പാമ്പും കോണിയും - നിർമ്മല - നോവൽ -9

Published on 29 August, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ -9
ഭക്ഷണത്തിലും നടപ്പിലുമെല്ലാം ഡാർളിക്കു പ്രത്യേകതകളുണ്ടായിരുന്നു. വായ പൂർണ്ണമായും അടച്ച് ശാന്തമായി ചവച്ചു കഴിക്കും. ഫോർക്കു പിടിക്കുന്നതും നാപ്കിൻ ഉപയോഗിക്കുന്നതിനുമെല്ലാം മലയാളിയേക്കാൾ മദാമ്മയോടാണു ചായ് വ്. സാലഡിലെ വലിയ തക്കാളി കഷണവും ലെറ്റിസുമൊക്കെ ശാന്തമായി കത്തികൊണ്ടു മുറിച്ചു കഴിക്കും. ബ്രെഡ് സോസിനകത്തു മുക്കി തികച്ചും സാധാരണ പോലെ കഴിക്കും. കസേര വലിക്കുമ്പോൾ ഒച്ചയുണ്ടായാൽ ചുറ്റും നോക്കിയിട്ട്
- സോറി ഐ ഡിഡിന്റ് മീൻ റ്റു ബി ദാറ്റ് ലൗഡ്.
എന്നു പുഞ്ചിരിച്ചു പറയാനറിയാം.
- സെൻട്രീസാസിപ്പടിച്ചേന്റെയാ പൊക്കം.
തെയ്യാമ്മ പിറുപിറുത്തു.
കാനഡ മരത്തിൽ ഡോളർ പറിക്കാൻ വന്നവരുടെ കഥ : പാമ്പും കോണിയുംകളി തുടരുന്നു...
                             ......                   .......
ഏറ്റവും പുതിയ ഫാഷനിലുള്ള സാരികളേ ഡാർളി ഉടുക്കൂ. നേർപ്പിച്ച പുരികം വളഞ്ഞ വരയായി ഡാർളിയുടെ മുഖത്ത് എടുത്തു നിന്നു. അവൾക്ക് സാരിക്കു ചേരുന്ന മാലകളും വളകളും പൊട്ടും മുടിപ്പിന്നും ഉണ്ടായിരുന്നു. ഡാർളി വെളുത്ത പേൾമാല ഇടുമ്പോൾ വിദേശിയെപ്പോലെ തോന്നിക്കുന്നുവെന്ന് തെയ്യാമ്മയ്ക്കു തോന്നി.
ഡാർളിയുടെ വീടും വിദേശീയമായി തോന്നി തെയ്യാമ്മയ്ക്ക്. അടുക്കളയുടെ കൗണ്ടറിനു പുറത്ത് സാധനങ്ങൾ അച്ചടക്കത്തോടെയിരുന്നു. ഭംഗിയുള്ള തമ്മിൽ ചേരുന്ന പാത്രങ്ങൾക്ക് നിറങ്ങളിലും രൂപത്തിലും സാദ്യശ്യമുണ്ട്. പരസ്യത്തിൽ കാണുന്നതു പോലെ. എല്ലാം വില കൂടിയതായിരുന്നു. മറ്റു മലയാളികളുടെ വീട്ടിൽ കാണാത്ത കാഴ്ച ഏത് അലമാര തുറന്നാലും ഷോക്കേസിന്റെ ഭംഗിയാണ്. അതു കാണുമ്പോൾ തെയ്യാമ്മയ്ക്ക് അസ്വസ്ഥത തോന്നും.
- ഓ വീടിങ്ങനെ കടപോലെ വച്ചിട്ടെന്നാത്തിനാ ?
തെയ്യാമ്മയുടെ അലമാരയിൽ പലചരക്കുകൾ പൊതി അഴിക്കാതെയും പാതി തീർന്നും വാങ്ങിയ പാക്കറ്റുകളിൽ തന്നെ ചിതറിക്കിടന്നു. പൊതിയുടെ ഒരറ്റം ചെറുതായിട്ടൊന്നു പിരിച്ചോ മടക്കിയോ അധികമുള്ള സാധനങ്ങളുടെ സുരക്ഷിതത്വം തെയ്യാമ്മ കാത്തു. അലമാര തുറക്കുമ്പോഴും അല്ലെങ്കിൽ ഒരു സാധനം കൈയെത്തി എടുക്കുമ്പോഴും പലതും താഴെ വീണു പോയി.
- ഓ കുന്തം !
എന്നു പരാതിപ്പെട്ട് അവൾ എല്ലാം കൂടി ഒന്നായി പുറകിലേക്കു ഉന്തി മാറ്റി.
- ഓരോ സാധനോം പാട്ടയ്ക്കകത്തും കൂടുക്കയ്ക്കകത്തും കേറ്റി വച്ചിട്ടെന്നാ കിട്ടാനാ. മനുഷ്യനു വേറെ പണിയില്ലേ ?
ഭക്ഷണത്തിലും നടപ്പിലുമെല്ലാം ഡാർളിക്കു പ്രത്യേകതകളുണ്ടായിരുന്നു. വായ പൂർണ്ണമായും അടച്ച് ശാന്തമായി ചവച്ചു കഴിക്കും. ഫോർക്കു പിടിക്കുന്നതും നാപ്കിൻ ഉപയോഗിക്കുന്നതിനുമെല്ലാം മലയാളിയേക്കാൾ മദാമ്മയോടാണു ചായ് വ്. സാലഡിലെ വലിയ തക്കാളി കഷണവും ലെറ്റിസുമൊക്കെ ശാന്തമായി കത്തികൊണ്ടു മുറിച്ചു കഴിക്കും. ബ്രെഡ് സോസിനകത്തു മുക്കി തികച്ചും സാധാരണ പോലെ കഴിക്കും. കസേര വലിക്കുമ്പോൾ ഒച്ചയുണ്ടായാൽ ചുറ്റും നോക്കിയിട്ട്
- സോറി ഐ ഡിഡിന്റ് മീൻ റ്റു ബി ദാറ്റ് ലൗഡ്.
എന്നു പുഞ്ചിരിച്ചു പറയാനറിയാം.
- സെൻട്രീസാസിപ്പടിച്ചേന്റെയാ പൊക്കം.
തെയ്യാമ്മ പിറുപിറുത്തു. ഈപ്പന് ഡാർളിയെ വലിയ ബഹുമാനമായിരുന്നു.. ഈപ്പൻ തൃപ്തിയോടെ ഡാർളിയോടു ചോദിച്ചു.
- സെന്റ് ട്രീസാസിലാണോ പഠിച്ചത് ?. ഞാൻ രാജഗിരിയിലാണ് പഠിച്ചത്.
തേടിയതു കണ്ടെത്തിയ തൃപ്തിയിൽ അവർ നാടൻ വിശേഷങ്ങൾ പറഞ്ഞു. ഈപ്പനെപ്പോലെ തന്നെ ഡാർളിക്കും മലയാളി സമാജവും പ്രാർത്ഥനക്കൂട്ടവും വലിയ മതിപ്പുള്ള കാര്യങ്ങളായിരുന്നില്ല. എല്ലാത്തിനെയും ചോദ്യം ചെയ്യുന്നതുപോല ഡാർളിയുടെ പുരികം വളഞ്ഞു നിന്നു. മലയാളികളുടെ ഇടയിൽ ഡാർളി കൂടുതലെന്തെങ്കിലും സംസാരിക്കുന്നത് ഉഷയോടായിരുന്നു. അവർ രണ്ടു പേരും പലപ്പോഴും ഇംഗ്ളീഷിൽ വർത്തമാനം പറഞ്ഞു.
ഈപ്പന് മലയാളികളുമായി അധികം അടുപ്പമില്ല. ചിലരെയൊക്കെ നേരം പോക്കിനു വേണ്ടി ഈപ്പൻ വീട്ടിലേക്കു കൊണ്ടുവരാറുണ്ട്. ക്ഷണവും മുന്നറിയിപ്പുമില്ലാതെ. അവരുടെ വീട്ടിൽ കുടുംബമായി വരുന്ന മലയാളികൾ തെയ്യാമ്മയുടെ അനിയത്തി ഷൈലയും കുടുംബവുമാണ്. ജോർജി വെറുമൊരു പാവമാണെന്ന് തെയ്യാമ്മയ്ക്കു തോന്നും. ഷൈല അനിയത്തിയാണെങ്കിലും തെയ്യാമ്മ സ്വയമറിയാതെ അവളുടെ മുമ്പിൽ ചൂളിച്ചുളുങ്ങിപ്പോവും. ഷൈലയ്ക്ക് എല്ലാത്തിനും സ്വന്തമായി ഉറച്ച അഭിപ്രായങ്ങളുണ്ട്. തെയ്യാമ്മ മനസ്സിലിട്ടു വേവിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള സങ്കടങ്ങളും സംശയങ്ങളും ഷൈല തന്റേടത്തോടെ ഉറക്കെപ്പറയും. ഷൈലയുടെ നിൽപിന്, നടത്തയ്ക്ക് , സംസാരത്തിന് എല്ലാം ഒരു മേധാവിത്വഭാവമുണ്ട്. മുറിയിലേക്കു കടന്നുവരുമ്പോൾ തന്നെ മറ്റുള്ളവർക്ക് ചുളുക്കം തോന്നിപ്പിയ്ക്കുന്ന കൂസലില്ലായ്മ.
ഷൈല തെയ്യമ്മയുടെ വീടിന്റെ പിൻവശത്തേയ്ക്കു വരില്ല. ഷൈലയ്ക്കു ബിർച്ചു മരത്തിനോട് അലർജിയുണ്ട്. എല്ലാവരും പുറത്തു പോയിരുന്ന് ബാർബിക്യൂ തിന്നുമ്പോൾ ഷൈല പറയും :
- ജോർജി , എനിക്കു രണ്ടു ചിക്കൻ കാലും ഒരു ഹാംബർഗറും കുറച്ചു സാലഡുംകൂടി ഇങ്ങോട്ടു തന്നേക്ക്.
അവൾ ടെലിവിഷന്റെ മുമ്പിലിരുന്ന് കരിപിടിച്ച കോഴിക്കാലു കടിച്ചു തിന്നും. കുടിച്ചു തീരാത്ത കോക്കിന്റെ ക്യാൻ മേശപ്പുറത്തു തന്നെ വെച്ചിട്ടു പോകും. ഈപ്പൻ അഭിജാതമായി വരച്ചുവെച്ചിരിക്കുന്ന മുറിയുടെ റിഥം തെറ്റിക്കും. അയാൾ കുട്ടികളെപ്പോലും ഊണുമുറിയിലോ ഡൈനെറ്റിലോ ഇരുന്നേ ഭക്ഷണം കഴിക്കാൻ അനുവദിക്കൂ.
ഷൈലയും ജോർജിയും പൊയ്ക്കഴിയുമ്പോൾ ഈപ്പൻ അരിശപ്പെടും. തെയ്യാമ്മ ഉത്തരമൊന്നും പറയാറില്ല. ചിലപ്പോൾ അവർ പോകുന്നതിനു മുമ്പു തന്നെ തെയ്യാമ്മ പേപ്പർ ടവ്വലുകൊണ്ട് മേശപ്പുറത്തെ കോക്ക് ക്യാനിന്റെ വൃത്തം തുടച്ചു മാറ്റും. പക്ഷേ, ഷൈല അതൊന്നും കാണാറില്ല. കണ്ടാൽ തന്നെ അവളതു ഗൗനിക്കുകയുമില്ല.
ഈപ്പനു വീടു മാത്രമല്ല , മകന്റെ ഭാവിയും എങ്ങനെ വരച്ചെടുക്കണമെന്നു നിർബന്ധമുണ്ട്. ജോലിക്കു പോകുന്നതിനു മുമ്പ് പഠിക്കാനുള്ള പാഠങ്ങൾ ഈപ്പൻ ടിജുവിനെ പറഞ്ഞേൽപ്പിച്ചു. ജോലി കഴിഞ്ഞുവന്ന് ആ പാഠങ്ങളൊക്കെ പഠിച്ചിട്ടുണ്ടെന്നുറപ്പു വരുത്തി. തെറ്റുകൾക്ക് തെറ്റാതെ ശിക്ഷ കൊടുത്തു.
- സീ സാഡീ, ഐ ആം സ്മോക്കിങ്
ടീന തണുപ്പിൽ ഊതിക്കൊണ്ടു പറഞ്ഞു. ശ്വാസം വിടുമ്പോൾ പുക പോലെ തണുപ്പ്. ഉള്ളിലെ ചൂടുള്ള വായു പുറത്തെ തണുത്ത വായുവുമായി ചേരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം ഈപ്പൻ മകനു രണ്ടാം ക്ളാസ്സിൽ വെച്ചേ വിശദീകരിച്ചു കൊടുത്തു. ഭാവിയിലേക്കൊരു ഡോക്ടറുടെ തലച്ചോർ വാർത്തെടുക്കാൻ അയാൾ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. അയാൾ പറഞ്ഞതെല്ലാം കൊച്ചു മനസ്സ് ഒപ്പിയെടുത്തു. ടിജു ചെറിയ ക്ളാസ്സുകളിൽ ഒന്നാമനായിരുന്നു. എന്നാൽ ഹൈസ്കൂൾ അവനെ അത്രയ്ക്കു തുണച്ചില്ല. 
ടീന , അവൾ കണ്ടും കേട്ടും പറഞ്ഞതിലേറെ തനിയെ പഠിച്ചെടുത്തു.
                                                            തുടരും...
പാമ്പും കോണിയും - നിർമ്മല - നോവൽ -9
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക