിയായ സ്ത്രീയ്ക്കും നേരിട്ട പീഢനങ്ങള്‍.രണ്ടുപേര്‍ക്കും 75 വയസ്സ്.പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു പറഞ്ഞ് കഴിഞ്ഞ മൂന്നു ദിവസമായി കണ്ണൂരെ മുത്തശ്ശിയെ പീഢിപ്പിച്ചയാളെ അറസ്റ്റു ചെയ്തു .കോലഞ്ചേരി പീഢനത്തില്‍ മൂന്നുപേരാണ് അറസ്റ്റിലായത്.
മരണത്തോട് മല്ലടിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന മുത്തശ്ശിയുടെ ദുരന്തം കേരള സമൂഹത്തെ മുഴുവന്‍ ഞെട്ടിക്കുകയാണ്..എന്താണ് കേരളത്തിലെ പുരുഷന്‍മാര്‍ക്ക് സംഭവിക്കുന്നത്.സ്ത്രീയുടെ വേഷവിധാനം പ്രലോഭിപ്പിക്കുന്നെന്നായിരുന്നു ആദ്യമൊക്കെ ന്യായീകരിച്ചിരുന്നത്.പുരുഷനെ പ്രലോഭിപ്പിക്കുന്ന വേഷങ്ങളെയാണ് കുറ്റം പറഞ്ഞത്.  പക്ഷേ മൂന്നു മാസമായ കുഞ്ഞിനെ തൊട്ടിലില്‍നിന്നെടുത്തുകൊണ്ടുപോയി പീഡിച്ചിച്ച ,സംഭവത്തില്‍ എന്തു ന്യായീകരണമെന്നായപ്പോള്‍ മൗനമായി.പിന്നെപിന്നെ പ്രായമോ വേഷമോ മാദകത്വമോ യൗവ്വനമോ വിഷയമല്ലാതായി.ഇപ്പോ ദില്ലിയിലെ നിര്‍ഭയപെണ്‍കുട്ടിക്കു നേരിട്ടപോലുള്ള പീഡനം ഏറ്റു വാങ്ങേണ്ടി വന്നിരിക്കുന്നത് 75 വയസ്സ് പിന്നിടുന്ന വയോധികയ്ക്ക്.

പാവപ്പെട്ട ഈ മുത്തശ്ശി ജീവിതകാലം മുഴുവന്‍ മറ്റുള്ളവരുടെ അടുക്കളകളില്‍ പണിചെയ്ത് കുടുംബത്തെ പോറ്റിയവളാണ്,മക്കളെ വളര്‍ത്തി വലുതാക്കി. പ്രായാധിക്യമായതോടെ പണിയെടുക്കാനുള്ള ആരോഗ്യം നഷ്ടമായി.ഗ്രാമത്തില്‍ എല്ലാവര്‍ക്കും അവരെ പരിചയമാണ്.നാട്ടിലിറങ്ങി നടക്കുന്നതിനിടെ പരിചയക്കാര്‍ ഈ വയോധികയ്ക്ക് ചായകുടിക്കാന്‍ ചില്ലറകൊടുക്കും.അവരില്‍ പലരുടെയും അടുക്കളയില്‍ പാത്രം മോറി ജീവിച്ചവളാണല്ലോ അവര്‍.ഡിമന്‍ഷ്യ-മറവിരോഗത്തിന്റെ കയറ്റിറക്കങ്ങളിലും മനുഷ്യനെ വിശ്വസിക്കുക എന്ന ബാലപാഠം ഗ്രാമീണയായ ആ സ്ത്രീ മറന്നില്ല.അതാണവരെ പീഡനത്തിനിരയാക്കിയതും.എന്നും കാണുന്ന,കുശലം പറയുന്ന ,തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീ.അതും 66 വയസ്സുള്ളവള്‍.പുകയില കൊടുക്കാമെന്നു പറഞ്ഞ് വിളിച്ച് വീട്ടില്‍ കയറ്റി.അവിടെ കാത്തിരുന്ന ലോറിഡ്രൈവര്‍ക്കു മുന്നിലേക്ക് വൃദ്ധയെ  എത്തിച്ചുകൊടുക്കുകയായിരുന്നത്രേ.തന്റെ മകന്റെ പ്രായം മാത്രമുള്ള അയാള്‍പീഡനത്തിനു ശേഷം അതി ക്രൂരമായി മുറിവേല്‍പ്പിച്ചും ആനന്ദം കണ്ടെത്തി.മൂര്‍ച്ചയുള്ള ആയുധംകൊണ്ട് ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ ഇറക്കിയതിനാല്‍ ആന്തരികാവയവത്തിനും മൂത്രസഞ്ചിക്കും കുടലിനും പരുക്കുണ്ട്.കഴുത്തിനു താഴെ മുതല്‍ അടിവയറുവരെ മുറിവുകളേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന ഇവരെ അയല്‍ക്കാരി സ്ത്രീതന്നെ ഓട്ടോയില്‍ വീട്ടിലെത്തിച്ചു.അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും  അപകട നിലതരണം ചെയ്തിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

'ഞാന്‍ മരിച്ചുപോകും മോനേ 'എന്ന് മകന്റെ മടിയില്‍കിടന്നു വാവിട്ടുകരയുന്ന അമ്മയുടെ നൊമ്പരം താങ്ങാനാവാതെ കേരളം മുഴുവന്‍ ഞെട്ടലിലാണ്.ചികിത്സാച്ചെലവും സംരക്ഷണവും സാമൂഹ്യനീതിവകുപ്പും സാമൂഹ്യസുരക്ഷാ മിഷനും ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചെങ്കിലും ഇതേ അവസ്ഥ നേരിടാവുന്ന  ആയിരക്കണക്കിന് വൃദ്ധരുടെ ,ദരിദ്രരുടെ ,അനാഥരുടെ നാടാണ് കേരളം എന്ന് മറക്കാതിരിക്കാം.അവരുടെ സുരക്ഷയ്ക്ക് എന്തു ചെയ്യാനാവും.

യോനി,മുല എന്ന് ഉളിപ്പില്ലാതെ പറയാന്‍ ഇന്നും കേരളസമൂഹത്തിന്റെ നാവ് വഴങ്ങില്ല.അത്രയുണ്ട് കപട സദാചാരം.പക്ഷേ ഇവ ഇത്രകണ്ട് ദുഷിപ്പിച്ച ഒരു സമൂഹം മറ്റെവിടെയും കാണില്ല.പുരുഷനേക്കാള്‍ സ്ത്രീയെ ശാരീരികമായി  വ്യത്യസ്ഥയാക്കുന്നത് അവളുടെ മുലകളും യോനിയുമാണ്.രണ്ടും ദൈവം കനിഞ്ഞനുഗൃഹിച്ചതുമാണ്.മനുഷ്യരാശിയുടെ നിലനില്‍പ്പിനും  കുഞ്ഞിനെ മുലയൂട്ടാനും .. ഇതു രണ്ടും സ്ത്രീകള്‍ക്ക് ശാപമായി മാറുന്ന ദുരന്തമാണ് നമ്മള്‍ കണ്ടുവരുന്നത്.സംസ്‌കാരചിത്തരാണ് നമ്മളെന്നാണ് വയ്പ്.ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജീവികള്‍ ! .പക്ഷേ ഏഴരപതിറ്റാണ്ട് പിന്നിട്ട വയോധികയുടെ ശുഷ്‌കിച്ച മാറിടങ്ങളും ജരാനര ബാധിച്ച ശരീരവും ഒരു പുരുഷനെ ഇത്ര കണ്ട്  വിറളിപിടിപ്പിക്കുന്നുണ്ടെങ്കില്‍ അതിന് കടുത്ത ചികിത്സ നല്‍കേണ്ടതുണ്ട്.ഒരു വൃദ്ധയോടുപോലും ഇത്തരം ആസക്തി കാണിക്കുന്നെങ്കില്‍ കുഞ്ഞുങ്ങളെയും യുവതികളെയും ഒത്തുകിട്ടിയാല്‍ എന്തായിരിക്കും കാട്ടിക്കൂട്ടുക.ഒരു നരാധമന് ,പെണ്‍കൂട്ട്  വേണമെന്നു പറഞ്ഞപ്പോള്‍ അല്‍പ്പ പ്രാണിയായ മുത്തശ്ശിയെ   കൂട്ടിക്കൊടുത്തവളെ   സ്ത്രീയെന്നു വിളിക്കാന്‍ നാവ് വഴങ്ങുന്നില്ല. ഇത്തരക്കാരെ വെറുതെ വിട്ടാല്‍ നാളെ സമൂഹത്തിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്ക്ും വിലപറയുമെന്ന് നമ്മള്‍ മറക്കാതിരിക്കുക.

ഇത്രയും എഴുതിയതുകൊണ്ട് കേരളത്തിലെ പുരുഷന്‍മാരെല്ലാം വിടന്‍മാരും ആഭാസന്‍മാരുമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.സ്ത്രീകള്‍ത്തന്നെ
സ്ത്രീയെ വില്‍പ്പനച്ചരക്കാക്കുന്നവരാണെന്നും സൂചിപ്പിച്ചില്ല. പത്രപ്രവര്‍ത്തനമേഖലയിലെ ജോലിയോടനുബന്ധിച്ച് ദൂരയാത്രകളിലെ രാവുകളില്‍  പുരുഷ സഹപ്രവര്‍ത്തകര്‍ എനിക്ക് സ്വന്തം സഹോദരന്‍മാരായി കാവല്‍നിന്നിട്ടുണ്ട്.കോഴിക്കോട്ടെ ജോലിസ്ഥലത്തുനിന്ന് വരുമ്പോള്‍ പാതിരാവില്‍ ബസ്സ് ബ്രേക്ക് ഡൗണായപ്പോള്‍ അറിയാത്ത നാട്ടിലെ വീട്ടില്‍ കൊണ്ടുപോയി വെളുക്കുവരെ കൂട്ടിരുന്ന് ബസ്സ് കയറ്റി വിട്ട  ഞാനറിയാത്ത രമണി.ഈ ലോകത്തിന്റെ  എല്ലാ മുക്കിലും അങ്ങനെ ചില നല്ലവരുണ്ട്.നന്‍മകള്‍ മരിക്കുന്നില്ല.കൊറോണയെ അതിജീവിച്ചും നമ്മുടെ ഭൂമി നിലനില്‍ക്കുന്നതും ്അതിനാലാണല്ലോ..

***************************
വേണം ,കടുത്ത ശിക്ഷ
***************************

വയോധികയെ പീഢിപ്പിച്ച സംഭവത്തില്‍ അറസ്റ്റു ചെയ്ത ഡ്രൈവറെ രക്ഷിക്കാനായി സ്വമേധയാ അഭിഭാഷകരും  ഇനി മുന്നോട്ട്  വന്നേക്കാം.ഗോവിന്ദച്ചാമിക്കായി  മുന്നോട്ടു വരാനും ആളുണ്ടായിരുന്നല്ലോ.അറസ്റ്റു ചെയ്യപ്പെട്ട  ഡ്രൈവര്‍ക്ക്  ഇനി കുശാലായി.ജയിലിലെ മെനു ആയുസ്സില്‍ അയാള്‍ക്ക് സ്വപ്‌നം കാണാനാവാത്തതാണ്.മട്ടണ്‍,ചിക്കന്‍ ഫിഷ് കറി മീല്‍സ് !.ചെറിയ ജയില്‍പണികള്‍ ചെയ്താല്‍ പുറത്തിറങ്ങുമ്പോഴത്തേക്ക് തരക്കേടില്ലാത്ത സമ്പാദ്യവും. പിന്നെന്തു പേടിക്കാന്‍..

 നിര്‍ഭയസംഭവത്തില്‍ കൊടുത്തതുപോലെ കഠിനശിക്ഷ തന്നെ ഇത്തരം സംഭവത്തില്‍ നല്‍കണം.ആവര്‍ത്തിക്കാന്‍ ഭയമുണ്ടാകുന്ന ശിക്ഷ.അത് വൈകരുത്.എത്രയും വേഗം നടപ്പാക്കണം.നമ്മുടെ നാട്ടുനടപ്പനുസരിച്ച് കേസ് അനന്തമായി  നീളുന്നു. കേസും വാദവും നീട്ടിവയ്പും ജാമ്യവും പരോളും എല്ലാമായി കുറേ കഴിയുമ്പോള്‍ എല്ലാം തേഞ്ഞുപോകുന്ന അവസ്ഥ.ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കായി ഒരിക്കലെങ്കിലും കൊടി  പിടിച്ചിട്ടുണ്ടെങ്കില്‍ ,അവരും  കുറ്റവാളിയെ സംരക്ഷിക്കാനുണ്ടാവും.ഒരു ക്രിമിനലിനെക്കൂടെ കിട്ടുന്ന സന്തോഷത്തില്‍ അധോലോകപാലകരും രംഗത്തെത്തും.
 
പക്ഷേ, മറക്കരുത്,എല്ലാവരുടെയും വീട്ടില്‍ അമ്മമാര്‍ വയസ്സാവുകയാണ്. പെണ്‍കുഞ്ഞുങ്ങള്‍ വളരുകയാണ്.അവര്‍ യൗവ്വനത്തിലേക്ക് കുതിക്കുകയാണ്,ഭാര്യമാര്‍ മധ്യവയസ്‌കരാവുകയാണ്...സംഭവം ആവര്‍ത്തിച്ചുകൂടാ..പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ നോക്കിയ പ്രതിയ്‌ക്കെതിരെ വെടിയുതിര്‍ത്തതാണെന്നു പറഞ്ഞ് അക്രമിയെ നിര്‍ദ്ദയം കൊന്നു കളഞ്ഞ ഹൈദരാബാദിലെ പൊലീസ് ഓഫീസര്‍ക്ക് ഒരു ബിഗ് സല്യൂട്ട്.
താങ്കളെ പോലൊരു പൊലിസ് ഓഫീസര്‍ കേരളത്തിലുണ്ടായിരുന്നെങ്കിലെന്ന് സാധാരണക്കാര്‍ കൊതിച്ചു പോയാല്‍ അതൊരു തെറ്റാണോ ?
ഒരു കഷണം പുകയില,ഒരു തവി കഞ്ഞി ...(ജോളി അടിമത്ര)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക