അപ്പൊസ്തലനായ ഫിലിപ്പൊസും ഹിയരപ്പൊലിസ് എന്ന വിശുദ്ധനഗരവും (യാത്രാവിവരണം 9: സാംജീവ്)

Published on 08 August, 2020
അപ്പൊസ്തലനായ ഫിലിപ്പൊസും ഹിയരപ്പൊലിസ് എന്ന വിശുദ്ധനഗരവും (യാത്രാവിവരണം 9: സാംജീവ്)

ആധുനിക തുർക്കിയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഡെനിസ്ലിയുടെ ഒരു ഭാഗമാണ് പാമുക്കാലി എന്ന പ്രദേശം. പുരാതനകാലത്ത് ഈ സ്ഥലം ഹിയരപ്പൊലിസ് എന്നറിയപ്പെട്ടിരുന്നു. വാക്കിന്റെ അർത്ഥം വിശുദ്ധനഗരമെന്നാണ്. അപ്പോളോദേവനാണ് ഹിയരപ്പൊലിസ് സ്ഥാപിച്ചതെന്നാണ് ഗ്രീക്കു ഐതിഹ്യം. വിശ്വവിഖ്യാതമായ താപയുറവകൾ നിറഞ്ഞ സ്ഥലമാണിത്. പാതാളദേവനായ പ്ലൂട്ടോയുമായി ബന്ധപ്പെട്ട പ്രതിഭാസമാണു താപയുറവകൾ എന്നാണ് ഗ്രീക്കുകഥകൾ പറയുന്നത്.

ഒന്നാം നൂറ്റാണ്ടിനു മുന്പുതന്നെ യഹൂദന്മാരുടെ ഒരു വലിയ കുടിയേറ്റനഗരമായിരുന്നു ഹിയരപ്പൊലിസ്. തുർക്കിയുടെ ലൈക്കസ് താഴ്വരയിലുള്ള മൂന്നു സമീപസ്ഥ നഗരങ്ങളായിരുന്നു ലവൊദിക്യ, കൊലോസ്യ, ഹീരാപ്പൊലിസ്. ഒന്നാം നൂറ്റാണ്ടിൽ ക്രൈസ്തവ സാന്നിദ്ധ്യം പ്രബലമായിരുന്ന മൂന്നു നഗരങ്ങളാണിവ. ലവോദിക്യയിൽ നിന്നും ഹിയരപ്പൊലിസിലേയ്ക്കു 13 മൈലും കൊലോസ്യയിലേയ്ക്കു 10 മൈലും മാത്രമാണു ദൂരം. ഡൻസിലി, പാമുക്കാലി, ഹൊനാസ് എന്നു ലവോദിക്യ, ഹിയരപ്പൊലിസ്, കൊലോസ്യ നഗരങ്ങൾ ഇന്നറിയപ്പെടുന്നു. പുരാതന നഗരങ്ങളുടെ ചരിത്രാവശിഷ്ടങ്ങൾ നിറഞ്ഞ സ്ഥലങ്ങളാണ് സഞ്ചാരികൾക്കു കാണാൻ കഴിയുന്നത്.
താപയുറവകളുടെ സംഭാവനയായ കാൽസൈറ്റ് നിക്ഷേപങ്ങളാണ് ജലാശയങ്ങൾക്കു ചുറ്റും പഞ്ഞിക്കെട്ടുകൾക്കു സമാനമായ ധവളനിറം നല്കുന്നത്. ഈ താപ ഉറവകൾ അതിപുരാതനകാലം മുതലേ സഞ്ചാരികളുടെ ആകർഷണകേന്ദ്രമായിരുന്നു. ചരിത്രസ്മാരക സംരക്ഷിത പ്രദേശമായി ഐക്യരാഷ്ട്രസഭ ഹിയരപ്പൊലിസിനെ പ്രഖ്യാപിച്ചിരിക്കുന്നു.

ചരിത്രത്തിൽ ഹിയരപ്പൊലിസ്

ചരിത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന മഹാനാണല്ലൊ ഹെറോഡോട്ടസ്. അദ്ദേഹത്തിൻറെ എഴുത്തുകളിൽ സിദ്രാറാ എന്നൊരു സ്ഥലത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഏഷ്യാമൈനറിൽ കൊലൊസ്യയുടെയും സർദ്ദീസിൻറെയും മദ്ധ്യത്തിലാണ് ഈ സ്ഥലം. പേർഷ്യൻ ചക്രവർത്തിയായിരുന്ന അഹശ്വേരോസ് സിദ്രാറാ സന്ദർശിച്ചിട്ടുണ്ടെന്നു  ചരിത്രകാരന്മാർ പറയുന്നു. സിദ്രാറാ ഹിയരപ്പൊലിസ് ആണെന്ന് അനുമാനിക്കപ്പെടുന്നു. ബി.സി. 486 മുതൽ 465 വരെ പേർഷ്യാ രാജ്യം ഭരിച്ച അഹശ്വേരോസിനെപ്പറ്റി ബൈബിളിൽ എസ്ഥേറിൻറെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഗ്രീസിനെതിരായ പേർഷ്യൻ പടനീക്കത്തിൻറെ ഭാഗമായിരുന്നിരിക്കണം പ്രസ്തുത സന്ദർശനം.
ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിൻറെ ഭാഗമായിരുന്നു ഹിയരപ്പൊലിസ്. റോമൻ ചക്രവർത്തിമാരായിരുന്ന തിബര്യാസിൻറെയും നീറോയുടെയും കാലഘട്ടങ്ങളിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പങ്ങൾ ഹിയരപ്പൊലിസിൻറെ നാശത്തിനു കളമൊരുക്കി. റോമൻ ചക്രവർത്തിയായിരുന്ന ഹദ്രിയാൻ ഹിയരപ്പൊലിസിനെ പുതുക്കിപ്പണിതു. അദ്ദേഹമാണ് പ്രശസ്തമായ റോമൻ തിയേറ്റർ ഹിയരപ്പൊലിസിൽ സ്ഥാപിച്ചത്. റോമൻ അധിനിവേശകാലത്തു ക്ഷേത്രങ്ങളും കളിസ്ഥലങ്ങളും വിശ്വപ്രസിദ്ധമായ സ്നാനഘട്ടങ്ങളും സ്ഥാപിക്കപ്പെട്ടു. ഒരു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള ഒരു മനോഹരനഗരമായി റോമൻ അധിനിവേശകാലത്തു ഹിയരപ്പൊലിസ് രൂപാന്തരപ്പെട്ടു.

ക്ലിയോപാട്രായുടെ കുളം

റോമൻ ഭരണകാലത്തു ഹിയരപ്പൊലിസിൻറെ താപയുറവകളും ധാതുനിബിഢമായ സ്നാനഘട്ടങ്ങളും ആരോഗ്യദായകങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു. ആയിരക്കണക്കിനു സന്ദർശകർ സുഖചികിത്സയ്ക്കായി സ്നാനഘട്ടങ്ങളിൽ എത്തിയിരുന്നു. ക്ലിയോപാട്രായുടെ കുളം എന്ന പേരിൽ ഇന്നറിയപ്പെടുന്ന സ്നാനക്കുളം അവയിൽ ഒന്നു മാത്രമാണ്. ഏഴാം നൂറ്റാണ്ടിൽ ഉണ്ടായ ഭൂകമ്പം ഈ സ്നാനക്കുളത്തിന്റെ ആകൃതി തന്നെ മാറ്റിക്കളഞ്ഞു. ഈജിപ്തിലെ രാജ്ഞി ആയിരുന്നല്ലോ സൌന്ദര്യധാമമായിരുന്ന ക്ലിയോപാട്രാ. അവർ ഹിയരപ്പൊലിസ് സന്ദർശിച്ചുവെന്നോ ഏതെങ്കിലും സ്നാനഘട്ടത്തിൽ നിമഞ്ജനം ചെയ്തുവെന്നോ ചരിത്രം പറയുന്നില്ല. ഒരുപക്ഷേ ഈ സ്നാനഘട്ടങ്ങൾ ചർമ്മസൌന്ദര്യദായകങ്ങളാണ് എന്ന ആശയത്തിലായിരിക്കാം ക്ലിയോപാട്രയുടെ നാമധേയം അവയ്ക്കു ലഭിച്ചത്.

ക്രിസ്തു മതം ഹിയരപ്പൊലിസിൽ

ഒന്നാം നൂറ്റാണ്ടിൽ തന്നെ ഹിയരപ്പൊലിസിൽ ഒരു ക്രൈസ്തവസഭ രൂപം കൊണ്ടിരുന്നു. ബൈബിളിൽ കൊലൊസ്യലേഖനത്തിൽ മാത്രമാണ് ഹിയരപ്പൊലിസ് പരാമർശിക്കപ്പെടുന്നത്. അപ്പൊസ്തലനായ പൌലോസ് ഇങ്ങനെ എഴുതുന്നു.
“നിങ്ങൾക്കും ലവുദിക്യക്കാർക്കും ഹിയരപ്പൊലിക്കാർക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിനു ഞാൻ സാക്ഷി.”
എപ്പഫ്രാസ് എന്ന ശിഷ്യനെപ്പറ്റിയാണ് പ്രതിപാദ്യം. ഒരു പക്ഷേ എപ്പഫ്രാസ് ആയിരുന്നിരിക്കാം ഹിയരപ്പൊലിസ് സഭയുടെ സ്ഥാപകൻ. ബൈബിൾ ഒന്നും പറയുന്നില്ല. അപ്പൊസ്തലനായ ഫിലിപ്പൊസിന്റെ അന്ത്യ കാലഘട്ടം ഇവിടെ ആയിരുന്നുവെന്നാണ് പാരമ്പര്യകഥകൾ പറയുന്നത്. എന്നാൽ ബൈബിൾ ഇക്കാര്യമൊന്നും പരാമർശിക്കുന്നതേയില്ല. ക്രിസ്തുവർഷം 80ൽ ഫിലിപ്പൊസ് ഹിയരപ്പൊലിസിൽ വച്ചു ക്രൂശിക്കപ്പെട്ടു രക്തസാക്ഷിമരണം പ്രാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു. ഫിലിപ്പൊസ് ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു ബസിലിക്ക പില്ക്കാലത്തു പണികഴിപ്പിച്ചിരുന്നു. ഒരു കുന്നിൻമുകളിലാണത്. ഇന്നതിന്റെ അവശിഷ്ടങ്ങൾ മാത്രമാണുള്ളത്. തൊട്ടടുത്തുതന്നെ അദ്ദേഹത്തിന്റെ കബറിടമായി കരുതപ്പെടുന്ന സ്ഥലവും കാണാം. തികച്ചും ദുഷ്ക്കരമായ വഴിയിലൂടെയാണു കുന്നിൻ മുകളിൽ എത്തേണ്ടത്.

ഞങ്ങളുടെ യാത്രാസംഘത്തിലെ പലർക്കും ഫിലിപ്പൊസിന്റെ കബറിടത്തിലേയ്ക്കുള്ള യാത്ര അപ്രാപ്യമായിരുന്നു. എന്നാൽ ആരോഗ്യമുള്ള യുവതീയുവാക്കന്മാർ മടിച്ചു നിന്നില്ല. പ്രായമുള്ള പലരും കുന്നു കയറുന്ന സാഹസത്തിനു മുതിർന്നില്ല. അവർ ക്ലിയോപാട്രായുടെ സ്നാനഘട്ടത്തിലും ധാതുജലതടാകത്തിന്റെ ഓരത്തും സമയം ചെലവഴിച്ചു. പൊരിവെയിലിൽ ഈ ലേഖകൻ നടന്നും ‘ഇഴഞ്ഞു’മാണ് ഫിലിപ്പൊസിന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. ആരുമറിയാതെ ഏകനായി നടത്തിയ ഒരു പർവതാരോഹണം! കുടിവെള്ളംപോലും കരുതാതെ നടത്തിയ ആ സാഹസികശ്രമ്ത്തിന് പ്രിയപ്പെട്ടവരുടെ ശകാരം ഏറ്റു വാങ്ങേണ്ടിവന്നു.
നാലാം നൂറ്റാണ്ടോടു കൂടി ക്രിസ്തുമതം ശക്തി പ്രാപിച്ചു. ബൈസാന്തിയൻ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയന്റ്റെ ഭരണകാലത്തു ഹിയരപ്പൊലിസ് ഒരു ക്രിസ്തീയ കേന്ദ്രമായി പരിണമിച്ചു. ബസിലിക്കാകൾ വിശുദ്ധനഗരത്തിലുയർന്നു.
ഫിലിപ്പൊസിന്റെ പ്രവചിക്കുന്ന നാലു പുത്രിമാർ ബൈബിളിൽ പരാമർശിക്കപ്പെടുന്നു. ഒരു പക്ഷേ അവർ ഹിയരപ്പൊലിസിലെ ആത്മീയ ആരാധനകളിൽ ദൈവികദൂത് അറിയിച്ചിരിക്കാം. ഒരു പക്ഷേ അവർ നീറോയുടെ ക്രൈസ്തവ പീഡനത്തിന്റെ എരിയുന്ന തീച്ചൂളയിൽ കത്തി ചാരമായി തീർന്നിരിക്കാം. ഞങ്ങളുടെ പാദസ്പർശമേറ്റ ഹിയരപ്പൊലിസിലെ മണൽത്തരികൾക്കു നാവുണ്ടായിരുന്നുവെന്കിൽ!

അപ്പൊസ്തലനായ ഫിലിപ്പൊസും ഹിയരപ്പൊലിസ് എന്ന വിശുദ്ധനഗരവും (യാത്രാവിവരണം 9: സാംജീവ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക