മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗുമായുണ്ടായിരുന്ന സാമ്ബത്തിക ഇടപാടിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി നടി റിയാ ചക്രവര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. മുംബൈയിലെ ഓഫീസിലാണ് റിയ എത്തിയത്.കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നുള്ള റിയയുടെ അപേക്ഷ തള്ളിയ ഇഡി റിയയ്ക്ക് താക്കീത് നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30നാണ് റിയ ഇഡി ഓഫീസില്‍ എത്തിയത്. സുശാന്തിന്റെ മുന്‍ ബിസിനസ് മാനേജര്‍ ശ്രുതി മോദി, സുഹൃത്ത് സിദ്ധാര്‍ഥ് പട്ടാനി എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചു.
സുശാന്തിന്റെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിയ ചക്രവര്‍ത്തിക്കും ബന്ധുക്കള്‍ക്കുമെതിരെ ഇഡി കേസ് എടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും റിയയ്ക്ക് പണം കൈമാറിയതായി ഇഡി കണ്ടെത്തിയിരുന്നു.
അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തി റിയയുടെ സഹോദരന് ഷൗവിക് അമ്മ സന്ധ്യ എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഗൂഡാലോചന, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍, തടവിലിടുക, മോഷണം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.