Image

അമേരിക്കന്‍ ചരിത്രത്തിലെ പഴയ ഒരദ്ധ്യായം (രാഷ്ട്രീയ നിഗൂഢതകള്‍ - ഭാഗം 5-ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്)

Published on 25 August, 2020
അമേരിക്കന്‍ ചരിത്രത്തിലെ പഴയ ഒരദ്ധ്യായം (രാഷ്ട്രീയ നിഗൂഢതകള്‍ - ഭാഗം 5-ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്)

ഈയിടെ ഫെയ്‌സ് ബുക്കില്‍ കണ്ട ഒരു പോസ്റ്റ് 'അമേരിക്ക എന്ന കുട്ടിയുടെ മേല്‍ കസ്റ്റഡി യുദ്ധം നടത്തുന്ന അയോഗ്യരായ മാതാപിതാക്കള്‍ മാത്രമാണ് റിപ്പബ്ലിക്കനും ഡെമോക്രാറ്റും. ഈ രാജ്യത്തിനു മുറിവേല്‍പ്പിക്കുന്നതിനോടൊപ്പം അന്യോന്യം ക്ഷതമേല്‍ക്കുന്നതു അവര്‍ അറിയുന്നോ?'

എങ്ങനെ ആയിരുന്നാലും അമേരിക്ക അനുഭവിക്കുന്ന ദുഷ്‌പ്പേരിനും മാനനഷ്ടത്തിനും ഇരു കൂട്ടരും ഉത്തരവാദികള്‍ തന്നെ. എന്നാല്‍ ഇതേപോലെ സങ്കുചിത മനോഭാവം ഇല്ലാത്ത കുറെ നേതാക്കള്‍ ഈ രാജ്യത്തിന് ഉണ്ടായിരുന്നു.

പണ്ട് ആഭ്യന്തരകലഹത്തിനും അടിമവ്യാപാരത്തിനും അറുതി വന്നതും, സ്റ്റേറ്റുകള്‍ ക്രമേണ ഐക്യനാടിന്റെ കൊടിക്കീഴില്‍ ഒന്നായതും പോരാട്ടങ്ങളുടെ ചരിത്രസത്യങ്ങള്‍ മാത്രമാണിന്ന്. ചരിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതുപോലെ പോരാട്ടങ്ങള്‍ വീണ്ടും തുടങ്ങി വെച്ചിരിക്കുന്നു.

245 വര്‍ഷങ്ങളിലൂടെ തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കയുടെ ഭാവി, അമേരിക്കന്‍ ജനതയുടെ മനസ്സാക്ഷിയാകുന്ന സുവര്‍ണ്ണ ത്രാസില്‍ ആടിയുലയുന്നതിന് നവംബര്‍ 3 ന് പരിസമാപ്തി ആവുകയാണ്. വോട്ട് ചെയ്യാതിരിക്കയോ തെറ്റായ തീരുമാനങ്ങളിലൂടെ വെറുതെ കര്‍മ്മം നിര്‍വഹിച്ചാലോ, വരാന്‍പോകുന്ന പ്രത്യാഘാതം പ്രവചിക്കാന്‍ എന്‍ നാവിനസാധ്യമഹോ!

ഇന്നത്തെ സംഭവങ്ങളോട് താദാത്മ്യം പറയാവുന്ന ചരിത്രത്തിന്റെ ഏടിലേക്കു ഒന്ന് കണ്ണോടിക്കട്ടെ . 1860 ലാണ് എബ്രഹാം ലിങ്കണ്‍ പ്രസിഡന്റ് ആയത്. എന്നാല്‍ ആദ്യത്തെ മൂന്നു വര്‍ഷങ്ങള്‍ ശരിക്കും പോരാട്ടങ്ങള്‍ തന്നെ ആയിരുന്നു. അടിമകളെ സ്വതന്ത്രമാക്കിക്കൊണ്ടു 1863 ജനുവരിയില്‍ ആയിരുന്നു, ചരിത്ര പ്രധാനമായ വിളംബരം. സ്റ്റേറ്റുകള്‍ തമ്മിലുള്ള ആഭ്യന്തര കലഹങ്ങള്‍ അവസാനിപ്പിച്ചു പട്ടാളക്കാരെ വീട്ടിലേക്കയക്കണം എന്ന അജണ്ടയും പറഞ്ഞുകൊണ്ട്, ഡെമോക്രാറ്റിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മേജര്‍ ജനറല്‍ മാക് ക്ലെല്ലന്‍, സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തു വരും തോറും, സതേണ്‍ സ്റ്റേറ്റുകള്‍ക്കു പ്രത്യേകം ഗവണ്മെന്റ് എന്ന ആശയത്തിന് അദ്ദേഹം മുന്‍തൂക്കം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ ആഭ്യന്തര കലഹം അമേരിക്കയുടെ അന്നത്തെ ജീവസത്തയായി മാറി കഴിഞ്ഞിരുന്നു.

1864 ലെ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള വസന്തകാലം, ലിങ്കണെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായിരുന്നില്ല. രണ്ടാം തവണയും പ്രസിഡന്റ് ആകുമെന്നതില്‍ ഒട്ടു പ്രതീക്ഷയില്ലായിരിന്നുവെന്നു തോന്നുന്നു. ലിങ്കണ്‍ ക്യാബിനെറ്റിലേക്കു ഇപ്രകാരം എഴുതി ' ഇന്നും കുറെ ദിവസങ്ങളായും, നമ്മള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയില്ലെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. ആയതുകൊണ്ട് പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമായി സഹകരിച്ചു, തിരഞ്ഞെടുപ്പ് മുതല്‍ പുതിയ ഗവണ്മെന്റ് ഉത്ഘാടനം ചെയ്യപ്പെടുന്നതുവരെ അമേരിക്കന്‍ യൂണിയനെ പരിരക്ഷിക്കാന്‍, ഞാന്‍ ശ്രമിക്കും; കാരണം ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചതിനേക്കാള്‍. മെച്ചപ്പെട്ടത് ചെയ്യാമെന്ന് അദ്ദേഹം ബോധിപ്പിച്ചതു കൊണ്ടായിരിക്കുമല്ലോ അദ്ദേഹം വിജയിക്കുന്നത്.'

ലിങ്കണ്‍ ഇടയ്ക്കിടയ്ക്ക് വിഷാദരോഗത്തിന് അടിമപ്പെട്ടുപോയിരുന്നരിക്കാം. എങ്കിലും ലിങ്കണ്‍ പ്രതീക്ഷിച്ചതിനു വിപരീതമായ കാറ്റ് ഡെമോക്രാറ്റ് പാളയത്തില്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. സെപ്റ്റംബറില്‍ വില്യം ഷെര്‍മാന്‍ ഒരു സൈനിക നീക്കത്തിലൂടെ അറ്റ്‌ലാന്റാ പിടിച്ചെടുത്തപ്പോള്‍ ജനഹിതം മാറി മറിഞ്ഞുവെന്ന് കരുതാം.

പക്ഷേ1864 ലെ തിരഞ്ഞെടുപ്പില്‍, എബ്രഹാം ലിങ്കണ്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറി. 500,000 ത്തിലധികം പോപ്പുലര്‍ വോട്ടുകളുടെയും 191 ഇലക്റ്ററല്‍ വോട്ടുകളുടെയും മുന്‍തൂക്കത്തില്‍ലിങ്കണ്‍ തന്നെ വീണ്ടും പ്രസിഡന്റ് ആയി ജനവിധി നേടിയെടുക്കുമ്പോള്‍, എതിരാളി മാക് ക്ലെല്ലനു കെന്റക്കി, ഡെലവേര്‍, ന്യൂ ജേഴ്സി തുടങ്ങിയ മൂന്നു സ്റ്റേറ്റുകള്‍ മാത്രമേ ലീഡ് നേടാനായുള്ളു. 78% ത്തിലധികം സൈനികര്‍ ലിങ്കണാണ് വോട്ട് ചെയ്തതെന്ന് കരുതപ്പെദുന്നു. ലിങ്കണ്‍ അങ്ങനെ രണ്ടാം തവണ ബഹുഭൂരിപക്ഷത്തില്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റത് ചരിത്രത്തിലെ ഒരു മഹാ സംഭവം തന്നെ ആയിരുന്നു.

രണ്ടു മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലിങ്കണ്‍ കൊല്ലപ്പെട്ടു .

1865 ഏപ്രില്‍ 14 നു വാഷിംഗ്ടണ്‍ ഡി.സി.യിലെ ഫോര്‍ഡ് തീയേറ്ററില്‍ലോറ കീനിന്റെ 'ഔവര്‍ അമേരിക്കന്‍ കസിന്‍ ' എന്ന പ്രസിദ്ധമായ സ്റ്റേജ് പരിപാടി കണ്ടാഹ്ലാദിച്ചിരുന്ന പ്രസിഡന്റിന്റെ പുറകില്‍ നിന്നും തലയ്ക്ക് ഒറ്റ വെടി വെച്ചത്, ജോണ്‍ വില്‍ക്‌സ് ബൂത്ത് എന്ന നടനും രാഷ്ട്രീയ വിരോധിയുമായിരുന്നു.

ഈ ആഭ്യന്തരകലഹവും 1864 ലെ ലിങ്കന്റെ രണ്ടാം വരവിനും ഇന്നത്തെ കാലഘട്ടത്തില്‍ എന്ത് പ്രസക്തിയെന്നു ചോദിച്ചേക്കാം .

ഒന്നാമതായി, ആഭ്യന്തര കലഹത്തോടെ ഈ രാജ്യം പല കാരണങ്ങളാല്‍ വിഭാഗീയതയുടെ കരിനിഴലില്‍ ഉഴലുകയായിരുന്നു. ക്രുദ്ധരായ തെരുവ് ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടു, തീവെയ്പ്പും , കൊള്ളയടിയും, കൊലപാതകങ്ങളും നഗരവീഥികളെ ഭയാനകമാക്കിയ നാളുകള്‍, സാംസ്‌കാരിക പൈതൃക സ്മരണകള്‍ നിലനിര്‍ത്തുന്ന പലതും നശിപ്പിക്കപ്പെട്ടു. ആഭ്യന്തര യുദ്ധ കാലത്ത് അമേരിക്കയുടെ അഖണ്ഡതയ്ക്കും അടിമത്തം നിര്‍മ്മാര്‍ജനം ചെയ്യാനും ശ്രമിച്ച ആയിരക്കണക്കിന് സൈനികര്‍ വധിക്കപ്പെട്ടു. അവരുടെ രാജ്യത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാനും അവരുടെ മാതൃരാജ്യത്തെ അവര്‍ സ്‌നേഹിച്ചു.

ഇന്നും ഇതിലപ്പുറം ഇവിടെ നടമാടുന്നു. മൗലിക അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും കുത്തി മുറിവേല്പിച്ചുകൊണ്ടിരിക്കുന്നു. ലഹളകള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍, അമേരിക്കയെ സോഷ്യലിസ്റ്റ് ഏകാധിപത്യത്തിലേക്കു. വലിച്ചിഴക്കാന്‍ പദ്ധതിയിട്ട ചില അതിശക്തമായ സംഘടനകള്‍ സാമ്പത്തിക സഹകരണങ്ങള്‍ വരെ ചെയ്യുന്നുതായി പൊതുവേ വിശ്വസിക്കുന്നു. അതിന്റെ പിന്നില്‍ ഒരു 'മാസ്റ്റര്‍ മൈന്‍ഡോ കിങ്ങ്മേക്കറോ' ഉണ്ടായിരിക്കണം.

പണ്ടത്തെ ആഭ്യന്തര കലഹത്തിന്റെ നഷ്ടം 600,,000 ത്തിലധികം സൈനികര്‍ ആയിരുന്നെന്നു ഓര്‍ക്കുമ്പോള്‍, ജനരോഷം കലുഷിതമാക്കുന്നതിന്റെ പരിണിതഫലം എത്ര ബീഭത്സമായിരിക്കുമെന്നു അറിഞ്ഞിരിക്കേണ്ടതാണ്.

വീണ്ടും ഒരു കാരണം കൂടി പറയട്ടെ. പണ്ടത്തെ ആഭ്യന്തര വിപ്ലവത്തിലെ നിഗൂഢതകള്‍ പോലെ, ഇന്ന് രൂപം കൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങള്‍ എന്തിനുവേണ്ടിയാണ് ? ആരാണ് ഇതിന്റെ പിന്നില്‍ എന്ന് സാധാരണക്കാരന്‍ മനസ്സിലാക്കിയിരിക്കണം.

ഈ ചരിത്രത്തെ വീണ്ടും അപഗ്രഥിച്ചതിന്റെ പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ആരോടും യോജിക്കാനാവില്ലെന്നു മനസ്സില്‍ കരുതി വോട്ട് ചെയ്യാതിരിക്കാന്‍ പലരും ചിന്തിക്കുന്നുണ്ടാവാം. അണികളെ ഏറ്റവും അധികം വോട്ട് ചെയ്യിക്കുന്ന പാര്‍ട്ടി വിജയിക്കാന്‍ സാധ്യതകള്‍ ഏറെ എന്ന ആഗോള തത്വം അമേരിക്കയെയും പരിരക്ഷിക്കണം. പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍ വോട്ടിങ്ങില്‍ മടിയര്‍ ആണെന്നൊരു ദുഷ്പ്രചാരണവുമുണ്ട്. ഇന്നത്തെ വ്യവസ്ഥിതികളെ അവലോകനം ചെയ്യുക, ശരിയായ മനസാക്ഷി വോട്ടിനു തയ്യാറായിരിക്കുക.

ക്യാപിറ്റലിസം എന്ന സാമ്പത്തിക ശാസ്ത്രത്തിന്റെ അടിത്തറയോടു കൂടി അമേരിക്കന്‍ സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തി മറ്റു രാജ്യങ്ങളുടെ മുന്നില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ വെറുതെയിരുന്നു ഫ്രീ കിട്ടിയ കാര്യങ്ങള്‍ മേടിച്ച് പരിചയ്‌പ്പെട്ടവര്‍ക്ക്, ഇപ്പോള്‍ സോഷ്യലിസം വേണമെന്ന് ശഠിക്കുന്നത് കൗതുകത്തോടെ നോക്കി കാണുന്നു. പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ മത വര്‍ഗീയവാദം ഇളക്കി വിട്ടു ഇന്ത്യയെ അരാജകത്വത്തിലേക്ക് തള്ളി വിട്ടത് പോലെ, അമേരിക്കയെ തകര്‍ക്കുവാന്‍ നോക്കുന്ന ചിദ്ര ശക്തികള്‍ കണ്ടുപിടിച്ച ഏറ്റവും എളുപ്പമുള്ള വഴി കറുത്തവര്‍ഗ്ഗക്കാരുടെയും വെളുത്ത വര്‍ഗ്ഗക്കാരുടെ ഇടയില്‍ ഉള്ള അകലം വര്‍ദ്ധിപ്പിച്ച് അക്രമത്തിലേക്കും അരാജകത്വത്തിലേക്കും അഴിച്ചു വിടുമ്പോള്‍ അമേരിക്ക എന്നുപറയുന്ന ഈ മനോഹര രാജ്യം അസ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന് ചിലര്‍ മനക്കോട്ട കെട്ടുന്നു.

ഒരു പാര്‍ട്ടി ജീവനു വേണ്ടി വാദിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടി ഭ്രൂണഹത്യക്ക് വേണ്ടി വാദിക്കുന്നു. ഒരു പാര്‍ട്ടി കുടുംബബന്ധങ്ങള്‍ക്കു വില കല്‍പ്പിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിഗേ മാര്യേജ്നും വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും മാത്രമല്ല വേശ്യാവൃത്തി പോലും നിയമപരമാക്കാന്‍ ഒരുങ്ങുന്നു. ഒരു പാര്‍ട്ടി കുറച്ച് ഗവണ്‍മെന്റ് കണ്‍ട്രോളും മിതമായ ടാക്‌സും വിഭാവനം ചെയ്യുമ്പോള്‍, മറ്റൊരു പാര്‍ട്ടി എല്ലാ മേഖലകളിലും ഗവണ്‍മെന്റിന്റെ നിയന്ത്രണവും വലിയ ടാക്‌സും ആയി നില്‍ക്കുന്നു. ഒരു പാര്‍ട്ടി അമേരിക്കയിലെ പൗരന്മാരുടെ നന്മ ലക്ഷ്യമാക്കി ചിന്തിക്കുമ്പോള്‍, മറ്റൊരു പാര്‍ട്ടി വോട്ട് ബാങ്കായ കുടിയേറ്റത്തിനു സംരക്ഷണം ഏറ്റെടുക്കുന്നു. ഒരു പാര്‍ട്ടി സമൂഹം ആത്മീയതയില്‍ മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുമ്പോള്‍, മറ്റൊരു പാര്‍ട്ടി ദൈവ വിശ്വാസത്തിനു പ്രധാന്യമില്ലാ എന്നും സയന്‍സ് മാത്രം മതി എന്ന് ചിന്തിക്കുന്നു. നൂറുകണക്കിന് ഗവണ്‍മെന്റ് നിയന്ത്രണങ്ങളും നിയമങ്ങളുമായി കാലിഫോര്‍ണിയായെ നട്ടെല്ലൊടിച്ചതു പോലെ അമേരിക്കയെ മുഴുവന്‍ പൂട്ടുവാന്‍ന്യൂ ഗ്രീന്‍ ഡീലുമായി നടക്കുന്നു കുറേപ്പേര്‍.

ഒരു പാര്‍ട്ടി അതിര്‍ത്തികള്‍ കൃത്യമായി സംരക്ഷിക്കണമെന്ന് ശക്തമായി വാദം ഉയര്‍ത്തുമ്പോള്‍, അതിര്‍ത്തികള്‍ തുറന്നിട്ട് ഓപ്പണ്‍ ബോര്‍ഡര്‍ വേണമെന്ന് മറ്റൊരു പാര്‍ട്ടി ആഗ്രഹിക്കുന്നു. പോലീസിനെ ശക്തിപ്പെടുത്തി ക്രമസമാധാനം പാലിച്ച് എല്ലാ പൗരന്റയും ജീവനും സ്വത്തിനും സുരക്ഷയ്ക്കും വേണ്ടതെല്ലാം ചെയ്യണമെന്ന് ഒരു പാര്‍ട്ടി ആഗ്രഹിക്കുമ്പോള്‍, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ പിന്‍വലിക്കാനും പോലീസിനെ ഡി ഫന്‍ഡ് ചെയ്തു ഇല്ലായ്മ ചെയ്യുവാനും മറ്റൊരു പാര്‍ട്ടി ആഗ്രഹിക്കുന്നു. അതുകൊണ്ട് സാധാരണ ഒരു പൗരന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു ഏതു വഴിയിലൂടെയാണ് എനിക്ക് അടുത്ത വര്‍ഷത്തിലെ ജീവിതത്തിലേക്ക് മുന്നേറേണ്ടത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ് ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരും എന്നതില്‍ യാതൊരു സംശയവുമില്ല.

അങ്ങനെ ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ക്ലാസ് റൂമുകളില്‍ ദൈവവിശ്വാസവും, രാഷ്ട്രസ്‌നേഹവും ഇല്ലാതായിരിക്കുന്നു. വെളിച്ചം കാണാതെ നൂറു കണക്കിന് ഭ്രൂണഹത്യകളും ശിശുഹത്യകളും ഇന്നത്തെ സംസ്‌കാരമാക്കിക്കൊണ്ടിരിക്കുന്നു, സ്വവര്‍ഗ്ഗ വിവാഹങ്ങളും ലൈംഗീക വൈകൃതങ്ങളും സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ സോഷ്യലിസത്തിലേക്കു നയിക്കാമെന്നു ചിലര്‍ വ്യാമോഹിച്ചു കരുക്കള്‍ നീക്കുന്നു. ഇറാനും കൊറിയയും ചൈനയും. ഇതുവരെ ഒരു കടന്നാക്രമണത്തിനു മുതിരാതിരിക്കുന്നതു നിസ്സാര സംഗതിയല്ലെന്നു ഓര്‍ക്കണം.

ലോകത്തെ മിക്കവാറും രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുമ്പോഴും, കൊറോണാ മഹാമാരിക്ക് മുന്‍പുള്ള സാമ്പത്തിക പുരോഗതികളില്‍ വലിയ കോട്ടം തട്ടാതെ, ഭാഗ്യവശാല്‍ അമേരിക്കയുടെഓഹരി വിപണിയും, പെന്‍ഷന്‍ പദ്ധതികളും, സ്റ്റിമുലസ് ചെക്കുമൊക്കെ സാധാരണക്കാരെ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നു. രാജ്യ സുരക്ഷയുടെ പ്രാവര്‍ത്തിക നിയന്ത്രണങ്ങളും, വിദേശികളുടെ മേല്‍ക്കോയ്മയും ഇവിടെ നടപ്പില്ലെന്നും നമ്മള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ട്രമ്പായാലുംജോ ബൈഡന്‍ ആയാലും, അമേരിക്ക നീണാള്‍ വാഴണം, രാജ്യ വ്യവസ്ഥിതികള്‍

മാറ്റി മറിക്കേണ്ടതില്ലെന്നു ഉറപ്പാക്കാന്‍ നവംബര്‍ 3 ന് കണിശ്ശമായും വോട്ട് എന്ന പൗരന്റെ അവകാശവും, ആയുധവും നല്ല രീതിയില്‍ വിനിയോഗിക്കുക.

'ഓള്‍ ലൈവ്‌സ് മാറ്റേഴ്‌സ്, ഓള്‍ വോട്ട്‌സ് മാറ്റേഴ്‌സ് ' അതായിരിക്കട്ടെ ഇനിയത്തെ ആപ്തവാക്യം !

Join WhatsApp News
TomAbraham 2020-08-26 14:07:26
All Trumps matter, WH is full of trumps !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക